Slider

ഭ്രാന്തന്റെ കാലൻ കുട

0

""*"""""""""''**"""""""'***"""""
ഈ പെരുമഴ പെയ്യുമ്പോൾ ഈ കിളവൻ പപ്പൻ എന്തിനാ കാലൻ കുട പിടിച്ചു കൂനിക്കൂടി നടക്കുന്നത് ? അതല്ലല്ലോ ഇയാളുടെ പതിവ് ! ആർത്തലച്ചു വരുന്ന മഴയുടെ കുന്തമുന തുള്ളികൾ അത്രയും സ്വന്തം നെഞ്ചിൽ ഏറ്റുവാങ്ങിക്കൊണ്ടു കുടയില്ലാതെ നടന്നു മഴയോടുള്ള പുച്ഛം രേഖപ്പെടുത്തി മൂപ്പർ ഉറക്കെ വിളിച്ചു പറയും ഈ പപ്പൻ എത്ര മഴ കൊണ്ടതാ.. മഴ പെയ്യുമ്പോൾ ഒച്ചയുണ്ടാക്കി ചിരിച്ചു പ്രാന്തൻ പപ്പൻ മഴയത്തേക്കിറങ്ങി ഓടും...മഴ കൊള്ളുക എന്നത് അയാൾക്കിഷ്ടമുള്ള കാര്യമാണ്...
"പ്രാന്തൻ , എഴുപതിനോടടുത്തു പ്രായം കാണും ,ഓനും ഓന്റെ പ്രാന്തിനും " "...തന്തക്ക് പ്രാന്താണ് ,കുട്ടിയോളും കെട്യോളും ഇല്ലല്ലോ , പിന്നാെ നാണു നായരുടെ ചായപ്പീടികയിൽ ഒറക്കോം അയാള് കൊടുക്കണ ഭക്ഷണോം... " ഈ കിറുക്ക്‌ കാണുന്ന നാട്ടുകാര് പരസ്പരം ഇങ്ങനേ പിറുപിറുക്കും..
ഉടുത്ത മുണ്ടല്ലാതെ കിളവൻ പപ്പന്റെ
കയ്യിൽ ഒരു ഊന്നു വടിപോലും കാണാത്ത ജനങ്ങൾ അന്ന് ചുവന്ന വളഞ്ഞ കാലുള്ള ഒരു കാലൻ കുട ചൂടി പെരുമഴക്കു മൂപ്പര് നടക്കുന്നത് കണ്ടു അന്താളിച്ചു നിന്നു......
സന്ധ്യക്ക്‌ കവല കൂടുമ്പോൾ പപ്പന്റെ കൊഞ്ഞപ്പടയോടു കൂടിയ വെടി കഥകൾ കേൾക്കാനും ,ചിരിക്കാനും , കഥ കേട്ടു പതിരില്ലെങ്കിൽ പ്രാന്തൻ എന്ന് വിളിക്കാനും നാട്ടുകാർ കൂടുമായിരുന്നു..
മഴ തോർന്ന നേരം അരയാലിന്റെ തറയുടെ മേലെ ഇരുന്നു സന്ത്യയുടെ തിരക്കിനെ അലസമായി നോക്കി കൊണ്ടിരിക്കുന്ന കിളവൻ പപ്പന്റെ ചുറ്റും ആളു കൂടി ,ആളു കൂടുന്നത് കണ്ടു പപ്പൻ കുട കയ്യിൽ എടുത്തു നെഞ്ചിനോട് ചേർത്തു പിടിച്ചു...
"എവിടുന്നു കിട്ടി പപ്പാ ഈ കാലൻ കുട ? "
"അത് പുഴയിൽ ഒലിച്ചു വന്നത് ഞാൻ നീന്തി എടുത്തതാണ് "പപ്പൻ മറുപടി പറഞ്ഞു...
"പിന്നെ നൊണ " പുഴ ഒലിച്ചു കൊണ്ടു വരുന്ന സാധനങ്ങൾ നീന്തി എടുത്തു എന്‍റെ അല്ല അതോണ്ട് എനിക്ക് വേണ്ട നിങ്ങളെടുത്തോ എന്ന് പറയുന്ന ഇയ്യ്‌ ഈ കോട മാത്രം ന്താ ആർക്കും കൊടുക്കാത്തെ ??"
ഈ കൊട ഇയ്ക്ക് അത്രയ്ക്ക് ഇഷ്ടാണ് !
കൊട മുറുക്കെ പിടിച്ചു കൊണ്ടു പപ്പൻ ചുറ്റും കൂടിയവരുടെ മുഖത് നോക്കി അവരുടെ ചലനങ്ങൾ അളന്നു കൊണ്ടു പറഞ്ഞു ,
ഇയ്യ്‌ എടുത്തടോ , ഞങ്ങള് തട്ടി പറിക്കാനൊന്നും പോണില്ല ,ഓന്റെ നോട്ടം കണ്ടാൽ നമ്മളൊന്നും കൊട കാണാത്ത പോലെ...
ആ ജനക്കൂട്ടം പപ്പനെയും മാറത്തു ചേർത്തു പിടിച്ച കൊടയെയും നോക്കി ചിരിച്ചു...
ഇലകൾക്കിടയിലൂടെ അലസമായി ഊർന്നിറങ്ങുന്ന പ്രഭാത രസ്മികൾക്കു സമാനമായി മടിച്ചു മടിച്ചു ആ കവല മെല്ലെ ഉണരാൻ തുടങ്ങി...പ്രഭാതത്തിൽ മഴ പെയ്തു തോർന്നപ്പോൾ ഉണ്ടായ ഇളം തണുപ്പും ചൂടി പപ്പൻ കയ്യിൽ ചുവന്ന വളഞ്ഞ പിടിയുള്ള കുടയുമായി നടത്തം തുടങ്ങി...
"അതെന്റെ അച്ഛന്റെ കുടയാണ് , അവിടെ നില്ക്കു ,അയാൾ കള്ളനാണ് "
കിളവൻ പപ്പനെ നോക്കി അയാൾ ഉച്ചത്തിൽ പറഞ്ഞു.. അലസമായി നാല് പാടും പരന്ന തെരുവ് ധൃതിയിൽ പപ്പന് ചുറ്റും കൂടി..
ന്താ ചെങ്ങായി ? കവലയിൽ കൂടിയവരിൽ തല മൂത്ത കാർന്നൊരിൽ ഒരാളായ കുഞ്ഞി മാനു കാക്ക ചോതിച്ചു
ഇയാളുടെ കയ്യിൽ ഇരിക്കുന്ന കുട എന്‍റെ അച്ഛന്റെ ആയിരുന്നു ,അച്ഛൻ മരിച്ചതിന് ശേഷം ഞാൻ ഇത് ഉമ്മറത്ത് ഇറയത്തു തൂക്കി ഇട്ടിരുന്നു മിനിഞ്ഞാന്നു മുതൽ കാണാൻ ഇല്ല..
ആ.. മിനിഞ്ഞാന്ന് മുതൽ ആണ്‌ ഈ പ്രാന്തൻ തന്തയുടെ കയ്യിൽ ഈ കുട കാണാൻ തുടങ്ങിയത്.. ഇവൻ കട്ടതു തന്നെ ആയിരിക്കും
ആ കൊട അങ്ങോട്ട് കൊടുത്തേക്ക്‌ ,അനക്ക് എന്തിനാ വല്ലവന്റേം കുട ? ജനക്കൂട്ടം ഓരേ സ്വരത്തിൽ പറഞ്ഞു..
ഇല്ല ,ഇത് ഞാൻ കട്ടതല്ല ,ഒരു കുഞ്ഞി കിടാവ് കൊണ്ട തന്നതാ ,ഞാൻ മഴ നനഞ്ഞു നടക്കണ കണ്ട് ,ഞാൻ ഈ കുട തരില്ല ,പൊന്നു പോലെ സൂക്ഷിച്ചോളാം എന്ന് ഞാനാ കുഞ്ഞിക്കു വാക്ക് കൊടുത്തു..
ഓൻ അങ്ങനെ പല പ്രാന്തും പറയും ,നിങ്ങളാ കൊട പിടിച്ചു വാങ്... കവലയുടെ കാരണവരുടെ വിധി വന്നു..
ജനക്കൂട്ടം പപ്പന് മേലെ പിടി വെച്ചു...പപ്പൻ ശക്തി ആയി കുതറി..ഒട്ടു മിക്ക പിടിയും ആ കുതറലിൽ അയഞ്ഞു ,കുട നെഞ്ചോട് ചേർത്തു പപ്പൻ കുതറി ഓടി...
ആ പ്രാന്തൻ കള്ളനാ.. ജനക്കൂട്ടം ഒന്നിച്ചു പറഞ്ഞു.
അങ്ങനെ ഒരു ഉടുമുണ്ടും ഒരു കുടയും മാത്രം സ്വന്തമായ പപ്പൻ എന്ന കിളവൻ പ്രാന്തൻ അന്ന് മുതൽ ഗ്രാമത്തിന്റെ കള്ളൻ പ്രാന്തൻ ആയി ,സ്ഥിരമായ പല ഇരിപ്പിടങ്ങളും പപ്പന് അന്ന് മുതൽ നഷ്ടമായി ,കിടന്നുറങ്ങുന്ന ചായ കട തിണ്ണ മാത്രം പപ്പനെ കൈ വിട്ടില്ല "ഓരേ എനിക്ക് വർഷങ്ങളായി അറിയാം ,ഓരങ്ങനെ കക്കൂല ,വയറു കാളിയാൽ ഒരു പിടി വറ്റുപോലും " നാണു നായരുടെ ഈ സർട്ടിഫിക്കറ്റിൽ ആ കടതിണ്ണയുടെ അന്തി അവകാശം പപ്പന് പതിച്ചു കിട്ടി...
പപ്പൻ ആ കുടയും പിടിച്ചു ആ കടത്തിണ്ണയിൽ ചുരുണ്ടു ഉറങ്ങി ,പകൽ കവല ഉണരുന്നതിന് മുന്നേ ഉണർന്നു നടന്നു മറ്റിടങ്ങളിൽ കഴിച്ചു കൂട്ടി....
ഗ്രാമത്തിൽ അപ്രത്യക്ഷമായ ചെറുതും വലുതുമായ പല സാധനങ്ങളുടെയും കഥകൾ പല ധിക്കുനിന്നും വന്നു കവലയിൽ ഒന്നിച്ചു കൂടി അവയൊക്കെയും പപ്പന്റെ തലയിൽ ചേക്കേറാൻ ചിറകുമുളച്ചു പാഞ്ഞു...
പപ്പൻ മഴ പെയ്യുമ്പോളും , അല്ലാത്തപ്പോളും ആ കുട നിവർത്തി തന്നെ നടക്കാൻ തുടങ്ങി..ഇത് കണ്ടു നാട്ടുകാർ ചിരിച്ചു കൊണ്ടു പറഞ്ഞു ,കട്ട കുട പിടിച്ചു പോകുന്നാ കണ്ടോ പ്രാന്തൻ തന്ത ,അയാളുടെ ആരോ മേടിച്ചു കൊടുത്തത് പോലെ.....
പതിവിലും വിപരീതമായി ഒരു പ്രക്ഷുബ്ധമായ അന്തരീക്ഷം ആ സന്ധ്യയിൽ കവലയെ ആകെ ആവരണം ചെയ്തു.. ജനം കൂടി നിൽക്കുന്നുണ്ട് ,കനപ്പിച്ച ഒച്ചകൾ , സന്ധ്യയുടെ ശാന്തതയെ പ്രാന്തൻ പപ്പൻ ചങ്ങല കൊണ്ടു ഇപ്പോൾ ബന്ധിച്ചിരിക്കുന്നു , സംഭവം പപ്പനെ ചുറ്റിപ്പറ്റിയുള്ളതാണ് ഇത്തവണ വിഷയം ഒരു കമ്പിളി പുതപ്പാണ് ,കുട കട്ടതാണെന്നു ആരോപിച്ച ആൾ തന്നെ എതിർ ഭാഗത്തു ഉണ്ട്‌ , ഇത് എന്‍റെ അച്ഛന്റെ പുതപ്പാണ് ,ഇന്നലെ മുതൽ കാണാൻ ഇല്ല ,ഇയാൾ കട്ടതാണ് അത്... അയാൾ രൂക്ഷമായി പ്രാന്തൻ പപ്പനെ നോക്കി കൊണ്ടു പറഞ്ഞു....
"ഞാൻ കട്ടിട്ടില്ല ,എനിക്ക് അത് വശമില്ല ,ഒരു കുഞ്ഞി പെണ്ണ് പള്ളി കൂടത്തിൽ പോകുമ്പോൾ കൊണ്ടതന്നതാണ് ഇത് "
നുണ പറയുന്നോടാ പ്രാന്തൻ കിളവാ ,ജനം ആക്രോശിച്ചു ,അവരിൽ ചിലർ പപ്പനെ കൈവച്ചു...ആ പുതപ്പും ,കുടയും നെഞ്ചോട് ചേർത് പപ്പൻ ഉറക്കെ കരഞ്ഞു...ഞാൻ കട്ടിട്ടില്ല ,ഈ പുഴ സത്യം , എത്ര സാധനങ്ങൾ ഈ പുഴ ഒഴുക്കി കൊണ്ടു വരുന്നതിനെ ഞാൻ നീന്തി പിടിച്ചു നിങ്ങള്ക്ക് വീതിച്ചു തന്നു ? ഒന്നും കക്കണ്ട നിക്ക് ,ന്നാ ജീവിതത്തിൽ ആദ്യായിട്ട് കിട്ടിയ ഈ കുടയും പുതപ്പും നിക്ക് വേണം...ഇത് ഞാൻ തരില്ല
"നിർത്തു ,അത് അയാൾ എടുത്തോട്ടെ ,എനിക്ക് പരാതി ഇല്ല....ആ ചെറുപ്പക്കാരൻ പറഞ്ഞു..."
ജനക്കൂട്ടം പിരിഞ്ഞു പോയി......
നടന്നു പോകുന്നത്തിന്റെ ഇടയ്ക്കു അയാൾ ആ പ്രാന്തൻ പപ്പനെ തിരിഞ്ഞു നോക്കി ,അയാൾ ആ മണ്ണിൽ ആ കുടയും പുതപ്പും കെട്ടി പിടിച്ചു കിടന്നു കരയുകയായിരുന്നു ,ആ കുടയെയും ,പുതപ്പിനെയും ,പ്രാന്തനെയും , എന്നെയും ബന്ധിപ്പിക്കുന്ന മൂന്നാമതൊരു കണ്ണികൂടി ഇതിൽ ഉൾപെട്ടിട്ടുണ്ടെന്നൊരു തോന്നൽ അയാളുടെ ഉള്ളിൽ ഉടലെടുത്തു...
പിറ്റേദിവസം രാവിലെ ജോലിക്കു പോകുമ്പോൾ അയാൾ കവലയിൽ വീണ്ടും ജനക്കൂട്ടം കണ്ടു , ഇത്തവണ ആ പ്രാന്തൻ എന്താണാവോ കട്ടത് ? അയാൾ ചിന്തിച്ചു ,ആൾക്കൂട്ടത്തിന്റെ അടക്കം പറച്ചിലുകളിൽ നിന്നു അയാൾക്ക്‌ മനസ്സിലായി അയാൾ മരിച്ചിരിക്കുന്നു...ആൾകൂട്ടത്തെ വകഞ്ഞു മാറ്റി അയാൾ അടുത്ത് ചെന്നു ,അപ്രധീക്ഷിതമായ ആ കാഴ്ച അയാളുടെ മനസ്സിനെ ആകെ ഉലച്ചു...തന്റെ മകൾ അയാളുടെ ശരീരത്തോട് ചാരി നിൽക്കുന്നുണ്ട് അവൾ കരയുന്നുണ്ട് , അവളുടെ കയ്യിൽ തന്റെ അച്ഛന്റെ ഷർട്ട് ഉണ്ട്‌... അയാളെ കണ്ട്തും കുഞ്ഞു കണ്ണുകൾ വിടർത്തി അവൾ പറഞ്ഞു അച്ചാച്ചന്റെ പോലെ ഈ അച്ചാച്ചനും പോയി....അവൾ ഇയാളിൽ അവളുടെ പ്രിയപ്പെട്ട അച്ചാച്ചനെ കണ്ടിരിക്കണം ,അവൾ സമ്മാനമായി കൊടുത്തതായിരിക്കണം ആ കുടയും , പുതപ്പും ,... ജീവിതത്തിൽ ആദ്യമായി കിട്ടിയ സമ്മാനം ആയതുകൊണ്ടായിരിക്കാം അയാൾ ആ കുടയും ,പുതപ്പും നെഞ്ചോട് ചേർത്തു ഇറുക്കി പിടിച്ചിരുന്നു
"ഇയാൾ കള്ളനല്ല " ആ ചെറുപ്പക്കാരൻ ഉറക്കെ വിളിച്ചു പറഞ്ഞു...."
ജനം നിർവികാരതയോടെ അയാളെ നോക്കി........
"അറിയാം ഓര് കള്ളനല്ലെന്ന് ,നാണു നായർ പറഞ്ഞു...ഓര് മഴയത് നടക്കുന്നത് പ്രാന്തായിട്ടല്ല ,ഓര്ക്കു ഒരു കുട വാങ്ങി കൊടുക്കാൻ ആരും ഇല്ലാഞ്ഞിട്ടാണ് , ഇല്ലാത്തതിനെ ഇല്ലാത്തത് പോലെ നടക്കാൻ എന്നൊ ഇയാള് പഠിച്ചിരുന്നു, അവസാനം ഒരു കുടകിട്ടിയപ്പോ വെയിലത്ത് കുടപിടിച്ചു നടക്കുന്നതും പ്രാന്ത് മൂത്തിട്ടല്ല ,ചെറുതായിട്ടെങ്കിലും കിട്ടിയ തണല് ആവോളം മൂപ്പര് അനുഭവിക്കാൻ വേണ്ടീട്ടാർന്നു , അത് മതിയായിട്ടില്ല അയാൾക്ക്‌ ,അതാണ് ആ കുടയും പുതപ്പും കെട്ടി പിടിച്ചു തന്നെ മരിച്ചത് ,ഓരേ പ്രാന്തനെന്നും ,കള്ളനെന്നും വിളിച്ചവരുടെ അത്രേം പ്രാന്തൊന്നും ഓര്ക്കു ഉണ്ടായിരുന്നില്ല.....
ആ ചെറുപ്പക്കാരൻ ആ പുതപ്പും ,അച്ഛന്റെ ഷർട്ടും മാത്രം അയാളുടെ നെഞ്ചത്ത് വെച്ചു എന്നിട്ട് ചുവന്ന കാലുള്ള കുട എടുത്തു മകളുടെ കയ്യിൽ കൊടുത്തു... അവൾ ഇനിയും അച്ചച്ചന്മാരെ കണ്ടു മുട്ടിയാലോ ,അവർക്കു തണലാകേണ്ട കുട അവളുടെ കയ്യിൽ തന്നെ ഇരിക്കട്ടെ ,..
അച്ഛനും ആ ആൾക്കാരും എന്തിനാ ആ മുത്തശ്ശനെ കള്ളനെന്നു വിളിച്ചേ ?? അവൾ ചോദിച്ചു...
"അതോ ?.. അച്ഛനും അവർക്കും ഭ്രാന്തായിട്ട്.. "അയാൾ മറുപടി പറഞ്ഞു.
നന്ദു 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo