നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അങ്കിൾ

Image may contain: 1 person, beard and closeup
ഹായ് അങ്കിൾ... ഹൗ ആർ യു? "
മെസഞ്ചറിൽ കിളി ചിലച്ചപ്പോഴാണ് മെസ്സേജ് കണ്ടത്. അടുത്ത സുഹൃത്തിന്റെ മകൻ രാഹുൽ ആണ്‌. എന്നോ അവന്റെ ഫ്രണ്ട് റിക്വസ്റ്റ് വന്നിരുന്നു. എപ്പോഴും പച്ച കത്തി കിടക്കുന്ന സുഹൃത്തുക്കളുടെ കൂട്ടത്തിൽ ഈ പയ്യനും ഉണ്ട്.
"ഐ ആം ഫൈൻ രാഹുൽ. ആൻഡ് യൂ? " എന്ന് ടൈപ്പ് ചെയ്യുമ്പോൾ ഇന്നലെ അവിടെ പോയതാണ് പെട്ടെന്ന് മനസ്സിലേക്ക് വന്നത്. 
അവിചാരിതമായി ആണ്‌ സുഹൃത്തിന്റെ വീട്ടിൽ പോകേണ്ടി വന്നത്. നല്ല മനുഷ്യൻ. ഭാര്യയും വാ നിറയെ സംസാരിക്കും. കുലീനമായ പെരുമാറ്റവും രുചിയുള്ള സൽക്കാരവും. മനസ്സ് നിറഞ്ഞു. പൊട്ടിച്ചിരികളും, തമാശകളും.സമയം പോയതറിഞ്ഞില്ല. ഹൃദ്യമായ സ്നേഹത്തിനു കൈ പിടിച്ചു കുലുക്കി നന്ദി പ്രകടിപ്പിച്ചു ഞാൻ ഇറങ്ങി. 
പക്ഷെ മനസ്സിൽ കരട് പോലെ രാഹുലിന്റെ പെരുമാറ്റം അലോസരം സൃഷ്ടിക്കാതിരുന്നില്ല. ഒറ്റ മോനാണ്. നല്ല ബുദ്ധിയും സൗന്ദര്യവും ഒക്കെ ഉള്ള സ്മാർട്ട്‌ പയ്യൻ. ഇന്നലെ ഞാൻ അവിടെ ചിലവഴിച്ച ഒന്നര മണിക്കൂറോളം എന്നോട് മിണ്ടാതെ ഇരുന്നത് അവനാണ് . എന്നിട്ടിപ്പോൾ മെസഞ്ചറിൽ സുഖ വിവരം ആരാഞ്ഞിരിക്കുന്നു . ചിരി വന്നു. അതോടൊപ്പം സങ്കടവും. 
കൈവെള്ളയിൽ ഒതുങ്ങാത്ത ഒരു ഫോണും പിടിച്ചു, ഇയർ ഫോണും ചെവിയിൽ തിരുകി അവൻ വേറെ ഏതോ ലോകത്തു എന്ന് തോന്നി. ഒരാൾ വീട്ടിലേക്കു കയറി വരുമ്പോൾ ഉള്ള ആദരവോ, സൗഹൃദമോ ഒന്നും ഞാൻ അവനിൽ കണ്ടില്ല . ഞാൻ എന്തോ ചോദിച്ചത്, ഇയർ ഫോണിൽ നിന്നുള്ള ശബ്ദം കാരണം ആകണം അവൻ കേട്ടേ ഇല്ല എന്ന് തോന്നി. 
സുഹൃത്തിനോട് സംസാരിക്കുമ്പോഴും അവന്റെ പെരുമാറ്റം എന്നെ അത്ഭുതപെടുത്തി. ഏതോ ഗെയിം കളിക്കുകയാണ്. അതിന്റെ കൂടെ എന്തൊക്കെയോ ടൈപ്പ് ചെയ്യുന്നു. ഇടയ്ക്കു ചിരിക്കുന്നു. വീട്ടിൽ ഒരു അതിഥി വന്നത് അവനെ ബാധിച്ചിട്ടേ ഇല്ല എന്ന് തോന്നി. അടക്കി പിടിച്ചു ഫോണിനോട് എന്തോ പറയുന്നു. ആർക്കോ വോയിസ്‌ മെസ്സേജ് വിടുന്നതാണെന്നു മനസ്സിലായി. 
ഭക്ഷണം കഴിക്കാൻ ഇടക്ക് എഴുന്നേറ്റു വന്നു. ബർമുഡയും അയഞ്ഞ ഒരു ടി ഷർട്ടും. അപ്പോഴും കയ്യിൽ മൊബൈൽ ഉണ്ട്. സ്പൂൺ കൊണ്ടാണ് കഴിക്കുന്നത്. ഭക്ഷണം നോക്കുന്നെ ഇല്ല. അതിന്റെ ഇടയിലും ഗെയിമും ചാറ്റിങ്ങും. അമ്മ എന്തൊക്കെയോ വഴക്ക് പറഞ്ഞിട്ടും അവനത് കേട്ടതായി പോലും ഭാവിക്കുന്നില്ല.
എന്തോ കഴിക്കുന്നു എന്ന് വരുത്തി വീണ്ടും അവന്റേതായ ലോകത്തേക്ക് ഒരു പിൻനടനം. അതെ. സോഫയിൽ വീണ്ടും ചടഞ്ഞു കൂടി കഴിഞ്ഞു.
പണ്ടൊക്കെ വീട്ടിലേക്കു ഒരു വിരുന്നുകാരൻ വരുന്നത് ആണ്‌ എന്റെ മനസ്സിലേക്ക് ഓടി വന്നത്. അവർ വന്നു പോകുന്നത് വരെ ഒരു അങ്കലാപ്പും ആഹ്ലാദവും ഒക്കെ ആണ്‌. എന്തെങ്കിലും നമ്മളോട് ചോദിക്കാൻ കാത്തിരിക്കും. മുതിർന്നവർ തമ്മിൽ സംസാരിക്കുന്നതു കാതോർത്താണ് നടപ്പ്. അവർ തിരിച്ചു പോകുമ്പോൾ വഴി വരെ കൂടെ പോകും. 
രാഹുൽ മെസഞ്ചറിൽ വാചാലനാകുന്നു. എനിക്കെന്തോ മറുപടി എഴുതണം എന്ന് തോന്നിയില്ല. ഇന്നലെ നേരിട്ട് കണ്ടിട്ട് മിണ്ടാത്തവനാണ് ഓൺലൈനിൽ നിറയെ സംസാരിക്കുന്നതു. 
മെസ്സഞ്ചർ ലോഗൗട്ട് ചെയ്തു എഴുന്നേറ്റു. 
ഓൺലൈനിൽ മാത്രം വികാരങ്ങൾ പുറത്തെടുക്കുന്ന ഒരു തലമുറ വളർന്നു വരുന്നു എന്ന് മനസ്സിലാക്കി കൊണ്ട് . ഒരു വീട്ടിൽ തന്നെ തുരുത്തുകളായി മാറുന്ന ഒരു സംസ്കാരം നമ്മുടെ എല്ലാം വീടുകളെ പിടിമുറുക്കുന്നു എന്ന സത്യം എന്നെ നോക്കി കൊഞ്ഞനം കുത്താൻ തുടങ്ങിയിരുന്നു അപ്പോൾ. 
സാങ്കേതിക വിപ്ലവങ്ങൾ സൃഷ്ടിക്കുന്ന തുരുത്തുകൾ ചെറുതായി ചെറുതായി നമ്മളെ ശ്വാസം മുട്ടിക്കാതിരിക്കാൻ ഇറങ്ങി ഓടണം എന്നുണ്ട്. പറ്റുന്നില്ലല്ലോ....

By: BinuJohn

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot