നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചില നേരങ്ങളിൽ ചിലർ


"ഇതാണ് ആള് "
റിയ എന്നെ അവളുടെ ഫോണിലെ ഫോട്ടോ കാട്ടി.അതീവസുന്ദരനായ ഒരു യുവാവ് .എവിടെയോ കണ്ടു മറന്ന ഒരു മുഖം.പെട്ടെന്ന് ഓർത്തു .രണ്ടാഴ്ച മുൻപ് ഡൽഹിയിൽ നിന്നുള്ള ട്രെയിൻ യാത്രയിൽ ഒപ്പമുണ്ടായിരുന്ന ചെറുപ്പക്കാരൻ ." ആനന്ദ്" പേര് പോലും മറന്നിട്ടില്ല .
" ഇത് ആനന്ദല്ലേ?"
ഞാൻ അവളോട് ചോദിച്ചു.
"നിനക്ക് എങ്ങനെ അറിയാം? " റിയയുടെ കണ്ണുകൾ വിടർന്നു
" ഇതല്ലേ ഞാൻ പറഞ്ഞതു ഡൽഹി യാത്രയിൽ എന്റെ ഒപ്പമുണ്ടായിരുന്ന ചെറുപ്പക്കാരൻ. പുസ്തകങ്ങളെ കുറിച്ചൊക്കെ സംസാരിച്ചു എന്നെ ബോറടിപ്പിച്ച ആൾ " ഞാൻ ചിരിച്ചു
" ആവൂ..കക്ഷി വായിക്കുമല്ലേ ? നന്നായി ഇവിടെയാകാം മീറ്റിംഗ് എന്ന് പറഞ്ഞപ്പോൾ എനിക്കൊരു ടെൻഷൻ ആരുന്നു .പിന്നെ നിന്റെ ധൈര്യത്തിലാണ് ,,,"
ഞങ്ങൾ കോഫീ ഷോപ്പിലായിരുന്നു .റിയ ധാരാളം വായിക്കും നന്നയി എഴുതും .ഞാൻ നേരെ തിരിച്ചാണ് .ഞാൻ ഒരു ആർക്കിറ്റെക്റ് ആണ് .പുസ്തകങ്ങളോട് എനിക്ക് യാതൊരു അടുപ്പവുമില്ല ,
ആനന്ദ് ബൈക്ക് സ്റ്റാൻഡിൽ വെച്ച് വരുന്നത് ഞാൻ കണ്ടു . കടും നീല ഷർട്ടിൽ അയാൾ ഫോട്ടോയിലേക്കാൾ സുന്ദരനായി കാണപ്പെട്ടു
" ഹായ് എന്ന് പറഞ്ഞു മുന്നിലിരിക്കുമ്പോൾ അയാളുടെ മുഖത്ത് നല്ല ഒരു ചിരി ഉണ്ടായിരുന്നു
" ഓ യു മീനാക്ഷി ..."അയാൾ പെട്ടെന്ന് എന്റെ നേരെ കൈ നീട്ടി
" റിയ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് " ഞാൻ ചിരിച്ചു
ഞങ്ങൾ ഓരോ കോഫീ ഓർഡർ ചെയ്തു. കുറച്ചു നേരം പഠനത്തെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും ജോലിയെ കുറിച്ചും ഒക്കെ പറഞ്ഞതിന് ശേഷം അയാൾ ഇങ്ങനെ പറഞ്ഞു
" ആക്ച്വലി ഈ മീറ്റിംഗ് ഇവിടെയാക്കിയതിനു പിന്നിൽ ഒരു കാരണം ഉണ്ട് " കാപ്പി ഒരു ഇറക്കു കുടിച്ചു അയാൾ വീണ്ടും തുടർന്നു
" ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോളാണ് എന്റെ 'അമ്മ മരിക്കുന്നത് .എന്റെ കണ്മുന്നിൽ ഒരു ലോറിയിടിച്ചിട്ട് ..ചതഞ്ഞരഞ്ഞ പോയ ശരീരത്തിൽ നിന്ന് അമ്മയുടെ കൈ തെറിച്ചു എന്റെ മുഖത്തേക്ക് വീണു .അതപ്പോളും പിടയ്ക്കുന്നുണ്ടായിരുന്നു ,എന്നെ ചേർത്ത് പിടിക്കാനെന്ന വണ്ണം... ""അത് ദേ അവിടെ ആയിരുന്നു. "അയാൾ നിരത്തിലേക്കു കൈ ചൂണ്ടി
അയാൾ തെല്ലു നിശബ്ദനായി
" പിന്നീടുള്ള രണ്ടു വർഷങ്ങൾ എന്റെ ഓര്മയിലില്ല .ഞാനൊരു മെന്റൽ ഹോസ്പിറ്റലിൽ ആയിരുന്നു .പിന്നീട് അത് ഓക്കേ ആയി ..പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല .ഒരു പക്ഷെ അതിലും വലിയ ഒരു ഷോക് എന്നെ തേടി വരാത്തത് കൊണ്ടാകും .ഇത് തന്നോട് പറഞ്ഞില്ലെങ്കിൽ എനിക്കൊരു സമാധാനം കിട്ടില്ല അതാണ് "
ആനന്ദ് മെല്ലെ പുഞ്ചിരിച്ചു റിയയുടെ മുഖം വിളറി വെളുത്തു . എന്റെയും മനസ്സ് പതറി പോയിരുന്നു .
" ആലോചിച്ചു മാത്രം ഒരു തീരുമാനം എടുക്കുക " ഒരു തീക്കട്ട ഹൃദയത്തിലേക്ക് എറിഞ്ഞു തന്നിട്ട് അയാൾ നടന്നു പോയി
" നീയിതു വീട്ടിൽ പറയുന്നോ ?"
കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഞാൻ റിയയോട് ചോദിച്ചു .
" ഉം "
അവൾ മൂളി
" നിനക്ക് അയാളെ ഒത്തിരി ഇഷ്ടമായെന്നല്ലേ പറഞ്ഞത് ?"
" ഇഷ്ടമാണ് പക്ഷെ ..."
" പിന്നീട് ഒരിക്കലും വന്നിട്ടില്ല എന്നയാൾ പറയുന്നുണ്ടല്ലോ "ഞാൻ വീണ്ടും പറഞ്ഞു
" ആർക്കറിയാം " അവൾ ഒരു ദീർഘനിശ്വാസം വിട്ടു
ഞാൻ അതിശയത്തോടെ അവളെ നോക്കി മനുഷ്യൻ എത്ര വേഗമാണ് അഭിപ്രായങ്ങൾ മാറ്റുന്നത് ?ഒരു തരത്തിൽ പറഞ്ഞാൽ അവളെ കുറ്റം പറയാനും കഴിയില്ല പേടിയുണ്ടാകും .
വീണ്ടും അവളെ കാണുമ്പോൾ അവൾ മറ്റൊരാളുമായുള്ള കല്യാണ നിശ്ചയത്തെ കുറിച്ച് പറയുകയായിരുന്നു
ഞാൻ വെറുതെ ആനന്ദിനെ കുറിച്ചോർത്തു
പിന്നീട ഞാൻ ആനന്ദിനെ കാണുന്നത് നല്ല മഴയുള്ള ഒരു വൈകുന്നേരം ആയിരുന്നു .
ഞങ്ങൾ ഒരു കടത്തിണ്ണയിൽ അഭയം പ്രാപിച്ചു.
" കൂട്ടുകാരിയുടെ കല്യാണം കഴിഞ്ഞോ "
ഉടനെയുണ്ടാകും " ഞാൻ അയാളുടെ ചിരി മടക്കി കൊടുത്തു
അന്ന് വൈകുന്നേരം വീട്ടിലെത്തും വരെ ഞാൻ അയാളെ കുറിച്ചാണ് ഓർത്തത് അയാളെ ഇഷ്ടപ്പെടാതിരിക്കാൻ എനിക്ക് അയാളുടെ അസുഖം ഒരു തടസ്സമായി തോന്നിയില്ല . ഒരു പക്ഷെ ആദ്യകാഴ്ചയിൽ തന്നെ എനിക്കയാളെ ഇഷ്ടം ആയിരുന്നു.പക്ഷെ പ്രണയം? അയാൾക്ക്‌ എന്നെ ഇഷ്ടമാകുമോ ?
ഞാൻ കണ്ണാടിയിലെ എന്റെ പ്രതിബിംബത്തിലേക്കു നോക്കി
നിറം കുറവാണ്
തീരെ മെലിഞ്ഞിട്ട്
മുഖത്ത് വലിയ വട്ട കണ്ണട.ഒരു ഭംഗിയുമില്ല
ഞാൻ നിരാശയോടെ മനസ്സിൽ നിന്ന് ആ സ്വപ്നം തൂത്തു കളഞ്ഞു
ഇടയ്ക്കൊക്കെ നഗരതിരക്കുകളിൽ വെച്ച് ഞാൻ അയാളെ കാണാറുണ്ട് അയാൾ പുസ്തകങ്ങളെ കുറിച്ചും ഞാൻ കെട്ടിടങ്ങളെ കുറിച്ചും പറയും.
അങ്ങനെ ഇരിക്കെ ഒരു ദിവസം പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് എനിക്ക് ഒരു കാൾ വന്നു
" മീനാക്ഷി ഞാൻ ആനന്ദ് ആണ് "
പെട്ടെന്നെന്തോ എന്റെ ഉടൽ വിറയാർന്നു. എന്റെ വായിൽ ഉമിനീർ വറ്റി. ഹൃദയം ശക്തിയിൽ മിടിച്ചു തുടങ്ങി
" എന്താ ആനന്ദ് ?
" ഐ ലവ് യു മീനാക്ഷി "
ആനന്ദ് പെട്ടെന്ന് പറഞ്ഞു
ഞാൻ ഫോണിലേക്കു സ്തബ്ദ്ധതയോടെ നോക്കി
" പക്ഷെ ഇഫ് യു സെ നോ..... നോ പ്രോബ്ലം കേട്ടോ നമ്മൾ എന്നും നല്ല കൂട്ടുകാരായിരിക്കും "
"നമുക്കു നേരിൽ കാണാം " ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു
ഞങ്ങൾ വീണ്ടും കാണുമ്പോളും മഴയുണ്ടായിരുന്നു .
" വൈ മി ആനന്ദ്? "
" വൈ നോട് യു ?'
ആനന്ദ് ചിരിച്ചു
" തന്റെ വട്ട കണ്ണട എനിക്ക് വലിയ ഇഷ്ടം ആണെടോ . ആ കണ്ണുകൾക്കപ്പുറം എന്നോടുള്ള തന്റെ കണ്ണിലെ പ്രണയത്തെയും എനിക്കിഷ്ടമാണ് "
ഞാൻ മുഖം താഴ്ത്തി .
"എനിക്ക് നിറം കുറവാണ് "കുട്ടിക്കാലം മുതലുള്ള എന്റെ അപകർഷത വാക്കുകൾ ആയി
"ഇഷ്ടം ആണ് "ആനന്ദ് മന്ത്രിച്ചു
"പുസ്തകങ്ങളെ കുറിച്ച് എനിക്ക് ഒന്നും അറീല "ഞാൻ സങ്കടത്തോടെ പറഞ്ഞു
"ഞാൻ വായിച്ചു കേൾപ്പിക്കാം "
"എനിക്ക് പാചകം അറീല "
"ഞാൻ നല്ല കുക്ക് ആണെടോ "
"എനിക്ക് ആനന്ദിനൊപ്പം നിൽക്കുമ്പോൾ ഒരു ഭംഗിയുമില്ല "എന്റെ ശബ്ദം ഒന്നിടറി
"ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ലവളാണ് നീ അതാണ് നിന്റെ ഭംഗി "
ആനന്ദ് എന്റെ കൈവിരലുകളിൽ കൈ കോർത്ത് മെല്ലെ ഒന്ന് അമർത്തി.
" കേട്ടിട്ടില്ലേ വിപരീത ധ്രുവങ്ങളാണ് പരസ്പ്പരം ആകര്ഷിക്കപ്പെടുക "
ആനന്ദിനോട് പ്രണയം തോന്നിയതെപ്പോളെന്നു എനിക്ക് വ്യക്തമല്ല.ഒരു പക്ഷെ ആ മഴ ഉള്ള സന്ധ്യയിലാവും, റിയ നിസാരമായി ഉപേക്ഷിച്ച ദിവസം ആകും.,അതുമല്ലെങ്കിൽ അയാളുടെ നിറഞ്ഞ ചിരി കണ്ടപ്പോളാകും. അല്ലെങ്കിൽ അങ്ങനെ ഒരു അസുഖത്തെ കുറിച്ച് പറഞ്ഞ നിമിഷം ആകാം. എനിക്കിന്നും അറിയാത്തത് ആനന്ദിന് എന്നോട് ഇങ്ങെനെ തോന്നിയത് എന്ത് കൊണ്ടാണ് എന്നാണ്.

Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot