നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അബു കഥയെഴുതുകയാണ്.

Image may contain: 1 person, beard and closeup

===================
" ഇങ്ങള് ഈ കുന്തോം തോണ്ടിക്കൊണ്ടിവിടിരുന്നോ.
അഞ്ചെണ്ണവും തല തിരിഞ്ഞ കോലത്തിലാ വളരണതു. "
മഴയും പുഴയും കഴിഞ്ഞു പൊരിവെയിലേറ്റ് വരണ്ടു തുടങ്ങിയ കഥാലോകത്തിനു പുതിയതെന്തെങ്കിലും കൊടുക്കണം. വായിക്കുന്നവർ ഞെട്ടണം..
ഞെട്ടിയവരുടെ ഞെട്ടല് മാറുംമുമ്പ്
വരിവരിയായി വന്നു പലരും ഞെട്ടണം.
കമന്റുകളും ലൈക്കുകളും വാരിക്കൂട്ടുന്ന മൊയ്തുവിനോടും ഗണേശനോടും ഹുസൈനോടും പകരം വീട്ടണം.
അവന്മാർക്ക് വേണ്ടി കയ്യടിക്കാൻ കുട്ടി മുതൽ ചട്ടി വരെ ക്യൂവാണ്. ഗോദയിലെ പ്രധാന യോദ്ധാക്കളുമായി വലിയ ബന്ധമൊന്നുമില്ലെങ്കിലും ഒന്ന് ശ്രമിച്ചു നോക്കാം.
ഇനി അഥവാ പൊരുതി തോറ്റാലും ജയിച്ചതിനു തുല്യമാവുമെന്നാണല്ലോ യോദ്ധായിലെ അപ്പുക്കുട്ടൻ പോലും ആശ്വസിച്ചത്. ആയിശൂനോട് കുടിക്കാൻ ചോദിച്ചാൽ കലക്കി തരുന്നത് പാലിന് പകരം തന്റെ കൂമ്പായിരിക്കും എന്നത് സ്ഥിരപരിപാടി ആയതിനാലും ആദ്യ പരീക്ഷണത്തിൽ ഒന്ന് ഞെട്ടിയതിനാലും ഒന്നൂടെ ഞെട്ടാൻ അബുവിന് മനസ്സില്ലായിരുന്നു.
തീരുമാനിച്ചുറച്ചതുപോലെ അബു തന്റെ ചൂണ്ടുവിരൽ തുടയുടെ വാമഭാഗത്തു കള്ളിമുണ്ടിൽ ഒന്നൂടെ തുടച്ചുകൊണ്ട് മൊബൈലിലെ നോട്പാഡ് ഓണാക്കിയപ്പോൾ ഐശു തന്റെ പഴയ ഡയലോഗ് റീപ്ലേയ് ചെയ്തു .
" അതേയ് മനുഷ്യാ... നിങ്ങളോടാ പറഞ്ഞത്
ഈ കുന്തം മാറ്റി വെച്ച് നാല് കൊടം വെള്ളം കോരി തരാൻ "
കയ്യിലിരിയ്ക്കുന്ന കെട്ടുംച്ചൂൽ തനിയ്ക്ക് നേരെ ഉയരുമോ എന്നായിരുന്നു കഥാകാരൻറെ പേടി.
അടുക്കളയിൽ നിന്നും അരങ്ങത്തേയ്ക്ക് വന്നപ്പോളൊക്കെ അവളുടെ കയ്യും അബൂന്റെ
പൊറവും തമ്മിൽ ആലിംഗനം ചെയ്തിട്ടേ ഉള്ളൂ.
പെട്ടന്നാണ് ഒരു രക്ഷകനെ പോലെ കിടപ്പു മുറിയിൽ നിന്നും അഞ്ചാമത്തെ സന്തതി കാറി പൊളിച്ചത്.
കെട്ടും ചൂലുമായി വെട്ടിത്തിരുഞ്ഞു കരളിന്റെ കരള് ആയിശു റോക്കറ്റുപോലെ അകത്തേയ്ക്കു പോകുന്നതും പ്രൊഡക്ഷൻ നമ്പർ വൺ സൈതു കളരി വിദ്വാന്റെ മെയ് വഴക്കത്തോടെ ചാടി പുറത്തോട്ടു ചാടുന്നതും കണ്ടു ശെരിക്കും ഞെട്ടിയത് കഥാകാരനാണ്. തൊട്ടുപിന്നാലെ
തലയിണകൾ ഒന്ന്.. രണ്ടു... മൂന്നു.. എന്നിങ്ങനെ
വാതിലിലൂടെ പുറത്തെ ഡൈനിങ് ടേബിളിലേയ്ക്ക് അപഥ സഞ്ചാരം നടത്തുന്നതും ചുരുട്ട് കത്തിച്ചു വാതിൽ ചാരി നിൽക്കുന്ന ജഗതിയെ പോലെ സിറ്റ് ഔട്ടിൽ കാറ്റും കൊണ്ടിരുന്ന അബുവിനു നിർവികാരനായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു . ടേബിളിൽ ഇരുന്ന ചില്ലുഗ്ളാസ്സുകൾ അനുബന്ധമായി തറയിൽ ചില്ലക്ഷരങ്ങൾ തീർത്തു ചിതറിക്കൊണ്ടിരുന്നു.
" അവന്മാരുടെ ഒടുക്കത്ത ഒരവധി "
മഴ മാറിയിട്ടും വീണ്ടും കനത്ത മഴ പ്രവചിച്ച കാലാവസ്ഥ പ്രവചനക്കാരെയും എന്നാൽ ആ മഴ ഒന്ന് കാണട്ടെ എന്ന തരത്തിൽ വെടിനിർത്തൽ പ്രഖ്യാപനം പോലെ സ്‌കൂൾ അവധി പ്രഖ്യാപിച്ച ജില്ലാ കലക്ടറേയും ഒരുപോലെ പ്രാകുകയാണ് ഐശൂ.
കാലും നീട്ടി ഭിത്തീം ചാരി കഥയ്ക്കൊരു ത്രെഡിനായി സൈഡിലൂടെ പോകുന്ന അഴുക്കു ചാലിലും ഒരു തേങ്ങാ പോലും കായ്ക്കാത്ത തെങ്ങിൻ തലപ്പിലും നോക്കി ചിന്താവിശിഷ്ഠയായ ശ്യാമളയെ പ്പോലെയിരുന്ന അബുവിന്റ മുകളിലൂടെ ഡൈവ് ചെയ്തു സൈതു വീണ്ടും കഴിവ് തെളിയിച്ചുകൊണ്ട് പിന്നാമ്പുറത്തേയ്‌ക്ക്‌.
കെട്ടും ചൂലുമായി ഐശൂ പ്രസ്തുത ശ്രമം നടത്തിയെങ്കിലും അവളുടെ നൈറ്റി അബുവിന്റെ കാലിൽ തട്ടി വെട്ടിയിട്ട ചക്ക പോലെ മുറ്റത്തേയ്ക്ക് മലന്നടിച്ചു വീണു. പടച്ചോനെ ഇതൊക്കെ വെറും കിനാവ് മാത്രമാകണേ എന്ന് രണ്ടാമതൊന്നു കൂടി ഞെട്ടിയ ശേഷം കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് പ്രാർത്ഥിച്ചുകൊണ്ടിരുന്ന അബുവിന്റെ കൈക്കു മുകളിലൂടെ ഐശുവിന്റെ കെട്ടും ചൂൽ മൂളിപ്പാട്ടും പാടി കടന്നുപോയി . സൈതുവിനേക്കാൾ മെയ്‌വഴക്കത്തോടെ മൊബൈൽ വായുവിൽ മലക്കം മറിഞ്ഞെങ്കിലും ഐഷുവിന്റെ അടുത്ത അടി അബുവിന്റെ വെളിച്ചം കാണാത്ത കഥാസമാഹാരങ്ങളുടെ ഗോഡൗൺ വായുവിൽ തന്നെ നാല് കഷ്ണമാക്കിയ ശേഷമാണ് റെസ്റ്റ് എടുത്തത്. പിന്നെ നടന്നതൊന്നും ഓർത്തെടുക്കാനുള്ള ചിന്താശേഷി പോയിട്ട് ബോധം പോലും കഥാകാരന് ഉണ്ടായിരുന്നില്ല എന്നതുകൊണ്ട് അബുവിന്റെ കഥ അവിടംകൊണ്ട്
അവസാനിച്ചു.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot