Slider

ബാലവേണി - ഭാഗം 2

0

ശേഖരൻ അകത്തേക്ക് ചെന്നതും അദ്ദേഹത്തിന്റെ വരവും പ്രതീക്ഷിച്ച് രണ്ട് പേരും അവിടെ  തന്നെ നിൽപ്പുണ്ടായിരുന്നു.
"എന്താ അച്ഛാ  അവരുടെ ഡിമാൻഡ്?ബെൻസ് ആണോ എയ്‌റോപ്ലെയിൻ ആണോ?" വേണി തമാശ മട്ടിൽ ചോദിച്ചു.ശ്രീബാല അവളെ രൂക്ഷമായൊന്ന് നോക്കി.വേണി പെട്ടെന്ന് കളിയായി വാ പൊത്തി.
"അവര് രണ്ടാളും സ്കൂൾ അധ്യാപകരാ.ഇവിടെ അല്ല ഡെൽഹിയില്.."ശേഖരൻ  പറഞ്ഞു.രാഘവനും അങ്ങോട്ടേക്ക് വന്നു.
"ഡെൽഹിയിലോ?എന്നിട്ട് അവരെന്താ ഇവിടെ?"ശ്രീബാല ചോദിച്ചു.അതിന് മറുപടി പറഞ്ഞത് രാഘവൻ ആണ്.
"ഇവിടെ കുറച്ച് ദൂരെ അവരുടെ ഒരു കൂട്ടുകാരന്റെ കല്യാണം കൂടാൻ വന്നതാ.നിങ്ങളെ രണ്ടാളെയും ഇവിടെ എവിടെയോ വെച്ച് കണ്ടു ,ഇഷ്ടായി.."രാഘവൻ പറഞ്ഞു.
"ഏഹ് അപ്പൊ എനിക്കും നറുക്ക് വീണോ?"വേണി അത്ഭുതത്തോടെ ചോദിച്ചു.
"ഈ പെണ്ണിനെ കൊണ്ട് തോറ്റു.."ശ്രീബാല അവളുടെ കൈയിൽ പിച്ചി.
"വിട് ചേച്ചി വേദനിക്കുന്നു.."വേണി പിച്ച് കിട്ടിയിടം തിരുമ്മി.
"അതെ കുട്ടി.ഒരാള് ജിതേഷ്.മറ്റേത് കണ്ണൻ. ജിതേഷിന് ബാല മോളെ ഭയങ്കര ഇഷ്ടായി.കണ്ണന് വേണി മോളെയും.രണ്ടാൾക്കും ബന്ധുക്കളായിട്ട് ആരുമില്ല.അവര് വളർന്നത് ഒരു അനാഥ മന്ദിരത്തിലാ.പഠിക്കാൻ മിടുക്കരായിരുന്നു.ഇപ്പൊ ഡൽഹിയിൽ ഒരു സ്കൂളില്  മാഷുമ്മാരാ  രണ്ടാളും.കുറച്ച് ദിവസത്തെ അവധിക്കാ അവര് വന്നേക്കുന്നത്.നിങ്ങളെ കണ്ട് ഇഷ്ടായ ഉടനെ അവര്  സുധിയോട് കാര്യം പറഞ്ഞു.."രാഘവൻ പറഞ്ഞു.
"സുധിയോ?അതാരാ?"വേണി ഇടയ്ക്ക് കയറി ചോദിച്ചു.
"സുധിയുടെ കല്യാണം കൂടാനാ രണ്ടാളും നാട്ടിൽ എത്തിയത്.ഈ സുധിയുടെ കല്യാണം ഏർപ്പാടാക്കി കൊടുത്തത് ഈ രാഘവേട്ടൻ അല്ലെ മോളെ. സുധി നേരെ എന്റടുത്ത് വന്ന് കാര്യം പറഞ്ഞു.ശേഖരൻ മാഷ് കുറെ നാളായി നിങ്ങൾക്ക് രണ്ടാൾക്കും നല്ല ആലോചന കൊണ്ടുവരണമെന്ന് പറയുന്നു.പക്ഷെ എല്ലാവർക്കും  വലിയ ഡിമാന്റുകളാണ്.കൈയിൽ ഒതുങ്ങുന്നത് കിട്ടാഞ്ഞത് കൊണ്ടാണ് ഞാൻ ഈ വഴിക്കൊന്നും വരാതിരുന്നത്.പക്ഷെ ഇതിപ്പോ മഹാലക്ഷ്മി ഡെൽഹീന്ന് ട്രെയിനും പിടിച്ചാ വന്നേക്കുന്നത്.."രാഘവൻ പറഞ്ഞതുകേട്ട് വേണിക്ക് ചിരി പൊട്ടി.
"എന്നാലും അച്ഛനും അമ്മേം ഒന്നും ഇല്ലാന്ന് പറയുമ്പോ.."ശേഖരൻ തന്റെ വിഷമം അറിയിച്ചു.
"ഇത് കേൾക്കുമ്പഴാ എനിക്ക് ! "രാഘവന് ദേഷ്യം വന്നു.
"അച്ഛനും അമ്മേം ഇല്ലാതെ  എങ്ങനെയാ മാഷേ അവരുണ്ടായത്?അച്ഛനും അമ്മേം  ഈ പിള്ളേരെ ഉപേക്ഷിച്ചത് ഇവരുടെ കുറ്റം കൊണ്ടാണോ?പിന്നെ ഒരു കണക്കിന് നല്ലതാ അതുകൊണ്ട് കൂടിയാണല്ലോ അവർക്ക് ഡിമാന്റുകൾ ഒന്നുമില്ലാത്തത്.."രാഘവൻ ശബ്ദം താഴ്ത്തി പറഞ്ഞു.
"ഏഹ് ഡിമാൻഡ് ഒന്നുമില്ലേ?"വേണി അത്ഭുതത്തോടെ ചോദിച്ചു.
"ഇല്ല കുട്ടി.അവർക്ക് പൊന്നും വേണ്ട കാശും വേണ്ട.നിങ്ങളെ രണ്ടാളെയും മാത്രം മതീന്നാ പറയുന്നത്.അത്രയ്ക്ക് ബോധിച്ചു രണ്ടാൾക്കും."രാഘവൻ പറഞ്ഞു.ശ്രീബാല എല്ലാം ശ്രദ്ധിച്ചു കേൾക്കുകയായിരുന്നു.
"എന്താ മോളൊന്നും മിണ്ടാത്തെ?"ശേഖരൻ അവളെ നോക്കി ചോദിച്ചു.
"എന്താ അച്ഛന്റെ അഭിപ്രായം?"ശ്രീബാല ചോദിച്ചു.
"അറിയില്ല കുട്ടി.കേട്ടിടത്തോളം വലിയ കുഴപ്പമില്ല എന്ന് തോന്നുന്നു.വലിയ കാര്യത്തിലാ രണ്ടാളും എന്നോട് സംസാരിച്ചത്.പക്ഷെ അവരെ പറ്റി ഒന്ന് തിരക്കണമല്ലോ രാഘവാ.ഡെൽഹി  വരെ പോയി ചോദിക്കുന്നത് ഒന്നും നടക്കുന്ന കാര്യമല്ല...ആരോടാ ഇപ്പൊ  ഒന്ന് അന്വേഷിക്കുന്നത്  ..?" ശേഖരൻ ചോദിച്ചു.
"നല്ല കഥ! അതൊന്നും തിരക്കാതെയാ ഞാൻ അവരെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നതെന്ന് വിചാരിച്ചോ മാഷെ?നമ്മടെ സുധിയോട് ഞാൻ അവരെ പറ്റി വിശദമായിട്ട് ചോദിച്ചു.തങ്കക്കുടം പോലത്തെ രണ്ട് ചെക്കന്മാരാണെന്നാ  അവൻ പറഞ്ഞത്.."രാഘവൻ പറഞ്ഞു.
"രാഘവേട്ടന് നല്ല കമ്മീഷൻ കിട്ടിയ ലക്ഷണമുണ്ട്..അല്ലെങ്കിൽ ഇങ്ങനെ തള്ളില്ല.."വേണി ശ്രീബാലയുടെ ചെവിയിൽ പറഞ്ഞു.
"ഒന്ന് മിണ്ടാതിരിയെടി.."ശ്രീബാല അവളോട് അപേക്ഷിച്ചു.
"എനിക്ക് മനസ്സിലായി വേണി മോള് എന്താ പറയുന്നതെന്ന് .എന്റെ വീട്ടിലും ഒരു മോള് ഉള്ളതല്ലേ കുട്ട്യോളെ..അത് മാത്രമല്ല  ഈ ശേഖരൻ മാഷ് എനിക്ക് ദൈവത്തെ പോലെയാ..ആവതുള്ള സമയത്ത് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.അങ്ങനെ ഉള്ള മാഷിന്റെ മക്കൾക്ക് ദോഷം വരുന്ന എന്തെങ്കിലും കാര്യം ഞാൻ കൊണ്ടുവരുമെന്ന് തോന്നുന്നുണ്ടോ?"രാഘവൻ ചോദിച്ചു.
"അറിയാം രാഘവാ..എന്നാലും ചോദിക്കാതേം പറയാതേം വെറുതെ അങ്ങ് ഇറക്കി വിടാൻ പറ്റുവോ?അവരെ പറ്റി അന്വേഷിച്ചേ പറ്റു .നമുക്ക് ഈ സുധിയുടെ വീട്ടിൽ ഒന്ന് പോയാലോ?ഇവിടെ അടുത്താണോ അയാളുടെ വീട് ?ഈ നാട്ടുകാരൻ ആണോ?"ശേഖരൻ  ചോദിച്ചു.
"അല്ല മാഷെ സുധി ഈ നാട്ടുകാരൻ അല്ല.പക്ഷെ അവൻ  കല്യാണം കഴിച്ചിരിക്കുന്നത് നമ്മുടെ നാട്ടിൽ നിന്ന് തന്നെയാ.പറഞ്ഞാ മാഷ്ക്ക് അറിയാൻ വഴിയില്ല.അമ്പാട്ടെ മാധവൻ ഇല്ലേ?അദ്ദേഹത്തിന്റെ മോളെയാ സുധി കല്യാണം കഴിച്ചിരിക്കുന്നത്.പണ്ട് നമ്മടെ പൊതുവാളിന്റെ മോൾക്ക് വേണ്ടി സുധിയെ  ഒന്ന് ആലോചിച്ചതാ.പക്ഷെ ശ്രീധനത്തിന്റെ കാര്യം പറഞ്ഞ് വന്നപ്പോ എന്തോ രണ്ട് വീട്ടുകാരും തെറ്റി.പക്ഷെ സുധിക്കും വീട്ടുകാർക്കും എന്നെ വലിയ കാര്യമായിരുന്നു.നല്ലത് വല്ലതും ഉണ്ടെങ്കിൽ കൊണ്ടുവന്നേക്കണം എന്ന് അന്നേ പറഞ്ഞിട്ടുണ്ടായിരുന്നു."രാഘവൻ പറഞ്ഞു.
"എങ്കിൽ നമുക്ക് സുധിയുടെ വീട് വരെ ഒന്ന് പോകാം?നമ്മള് പോകുന്നത് തൽക്കാലം ജിതേഷും കണ്ണനും അറിയണ്ട.."ശേഖരൻ  പറഞ്ഞു.
"ഓഹ് ആയിക്കോട്ടെ.നമ്മക് പോയി വിവരങ്ങൾ തിരക്കാം.മാഷിന് സമാധാനം ആവട്ടെ.."രാഘവൻ പറഞ്ഞു.
"നിങ്ങള് ചെന്ന് ഇച്ചിരി ഒരുങ്ങി നിൽക്ക് കുട്ട്യോളെ..എന്നിട്ട് കാപ്പിയും എന്തെങ്കിലും പലഹാരങ്ങളും എടുത്തിട്ട് വാ.."രാഘവൻ പറഞ്ഞു.വേണിയും ശ്രീബാലയും ശേഖരനെ നോക്കി.
"എന്തായാലും അവര് വന്നതല്ലേ..നിങ്ങള് ഒന്ന് മുഖം കാണിച്ചിട്ട് വന്നോളു..വീട്ടിൽ വരുന്നവരെ അപമാനിച്ച് വിടരുതല്ലോ.."ശേഖരൻ അവരോട് പറഞ്ഞു.
എന്നിട്ട് രാഘവന്റെ കൂടെ ഉമ്മറത്തേക്ക് ചെന്നു.
ശ്രീബാലയും വേണിയും പരസ്പരം നോക്കി.
"ഒരുങ്ങാനൊന്നുമില്ല.ഇതൊക്കെ തന്നെ ധാരാളം.."വേണി  പറഞ്ഞു. ശ്രീബാല അടുക്കളയിലേക്ക് നടന്നു.പിറകെ വേണിയും.
"പാലില്ലല്ലോ ചേച്ചി..എന്താ ചെയ്യുക?"വേണി  ചോദിച്ചു.
"നാരങ്ങ ഇരിപ്പുണ്ട്.നീ രണ്ട് ഗ്ലാസ് എടുക്ക്..നമുക്ക് നാരങ്ങാവെള്ളം ഉണ്ടാക്കാം."ശ്രീബാല പറഞ്ഞു.
 "പലഹാരം ഒന്നും ഇരിപ്പില്ല.."വേണി അടുക്കളയിലെ പാട്ടകൾ  ഓരോന്ന് തുറന്ന് നോക്കിക്കൊണ്ട് പറഞ്ഞു.
"പഴം കൊടുക്കാം..മറ്റേ ടിന്നിൽ കുറച്ച് അച്ചപ്പം കാണും. "ശ്രീബാല പറഞ്ഞു.
രാഘവൻ വിളിച്ചപ്പോ രണ്ടാളും ഉമ്മറത്തേക്ക് വന്നു.ശ്രീബാലയുടെ കൈയിലെ ട്രേയിൽ പഴവും അച്ചപ്പവും രണ്ട് ഗ്ലാസ് നാരങ്ങാ വെള്ളവും ഉണ്ടായിരുന്നു.അവൾ അത് മേശയിൽ വെച്ചിട്ട് വാതിലിന്റെ സൈഡിലേക്ക് മാറി നിന്നു.അവളുടെ അടുത്ത് തന്നെ  വേണിയും വന്ന് നിന്നു.
" ബാല മോളെ..ദാ  ഇതാണ് ജിതേഷ്.."രാഘവൻ കൈ ചൂണ്ടിയ ആളെ ശ്രീബാല  ഒന്ന് നോക്കി.
ചുമന്ന ഷർട്ടും സ്വർണ കരയുള്ള മുണ്ടുമായിരുന്നു ജിതേഷിന്റെ വേഷം.ആൾ വെളുത്തിട്ടാണ്. മുഖത്ത് കട്ടി മീശ.ചെറിയ കണ്ണുകൾ.നീണ്ട മൂക്ക്.ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴികൾ.ജെൽ  തേച്ച് വൃത്തിയായി ചീകിവെച്ചിരിക്കുന്ന മുടി.ശ്രീബാല അവനെ തന്നെ ഒരു നിമിഷം നോക്കി നിന്നു.ജിതേഷ് അവളെ നോക്കി ചിരിച്ചു.അവളും ചെറുതായി ഒന്ന് ചിരിച്ചു.
"ദാ  ഇദ്ദേഹം ആണ് കണ്ണൻ.."രാഘവൻ പറഞ്ഞത് കേട്ട് വേണി കണ്ണനെ നോക്കി.കണ്ണൻ  അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.
കറുത്ത ഷർട്ടും നീല  ജീൻസുമായിരുന്നു അവന്റെ വേഷം.ചുരുണ്ട മുടിയാണ്.ട്രിം ചെയ്ത മീശയും കുറ്റി താടിയും അവന്റെ മുഖത്തിന് ചേരുന്നുണ്ടെന്ന് വേണിക്ക്  തോന്നി.
"നിങ്ങൾ അകത്തേക്ക് പൊക്കൊളു."രാഘവൻ പറഞ്ഞു.ശ്രീബാലയും വേണിയും ജിതേഷിനെയും കണ്ണനെയും ഒന്ന് നോക്കിയിട്ട് അകത്തേക്ക് പോയി.
"വെള്ളം എടുത്ത് കുടിക്ക് കുട്ട്യോളെ.."ശേഖരൻ പറഞ്ഞു.ജിതേഷും കണ്ണനും രാഘവനെ നോക്കി.
"അത്..ഇവർക്ക് മക്കളോട്  സംസാരിക്കാൻ കാണുമല്ലോ..അത് കഴിഞ്ഞാവാം.."രാഘവൻ പറഞ്ഞു.
"രണ്ടാളും അകത്തേക്ക് ചെന്നോളു.."ശേഖരൻ  പറഞ്ഞു.രണ്ടുപേരും അകത്തേക്ക് പതിയെ  നടന്ന് ചെന്നു.ഡൈനിങ്ങ് റൂമിൽ നിൽക്കുന്ന ശ്രീബാലയെയും വേണിയെയും കണ്ട് ഒരു നിമിഷം അവർ നിന്നു.അവരുടെ കണ്ണുകൾ പരസ്പരം കൂട്ടി മുട്ടി.
"നമ്മുക്ക് വെളിയിലേക്കിറങ്ങി നിൽക്കാം?"കണ്ണൻ  വേണിയോട്   ചോദിച്ചു.അവൾ തലയാട്ടി.
അവർ രണ്ടുപേരും അടുക്കള വാതിലിൽ കൂടി തൊടിയിലേക്കിറങ്ങി.അവിടെ ഒരു ചെമ്പരത്തിയും നന്ദ്യാർ വട്ടവും  നിൽപ്പുണ്ടായിരുന്നു.ചെറുതെങ്കിലും അവിടമാകെ അടിച്ചുവാരി  വൃത്തിയാക്കി ഇട്ടിരുന്നു.
"ഗാർഡനിങ് ഇഷ്ടമാണല്ലേ.."കണ്ണൻ ചോദിച്ചു.
"ചെമ്പരത്തിയുടെ ഒരു ചെടിയും പിന്നെ ഒരു നന്ദ്യാർ വട്ടവും നിൽക്കുന്ന ഈ ഇട്ടാ വട്ടത്തെയാണോ ഗാർഡൻ എന്നുദ്ദേശിച്ചത്?"വേണി ചുറ്റുമൊന്ന് കണ്ണോടിച്ചുകൊണ്ട് ചോദിച്ചു..കണ്ണൻ ഒന്ന് ചമ്മി.
"അത്..എന്തെങ്കിലും ഒന്ന് സംസാരിക്കണമല്ലോ..അതുകൊണ്ടാ ഞാൻ.."കണ്ണൻ പറഞ്ഞതുകേട്ട് വേണി ചിരിച്ചു.
"ഈ ചിരി കാണാൻ നല്ല ഭംഗി ഉണ്ട്.."കണ്ണൻ പറഞ്ഞു..
"ഇങ്ങനെ എത്ര പേരോട് പറഞ്ഞിട്ടുണ്ട്..?"വേണി ചോദിച്ചത് കേട്ട് കണ്ണൻ അവളെ അന്തം വിട്ട് നോക്കി നിന്നു.
"ആദ്യമായും അവസാനമായും  ഒരാളോടെ പറഞ്ഞിട്ടുള്ളു."കണ്ണനും വിട്ടുകൊടുത്തില്ല.
"അതെന്താ ഡെൽഹിയിലൊന്നും പെണ്ണുങ്ങളില്ലേ?"വേണി വീണ്ടും ചോദിച്ചു.
"പെണ്ണുങ്ങൾ എല്ലായിടത്തും ഉണ്ട് പക്ഷെ മനസ്സിന് പിടിച്ചതിനെ കണ്ടത് ഇവിടെ വന്നപ്പോ ആണെന്ന് മാത്രം.."ഉരുളയ്ക്കുപ്പേരി പോലെയുള്ള കണ്ണന്റെ മറുപടി കേട്ടപ്പോൾ വേണിയ്ക്ക്  അവനോടെന്തോ ചെറിയ ഇഷ്ടം തോന്നി.
"തരാൻ ഇവിടെ കാറും ബംഗ്ളാവും ഒന്നുമില്ല.."വേണി പറഞ്ഞു.
"ഒന്നും ഞാൻ ചോദിച്ചില്ലല്ലോ.പെൺവീട്ടുകാരുടെ കാറും ബംഗ്ളാവും ഒക്കെ മോഹിച്ച് വരുന്നവരെ മാത്രമേ താൻ കണ്ടിട്ടുണ്ടാവുള്ളു.ഞാൻ അക്കൂട്ടത്തിൽ പെട്ട ആളല്ല..എനിക്കതിന്റെ ആവശ്യവുമില്ല.ഞാൻ ഇഷ്ടപ്പെട്ടത് വേണിയെയാണ്.അത് ഇവിടെ വന്ന് വേണ്ടപ്പെട്ടവരെ അറിയിക്കണമെന്ന് തോന്നി അറിയിച്ചു.ഇനി ഉത്തരം പറയേണ്ടത് വേണിയാണ്.ഞാൻ ആരാണെന്നോ എന്താണെന്നോ വേണിക്കറിയില്ല...അതുപോലെ വേണിയെയും എനിക്ക് മനസ്സിലാക്കാൻ കുറച്ച് സമയം വേണം.ഞാനും ജിത്തുവും  കുറച്ച് ദിവസങ്ങൾ കൂടി നാട്ടിൽ ഉണ്ടാവും.അതിനിടയ്ക്ക് നമ്മുക്ക് കണ്ടുമുട്ടാം..അതുകൊണ്ട്  ധൃതി പിടിക്കേണ്ട.നല്ലവണ്ണം ആലോചിച്ചിട്ട് മതി.."കണ്ണന്റെ സംസാരം കേട്ട് വേണിക്ക് ഒരു നിമിഷം അവനോട് ബഹുമാനം തോന്നി.ഇതുവരെ തന്നെയാരും പെണ്ണ് കാണാൻ വന്നിട്ടില്ലെങ്കിലും ശ്രീബാലയെ പെണ്ണ് കാണാൻ വന്നിരുന്നവർ ആദ്യം ചോദിച്ചിരുന്നത് അവളുടെ സ്വത്തുവഹകളെ പറ്റിയും ശമ്പളം എന്ത് കിട്ടുന്നു സ്വത്ത് എല്ലാം അനിയത്തിയുടെ പേരിലാണോ എന്നൊക്കെ ആയിരുന്നു എന്ന് ശ്രീബാല പറഞ്ഞ് വേണിക്ക്  അറിയാം.പക്ഷെ കണ്ണൻ അവരിൽ നിന്നൊക്കെ വ്യത്യസ്തനായിരുന്നു.കണ്ണൻ അവളെ ഒന്ന് നോക്കിയിട്ട്  അവിടെ നിന്നും ഉമ്മറത്തേക്ക് തിരികെ നടന്നു.അവൻ നടന്നകലുന്നതും നോക്കി വേണി  കുറച്ച് നേരം അവിടെ തന്നെ നിന്നു.
അകത്ത് ഡൈനിങ്ങ് റൂമിൽ ജിതേഷും ശ്രീബാലയും എന്ത് സംസാരിച്ച് തുടങ്ങണം എന്നറിയാതെ നിൽക്കുകയായിരുന്നു.
"അച്ഛൻ പറഞ്ഞുകാണുമല്ലോ..ഞങ്ങൾ  ഡൽഹിയിലാണ്.. അവിടെ കേരളാ സ്കൂളിൽ ആണ് പഠിപ്പിക്കുന്നത്.മാത്‍സ് ആണ് എന്റെ വിഷയം.."ജിതേഷ് അവിടെ കസേരയിലേക്കിരുന്ന് കൊണ്ട്  സംസാരിച്ച് തുടങ്ങി.ശ്രീബാല അവൻ പറയുന്നത് കേട്ട് നിന്നു..
"ബാല ഏതാ സബ്ജെക്ട് ?"ജിതേഷ് ചോദിച്ചു.
"ഞാൻ മലയാളമാ പഠിപ്പിക്കുന്നത്.."ശ്രീബാല പറഞ്ഞു.
"അപ്പൊ വായിൽ നാവുണ്ട് അല്ലെ?"ജിതേഷ് കളിയാക്കി.ശ്രീബാല ചിരിച്ചു.
"എന്തൊക്കെയാ ഹോബീസ് ?"ജിതേഷ് ചോദിച്ചു.
"അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല..സ്കൂളിൽ നിന്ന് വന്നാലും പിടിപ്പത് പണി കാണും..ഒന്നിനും സമയം കിട്ടാറില്ല.."ശ്രീബാല പറഞ്ഞു.കുറച്ച് നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല.
"ഞങ്ങൾ ഡൽഹിയിൽ അപ്പാർട്മെന്റിൽ ഷെയർ ചെയ്താ  താമസിക്കുന്നത്.സ്ഥലം വികാസ് പുരി.കേട്ടിട്ടുണ്ടോ?"ജിതേഷ് ചോദിച്ചു.
അറിയില്ലെന്ന് ശ്രീബാല തലയാട്ടി.
"ഞാനും കണ്ണനും പിന്നെ ഒരു സർദാർ ജിയും.പുള്ളി ബാങ്കിലാ.തൊട്ടടുത്ത് തന്നെ കടകളും ഹോട്ടലും ഒക്കെ ഉണ്ട്.കുക്കിങ്ങിനൊന്നും അങ്ങനെ സമയം കിട്ടാറില്ല.വീക്കെൻഡ് എഴുന്നേൽക്കുമ്പോ തന്നെ ഒരു സമയം ആവും.മിക്കപ്പോഴും  ഹോട്ടലിൽ നിന്നാ കഴിപ്പ്. സമയം കിട്ടാത്തതുകൊണ്ട് മാത്രമല്ല പാചകം വശമില്ലാഞ്ഞിട്ടാ..കുക്കിംഗ് അറിയില്ല എന്ന് മുൻ‌കൂർ ജാമ്യം എടുത്തതാണ് കേട്ടോ.. "ജിതേഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.ശ്രീബാലയും അത് കേട്ട് ചിരിച്ചു.
"സർദാർജിക്ക്  ട്രാൻസ്ഫെറാ.അതുകൊണ്ട് പുള്ളി  ഉടനെ തന്നെ അവിടുന്ന് മാറും..പിന്നെ ഞാൻ അവിടെ ചെറിയൊരു ഫ്ലാറ്റ്  വാങ്ങാൻ  പോവാണ്.."ജിതേഷ് പറഞ്ഞു.
"അതിനൊക്കെ ഒരുപാട് കാശാവില്ലേ?ടീച്ചേഴ്സിന് അവിടൊക്കെ അത്ര സാലറി ഉണ്ടോ?"ശ്രീബാല ചോദിച്ചു.
"എനിക്ക്  കുറച്ച് റിയൽ എസ്റ്റേറ്റിന്റെ പരുപാടി കൂടി ഉണ്ടേ..ജീവിച്ച് പോകണ്ടേ.."ജിതേഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഒരു ബിസിനസ് ഡീൽ സെറ്റ് ആയിട്ടുണ്ട്.ഉടനെ തന്നെ അത്  നടക്കും.കുറച്ച് ബഡാ പാർട്ടീസ് ആണ്. സാമാന്യം  നല്ലൊരു  എമൗണ്ട്  എനിക്ക് കമ്മീഷൻ കിട്ടും.ഒരു ഫ്ളാറ്റിന് അഡ്വാൻസ് കൊടുത്ത് വെച്ചിട്ടുണ്ട്..ഈ ഡീൽ നടന്നിട്ട് വേണം ഫുൾ എമൗണ്ട് സെറ്റിൽ ചെയ്ത് ആ  ഫ്ലാറ്റ് വാങ്ങാൻ..കല്യാണം കഴിഞ്ഞാൽ പിന്നെ നമ്മക്ക് എല്ലാവർക്കും  ഒരു വീട്ടിൽ താമസിക്കാൻ പറ്റില്ലല്ലോ . സർദാർ ജീ  പോവുമ്പോ അവിടെ കണ്ണനും വേണിക്കും  താമസിക്കാം. നമ്മൾക്ക് രണ്ടാൾക്കും പുതിയ ഫ്ളാറ്റിലേക്ക് മാറാം.. അതും കൂടി മനസ്സിൽ കണ്ടുകൊണ്ടാണ് കല്യാണം ഞങ്ങൾ തിരികെ പോവുന്നതിന് മുൻപ് തന്നെ നടത്താമെന്ന് ഞാൻ രാഘവേട്ടനോട്  പറഞ്ഞത്.."ജിതേഷ് പറഞ്ഞത് കേട്ട് ശ്രീബാല അവനെ ഒന്ന് നോക്കി.
"അല്ല..തനിക്കൂടെ ഇഷ്ടമാണെങ്കിൽ കല്യാണം ഉടനെ നടത്താം എന്നാ ഞാൻ ഉദ്ദേശിച്ചത്.."ജിതേഷ് ചമ്മലോടെ പറഞ്ഞു.ശ്രീബാലയ്ക്ക്  ചിരി വന്നു.
"ഇവിടെ എവിടെയാ താമസം?"ശ്രീബാല ചോദിച്ചു.
"ഞങ്ങളുടെ കൊളീഗ് ഉണ്ട് സുധി..അവന്റെ കല്യാണത്തിനാ ഞങ്ങൾ വന്നത്.അവന്റെ പെണ്ണിന്റെ വീട് ഇവിടെയാ..അങ്ങോട്ട് വന്നപ്പഴാ തന്റെ സ്കൂളിന്റെ അടുത്ത് വെച്ച് തന്നെയും വേണിയെയും കാണുന്നതും പിന്നെ.."ജിതേഷ് ബാക്കി പറയാൻ മടിച്ചു.ശ്രീബാലയുടെ മുഖത്ത് ചെറിയ നാണം വന്നു.
"പറഞ്ഞുവന്നത് സുധിയുടെ  ഒരു റിലേറ്റീവിന്റെ ഒഴിഞ്ഞുകിടക്കുന്ന ഒരു വീട്ടിലാ അവൻ  ഞങ്ങൾക്കുള്ള അക്കോമഡേഷൻ   ശരിയാക്കിയത്.അവിടെയാ ഇപ്പൊ താമസം."ജിതേഷ് പറഞ്ഞു.
"ആഹാരം ഒക്കെ?"ശ്രീബാല ചോദിച്ചു.
"ചിലപ്പോ സുധിയുടെ  വീട്ടിൽ നിന്ന് കൊണ്ടുത്തരും.അല്ലാത്ത സമയം  വെളിയിൽ തന്നെ.എപ്പോഴും അവരെ ബുദ്ധിമുട്ടിക്കുന്നത് ശരി അല്ലല്ലോ.."ജിതേഷ് പറഞ്ഞു. ശ്രീബാല ഒന്നും മിണ്ടാതെ നിന്നു.ജിതേഷ് അവിടെ നിന്നും എഴുന്നേറ്റു.
"വേറെ എന്തെങ്കിലും എന്നോട് ചോദിക്കാനുണ്ടോ?"ജിതേഷ് ചോദിച്ചു.
ഇല്ലെന്ന് ശ്രീബാല തലയാട്ടി.
"ഞങ്ങൾ കുറച്ച് ദിവസം കഴിഞ്ഞേ തിരികെ പോവുള്ളു.ഈ പ്രൊപ്പോസൽ  മുൻപോട്ട് കൊണ്ടുപോകാൻ താൽപ്പര്യം ഉണ്ടെങ്കിൽ ,ഇഷ്ടമാണെങ്കിൽ അറിയിക്കണം.പോവുമ്പോ രണ്ടാളും ഞങ്ങളോടൊപ്പം വേണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.” ജിതേഷ്   പറഞ്ഞത് കേട്ട് ശ്രീബാല അവനെ നോക്കി. അവൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു.”എന്തെങ്കിലും ഉണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കണം..."ജിതേഷ് തന്റെ ഫോൺ നമ്പർ ശ്രീബാലയെ ഏൽപ്പിച്ചു.പിന്നെ അവളെ തന്നെ കുറച്ച് നേരം നോക്കി നിന്നു.അവന്റെ കണ്ണുകളിലേക്ക് നോക്കും തോറും എന്തോ കാന്ത ശക്തി അവളെ അവനിലേക്ക്  കൂടുതൽ അടുപ്പിച്ച് കൊണ്ടിരുന്നു.ശ്രീബാല  അവന്റെ മുഖത്ത് നോക്കാതെ അങ്ങോട്ടും  ഇങ്ങോട്ടും വെറുതെ കണ്ണോടിച്ചു.അവൻ അവളെ നോക്കി ചിരിച്ചിട്ട് ഉമ്മറത്തേക്ക് ചെന്നു.പിന്നെയും എന്തൊക്കെയോ സംസാരിച്ചിട്ട് കണ്ണനും ജിതേഷും  രാഘവന്റെ കൂടെ അവിടെ നിന്നുമിറങ്ങി.
അവർ പോയതും ശേഖരൻ അകത്തേക്ക് ചെന്നു.വേണിയും അങ്ങോട്ടേക്ക് വന്നു.
"എന്തായി മക്കളെ? " ശേഖരൻ രണ്ടുപേരോടുമായി ചോദിച്ചു.
"അച്ഛൻ  അവരോട് എല്ലാ കാര്യങ്ങളും പറഞ്ഞുവോ?"ശ്രീബാല ചോദിച്ചു.
"നമ്മടെ കഷ്ടപ്പാടുകൾ അവർക്കറിയാം മോളെ..രാഘവൻ പറഞ്ഞിട്ടുണ്ട്.."ശേഖരൻ പറഞ്ഞു.
"അതല്ല ഞാൻ ചോദിച്ചത്..നമ്മുടെ മുഴുവൻ കാര്യങ്ങളും അവർക്ക് അറിയാമോ എന്നാണ് ഞാൻ ചോദിച്ചത്.."ശ്രീബാലയുടെ ചോദ്യം കേട്ട് ശേഖരൻ ഒന്നും മിണ്ടാതെ തല  താഴ്ത്തി നിന്നു.

തുടരും.....( അടുത്ത ഭാഗം നാളെ, ഇതേസമയം  )
അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo