Slider

സൗഹൃദം

0
Image may contain: Neethi Balagopal

സ്കൂളിൽ നിന്നും കോളേജിലേക്കു സ്ഥാനക്കയറ്റം കിട്ടി പ്രീഡിഗ്രിക്കു ചേർന്നപ്പോൾ അപരിചിതമായ അന്തരീക്ഷത്തിൽ എന്തു കൊണ്ടാണ് താൻ അവളെ മാത്രം ശ്രദ്ധിച്ചിരുന്നത് ?.. ക്ലാസ് കഴിഞ്ഞാൽ അവൾ ജനലിലൂടെ ഒറ്റച്ചാട്ടമാണ് പുറത്തേക്ക് .ഒരിക്കലും നേർ വാതിലിലൂടെ പുറത്തേക്കു പോവില്ല .അതാണോ,അതോ കലപില സംസാരിച്ച് ബഹളത്തിന്റെ അകമ്പടിയോടെ ക്ലാസിലേക്കു വരുന്നതു കൊണ്ടാണോ എന്നോർമ്മയില്ല,അവളെ ഞാനേറെ ശ്രദ്ധിച്ചിരുന്നു. ആ ക്ലാസിലെ പത്തെഴുപതു കുട്ടികളുടെ ഇടയിൽ മുൻ ബഞ്ചിലായിരുന്ന താൻ പിൻബഞ്ചുകാരിയായ അവളോടു കൂട്ടുകൂടിയതും അവളുമായി അടുത്തതും എപ്പോഴായിരുന്നു ?വ്യക്തമായി ഒന്നിനും ഉത്തരമില്ല .
അവിടെ വെച്ചാരംഭിച്ചതായിരുന്നു ഞങ്ങളുടെ സൗഹൃദം . ഏറ്റവും സുന്ദരമായ ഒരു സ്വപ്നം കാണുന്നതുപോലെയായിരുന്നു ഞങ്ങളുടെയാ ദിനങ്ങൾ.. ആ സ്നേഹനദി നിർവിഘ്നം ഒഴുകിക്കൊണ്ടേയിരുന്നു .പിന്നെ, എന്നു മുതലാണ് ആ നദി ദിശ മാറിയൊഴുകാൻ തുടങ്ങിയത് ? ഒട്ടും ഓർക്കാനിഷ്ടമില്ലാത്ത കാര്യം .
നിഷ്കളങ്കത കൈമോശം വന്നിട്ടില്ലായിരുന്ന കൗമാരം എന്റെ കൈക്കുമ്പിളിൽ സ്നേഹത്തോടെ വെച്ചുനീട്ടിയതായിരുന്നു എന്റെയാ പ്രിയസഖിയെ..എന്റെ ആത്മാവിനെ തന്നെ സ്പർശിച്ച സൗഹൃദം ആയിരുന്നല്ലോ അത് .
മാനം കാട്ടിയാൽ പ്രസവിച്ചില്ലെങ്കിലോ എന്നു കരുതി പുസ്തകത്താളുകളിലൊളിപ്പിച്ച മയിൽപ്പീലിത്തുണ്ടു പോലെ എന്റെ മനസ്സിന്റെ അറയിൽ ഒളിപ്പിച്ചു വെച്ച സൗഹൃദം...
കൗമാരം അതിന്റെ കണക്കുപുസ്തകത്തിൽ അകൽച്ചകൾ കോറിയിട്ടപ്പോൾ കണ്ണീർമഷിത്തുള്ളിയാൽ കുതിർന്നുപോയ ആ സൗഹൃദം.
ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും നേർത്ത നൂലിഴ.പരിഭവങ്ങളും,
സ്നേഹം നഷ്ടമാകുമോ എന്ന വേവലാതിയുമടങ്ങിയ നാളുകൾ..സൗഹൃദം ജയിലറ പോലെയായപ്പോൾ എനിക്ക് നഷ്ടമായത് ഹൃദയത്തിന്റെ പുസ്തകത്താളിലെ പ്രിയപ്പെട്ട ഒരു ഏടായിരുന്നു.
പിന്നെപ്പോഴോ കെട്ടറ്റ പട്ടം പോലെ രണ്ടുപേരെയും ലോകത്തിന്റെ രണ്ട് അറ്റത്തേക്ക് കാലം കൊണ്ടെത്തിച്ചു....
എങ്കിലും ഞാൻ അന്വേഷിച്ചുകൊണ്ടിരുന്നു ....ആഗ്രഹിച്ചിരുന്നു ,എന്നെങ്കിലും ഒരിക്കൽ എന്റെ പ്രിയ സഖിയെ കണ്ടെത്തണമെന്നു....
അവളുടെ കൂടെ ചെലവഴിച്ച മനോഹരമായ പ്രീ ഡിഗ്രി കാലഘട്ടം മനസിൽ മായാതെ തെളിഞ്ഞു നിന്നിരുന്നു.. ഞാനും അവളും വേറെ മൂന്നു പേരും ചേർന്ന അഞ്ചംഗ സംഘം ..ക്ലാസു കട്ടു ചെയ്ത് കോളേജ് കാമ്പസിൽ
ചുറ്റിക്കറങ്ങിയിരുന്നതും കാന്റീനിലെ പഴംപൊരിയും ബോണ്ടയും വാങ്ങി ഏതെങ്കിലും കശുമാവിൽ കയറി ഇരുന്ന് കഴിച്ചിരുന്നതും വല്ലാത്തൊരു നൊസ്റ്റാൾജിയയോടെ മാത്രം ഞാൻ ഓർത്ത് കൊണ്ടിരുന്നു.
മൂന്നു ദിവസം ഒന്നിച്ച് അവധിയായാൽ എന്നെത്തേടിയെത്തിയിരുന്ന അവളുടെ
കത്തുകൾ .. എന്റെ അവധി ദിനങ്ങൾക്ക് ദൈർഘ്യമേറെയായിരുന്നു .അത്രയേറെ ഞാനാ സൗഹ്യദം ആസ്വദിച്ചിരുന്നു. അതു നഷ്ടപ്പെട്ടപ്പോഴുണ്ടായിരുന്ന വേദന ഞാൻ അനുഭവിച്ചു തീർത്തു .
എങ്കിലും മുജ്ജന്മ ബന്ധം പോലെ എന്തോ ഒരു അടുപ്പം ,അതാവാം മനസിന്റ ഏതോ അറയിൽ അവളുടെ ഓർമ്മകളെ ഭദ്രമായി സൂക്ഷിച്ചിരുന്നത് .. ഒരിക്കലും അവളെ മറക്കാനെനിക്കാവാതിരുന്നത് അതുകൊണ്ടാവാം .
എവിടെയാണെന്നോ എങ്ങനെയുണ്ടെന്നോ അറിയാതെ ഹൃദയത്തിന്റെ ഒരു കോണിൽ അവളുടെ ഒാർമ്മകൾ തത്കാലത്തേക്ക് കുഴിച്ചു മൂടുകയായിരുന്നു .
അങ്ങനെയിരിക്കെ ഒരു ദിവസം എന്റെ സ്വപ്നത്തിൽ
അവൾ ,എന്റെ കൗമാരകാലസഖി.. റെയിൽവേ സ്റ്റേഷനിൽ ഞാൻ നോക്കി നിൽക്കെ വണ്ടിയിൽ നിന്നിറങ്ങുന്നു....
വല്ലാത്ത സന്തോഷത്തോടെ കണ്ണുകൾ തുറന്നപ്പോൾ സ്വപ്നമായിരുന്നു എന്നു കണ്ണീരോടെ മനസ്സിലാക്കി.
എന്റെ സൗഹൃദത്തിന്റെ പൂമരത്തിൽ അവളുടെ ഓർമ്മകൾ മാത്രം
ഒരിക്കലും വാടാത്ത പൂവായി വിടർന്നു നിന്നിരുന്നു .ആ സ്വപ്നത്തിന്റെ നാലാം നാൾ അവളെ ഫേയ്സ് ബുക്കിൽ കണ്ടുമുട്ടിയപ്പോൾ വിശ്വസിക്കാനായില്ല .സന്തോഷക്കണ്ണീർ വീണ് എന്റെ മുന്നിൽ നിന്ന് അവളുടെ പ്രൊഫൈൽ പിക്ചർ മറഞ്ഞു .അവൾ സന്തോഷമായിരിക്കുന്നുവെന്നറിഞ്ഞ് ഞാനാഹ്ലാദിച്ചു .വല്ലപ്പോഴും കിട്ടുന്ന ഒരു സന്ദേശം എന്നിലുണ്ടാക്കിയ ഉന്മേഷം കണ്ട് എന്റെ ഭർത്താവ് അന്തം വിട്ടു....
അപ്രതീക്ഷിതമായി ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ ചിലപ്പോൾ
നല്ലതിനാവാം...
പല പ്രശ്നങ്ങളുടെയും ഇടയിൽ ചില നല്ല കാര്യങ്ങൾ സംഭവിക്കുന്നത് അങ്ങനെയാണ് .....
എല്ലാവരും ചേർന്ന് ഒരു കോളേജ് ഗെറ്റുഗദർ ഒരുക്കിയപ്പോൾ ഞാനറിഞ്ഞില്ല എന്നോ കൈമോശം വന്ന എന്റെ സൗഹൃദം വീണ്ടും എനിക്കു മുന്നിലെത്തുമെന്ന് .. ആ സൗഹൃദത്തിന്റെ വേരുകൾ എന്റെ മനസ്സിൽ എത്ര ആഴത്തിൽ വേരുറച്ചു പോയതാണെന്ന് ....
അതുകൊണ്ടാണോ പറിച്ചെറിയാൻ ശ്രമിച്ചിട്ടും പറിഞ്ഞു പോകാതെ ആ കൂട്ടുകെട്ടിന്റെ ഒാർമ്മകൾ ഒളിമങ്ങാതെ തെളിഞ്ഞു നിന്നത് ?.....
ഏറെ നാളുകൾക്കു ശേഷം അവളെ കണ്ടപ്പോൾ കുരുത്തം കെട്ട മനസ്സ് വീണ്ടും ആ പഴയ കാലത്തിലേക്കു പോയത് ഞാൻ പോലും അറിയാതെയാണ്...
അവളോട് വീണ്ടും യാത്ര പറഞ്ഞു പിരിഞ്ഞപ്പോൾ വല്ലാതെ തകർന്നുപോയി. കണ്ണീരിനെ തടുക്കാൻ സാധിക്കാഞ്ഞതിന് ലജ്ജയോടെ കണ്ണുകളെ കുറ്റപ്പെടുത്തി..ജീവിതത്തിൽ ഒരിക്കലും കണ്ടുമുട്ടില്ലെന്നു വിചാരിച്ചിരിക്കെ വീണ്ടും കണ്ടുമുട്ടിയത് വലിയ ഭാഗ്യമല്ലെ?...എനിക്കു സന്തോഷമായി .
ഇന്നവളുടെ പിറന്നാളാണ് ... അവൾക്കു നൽകാൻ സ്നേഹത്തോടെയുള്ള ആശംസകളല്ലാതെ വേറൊന്നുമില്ല .ജീവിതത്തിന്റെ പാതി പിന്നിട്ടുവെങ്കിലും ഞാനെന്നും മനസ്സിൽ താലോലിച്ചു കൊണ്ടു നടക്കും എന്റെ സ്നേഹം..ഞാനുള്ള കാലത്തോളം...
എന്റെ പ്രിയ കൂട്ടുകാരീ ലോകത്തിന്റെ ഏതുകോണിലാണെങ്കിലും
നിനക്ക് എല്ലാ നന്മകളും ഉണ്ടാകാൻ ഞാൻ എന്നുംപ്രാർത്ഥിച്ചുകൊണ്ടിരിക്കും.... നിനക്ക് ആയുരാരോഗ്യ സൗഖ്യം സർവേശ്വരൻ കനിഞ്ഞനുഗ്രഹിക്കട്ടെ.
ഒരായിരം പിറന്നാളാശംസകൾ കൂട്ടുകാരി.
നീതി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo