നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പിതൃദേവോ ഭവ: (കഥ )


ആയിരം പൂർണ്ണചാന്ദ്രദർശനം പൂർത്തിയാക്കി അച്ഛൻ വിടവാങ്ങുമ്പോൾ സിദ്ധാർത്ഥനോട് ഒന്നേആവശ്യപ്പെട്ടിരുന്നുള്ളൂ ...., കർക്കിടകം തീരുന്നതിനു മുൻപേ രാമായണം വായിച്ചുതീർക്കണം ... തുടർന്നുള്ള എല്ലാവർഷവും മുടങ്ങാതെ തുടരുകയുംവേണം .
ഇന്ന് കർക്കിടകം 29.... കഴിഞ്ഞ 16 ദിവസമായി മുടങ്ങിയത് തീർക്കണം ... അതും രണ്ട് ദിവസത്തിൽ ... തികഞ്ഞസാത്വികനായ മേൽപ്പറമ്പിൽ രാമൻമേനോൻ നാട്ടുകാർക്കിടയിൽ ഒരുബഹുമുഖപ്രതിഭയായിരുന്നു. ആദ്ധ്യാത്മികതയും ജ്യോതിഷവും സംഗീതവും സാഹിത്യവും സംഗമിച്ച ഒരു മഹാസാഗരം .സത്സംഗങ്ങൾ ആപൂമുഖത്തെ പലപ്പോഴും മുഖരിതമാക്കിയിരുന്നു .
ചടങ്ങുകൾ കഴിഞ്ഞ് ബന്ധുക്കളും ഉറ്റവരും വിടവാങ്ങിയ ആ വീട്ടിൽ ഒരു ശൂന്യതനിറഞ്ഞിരുന്നു, ഗ്രീഷ്മതാപം ഒപ്പിയെടുത്ത അരുവിയെപ്പോലെ അവിടെ ഒരു നിസ്സംഗത തളംകെട്ടിനിന്നു. ... അച്ഛൻ സൃഷ്ടിച്ച ശൂന്യത വളരെവലുതാണെന്ന് സിദ്ധാർത്ഥന് തോന്നി.
അമ്മവിടവാങ്ങിയപ്പോൾപ്പോലും ഇത്ര നിശ്ചലത വീടിനെ പുൽകിയിരുന്നില്ല .
ആസന്നമരണം മനസ്സിലാക്കിയാവാം മേനോൻ യുദ്ധകാണ്ഡം ഏകദേശം മുക്കാൽ ഭാഗത്തോളമെത്തിയിരുന്നു. ... ആദിത്യഹൃദയമന്ത്രശക്തിയും രാമരാവണയുദ്ധാന്ത്യവും സിദ്ധാർത്ഥന്റെ മനസ്സിൽ നവോൻമേഷം പകർന്നു .. ആദ്യദിവസത്തെ വായനയ്ക്ക് ശേഷം വലത് പേജിൽ വായന നിർത്തി അടയാളംവെച്ച് ശ്രീരാമനാമം ഉരുവിട്ട് ഗ്രന്ഥംമടക്കവേ അടയാളം വെയ്ക്കുന്ന കവറിൽ സിദ്ധാർത്ഥന്റെ മിഴികളിലുടക്കി ..
ഒരു പഴയ കവർ .. അയാൾ അത്കൈയ്യിലെടുത്തു .. രണ്ടായി മടക്കിയ കവർ നിവർത്തി... തന്റെ പേരിൽവന്ന ഒരു കത്ത് .
പക്ഷെ ...?
ഇതുവരെ എന്തുകൊണ്ടായിരിക്കും അച്ഛൻ അത് നൽകാഞ്ഞത് ....? അയാൾ ധൃതിയിൽ അത് നിവർത്തി ഉള്ളിലെ പേപ്പർ എടുത്തു ...
ഒരു വിവാഹക്ഷണക്കത്ത് ...;
വധു ഇന്ദിര ...വരൻ മോഹനൻ ...!
ഇന്ദിര , ..അതെ തന്റെ ഇന്ദിരയുടെ വിവാഹക്ഷണക്കത്ത് ...
"എന്റെ വിവാഹമാണ് അടുത്ത മാസം ... അച്ഛനമ്മമാരെ എതിർക്കാൻ എനിക്ക് കരുത്തില്ല ... മുഹൂർത്ത സമയംവരെ ഞാൻ കാത്തിരിക്കും ... പിറക്കാനിരിക്കുന്ന നമ്മുടെ കുഞ്ഞും ... പിന്നെ ഒരിക്കലും എന്നെ അന്വേഷിച്ച് വരരുത് .... ഒരപേക്ഷയാണ് .
........
ഇന്ദിര ....,"
കത്തിന്റെ പിൻഭാഗത്ത് അവൾ കോറിയിട്ട അക്ഷരങ്ങൾ ചാട്ടുളി പോലെ അയാളുടെ നെഞ്ചിൽ തറച്ചു. ....!
"സിദ്ധൂ... ഇതൊന്നും വേണ്ടാട്ടോ ..നിക്ക് പേടിയാവുണൂ.... "
പ്രക്ഷുബ്ദ്ധ യൗവ്വനം അവളിലേക്ക് നിറഞ്ഞൊഴുകിയ രാവിനെ അയാൾ ശപിച്ചു ... കോളേജ് ഹോസ്റ്റലിന്റെ തൊട്ടടുത്ത വീട്ടിലെ പാവം സുന്ദരിപെൺകുട്ടിയെ തന്റെ പ്രണയപാശത്താൽ വരിഞ്ഞുമുറുക്കിയ കോളേജിലെ ഹീറോ... അവസാനവർഷ പരീക്ഷയുടെ ഇടയിൽ അവളെ സ്വന്തമാക്കിയ ദിവസത്തെ അയാൾ മറന്നത് മനപൂർവ്വമായിരുന്നോ ...?
പഠനാന്തരം അമ്മാവന്റെ ബിസിനസ്സും മുറപ്പെണ്ണും അയാളിൽ ഭാഗ്യവർഷം ചൊരിഞ്ഞപ്പോൾ ഇന്ദിര ഒരു ജലരേഖ പോലെ അയാളിൽ നിന്നും മായ്ഞ്ഞു .....
ഒരു പക്ഷെ ഈ കത്ത് അന്ന് കിട്ടിയിരുന്നെങ്കിൽ ....?
അയാൾ ആ കത്ത് പലകുറി വായിച്ചു .... തന്റെ കുഞ്ഞ് ...? എന്തു പറ്റിക്കാണും ... നശിപ്പിച്ചിട്ടുണ്ടാവുമോ ...?
രാമായണത്തിന്റെ ഫലശ്രുതി പാരായണം ചെയ്യുമ്പോൾ അയാളുടെ മനസ്സിൽ എവിടെയോ ഒരു കാൽത്തള കിലുങ്ങി .... അത് പതിയെ വളർന്ന് ഒരു യുവതിയായി മാറിയിരിക്കുന്നു. തന്റെ ഇന്ദിരയെപ്പോലെത്തന്നെ .. അതോ തന്നെപ്പോലെയോ ..?
അയാളുടെ ശരീരം തളരുന്നപോലെ.... ഒരു വിധം വായിച്ചുകൂട്ടി അയാൾ എഴുന്നേറ്റു ... "അച്ഛാ പകുത്ത് ഞാൻ വായിക്കാം ... നോക്കാലോ എന്താ കിട്ടുന്നുതെന്ന് ..."
മകളുടെ കൈയ്യിൽ ഗ്രന്ഥം നൽകി അയാൾ ചാരുകസേരയിലേക്ക് ചാഞ്ഞു ....
"നാളെ പുലർകാലെ പോവുന്നതുണ്ടുഞാൻ നാളീകനേത്രനെ കൊണ്ടിങ്ങു പോരുവാൻ...."
മകളുടെ മനോഹര ശബ്ദത്തിൽ ഭരതന്റെ ദൃഢനിശ്ചയം തുളുമ്പിനിന്നപ്പോൾ അയാളുടെ ഉള്ളംപിടഞ്ഞു.
"നാളെ പോണം..."
"നിങ്ങൾ എവിടെ പോകുന്ന കാര്യമാ പറയുന്നേ ... ശ്രീരാമനെ കൂട്ടിക്കൊണ്ടു പോരാനാണോ ...? " ഭാര്യയുടെ ചിരിയിൽ പക്ഷെ പതിവുപോലെ അയാൾക്ക് പങ്കുചേരാനായില്ല ....
"എന്താ പറ്റീത് ... രണ്ടു ദിവസമായെല്ലോ ഒരു മ്ലാനത ... "
"ഭരതന്റെ സഹോദരസ്നേഹം എത്ര ഉദാത്തമാണല്ലേ അച്ഛാ ....?
ഹും .. സഹോദരങ്ങളില്ലാത്ത എനിക്ക് തോന്നിയതാവും .. "
മകളുടെ നെടുവീർപ്പിൽ അയാൾ സ്വയംഉരുകി ...
"ഇല്ല മോളെ നീ ഒറ്റയക്കല്ല ... നിനക്കും ഒരു കൂടപ്പിറപ്പുണ്ട് ... ഈ അച്ഛന്റെ സന്തതി പക്ഷെ ... അത് ... അത് ...!" അയാൾക്ക് ഉറക്കെ പറയണമെന്നുണ്ടായിരുന്നു. ...
"നാളെ എനിക്കൊരിടം വരെ പോണം .. " അത്രയും പറഞ്ഞ് സിദ്ധാർത്ഥൻ എഴുന്നേറ്റു ...
"ടൗണിലേക്കാച്ചാ അച്ഛൻ മോൾക്ക് പിറന്നാളിന് കൊടുത്ത ആ മോതിരം കൂടി എടുത്തോളൂ ... മാറ്റി വാങ്ങാലോ ... കുറേ ആയില്ലേ അത് ..."
ഉള്ളിൽ അഗ്നികുണ്ഡമെരിയുമ്പോഴാ.. അവളുടെ മോതിരം . സിദ്ധാർത്ഥന് ഭാര്യയോട് ദേഷ്യവും ഒപ്പം തന്റെ നിസ്സഹായവസ്ഥയിൽ സങ്കടവും വരുന്നുണ്ടായിരുന്നു. ... കഴിഞ്ഞ പിറന്നാളിന് മകൾക്ക് തന്റെ അച്ഛൻ സമ്മാനിച്ച വജ്രമോതിരം... പക്ഷെ അവൾക്ക് അളവ് കൂടുതലായിരുന്നു .. കുറേ നാളായി മാറ്റാൻ പറയുന്നു. ...
മനസ്സു മുഴുവനും ആ കത്തിലെവാചകങ്ങൾ തിങ്ങി നിറയുന്നു .. നിമിഷ നേരം കൊണ്ട് തന്റെ മാനസികവ്യാപരങ്ങളെ തകിടംമറിച്ച അക്ഷരങ്ങൾ ..
ദീർഘദർശിയായ അച്ഛൻ മന:പൂർവ്വം ഒളിപ്പിച്ച നഗ്നസത്യം .. ഇനി അത്കാണാൻ തന്നെയാവുമോ അച്ഛൻ രാമായണത്തിന്റെ കാര്യംപറഞ്ഞത് ....
കാലത്ത് ഒരുങ്ങുമ്പോഴും അയാളുടെ മനസ്സിൽ ആശങ്കകൾ അരങ്ങുവാണിരുന്നു
എങ്ങോട്ടു പോവും ... ഇന്ദിരയുടെ വീട്ടിലേക്കോ അതോ ഭർത്താവിന്റെ വീട്ടിലേക്കോ ...?
മോഹനന്റെ അഡ്രസ് ഒരു തുണ്ട്കടലാസ്സിൽ പകർത്തി അയാളിറങ്ങി .. ബസ്സിന്റെ വേഗതയിൽ സിദ്ധാർത്ഥന് അരിശം തോന്നി ..
മനസ്സിലെ ചിന്തകൾ അതിശീഘ്രം പുറകിലേക്ക് പായുമ്പോഴും ഇന്ദിര ഒരുനോവായി അയാളുടെ ഉള്ളിൽനിറഞ്ഞു ...
തന്റെ സ്വാർത്ഥതമൂലം നഷ്ടമായ സൗഭാഗ്യം ... തന്നെ അവൾ അത്രയും സ്നേഹിച്ചിരുന്നു അല്ലെ ... എന്നിട്ടും ..?
ബസ്സിറങ്ങി വഴിപോക്കരുടെ ദിശാസൂചികകൾ പാദങ്ങളിൽ സമന്വയിപ്പിച്ച് സിദ്ധാർത്ഥൻ ചെന്നുകയറിയത് ഒരു പന്തലിനാൽ അണിഞ്ഞൊരുങ്ങിയ വീട്ടിലായിരുന്നു. ...
ചുറ്റും അപരിചിതമുഖങ്ങൾ .. ഇതിൽ എങ്ങിനെ കണ്ടെത്തും ...? ആരിൽ നിന്നും തുടങ്ങണം ,ആരോട് ചോദിക്കണം ... മനസ്സിൽ ചോദ്യങ്ങൾ നിറഞ്ഞു ...
"വരൂ .... അകത്തേക്കിരിക്കാം ...."
അപരിചിതൻ ചൂണ്ടിയവഴിയിലൂടെ നടന്നു
"മോഹനാ നീയ്യ് വേഗം കുളിച്ച് വന്നോ.. ആൾക്കാരൊക്കൊ വന്നുതുടങ്ങി ട്ടോ .."
മോഹനൻ ... അതെ ,ഇന്ദിരയുടെ ഭർത്താവ് .
സിദ്ധാർത്ഥൻ പെട്ടന്ന് തിരിഞ്ഞുനോക്കി ...
പാതി നരവീണ താടിയും മുടിയും .. ആകെ ഒരു ക്ഷീണിത വേഷം .
"ഞാൻ സിദ്ധാർത്ഥൻ .. ഇവിടെ.. ?"
ആ കൈകളിൽപിടിച്ച് അങ്ങിനെ പറയുമ്പോൾ ഒരു മരവിപ്പ് തനിക്ക് അനുഭവപ്പെട്ടപോലെ തോന്നി സിദ്ധാർത്ഥന് ...
"ഇരിക്കൂ. ... ഭക്ഷണം കഴിക്കുമ്പോഴേക്കും ഞാൻ വരാം. ... "
എന്താണെന്നോ ആരാണെന്നോ അറിയാതെ പന്തിയിൽ ഇരുന്നുണ്ണുമ്പോൾ അയാളുടെ മിഴികൾ അവിടെയൊക്കെ പരതി... എവിടെയവൾ ...?
"വരൂ. ... "
കൈകഴുകി മോഹനന്റെ പുറകേനടക്കുമ്പോൾ മനസ്സ്പ്രക്ഷുബ്ദ്ധമായിരുന്നു ... എന്ത് പറയും ,എവിടെ തുടങ്ങും ,അറിയില്ല ... തിടുക്കത്തിൽ ഇറങ്ങിപ്പുറപ്പെട്ട നിമിഷത്തെ അയാൾ ശപിച്ചു. ...
"നമുക്കൽപ്പം മാറിനിൽക്കാം.... കഴിഞ്ഞ ഇരുപത് വർഷമായി ഞാൻ നിങ്ങളെ കാത്തിരിക്കുന്നു ... എല്ലാം എനിക്കറിയാം അവൾ എല്ലാം പറഞ്ഞിരുന്നു. ... നാളെ മകളുടെ വിവാഹമാണ് ..... "
അവർ അകത്തേക്ക് കടന്നു. ... സാമാന്യം ഭേദപ്പെട്ട വീട് ... ചെറിയ മുറികൾ .. അതിലൊന്നിലേക്ക് നോക്കി മോഹനൻ വിളിച്ചു .
"മോളേ ജാനകി ... "
സർവ്വാലങ്കാര വിഭൂഷിതയായി ഇറങ്ങിവന്ന അവളെ കണ്ടതും സിദ്ധാർത്ഥൻ ഞെട്ടിത്തരിച്ചു. ....
"ഇന്ദിര ... !"
അയാൾ ആകെ വിയർത്തു ... ശരീരം തളരുന്നപോലെ ... "ഈശ്വരാ എന്തൊരു പരീക്ഷണം. " ചുണ്ടുകൾ വറ്റിവരണ്ടു ...
ഇന്ദിരയുടെ തനിപകർപ്പ് ... അയാൾ ചുറ്റും കണ്ണോടിച്ചു... പക്ഷെ പ്രതീക്ഷിച്ച മുഖം മാത്രം എവിടേയും കണ്ടില്ല ...
"ഇതാണ് മകൾ ... അവളെ അനുഗ്രഹിക്കണം.... "
നിറമിഴിയോടെ മോഹനനെ നോക്കുമ്പോഴേക്കും തന്റെപാദങ്ങളിൽ അവളുടെ കരസ്പർശമേറ്റിരുന്നു.. അവളെ പിടിച്ചെഴുനേൽപ്പിക്കുമ്പോൾ എന്തോ ഒരു അനുഭൂതി അയാളിൽനിറഞ്ഞു ... തന്റെ നിറമിഴിയിൽ കൗതുകത്തോടെ നോക്കുന്ന അവളിൽ അയാൾ ഇന്ദിരയെ കാണുന്നുണ്ടായിരുന്നു. ...
ആ നെറുകയിൽ തലോടുമ്പോൾ അവൾ സംശയത്തോടെ മോഹനനെ നോക്കുന്നുണ്ടായിരുന്നു ..
"ന്റെ കൈയ്യിൽ പ്പോ .. എന്താ .... ഒന്നും കൊണ്ടു വന്നില്ലല്ലോ ...! ആ .. ഉണ്ട് .. "
അയാൾ ബാഗിൽ നിന്നും ഒരു കുഞ്ഞുപെട്ടിയെടുത്തു ... അതിലെ വജ്രമോതിരം ജാനകിയുടെ വിരലിൽ അണിയിച്ചു.അളവ് പരിപാകം ... "കൊച്ചുമകൾക്ക് ദീർഘദർശിയായ മുത്തശ്ശന്റെ സമ്മാനം "
അയാൾ മനസ്സിൽ ഉരുവിട്ടു....
"ഇന്ദിര ....?" ... സിദ്ധാർത്ഥന്റെ മനസ്സ് തുടിക്കുന്നുണ്ടായിരുന്നു. ...
"വരൂ... "
മോഹനൻ സിദ്ധാർത്ഥനെ ആ വീടിന്റെ വടക്കുഭാഗത്തെ മുറിയിലേക്ക് ആനയിച്ചു. അവർ മുറിയിലേക്ക്കയറി, മോഹനൻ വാതിൽ ചേർത്തടച്ചു. ...
പച്ചമരുന്നുകളുടേയും കുഴമ്പിന്റേയും രൂക്ഷഗന്ധം ആ മുറിയിൽ നിറഞ്ഞിരുന്നു. .. കട്ടിലിൽ എല്ലും തോലുമായ ഒരു രൂപം ആ മുഖം കണ്ടമാത്രയിൽ സിദ്ധാർത്ഥൻ ഒന്നുനടുങ്ങി... വളരെ ദയനീയമായി അയാൾ മോഹനനെ നോക്കി ..
"കഴിഞ്ഞ ഇരുപത്‌വർഷമായുള്ള കിടപ്പാണ് .. പ്രസവത്തോടെ തളർന്നു. ..! ആരേയും തിരിച്ചറിയില്ല. ഒന്നുംസംസാരിക്കില്ല. കുറേ ചികിത്സകൾചെയ്തു ... ഒരു ഫലവുമില്ല.... "
സിദ്ധാർത്ഥൻ കട്ടിലിൽ ഇരുന്നു ..ഇന്ദിരയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ... അയാളുടെ മിഴികളിൽനിന്നും ഉതിർന്നുവീണ ജലകണങ്ങൾ പോലും അവളിൽ യാതൊരു പ്രതികരണവും സൃഷ്ടിച്ചില്ല.
"എന്നോടു ക്ഷമിക്കാൻ കഴിഞ്ഞേക്കില്ല. ... പക്ഷെ ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല. ... അച്ഛന്റെ സ്വാർത്ഥത.... അത് മാത്രമാണ് കാരണം .... "
മോഹനൻ അയാളെ എഴുന്നേൽപ്പിച്ചു..
"എല്ലാം വിധിയാണ് ... ആദ്യരാത്രിയിൽ താൻ ഗർഭിണിയാണെന്ന് പറഞ്ഞ പാവംപെണ്ണിനെ എന്തോ ഉപേക്ഷിക്കാൻ തോന്നിയില്ല. ... കുറച്ചു നാളത്തെ സന്തോഷകരമായ ജീവിതത്തിനുശേഷം ഒരു പെൺകുഞ്ഞിനെ തന്ന്
അവൾ തളർന്നുവീണു. ... പീന്നീട് ഒരുപോരാട്ടമായിരുന്നു ... എല്ലാം നഷ്ടപ്പെട്ടവന് പെട്ടന്ന്കിട്ടുന്ന ഒരു ചങ്കൂറ്റമുണ്ടല്ലോ ... അതിൽ പിടിച്ച് ആഞ്ഞ്തുഴഞ്ഞു .... ഇടയ്ക്ക് എപ്പോഴോ തകർന്നടിയാൻ തുടങ്ങിയപ്പോൾ മുന്നിലവതരിച്ച ദൈവമാണ് മേനോൻസാർ .... നിങ്ങൾപറഞ്ഞ നിങ്ങളുടെ സ്വാർത്ഥനായ അച്ഛൻ ...ആളായും അർത്ഥമായും ഒരുപാട് സഹായിച്ചു. ... ഇതു വരെ ഈ വീട്ടിൽവരുകയോ മകളെ കാണുകയോ ചെയ്തിട്ടില്ല. ... പക്ഷെ അവളുടെ എല്ലാപിറന്നാളിനും വിലപിടിച്ച സമ്മാനം എന്റെ കൈയ്യിൽതരും .
കഴിഞ്ഞതവണ കണ്ടപ്പോൾ വളരെ ക്ഷീണിതനായിരുന്നു. ആകെ ഒരു വെപ്രാളവും പരവശവും .. ഇനി ചിലപ്പോൾ കണ്ടേക്കില്ല എന്നുംപറഞ്ഞു ."
ഒരു നെടുവീർപ്പോടെ മോഹനൻ സിദ്ധാർത്ഥനെ നോക്കി ..
"ഞങ്ങൾക്കും തീരാ നഷ്ടമാണ് ആ വിയോഗം ....മരിച്ചതറിഞ്ഞ് ഞാൻവന്നിരുന്നു. ... നിങ്ങൾക്ക് ഒരു പക്ഷെ ഓർമ്മ കാണില്ല.... "
"മോഹനൻ.. എനിക്ക് പോണം ...അധികം ഇവിടെ നിന്നാൽ എനിക്ക് ഭ്രാന്ത്പിടിക്കും ...
പ്ലീസ്... ഒരു ഓട്ടോ ഏർപ്പാടാക്കാമോ ബസ്സ്റ്റാന്റ് വരെ ...? "
"ശരിയാണ് .. നിങ്ങളുടെ സാമീപ്യം എനിക്കും ഈ അവസരത്തിൽ ബുദ്ധിമുട്ടാണ്. ... പോയ്ക്കോളൂ. ഒരുനിമിഷം .. "
മോഹനൻ മുറിയിൽ നിന്നും ഇറങ്ങിപ്പോയി ... സിദ്ധാർത്ഥൻ ഇന്ദിരയുടെമിഴികളെ എതിരിടാൻ ശേഷിയില്ലാതെ അയാളെ അനുഗമിച്ചു ...
"നിങ്ങളുടെ മകൾക്ക് നൽകാൻ മേനോൻസാർ വാങ്ങിയ ഒരു സമ്മാനമുണ്ടിവിടെ. അത് കൊണ്ടുപോയ്ക്കോളൂ,..
കഴിഞ്ഞതവണ വെപ്രാളത്തിൽ തന്നപ്പോൾ മാറിയതാവാം ... നിങ്ങൾ ജാനകിയുടെ കൈയ്യിലണിയിച്ച അതേസമ്മാനം ...."
തനിക്കു വേണ്ടി ..... അച്ഛൻ .....! തന്റെ സ്വാർത്ഥത അച്ഛനിൽ ആരോപിച്ച നിമിഷത്തെ അയാൾ മനസ്സാ ശപിച്ചു. പതുക്കെ ഇറങ്ങിനടക്കവേ കർണ്ണപുടങ്ങളിൽ വീണ്ടും അതേ ശബ്ദം അലയടിക്കുന്ന പോലെ ....
"സിദ്ധൂ ... പെട്ടന്ന് തന്നെ തിരിച്ചു വരണേ ... മറക്കുമോ .. ഈ പാവത്തിനെ ..?"
സിദ്ധാർത്ഥന്റെ പാദങ്ങൾ നിശ്ചലമായി ....
പണ്ട് തന്റെ കരവലയത്തിൽ ശ്വാസം മുട്ടവേ നിറമിഴയോടെ നിന്ന ഇന്ദിര ....
അന്ന് താൻപറഞ്ഞ ഉത്തരംപോലും ഓർക്കാൻ അയാൾക്കിപ്പോൾ കഴിയുന്നില്ല.
അയാൾ വെറുതേ ഒന്നു തിരിഞ്ഞുനോക്കി .. കിളിവാതിലിൽ രണ്ടുമിഴികൾ തന്നെ പിൻതുടരുന്നപോലെ ....
കാൽത്തളയുടെ മണിക്കിലുക്കം അടുത്തുവരുന്നു ... ആ ശബ്ദം അതിന്റെ ഉച്ചസ്ഥായിലേക്ക് അതിശീഘ്രം പാഞ്ഞടുക്കുന്ന പോലെ ....
ഓട്ടോയിലിരിക്കുമ്പോൾ സിദ്ധാർത്ഥന്റെ മിഴികൾ അതിൽ എഴുതിയ വാചകങ്ങളിലുടക്കി ....
'അച്ഛൻ കൊണ്ടവെയിലാണ് ഞാനനുഭവിക്കുന്ന തണൽ ......'
ഇവിടെയാരാണ് യഥാർത്ഥത്തിൽ വിജയിച്ചതെന്നയാളോർത്തു.
പുത്രീദു:ഖത്താൽ നീറുന്ന ഒരച്ഛനോ ,...
തന്റെ പുത്രിയല്ലെന്നറിഞ്ഞിട്ടും അബലയായ ഭാര്യയേയും മകളേയും സംരക്ഷിക്കുന്നൊരച്ഛനോ, അതോ തന്റെ സുദീർഘ ജീവിതവീഥിയിൽ ന്യായാന്യായങ്ങൾക്കൊപ്പം സാന്ദർഭികമായി പ്രതികരിച്ച ഒരച്ഛനോ ....?
നിസ്സഹായതയോടെ അയാൾ കൈയ്യിലിരുന്ന മോതിരത്തിൽ വെറുതേ തലോടി ....
............................
✍️ ശ്രീധർ. ആർ.എൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot