നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സർക്കാരുദ്യോഗസ്ഥ

Image may contain: 1 person


By Anvin George
ഡിഗ്രി കഴിഞ്ഞിട്ട് ഒരുപാട് കാലം കഴിഞ്ഞിരുന്നു പി എസ് സി പരീക്ഷയ്ക്ക് ഫീസ് ഇല്ലാത്തതു കൊണ്ട് സ്വന്തം ജില്ലയിൽ വരുന്ന ടെസ്റ്റ്‌ ഒക്കെ എഴുതി..എന്റെ ഉത്തരങ്ങളും പി എസ് സി പ്രതീക്ഷിക്കുന്ന ഉത്തരങ്ങളും ഒത്തു നോക്കുമ്പോൾ ചേരാതെ വരുന്നത് കൊണ്ട് സർക്കാർ ജോലി എന്നത് ഒരു നടക്കാത്ത സ്വപ്നമായി കൊണ്ട് നടന്നിരുന്നു
എങ്ങനെയോ പോലീസ് കോൺസ്റ്റബിൾ എഴുത്തു പരീക്ഷ പാസ്സ് ആയതാണ് എടുത്തു പറയാനുള്ള നേട്ടം..വളരെ സന്തോഷത്തിൽ വെല്ലിംഗ്ടൺ ഐലണ്ടിലേക്കു ചെന്ന എന്നെ കാത്തു കിടന്നതു കടുത്ത പരീക്ഷണങ്ങൾ ആയിരുന്നു ..
അതിന്റെ ഫിസിക്കൽ ടെസ്റ്റിൽ അവസാനം ഓടിയെത്തിയ ഞാൻ എന്റെ കഴിവ് തെളിയിച്ചു... ഒന്നാം റൗണ്ടിൽ ശരവേഗത്തിൽ പാഞ്ഞുപോയ എന്നെ മൂന്നാം റൗണ്ട് ഓടിക്കൊണ്ടിരുന്ന ചേട്ടൻ നോക്കി ആക്കി ചിരിച്ചതോടെ അവിടെ ഇരുന്ന ഏതോ പോലീസ് കാരന്റെ തൊപ്പിയും എടുത്തോണ്ട് ഞാൻ വീട്ടിലേക്കു പോന്നു...
കോൺസ്റ്റബിൾ എഴുത്ത് പരീക്ഷ പാസ്സായപ്പോൾ ലിസ്റ്റിൽ വരാൻ പറ്റുമെന്നു മനസ്സിലായി...
അങ്ങനെ ആണ് പി. എസ്. സി കാര്യമായിട്ട് എടുത്തു കോച്ചിംഗിനു പോകാൻ ആരംഭിച്ചത്...
അങ്ങനെ കോച്ചിംഗ് ക്ലാസ്സിൽ പോയി തുടങ്ങി..
പി എസ് സി ക്ലാസ് എന്നെ സംബന്ധിച്ചിടത്തോളം ഒരു അത്ഭുതം ആയിരുന്നു ..
സർ ചോദിക്കുന്ന എല്ലാ ചോദ്യത്തിനും ഉത്തരം പറയുന്ന കുറെ കുട്ടികൾ.... കുട്ടികൾ എന്നു പറയാൻ പറ്റില്ല... അത്യാവശ്യം പ്രായമുള്ളവർ വരെയുണ്ട്....
അവരുടെ ഒക്കെ ഏറ്റവും വല്യ പ്രത്യേകത അവർക്കൊക്കെ എല്ലാ ഉത്തരവും അറിയാം എന്നതാണ് .
എല്ലാ ഉത്തരവും അറിഞ്ഞിട്ടും ഇവർക്കൊന്നും എന്തേ ഇത് വരെ ജോലി കിട്ടിയില്ല... എന്നത് ഇപ്പോളും മനസ്സിലായിട്ടില്ല...
പിന്നെ നാട്ടുകാരെ പേടിച്ചു വരുന്ന കുറെ ആളുകൾ .
"ഞാൻ പി എസ് സി പഠിക്കുന്നുണ്ട് ഉടനെ ജോലി കിട്ടും ""എന്ന മറുപടിയുമായി നാട്ടുകാരുടെ മുന്നിലൂടെ നെഞ്ചും വിരിച്ചു നടക്കുന്നവർ
അതിലെ ഏറ്റവും മിടുക്കിയെ പ്രേമിച്ചു സർക്കാർ ഉദ്യോഗസ്ഥയുടെ ഭർത്താവ് ആകാൻ വരുന്നവർ...
അങ്ങനെ അങ്ങനെ
ഇതിലൊന്നും പെടാതെ ഞാൻ... ചുമ്മാ ക്ലാസ്സിൽ വട്ടം കറങ്ങിയിരുന്നു...
വെറുതെ ഇരിക്കുന്നതിനിടയിൽ ക്ലാസ്സിലെ പെൺകുട്ടികളെ ഒന്ന് പാളി നോക്കി...വായിൽ നോട്ടം ഒന്നുമല്ല കേട്ടോ ആരൊക്കെ ഉണ്ടെന്നറിയാൻ വേണ്ടി മാത്രം.
നെറ്റിയിൽ കുങ്കുമം ഉള്ളതും ഇല്ലാത്തതുമായ കുറെ സ്ത്രീജനങ്ങൾ...
വീട്ടിൽ അമ്മായി അമ്മയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ വന്നിരിക്കുന്ന കുറെ
മുഖങ്ങൾ ആക്കൂട്ടത്തിൽ കാണാൻ പറ്റി...അവരൊക്കെ ഇരുന്നുറങ്ങുകയാണ് ..
അങ്ങനെ ക്ലാസ് മുന്നോട്ട് പോയിക്കൊണ്ടിരുന്നു ..
ക്ലാസിനു പോയിട്ട് ആദ്യമായി വന്ന പരീക്ഷയിൽ പി. എസ്. സിയുടെ നൂറു ചോദ്യവും കറുപ്പിച്ച ഞാൻ ബാക്കിയുള്ളവർക്കു മാതൃക ആയി...
ക്ലാസ്സിൽ നിന്നും കിട്ടിയ ഉത്തര സൂചികയിൽ കൂട്ടി നോക്കി മൈനസ് ഇരുപത് വരെ ആയപ്പോൾ മാർക്ക് കൂട്ടി നോക്കുന്ന പരിപാടി നിർത്തി..
പി. എസ്. സി പരീക്ഷ എഴുതി പാസ്സായി ജോലി കിട്ടിയവരൊക്കെ എനിക്ക് അത്ഭുതം ആയിരുന്നു.... അവരൊക്കെ എന്റെ ഹീറോസ് ആയിരുന്നു..
എങ്ങനേലും അടുത്ത പരീക്ഷ പാസ്സ് ആകുമെന്ന് വിചാരിച്ചു മരിച്ചു പോയ മുത്തച്ഛന്റെ ഫോട്ടോയുടെ തലയിൽ തൊട്ട് സത്യം ഇട്ടിട്ടാണ് വീട്ടിൽ നിന്നും ഇറങ്ങിയത്..ഇല്ലേൽ മുത്തച്ഛന്റെ തല മൊട്ടയടിച്ചേക്കാം എന്നൊന്നും നേരം സമയം കിട്ടിയില്ല
എന്നും പാട്ടൊക്കെ കേട്ട് പോകുന്ന പ്രൈവറ്റ് ബസ് അന്ന് എനിക്ക് കിട്ടിയില്ല
പുറകെ വന്നത് ഒരു കെ എസ് ആർ ടി സി ബസ്സ് ആണ്...
അത്യാവശ്യം തിരക്കുണ്ടായിരുന്നു...
നിന്നു പോകുന്നതിനിടയിൽ പെൺകുട്ടികൾ നിൽക്കുന്ന ഭാഗത്തേക്ക്‌ അറിയാതെ എന്റെ കണ്ണ് തിരിഞ്ഞു പോയി...മനസ്സ് എത്ര ശ്രമിച്ചിട്ടും കണ്ണ് എന്നെ അനുസരിക്കാൻ തയ്യാറല്ലായിരുന്നു
അവിടെ എന്റെ കൂടെ പഠിക്കുന്ന ഒരു ചേച്ചി എന്നെ നോക്കി ചിരിച്ചു....
പെട്ടെന്ന് തല വെട്ടിച്ചു മാറ്റിയ ഞാൻ എന്റെ മുന്നിൽ
"ടിക്കറ്റ്" എന്നു പറഞ്ഞു നിൽക്കുന്ന നീല കണ്ണുള്ള സുന്ദരിയെ ആണ്...
""എങ്ങോട്ടാണ് "" അവർ ചോദിച്ചു...
""രണ്ടു പാല അല്ല ഒരു പാല""
"രണ്ടോ അതോ ഒന്നോ ""വീണ്ടും അരിപ്പല്ലു കാണിച്ചു അവർ ചോദിച്ചു
"ഒന്ന് "" ഞാൻ പറഞ്ഞു....
""പന്ത്രണ്ടു രൂപ ""മധുര ശബ്ദം
ഞാൻ അന്തസ്സായിട്ട് ഒരു നൂറു രൂപ എടുത്തു നീട്ടി...
""ചില്ലറയില്ലേ ""വീണ്ടും നീലക്കുപ്പായത്തിലെ നീലക്കണ്ണുള്ള സുന്ദരി
""ഇല്ല ""
""രാവിലെ ചില്ലറ ഇല്ലാതെ വന്നാൽ എന്നാ ചെയ്യാനാ ""
ആ സുന്ദരി അവളുടെ കയ്യിലിരുന്ന കുറച്ചു നൂറ് രൂപ കാണിച്ചു ചോദിച്ചു...
ഒന്നും മിണ്ടാതെ ഞാൻ എന്റെ കയ്യിലെ നൂറ് രൂപ നീട്ടി നിന്നു...
അവൾ പുറകോട്ടു പോയി....
ആ പെൺകുട്ടിയുടെ സൗന്ദര്യത്തേക്കാൾ ഞാൻ ആകൃഷ്ടനായത് പി എസ് സി എഴുതി പാസ്സായ അവളുടെ തലയ്ക്കു ചുറ്റും ഒരു വെള്ളി വെളിച്ചം വലയം ചെയ്തു നിക്കുന്നത് ഞാൻ കണ്ടപ്പോളാണ് .
. ആ നീലയുടുപ്പിൽ വന്ന നീല കണ്ണുള്ള സുന്ദരിയെ ബഹുമാനിച്ചു ഞാൻ മിണ്ടാതെ നിന്നു...
എവിടെ നിന്നോ ഒപ്പിച്ച ചില്ലറയുമായി വന്നു എന്റെ കയ്യിലിരുന്ന നൂറു രൂപ വാങ്ങിച്ചു അവൾ ബാക്കി തന്നു...
ക്ലാസ്സിൽ ചെന്ന് പഠിക്കാനായി ഇരുന്ന ഞാൻ അറിയാതെ പോക്കറ്റിൽ കയ്യിട്ടപ്പോൾ അവൾ തന്ന പന്ത്രണ്ടു രൂപയുടെ ടിക്കറ്റ് കിട്ടി..
അതിൽ അവളുടെ നീല കണ്ണുകൾ തെളിഞ്ഞു വരുന്നതായി എനിക്ക് തോന്നി....
പിന്നെ അറിയാല്ലോ. സാധാരണ പോലെ
പ്രൈവറ്റ് ബസ് നമ്മള് ഉപേക്ഷിച്ചു...
കെ എസ് ആർ ടി സി ബസ്സിൽ സ്ഥിരമായി കയറാൻ തുടങ്ങിയ എനിക്ക് ഒരു കാര്യം മനസ്സിലായി...
ആ നീല കണ്ണുകളെ സ്നേഹിക്കുന്ന ഏക വ്യക്തി ഞാൻ മാത്രമല്ല...
കുറെ ആളുകൾ അവളെ നോക്കി വെള്ളം ഇറക്കുന്നത് കണ്ടു...
കുറെ ചുള്ളൻ പിള്ളേർ ഉണ്ട്... അതിനിടയിൽ ഈ കോലം വെച്ചോണ്ട് ഞാൻ എന്നാ ചെയ്യാനാ
എങ്കിലും അവൾ നോക്കാത്തപ്പോൾ അവളറിയാതെ അവളെ നോക്കി ഞാൻ സംതൃപ്തനായി...
എന്നും അവളെ കണ്ടു കണ്ടു അവളെ എന്റേത് ആക്കണമെന്ന മോഹം മനസ്സിൽ ശക്തമായി വളർന്നു
ഒന്ന് മിണ്ടാൻ എങ്കിലും പറ്റിയിരുന്നെങ്കിൽ.... വല്ലാതെ ആഗ്രഹിച്ചു....
നല്ല തിരക്കുള്ള ഒരു ദിവസം...
പിന്നിൽ കൂടി കയറിയ ഒരാൾ എന്റെ കാലിൽ ചവുട്ടി ഞെരുക്കി ആ തിരക്കിനിടയിൽ കൂടി മുന്നിലെത്തി..
ഒരു പെൺകുട്ടിയുടെ തൊട്ടു പുറകിലായി നിന്നു....
സാധാരണ കയറുമ്പോൾ ആളുകൾ സ്ഥലം ഉള്ളിടത്തു ഇടം പിടിക്കുകയാണല്ലോ ചെയ്യുന്നത്...
ഫുൾ കൈ വെള്ള ഷർട്ട്‌ വൃത്തിയായി ധരിച്ചിരിക്കുന്നു...
സ്ത്രീകൾ നിക്കുന്നതിന്റെ പുറകിലെത്തി ഒരു പെൺകുട്ടിയുടെ പിന്നിലായി അയാൾ സ്ഥലം പിടിച്ചു ആദ്യത്തെ ബ്രേക്ക് ഇടലിൽ തന്നെ അയാളുടെ കൈ ആ പെൺകുട്ടിയുടെ കയ്യുടെ മുകളിൽ വച്ചു.... അവൾ ഒന്ന് തിരിഞ്ഞു നോക്കി...
അവളുടെ കണ്ണിൽ നിസ്സഹായത നിഴലിച്ചതു കണ്ണ് നീരായി ഒഴുകാൻ തുടങ്ങുന്നത് ഞാൻ കണ്ടു
ഒന്നും മിണ്ടാത്തത് കൊണ്ടാവാം അയാൾ പെൺകുട്ടിയുടെ പുറത്തു കൈ വെച്ചു... അവൾ കുറച്ചു കൂടി മുന്നോട്ടു കയറി നിന്നു...
തൊട്ടടുത്ത് ഇരുന്ന സ്ത്രീയോട് അവൾ എന്തോ പറഞ്ഞു... മിണ്ടാതെ നിക്കാൻ ആ സ്ത്രീ ആംഗ്യം കാണിച്ചു ..
ആ സ്ത്രീ പ്രതികരിക്കാത്തത് എനിക്ക് വിഷമം ആയി...
ആ കുട്ടി അല്ലെങ്കിൽ ആ സ്ത്രീ എന്തെങ്കിലും പറഞ്ഞാലേ നമ്മൾക്ക് ബാക്കി പറയാൻ പറ്റു എന്നെനിക്ക് തോന്നി
ഇത് മുതലാക്കി അയാൾ ചേർന്ന് നിന്നു രണ്ടു കയ്യും അവളുടെ ശരീരത്തിൽ തൊട്ടു...
അവൾ വട്ടം തിരിഞ്ഞു നോക്കി....ആരെങ്കിലും സഹായിക്കാൻ ഉണ്ടോ എന്നാകാം .എനിക്കതു സഹിക്കാനായില്ല..
അയാളോട് മാറി നിക്കാൻ പറയു എന്ന രീതിയിൽ ഞാൻ ആംഗ്യം കാണിച്ചു... അവൾ എന്നെ ഒന്നൂടി നോക്കി...
മാറി നിക്കാൻ പറ... ഞാൻ അറിയാതെ ഉറക്കെ പറഞ്ഞു....
അവൾ സകല ശക്തിയും സംഭരിച്ചു അയാളെ തള്ളി മാറ്റി...
"നാണമില്ലെടാ നിനക്ക്... വീട്ടിൽ ആരുമില്ലേ... ""
അവൾ അത്രയും പറഞ്ഞു.... എന്നെ നോക്കി...
പിന്നെ എന്റെ ഊഴമായിരുന്നു...
""കുറെ നേരമായല്ലോ താൻ '' എന്നു ഞാൻ പറഞ്ഞതും ബസിലെ ആളുകൾ പ്രശനം ഏറ്റെടുത്തു..
അത് ഇടിയും തെറിയും ആയി മാറ്റി..
അയാൾ അടുത്ത സ്റ്റോപ്പിൽ ചാടിയിറങ്ങി .... അയാൾ ഓടി...
ആ പെൺകുട്ടി ഇറങ്ങുന്നതിനു മുൻപേ നന്ദി പറയാൻ വരുന്നതും സ്വപ്നം കണ്ടു ഞാൻ ഇരുന്നു ..
പക്ഷെ വണ്ടിയിൽ നിന്നിറങ്ങിയ ആ പെൺകുട്ടി എന്നെ തിരിഞ്ഞു പോലും നോക്കാതെ എങ്ങോട്ടോ പോയി..
ഇത് കണ്ട നമ്മുടെ നീല കണ്ണുള്ള കണ്ടക്ടർ എന്റെ അടുത്ത് വന്നു പറഞ്ഞു.... ""അയാൾ മിക്കവാറും ഈ ബസിൽ വരും ഇത് തന്നെ ആണ് ആശാന്റെ കലാപരിപാടി... ഇയാളാണോ ആ കുട്ടിക്ക് ഉപദേശം കൊടുത്ത മഹാൻ ""അവൾ എന്നെ നോക്കി ചിരിച്ചു...
അടുത്ത ദിവസം എന്റെ ഇഷ്ടം കണ്ടക്ടറെ അറിയിക്കാനായി ഒരുങ്ങി മിടുക്കനായി ഞാൻ ചെന്നു .
പക്ഷെ പിന്നീടുള്ള കുറച്ചു ദിവസം നീല കണ്ണുള്ള. ആ സുന്ദരിയെ ഞാൻ കണ്ടില്ല...
പിന്നീട അവളെ കാണുമ്പോൾ നെറ്റിയിൽ അവൾ സിന്ധുരം തൊട്ടിട്ടുണ്ടായിരുന്നു..
കഴുത്തിൽ താലിയും .
...
എന്റെ സർക്കാർ ഉദ്യോഗസ്ഥയായ നീല കണ്ണുള്ള ഭാര്യ എന്ന സ്വപ്നം അവിടെ തകർന്നു വീണു..
സ്ഥിരം വായി നോക്കികളുടെ ശല്യവും ബസിൽ അതോടെ ഇല്ലാതായി....
"'അവ എന്നെ എന്നെ തേടി വന്ന അഞ്ചലേ"" എന്ന പാട്ടു തുടർച്ചയായി കേട്ടുകൊണ്ട് എന്റെ പി എസ് സി തുടർന്നു........പക്ഷെ എനിക്ക് ഒരു ജോലിയും കിട്ടിയില്ല എന്ന് മാത്രമല്ല ആ നീലക്കണ്ണുള്ള സുന്ദരി ഗർഭിണി ആവുന്നതും വണ്ണം വെക്കുന്നതും മെലിയുന്നതും വീണ്ടും ഗർഭിണി ആവുന്നതും വണ്ണം വെക്കുന്നതും മെലിയുന്നതും ഒക്കെ എന്റെ കണ്മുന്നിൽ കണ്ടുകൊണ്ട് അതെ കെ എസ് ആർ ടി സി യിൽ ഞാൻ യാത്ര തുടർന്നു .
കഥ പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല ..ഇതൊക്കെ പറയാൻ കാരണം നാളെ എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രത്യേകത ഉള്ള ഒരു ദിവസമാണ് .... നീലക്കണ്ണുള്ള ആകണ്ടക്റ്റർ സുന്ദരി രണ്ടാമതും മെലിഞ്ഞതിനു ശേഷം ഏകദേശം രണ്ടു വർഷങ്ങൾക്കു ശേഷം കല്യാണമാണ്...
വധു യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ആണ് ..എന്റെ ആഗ്രഹം പോലെ തന്നെ ഒരു സർക്കാരുദ്യോഗസ്ഥയെ എനിക്ക് കിട്ടി ...
ഒന്നര വർഷത്തെ മാരക പ്രണയത്തിനു ശേഷമുള്ള വിവാഹം ആരാണെന്നു മനസ്സിലായോ ??
അന്ന് ബസിൽ ഞാൻ കട്ട സപ്പോർട്ട് കൊടുത്ത ആ പെൺകുട്ടി ..
കണ്ടക്ടർ രണ്ടാമതും പ്രസവിക്കാൻ ലീവ് എടുത്തു പോയതിനുശേഷം കണ്ടക്ടർക്ക് ഉണ്ടാകുന്ന കൊച്ചു ആണോ പെണ്ണോ എന്ന് അനാവശ്യമായി ചിന്തിച്ചു ഇരിക്കുമ്പോളാണ് ...അന്ന് നന്ദി പറയാതെ പോയ ആ പെൺകുട്ടിയെ അതെ ബസ്സിൽ വച്ച് തന്നെ കണ്ടത്..
പിന്നീട് പലപ്പോളും കാണുമായിരുന്നു. ഒരിക്കൽ മിണ്ടി...
കുറെ കാലം കാപ്പികുടിച്ചും നല്ല മട്ടൻ ബിരിയാണി കഴിച്ചും ഒക്ക്കെ നടന്നതിന് ശേഷം എന്റെ ഇഷ്ടം തുറന്നു പറഞ്ഞു..പിന്നീട്ട് അവളെ നിർബന്ധിച്ചു എന്റെ കൂടെ കൂടെ കോച്ചിംഗിനു കൂട്ടികൊണ്ടു പോകാൻ തുടങ്ങി ...
ഞാനും അവളും മത്സരിച്ചാണ് പഠിച്ചത് പക്ഷെ ദൈവാനുഗ്രഹത്താൽ അവൾക്കു പെട്ടെന്ന് തന്നെ ജോലി കിട്ടി....എന്റെ കഴിവ് ഞാൻ തന്നെ രണ്ടു പ്രാവിശ്യം സമ്മതിച്ചു .
പെണ്ണ് കെട്ടാൻ വേണ്ടി പലരും ചെയ്യുന്നത് പോലെ ഞാനും ദുബായ് ഒക്കെ ഒന്ന് കറങ്ങി....
പെണ്ണിന്റെ വീട്ടുകാർ കല്യാണം ആലോചിച്ച സമയത്തു പയ്യന് ഗൾഫിൽ ജോലി... പോരെ...
പിന്നെയെ അന്ന് ബസിൽ അവളുടെ കൂടെ ഉണ്ടായിരുന്നത് ആ സ്ത്രീ അവളുടെ അമ്മയായിരുന്നു....
പലരും പേടിക്കുന്നത് പോലെ ഇപ്പോളത്തെ എന്റെ അമ്മായി അമ്മ അന്ന് പേടിച്ചു പോയിരുന്നു....
പ്രതികരിക്കുന്നത് തെറ്റാണ്, നാണക്കേടു ആണെന്നും വിചാരിച്ച്‌..
ഇങ്ങനെ ഒക്കെ ഉണ്ടായാൽ പ്രതികരിച്ചോണം... ഒന്നും നോക്കണ്ട... ആരേലുമൊക്കെ സപ്പോർട്ട് ചെയ്തോളും അല്ല പിന്നെ..
"ഞാൻ ഇനി ജോലിക്കൊന്നും പോകുന്നില്ല കേട്ടോ...
ഭാര്യക്ക് ജോലി ഉണ്ടല്ലോ...""എന്ന് അമ്മയോട് പറഞ്ഞതും അടുക്കളയിൽ കിടന്ന പഴയ തക്കാളിക്ക എടുത്തു 'അമ്മ എനിക്കിട്ടെറിഞ്ഞു ..അടുത്ത് ആഴ്ച മുതൽ പി എസ് സി സീരിയസ് ആയി എടുക്കണം....
പിന്നെ കണ്ടക്ടർക്ക് എത്ര പിള്ളാരായെന്നു ഒന്ന് അന്വേഷിക്കണം...
കണ്ടക്ടറോട് ഒരു വാശി ബാക്കി കിടപ്പുണ്ട്.....
മക്കളുടെ എണ്ണം കൊണ്ട് ആ വാശി ഞാൻ കാണിക്കും... കണ്ടക്ടർക്ക് മൂന്നു മക്കളാണെങ്കിൽ എനിക്ക് നാല് ..
അല്ല പിന്നെ................എന്നോടാ കളി ..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot