നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബാലവേണി - ഭാഗം 1


പുറത്ത് മഴ ആർത്തലച്ച് പെയ്യുകയാണ്.
കോരിച്ചൊരിയുന്ന മഴയുടെ തണുപ്പിലും ശേഖരൻ്റെ  അകവും പുറവും ചുട്ടുപൊള്ളുകയായിരുന്നു.
-"മാഷ് ഒന്നും പറഞ്ഞില്ല..?"ദല്ലാൾ രാഘവൻ ചോദിച്ചു.
രാഘവന്റെ തൊട്ടടുത്തിരിക്കുന്ന രണ്ട് ചെറുപ്പക്കാരെ  ശേഖരൻ ഒന്നുകൂടി നോക്കി.
-"ഞാൻ ഇപ്പൊ എന്താ പറയാ രാഘവാ..ഇങ്ങനെ എട് പിടീന്ന് ചോദിച്ചാൽ.."എപ്പോ വേണമെങ്കിലും  നിലം പതിച്ചേക്കാവുന്ന ഓടിട്ട വീടിന്റെ മച്ചിലേക്ക് നോക്കി ചാരുകസേരയിലിരുന്ന് നെഞ്ചിലെ നരച്ച രോമങ്ങൾ തടവി പരവേശത്തോടെ ശേഖരൻ പറഞ്ഞു.
-"മാഷ് ഒന്നിങ്ങോട്ട് വന്നേ.."രാഘവൻ ശേഖരൻ്റെ കൈപിടിച്ച് വീടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
"ദാ ഇപ്പൊ വരുന്നു കേട്ടോ.."പോകുന്ന വഴിക്ക് രാഘവൻ ചെറുപ്പക്കാരോട് വിളിച്ച് പറഞ്ഞു.അവർ പരസ്പരം നോക്കി.
"ഇതിലെന്താ ഇപ്പൊ ഇത്ര ആലോചിക്കാൻ..?മക്കള് രണ്ടാൾക്കും വിവാഹ പ്രായമായി എവിടുന്നെങ്കിലും അധികം ഡിമാന്റുകൾ ഇല്ലാത്ത നല്ല രണ്ടാലോചനകൾ കൊണ്ടുവരണെ രാഘവാ എന്ന് മാഷ് എത്ര തവണ എന്നോട് പറഞ്ഞിരിക്കുന്നു..പെൺകുട്ടികളുടെ ഫോട്ടോ കാണുമ്പോ എല്ലാവർക്കും  ഇഷ്ടപെടും പക്ഷെ എല്ലാവരും ആദ്യം ചോദിക്കുന്നത് സ്ത്രീധനം എന്ത് കിട്ടുമെന്നാ..ഒന്നും കിട്ടാനില്ല എന്ന് കേൾക്കുമ്പോ തന്നെ വീട്ടുകാരുടെ  മുഖം കറക്കും.ഒന്നും ശരി ആവാഞ്ഞതുകൊണ്ടാ ഞാൻ കുറച്ച് നാൾ ഈ വഴി വരാതെ ഇരുന്നത്..വെറുതെ മാഷിന്റെ സങ്കടം കാണേണ്ടല്ലോ എന്ന് വെച്ചു.ദൈവമായിട്ടാ ഈ രണ്ട് ചെക്കന്മാരെ ഇങ്ങോട്ട് കൊണ്ടെത്തിച്ചത്.ഇതിപ്പോ  എല്ലാം കൊണ്ടും ഒത്തുവന്നപ്പോ മാഷ്ക്ക് താൽപ്പര്യമില്ല..."രാഘവൻ മുഷിവോടെ പറഞ്ഞു.
"താൽപ്പര്യമില്ലാഞ്ഞിട്ടാണോ രാഘവാ?എന്റെ അവസ്ഥ തനിക്ക് അറിയാവുന്നതല്ലേ?ഒരു പെൺകുട്ടിയെ ഇറക്കി വിടുവാന്ന് വെച്ചാ ചില്ലറ കാര്യമാ?ഇതിപ്പോ രണ്ട് പേരുടെ കാര്യം നോക്കണം.ചില്ലി കാശില്ല എന്റെ കൈയില്.മൂത്തവൾക്ക് സ്കൂളിൽ നിന്ന് കിട്ടുന്ന വരുമാനവും ഇളയത് പാട്ട് പഠിപ്പിച്ച് കിട്ടുന്നതും പിന്നെ എന്റെ പെൻഷനും എല്ലാം കൂടി എങ്ങനെയോ പട്ടിണി കൂടാണ്ട് പിടിച്ച് നിൽക്കുന്നു.."ശേഖരൻ ശബ്ദം താഴ്ത്തി പറഞ്ഞു.
"നിങ്ങടെ കാര്യം എനിക്കറിയാമല്ലോ മാഷെ.ആ ചെക്കന്മാര് രണ്ടുപേരും എന്റടുത്ത് മക്കളുടെ കാര്യം  പറഞ്ഞോണ്ട് വന്നപ്പോ തന്നെ ഞാൻ അത് അവരോട് പറഞ്ഞിട്ടുമുണ്ട്.സ്ത്രീധനം ഒന്നും പ്രതീക്ഷിക്കണ്ടാ എന്ന്.അവർക്കതിൽ ഒരെതിർപ്പുമില്ല..അതിന്റെ കാരണം ഞാൻ പറഞ്ഞുവല്ലോ..രണ്ടാൾക്കും ചോദിക്കാനും പറയാനും ആരുമില്ല..അത് ഭാഗ്യമായി എന്ന് കൂട്ടിക്കോളൂ.."രാഘവൻ ശേഖരനെ നോക്കി.
"എന്നാലും എന്തെങ്കിലും ഒന്ന് കൊടുക്കാതെ എങ്ങനെയാ അതുങ്ങളെ പറഞ്ഞയക്കുന്നത്?"ശേഖരന് ഒരു മനസ്സമാധാനവും കിട്ടിയില്ല.
"എങ്കിൽ നിങ്ങളിവിടെ ദാരിദ്ര്യവും പറഞ്ഞുകൊണ്ടിരിക്ക് മാഷേ.ആ ചെക്കന്മാര് വന്ന വഴിയേ തിരികെ പൊയ്ക്കോട്ടേ.പിന്നെ ഈ ഒരു കാര്യവും  പറഞ്ഞോണ്ട് ഞാൻ ഈ പടി കയറില്ല!"രാഘവൻ മുഷിവോടെ പറഞ്ഞു.
"താൻ മുഷിയാൻ വേണ്ടി പറഞ്ഞതല്ലെടോ.. ഞാൻ..ഞാൻ ഒന്ന് ആലോചിക്കട്ടെ.മക്കള് വരാൻ സമയം ആയി.."ശേഖരൻ ക്ലോക്കിലേക്ക്  നോക്കി പറഞ്ഞു.
"മാഷ് അങ്ങോട്ട് ചെല്ല്..ഇല്ലെങ്കിൽ അവരോർക്കും നമ്മൾ അകത്ത് നിന്നെന്താ കുശു കുശുക്കുന്നതെന്ന്.."രാഘവൻ പറഞ്ഞു.ശേഖരൻ ഉമ്മറത്ത്  ചാരുകസേരയിൽ ചെന്നിരുന്നു.പിറകെ രാഘവനും അവിടെ കസേരയിൽ വന്നിരുന്നു.ചെറുപ്പക്കാർ എന്താണെന്ന അർത്ഥത്തിൽ രാഘവനെ നോക്കി.അയാൾ ഒന്നുമില്ലെന്ന് അവരെ ചിരിച്ച് കാണിച്ചു.
"ഞാനും എന്റെ ഭാര്യയും സ്കൂൾ അധ്യാപകരായിരുന്നു മക്കളെ.."ശേഖരൻ ചെറുപ്പക്കാരോടായി  പറഞ്ഞു തുടങ്ങി.
"എനിക്ക് രണ്ട് പെൺകുട്ടികളാ.. മൂത്തവള് ശ്രീബാല.ഇവിടെ അടുത്തുള്ള സ്കൂളിലെ ടീച്ചറാ..ഇളയവൾ വേണി.അവള്  കുറച്ച് കുട്ടികളെ സംഗീതം പഠിപ്പിക്കുന്നുണ്ട്.അവരുടെ വരുമാനവും പിന്നെ എനിക്ക് കിട്ടുന്ന തുച്ഛമായ പെൻഷനും കൊണ്ടാ ഈ വീട് കഴിഞ്ഞുപോകുന്നത്.വേണി കൈക്കുഞ്ഞായിരുന്നപ്പോഴാ എന്റെ ഭാര്യ മരിച്ചത്..അറ്റാക്ക് ആയിരുന്നു.." ശേഖരന്റെ സ്വരം ഇടറി."ഞങ്ങളുടേത്  പ്രേമ വിവാഹം ആയിരുന്നു.അതുകൊണ്ട് ബന്ധങ്ങളെല്ലാം പണ്ടേ ഉപേക്ഷിച്ചതാ.ഇപ്പൊ  പറയത്തക്ക ബന്ധുബലം ഒന്നുമില്ല.പിന്നെ സമ്പാദ്യമെന്ന് പറയാൻ എന്റെ കൈയിൽ ഒന്നും തന്നെ ഇല്ല  മക്കളെ ..ആകെ ഉള്ളത് ഈ വീടാ..അത് രണ്ടാൾക്കും കൂടിയുള്ളതാ."ശേഖരൻ പറഞ്ഞു.
"അച്ഛാ! അങ്ങനെ വിളിക്കാമോ എന്നറിയില്ല.പക്ഷെ ഈ മുഖത്ത് നോക്കി വേറൊന്നും വിളിക്കാൻ തോന്നുന്നുമില്ല."ചെറുപ്പക്കാരിൽ ഒരാൾ സംസാരിച്ചു തുടങ്ങി.അവന്റെ അച്ഛാ എന്നുള്ള വിളിയിൽ ശേഖരൻ കുറച്ച് നേരം തരിച്ചിരുന്നു! ആ ഒരു വിളി അദ്ദേഹത്തിന്റെ  നെഞ്ചിലെ മുറിവിൽ നോവുണർത്തി.ആരുടെയോ ഓർമ്മകളിൽ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു.
"മോന്റെ പേരെങ്ങനെയാ?മറന്ന് പോയി.ഓർമ്മ നിക്കണില്ല.."ശേഖരൻ ചോദിച്ചു.
"എന്റെ പേര് ജിതേഷ്..ഇത് കണ്ണൻ.."ജിതേഷ് തൊട്ടടുത്തിരിക്കുന്ന ചെറുപ്പക്കാരനെ ചൂണ്ടി പറഞ്ഞു.
"അച്ഛന്റെ  കാര്യങ്ങളെല്ലാം രാഘവേട്ടൻ പറഞ്ഞു.സ്ത്രീധനം വാങ്ങുന്നതിനോടും കൊടുക്കുന്നതിനോടും  ഞങ്ങൾ എതിരാണ്. രാഘവേട്ടൻ പറഞ്ഞിരുന്നല്ലോ ഞങ്ങൾ രണ്ടും ഡെൽഹിയില് സ്കൂൾ അധ്യാപകർ ആണ്.ഞങ്ങൾക്ക് വേണ്ടത് ഞങ്ങൾ സമ്പാദിക്കുന്നുണ്ട്.പെൺവീട്ടിൽ നിന്ന് കൊണ്ടുവരുന്നത് കൊണ്ട് വേണ്ടാ ഞങ്ങൾക്ക് കഴിയാൻ.ആരോഗ്യവും ആയുസ്സും ഉള്ളിടത്തോളം കാലം അദ്ധ്വാനിച്ച് ജീവിക്കുക തന്നെ ചെയ്യും."ജിതേഷ് ആത്മവിശ്വാസത്തോടെ പറഞ്ഞു.ശേഖരൻ അവനെ വാത്സല്യത്തോടെ നോക്കി ഇരുന്നു.
"അതെ അച്ഛാ.ഞങ്ങൾക്ക് രണ്ടാൾക്കും അച്ഛന്റെ മക്കളെ ഇഷ്ട്ടപ്പെട്ടു.തിരികെ പോവാൻ അധിക ദിവസം ഇല്ല.അത് മാത്രമല്ല പ്രേമിച്ച് മരം ചുറ്റി നടക്കാനൊന്നും ഞങ്ങൾക്ക് താൽപ്പര്യമില്ല.അതുകൊണ്ടാണ് രാഘവേട്ടൻ വഴി കാര്യങ്ങൾ ഇവിടെ അറിയിച്ചത്.ഇവിടുത്തെ കുട്ടികൾ വരുമ്പോ അച്ഛൻ കാര്യങ്ങൾ സംസാരിക്കണം.അവർക്കും അച്ഛനും ഒരുപോലെ  സമ്മതമാണെങ്കിൽ ഞങ്ങൾക്ക് വേറെ ഒന്നും വേണ്ട അച്ഛന്റെ മക്കളെ മാത്രം മതി.."കണ്ണന്റെ വാക്കുകൾ കേട്ടപ്പോൾ ശേഖരൻ ഒഴുകി വന്ന കണ്ണുനീർ തുടച്ചുകൊണ്ട് അവരെ രണ്ടുപേരെയും  നോക്കി ചിരിച്ചു.
ഗേറ്റ് തുറന്ന് വന്നതും ഉമ്മറത്തിരുന്ന ആൾക്കാരെ കണ്ട് ശ്രീബാലയും വേണിയും ഒന്ന് ശങ്കിച്ചു.ചെറുപ്പക്കാരുടെ കൂടെ ബ്രോക്കർ രാഘവനെ കണ്ടതും അവർക്ക് കാര്യം മനസ്സിലായി.ജിതേഷും കണ്ണനും അവരെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.
അധികം കളർ ഇല്ലാത്ത ഒരു കോട്ടൺ സാരി ആയിരുന്നു ശ്രീബാലയുടെ വേഷം.നീണ്ട  മുടി പിന്നി ഇട്ടിരുന്നു..കണ്ണെഴുതി ചെറിയൊരു പൊട്ടും തൊട്ട് കഴുത്തിൽ ഒരു ചെറിയ വെള്ള മുത്ത് മാലയും കാതിൽ കടുക്മണി വലുപ്പത്തിൽ ഉള്ള ഒരു കൊച്ചു കമ്മലും കൈയിൽ ഒരു വാച്ചും.വേണി കറുപ്പും ചുവപ്പും ഇടകലർന്ന ഒരു ദാവണിയായിരുന്നു ഉടുത്തിരുന്നത്.ചേച്ചിയെ പോലെ തന്നെ അധികം ഒരുക്കങ്ങളൊന്നുമില്ല. ഗോതമ്പിന്റെ നിറമാണ് രണ്ടുപേർക്കും.ചമയങ്ങളൊന്നുമില്ലാതെ തന്നെ രണ്ട് പേരുടെയും മുഖത്ത്  നല്ല ഐശ്വര്യമാണ്.
പെൺകുട്ടികൾ  ആരെയും നോക്കാതെ വീടിന്റെ പിറകിലേക്ക് നടന്ന് അടുക്കള വാതിൽ വഴി അകത്ത് കയറി.
"ചേച്ചിക്ക് ഇന്ന് കോളായി.."വേണി ശ്രീബാലയുടെ ചെവിയിൽ സ്വകാര്യം പറഞ്ഞു.
"മിണ്ടാതെ നടക്ക് പെണ്ണെ.."ശ്രീബാല അവളെ നോക്കി കണ്ണുരുട്ടി.
"രണ്ടാൾക്കും കുട്ട്യോളെ ഇപ്പൊ തന്നെ അങ്ങ് കൊണ്ടുപോയാൽ കൊള്ളാമെന്നുണ്ട്.."ജിതേഷിന്റെയും കണ്ണന്റെയും ഇരിപ്പ് കണ്ട് രാഘവൻ തമാശ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു.
"മാഷ് കുട്ട്യോളോട് കാര്യങ്ങൾ സംസാരിക്ക്.."രാഘവൻ ശേഖരനെ അകത്തേക്ക് പറഞ്ഞ് വിട്ടു.
ശേഖരൻ  അകത്തേക്ക് ചെന്നതും അദ്ദേഹത്തിന്റെ വരവും പ്രതീക്ഷിച്ച് രണ്ട് പേരും അവിടെ  തന്നെ നിൽപ്പുണ്ടായിരുന്നു.
******
' ശ്യാമ  നിവാസ് 'എന്ന നെയിം ബോർഡ് വെച്ചിരിക്കുന്ന വീടിന്റെ ഗേറ്റ് തുറന്നപ്പോൾ തന്നെ സിറ്റ് ഔട്ടിൽ മുഖം വീർപ്പിച്ചിരിക്കുന്ന ശാരിയെ കണ്ട് എന്തോ പന്തികേടുണ്ടെന്ന്  ശ്യാമയ്ക്ക് തോന്നി.ഇന്ന് എന്ത് പുകിലാണോ നന്ദൻ ഉണ്ടാക്കിവെച്ചിരിക്കുന്നതെന്നോർത്ത് ശ്യാമയ്ക്ക് ആധിയായി.
"എന്താ ചിറ്റേ മുഖത്ത് നല്ല പ്രസാദം?" ശ്യാമ ശാരിയെ കളിയാക്കി.അത് കേട്ട് ശാരിയുടെ മുഖം ഒന്ന് കൂടി ഇരുണ്ടു.
"ദേ ശ്യാമേ..മനുഷ്യന് സഹിക്കാവുന്നതിന് ഒരു പരിധി ഉണ്ട്."ശാരി ശ്യാമയുടെ നേരെ കൈചൂണ്ടിക്കൊണ്ട് ചെന്നു.
"ഇന്ന് എന്താ ചിറ്റേ പുതിയ പ്രശ്നം?"ശ്യാമ ചെരുപ്പ് ഊരി  വീടിനകത്തേക്ക് കയറുന്നതിനിടയിൽ ചോദിച്ചു.
"ആദ്യം കൊഞ്ചിക്കൽ ഒക്കെ കഴിയട്ടെ.എന്നിട്ട് അടുക്കളയിലോട്ട് വാ.കാണിച്ച് തരാം.."ശാരി ചാടി തുള്ളി അടുക്കളയിലേക്ക് പോയി.
ശ്യാമ തന്റെ മുറിയിലേക്ക് പോയി.അവിടെ തന്റെ വരവും കാത്ത് ചുവന്ന് തുടുത്ത  മുഖത്തോടെ പരാതികളുടെ കെട്ടഴിച്ച് വിടാൻ തയാറായി നന്ദൻ കട്ടിലിൽ ചമ്രം പടഞ്ഞ് ഇരിപ്പുണ്ടായിരുന്നു.കട്ടിലിനരികിൽ ഈസൽ ബോർഡിൽ കാൻവാസിൽ മുഴുമിപ്പിക്കാത്ത എന്തോ ഒരു ചിത്രവും.തൊട്ടടുത്ത് പല തരം  ബ്രഷുകളും പല നിറങ്ങളിലുള്ള അക്രിലിക്  പെയിന്റിന്റെ ബോട്ടിലുകളും.
അവന്റെ ആ ഇരിപ്പ് കണ്ടപ്പോൾ ശ്യാമയ്ക്ക് ഒരേ സമയം ചിരിയും സങ്കടവും വന്നു.
തന്റെ ഹാൻഡ് ബാഗ് മേശയിൽ വെച്ചിട്ട് ശ്യാമ കട്ടിലിൽ നന്ദന്റെ അടുത്തായി ഇരുന്നു.
"ഇതാരോടാ പിണങ്ങി ഇരിക്കുന്നത്?"ശ്യാമ ചോദിച്ചു.നന്ദൻ ഒന്നും മിണ്ടിയില്ല.
"എന്നോടും പിണക്കമാണോ?മിണ്ടത്തില്ലേ?"ശ്യാമ ചോദിച്ചു.നന്ദന്റെ അനക്കമൊന്നുമില്ല.ഇടയ്ക്ക് ഒളികണ്ണിട്ട് ശ്യാമയെ നോക്കുന്നുണ്ട്.
എന്തോ പിറുപിറുക്കുന്നുമുണ്ട്.
"നന്ദന് തരാൻ വേണ്ടി ഞാൻ ഒരു കൂട്ടം കൊണ്ടുവന്നിട്ടുണ്ടായിരുന്നു."ശ്യാമ പറഞ്ഞതുകേട്ട് നന്ദൻ പെട്ടെന്ന് അവളെ നോക്കി.അവൾ അവനെ നോക്കാതെ തന്റെ ഹാൻഡ്ബാഗിൽ നിന്നും ഓയിൽ പെയിന്റിന്റെ ഒരു പുതിയ കിറ്റ് എടുത്ത് വെളിയിൽ വെച്ചു.അതുകണ്ടതും നന്ദന്റെ മുഖം തെളിഞ്ഞു.
"പിണങ്ങി ഇരിക്കുന്നവർക്ക് എന്തിനാ ഇതൊക്കെ.വഴിയേ പോകുന്ന ആർക്കെങ്കിലും കൊടുത്തേക്കാം."ശ്യാമ അത് കൈയിലെടുത്ത് കളയാൻ ഭാവിച്ചു.പെട്ടെന്ന് നന്ദൻ കട്ടിലിൽ  നിന്നുമെഴുന്നേറ്റ് അവളുടെ അടുത്തേക്ക് ഓടി വന്ന്  കളറിന്റെ ബോക്സ് തട്ടിപ്പറിക്കാൻ നോക്കി.
"ആഹ് എന്താ?"ശ്യാമ ചോദിച്ചു.
"കളർ വേണം.."നന്ദൻ പറഞ്ഞു.

"എന്നോ മിണ്ടാത്തവർക്ക് ഞാൻ എന്തിനാ കളർ കൊടുക്കുന്നത്.എനിക്ക് വേറെ പണിയില്ലേ.."ശ്യാമ കപട ദേഷ്യത്തോടെ പറഞ്ഞു.
പെട്ടെന്ന് നന്ദൻ ശ്യാമയെ പിടിച്ച് അവന്റെ നേരെ തിരിച്ച് നിർത്തി  അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.
ശ്യാമ അത് പ്രതീക്ഷിച്ചതെങ്കിലും അവൾക്ക് ദേഹത്ത് ഒരു തരിപ്പുണ്ടായി.
"ഇനി എനിക്ക് എടുക്കാമല്ലോ.."പറഞ്ഞതും അവൻ ശ്യാമയുടെ കൈയിൽ നിന്നും കളർ ബോക്സ് പിടിച്ച് വാങ്ങി.ശ്യാമ ഒന്നും മിണ്ടാതെ ഉമ്മ കിട്ടിയ കവിൾത്തടം തടവി അവനെ നോക്കി നിന്നു. നന്ദൻ കളർ ബോക്സ്  പൊട്ടിച്ച്  അതിന്റെ ഭംഗി നോക്കി ഇരുന്നു.
"എന്തിനാ ശാരി ചിറ്റയോട് വഴക്ക് കൂടിയത്?ഞാൻ പറഞ്ഞിട്ടില്ലേ നല്ല കുട്ടിയായിട്ട് അടങ്ങി ഒതുങ്ങി ഇരിക്കണമെന്ന് "ശ്യാമ അവന്റെ അടുത്ത് ചെന്നിരുന്ന് ചോദിച്ചു.നന്ദൻ ഒന്നും മിണ്ടിയില്ല.
"ഞാൻ ഒന്നും ചെയ്തില്ല.ശ്യാമ വരുമ്പഴേക്ക് കാപ്പി ഉണ്ടാക്കാൻ നോക്കിയതാ.അതിനാ അവരെന്നോട് വഴക്കിട്ടത്."നന്ദൻ ദേഷ്യത്തോടെ പറഞ്ഞു.
"ആഹാ ഒരു കാപ്പി എടുത്തതിനാണോ ശാരി ചിറ്റ നന്ദനോട് വഴക്കിട്ടത്.ഞാൻ ഒന്ന് ചോദിക്കട്ടെ.അങ്ങനെ വിട്ടാൽ  പറ്റില്ലല്ലോ!"ശ്യാമ അടുക്കളയിലേക്ക് പോയി.
അടുക്കളയിലേക്ക് കയറിയതും ശ്യാമ തലയിൽ കൈ വെച്ച് നിന്നുപോയി!
നിലത്ത് മുഴുവനും കാപ്പി പൊടിയും പഞ്ചസാരയും വാരി വിതറിയിരിക്കുന്നു.പാത്രങ്ങൾ പല വഴിക്ക് ചിതറി കിടപ്പുണ്ട്.
"പുന്നാരം ഒക്കെ കഴിഞ്ഞ് വരുമ്പോ നിനക്ക് കാണാൻ വേണ്ടിയാ വൃത്തിയാക്കാതെ അങ്ങനെ തന്നെ ഇട്ടിരിക്കുന്നത്."വെളിയിൽ അയയിൽ നിന്നും തുണി എടുത്ത് വന്നുകൊണ്ട് ശാരി പറഞ്ഞു.
ശ്യാമ തിരിഞ്ഞു നോക്കിയതും പിറകിൽ നന്ദൻ ഒന്നും മിണ്ടാതെ മുഖം താഴ്ത്തി നിൽക്കുന്നത് കണ്ടു.
"കണ്ടോ കണ്ടോ എല്ലാം ഒപ്പിച്ചിട്ട് പാവത്താനെ  പോലെ നിക്കുന്നത് കണ്ടോ?ഒറ്റ ഒരെണ്ണം വെച്ച് കൊടുക്കണം!" ശാരി പല്ലുകടിച്ചുകൊണ്ട് പറഞ്ഞു.
"ചിറ്റേ!" ശ്യാമ ശബ്ദം ഉയർത്തി വിളിച്ചു. ശാരി മുഖം കോട്ടിക്കൊണ്ട്  തുണി മടക്കി വെക്കാൻ തുടങ്ങി.ശ്യാമ  അടുക്കളയിൽ നിലത്തിരുന്ന് എല്ലാം തുടച്ച് വൃത്തിയാക്കാൻ തുടങ്ങി.നന്ദൻ അതെല്ലാം നോക്കി അടുക്കളയുടെ ഒരു കോണിൽ ഒന്നും മിണ്ടാതെ  നിന്നു.
എല്ലാം വൃത്തിയാക്കി കഴിഞ്ഞ് ശ്യാമ നന്ദന്റെ അടുത്ത് വന്നു.
"എനിക്ക് തരാൻ കാപ്പി ഉണ്ടാക്കി എന്ന് പറഞ്ഞിട്ട്..എവിടെ?"ശ്യാമ ചോദിച്ചു.നന്ദൻ ഗ്യാസിന്റെ സൈഡിൽ ഇരുന്ന ഒരു ചെറിയ കപ്പ് ശ്യാമയ്ക്ക് നേരെ നീട്ടി.ശ്യാമ അത് വാങ്ങി ഒരിറക്ക് കുടിച്ചു.അവൾക്ക് ശർദിക്കാൻ  വന്നു.
തന്റെ ഒരു നല്ല വാക്കിനായി പ്രതീക്ഷയോടെ നോക്കി നിൽക്കുന്ന നന്ദനെ കണ്ടതും ശ്യാമ  അത് ഒറ്റ വലിക്ക് കുടിച്ച് തീർത്തു.
"ഉഗ്രൻ ആയിട്ടുണ്ട്! ശാരി ചിറ്റേടെ കാപ്പി ഇതിന്റെ ഏഴയലത്ത് വരില്ല.അത്ര സൂപ്പർ!"ശ്യാമ ചിരിച്ചുകൊണ്ട് പറഞ്ഞു.നന്ദൻ ഒന്നും മിണ്ടാതെ എഴുന്നേറ്റ് റൂമിലേക്ക് നടന്നു.
ശ്യാമ അവന്റെ പിറകെ ചെന്നു.
"എന്ത് പറ്റി നന്ദാ?" ശ്യാമ ചോദിച്ചു.
"ഞാൻ കുടിച്ച് നോക്കിയതാ..കാടിവെള്ളം ഇതിനേക്കൾ ബെസ്റ്റാ!"നന്ദൻ പറഞ്ഞതുകേട്ട് ശ്യാമ ചിരിച്ചുപോയി.
"സാരമില്ല കാപ്പി ഇടാൻ ഞാൻ പഠിപ്പിച്ച് തരാം കേട്ടോ.ഇനി ഇങ്ങനത്തെ സാഹസത്തിനൊന്നും തൽക്കാലം മുതിരണ്ട.പെയിന്റിംഗ് നടക്കട്ടെ.ഞാൻ കുളിച്ചിട്ട് വരാം."ശ്യാമ അവന്റെ തോളിൽ ഒന്ന് തൊട്ടിട്ട് ബാത്റൂമിലേക്ക് നടന്നു.
നന്ദൻ തന്റെ ബ്രഷുകളും ചായക്കൂട്ടുകളും എടുത്ത് വരയ്ക്കാൻ തുടങ്ങി. പിന്നീട് അത്താഴത്തിന് ശ്യാമ നന്ദനെ ഡൈനിങ്ങ് റൂമിലേക്ക് കൂട്ടിക്കൊണ്ട് വന്നു.നന്ദനെ കണ്ടതും ശാരിയുടെ മുഖം കറുത്തു.
നന്ദൻ രാത്രി ചപ്പാത്തിയെ കഴിക്കു.ചിക്കൻ നിർബന്ധമാണ്.ശ്യാമ നന്ദന്റെ മുൻപിൽ പ്ലേറ്റ് വെച്ച് ചപ്പാത്തിയും കറിയും ഒഴിച്ചു.എന്നിട്ട് അവളും  കഴിക്കാനിരുന്നു.നന്ദൻ ആഹാരം കഴിക്കാതെ ഇരുന്നപ്പോ ശ്യാമ അവളുടെ കഴിപ്പ് നിർത്തിയിട്ട്  അവന് ചപ്പാത്തി മുറിച്ച് കറിയിൽ മുക്കി വാരി കൊടുത്തു.
"ഓഹ് മാമൂട്ടാൻ  ഇള്ളാ പിള്ള ആണെന്നാ വിചാരം.ഓരോരോ കോപ്രായങ്ങള്.."ശാരി പിറുപിറുത്തു.
ശ്യാമ അത് കേൾക്കാത്ത ഭാവത്തിൽ നന്ദന് ആഹരം വാരിക്കൊടുത്തു. അത്താഴം കഴിഞ്ഞ് എല്ലാവരും കിടന്നു.
എപ്പഴോ നന്ദന്റെ നിലവിളി കേട്ടാണ് ശ്യാമ ഞെട്ടി ഉണർന്നത്!
"ബച്ചാവോ ബച്ചാവോ! ആസ്‌പാസ്‌ കോയി ഹേ?ഹമേ  ബച്ചാവോ! " തൊട്ടടുത്ത് കിടന്ന് നന്ദൻ ഉറക്കത്തിൽ അലറി വിളിക്കുന്നു.
"നന്ദാ..നന്ദാ.."ശ്യാമ നന്ദനെ കുലുക്കി വിളിച്ചു.
"ബച്ചാവോ..സാംപ്‌..സാംപ്‌..ചോട്ദോ!ഉസ്‌കോ  ചോട്ദോ!"നന്ദൻ വീണ്ടും അലറി വിളിക്കുന്നു.അപ്പോഴേക്കും ശാരി വാതിലിൽ മുട്ടി.
ശ്യാമ എഴുന്നേറ്റ് മുറിയിലെ ലൈറ്റ് ഇട്ട് വാതിൽ തുറന്നു..
"രാത്രി ആയാ  മനുഷ്യന് സമാധാനമായിട്ട്  കിടന്നുറങ്ങണ്ട!എന്നും ഇത് തന്നെ! എന്തൊരു കഷ്ടമാ!"ശാരി ഉറക്കം പോയതിന്റെ ദേഷ്യത്തിൽ ആയിരുന്നു.ഉറക്കത്തിലും നന്ദന്റെ കവിളിൽ കൂടി കണ്ണുനീർ ഒലിച്ചിറങ്ങി.ശ്യാമ നന്ദന്റെ അടുത്ത് ചെന്ന്  അവനെ  കുലുക്കി വിളിച്ചു.
"നന്ദാ എഴുന്നേല്ക്ക് നന്ദാ..കണ്ണ് തുറക്ക്.."ശ്യാമ നന്ദനെ പിടിച്ചെഴുന്നേൽപ്പിച്ചു.
നന്ദൻ കണ്ണുകൾ തുറന്ന് ഭയത്തോടെ ചുറ്റും നോക്കി.ചുരുണ്ടു കൂടി കട്ടിലിൽ തന്നെ ഇരുന്നു.ശ്യാമ അവന് കുടിക്കാൻ ഒരു ഗ്ലാസ് വെള്ളം കൊടുത്തു. നന്ദൻ അത് വാങ്ങാതെ ഭയപ്പാടോടെ ചുറ്റും നോക്കിക്കൊണ്ടിരുന്നു.
ശ്യാമ അവന്റെ അടുത്ത് ചെന്നിരുന്ന് അവനെ കെട്ടിപിടിച്ചു.
"പേടിക്കണ്ട കേട്ടോ.ഒന്നുമില്ല.നന്ദൻ സ്വപ്നം കണ്ടതാ."ശ്യാമ അവനെ ആശ്വസിപ്പിച്ചു.
"അതെങ്ങനെയാ..നട്ടും  ബോൾട്ടും ഇളകി കിടക്കുന്നതിനെ ഒന്നും തലയിൽ എടുത്ത് വെയ്ക്കണ്ട എന്ന് പെണ്ണിനോട് ആയിരം തവണ പറഞ്ഞതാ..കേൾക്കണ്ടെ..അനുഭവിക്കുക തന്നെ!"ശാരി ദേഷ്യത്തോടെ പിറുപിറുത്തു.
"ചിറ്റ പോയി കിടന്നോളു!എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ  ഞാൻ വിളിക്കാം." ശ്യാമ അവരെ രൂക്ഷമായി നോക്കി.ശാരി വെളിയിൽ നിന്നും വാതിൽ ചാരി തന്റെ മുറിയിലേക്ക് നടന്നു.
"എനിക്ക് പേടിയാവുന്നു ശ്യാമേ..അയാൾ വരും! എന്നെ കൊല്ലും ശ്യാമേ..എനിക്ക് പേടിയാവുന്നു!" നന്ദൻ ഒരു കൊച്ചു കുഞ്ഞിനെ പോലെ ശ്യാമയുടെ നെഞ്ചിൽ പറ്റിച്ചേർന്നിരുന്ന്  കരഞ്ഞു.
"ആരും വരില്ല നന്ദാ..എല്ലാം നന്ദന്റെ തോന്നൽ അല്ലെ..അങ്ങനെ ആരെങ്കിലും വന്നാൽ തന്നെ ഞാൻ വിട്ടു കൊടുക്കുവോ എന്റെ നന്ദനെ.."ശ്യാമ നന്ദന്റെ മുടിയിൽ വിരലോടിച്ച് കൊണ്ട് അവനെ സമാധാനിപ്പിച്ചു.തന്റെ കഴുത്തിൽ നന്ദൻ കെട്ടിയ താലിയിൽ  അവൾ കണ്ണീരോടെ മുറുകെ പിടിച്ചു!

തുടരും.....( അടുത്ത ഭാഗം ഒരു മണിക്കൂറിനുള്ളിൽ നല്ലെഴുത്തിൽ )
അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ 
https://www.nallezhuth.com/search/label/BalaveniNovel
==========================================================================
(മാളവികയും,അന്ന് പെയ്ത മഴയിലും,അംബാ മിൽസിനും ശേഷം പുതിയൊരു സസ്പെൻസ് ത്രില്ലറുമായി ഞാൻ വീണ്ടും വന്നിട്ടുണ്ടെ..മാളുവിനെയും വർഷയെയും ദേവിയെയും സ്വീകരിച്ചത് പോലെ ബാലയെയും വേണിയെയും നിങ്ങൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഇത് കുറച്ച് പഴയ കാലത്ത് സംഭവിക്കുന്ന കഥയാണ്.ഈ കഥയിൽ പറഞ്ഞിരിക്കുന്ന ഒരു ചെറിയ സംഭവം ഒരാളുടെ യഥാർത്ഥ ജീവിതമാണ്.അത് ഏതാണെന്ന് പിന്നീട് പറഞ്ഞ് തരാം..നിങ്ങൾ എല്ലാവരുടെയും സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു.)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot