
പതിവുപോലെ ഈ വർഷവും ഡയറിയെഴുത്ത് തുടങ്ങുകയാണ്, എന്റെ പേരും വിശദവിവരങ്ങളുമൊക്കെ മുൻപേജിൽ വായിച്ചിരിക്കുമല്ലോ. എന്താണ് ഇങ്ങനൊരു വിചിത്രമായ പേരെന്നാവും ആലോചിച്ചിട്ടുണ്ടാവുക അല്ലേ. അതിനെപ്പറ്റി മുൻവർഷങ്ങളിലെ ഏതോ ഒരു ഡയറിയിൽ ഞാനെഴുതിയിരുന്നു,ആവർത്തിക്കുന്നില്ല.ആ ഡയറി വായിച്ചില്ലെങ്കിൽ എന്റെ അലമാരയിലെ ചുമന്ന നിറമുള്ള ബാഗ് നോക്കൂ അതിലുണ്ടാകും, ചിലവർഷത്തെ ഡയറി ഞാൻ കത്തിച്ചു കളഞ്ഞിട്ടുണ്ടാകാം ഇനി അതിലേതിലെങ്കിലും ആയിരുന്നോയെന്നും അറിയില്ല.
എന്നെ വായിക്കുന്നവരോട് ഒരിക്കൽ കൂടി പറയട്ടെ, എന്റെ കുത്തികുറിപ്പുകളിൽ കഞ്ഞികുടിച്ചതും,അയലത്തെ ചെക്കൻ എന്നെ നോക്കി ചൂളം വിളിച്ചതും എനിക്ക് ആർത്തവം ആയതും പോലെയുള്ള കാര്യങ്ങൾ അക്കമിട്ട് എഴുതിയിട്ടുണ്ടാകില്ല.എന്റെ കുറിപ്പുകൾ എന്റെ കാഴ്ചപ്പാടുകളാണ് ,എന്റെ ജീവിതമാണ്. എന്റെ മരണശേഷം എന്നെപ്പറ്റി പഠിക്കാനോ പ്രബന്ധം തയ്യാറാക്കാനോ ഉദ്ദേശിക്കുന്ന വരുംതലമുറയ്ക്ക് ഇരുട്ടിൽ തപ്പേണ്ടി വരരുതെന്ന സദുദ്ദേശം മാത്രമാണ് എന്റെ കുറിപ്പുകളുടെ അടിസ്ഥാനം.
ചില ദിവസങ്ങൾ ഞാൻ ഒന്നും എഴുതിയിട്ടുമുണ്ടാകില്ല. ചരിത്രത്തിൽ എന്നെ അടയാളപ്പെടുത്താനുള്ളതൊന്നും അന്ന് സംഭവിച്ചിരുന്നില്ല എന്നുവേണം ആ ദിവസത്തെ നിങ്ങൾ വായിക്കാൻ.
മുകളിൽ കാണപ്പെടുന്ന ഡേറ്റിൽ സംഭവിച്ച കാര്യങ്ങൾ ആവണം എന്നില്ല അതിനു താഴെ ഞാൻ എഴുതിയിട്ടുണ്ടാവുക, അതായത് എഴുതുന്ന കാര്യങ്ങൾ എന്ന് നടന്നു എന്നതൊന്നും പ്രസക്തമല്ല. എന്ത് നടന്നു, എന്താണെന്റെ ജീവിതം എന്നതാണ് പ്രസക്തം. അഥവാ ദിവസങ്ങൾക്ക് പ്രസക്തിയുടെങ്കിൽ ഞാനത് പ്രത്യേകം പ്രതിപാദിക്കുന്നതാവും.
ഇന്ന് തന്നെ നോക്കൂ ജനുവരി മൂന്നാം തീയതിയാണ്, ഞാൻ എഴുതുന്നത് ജനുവരി ഒന്നാംതീയതിലെ പേജിലും. ഈ ദിവസത്തിന്റെ പ്രത്യേകത കൊണ്ടാണ് ഇന്ന് തന്നെ ഡയറി എഴുതി തുടങ്ങിയത്.
ഇന്ന് ഞാൻ അയാളെ കണ്ടു, ഒരേദിശയിലേയ്ക്ക് വിവിധ ലക്ഷ്യങ്ങളുമായി പരസ്പരം നോക്കുകപോലും ചെയ്യാതെ,എന്നാൽ മുട്ടിയുരുമ്മി നടക്കുന്ന ആളുകൾക്കിടയിൽ അയാളുടെ മുഖം തിരയുന്നതിനിടയിലാണ് , നാലാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് മേൽപ്പാലത്തിന്റെ പടവുകൾ ഇറങ്ങി വരുന്ന അയാളെ ഞാൻ കണ്ടത്.
അടുത്തേയ്ക്ക് ഓടിച്ചെല്ലാനും , എവിടെയായിരുന്നെന്ന് ചോദിക്കാനും ആഞ്ഞപ്പോളാണ് അയാളുടെ കൂടെയുള്ള സ്ത്രീയെയും അവരുടെ കയ്യിലുള്ള കുഞ്ഞിനേയും കണ്ടത്. എന്നെ കടന്നുപോകുമ്പോൾ അയാൾ എന്നെ നോക്കാതിരിക്കാൻ പണിപെടുന്നുണ്ടായിരുന്നു. അതിനിടയിൽ ആ സ്ത്രീ അച്ഛന്റെയടുത്ത് ചെല്ലടാ കുട്ടാ എന്ന് പറഞ്ഞ് കുഞ്ഞിനെ അയാൾക്ക് കൈമാറി. ഞാനാ കുഞ്ഞിനെ സൂക്ഷിച്ചു നോക്കി അതെ ആൺകുഞ്ഞാണ് . ആദ്യമൊരു ആൺകുഞ്ഞു വേണമെന്നയാൾ പറഞ്ഞ ആഗ്രഹം ഓർത്തപ്പോൾ എനിക്ക് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു .
കൂടെയുള്ള സ്ത്രീ സുന്ദരി ആണ് , എങ്കിലും എന്തോ അവരുടെ മുഖത്തിനൊരു ഐശ്വര്യം തോന്നിയില്ല. അയാൾ എന്നെ കണ്ട ഭാവം നടിച്ചില്ല. എങ്കിലും എന്റെ മുഖത്തുണ്ടായ ഭാവമാറ്റവും ഞാനയാളുടെ ഭാര്യയെ തുറിച്ചു നോക്കിയതും അയാൾ കണ്ടുകാണാതിരിക്കാൻ വഴിയില്ല. ഇനി അയാളെ കണ്ടാൽ ആഗ്രഹംപോലെ ആൺകുഞ്ഞിനെ തന്നെ കിട്ടിയതിന് അനുമോദിക്കണം.
ജനലിൽ കൂടി കടന്ന് വരുന്ന കാറ്റിന് അടുത്തെവിടെയോ പൂത്തുനിൽക്കുന്ന ചെമ്പകത്തിന്റെ ഗന്ധമുണ്ട് . അയാളെ ആദ്യമായി കണ്ടയന്ന് ഡയറി എഴുതുമ്പോളും ഈ മണം വന്നത് ഞാനെഴുതിയിരുന്നെന്നാണ് ഓർമ്മ . ചെറുപ്പത്തിൽ ചെമ്പകപ്പൂവിന്റെ മണം എനിക്കിഷ്ടമല്ലായിരുന്നു , മരണത്തിന്റെ ഗന്ധമാണതെന്ന് തോന്നിയിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ ചില കുറിപ്പുകൾ ഞാനിപ്പോൾ ഒന്ന് മറിച്ചു നോക്കി. ശരിയാണ് വിവാഹിതൻ ആണോയെന്ന് ഒരിക്കലും ഞാനയാളോട് ചോദിച്ചിരുന്നില്ല. അല്ലെങ്കിലും അധികം മിണ്ടിയിട്ടില്ലല്ലോ തമ്മിൽ. ഒരേ ട്രയിനിലെ യാത്രയിൽ പലവട്ടം കണ്ട മുഖം, ആദ്യമായി മിണ്ടിയത് പോലും അനേകം വർഷങ്ങളായി പരിചയമുള്ള ഒരാളെന്നപോലെ ആയിരുന്നല്ലോ.
'ഫിനിഷ്യ ഫിനിഷ് ആയില്ലേ ഇതുവരെയീ കൊറിക്കൽ'എന്ന ചോദ്യം കേട്ട് യാത്രയിലുടനീളം കൊറിച്ചു കൊണ്ടിരുന്ന ചർമുരിയുടെ എരിവിനൊപ്പം ഞാൻ വാ പൊത്തി ചിരിച്ചു .
അന്നുരാത്രി ഞാൻ കുറെ ആലോചിച്ചു ആ ചോദ്യത്തിൽ അത്രക്ക് ചിരിക്കാൻ എന്താണുണ്ടായിരുന്നത്, ഒന്നുമില്ല അയാളാണ് ചോദിച്ചതെന്ന പ്രത്യേകതക്കപ്പുറം. 'ഫിനിഷ്യ' എന്ന എന്റെ പേരിന്റെ പ്രത്യേകത വച്ചുള്ള തമാശകൾക്ക് എന്റെ ഓർമ്മയോളം പഴക്കമുണ്ട്, എന്നിട്ടും ഞാനന്ന് ചിരിച്ചു, കണ്ണിൽ നിന്ന് വെള്ളം വരും വരെ.
അധികമൊന്നും സംസാരിച്ചിട്ടില്ലെങ്കിലും സംസാരത്തിലുടനീളമുള്ള തമാശകളാവണം എന്നെ അയാളിലേക്ക് അടുപ്പിച്ചത്, പിന്നെ പിന്നെ യാത്രകൾ അടുത്തിരുന്നായി. തന്റെ മാതാപിതാക്കൾക്ക് താൻ അവസാനത്തെ കുട്ടി അല്ലായിരുന്നെങ്കിൽ വേറെന്ത് പേരിടുമായിരുന്നു എന്ന ചോദ്യത്തിനും ഞാൻ കുറെ ചിരിച്ചു,വെറുതെ.
രാകേഷിന്റെ മരണശേഷം ശുഷ്കമായി ഒറ്റക്കൊഴുകികൊണ്ടിരുന്ന നദിയിലേക്കാണ് , പുതുമഴയിൽ കുത്തിയൊഴുകുന്ന കാട്ടരുവി പോലെ അയാൾ വന്നുചേർന്നത്. വീട്ടുകാരെ ധിക്കരിച്ച് രാകേഷിനോടൊപ്പം ഇറങ്ങിപ്പോന്നതിനു ശേഷം അല്ലെങ്കിലുമെന്റെ ജീവിതം ശുഷ്കമായിരുന്നല്ലോ, തുടക്കത്തിലേ ആവേശത്തിന് ശേഷം വളരെ പെട്ടെന്ന് തന്നെ, ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തരമായിപോകന്ന റെയിൽവേ പാളങ്ങൾ പോലെയാണ് ഞാനും രാകേഷുമെന്ന് എനിക്ക് മനസ്സിലായിരുന്നു.
ഒരിക്കൽ ട്രെയിനൊരു പാലത്തിന് മുകളിലൂടെ പാഞ്ഞുപോകുമ്പോളാണ് , വാതിൽക്കൽ അയാളുടെ കയ്യിൽ കോർത്തുപിടിച്ചു പുറത്തേയ്ക്ക് നോക്കിനിന്നിരുന്ന എന്നെ അയാൾ ആദ്യമായി ചുംബിച്ചത്, ഞാനുമത് ആഗ്രഹിച്ചിരുന്നിരിക്കാം അല്ലെങ്കിൽ ആദ്യ ചുംബനം തന്നെ അത്ര തീവ്രതയോടെ തന്നപ്പോൾ എന്തുകൊണ്ട് എതിർത്തില്ല എന്ന് ഞാൻ പലവട്ടം എന്നോട് തന്നെ ചോദിച്ചിട്ടുണ്ട്.
മുകളിൽ എഴുതിയത് ഒരു പക്ഷെ ഞാൻ പിന്നീട് വെട്ടികളഞ്ഞേക്കാം, ഇപ്പോൾ തന്നെ ശരിക്ക് വായിക്കാൻ പറ്റുന്നില്ലല്ലോ കണ്ണിൽ നിന്നും വെള്ളം വീണതാണ് ,കാറ്റിൽ പാറി കണ്ണിലെന്തോ കരട് വീണ് വെള്ളംനിറഞ്ഞതാണ് . (ചരിത്രത്തിന്റെ താളുകൾ മറിക്കുന്നവർ എന്നെ ബലഹീനയായി വായിക്കാൻ ഞാനാഗ്രഹിക്കുന്നില്ല അതുകൊണ്ടാണ് കാരണം വ്യക്തമാക്കിയത്)
ഇന്നെനിക്ക് ഉറക്കം വരുന്ന ലക്ഷണമില്ല, അല്ലെങ്കിൽ തന്നെ ഉറക്കത്തിന് ഗുളികകളെ ആശ്രയിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി ,ഇടയ്ക്കെങ്കിലും അതില്ലാതെ തളർന്നുറങ്ങിയിരുന്നത് അയാളുടെ വിയർപ്പിലലിഞ്ഞായിരുന്നല്ലോ.
എനിക്ക് ബി പി ഡി ആണെന്ന് കണ്ടുപിടിച്ച ഡോക്ടർക്ക് നന്ദി, അതിന് തരുന്നമരുന്നുകളാണല്ലോ ഉറക്കത്തിന് ആശ്രയം,
ഇനി ബിപിഡി എന്താണെന്ന് കൂടുതൽ റീസേർച്ച് ചെയ്തത് സഹതപിക്കാൻ വരരുത് കേട്ടോ, സഹതാപത്തെക്കാൾ വലിയ ശിക്ഷയില്ല. അതൊരു അസുഖം അത്രതന്നെ.
ഇനി ബിപിഡി എന്താണെന്ന് കൂടുതൽ റീസേർച്ച് ചെയ്തത് സഹതപിക്കാൻ വരരുത് കേട്ടോ, സഹതാപത്തെക്കാൾ വലിയ ശിക്ഷയില്ല. അതൊരു അസുഖം അത്രതന്നെ.
എഴുതിയെഴുതി ജനുവരി പതിനെട്ടിന്റെ പേജ് വരെയെത്തി, ഞാനെങ്ങാനും അതിനു മുന്നേ മരിച്ച് പോയാൽ അതിന് ശേഷമുള്ള ഭാഗങ്ങൾ ആരെഴുതിയെന്ന് അന്വേഷിച്ച് പ്രൈം ടൈം ചർച്ച വയ്ക്കരുത്.
കാറ്റിൽ ചെമ്പകപ്പൂവിന്റെ ഗന്ധം കൂടി വരുന്നുണ്ട് ,ആകാശത്ത് നിലാവിന്റെ ലക്ഷണമൊന്നുമില്ല, ഇന്നലെ നല്ല നിലാവുണ്ടായിരുന്നു. ജനലടച്ച് കിടന്നാലോ.ഉറക്കം വരില്ല, എങ്കിലും കിടന്നു നോക്കാം. കണ്ണടച്ചാൽ നാലാം നമ്പർ പ്ലാറ്റഫോമിലെ ദൃശ്യത്തിലേയ്ക്ക് മനസ് പോകുമെന്നോർക്കുമ്പോൾ എനിക്ക് വായ പൊത്തി ചിരിക്കാൻ തോന്നുന്നു. (ഞാൻ ചിരിക്കുമ്പോൾ വായപൊത്തുമെന്ന കണ്ടുപിടിത്തവും അയാളുടേത് തന്നെയായിരുന്നല്ലോ)
ചിരിവരുന്നത് മറ്റൊന്നും കൊണ്ടല്ല ഓർമ്മവച്ചനാൾ മുതൽ ഞാൻ ഈ കുറിപ്പുകൾ എഴുതിയിരുന്നത് എന്നെ പറ്റി വായിക്കുന്നവർക്ക് പഠിക്കാൻ മാതൃക ആകണമെന്നോർത്തായിരുന്നു . ഒരുപക്ഷെ ഇന്ദിരാഗാന്ധിയെപ്പോലെയോ ഒക്കെ രാജ്യം ഭരിക്കുന്ന ഒരാളായി വരും തലമുറക്ക് മാതൃക ആകണമെന്നായിരുന്നല്ലോ ചെറുപ്പം മുതലുള്ള ലക്ഷ്യം , ഒരുകണക്കിന് ഇപ്പോളും ഞാൻ മാതൃക തന്നെ ആണല്ലോ , ഒരു പെൺകുട്ടി എങ്ങനെ ആകരുതെന്ന മാതൃക.
ചിരിയടക്കാൻ പറ്റുന്നില്ല , പക്ഷെ കണ്ണിൽനിന്നിപ്പോഴും വെള്ളം വരുന്നുണ്ട് , ആ കരട് പോയിട്ടില്ല. ഒന്നുറങ്ങിയാൽ പോകുമായിരിക്കും . ഉറക്കത്തിനാശ്രയിക്കുന്ന ഗുളികയിൽ ഒരുപിടി ബാക്കിയുണ്ട്. അതുമതിയാകുമല്ലേ ശരിക്കൊന്നുറങ്ങാൻ. ചെമ്പകപ്പൂവിന്റെ മണത്തിലലിഞ്ഞ്, കണ്ണിലെ കരട് പോകും വരെ.
••••••••••••••••••
അവസാനിച്ചു
അവസാനിച്ചു
*BPD: Borderline personality disorder also known as emotionally unstable personality disorder (EUPD)
ജോബി മുക്കാടൻ
02/07/2019
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക