Slider

സംതൃപ്ത കുടുംബം.

0
Image may contain: Anesh Kunnathu, smiling

"ഇന്ന് ഒരുപാട് കഷ്ടപ്പെട്ടുവല്ലേ...?", "സാരമില്ല. ഇന്നത്തെ കഷ്ടപ്പാട് കൂടിയല്ലേ ഒള്ളു. ഇനി ഇത്രയും അധ്വാനം വേണ്ടല്ലോ ..!.
അവളെന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.....!
മറുപടി ഒരുമൂളലിലൊതുക്കി ഞാൻ .
ഇന്നായിരുന്നു പാടത്ത് വിത്ത്
വിതയ്ക്കൽ.ആറുപറ കണ്ടവും, പത്തുപറകണ്ടവും വിത്തു വിതച്ച്
കഴിഞ്ഞപ്പോഴേക്കുംവൈകുന്നേര
മായിരുന്നു. ഞവുരി വലിച്ച് ചെളി
നിരപ്പാക്കി വിത്തു വിതക്കുമ്പോൾ
അതുവരെ പെട്ട കഷ്ടപ്പാടെല്ലാം മറക്കും ..!
വിതയും കഴിഞ്ഞ് മുറിയെല്ലാം കെട്ടിയപ്പോഴേക്കും മയക്കലാവാൻ തുടങ്ങി.
അതിനു മുന്നേ തന്നെ,,രാവിലെ മുതൽ എന്റെ ഒപ്പം തന്നെ സഹായിച്ച് കൂടെ നിന്ന പത്നിയെ വീട്ടിലേക്ക്
പറഞ്ഞയച്ചു.
ചെറിയ കലക്കലുള്ള തോട്ടിലെ വെള്ളത്തിൽ ദേഹം കഴുകിയ ശേഷം
ഞാനും വീട്ടിലേക്ക് തിരിച്ചു.....
അവളിന്ന് ഒരുപാട് കഷ്ടപ്പെട്ടു. ഞാൻ ഓർത്തു...!
വിത്തെടുത്ത് തരാനും, ആഹാരം
കൊണ്ടുത്തരുവാനും, ഇതിനിടയിൽ പാടത്ത് ഇറങ്ങുകയും ചെയ്തവൾ. ഇടക്കിടക്ക് ചെളിയിൽ പൊങ്ങി പുൽനാമ്പുകൾ നിന്നത്
ചവിട്ടി താഴ്ത്തിയപ്പോൾ അവളുടെ കാലുകൾ വേദനിച്ചിരിക്കാം...!.
തൊട്ടിലിൽ കിടത്തി ഉറക്കിയ മോളുടെയടുത്തേക്ക് ഇടക്കവൾ
ഓടിപ്പോകുന്നതുംശ്രദ്ധിച്ചിരുന്നു.
അല്ലെങ്കിലും കുടുംബം നോക്കാൻ സ്ത്രീകൾ ചില്ലറ കഷ്ടപ്പാടല്ല ചെയ്യുന്നത്.ഇടക്കൊന്ന് മാറിനിന്ന്
ശ്രദ്ധിച്ചാൽ എല്ലാം വ്യക്തമാവും.
കുളിയുംകഴിച്ച് ഞാൻ ചെല്ലുമ്പോൾ
മുറ്റവും വൃത്തിയാക്കി കുളിയും കഴിഞ്ഞ്, നെറ്റിയിൽ ഭസ്മക്കുറിയും വരച്ചവൾ സന്ധ്യാനാമം ജപിക്കുന്നുണ്ടായിരുന്നു...
കുഞ്ഞുമോളെയും മടിയിൽ വച്ച്, നിലവിളക്കിന്റെ പ്രഭയിൽ അവളെ കാണാൻ എത്ര ഭംഗിയാണ്..
നല്ല ശരീരവേദനയുണ്ട്. ഞാൻ പഴയ മരക്കസേരയിൽ ഇരുന്നു. തെല്ല് നേരം മൗനമായ് ഞാനും പ്രാർഥിച്ചു...
നാമജപം കഴിഞ്ഞ് കുഞ്ഞനെ
എന്റെ കൈകളിൽ ഏൽപിച്ച് അവൾ അടുക്കളിൽ പോയി...
എത്ര വേഗത്തിലാണ് അവൾ ഓരോ
കാര്യങ്ങൾചെയ്യുന്നത്.ഞാനോർത്തു..!
മോളോട് കുറച്ച് സമയം കളിചിരി വർത്തമാനങ്ങൾ പറഞ്ഞിരുന്നപ്പോൾ സമയംപോയതറിഞ്ഞില്ല.
ചെറിയ പാത്രത്തിലവൾ കുഞ്ഞിന്
ആഹാരവുമായി വന്നു. അവൾ
കുഞ്ഞിനെ കഴിപ്പിക്കുന്നത് കാണാൻ ഒരു പ്രത്യേക രസമാണ്....
അമ്മയും,, കുഞ്ഞും,...അവരുടെ
മാത്രമായ ഒരു സ്വർഗ്ഗീയ ഭാഷയും.
കഴിച്ച് വയർ നിറച്ചപ്പോൾ കുഞ്ഞിന്റെ മുഖത്തെ ചിരി.... എന്റെ വയറും
നിറഞ്ഞു... കണ്ണും നിറഞ്ഞു ...!
തളയിട്ട ആ കുഞ്ഞു പാദങ്ങളിൽ ഞാൻ ചുംബിച്ചു. കരിവളയിട്ട കൈയിൽ ഞാനെൻമുഖത്താൽ,
കുറ്റിത്താടിയാൽ താലോലിച്ചു.
ആ ചിരി കാണണം.. മറ്റെല്ലാ വിഷമങ്ങളും മറക്കാൻ എനിക്കത്
ധാരാളം മതിയായിരുന്നു....
"മതി അച്ഛനും, മോളും കൂടെ കളിച്ചത്. ഇനി കിടന്നുറങ്ങിക്കോണം....
അച്ഛൻ ജോലിയും കഴിഞ്ഞ് ക്ഷീണിച്ച് വന്നതാ..."
"കേട്ടോടി... ചക്കീ.. കുഞ്ഞു കളളീ.... "!
മോളുടെ ആ ചിരിയിൽ ഞങ്ങളും പങ്ക് ചേർന്നു.അവൾ കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയുറക്കാനായ് പോയി..
ഞാൻ വീണ്ടും കസേരയിലേക്ക്
ചാരിയിരുന്നു....
ഞാൻ മുറ്റത്തിനപ്പുറത്തെ വയലിലേക്ക് നോക്കിയിരുന്നു...
മുറി കെട്ടിയപ്പോൾ നിറത്ത് കിടക്കുന്ന
വെള്ളം.
ചെറിയ കാറ്റടിക്കുന്നുണ്ട്.
നേർത്ത വെളിച്ചത്തിൽ വയലിലെ ഓളങ്ങൾ...
ഒരു സുന്ദരമായ കാഴ്ചയാണത്.
തൊട്ടടുത്ത് നിൽക്കുന്ന ഇല്ലിത്തുറുവിൽ കാറ്റടിക്കുമ്പോൾ
ചെറിയ മർമ്മരങ്ങൾ..,, ഒരു നിമിഷം ഞാൻ മിഴികൾ പൂട്ടി. മറ്റൊരു ശബ്ദങ്ങളുമില്ലാ....!
ഇല്ലിയിലകളുടെ മർമ്മരങ്ങളുടെ അകമ്പടിയിൽ പാടത്ത് മിന്നിത്തിളങ്ങുന്ന ഓളങ്ങൾക്ക്
പറയാൻ ഉപമകളില്ലാത്ത
സൗന്ദര്യമാണ്...
അത് ഒന്ന് നുകരേണ്ടത് തന്നെ....!
അവൾ ഇടക്ക് വന്ന് നിലവിളക്ക് കെടുത്തി അകത്ത്കൊണ്ടുവച്ചിരുന്നു.
മോൾ ഉറങ്ങി.താരാട്ടിന്റെ ഈണം നേർത്ത് നേർത്ത് വന്നു...
പിന്നിലൂടെ വന്ന് അവൾ ചേർന്ന് നിന്ന് എന്റെ തോളിൽ തഴുകി. ഞാനവളുടെ കൈവിരലുകളിൽ പതിയെ പിടിച്ചു....
" കഴിക്കാം .... കഞ്ഞി വിളമ്പട്ടെ ...? "
ഞാൻ വീണ്ടും മൂളി.
അവൾ പോയി ഭക്ഷണം വിളമ്പി.
പിഞ്ഞാണത്തിൽ പകർന്ന ചൂടു കഞ്ഞി ഞാൻ പ്ലാവിലക്കുമ്പിളാൽ കോരി കഴിക്കുകയായിരുന്നു.
മാങ്ങയിഞ്ചിയും..., തേങ്ങയും, പച്ചക്കാന്താരിയും ചേർത്തരച്ച ചമ്മന്തി കൂട്ടി കഴിച്ചാൽ കിട്ടുന്ന സംതൃപ്തി ഗംഭീരമാണ്.....!
ഞാനിരിക്കുന്ന പുൽപ്പായയിൽ എന്റെ പ്രിയ പത്നിയെയും ഞാൻ ചേർത്തിരുത്തി. ഒരു കുമ്പിൾ കഞ്ഞി അവളുടെ ചുണ്ടിലേക്ക് പകർന്നു......
തെല്ല് നാണത്തോടെ അവളത് സ്വീകരിച്ചു.
ഞാൻ കഴിച്ചതിനുശേഷം പാത്രത്തിൽ തന്നെ ബാക്കി വച്ച ആഹാരവും..,, കലത്തിൽ കിടക്കുന്ന ബാക്കി കഞ്ഞിയും കഴിക്കാനാണ് അവൾക്കിഷ്ടം....!
എങ്കിലും കഴിക്കുമ്പോ ഞാൻ കുറച്ച്
അവൾക്കും കൊടുക്കും...അത് എന്റെ സന്തോഷമാണ് ...!
കഴിച്ചെല്ലുന്നേറ്റു ഞാൻ.
പലകയടിച്ച കട്ടിലിൽ ഒന്ന് നീണ്ട് നിവർന്ന് കിടന്നു. നല്ല ശരീരവേദന..
പണികളെല്ലാം ഒതുക്കി അവൾ തലമുടി ചുറ്റിക്കെട്ടിക്കൊണ്ട് വരുന്നുണ്ട്...
തൊട്ടിലിൽ കിടക്കുന്ന മോളുടെ ശ്വാസ നിശ്വാസ ശബ്ദം കേൾക്കാം... നല്ല ഉറക്കമായിക്കാണും...!
തൊട്ടിൽ പതിയെ ഒന്നുകൂടി ആട്ടിവിട്ടവൾ.ശേഷം എന്റെ സമീപം
വന്നു കിടന്നു.വലം കൈയാൽ ഞാൻ ചേർത്ത് പിടിച്ചു... നേർത്ത
ചിമ്മിനി വെളിച്ചത്തിൽ എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ,,
ഞങ്ങളുടെ ചെറിയ ഭവനത്തിലെ വലിയ കഷ്ടപ്പാടിനിടയിലും
സ്നേഹത്തിന്റെയും കരുതലിന്റെയും,
പരസ്പര സഹായത്തോടെ മുന്നോട്ട്
കുതിക്കുന്ന ഞങ്ങളുടെ ചെറുവഞ്ചി
സ്നേഹതീരം ലക്ഷ്യമാക്കുമ്പോൾ,,
മയങ്ങിയ രണ്ട് ശരീരങ്ങൾ ഒരുമനസായിതീർന്നിരുന്നു.... !
പരസ്പരം ചുറ്റിവരിഞ്ഞിരുന്നു.
ചിമ്മിനി വിളക്ക് അപ്പോഴും നേർത്ത പ്രകാശം പൊഴിച്ചിരുന്നു..
ഒരു ശ്രീകോവിലിൽ നിന്നും ഉതിർന്നു വരുന്ന തേജസ്സുള്ള പ്രകാശം പോലെ.......!
******* അനീഷ് കുന്നത്ത് *******
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo