നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നോമിനി

Image may contain: Ajoy Kumar, beard, closeup and indoor
ബാങ്കിൽ ഇട്ടിരുന്ന തുകയ്ക്കും, പെൻഷൻ തുക ഇട്ടിരുന്ന ട്രെഷറിയിലും അച്ഛൻ നോമിനിയെ വെച്ചിരുന്നില്ല, വലിയ അബദ്ധം ആയിപ്പോയി അത്, ചോദിച്ച എല്ലാ രേഖകൾക്കും പുറമേ അമ്മയും ഞാനും അനിയത്തിയും അതിഥി താരമായി അളിയനും ചേർന്ന് കുട്ടയും വട്ടിയുമൊക്കെ എടുത്ത് ബാങ്ക് മാനേജരുടെ മുന്നിൽ പോയി " എൻ കുറവാ ഓ മലങ്കുറവാ" എന്ന നാടോടി നൃത്തം കളിച്ചു കാണിച്ചപ്പോൾ ആണ് ആ തുക കിട്ടിയത് , ഞങ്ങൾ എല്ലാരും തമ്മിൽ യോജിപ്പിൽ ആണോ എന്ന് അറിയാൻ ആണത്രേ ആ പരിപാടി,
പക്ഷെ സർക്കാർ കാര്യം മുറ പോലെ ആയതു കൊണ്ട് ട്രെഷറിയിൽ ഇതൊന്നും പോരായിരുന്നു, അച്ഛൻ ജനിച്ചു എന്നും മരിച്ചു എന്നും ഇടയ്ക്കു കുറച്ചു കാലം ജീവിച്ചു എന്നും തെളിയിക്കുന്ന സെർട്ടിഫിക്കറ്റ്,അമ്മയെ അച്ഛൻ കല്യാണം കഴിച്ചു എന്നുള്ളതിന്റെ സർട്ടിഫിക്കറ്റ്,വേറെ രഹസ്യ ബന്ധങ്ങൾ ഒന്നും ഇല്ലായിരുന്നു എന്ന് നാട്ടുകാരുടെ സർട്ടിഫിക്കറ്റ്,അച്ഛനും അമ്മയും ചിരിച്ചു കൊണ്ട് ഇരിക്കുന്ന ഫോട്ടോ ഒന്ന്,കരഞ്ഞു കൊണ്ട് ഇരിക്കുന്നത് ഒന്ന്,എന്റെയും അനിയത്തിയുടെയും എൽ കെ ജീ മുതൽ കല്യാണം വരെ ഉള്ള ഫോട്ടോകൾ രണ്ടെണ്ണം വീതം ,കയ്യിലേയും കാലിലെയും എല്ലാ വിരലുകളുടെയും അടയാളം,കണ്ണിന്റെയും മൂക്കിന്റെയും ഫോട്ടോ,എക്സ്റേ ചെസ്റ്റിന്റെ ഒന്ന് , ഇതെല്ലാമാണ് അവിടെ വേണ്ടത്
ഇത്രയും എടുത്തു കൊണ്ട് ട്രെഷറിയിൽ ചെന്നു, കാശിന്റെ അവകാശികൾ മൂന്നു പേരും ഒരുമിച്ചേ ചെല്ലാവു, കൂടെ വിലാസിനിയുടെ "അവകാശികൾ" എന്ന നോവലിന്റെ ഓരോ പ്രതിയും കയ്യിൽ വേണം, അല്ലെങ്കിൽ ട്രെഷറി ഇടിഞ്ഞു പൊളിഞ്ഞു വീഴും എന്ന് വലിയ അക്ഷരത്തിൽ എഴുതി വെച്ചിട്ടുണ്ട്,ക്ലെർക്കിനെ മുഖം കാണിച്ചു,ശരീരം കാണിക്കാൻ പാടില്ല,അത് ഓഫീസറിനെ മാത്രമേ കാണിക്കാവു, ലക്ഷങ്ങൾ കിട്ടാൻ ഉണ്ടെന്ന് അമ്മ പറഞ്ഞത് കൊണ്ട് ഭവ്യതയോടെ ആണ് ഞങ്ങൾ നിന്നത്,
കുസുമാരൻ നായരുടെ ആനുകൂല്യങ്ങൾ വാങ്ങാൻ വന്നതാണോ
സുകുമാരൻ നായരാണ് മാഡം,
നായർ ആയിക്കോട്ടെ, അതിനു ഞാൻ എന്ത് വേണം, സർക്കാർ ഓഫീസിൽ ജാതി പറയരുത്, അവർ കണ്ണുരുട്ടി,
അയ്യോ, ഞങ്ങൾ പേടിച്ചു ഞെട്ടിയ പോലെ അഭിനയിച്ചു, കിട്ടാനുള്ളത് ലക്ഷങ്ങൾ ആണല്ലോ.
എം .എ .ധവിക്കുട്ടി അമ്മ? അവർ അമ്മയോട് ചോദിച്ചു,
അല്ല, മാധവിക്കുട്ടി അമ്മ,
രണ്ടും ഒന്ന് തന്നെ, നിങ്ങൾ ആണോ അത്
അതെ,
നിങ്ങൾ ജീവനോടെ ഉണ്ടോ?
ഉണ്ടെന്നാണ് തോന്നുന്നത്
തോന്നിയാൽ പോര, അങ്ങനെ ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വേണം,അടുത്ത തവണ
അടുത്ത തവണ ജീവനോടെ ഉണ്ടെങ്കിൽ കൊണ്ട് വരാം, മരിച്ചാൽ മക്കളുടെ കയ്യിൽ കൊടുത്തു വിടാം
ഉം, ജായി കുമാർ
അജോയ് കുമാർ
എന്തരോ ഒരു കുമാർ, മകനാണോ ?
അതെ,രണ്ട് ആണ്‍ മക്കൾ ആണ്
ആർക്ക് ?
എനിക്ക്
അതല്ല, നിങ്ങൾ മകൻ ആണോ എന്ന്
അതെ
ആരുടെ?
ആരുടെയോ?
ങേ?
സോറി, സുകുമാരൻ നായരുടെയും മാധവികുട്ടി അമ്മയുടെയും ദാമ്പത്യ വല്ലരിയിൽ വിരിഞ്ഞ ആദ്യ പുഷ്പം, അതാണ് ഞാൻ
എന്തൊക്കെ ഉണ്ട് ?
അങ്ങനെ ജീവിച്ചു പോണു മാഡം, കുറച്ചു എഴുത്തും ഒക്കെ ഉണ്ട് ഇപ്പോൾ,ശമ്പളം ഒക്കെ കണക്കാണ്
അതല്ല ചോദിച്ചത്,മകൻ ആണെന്ന് തെളിയിക്കുന്ന രേഖകൾ എന്തൊക്കെ ഉണ്ടെന്ന് ,
ഓ,,സോറി , ഗസറ്റിൽ വന്നിട്ടുണ്ട് മാഡം, ഞാൻ ആ കോപ്പി എടുത്തു കൊടുത്തു
ഇതാണോ ,അനിഥാ ?
അനിത, മകൾ ആണ്, ഗസറ്റിൽ ഇവളുടെ പേരും ഉണ്ട്
ഉം,ഇനി നിങ്ങൾ മൂന്നു പേരും കൂടി ഈ ഓഫീസിനു ചുറ്റും ഒരു റൌണ്ട് ഓടി വരണം,ആദ്യം വരുന്ന ആളിന്റെ കയ്യിൽ ഈ ഫയൽ ഞാൻ കൊടുക്കും,അതും കൊണ്ട് മുകളിൽ പോയി ആപ്പീസറിനെ മുഖവും ശരീരവും മറ്റും കാണിക്കണം
കേൾക്കാത്ത താമസം ഞാനും അനിയത്തിയും ഓടി, ഓടാൻ വയ്യാത്തതിനാൽ അമ്മ മാത്രം ഓട്ടോ റിക്ഷയിൽ ആണ് വന്നത്, കിട്ടാൻ ഉള്ളത് ലക്ഷങ്ങൾ ആണല്ലോ.ഞാൻ തന്നെ ആദ്യം വന്നു,അങ്ങനെ ഫയൽ കയ്യിൽ വെച്ച് മുകളിലേക്ക് പോയി,അമ്മയും അനിയത്തിയും പുറകെ,
എന്ധാ,ട്രെഷറി ആപ്പീസർ കണ്ണുരുട്ടി എന്നെ നോക്കി,
അച്ഛൻ....അച്ഛൻ....
ആര് ? ആരുടെ ?
അല്ല , എന്റെ അച്ഛൻ മരിച്ചു
അയ്യയ്യോ,എന്നിട്ട്? സോറി,നിങ്ങൾ ലീവ് എടുത്തോളൂ
അതല്ല,സാർ, അച്ഛൻ മൂന്ന് വർഷം മുൻപ് മരിച്ചു, തുക വാങ്ങാൻ ഉള്ള രേഖ കൊണ്ട് വന്നതാ
ആരാ രേഖ ?
ഡോക്യുമെന്റ്സ്, അതാണ് പറഞ്ഞത്
ങാ അങ്ങനെ മലയാളത്തിൽ പറ, അദ്ദേഹം ഫയൽ കയ്യിൽ വാങ്ങിച്ചു, ഇതെല്ലാം ഇല്ലല്ലോ
ഇല്ലേ? എല്ലാം ഉണ്ട്
നിങ്ങൾ മൂന്നു പേരും തോളിൽ കൈ ഇട്ടു ചിരിച്ചു കൊണ്ട് ഇരിക്കുന്ന ഒരു ഫോട്ടോ,ഇനി പിണങ്ങില്ല എന്നുള്ള ഡിക്ലറേഷൻ , പിന്നെ ...ആരാ ആ ഒളിഞ്ഞു നോക്കുന്നത് ?
അത് അളിയൻ ആണ് സാർ, അനിയത്തിയുടെ ഫർത്താ , ആ കാറിൽ ആണ് ഞങ്ങൾ വന്നത്
അത് നിങ്ങൾ എന്തരോ ചെയ്യ്, അളിയൻ ഇങ്ങനെ ഈ പൈസക്കാര്യത്തിൽ ഒളിഞ്ഞു നോക്കില്ല എന്നും കൈ കടത്തില്ല എന്നും ഉള്ള ഒരു ഡിക്ലറേഷൻ, ഈ പൈസ കിട്ടിയാൽ കൃത്യമായി ടാക്സ് അടക്കും എന്നുള്ള ഡിക്ലറേഷൻ,അനാവശ്യമായി ചിലവഴിക്കില്ല എന്നുള്ള ഡിക്ലറേഷൻ....ഇതെല്ലാം കൂടെ താഴെ ക്ലെർക്കിനു കൊടുക്കൂ, അപ്പൊ സൗകര്യം ഉണ്ടെങ്കിൽ അവർ ടോക്കണ്‍ തരും അതും കൊണ്ട് കൌണ്ടറിൽ പോയാൽ മതി ,ഭാഗ്യം ഉണ്ടെങ്കിൽ പൈസ കിട്ടും
സന്തോഷം , നമോവാകം,ഞാൻ നിലത്തു കിടന്നു അദ്ദേഹത്തെ നമസ്കരിച്ചു,കാരണം കാലത്ത് മുതൽ ലീവും എടുത്തു അങ്ങോട്ടും ഇങ്ങോട്ടും ഓട്ടം ആണ്,ആളുകൾ ശ്രദ്ധിക്കുന്നുമുണ്ട്,ഒരു അമ്മയും മോനും മോളും ഭർത്താവും കൂടെ പളപളാ വേഷവും ഇട്ടു ഫയലും കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഓട്ടം,
എന്തോ വലിയ തുക കിട്ടാനുണ്ട്, അതാണ് ഈ ഓട്ടം,ആളുകൾ പരസ്പരം അടക്കം പറയുന്നത് കേട്ടു
അവിടെ ഒരു മൂലയിൽ ഇരുന്ന് ഈ ഡിക്ലറേഷൻ എല്ലാം കൂടെ എഴുതി പിടിപ്പിച്ചു ക്ലെർക്കിനു കൊണ്ട് കൊടുത്തു,മനസില്ലാ മനസോടെ അവരൊരു ടോക്കണ്‍ തന്നു,നൂറു പേപ്പറിൽ ഒപ്പും വാങ്ങിച്ചു,
ടോക്കണും കൊണ്ട് കൌണ്ടറിൽ ചെന്നു, പത്തു രൂപ കെട്ട് ആയിട്ട് വേണോ? അതോ? അയാൾ ചോദിച്ചു
ദൈവമേ, ഇത്രയും ലക്ഷം രൂപ പത്തു രൂപ കെട്ട് ആക്കിയാൽ ഒരുപാട് കെട്ടാവില്ലേ , അത് പറ്റില്ല. വേണ്ട, രണ്ടായിരത്തിന്റെ കെട്ടായിട്ടു മതി
രണ്ടായിരത്തിന്റെ കെട്ടോ? ആകെ മൂവായിരം രൂപ ആണ് ഉള്ളത്,
മൂവായിരമോ? അപ്പൊ ബാക്കി?
ബാക്കിയോ ? അത് നിങ്ങൾ കോടതിയിൽ പോയി സത്യവാങ്ങ്മൂലം കൊടുത്ത് ഇരുപതു ശതമാനം കെട്ടി വെച്ച്, അടുത്ത മാസം കെട്ടി എടുത്ത്, ജഡ്ജിയെ കണ്ട് കാലു പിടിച്ച്, ഇടതു മാറി, ഓതിര കടകം ചവുട്ടി, ലീഗൽ ഹെയർ ഷിപ്പ് വാങ്ങിച്ച് അത് കടലിൽ ഇറക്കി ഒരു മാസം ഓടിച്ച ശേഷം അതുമായി ഇവിടെ വരണം,
അത് മാത്രം മതിയോ?
പോര ,അതിനൊപ്പം, പടിഞ്ഞാറോട്ട് നില്ക്കുന്ന പ്ലാവിന്റെ കിഴക്കോട്ടുള്ള വേരും, മൂന്നു കൊമ്പുള്ള മുയലിന്റെ ഒരു പിടി രോമവും,ആകാശത്തിലെ പറവകൾ വിതയ്ക്കുന്നില്ല കൊയ്യുന്നില്ല എന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റും വേണം,ഇത്രയും കിട്ടിയ ശേഷം ആഷാട മാസത്തിലെ വെളുത്ത വാവ് ദിവസം കറുത്ത വസ്ത്രം ധരിച്ച അവകാശികൾ മൂവരും രാഹുകാലം കഴിഞ്ഞ ഉടനെ ഇടതു കാൽ വെച്ച് ഓഫീസിൽ കയറി ഈ കൌണ്ടറിനു മൂന്നു വലം വെച്ച് വന്നു വണങ്ങി നിന്നാൽ കാശും വാങ്ങി പോകാം എന്ന് കൊടാങ്കി ശാസ്ത്രത്തിൽ പറയുന്നു
ബോധം കെട്ട് വീണ അമ്മയെ തോളിൽ എടുത്ത് ഇട്ടു കൊണ്ടാണ് ആദ്യമേ ബോധം കെട്ട അന്ന് ഞാൻ ആ ഓഫീസ് പടി ഇറങ്ങിയത്‌ , അനിയത്തിയെ എടുത്തത്‌ ബോധം ഇല്ലാത്ത അളിയനും

By Ajoy Kumar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot