നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആവശ്യംഅപ്പച്ചനെന്നാത്തിനാ ഇപ്പോൾ ഇത്രയും പൈസയുടെ ആവശ്യം? അതിനും മാത്രം എന്ത് ചിലവാ
നിങ്ങൾക്കിപ്പോൾ? അത്ര അത്യാവശ്യമാണെൽ കുഞ്ഞുമോനോട് ചോദിക്കു... . അല്ലേൽ ആരോഗ്യസ്ഥിതിക്ക് പ്രശ്നമൊന്നുമില്ലലോ.. തിരിച്ചു ഗൾഫിൽ പോകുന്നില്ലേൽ ഇവിടെ എന്തേലും ജോലിക്കു ശ്രമിക്കു.. എന്റേം ഇച്ചായന്റെയും ശമ്പളം കൊണ്ട് തന്നെ വീട്ടുചിലവും മോൾടെ പഠനവും മുന്നോട്ടു പോകുന്നില്ല"......
കുറച്ചു പൈസ രാവിലെ സ്റ്റെല്ല മോളോട് ചോദിച്ചതിനാ ഇത്രയൊക്കെ പറഞ്ഞെ. ഇത്രയും മുഷിഞ്ഞു ഇതുവരേം അവൾ എന്റെ കൂടെ സംസാരിച്ചിട്ടില്ല. പ്രവാസം മതിയാക്കി നാട്ടിലേക്ക് വന്നപ്പോൾ ഞാനും പ്രിയതമയും അവർക്ക് ബാധ്യതയ്ക്കുമെന്നു തോന്നിക്കാണും..
ഞാൻ തോമസ് . ഒട്ടുമിക്ക മലയാളികളെപോലെ ചെറു പ്രായത്തിൽ തന്നെ പ്രവാസ ജീവിതം തിരഞ്ഞെടുക്കേണ്ടി വന്നവൻ. വലിയ മോശമില്ലാത്ത ശമ്പളം ഉള്ളതുകൊണ്ട് കുറച്ചു കാലം എൻറെ കുടുംബവും അവിടെ കൂടെയുണ്ടായിരുന്നു. ഭാര്യ മോളികുട്ടിയും രണ്ടു മക്കളും അടങ്ങുന്ന കുഞ്ഞു കുടുംബം. മൂത്തവൾ സ്റ്റെല്ല .. ഇപ്പോൾ ഹൈ സ്കൂൾ ടീച്ചർ ആണ്. വിവാഹിതയും ഒരു മകളുടെ അമ്മയും. ഇളയവൻ കുഞ്ഞുമോനെന്നു വിളിക്കുന്ന ബെന്നി.. ബാങ്ക് മാനേജർ.. അവന്റെയും കല്യാണം കഴിഞ്ഞിട്ട് ആറു മാസമായി. ഭാര്യ സൂസി . ഉള്ള സമ്പാദ്യം മക്കളുടെ പഠനത്തിനും കല്യാണത്തിനും ഒക്കെയായിട്ടു ചിലവായി.. പരോപകാരി ആയതുകൊണ്ട് ആ വഴിയിലും കുറെ കാശു പോയിട്ടുണ്ട്. മകന് ജോലി കിട്ടിയപ്പോൾ തന്നെ പ്രവാസം മതിയാക്കി നാട്ടിൽ കൂടുവാൻ മക്കൾ രണ്ടു പേരും തന്നെ ഒരുപാട് നിര്ബന്ധിച്ചതാണ്. പക്ഷെ ആരെയും ആശ്രയിക്കാതെ സ്വന്തമായി ഒരു കടയോ ബിസിനസ്സോ തുടങ്ങുവാനുള്ള മുതൽമുടക്ക് ഉണ്ടാക്കാൻ വേണ്ടി കുറച്ചു നാളത്തേക്ക് കൂടെ പ്രവാസ ജീവിതം തന്നെ തിരഞ്ഞെടുത്തു.
അങ്ങനെ മകന്റെ കല്യാണ ശേഷമാണ് അവസാനം ഞാൻ ഗള്ഫിലോട്ട് വന്നത്. വന്നു കുറച്ച കഴിഞ്ഞപ്പോൾ തന്നെ അവനു സ്ഥലം മാറ്റം കിട്ടി കെട്ടിയോളേം കൊണ്ട് അങ്ങോട്ടും പോയി. മോളികുട്ട്യേ വിളിച്ചിട് കൂടെ ചെന്നില്ല അവൾ.. പക്ഷെ എല്ലാം തകിടംമറിച്ചു കൊണ്ട് നാട്ടിൽ നിന്നും വന്നു രണ്ടു മാസത്തിനു ശേഷം ജോലി സ്ഥലത്തു വെച്ചൊരു തലകറക്കമുണ്ടായി.. ഷുഗര് കുറഞ്ഞത് കൊണ്ടാകുമെന്നാണാദ്യം കരുതിയത്. പക്ഷെ അവിടെ ചെക്കപ്പ് ചെയ്തപ്പോൾ ഹൃദയ വാൽവിലുള്ള ചെറിയ തകരാറാണ് തലകറക്കത്തിന് കാരണമെന്നും ചെറിയ ഒരു അറ്റാക്കിന്റെ ലക്ഷണമാണതെന്നും ബോധ്യമായി.. തുടർന്നുള്ള ചികിത്സക്കും മറ്റുമായി സുഹൃത്തുക്കളുടെ നിര്ബന്ധപ്രകാരമാണ് നാട്ടിലേക്ക് വന്നത്. ഈ സംഭവങ്ങളൊന്നും നാട്ടിൽ മോളികുട്ടിയെയും മക്കളയേയും അറിയിച്ചില്ല..എനിക്കൊരു ചെറിയ പനി വന്നാൽ പോലും മോളികുട്ടിക്കു സങ്കടമാ . പണി കുറവായിരുന്നതിനാൽ കമ്പനിയിൽ നിന്നും തൽക്കാലത്തേക്ക് പിരിച്ചു വിട്ടതാണെന്നാണ് അവരോടൊക്കെ പറഞ്ഞെ. നാട്ടിൽ വന്നു രണ്ടാം ദിവസം കൂട്ടുകാരനെ കാണാനെന്നും പറഞ്ഞ ഒറ്റക് സിറ്റി ഹോസ്പിറ്റലിൽ വന്നു കാണിച്ചപ്പോളും കഴിയുന്നത്ര പെട്ടെന്ന് തന്നെ ഓപ്പറേഷൻ വേണമെന്ന് തന്നെയാണ് ഡോക്ടറും പറഞ്ഞത്... അതിനുള്ള തുക എങ്ങനേലും സംഘടിപ്പിച്ചിട്ടു രോഗവിവരം മോളികുട്ടിയെ അറിയിക്കാമെന്ന് കരുതി.. അതിനാണ് ആവശ്യത്തിനെന്നും പറഞ്ഞു സ്റെല്ലമോളോട് പൈസ ചോദിച്ചത്......
ഓരോന്നും ആലോചിച്ചിരുന്നപ്പോൾ മോളികുട്ടി അടുത്തേക്ക് വന്നു.
" ഇച്ചായനെന്താ ആലോചിക്കുന്നേ??? "
" അല്ലെടീ.. ഞാൻ സ്റ്റെല്ല മോള് പറഞ്ഞതോർക്കുവാ.. ഇതുവരേം മറുത്തൊരു വാക്കു പറയാത്തവരാ രണ്ടു മക്കളും. ഞാൻ പ്രവാസം മതിയാക്കി വന്നപ്പോൾ ഒരു ബാധ്യത ആകുമെന്ന് കരുതികാണുമല്ലേടി...?"
" സങ്കടം സഹിക്കാൻ വയ്യ അച്ചായാ.. രണ്ടു മക്കളും അവരുടേതായ തിരക്കിലായപ്പോൾ നമ്മളെ നോക്കാൻ സമയമില്ലാതായിപോയി ...അതല്ലേ നാളെ നമ്മളെ കരുണാലയത്തിലേക്കു മാറ്റുന്നത്.. .. ഞാനും ഇച്ചായനും ഇവിടെ നിക്കാമെന്നു പറഞ്ഞിട്ട് പോലും സമ്മതിക്കുന്നില്ലാവർ.. നിർബന്ധം പിടിക്കുവാ.. ഒറ്റക്കാക്കിപ്പോയിട്ട് റിസ്ക് എടുക്കണ്ട വയ്യ പോലും രണ്ടു പേർക്കും..."
അതും പറഞ്ഞവൾ പൊട്ടിക്കരഞ്ഞു...
" നീ വിഷമിക്കേണ്ടടി.. അവര് ജീവിതം പഠിച്ചു വരുന്നതേ ഉള്ളു.. ജീവിതം കെട്ടിപൊക്കുന്ന തിരക്കിൽ അപ്പച്ചനെയും അമ്മച്ചിയേയും വേണ്ട രീതിയിൽ നോക്കാൻ കഴിയില്ലെന്ന് തോന്നിക്കാണും . നമ്മളെപ്പോലെ ഒരുപാട് പേര് കരുണാലയത്തിലും കാണും. കുറച്ചുനാൾ അവരുടെ കൂടെ കഴിയാം. നമ്മൾ രണ്ടു പേരുള്ള വീട്ടിൽ നിന്നും ഒരുപാട് അംഗങ്ങൾ ഉള്ള ഒരിടത്തേക്ക് പറിച്ചു നടുന്നു എന്ന് നമുക്ക് ആശ്വസിക്കാം ." എന്നും പറഞ്ഞ അവളെ ഞാൻ സമാധാനിപ്പിച്ചു .. എങ്കിലും മനസിലെ നീറ്റൽ മാറുന്നില്ല. മക്കളുടെ ഈ മാറ്റം. അത് പുറത്തു കാണിക്കാതെ അവളെ ഞാൻ ആശ്വസിപ്പിച്ചു. മക്കൾ രണ്ടു പേരും നമ്മുടെ ഭാഗ്യമാണെന്ന് ഒരുപാടാവർത്തി ഞാനവളോട് പറഞ്ഞിട്ടുള്ളതാ. പക്ഷെ എവിടെയാ പിഴവ് പറ്റിയതെന്ന് ആലോചിച്ചിട്ട് ഒരു പിടുത്തവുമില്ല..
പിറ്റേന്ന് പറഞ്ഞ സമയത്തു തന്ന്നെ കുഞ്ഞുമോനെത്തി. ഞാനും മോളി കുട്ടിയും അവന്റെ കൂടെ കാറിൽ കേറി യാത്രയായി. യാത്രയിലുടനീളം ഒരു വാക്കും കുഞ്ഞുമോൻ മിണ്ടിയില്ല. മുഖത്ത് ഇത് വരെ ഇല്ലാത്ത ഗൗരവവും. ഓരോന്നും ആലോചിച്ചപ്പോൾ നെഞ്ചിനകത്തൊരു പുളച്ചിൽ. യാത്രയിലെപ്പോഴോ അല്പം ഉറങ്ങിപ്പോയി.
വണ്ടി നിർത്തിയതറിഞ്ഞപ്പോളാണുണർനെ. പണി തീരാത്ത ഒരു ചെറിയ കെട്ടിടത്തിന്റെ മുന്നിലായിട്ടാ യാത്ര അവസാനിച്ചത്.
"അപ്പച്ചനും അമ്മച്ചിയും ഒന്നിറങ്ങിയേ "...
എന്താണ് സംഭവിക്കുന്നതറിയാതെ ഞാനും മോളി കുട്ടിയും ഇറങ്ങി. ആ കെട്ടിടത്തിന്റെ മുന്നിലായിട്ട് സ്റ്റെല്ല മോളും കെട്ടിയവൻ റോയിയും നിക്കുനുണ്ടായിരുന്നു. അവളുടെ മുഖത്തെയും ഗൗരവത്തിനു മാറ്റമൊന്നുമില്ല.
"അപ്പച്ചന് ഞങ്ങൾ അന്യരാണെന്നു മനസിലായി. അത് കൊണ്ടല്ലേ ഗൾഫിൽ നിന്നും പെട്ടെന്ന് നാട്ടിലേക്ക് തിരിച്ച കാര്യം ഞങ്ങളെ അറിയിക്കാത്തതു" ഗൗരവം ഒട്ടും വിടാതെ തന്നെ കുഞ്ഞുമോൻ പറഞ്ഞു.
"അത് കമ്പനിയിൽ നിന്നും ജോലി ഇല്ലാത്തതു കൊണ്ട് താത്കാലികമായി പിരിച്ചു വിട്ടതാ മക്കളെ" . അല്പം പതർച്ച വന്നെങ്കിലും പറഞ്ഞൊപ്പിച്ചു.
"എന്തിനാണപ്പച്ച കള്ളം പറയുന്നേ. സിറ്റി ഹോസ്പിറ്റലിൽ നിന്നും ഡോക്ടർ അരുൺ കുമാറിനെ കണ്ടിട്ട് അപ്പച്ചൻ പോകുന്നത് എന്റെ സുഹൃത്തു ഷറഫു കണ്ടായിരുന്നു. അവൻ അപ്പച്ചന്റെ അടുത്തേക്ക് വന്നപ്പോളേക്കും അപ്പച്ചൻ പോയിരുന്നു. അപ്പച്ചനെ ഒറ്റയ്ക്ക് കണ്ടതിൽ പന്തികേട് തോന്നിയ അവൻ അന്ന് ഡോക്ടറിനെ കേറിക്കണ്ടു വിവരങ്ങൾ മനസിലാക്കി അപ്പോൾ തന്നെ എന്നെ വിളിച്ചറിയിക്കുകയും ചെയ്തു. പിറ്റേന്ന് തന്നെ ഞാൻ ലീവ് എടുത്ത് അവനേം കൂട്ടി വന്നു ഡോക്ടറിനെ കണ്ടപ്പോൾ കാര്യങ്ങൾ എനിക്ക് വിശദീകരിച്ചു തന്നു. ഹാർട്ട് വാൽവിൽ ബ്ലോക്ക് ഉള്ളതും ജോലി സ്ഥലത്തു തളർന്നു വീണതുമെല്ലാം. നേരെ ഇച്ചേച്ചീടെ അടുത്ത പോയി കാര്യങ്ങൾ പറഞ്ഞു. അതാ ഒന്നും അറിയാത്ത പോലെ അവളും ഞാനും അങ്ങോട്ട് വന്നേ. അപ്പച്ചൻ ഞങ്ങൾടെ കൂടെ സത്യം പറഞ്ഞില്ലെങ്കിൽ കരുണാലയത്തിലാകുമെന്ന് പറഞ്ഞു പറ്റിക്കാമെന്നു തീരുമാനിച്ചിട്ട വന്നത്.ക്ഷമിക്കപ്പച്ചാ ഞങ്ങളുടെ കൂടെ. പറഞ്ഞൂടായിരുന്നോ എല്ലാം.. ഞങ്ങൾ എല്ലാം ശെരിയാക്കിലായിരുന്നോ??.." എന്നും പറഞ്ഞു കുഞ്ഞുമോൻ വിതുമ്പി
ഇതെല്ലം കേട്ടുകൊണ്ട് മോളി ക്കുട്ടി എന്നെ നോക്കുന്നുണ്ടായിരുന്നു. "എന്റെ കൂടെയെങ്കിലും ഇച്ഛയാണ് പറയായിരുന്നു എല്ലാം ".
"ആരെയും വിഷമിപ്പിക്കണ്ടെന്നു കരുതി. അതാ പറയാതെ. ഓപ്പറേഷന് ഉള്ള പൈസ തരപ്പെടുത്തിയിട്ട് സാവകാശം നിന്നെ കൂടെ പറയാമെന്നു കരുതി."
സ്റ്റെല്ല മോള് കരഞ്ഞു കൊണ്ട് എന്നെ വന്നു കെട്ടിപിടിച്ചു " സോറി അപ്പച്ചാ. അപ്പച്ചനെ ഞങ്ങൾ കരുണാലയത്തിലാകുമെന്നു കരുതിയോ.? കുഞ്ഞു മോൻ അങ്ങനെ പറഞ്ഞപ്പോൾ അപ്പച്ചൻ ദേഷ്യപ്പെട്ടെങ്കിലെന്നു ആഗ്രഹിച്ചായിരുന്നു ഞങ്ങൾ. കുഞ്ഞുങ്ങൾക്ക് നന്മ പറഞ്ഞ കൊണ്ട് കൊടുക്കേണ്ട ഒരു അദ്ധ്യാപികയായ ഞാൻ അതിനു കൂട്ട് നിൽക്കുമെന്ന് കരുതിയോ? നിങ്ങൾ മോനെ പോലെ കരുതുന്ന എന്റെ ഇച്ചായൻ സമ്മതിക്കുമെന്നു കരുതിയോ? അങ്ങനെയാണോ ഞങ്ങളെ നിങ്ങൾ വളർത്തിയെ? അപ്പച്ചൻ ഒന്നും പറയാതെ ഞങ്ങളെ വിഷമിപ്പിച്ചപ്പോൾ വെറുതെ ഒരു ഡ്രാമ കളിക്കണമെന്ന് തോന്നി. അപ്പോളെങ്കിലും അപ്പച്ചൻ രോഗവിവരം പറയുമെന്ന ഞങ്ങൾ കരുതിയെ... പക്ഷെ,... സോറി അപ്പച്ചാ.."
അപ്പോൾ റോയി ഞങ്ങളോടായി പറഞ്ഞു " ഇനി അപ്പച്ചനും മക്കളും കരയുന്നത് നിർത്തു.. പിന്നെ ഈ പണി തീരാത്ത കെട്ടിടം. അത് അപ്പച്ചനും അമ്മച്ചിക്ക് ഞങ്ങളുടെ വകയായി ഈ വരുന്ന വെഡിങ് ആനിവേഴ്സറിക്കു സമ്മാനമായി തരാൻ പണി കഴിപ്പിച്ചു കൊണ്ടിരിക്കുന്നതാ. അപ്പച്ചൻ പെട്ടെന്ന് നാട്ടിലോട്ട് വന്നത് കൊണ്ടാ ഇപ്പോൾ ഇത് കാണിച്ചേ,. അപ്പച്ചന്റെ ആഗ്രഹം പോലെ ഒരു കട തുടങ്ങാനായിട്ട്. ഇനി ഈ പേരും പറഞ്ഞു ഗള്ഫിലോട്ട് പോകാതിരിക്കാൻ. "
അപ്പോളേക്കും കുഞ്ഞുമോൻ തുടർന്നു "ഞാനും സൂസിയും താമസിക്കാതെ തന്നെ നമ്മുടെ വീട്ടിലോട്ടു വരും. ഒരു ട്രാൻസ്‌ഫറിന് ശ്രമിക്കുന്നുണ്ട്. നിങ്ങളെ ഞങ്ങൾ ഒറ്റക്കാകില്ല. അത് വരെ നിങ്ങൾ ഇച്ചേച്ചിയുടെ കൂടെ പോകു. ഒറ്റക് നിക്കണ്ട നമ്മുടെ വീട്ടിൽ. പിന്നെ ഡോക്ടറിനെ കണ്ടു എത്രയും പെട്ടെന്ന് തന്നെ ഓപ്പറേഷനും തീയതി തീരുമാനിക്കണം നമുക്ക്. അതിന്റെ ചിലവിനെ കുറിച്ച് നിങ്ങൾ വിഷമിക്കണ്ട. ഞങ്ങൾ മക്കളുള്ളപ്പോൾ ആവശ്യമില്ലാതെ ഒരു ടെൻഷനും നിങ്ങൾക് വേണ്ട കേട്ടോ"
എന്നും പറഞ്ഞു അവനെന്നെ കെട്ടിപിടിച്ചു. .
സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു. ഇത്രേം 
സ്നേഹ നിധിയായ മക്കളെ തന്നതിൽ ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot