Slider

ഓർമ്മകളുടെ യാത്ര..

0
Image may contain: 1 person, beard

വണ്ടി നീങ്ങി തുടങ്ങിയപ്പോൾ ഒരാശ്വാസം തോന്നി.ഉറക്കമിളച്ച നീണ്ട യാത്രയുടെ ആലസ്യം മാറുവാനായി ബസിന്റെ ജനാല കുറച്ചു തുറന്നു വച്ചു..
ഇനി കഷ്ടിച്ചു അര മണിക്കൂർ യാത്രയേ വേണ്ടി വരൂ.
കോളേജിനു മുന്നിൽ ചെറിയൊരു ചായ പീടികയേ ഉള്ളൂ. പതിവു തെറ്റാതെ ബേക്കറിയിൽ നിന്നു കുറച്ചു പലഹാരങ്ങൾ മേടിച്ചു കരുതിയിരുന്നു. ശ്വാസം മുട്ടുമ്പോൾ വലിക്കുവാനുള്ള ഇൻഹൈലറും മരുന്നും ബാഗിന്റെ ഉള്ളിൽ ഭദ്രമായി വച്ചിട്ടുണ്ട്.
അടുത്തിരുന്നത് ഒരു ചെറുപ്പക്കാരനാണ് , സംശയം തീർക്കാനായി ചോദിച്ചു?
ഗുരുകുണ്ട പാളയം...
എന്റെ ശബ്ദം കേട്ടയാൾ തലയുയർത്തി . പിന്നെ ഒരു ചെറു ചിരിയോടെ പറഞ്ഞു.
ഫോർത്ത് സ്റ്റോപ്പ്.. യൂ കാൻ സീ ദ കോളേജ് ഫ്രം ദെർ..
അത്ഭുതം തോന്നി. അയാളെങ്ങനെ എന്റെ മനസ്സു വായിച്ചു.. ഞാൻ കോളേജിലേയ്ക്കാണു പോകുന്നതെന്നെങ്ങനെ ഇയാൾ മനസ്സിലാക്കി? 
മനസ്സു വായിച്ചു പിന്നേയും അയാൾ മറുപടി നൽകി.. മെനി മലയാളീസ് ദെർ...
പിന്നിലേക്കോടുന്ന അരയാൽ മരങ്ങളിലേക്കു നോക്കിയിരിക്കുമ്പോൾ കണ്ണുകൾ അടഞ്ഞു പോകുന്നുണ്ടായിരുന്നു..
ഉച്ചകഴിഞ്ഞപ്പോൾ സീതയെ വിളിച്ചു..
അർജന്റ് ഓഫീസ് മീറ്റുണ്ട്.. ചെന്നെയിൽ വച്ച്... രണ്ടു നാൾ കഴിഞ്ഞേ..
നുണ പറയുമ്പോൾ ശബ്ദം പതറിയിരുന്നു..
മരുന്നിന്റെ കാര്യം ഓർമ്മിപ്പിച്ചപ്പോൾ പറഞ്ഞു..
ഇടയ്ക്കു വിളിക്കണ്ട.. എംഡി കൂടെയുണ്ടാവും.. ഞാൻ സൗകര്യം പോലെ വിളിച്ചോളാം...
അവൾ ഒന്നും എതിർത്തു പറയാറില്ല. പണ്ടും ഇപ്പോളും.. 
ഒരു പക്ഷെ ഇങ്ങോട്ടു പോകുന്നുവെന്നു പറഞ്ഞാൽ ......?
കണ്ട സ്വപ്നം ഒന്നുകൂടി ഓർത്തെടുക്കാൻ ശ്രമിച്ചു..
വെളുത്ത ഉടുപ്പിട്ട ഒരു മാലാഖയെ പോലെ അവൾ ...തടാകക്കരയിൽ കൈ നീട്ടി ഒറ്റയ്ക്കു നിൽക്കുന്നു.. അവളുടെ നിറഞ്ഞ കണ്ണുകൾ എന്തോ തിരയുന്നു.. 
മോളേ ഇന്ദൂ ... എന്തു പറ്റി? ഞാനുറക്കെ വിളിച്ചു ചോദിക്കുമ്പോഴേയ്ക്കും അവൾ ആ തടാകത്തിനു മുകളിലൂടെ നടന്നു പകുതി വഴിയിൽ തിരിഞ്ഞു നിന്നു.
അച്ഛാ...മാപ്പ്... 
തേങ്ങലോടെ പിന്നെയവൾ ആകാശത്തിലേയ്ക്കുയർന്നു പൊങ്ങി...
അപ്പോഴേയ്ക്കും ഉണർന്നിരുന്നു...
സർ.. യു ഹാവ് റ്റു ഗെറ്റ് ഡൗൺ ഇൻ ദ നെക്സ്റ്റ് സ്റ്റോപ്പ്... മനസ്സു വായിക്കുന്ന ചെറുപ്പക്കാരന്റെ ശബ്ദം ഓർമ്മകളിൽ നിന്നുണർത്തി...
ബസിറങ്ങി ചുറ്റും ഒന്നു നോക്കി.. 
ആ പഴയ ചായ പീടികയ്ക്കു മാറ്റമൊന്നുമില്ല.. അതിനപ്പുറം വിശാലമായ കരിമ്പിൻ തോട്ടം... അത്തിമരങ്ങളും അരയാലും തണലേകി നിന്ന റോഡ് ഒരു നേർരേഖയായി അകലേയ്ക്കു ലയിക്കുന്നു. ബസ്സ്റ്റോപ്പിനടുത്തു കാലത്തിന്റെ പ്രതീകമായി ചുമടുതാങ്ങിയായ കരിങ്കൽ ഫലകങ്ങൾ..
കോളേജിലേക്കുള്ള ചെമ്മൺ പാതയ്ക്കിരുവശവും പർത്ഥേനിയം ചെടികൾ പിടിച്ചു നിന്നിരുന്നു... ചുട്ടുപൊള്ളുന്ന വെയിലിൽ കൈയ്യിൽ ഒതുക്കി പിടിച്ച ബാഗുമായി നടക്കുമ്പോൾ അകലെ തലയുയർത്തി നിൽക്കുന്ന ബഹുനില കെട്ടിടത്തിലേക്കു കണ്ണുകൾ പാഞ്ഞു..
അവൾ........
കഷണ്ടി കയറിയ തലയിൽ ഒന്നു തടവും.. പെയ്തുതോരാതെ പറയും... ഇടയ്ക്കു കൈയ്യിൽ പിച്ചും...
അവസാനം പിരിയുമ്പോൾ നെഞ്ചു കനം തിങ്ങി നിൽക്കും.. 
പഠിക്കണം നീ നന്നായി... അച്ഛന്....
വളവു തിരിഞ്ഞപ്പോഴേ കാന്റീൻ കെട്ടിടമെത്തി.. അടച്ചിട്ടിരുന്ന പ്രധാന കവാടത്തിനു മുന്നിൽ തെല്ലിട നിന്നു.
ലഞ്ചു ബ്രേക്കിനു സമയമായിട്ടില്ല എന്നറിഞ്ഞതിനാൽ കാന്റിനിലെ ആളൊഴിഞ്ഞ കോണിലെ കസേരയിൽ ക്ഷീണത്തോടെ ഇരുന്നു ...
അകത്തെ കൗണ്ടറിൽ ഒരു കൊച്ചു കുട്ടിയുടെ ചിരിക്കുന്ന കലണ്ടർ ചിത്രം.. ഇന്നലെകളിലെ മധുരങ്ങളിലേക്കു ആ ചിരി എന്നെ വിളിച്ചു.. ഞാൻ കണ്ണടച്ചിരുന്നു...
അങ്കിൾ.... എപ്പോഴാ വന്നത്? 
ചോദ്യം കേട്ടാണ് മയക്കത്തിൽ നിന്നുണർന്നത്. മുന്നിൽ ആശ്ചര്യ ഭാവവുമായി ഒരു കുട്ടി.. 
ഞാൻ വാക്കുകൾ പരതി..
ബാലക്യഷ്ണനങ്കിൾ അല്ലേ,..? വീണ്ടും ചോദ്യം..
അതെ.... മോളുടെ പേര്?
ഞാൻ പാർവ്വതി.. ഇന്ദുന്റെ.....
ഓർമ്മ വന്നു.. പണ്ടു കണ്ട ഫോട്ടോ ആൽബത്തിലെ ചിരിക്കുന്ന ആ മുഖം
അങ്കിൾ എന്താ ഇവിടെ? പാർവ്വതിയുടെ ശബ്ദം ഇടറിയിരുന്നു..
തിരിച്ചറിഞ്ഞ കുറ്റവാളിയെ പോലെ ഞാൻ തല താഴ്ത്തിയിരുന്നു. ആരും തിരിച്ചറിയില്ല എന്ന ധാരണ തെറ്റിയിരിക്കുന്നു... 
എന്തിനാ അങ്കിൾ ഇവിടെ വന്നത്? 
ഞാൻ..... വാക്കുകൾ എവിടെയോ മരവിച്ചു നിന്നു..
കാറ്റുകൾ തേങ്ങലുകളുമായി ഓടി വന്നു..
അന്ന്...
നീല ടർപോള വലിച്ചുകെട്ടിയ പന്തൽ.. മരവിച്ച ശരീരത്തിൽ അവസാനമായി നിലനിർത്തിയ ഒരു പുഞ്ചിരി കൊളുത്തി അവൾ കിടന്നു..
അച്ഛാ മാപ്പ്... മൗനമായ വാക്കുകൾ..
അച്ഛന്റെ നെഞ്ചിൽ നിന്നും ചിറകടിച്ചു പറന്നകന്ന പക്ഷി...
മേശമേൽ ഉതിർന്നു വീണ കണ്ണുനീർ ഞാൻ കൈ കൊണ്ടു തുടച്ചു.
മോളേ അവളെന്തിനാണ്....??
പാർവ്വതി തല താഴ്ത്തി നിന്നു.. ബാഗിൽ കരുതിവച്ച പലഹാര പൊതികൾ ഞാൻ വിറയ്ക്കുന്ന കൈകളാൽ നീട്ടി..
അങ്കിളിനോടു എനിക്കൊരപേക്ഷയുണ്ട്.. ഇന്ദു പറയുന്നതായി കരുതുമോ?
ഞാൻ തലയാട്ടി..
ഒരു നിമിഷം എന്തോ ആലോചിച്ചവൾ നിന്നു.. പിന്നെ പറഞ്ഞു..
പഴയ ഓർമ്മകൾ തേടി ഇനി ഒരിക്കലും ഇവിടെ വരരുത്... 
ഒരു തേങ്ങിക്കരച്ചിലോടെ അവൾ പ്രധാന കവാടത്തിലൂടെ അകത്തേയ്ക്കു ഓടി മറഞ്ഞു..
വെള്ളപൂശിയ കെട്ടിടങ്ങൾ.. കോമ്പൗണ്ടിനുള്ളിൽ ചുറ്റു കെട്ടിയ തണൽമരങ്ങൾ.. എവിടെയോ അന്തരീക്ഷത്തിൽ രൂപമില്ലാതെ ...
ഓർമ്മകളുടെ കനലുകൾ കാറ്റേറ്റു തിളങ്ങുന്നു..
. ആ പഴയ കാഴ്ച
അച്ഛന്റേയും അമ്മയുടേയും നടുവിൽ കിടന്നു കൊഞ്ചിക്കുഴയുന്ന കുട്ടിയോടു ചോദിക്കുന്നു..
മോൾക്ക് അച്ഛനേയാണോ അമ്മയെയാണോ കൂടുതൽ ഇഷ്ടം?..
ഇരുട്ടിൽ ആ വലിയ കണ്ണുകൾ തിളങ്ങുന്നു.. അവൾ ഇരു മുഖങ്ങളിലേക്കും മാറി മാറി നോക്കുന്നു...
അച്ഛനു മോളെ ജീവനായിരുന്നു .ഇനി അച്ഛന്....
എന്റെ ശബ്ദം ചെമ്മൺ പാതയിലെ പൊടികൾക്കൊപ്പം കാറ്റിൽ പറന്നകന്നു പോയി.. പയ്യെ ഇടറിയ കാലുകൾ വലിച്ചു കിതപ്പോടെ നടന്നു..
തണൽ പടർന്നകലുന്ന റോഡരുകിൽ കാലത്തിന്റെ പ്രതീകമായ ചുമടുതാങ്ങിയുടെ അരുകിൽ അകലങ്ങളിലേക്കു നോക്കി ഞാൻ ബസു കാത്തു നിന്നു...
ശുഭം
...പ്രേം മധുസൂദനൻ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo