നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അന്ന് പെയ്ത മഴയിൽ (കഥ)

Image may contain: 1 person, beard
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
പതിവിനു വിപരീതമായി നല്ലപോലെ കാറ്റുള്ള ഒരു സായാഹ്നമായിരുന്നു അന്ന്. കാലം തെറ്റിയ കാറ്റും മഴയും ഇപ്പോൾ പതിവായിരിക്കുന്നു.
ഉമ്മറത്ത് കത്തിച്ചു വെച്ച നിലവിളക്കിലെ തിരി കാറ്റിന്റെ പ്രഹരമേറ്റ് തോൽവി സമ്മതിച്ചു.
രാധ നിലവിളക്കെടുത്ത് അകത്തേക്ക് കടക്കുന്നതിനിടയിൽ തന്നെ പവർ സപ്ലേയും ഇല്ലാതായി.
'നശിച്ചൊരു കരണ്ട് പോ....'
വേണ്ട... തൃസന്ധ്യ നേരത്ത് അങ്ങനെ ചിന്തിക്കണ്ട.. എന്തെങ്കിലുമൊക്കെ കാണിക്കട്ടെ എല്ലാവരും. എല്ലാം ശരിയായി വരികയാണല്ലോ.... എല്ലാവർക്കും തൃപ്തിയായി... എങ്ങനെ എങ്കിലും ഈ ജീവിതം ഒന്ന് അവസാനിച്ചുകിട്ടിയാൽ മതിയായിരുന്നു.
നിലവിളക്ക് അകത്ത് ഒരു മൂലയിലായി വെച്ച് രാധ എമർജൻസി എടുക്കുന്നതിനായി ആ മങ്ങിയ വെളിച്ചത്തിൽ തന്റെ കിടപ്പുമുറിയിലെ മേശയെ ലക്ഷ്യമാക്കി നടക്കുന്നതിനിടയിൽ മുറിയുടെ വാതിൽപ്പടിയിൽ കാൽവിരൽ തട്ടി വേദനയോടെ , വീണ്ടും മനസ്സിൽ വന്ന ദേഷ്യം സ്വയം നിയന്ത്രിച്ച് മേശയിൽ തപ്പി എമർജൻസി എടുത്തു. സ്വിച്ച് ഓൺ ചെയ്തതോടെ മുറിയിൽ പ്രകാശം പരന്നു. മനസ്സിൽ നേരിയ ആശ്വാസവും.
രാധ വീണ്ടും വീടിനുപുറത്തുവന്ന് ഉമ്മറത്ത് ഭിത്തിയിൽ ചാരിയിരുന്നു. കത്തിച്ച എമർജൻസി ലൈറ്റിലെ പ്രകാശം പുറത്തേക്ക് പരന്നൊഴുകി.
കാറ്റ് അപ്പോഴും തുടർന്നുകൊണ്ടേയിരുന്നു. ചെറിയ ചാറ്റൽമഴ കാറ്റിന് അകമ്പടിയേകി വന്നുകൊണ്ടിരുന്നു. പറമ്പിലെ മാവും പ്ലാവും തെങ്ങും കാറ്റിൽ ആടിയുഞ്ഞു. നേരിയ വെളിച്ചത്തിൽ കാണുവാൻ കഴിഞ്ഞ ആ ചാഞ്ചാട്ടവും രാധയുടെ മനസ്സിൽ ചിന്തകളെ ഇളകിമറിച്ചു.
മഴ കൂടുതൽ ശക്തിയാവാൻ തുടങ്ങി. കാറ്റിൽ തെങ്ങിലെ വിളഞ്ഞുണങ്ങിത്തുടങ്ങിയ തേങ്ങ ഞെട്ടറ്റു താഴെ വീണു. തെങ്ങിൽ കയറുവാൻ ആരാ വരണത്... താനേ വീണുകിട്ടണം... നന്നായി.. ഇനിയും വീഴട്ടെ... അരയ്ക്കാൻ ഒരുമുറി തേങ്ങപോലുമില്ല...
മാവിൻ ചില്ലുകൾ തമ്മിൽ തമ്മിൽ വഴക്കുകൂട്ടി. ഇനിയും പാകമായിട്ടില്ലാത്ത മാങ്ങ ഇടയ്ക്കിടെ വീഴുന്ന ശബ്ദവും കേൾക്കാമായിരുന്നു.
മാങ്ങ ഇപ്പോൾ ആർക്കാ ആവശ്യം.. മനു ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ മുറ്റത്തും പറമ്പിലും ഓടി നടന്ന് അതൊക്കെ പെറുക്കിയെടുക്കുമായിരുന്നു. പാവം..! ഇപ്പോൾ എവിടെയാണോ എന്തോ..! കാലം വരുത്തിയ വിന.
ഒന്നും വേണ്ടായിരുന്നു, വാശിയും വൈരാഗ്യവും , മാനവും അഭിമാനവും, ഒന്നും. എല്ലാം നോക്കിയതുകൊണ്ടാ... ഇല്ലെങ്കിൽ ഇപ്പോൾ എന്റെ പൊന്നുമോൻ... അല്ല.. മോള്.. ഈ വീട്ടിൽ അമ്മയ്ക്ക് കൂട്ടായി ഉണ്ടാകുമായിരുന്നു.
വിധി! അതെ.. എല്ലാം വിധിയാണ്. എല്ലാം അനുഭവിക്കുവാൻ വിധി ഈ ജന്മം പിന്നേം പിന്നേം നീട്ടിക്കൊണ്ടു പോകാണ്. ഇല്ലെങ്കിൽ എന്റെ കുഞ്ഞിന്റെ അച്ഛനെ ഇത്രവേഗം കൂട്ടിക്കൊണ്ടു പോകുമോ? അതും ഈ സുഖമില്ലാത്ത എന്നെ ഇവിടെ ഒറ്റയ്ക്കാക്കി...
മഴത്തുള്ളികൾ താഴെ, കോൺക്രീറ്റിട്ട മുറ്റത്ത് വീണുചിതറി. എമർജൻസി ലൈറ്റിന്റെ വെളിച്ചത്തിൽ അവ വെള്ളിമണികളേപ്പോലെ ശോഭിച്ചു. അവയും തുള്ളിക്കളിക്കുകയാണ്.. എങ്കിലും രാധയുടെ മനസ്സിൽ അത് വീണുടയുന്ന പളുങ്കുപാത്രം പോലെയാണ് തോന്നിയത്.
എല്ലാം വീണുടഞ്ഞത് വളരെ പെട്ടെന്നായിരുന്നു. തികച്ചും അപ്രതീക്ഷിതമായി... മുറ്റത്തെ ഒഴുകിനീങ്ങുന്ന മഴവെള്ളം പോലെ ഒഴുകിയ രാധയുടെ മനസ്സ് എങ്ങോ മറഞ്ഞ ഒരു കുഞ്ഞു പാദസരക്കിലുക്കത്തോടെ തിരികെയെത്താൻ വെമ്പൽകൂട്ടി.
.........................................................
ഒരു വെള്ളിപ്പാദസരം. നിറയെ മുത്തുമണികൾ പിടിപ്പിച്ച വെള്ളിപ്പാദസരം. കൊലുസണിഞ്ഞ കുഞ്ഞുപാദങ്ങൾ ഇളകിയിളകി കിലുങ്ങുന്നു. കരിവളയിട്ട കുഞ്ഞിക്കൈ വായിലേക്ക് മുട്ടിച്ച് പുഞ്ചിരിയോടെ നുണയുന്ന കുഞ്ഞ്..... ചുരുണ്ട മുടിയിഴകൾ നെറ്റിത്തടത്തിൽ അവിടവിടെയായി കിടക്കുന്നു. വാലിട്ടു കണ്ണെഴുതി കവിളിൽ വലിയ ഒരു കറുത്ത കരിമഷിക്കുത്തും.. നുണക്കുഴിയും.
ഇന്ന് രാധയുടേയും ദേവസേനന്റേയും ഒരേയൊരു മകളുടെ പേരുവിളിയാണ്. ഇന്നേയ്ക്ക് തൊണ്ണൂറു ദിവസമായി ആ കുഞ്ഞ് അവരുടെ ജീവിതത്തിൽ കടന്നുവന്നിട്ട്. വിവാഹം കഴിഞ്ഞ് പത്തുവർഷം കഴിഞ്ഞാണ് ആ ദമ്പതികൾക്ക് ഈശ്വരൻ ഒരു പെൺകുഞ്ഞിനെ നൽകിയത്. ആഗ്രഹം ഒരു ആൺകുഞ്ഞിനെ ആയിരുന്നുവെങ്കിലും രണ്ടു പേരും വളരെ സന്തോഷത്തോടെ തന്നെ ആ കുഞ്ഞിനെ സ്നേഹിച്ചു. അവരുടെ അതുവരെയുള്ള എല്ലാ മോഹങ്ങളും ആ കുഞ്ഞിലൂടെ പൂവണിയുന്നതായി അവർ സ്വപ്നം നെയ്തു.
അന്നും ഒരു ചാറ്റൽമഴയുള്ള ദിവസമായിരുന്നു. വീട് നിറഞ്ഞ ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തിൽ ആ ചടങ്ങ് നടന്നു. ദേവസേനൻ അതുവരെ മറ്റാരോടും പറയാതിരുന്ന ആ പേര് കുഞ്ഞിന്റെ കാതിൽ മന്ത്രിച്ചു.
"മനോമണി"
ചടങ്ങ് കഴിഞ്ഞ് രാധ ചോദിച്ചു;
'ഇതെന്ത് പേരാ ദേവേട്ടാ.. വേറെ എത്ര നല്ല പേരുകൾ ഉണ്ടായിരുന്നു. എന്നിട്ട് ഇതാണോ ഇതുവരെ എന്നോടു പോലും പറയാതെവെച്ച പേര്? കഷ്ടായി ട്ടോ..'
'രാധേ... ഈ പേരിന്റെ രഹസ്യം നിനക്ക് അറിയാഞ്ഞിട്ടാ. അതറിഞ്ഞാൽ നീ എന്നെ കുറ്റം പറയില്ല.'
'അതെന്താ ഇത്ര വലിയ രഹസ്യം?'
രാധ ആകാംക്ഷയോടെ ചോദിച്ചു.
'എടീ.. ഈ പേരാവുമ്പോൾ നമുക്ക് മോളെ മനോ എന്നും മണി എന്നും വിളിക്കാം. നമ്മുടെ ഇഷ്ടം പോലെ നമുക്ക് അവനെ മനോ എന്ന് വിളിക്കാം. ആൺകുട്ടികളേപ്പോലെ.. ആരും കുറ്റം പറയില്ല. പിന്നെ ആ പേര് കേൾക്കാനും വിളിക്കാനും ഒരു സുഖമില്ലേ...'
'ഉം... ഐഡിയ കൊള്ളാം. മനോ.... മനു... നിങ്ങളെ സമ്മതിച്ചു. '
അങ്ങനെ മനു വളർന്നു. കുഞ്ഞുനാൾ മുതൽക്കേ അവർ മനുവിന് ഉടുപ്പിനേക്കാളധികം വാങ്ങി കൊടുത്തത് ബനിയൻസെറ്റുകളായിരുന്നു. അതാവുമ്പോൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ധരിക്കാം. കൊച്ചു കുട്ടിയല്ലേ.. അതുകൊണ്ട് പെൺകുഞ്ഞാണെങ്കിലും ട്രൗസറും ബനിയനും ഒരു അലങ്കാരമാണ്. മനു എന്നല്ലാതെ മണി എന്ന് ആരും ആ കുഞ്ഞിനെ വിളിച്ചില്ല. ആര് ചോദിച്ചാലും പേര് മനു എന്നാണ് അവർ പറഞ്ഞിരുന്നത്.
മനു വളർന്നു തുടങ്ങിയതോടെ ആ പേര് തന്നെ പറയുവാൻ തുടങ്ങി. സ്ക്കൂളിൽ ചേർന്നപ്പോഴും ക്ലാസ്സിൽ ഹാജർ വിളിക്കുന്ന സമയത്തല്ലാതെ പിന്നീടൊരിക്കലും ആരും അവളെ മനോമണി എന്ന് വിളിച്ചിരുന്നില്ല. ആരെങ്കിലും വിളിച്ചാലും അവൾ വിളി കേൾക്കില്ലായിരുന്നു.
ക്ലാസ്സിൽ അവളുടെ കൂട്ടുകാർ കൂടുതലും ആൺകുട്ടികൾ ആയിരുന്നു. അവരുടെ കൂടെ കൂട്ടുകൂടുവാനും കളിക്കുവാനുമായിരുന്നു മനുവിന് താല്പര്യം. ഒന്നാം ക്ലാസ്സിൽ ചേരുവാൻ മനു വന്നതുതന്നെ ട്രൗസറും ഷർട്ടും ധരിച്ചായിരുന്നു. എല്ലാവർക്കും അത് വളരെ കൗതുകം ഉളവാക്കി.
ഒരു ദിവസം വൈകുന്നേരം അച്ഛനുമമ്മയും സംസാരിച്ചിരിക്കേ മനു അവരുടെ ഇടയിലേക്ക് ചാടിവീണു. അവർ രണ്ടു പേരും നോക്കുമ്പോൾ കണ്ടത് അച്ഛന്റെ ഒരു കീറിയ മുണ്ടിന്റെ കഷണം അരയിൽ ചുറ്റി മടക്കിക്കുത്തി ഒരു ഷർട്ടും തലയിൽ ഒരു തോർത്ത് വലിച്ചുകെട്ടി കരിമഷികൊണ്ട് കൊമ്പൻ മീശ വരച്ച് കൈയിൽ കറിക്ക് അരിയുന്ന പഴയ കത്തിയും..
പിന്നെ ചിരിയുടെ പൂരമായിരുന്നു അവിടെ. കായംകുളം കൊച്ചുണ്ണിയാണത്രേ.. ആ കുഞ്ഞു മനസ്സിലെ സന്തോഷം അവരും ഏറ്റെടുത്തു. ദേവസേനൻ പറഞ്ഞു;
'കണ്ടോടി എന്റെ മോനെ.. അവൻ ആൺകുട്ടിയാടീ... മോൻ അച്ഛനേപ്പോലെ തന്നെ മിടുക്കനാവണം ട്ടാ...' അയാൾ മനുവിനെ വാരിയെടുത്ത് ഉമ്മവെച്ചു.
'ഇത് ആൺകുട്ടിയായി ജനിക്കേണ്ടതായിരുന്നു അല്ലേ ദേവേട്ടാ..?'
'മനു അവന്റെ ഇഷ്ടത്തിന് വളരട്ടെ..'
അയാൾ പറഞ്ഞു.
അവർ എപ്പോഴും മോനേ എന്നല്ലാതെ മോളെ എന്ന് ആ കുഞ്ഞിനെ വിളിച്ചില്ല.
കാലങ്ങൾ ചിറകുവിരിച്ചു പറന്നു. അതിനിടയിൽ മാറ്റങ്ങൾ അനിവാര്യമായിരുന്നു. പക്ഷേ മനു അതിനു തയ്യാറായില്ല. നാലാം ക്ലാസ് വരെ ട്രൗസറും ഷർട്ടും തന്നെയായിരുന്നു മനുവിന്റെ വേഷം. അത് കഴിഞ്ഞിട്ടും ഉടുപ്പോ പാവടയോ ധരിക്കുവാൻ മനു സമ്മതിച്ചില്ല. അതിനാൽ കോൺവെന്റ് സ്ക്കൂളിൽ ചേർക്കുവാൻ കഴിയാതെ സർക്കാർ സ്ക്കൂളിൽ തന്നെ മനു പഠനം തുടർന്നു. ഒരു വ്യത്യാസം മാത്രം. ട്രൗസറിന് ഇറക്കും കൂട്ടി പാന്റ്സാക്കി. ആൺകുട്ടികളേപ്പോലെ വെട്ടിയൊതുക്കിയ മുടി.
പിന്നീട് മനു വളരുംതോറും ആ നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവനായി. കാരണം പെൺകുട്ടിയാണെങ്കിലും ആൺകുട്ടിയേപ്പോലെ ചുറുചുറുക്കും ധൈര്യവും, പഠനത്തിൽ ഒന്നാമൻ, ആരോടും പെട്ടെന്ന് ഇടപഴകുന്ന ശീലം, കൂടാതെ തർക്കുത്തരം. മനുവിനോട് സംസാരിച്ചു ജയിക്കുക അസാദ്ധ്യമായിരുന്നു. വോളീബോൾ ആയിരുന്നു അവന്റെ ഇഷ്ടവിനോദം. ഉയരക്കൂടുതൽ ആ കളിയിലെ വിജയത്തിന് മനുവിനെ വഴിയൊരുക്കി.
ഓരോ മത്സരങ്ങളിലും സമ്മാനം വാരിക്കൂട്ടി മനു നാട്ടിലെ താരമായി. എന്നാൽ കോളേജ് വിദ്യാഭ്യാസത്തോടെ മനുവിന്റെ കഷ്ടകാലം തുടങ്ങുകയായിരുന്നു. ദൂരെയുള്ള കോളേജിലേക്കുള്ള യാത്ര, ആൺകുട്ടികളുമായുള്ള ചങ്ങാത്തം ഇതെല്ലാം തെറ്റായി വ്യാഖ്യാനിക്കുവാൻ അധികം സമയം വേണ്ടിവന്നില്ല.
പലരും പലതും പറഞ്ഞു. ചെറുപ്പം മുതലുള്ള മനുവിന്റെ ശീലങ്ങൾ അറിയന്നവർപോലും മനുവിനെ സംശയിച്ചു. അപ്പോഴും മനുവിന്റെ കൂട്ടുകാർ ആൺകുട്ടികൾ ആയിരുന്നു. പക്ഷേ മനുവിന്റെ മനസ്സിൽ താനൊരു പെൺകുട്ടിയാണെന്ന് ഒരിക്കലും തോന്നിയിരുന്നില്ല. മറിച്ച് പലപ്പോഴും ആ തിരിച്ചറിവ് ഒരു ഭാരമായി തോന്നുകയും ചെയ്തു.
നാട്ടിൽ സംസാരത്തിൽ വന്ന മാറ്റം ദേവസേനന്റെ കാതുകളിലുമെത്തി. അപ്പോഴാണ് അയാൾ ചില കാര്യങ്ങൾ തിരിച്ചറിയുവാൻ തുടങ്ങിയത്.
മനു വളർന്ന് വിവാഹപ്രായം എത്തുകയാണ്. ഇനി പഴയപോലെയായാൽ ശരിയാവില്ല. എല്ലാം പറഞ്ഞു ശരിയാക്കണം. അയാൾ മനസ്സിൽ തീരുമാനിച്ചു. പക്ഷേ വീട്ടിലെത്തി മനുവിനോട് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ മനുവിന്റെ നാവിൽനിന്നും വന്ന മറുപടി കേട്ട് അവർ രണ്ടുപേരും അമ്പരന്നുപോയി..
'എനിക്ക് ഒരു ആൺകുട്ടിയാവണം.. എനിക്ക് വയ്യ ഈ വൃത്തികെട്ട ശരീരരവുമായി പെൺവേഷം കെട്ടി ജീവിക്കാൻ. അതിലും ഭേദം ഞാൻ വല്ലയിടത്തും പോയി മരിക്കുന്നതാണ്'.
മനു തന്റെ ശരീരത്തിലെ നിമ്നോന്നതങ്ങളായ ഭാഗങ്ങളെ വെറുപ്പോടെ നോക്കി. രാധയും ദേവസേനനും ആവുന്നത്ര പറഞ്ഞിട്ടും മനു അനുസരിക്കുവാനോ ഉൾക്കൊള്ളുവാനോ തയ്യാറായില്ല. കുഞ്ഞുനാൾ മുതൽ മനുവിന്റെ മനസ്സിൽ ഇങ്ങനെയുള്ള ഒരു ചിന്തയ്ക്ക് ഹേതുവായത് തന്റെ സ്വാർത്ഥതയാണ് എന്നതോർത്ത് പിന്നീടുള്ള ഓരോ ദിവസവും ദേവസേനനെ മാനസികമായി തളർത്തി. ഉണ്ണാതെ ഉറങ്ങാതെ രാധയോടുപോലും തന്റെ മനസ്സിലെ വികാരങ്ങളും വിചാരങ്ങളും പങ്കുവെക്കാതെ പല ദിവസവും അയാൾ വീട്ടിൽ തന്നെ അടച്ചിട്ട മുറികളിൽ കഴിഞ്ഞുകൂടി. നാളുകൾ കഴിയവേ ഒരു ദിവസം ആ ജീവിതം ഉപേക്ഷിച്ച് ഒരു തുണ്ട് കയറിൽ അയാൾ എല്ലാം അവസാനിപ്പിച്ചു.
ശാപങ്ങളുടെ വേലിയേറ്റമായിരുന്നു പിന്നീട് മനുവിന്റെ ജീവിതത്തിൽ. എല്ലാം താൻ കാരണമാണെന്ന് പലരും മനുവിനെ കുറ്റപ്പെടുത്തി. മകളുടെ അഴിഞ്ഞാട്ടം കാരണമാണ് അച്ഛൻ ആത്മഹത്യ ചെയ്തതെന്ന് പലരും പറഞ്ഞു. മനുവിന് പുറത്തിറങ്ങുവാൻ കഴിയാതെയായി. നാട്ടുകാർ വഴിയിൽ തടഞ്ഞു നിർത്തി മനുവിനെ അസഭ്യവർഷം ചൊരിഞ്ഞു. നീവൃത്തിയില്ലാതെ കോളേജിൽ പോകുവാൻ കഴിയാതെ മനു വീട്ടിലേക്ക് വന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആശ്വാസത്തിനായി അമ്മയുടെ അരികിലെത്തിയ മനുവിനെ അമ്മ വഴക്കുപറഞ്ഞ് വടിയെടുത്തടിച്ചു.....
'എങ്ങോട്ടെങ്കിലും പോയ്ക്കോ നീ.... എനിക്കിനി നിന്നെ കാണണ്ട. .. സ്വന്തം അച്ഛന് വായ്ക്കരിയിട്ട നിന്നെ എനിക്കിനി കാണണ്ട... നീ എങ്ങോട്ടെങ്കിലും പോയ്ക്കോ... തോന്നിയതുപോലെ നടന്ന് നാട്ടുകാരുടെ ഇടയിൽ ചീത്തപ്പേരും നേടീട്ട് നീ എന്തിനാ ഇങ്ങോട്ട് വന്നത്... പോയ്ക്കോ. ...എങ്ങോട്ടെങ്കിലും പോയ്ക്കോ. ..'
രാധ മനുവിനെ അടിച്ച് ഒടിഞ്ഞ വടി ദൂരെയെറിഞ്ഞ് അവിടെ ഇറയത്തുതന്നെ കിടന്നു വാവിട്ടു കരഞ്ഞു.
പുറത്ത് നേരിയ മഴ ചാറിത്തുടങ്ങി... അത് പിന്നെ ശക്തി പ്രാപിച്ച് മിന്നലും ഇടിയുമായി കനത്തുപെയ്യുവാൻ തുടങ്ങി.
മനു പിന്നീട് അവിടെ നിന്നില്ല. അമ്മയുടെ അടികൊണ്ടിട്ടും ഒരു തുള്ളി കണ്ണുനീർ പോലും പൊഴിച്ചില്ല. ഓരോ വാക്കും ഒരായിരം മുള്ളുകളുള്ള ശരം കണക്കെ മനുവിന്റെ ഹൃദയത്തിൽ ആഞ്ഞുതറച്ചു.
ഇറയത്ത് കിടന്നു കരയുന്ന അമ്മയെ ഒരിക്കൽ കൂടി നോക്കി മനു യാത്രയായി.. ഉറച്ച തീരുമാനങ്ങളോടെ...... മഴ അപ്പോഴും ശക്തിയോടെ പെയ്തുകൊണ്ടിരുന്നു.
അല്പം കഴിഞ്ഞ് രാധ എഴുന്നേറ്റു ചുറ്റും നോക്കി. മനുവിനെ കണ്ടില്ല... ഉറക്കെ വിളിച്ചു... പക്ഷേ മനു അപ്പോഴേക്കും ദൂരെ എത്തിയിരുന്നു. കുറച്ചു കഴിഞ്ഞ് തിരിച്ചു വരും എന്ന് കരുതി രാധ കാത്തിരുന്നു. മണിക്കൂറുകൾ... ദിവസങ്ങൾ. ..മാസങ്ങൾ...വർഷങ്ങൾ.... അങ്ങനെയങ്ങനെ.... പക്ഷേ മനു ഒരിക്കലും തിരിച്ചു വന്നില്ല...
...............................................................
ഇപ്പോൾ പതിനഞ്ചു വർഷം കഴിഞ്ഞു മനു പോയിട്ട്. ഇപ്പോഴും ആ കുഞ്ഞു പാദസരത്തിന്റെ മുത്തുമണികൾ കിലുങ്ങുന്നത് രാധ ഇടയ്ക്കിടെ കേൾക്കാറുണ്ട്. ഏത് പാതാരാത്രിയായാലും എപ്പോഴെങ്കിലും തന്റെ മോൻ... മനു തിരിച്ചുവരുമെന്ന് ആ അമ്മ കാത്തിരിക്കുന്നു... ഒരു ആൺകുട്ടിയായി.... അല്ല..... ഒരു ആണായിത്തന്നെ.....
അകലെ ഒരു പ്രകാശം.... പ്രതീക്ഷയുടെ പച്ച വെളിച്ചം.
Note: ഇത് ഒരു സൂചനയും ചില സത്യങ്ങളും അടങ്ങിയ ഒരു ജീവിതത്തിന്റെ സാങ്കൽപ്പിക ചിത്രമാണ്. പക്ഷേ ഇന്ന് സമൂഹത്തിൽ അപമാനം നേരിട്ട് ജീവിക്കേണ്ടിവരുന്ന ഒരു വിഭാഗത്തിന്റെ ദയനീയ ചിത്രത്തിന്റെ മറ്റൊരു കാണാപ്പുറമാണിത്. നമ്മൾ, മാതാപിതാക്കൾക്കും ഇതിലുള്ള പങ്ക് ഒന്ന് എടുത്തുകാണിച്ചു എന്ന് മാത്രം. വരും തലമുറയ്ക്കെങ്കിലും പിഴവ് സംഭവിക്കാതിരിക്കുവാൻ. അവസാനം സ്വന്തം മക്കൾ തെരുവിൽ അലയുന്നത് കാണാതിരിക്കുവാൻ...... (മറുപുറം...)
****മണികണ്ഠൻ അണക്കത്തിൽ****
Copyright protected
26/4/2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot