നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബാലവേണി - ഭാഗം 8


"ഈ വിവാഹം നടക്കില്ല!"രാഘവൻ പറഞ്ഞു.
"വിവാഹം നടക്കില്ലേ ?താൻ എന്ത് വൃത്തികേടാ ഈ പറയുന്നത്?"ശേഖരൻ  ചാരു കസേരയിൽ നിന്നും ചാടി എഴുന്നേറ്റു!
പെൺകുട്ടികളും സ്തബ്ധരായി നിന്നുപോയി!
"മാഷ് ഇരിക്കു..ഞാൻ പറയുന്നത് മുഴുവനും കേൾക്കു.."രാഘവൻ പറഞ്ഞു.
"ഇനി ദിവസങ്ങളെ ഉള്ളു കല്യാണത്തിന്.ഈ അവസാന നിമിഷം വന്ന് വിവാഹം നടക്കില്ലെന്ന് പറഞ്ഞാൽ ഞങ്ങൾ എന്താ ചെയ്യേണ്ടത്?എന്റെ കുട്ട്യോളെ മോഹിപ്പിച്ചിട്ട് കടന്നുകളയാനാ ഉദ്ദേശമെങ്കിൽ വെച്ചേക്കില്ല ഞാൻ!"ശേഖരൻ ഉറഞ്ഞ്  തുള്ളി.
"മാഷ് ക്ഷോഭിക്കാതിരിക്കു.എനിക്ക് പറയാൻ ഉള്ളത് ഞാൻ ഒന്ന് പറഞ്ഞ് തീർത്തോട്ടെ.."രാഘവൻ അദ്ദേഹത്തെ പിടിച്ച്  തിരികെ ചാരുകസേരയിൽ ഇരുത്തി.
" ജിതേഷ് അവിടെ ഒരു ചെറിയ അപാർട്മെന്റ് മേടിക്കുന്ന കാര്യം പറഞ്ഞിരുന്നല്ലോ.ബാല മോളെയും കൊണ്ട് അങ്ങോട്ട്  മാറാനായിരുന്നല്ലോ അയാളുടെ പ്ലാൻ.പക്ഷെ അയാൾ പറഞ്ഞ ഡീൽ ഉടനെ നടക്കാനുള്ള സാധ്യത ഇല്ല.ആ പ്രോപ്പർട്ടി വാങ്ങാനിരുന്ന ആളുടെ അച്ഛൻ മരിച്ചുപോയി.അത്കൊണ്ട് തൽക്കാലത്തേക്ക് എല്ലാം ഒന്ന് നിർത്തി വെച്ചിരിക്കുകയാണ്.ഒരു അഞ്ചാറ്  മാസം സമയം പിടിക്കുമത്രേ.അത് കഴിഞ്ഞ് ഉറപ്പായും അത് നടക്കും.ആ കാശ് കിട്ടിയിട്ട് വേണമല്ലോ അപാർട്മെന്റ് മേടിക്കാൻ..അത്കൊണ്ട് ഒന്നെങ്കിൽ ഈ പറഞ്ഞ അഞ്ചാറ് മാസം വെയിറ്റ് ചെയ്യണം.ഇല്ലെങ്കിൽ ജിതേഷ് അവിടെ ചെന്ന് പുതിയൊരു ഫ്ലാറ്റ് റെന്റിന് ശെരിയാക്കിയിട്ട് അറിയിക്കും.അതിനും കുറച്ച് സമയം പിടിക്കും.അതുവരേക്ക് ഈ വിവാഹം ഒന്ന്  നീട്ടി വെക്കണം എന്നാ ഞാൻ ഉദ്ദേശിച്ചത്.."രാഘവൻ പറഞ്ഞു.വേണിയും ശ്രീബാലയും കല്യാണം ഉടനെ ഉണ്ടാവില്ല എന്ന വാർത്ത  കേട്ട് തരിച്ച്  നിന്നു!
"എന്തൊരു കഷ്ടമാണീശ്വരാ..അതുപോലെ ആശിച്ച് പോയതാണല്ലോ എന്റെ കുട്ടികള്..കുറെ നാളുകള് കൂടിയാ അതുങ്ങടെ മുഖത്ത് കുറച്ച് തെളിച്ചം കണ്ടത്.. "ശേഖരൻ തന്റെ നെഞ്ഞ് തടവി വേവലാതിയോടെ പറഞ്ഞു.
"ജിതേഷിനും കണ്ണനും  ഇത് ഇവിടെ നേരിട്ട് വന്ന് പറയാൻ ബുദ്ധിമുട്ടുണ്ട്..അതാ എന്നെ പറഞ്ഞ് വിട്ടത്.."രാഘവൻ പറഞ്ഞു.
"എനിക്ക് അവരെ ഒന്ന് കാണാൻ പറ്റുമോ?എവിടെയാ അവര് താമസിക്കുന്നത്..എന്നെ അങ്ങോട്ടൊന്ന് കൊണ്ടുപോവമോ?"ശേഖരൻ ചോദിച്ചു.
"അതിനെന്താ മാഷെ..ഒരുങ്ങിയിരുന്നോളു.നമ്മക്ക് വൈകിട്ട് പോവാം.."രാഘവൻ പറഞ്ഞു.അധികം നിൽക്കാതെ അയാൾ അവിടെ നിന്നിറങ്ങി.
അകത്ത് മുറിയിൽ ശ്രീബാലയും വേണിയും കട്ടിലിൽ കരഞ്ഞുകൊണ്ട് ഇരിക്കുകയായിരുന്നു.ശേഖരൻ അങ്ങോട്ടേക്ക്  ചെന്നപ്പോ രണ്ടുപേരും  കട്ടിലിൽ നിന്നെഴുന്നേറ്റു.ആരും കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല.
"അച്ഛൻ അവരോട് ചെന്ന് സംസാരിക്കട്ടെ മക്കളെ..എന്തെങ്കിലും പോംവഴി ഉണ്ടോന്ന് നോക്കാം.."ശേഖരൻ അവരെ ആശ്വസിപ്പിച്ചു.
"കാശിന്റെ കാര്യമല്ലേ അച്ഛാ..അതിന് എന്ത് പോംവഴി.."വേണി മുഖം താഴ്ത്തി പറഞ്ഞു.
"അത് സാരമില്ല അച്ഛാ..ഞങ്ങൾക്ക് വിധിച്ചിട്ടില്ല എന്ന് കരുതിക്കോളാം."ശ്രീബാല കണ്ണുകൾ തുടച്ച് കൊണ്ട് പറഞ്ഞു.
"അതിന് വിവാഹം വേണ്ടാന്ന് വെച്ചിട്ടില്ലലോ മോളെ..കുറച്ച് നീട്ടി വെച്ചു എന്നല്ലേ ഉള്ളു.."ശേഖരൻ പറഞ്ഞു.
"ഈ അഞ്ചാറ് മാസം കഴിഞ്ഞാലും വേറെ എന്തെങ്കിലും പ്രെശ്നം  വന്ന് അവരുടെ ഡീൽ പിന്നെയും മുൻപോട്ട്  തള്ളി പോയാലോ..അപ്പോഴും നമ്മൾ എല്ലാവരും ഇതേപോലെ വിഷമിച്ചിരിക്കണ്ടേ..അതിലും ഭേദം  ഈ ആശ മുളയിലേ നുള്ളുന്നതാണ്.."ശ്രീബാല ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു.
ശേഖരൻ ഒന്നും മിണ്ടാതെ അവിടുന്ന് എഴുന്നേറ്റു..
വൈകിട്ട് രാഘവന്റെ കൂടെ ശേഖരൻ ജിതേഷും കണ്ണനും താമസിക്കുന്ന സുധിയുടെ റിലേറ്റീവിന്റെ വീട്ടിൽ ചെന്നു.സുധിയും  അവിടെ ഉണ്ടായിരുന്നു.
"രാഘവൻ കാര്യങ്ങൾ എല്ലാം പറഞ്ഞു."ശേഖരൻ സോഫയിൽ ഇരുന്നുകൊണ്ട് പറഞ്ഞു.
ജിതേഷിന്റെ കണ്ണുകൾ ചുവന്ന് കലങ്ങി ഇരുന്നു.അവൻ കരഞ്ഞിരുന്നുവെന്ന്  ശേഖരന് മനസ്സിലായി.
"അച്ഛനെ നേരിൽ കണ്ട് സംസാരിക്കാനുള്ള ശക്തി ഇല്ലായിരുന്നു.അതാ രാഘവേട്ടനെ  പറഞ്ഞ് വിട്ടത്.."കണ്ണൻ  പറഞ്ഞു.
"ഇതിപ്പോ ആരുടെയും കുറ്റം അല്ലല്ലോ ജിത്തു..നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ അല്ലെ നടന്നത്.."സുധി പറഞ്ഞു.
"ഇതറിഞ്ഞപ്പോ തൊട്ട് ഇവര് രണ്ടും  ഭക്ഷണം പോലും കഴിക്കാതെ ഇരിക്കുകയാ..ശ്രീബാലയെയും വേണിയെയും ഇവര് ചതിച്ചത് പോലെ ആയി എന്നാ  പറയുന്നത്.അങ്കിൾ ഒന്ന് പറഞ്ഞ് മനസ്സിലാക്ക്..ഞാൻ പറഞ്ഞ് മടുത്തു."സുധി ശേഖരനോട് പറഞ്ഞു.ശേഖരൻ  ജിതേഷിനെ നോക്കി.അവൻ മുഖം താഴ്ത്തി ഇരിപ്പാണ്.കണ്ണനും അതെ അവസ്ഥയിൽ തന്നെ.
"എന്താ മോനെ ഇതിനൊരു പരിഹാരം..?"ശേഖരൻ ചോദിച്ചു.
"ഇപ്പൊ ഞങ്ങൾ താമസിക്കുന്ന അപ്പാർട്മെന്റിൽ അധികം സൗകര്യമില്ല.ഒറ്റ മുറിയിലാണ് ഞങ്ങൾ മൂന്ന് പേരും താമസിച്ചിരുന്നത്.സർദാർജി ഉടനെ തന്നെ ഒഴിയും.പക്ഷെ ഒരു കുടുംബായിട്ട് താമസിക്കുമ്പോ എല്ലാവര്ക്കും കൂടി അവിടെ പറ്റില്ല..പുതിയൊരു ഫ്ലാറ്റ് റെന്റിന്  നോക്കാനാണെങ്കിൽ  കുറച്ച് സമയം പിടിക്കും.സ്കൂളിലേക്ക് പോയ് വരാനുള്ള സൗകര്യങ്ങൾ ഉള്ള ഒരെണ്ണം  നോക്കണം.റെന്റിനാണെങ്കിലും അതിന് നല്ലൊരു തുക അഡ്വാൻസ് കൊടുക്കണം.ജിത്തു മേടിക്കാനിരുന്ന അപാർട്മെന്റ് ആണെങ്കിൽ എല്ലാം കൊണ്ടും നല്ല സൗകര്യവും ആയിരുന്നു.ഡൗൺപേയ്‌മെന്റിനുള്ള തുകയും കൊടുത്തു പിന്നെ ബാങ്ക് ലോണും എല്ലാം ശെരി ആയതായിരുന്നു.അഡ്വാൻസും കൊടുത്തിരുന്നു.ഇനി പറഞ്ഞിട്ടെന്താ കാര്യം.."കണ്ണൻ നെടുവീർപ്പോടെ പറഞ്ഞു.ജിതേഷ് ഒന്നും മിണ്ടാതെ ഇരിപ്പാണ്.
"വല്ല  നിവർത്തിയുമുണ്ടായിരുന്നെങ്കിൽ ഞാൻ എന്തെങ്കിലും ഹെല്പ് ചെയ്തേനേം.പക്ഷെ ഇപ്പൊ കല്യാണം കഴിഞ്ഞതിന്റെയൊക്കെ ആയിട്ട് ഞാൻ അല്പം ടൈറ്റ്  ആണ്.."സുധി വിഷമത്തോടെ പറഞ്ഞു.
"ചതിക്കാൻ വേണ്ടി ആയിരുന്നില്ല..എനിക്ക് ഒരുപാടിഷ്ടമാ ബാലയെ..അതുകൊണ്ട് തന്നെയാ ഇത്ര പെട്ടെന്ന് കല്യാണം നടത്തണമെന്ന് വാശി പിടിച്ചതും.."ജിതേഷിൻറെ സ്വരം ഇടറി.
"എന്താ കുട്ടി ഈ പറയുന്നത്..താൻ ആരെയും ചതിച്ചിട്ടില്ലല്ലോ..അയാളുടെ  അച്ഛൻ മരിച്ചുപോയതിന് മോൻ എന്ത് പിഴച്ചു? മരണം നമുക്ക് പ്രവചിക്കാൻ പറ്റുന്ന ഒന്നല്ലല്ലോ.."ശേഖരൻ അവനെ സമാധാനിപ്പിച്ചു.ജിതേഷ് ഒന്നും മിണ്ടിയില്ല.
"എത്ര എമൗണ്ടും കൂടി വേണം ഈ പറഞ്ഞ  അപാർട്മെന്റ് മേടിക്കാൻ?"ശേഖരൻ ചോദിച്ചു.
"ഇനി ഒരു പത്ത് ലക്ഷം കൂടി ഉണ്ടെങ്കിലേ കാര്യം നടക്കുള്ളൂ..ബാക്കി എല്ലാം ഒരുവിധം ശരി ആയതാ.."കണ്ണൻ പറഞ്ഞു.
"നമ്മുക്ക് ആ ക്ലൈന്റിനെ വിളിച്ച് ഒന്ന് സംസാരിച്ചാലോ?"രാഘവൻ ചോദിച്ചു.
"അതൊക്കെ ജിത്തു  അപ്പൊ തന്നെ വിളിച്ച് ചോദിച്ചു.കല്യാണം ഫിക്സ് ചെയ്തിരിക്കുകയാണ്, ഈ ഡീൽ നടന്നാൽ കിട്ടുന്ന തുക കൂടി ഉണ്ടെങ്കിലേ ഡൽഹിയിൽ പറഞ്ഞുറപ്പിച്ച് വെച്ച്  ഫ്ലാറ്റ് മേടിക്കാൻ കഴിയുകയുള്ളു എന്നൊക്കെ.പുള്ളിക്ക് അതൊന്നും അറിയേണ്ട കാര്യമില്ലല്ലോ.."കണ്ണൻ പറഞ്ഞു.
"വേറെ പരിചയക്കാരുടെ വീടോ അങ്ങനെ ഒന്നുമില്ലേ അവിടെ?"ശേഖരൻ ചോദിച്ചു.
"ഫ്രണ്ട്സ് കുറച്ച് പേരുണ്ട്.പക്ഷെ മിക്കവരും  ബാച്ചലേഴ്‌സ്  ആണ്.അല്ലാത്തവർ കുടുംബമായിട്ട് ഒറ്റമുറി ഫ്ലാറ്റിലാണ് കഴിയുന്നത്."ജിതേഷ് പറഞ്ഞു..
"പിന്നെ ഒരു ഫ്രണ്ട് ഉണ്ട്.അവന് ഡൽഹിയിൽ  സ്വന്തമായി വീടൊക്കെ ഉണ്ട്.ആള് വെൽ സെറ്റിൽഡ് ആണ്.പുതിയ അപാർട്മെന്റിന്റെ പേപ്പർ വർക്കും ബാക്കി ഫോർമാലിറ്റീസും ഒക്കെ കഴിയുന്നത് വരെ ഒരു രണ്ട് മൂന്ന് ദിവസം  ഞാനും ബാലേം അവിടെ താമസിക്കാമെന്നാണ് ഉദ്ദേശിച്ചത്..ഇതിപ്പോ അഞ്ചാറ് മാസമൊന്നും അവന്റെ വീട്ടിൽ  താമസിക്കാൻ പറ്റില്ലല്ലോ.. അതാ എന്ത് ചെയ്യണമെന്ന് അറിയില്ലാത്തത്.. "ജിതേഷ് പറഞ്ഞു.
"ഈ ഫ്രണ്ടിനോട് ചോദിച്ചാൽ കുറച്ച് കാശ് കിട്ടില്ലേ?"രാഘവൻ ചോദിച്ചു.
"ഞാൻ അങ്ങനെ ആരോടും ഇതുവരെ കടം ചോദിച്ചിട്ടില്ല.അതെനിക്ക് ഇഷ്ടവുമല്ല..പിന്നെ ഒരു കാലത്ത് കൊടുക്കാൻ പറ്റിയില്ലെങ്കിൽ വെറുതെ ഉള്ള ബന്ധം കൂടി കളയണ്ടല്ലോ."ജിതേഷ് പറഞ്ഞു.
ശേഖരൻ  എന്തോ ആലോചിച്ചിരുന്നു.
"ഈ പറഞ്ഞ പ്രോപ്പർട്ടിയുടെ ഡീൽ അഞ്ചാറ് മാസത്തിനകം നടക്കുമെന്ന് ഉറപ്പാണോ?"ശേഖരൻ ചോദിച്ചു.
"ഉറപ്പാണ്.." ജിതേഷ് പറഞ്ഞു.
"അന്നും ഇതേപോലെ എന്തെങ്കിലും തടസങ്ങൾ ഉണ്ടായാലോ?"ശേഖരൻ ചോദിച്ചു.
"ഈ ക്ലയന്റ്  വാക്ക് മാറ്റി പറയുന്ന ആളല്ല..അദ്ദേഹം ഒരുപാട് പ്രോപ്പർട്ടീസ് കൊടുക്കുകയും വാങ്ങുകയും ചെയ്യാറുണ്ട്.പുള്ളിയെ എല്ലാ ബ്രോക്കേഴ്‌സിനും ഭയങ്കര കാര്യമാണ്.ഇതിപ്പോ അദ്ദേഹത്തിന്റെ അച്ഛൻ മരിച്ചത്കൊണ്ടാണ്.മരിപ്പിന്റെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞിട്ട് ഈ ഡീലുമായി  മുൻപോട്ട് പോവാൻ തന്നെയാണ് അദ്ദേഹം ഇരിക്കുന്നത്.."ജിതേഷ് പറഞ്ഞു.
ശേഖരൻ കുറച്ച് നേരം എന്തോ ആലോചിച്ചിരുന്നു.പിന്നെ എല്ലാവരോടും യാത്ര പറഞ്ഞ് അവിടെ നിന്നുമിറങ്ങി.****
തന്റെ ഇരുനില മാളികയിൽ ശീതീകരിച്ച എ.സി മുറിയിലെ പതു പതുത്ത സോഫയിൽ കാലുകൾ നീട്ടി വെച്ച് വിസ്തരിച്ചിരിക്കുകയായിരുന്നു സാബു.
മുൻപിൽ ക്ഷീണിച്ചവശാനായിരിക്കുന്ന ശേഖരനെ അയാൾ ഒന്ന് കൂടി നോക്കി ചിരിച്ചു.
"മാഷിനെന്താ പൈസയ്ക്ക് ഇത്ര ആവശ്യം?"സാബു ചോദിച്ചു.
"പെൺകുട്ടികളുടെ കല്യാണം ഉറപ്പിച്ചു."ശേഖരൻ  പറഞ്ഞു.
"ആഹാ അതിനാണോ?സ്ത്രീധനം  മേടിക്കുന്നതും കൊടുക്കുന്നതും ഒക്കെ തെറ്റല്ലേ മാഷെ?"സാബു കളിയാക്കുന്ന മട്ടിൽ ചോദിച്ചു.
"സ്ത്രീധനമൊന്നുമല്ല.ബാല മോൾടെ പയ്യന് ഡെൽഹിയിൽ ഒരു ഫ്ലാറ്റ് മേടിക്കാൻ ഉള്ള പ്ലാൻ ഉണ്ടായിരുന്നു.പൈസ കൊടുക്കാമെന്ന് പറഞ്ഞ സ്ഥലത്ത് നിന്നും ഉടനെ പൈസ കിട്ടില്ല എന്നറിയാൻ കഴിഞ്ഞു.കുറച്ച് സമയം പിടിക്കും.. ഒരു ആറ് മാസം." ശേഖരൻ  പറഞ്ഞു.
"ഇപ്പൊ ഞാൻ എന്താ ചെയ്യേണ്ടത്?"സാബു ചോദിച്ചു.
ശേഖരൻ മാഷ് തന്റെ കൈയിലിരുന്ന ഒരു ഡോക്യുമെന്റ് സാബുവിനെ ഏൽപ്പിച്ചു.അദ്ദേഹത്തിന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.സാബു അത് വാങ്ങി  മറിച്ചുനോക്കി.
"ഇത് എന്റെ വീടിന്റെ ആധാരം ആണ്!" ശേഖരൻ നെറ്റിയിലെ വിയർപ്പുതുള്ളികൾ തുടച്ചുകൊണ്ട്  പറഞ്ഞു.
"ഇത് ഞാൻ എടുത്തിട്ട് മാഷിന് ക്യാഷ് തരണം.അല്ലെ?"സാബു ചോദിച്ചു.
"അതെ.."ശേഖരൻ പറഞ്ഞു.
"എത്രയാ മാഷ് പ്രതീക്ഷിക്കുന്നത്..?"സാബു  ചോദിച്ചു.
"എനിക്ക് ഒരു പത്തു ലക്ഷം വേണം.."ശേഖരൻ മടിച്ച് മടിച്ച് പറഞ്ഞു.
അത് കേട്ട് സാബു പൊട്ടിച്ചിരിച്ചു.
"അത് കൊള്ളാം.പശുത്തൊഴുത്ത് പോലെ ഇരിക്കുന്ന ആ വീടിന് പത്ത് ലക്ഷമോ?"സാബു അദ്ദേഹത്തെ പുച്ഛിച്ചു.
"നിവർത്തികേട്‌ കൊണ്ടാ സാബു.ഒരച്ഛന്റെ നിസ്സഹായാവസ്ഥയെ ഇങ്ങനെ പരിഹസിക്കരുത്.ബാല മോൾക്കും വേണി മോൾക്കും അത്പോലെ ബോധിച്ച ബന്ധമാ..അവർ അത്പോലെ ആശിച്ചുപോയതാ..ബാങ്കിൽ കൊണ്ടുപോയി പണയം വെയ്ക്കാനുള്ള സമയമൊന്നും ഇല്ല.പിന്നെ അതിന്റെ ഫോർമാലിറ്റീസ്  ഒക്കെ കഴിഞ്ഞിട്ടല്ലേ കാശ് കൈയിൽ കിട്ടു.ഇതിപ്പോ ഇന്ന് തന്നെ കാശ് കൈയിൽ കിട്ടുമല്ലോ.അധികം ദിവസങ്ങളില്ല വിവാഹത്തിന്..വേറെ ഒരു വഴിയും ഇല്ലാത്തത് കൊണ്ടാ ഞാൻ ഇങ്ങോട്ട് വന്നത്.."ശേഖരൻ  കരയുന്നത് പോലായി.
"അന്നേ ഞാൻ പറഞ്ഞതല്ലേ ശ്രീബാലയെ ഞാൻ കെട്ടിക്കോളാമെന്ന്.അപ്പൊ എനിക്ക് കുടുംബമഹിമ പോരാ സ്വഭാവഗുണം ഇല്ല എന്തൊക്കെ കുറ്റങ്ങളായിരുന്നു .ഇപ്പൊ ഒരാവശ്യം വന്നപ്പോ ഈ ഞാൻ തന്നെ വേണം.."സാബു വീണ്ടും പരിഹസിച്ച് ചിരിച്ചു.സാബുവിന്റെ പിറകിൽ നിന്ന് ആജാനുബാഹുക്കളായ രണ്ട് ഗുണ്ടകളും അത് കേട്ട് ചിരിച്ചു.
"ശരി.ഞാൻ ഇത് എടുത്തിട്ട് കാശ് തരാം.പക്ഷെ എനിക്ക് പലിശ കിട്ടണം.കൊള്ളപ്പലിശയാണെന്നാ  എല്ലാവരും പറയുന്നത്.എന്നാലെന്താ ഒരാവശ്യം വരുമ്പോ എല്ലാ പട്ടികളും വരും എന്റെ കാല് പിടിക്കാൻ.ഇപ്പൊ മാഷ് വന്നതുപോലെ.."സാബുവിന്റെ സംസാരം കേട്ട് ശേഖരന്റെ തൊലി ഉരിഞ്ഞു.
"പലിശ മാസാമാസം കിട്ടിയില്ലെങ്കിൽ എന്റെ വിധം മാറും.പിന്നെ ദാ  ഇവന്മാർക്ക് പണി ഉണ്ടാക്കി വെയ്ക്കരുത്.."സാബു പിറകിൽ നിന്ന ഗുണ്ടകളെ ചൂണ്ടി പറഞ്ഞു.ശേഖരൻ അവരെ ഭയത്തോടെ നോക്കി.
"ചുമ്മാതാണോ മാഷേ  എല്ലാവരും എന്നെ കാലൻ  സാബു എന്ന്  വിളിക്കുന്നത്."സാബു വീണ്ടും ചിരിച്ചു..  ശ്രീബാലയുടെയും വേണിയുടെയും മുഖം ഓർത്ത് ശേഖരൻ എല്ലാം കടിച്ചുപിടിച്ചുകൊണ്ട് കേട്ടിരുന്നു.***
ജിതേഷ് ഉറക്കത്തിലായിരുന്നു.കാളിങ് ബെല്ലിന്റെ ശബ്ദം കേട്ട് അവൻ വാതിൽ തുറന്നു.മുൻപിൽ വിയർത്ത് കുളിച്ച് നിൽക്കുന്ന ശേഖരനെ കണ്ടതും അവൻ പെട്ടെന്ന് അദ്ദേഹത്തെ അകത്ത് വിളിച്ചിരുത്തി.കുടിക്കാൻ കുറച്ച് തണുത്ത വെള്ളം കൊടുത്തു.
"പിന്നെ എന്തെങ്കിലും വിവരം ഉണ്ടായോ അവിടുന്ന്?ഡീൽ എന്നത്തേക്ക് നടക്കുമെന്നോ മറ്റോ?"ശേഖരൻ ചോദിച്ചു.
"പ്രത്യേകിച്ചൊന്നുമില്ല..ഞങ്ങള് ചെന്നിട്ട് വേണം വേറെ ഫ്ലാറ്റ് റെന്റിന് നോക്കാൻ..എല്ലായിടത്തും റേറ്റ് ഭയങ്കരം  ആണ്.ഇതിപ്പോ ഞങ്ങൾ മൂന്ന് പേരായിട്ട് ഷെയർ ചെയ്ത് താമസിക്കുന്നത്കൊണ്ട് ചെറിയൊരു ഷെയർ ഇട്ടാൽ മതിയായിരുന്നു.പിന്നെ ബാലയും കൂടി വരുന്നത്കൊണ്ട് വെറുതെ ഏതെങ്കിലും ഒരു സ്ഥലം എടുത്താൽ പോരല്ലോ.കുറച്ച് സേഫ് ആയിട്ടുള്ള നല്ല കമ്മ്യൂണിറ്റി ഉള്ള സ്ഥലം നോക്കണ്ടേ.."ജിതേഷ് പറഞ്ഞു.
"കണ്ണൻ എവിടെ?"ശേഖരൻ ചോദിച്ചു.
"ഫുഡ് വാങ്ങാൻ പോയി.."ജിതേഷ് പറഞ്ഞു.
ശേഖരൻ ഒന്നും മിണ്ടാതെ തന്റെ കൈയിലുള്ള കവറിൽ നിന്നും ഒരു പൊതി എടുത്തു.
അത് ജിതേഷിന്റെ കൈകളിലേക്ക് വെച്ച് കൊടുത്തു.
"എന്താ ഇത്?"ജിതേഷ് അമ്പരന്നു.
"മോൻ പറഞ്ഞ തുക ഉണ്ട്..പത്ത് ലക്ഷം!"ശേഖരൻ പറഞ്ഞു.ജിതേഷ് കണ്ണുമിഴിച്ചു! അവൻ  സോഫയിൽ നിന്നും ചാടി എഴുന്നേറ്റു!
"ഇതെവിടുന്നാ?എനിക്കൊന്നും മാനസ്സിലാകുന്നില്ല.."ജിതേഷ് ചോദിച്ചു.
"ഞാൻ വീടിന്റെ ആധാരം പണയം വെച്ചു  മോനെ.."ശേഖരൻ  പറഞ്ഞത് കേട്ട് ജിതേഷ് സ്തബ്ധനായി നിന്നുപോയി!
"പണയം വെച്ചെന്നോ?അച്ഛൻ എന്താ ഈ പറയുന്നത്?അച്ഛൻ വന്നേ..നമുക്ക് ഇത്  ഇപ്പൊ തന്നെ തിരികെ എടുക്കണം.ഏത് ബാങ്കിലാ ഇരിക്കുന്നത്?"ജിതേഷ് അദ്ദേഹത്തെ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കി.
"കുട്ടി അവിടെ ഇരിക്ക് പറയുന്നത് കേൾക്കു.."ശേഖരൻ അവനെ സോഫയിൽ പിടിച്ചിരുത്താൻ നോക്കി.
"പറ്റില്ല..അച്ഛാ ഇത് കുഞ്ഞുകളിയല്ല..കല്യാണം വേണ്ട എന്ന് ഇവിടെ ആരും പറഞ്ഞിട്ടില്ല.കുറച്ച് നാളത്തെ സാവകാശം മാത്രമേ ഞാൻ ചോദിച്ചിട്ടുള്ളു.അതിനുള്ളിൽ ഈ ഡീൽ നടക്കും.വന്നേ നമുക്ക് ബാങ്കിൽ പോവാം."ജിതേഷ് വീണ്ടും പറഞ്ഞു.
"ഇത് ബാങ്കിലൊന്നും പണയം വെച്ചതല്ല മോനെ..ബാങ്കിലൊക്കെ പോയാൽ അവരുടെ നൂലാമാലകൾ ഒക്കെ കഴിഞ്ഞ് കാശ് കിട്ടാൻ ഒരുപാട് ദിവസം എടുക്കും.നാട്ടിൽ ഒരു വട്ടിപ്പലിശക്കാരൻ ഉണ്ട്.പലിശ ഇച്ചിരി കൂടുതൽ ആണെന്നെ ഉള്ളു കാശ് ഉടനെ കിട്ടി."ശേഖരൻ  പറഞ്ഞു.
"അച്ഛൻ എന്ത് പണിയാ ഈ കാണിച്ചത്?അച്ഛന്റെ ആകെ ഉള്ള സമ്പാദ്യം എന്തിനാ  എനിക്ക് വേണ്ടി പാഴാക്കുന്നത്  അച്ഛാ?"ജിതേഷ് വിഷമത്തോടെ അദ്ദേഹത്തിന്റെ അടുത്തിരുന്നുകൊണ്ട് ചോദിച്ചു..
"എന്റെ മക്കള് നിങ്ങളെ രണ്ടാളെയും ഒരുപാട് ആശിച്ച് പോയതാ.വേണ്ടിയ സമയത്ത് അവർക്കിഷ്ട്ടപ്പെട്ടതൊന്നും  വാങ്ങി  കൊടുക്കാൻ കഴിഞ്ഞിട്ടില്ല.ഇപ്പൊ ജീവിതത്തിലെ ഒരു പ്രാധാനപ്പെട്ട സമയം വന്നപ്പോ ഈ അവസരത്തിലെങ്കിലും അവരാശിച്ചത്  കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ  പിന്നെ ഞാൻ എന്തിനാ അച്ഛനെന്ന് പറഞ്ഞ് ജീവിച്ചിരിക്കുന്നത്.."ശേഖരൻ നിറകണ്ണുകളോടെ  പറഞ്ഞു.ജിതേഷിന്റെ കണ്ണുകളും നിറഞ്ഞു.
"അഞ്ചാറ്‌ മാസം കഴിയുമ്പോ മോന് ആ തുക കിട്ടുമല്ലോ.അപ്പൊ ഇത് തിരികെ  തന്നാൽ മതി.സാബുവിനെ ഏൽപ്പിച്ച് വീടിന്റെ ആധാരം ഞാൻ അന്ന് തിരികെ  എടുത്തോളാം.അതുവരെ ഉള്ള പലിശ ആണ് പ്രശ്നം..ആഹ് എന്റെ ചിലവുകളൊക്കെ  കുറച്ച്  ഞാൻ ഒന്നുകൂടി ഒതുങ്ങി ജീവിച്ചോളാം.."ശേഖരൻ സ്വയം പറഞ്ഞു.
ജിതേഷ് അദ്ദേഹത്തെ കരഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ചു.
"എനിക്കിത് വേണ്ട അച്ഛാ..അച്ഛന് ആകെ ഉള്ള സമ്പാദ്യം അല്ലെ.."ജിതേഷിൻറെ കണ്ണുനീർ അദ്ദേഹത്തിന്റെ നെഞ്ചിൽ വീണു .
"എന്താ മോനെ ഇത്..ഇതിൽ വിഷമിക്കാനൊന്നുമില്ല.. ഇതുകൊണ്ട് എന്റെ മക്കൾക്ക് നല്ലൊരു ജീവിതം കിട്ടുമെങ്കിൽ പിന്നെ അതില്പരം ഒരു സന്തോഷം എനിക്കില്ലല്ലോ.. "ശേഖരൻ  അവനെ തലോടി.
" പിന്നെ ബാല മോളും വേണി മോളും ഈ കാര്യം അറിയരുത്.."ശേഖരൻ  പറഞ്ഞു.
ജിതേഷ് അദ്ദേഹത്തെ നോക്കി.
"അവർ ചിലപ്പോ സമ്മതിച്ചെന്ന് വരില്ല.കല്യാണം കഴിഞ്ഞ് സാവകാശത്തിൽ നിങ്ങൾ കാര്യം പറഞ്ഞാൽ മതി.."ശേഖരൻ  പറഞ്ഞു.
"കള്ളത്തരം കാണിച്ചിട്ട് ഇത്  വേണോ അച്ഛാ..അവർ അറിഞ്ഞാൽ ഞങ്ങളെ വെറുത്താലോ?"ജിതേഷ് ചോദിച്ചു.
"കള്ളത്തരം കാണിക്കുന്നത് നിങ്ങൾ അല്ലല്ലോ..അവരുടെ സ്വന്തം അച്ഛൻ  തന്നെ അല്ലെ..അതുകൊണ്ട് സാരമില്ല.."ശേഖരൻ ചെറിയൊരു  ചിരിയോടെ  പറഞ്ഞു.
വിവാഹം പറഞ്ഞ തീയതിയിൽ തന്നെ നടത്താമെന്ന ധാരണയിൽ യാത്ര പറഞ്ഞ് ശേഖരൻ അവിടെ നിന്നും ഇറങ്ങി..***
വൈകിട്ട് ശ്രീബാലയും വേണിയും കുളിച്ച് അമ്പലത്തിൽ പോയി.മഹാദേവന്റെ മുൻപിൽ നിന്ന് കണ്ണീരോടെ കൈകൾ കൂപ്പി പ്രാർത്ഥിച്ചു.
"ഭഗവാനെ..ഞങ്ങടെ അച്ഛനെ  കൊണ്ട് കൂട്ടിയാൽ കൂടാത്ത ആലോചനകൾ ആയിരുന്നു ഇതുവരെ വന്നതെല്ലാം.ഇപ്പൊ എല്ലാം അറിഞ്ഞുകൊണ്ട് ഞങ്ങളെ സ്വീകരിക്കാൻ വന്നതാണവർ.ഞങ്ങളും അവരെ അതുപോലെ സ്നേഹിച്ചുപോയി. കൈയെത്തും ദൂരത്ത് എല്ലാം വെച്ചുനീട്ടിയിട്ട്  അവസാന നിമിഷം അത് തട്ടിപ്പറിച്ചുകൊണ്ട് പോവരുതേ..ഞങ്ങളെ പരീക്ഷിക്കരുതേ.."അവർ മനസ്സുരുകി പ്രാർത്ഥിച്ചു.
"ചേച്ചീടേം അനിയത്തീടേം പ്രാർത്ഥന ദൈവം കേട്ടു .."ശബ്ദം കേട്ട് ശ്രീബാലയും വേണിയും ഞെട്ടി പിന്നിലേക്ക് നോക്കി.അവിടെ ജിതേഷും കണ്ണനും ചിരിച്ച് കൊണ്ട് നിൽപ്പുണ്ടായിരുന്നു.
"രണ്ടാളേം ഞങ്ങൾ അങ്ങ് കൊണ്ടുപോയേക്കുവാ.."കണ്ണൻ പറഞ്ഞു.
"എന്താ പറയുന്നത്?ഞങ്ങൾക്ക് മാനസ്സിലായില്ല.."വേണി ചോദിച്ചു.
"പറഞ്ഞ തീയതി തന്നെ നിങ്ങളെ ഞങ്ങൾ കെട്ടും.പൈസയുടെ  പ്രശ്നം എല്ലാം സോൾവ് ആയി.ഇനി പുതിയ ഫ്ലാറ്റിന്റെ എഗ്രിമെന്റ് ഒപ്പിടുകയേ വേണ്ടു.അതോടെ നിശ്ചയിച്ച തീയതിയിൽ തന്നെ ജിത്തുവും ബാലയും പുതുയ ഫ്ലാറ്റിലേക്ക് താമസം മാറും.."കണ്ണൻ പറഞ്ഞതുകേട്ട് ശ്രീബാലയും വേണിയും വിശ്വാസം വരാതെ ജിതേഷിനെ  നോക്കി.
"ശെരിക്കും?സത്യമാണോ?"ശ്രീബാല ചോദിച്ചു.
"സത്യം.."ജിതേഷ് പറഞ്ഞു.
"പക്ഷെ എങ്ങനെ?കുറച്ച് സമയം കൂടി കഴിഞ്ഞേ ആ ഡീൽ നടക്കുള്ളൂ എന്നല്ലേ അന്ന് പറഞ്ഞത്?"ശ്രീബാല വിശ്വാസം വരാതെ ചോദിച്ചു.
"അതൊക്കെ സാവകാശം പറയാം.നിങ്ങളുടെ പ്രാർത്ഥനയുടെ ഫലം ആണെന്ന് കൂട്ടിക്കോളൂ..എന്തായാലും ഇവിടുന്ന് ഞങ്ങൾ തിരികെ പോവുമ്പോ നിങ്ങളും കൂടെ ഉണ്ടാവും.."ജിതേഷ് പറഞ്ഞു.
ശ്രീബാലയുടെയും വേണിയുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.അവർ മഹാദേവനെ നോക്കി നിറമിഴികളോടെ തൊഴുകൈയോടെ വീണ്ടും പ്രാർത്ഥിച്ചു.പെട്ടെന്ന് ശ്രീബാലയുടെ കൈയിലിരുന്ന പ്രസാദം താഴേക്ക് വീണു! ഇലച്ചീന്തിൽ ഉണ്ടായിരുന്ന ഭസ്മവും പൂക്കളും ചന്ദനവും നിലത്ത് അങ്ങിങ്ങായി ചിതറി! ശ്രീബാലയും വേണിയും പേടിയോടെ പരസ്പരം നോക്കി.
"ഇനി ഇതാലോചിച്ചോണ്ട് ടെൻഷൻ അടിക്കാൻ നിക്കണ്ട.നിങ്ങൾ ഇങ്ങ് വന്നേ.."കണ്ണനും ജിതേഷും അവരെ ആശ്വസിപ്പിച്ചു. അവരെ രണ്ടുപേരെയും വിളിച്ച് അമ്പലത്തിന് വെളിയിലേക്കിറങ്ങി...


തുടരും.....( അടുത്ത ഭാഗം നാളെ, ഇതേസമയം  )
അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel
(കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ അഭിപ്രായം പറയണേ)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot