Slider

മലക്കറിക്കാരി

0
Image may contain: Ajoy Kumar
AjoyKumar
പുനലൂർ വെച്ചാണ്‌ ഈ കഥ നടക്കുന്നത്,അത്യന്തം ഹൃദയ ഭേദകമായ ഈ കഥ കരച്ചിൽ അടക്കി വേണം നിങ്ങൾ വായിക്കാൻ,
സീമന്ത പുത്രൻ ആയ അച്ചു താഴെ ഒക്കെ ഇഴഞ്ഞു നടന്നു കയ്യിൽ കിട്ടുന്ന സകല സാധനങ്ങളും വായിൽ നിക്ഷേപിക്കുന്ന കാലം,അവനെ നോക്കാൻ ആളില്ല,അപ്പോഴേക്കും ശ്യാമക്കും അവിടേക്ക് സ്ഥലം മാറ്റം കിട്ടിയിരുന്നല്ലോ ,ജോലിക്ക് ഞങ്ങൾ പോയിക്കഴിഞ്ഞാൽ ഉടൻ അച്ചു തെണ്ടാൻ നിലത്തിറങ്ങുകയും സകല വൃത്തി കേട്ട സാധനങ്ങളും എടുത്തു തിന്നുകയും ചെയ്യുമായിരുന്നു,
അന്ന് ഞങ്ങൾ താമസം നാലു ബ്ലോക്കുകൾ ഉള്ള ഒരു ഫ്ലാറ്റിൽ ആയിരുന്നു.താഴെ ഉള്ള ഒരു ചേച്ചി ആണ് അച്ചുവിനെ നോക്കിയിരുന്നത്,എത്ര എന്ന് പറഞ്ഞു അവരെ ബുദ്ധിമുട്ടിക്കും,അത് കൊണ്ട് ഒരു ഫുൾ ടൈം ജോലിക്കാരിക്കായി ഞങ്ങൾ തീവ്രമായ അന്വഷണം നടത്താൻ തുടങ്ങി, അവിടെ മലക്കറി കൊണ്ട് വന്നിരുന്ന ഒരു അമ്മച്ചി ആണ് ആ ദൗത്യം ഏറ്റെടുത്തത്,
നല്ല പ്രായമുള്ള , പക്വത ഉള്ള ഒരു സ്ത്രീ മതി എന്ന് ശ്യാമ അവരോടു പറയുന്നത് ഞാൻ ഒളിച്ചു നിന്ന് കേട്ടു,ഉടനെ തന്നെ എന്നിലെ ധാർമികരോഷം തിളച്ചുയർന്ന് വീണത് കാരണം നിലം കേടായി
അവര് പോയിക്കഴിഞ്ഞ ഉടനെ ഞാൻ പണ്ട് വായിച്ച സീ എൽ ജോസിന്റെ നാടകത്തിലെ നായകനെ പോലെ ജന്നൽ വഴി വിദൂരതയിലേക്ക് നോക്കിക്കൊണ്ട്‌ ഉറക്കെ വിളിച്ചു,
ശ്യാമേ,,,,ശ്യാമേ ....ഇവിടെ വറൂ
എന്താ? എന്താ വിളിച്ചേ?
നമുക്ക് ജ്ച്ചോലിക്കാരിയായി ഒരു കിളവി മതി എന്ന് നീ അവരോടു പറഞ്ഞോ?
ജ്ച്ചോലിക്കാരിയോ? അതെന്തു സാധനം ? പാവം ശ്യാമ നാടകങ്ങൾ വായിച്ചിട്ടില്ലായിരുന്നു,
അപ്പോൾ നാടകം ഉപേക്ഷിച്ചു ഞാൻ പറഞ്ഞു ,അല്ല,ജോലിക്കാരി ഇല്ലേ ,ഈ നമ്മടെ വരാൻ പോണ ജോലിക്കാരി,അത് വയസായ ഒരാൾ മതി എന്ന് നീ ആ മലക്കറിക്കാരിയോടു പറഞ്ഞല്ലോ,ഞാൻ കേട്ടു...
ങാ അതോ, ഒരു വയസായ സ്ത്രീ തന്നെ മതി അജോയ്,കാരണം എനിക്ക് അജോയ്യെ വിശ്വാസമാണ്,പക്ഷെ വെറുതെ എന്തിനു നമ്മളായിട്ട് ഒരു സാഹചര്യം ഉണ്ടാക്കുന്നു , പോരാത്തതിന് താഴത്തെ ചേച്ചിയും അത് തന്നെ പറഞ്ഞു,
ശ്യാമേ,,,ഞാൻ നീട്ടി വിളിച്ചു,വീണ്ടും നാടകം,
കാറ്റടിച്ചു ജന്നൽ അടഞ്ഞു പോയതിനാൽ ഇത്തവണ ഞാൻ വിദൂരത കിട്ടാതെ മുകളിലെ ചുമരിലേക്കു നോക്കി,അവിടെ തലേന്ന് ഒന്ന് വൃത്തി ആക്കിയെക്കണേ എന്ന് ശ്യാമ പറഞ്ഞ ചിലന്തി വല, ഞാൻ നോക്കിയാൽ ശ്യാമയും അങ്ങോട്ട്‌ നോക്കും എന്ന് പേടിച്ചു പെട്ടെന്ന് ഞാൻ താഴെ മേശക്കു കീഴിലേക്ക് നോക്കി, അവിടെ അച്ചു ആരും കാണാതെ ഒളിച്ചിരുന്ന് ഒരു മാസം പഴക്കമുള്ള ഏതോ ആഹാര സാധനം എടുത്തു വായിലിടുന്നു, അത് ശ്രദ്ധിക്കാതെ ഞാൻ വീണ്ടും വിളിച്ചു,
ശ്യാമേ,നിനക്ക് എന്നെ വിശ്വാസമില്ല,ഹല്ലേ ,കണ്ട ചേച്ചി ഒക്കെ പറയുന്നതാണ് നിനക്ക് വേദവാക്യം,ഹല്ലേ ,ശ്യാമേ,പറയൂ
അപ്പോൾ ശ്യാമ പറഞ്ഞു,ങാ അത്ര വിശ്വാസമില്ല എന്ന് തന്നെ വെച്ചോ
ങേ,ഞാൻ ഞെട്ടിപ്പോയി,ശെരി, എന്നാൽ നീ ഒരു എണ്‍പത് വയസുള്ള കിളവിയെ കൊണ്ട് നിറുത്തിക്കോളൂ, ഞാൻ അവരുടെ കാര്യം കൂടെ നോക്കിക്കൊള്ളാം ശ്യാമേ,നോക്കിക്കൊള്ളാം,
ഞാൻ നാടകത്തിലെ നായകനെ പോലെ വേച്ചു വേച്ച് പുറത്തേക്കു പോയി...
എക്സ്പയറി ഡേറ്റ് കഴിഞ്ഞ എന്തോ വിഴുങ്ങിയത് കാരണം വയറു വേദന വന്ന് അലറുന്ന അച്ചുവിനെ എടുത്തു കൊണ്ട് ശ്യാമ അകത്തേക്കും പോയി
കാലം അങ്ങനെ കടന്ന് പോ ......ഇല്ല പോയില്ല,കാരണം. പിറ്റേ ദിവസം കാലത്തേ തന്നെ നമ്മുടെ മലക്കറിക്കാരി വന്നു പറഞ്ഞു,
മോളെ, ഈ പഞ്ചായത്തിലെ ഓരോ വീടും ഞാൻ അരിച്ചു പെറുക്കി കിളവികളെ ഒന്നും കിട്ടാനില്ല,ആകെ ഉള്ളത്,ദിവാകരന്റെ മോൾ,മഞ്ചു ആണ്,ഒരു പത്തൊൻപതു വയസ്സ് കാണും,സ്മാർട്ട് യങ് ഗേൾ
അയ്യട , പത്തൊൻപതു വയസ്സല്ലേ? അതൊന്നും വേണ്ട,ശ്യാമ പറഞ്ഞു
ശേ, എല്ലാം ഒളിച്ചു നിന്ന് കേട്ടു കൊണ്ടിരുന്ന എന്റെ മനസിലെ ലഡ്ഡു പൊട്ടാൻ ശ്യാമ സമ്മതിച്ചില്ല,ഉടനെ ഞാൻ താഴെ എന്തോ പരതി കൊണ്ടിരുന്ന അച്ചുവിനെ കണ്ണുരുട്ടി പേടിപ്പിച്ചു കരയിച്ചു,എന്നിട്ട് പറഞ്ഞു,
പാവം അച്ചു,അവനെ നന്നായൊന്നു നോക്കാൻ ആളില്ല എന്ന വിഷമമേ ഉള്ളു.ഞാൻ ഇല്ലാത്ത വികാരങ്ങൾ മുഖത്ത് വിരിയിച്ചു ജനലിലൂടെ വീണ്ടും പുറത്തേക്കു നോക്കി
ആകാശത്തിലെ പറവകൾ,വിതക്കുന്നില്ല കൊയ്യുന്നില്ല,ഞാൻ ഒരു ബന്ധവും ഇല്ലാതെ ഡയലോഗ് പറഞ്ഞു
എന്ത് ? ശ്യാമ കണ്ണ് തള്ളി,
ആവശ്യക്കാരനു ഔചിത്യമില്ല,നമുക്ക് ആ പാവം കുട്ടി തന്നെ മതി ശ്യാമേ, പാവം പത്തൊൻപതു വയസുള്ള ആ പിഞ്ചു ബാലിക
പ്രായത്തിന്റെ അല്ല അജോയ് , അജോയ് വെറും പാവമാണ്,ചെറുപ്പവും, ആർക്കു വേണോ എളുപ്പം വഴി തെറ്റിക്കാൻ പറ്റും,
ഞാൻ ഉടനെ ഒരു ചാട്ടത്തിനു അടുത്ത് പോയി ശ്യാമയുടെ വലത്തേ കൈ എടുത്തു പതുക്കെ ഓരോ വിരൽ ആയി മടക്കിക്കൊണ്ടു പറഞ്ഞു,
അയ്യോ ശ്യാമേ,ആ പേടി വേണ്ടേ വേണ്ട,കേട്ടാ, എനിക്ക് ഒരിക്കലും വഴി തെറ്റില്ല,പണ്ട് കുഞ്ഞായിരുന്നപ്പോൾ പോലും ഞാൻ ബന്ധുക്കളുടെ വീട്ടിലേക്കുള്ള വഴിയൊക്കെ കൃത്യമായി പറയുമായിരുന്നു, അമ്മച്ചിയാണെ തന്നെ, നീ അമ്മേടടുത്തു ചോദിച്ചു നോക്ക്
എന്തായാലും ആ പെണ്ണ് പറ്റില്ല പറ്റില്ല പറ്റില്ല പറ്റില്ല , ശ്യാമ അലറി
ഞാൻ പറഞ്ഞു,വേണ്ടെങ്കിൽ വേണ്ട,ഹും അത്രക്കായോ,
അപ്പോഴാണ് മലക്കറി അമ്മച്ചി ഇടപെടുന്നത് , അമ്മച്ചി പറഞ്ഞു ലോകത്ത് ഏറ്റവും ഡിമാണ്ട് ഉള്ള ജോലിക്കാരിൽ ഒരാളാണ് മഞ്ചു ,ഇപ്പൊ ഈ നിമിഷം പറഞ്ഞില്ലെങ്കിൽ വേറെ ആണുങ്ങൾ മഞ്ചുവിനെ റാഞ്ചും,
അപ്പൊ അവിടെ രംഗപ്രവേശം ചെയ്ത താഴത്തെ ചേച്ചി പറഞ്ഞു,
ശ്യാമേ നമുക്ക് അവളെ ഒന്ന് പരീക്ഷിക്കാം ,വരാൻ പറ,കൊള്ളില്ലെങ്കിൽ അപ്പൊ തിരിച്ചു വിടാം,ഓക്കേ അല്ലെ ?
ശ്യാമ മനസില്ലാ മനസോടെ തലയാട്ടി,മലക്കറിക്കാരി ഉടനെ മഞ്ചുവിനെ വിവരം അറിയിക്കാനും പോയി,
അച്ചു ഈ സമയം അടുക്കളയിൽ നിലത്തു നിന്നും ഒരു കാന്താരി മുളക് എടുത്തു വിഴുങ്ങി അലറലോടലറൽ, ഞാൻ അത് കേട്ടതായി ഭാവിക്കാതെ മനസ്സിൽ പൊട്ടിയ ലഡ്ഡു പറക്കാൻ അവിടെ മുഴുവൻ ഓടി നടന്നു,
അങ്ങനെ മൂന്നു ദിവസം കഴിഞ്ഞു .ഒരു വൈകുന്നേരം ഓഫീസിൽ ഫോണ്‍,താഴത്തെ ചേച്ചി ആണ്,ചേച്ചി അങ്ങനെ ഫോണ്‍ ഉപയോഗിക്കാറില്ല, അത് കൊണ്ട് തന്നെ വയർലെസ്സ്സംസാരം പോലെ ആണ്,
ഹലോ...അജോയ്...ചേച്ചി ആണ്..നമ്മുടെ മഞ്ചു വന്നു...ഉടൻ എത്തണം..ഓവർ ഓവർ..
ശെരി ,ഞാനും പറഞ്ഞു ,ഉടൻ എത്താം,ഓവർ ഓവർ...
ഞാൻ ഉടനെ ശ്യാമയെ വിളിച്ചു വിവരം പറഞ്ഞു,ബൈക്ക് എടുത്തു പോയി ശ്യാമയെയും വിളിച്ചു കൊണ്ട് ഓവർ സ്പീഡിൽ വീട്ടിലേക്കു കുതിച്ചു .വീട്ടിലെത്തിയ ഞാൻ ബൈക്ക് പാർക്ക്‌ ചെയ്യാൻ ഉള്ള സമയം കളയാതെ അവിടെ തറയിൽ തന്നെ ശ്യാമ ഉൾപ്പടെ ഇട്ടിട്ടു അകത്തേക്ക് ഓടി എന്നാണ് ഇപ്പോഴും ശ്യാമ പറയുന്നത്,അത് പച്ചക്കള്ളം ആണ്,
ഞാൻ പക്ഷെ നടത്തത്തിന്റെയും ഓട്ടത്തിന്റെയും ഇടയിൽ ഉള്ള ഒരു പ്രത്യേക രീതിയിൽ ആണ് അകത്തേക്ക് പോയത് എന്ന ആരോപണം ശെരിയാണ്.ശ്യാമ സ്വന്തം വിധിയെ പഴിച്ചു കൊണ്ട് പുറകെയും,അകത്തേക്ക് പോയ എന്നെ കാണാതെ ശ്യാമ വന്നു നോക്കിയപ്പോൾ കണ്ടു പരിക്ഷീണനായി ചുമരും ചാരി നില്ക്കുന്ന എന്നെ, അവിടെ കയ്യിൽ ഒരു ബാഗും പിടിച്ചു നില്ക്കുന്നു നമ്മുടെ മഞ്ചു,
ആമസോണ്‍ വനാന്തരങ്ങളിലെ ഒരു യുവതി 11 കെ വീ ലൈനിൽ പിടിച്ചാൽ എങ്ങനെ ഇരിക്കും .അതായിരുന്നു പത്തൊൻപതുകാരി ആയ.ശ്യാമയുടെ പേടി സ്വപ്നം ആയിരുന്ന മഞ്ചു.. ആട്ടോറിക്ഷക്കു ഫ്രോക്ക് ഇട്ടതു പോലെ തന്നെയുണ്ട്
ഞാൻ പതുക്കെ ചുമരിൽ ചാഞ്ഞ് നിരങ്ങി നിരങ്ങി നിലത്തിരുന്നു,
അപ്പൊ ചിരി അടക്കി ശ്യാമ പറഞ്ഞു ,
അയ്യേ എന്തോന്ന് അജോയ്, ദേഹത്ത് അഴുക്കു പറ്റും,എണീക്ക്
'
ഓ ,ഇതിൽ കൂടുതൽ ഇനി എന്തോന്ന് പറ്റാൻ...
അപ്പോൾ കണ്‍ കോണിൽ കൂടി കണ്ടു ശ്യാമ പോയി മഞ്ചുവിന്റെ തോളിൽ കൈ വെച്ചു പറയുന്നു.മഞ്ചു,ഇനി ആയുഷ്ക്കാലം നീ ആണെന്റെ സഹായി ,നീ മാത്രം,ശേഷം രണ്ടു പേരും കെട്ടിപ്പിടിച്ച് അഞ്ചു മിനിറ്റ് പൊട്ടിക്കരഞ്ഞു.
അന്ന് മുതൽ തന്നെ മഞ്ചു ജോലിയിൽ പ്രവേശിച്ചു,അതോടെ ഞാൻ പേടിച്ചു അടുക്കള ഭാഗത്തേക്ക്‌ പോകാതെ ആയി,കാരണം മഞ്ചുവിന്റെ ഒടുക്കത്തെ വായും നോട്ടം,ഞാൻ പുറത്തിരുന്നു പേപ്പർ വായിച്ചാൽ മഞ്ചു ഗാർഡ് ഓഫ് ഓണർ പോലെ എന്നെ നോക്കിക്കൊണ്ടാണ് അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത്,
ഒരിക്കൽ വൈകിട്ട് അവിടെ കൂടിയ ഒരു സുഹൃദ് സദസ്സിൽ ഞാൻ എന്തോ ഒരു തമാശ പറഞ്ഞു, അവർ അതു കേട്ടു ചിരിക്കാൻ തുടങ്ങും മുൻപേ കേട്ടു ഹാർലി ഡേവിഡ്‌സൺ ബൈക്ക് വരുന്ന പോലെ ഒരു ശബ്ദം,ഞങ്ങൾ പേടിച്ച് ചാടി എണീറ്റ്‌ ഓടാൻ തുടങ്ങി ,
അപ്പോൾ ശ്യാമ പറഞ്ഞു , ആരും പേടിക്കണ്ട,മഞ്ചു അജോയ്ടെ തമാശ കേട്ടു ചിരിച്ചതാണ്
പിന്നെ അത് പതിവായി,ഞാൻ തമാശ പറഞ്ഞു മുഴുമിപ്പിക്കും മുൻപേ കേൾക്കാം അടുക്കളയിൽ നിന്ന്, ഹാർലി ഡേവിഡ്‌സൺ സ്റ്റാർട്ട് ആക്കുന്നത്
ബുഹുഹുഹുഹഹഹഹ.... ആഹഹഹഹഹഹ....ആ ആ ഹുഹുഹഹഹഹ
അങ്ങനെ ക്രമേണ ഞാൻ തമാശ പറയാതെ ആയി... ബൈക്കിനെ പേടിച്ചു സുഹൃത്തുക്കൾ വരാതെ ആയി,കസേരകളിൽ ഒക്കെ ചിലന്തിവല കെട്ടി..ഞാൻ താടി വളർത്തി, അന്ന് വെള്ളമടി ഇല്ലായിരുന്നതിനാൽ, കാപ്പി ഗ്ലാസ്‌ കണക്കിന് കുടിക്കാൻ തുടങ്ങി ..
ശ്യാമ മാത്രം ആനന്ദകഞ്ചുകിതയായി ധൃതങ്കപ്പുളകിതയായി ശശാങ്ക തരളിതയായി വിരാജിച്ചു,ആയിടെ ഒരു ദിവസം ഞായറാഴ്ച ശ്യാമയും ചേച്ചിയും പുറത്തു പോകാൻ നേരം ആ ചേച്ചി ശ്യാമയോട് പറയുന്നത് ഞാൻ കേട്ടു ,
അല്ല ശ്യാമേ, നമ്മൾ രണ്ടും പോയാൽ വീട്ടിൽ അജോയ്യും മഞ്ചുവും തനിയെ അല്ലെ ഉള്ളൂ,കുഴപ്പമാവുമോ? തീയും പഞ്ഞിയുമല്ലേ ??
അത് കേട്ടു സമനില തെറ്റിയ ഞാൻ ഒറ്റ ചാട്ടത്തിനു വെളിയിൽ ഇറങ്ങി ആ ചേച്ചിയെ ത്രിക്കണ്ണ് തുറന്നു നോക്കി അപ്പോൾ തന്നെ ദഹിപ്പിച്ചു ഭസ്മമാക്കിക്കളഞ്ഞു ,പിന്നീടു എത്രയോ കാലം കാലത്ത് കുളി കഴിഞ്ഞാൽ ഇടാൻ ആ ഭസ്മം ആണ് ഞങ്ങൾ ഉപയോഗിച്ച് കൊണ്ടിരുന്നത്,
അങ്ങനെ കാലം മുന്നോട്ടു പോകവേ,ദൈവം എന്നുള്ള ശക്തിയിൽ വിശ്വാസം നഷ്ട്ടപ്പെട്ട് അതി ഭീകരനായ ഒരു നിരീശ്വരവാദി ആയി ഞാൻ മാറിക്കൊണ്ടിരുന്നു, പ്രേമം മൂത്ത് മൂത്ത് ഏതു സമയവും മഞ്ചു ചാടി വീണ് എന്നെ ക്രൂരമായി ബലാൽസംഗം ചെയ്യും എന്നുള്ള ആ വേളയിൽ ഒരു ദിവസം അതാ വരുന്നു, മലക്കറിക്കാരി അമ്മച്ചിയും ,കൂടെ മഞ്ചു മീശ വെച്ചത് പോലെ ഒരാളും,മഞ്ചുവിന്റെ അച്ഛൻ ആയിരുന്നു അത്,
മഞ്ചുവിനു കല്യാണം നിശ്ചയിച്ചു പോലും , ഞാൻ സ്വയം നുള്ളി നോക്കി,സത്യം തന്നെ,ഞാൻ ഉടനെ ചാടി എണീറ്റ്‌ അകത്തേക്കോടി, അടച്ചിട്ട പൂജാ മുറിയിലെ ദൈവത്തിന്റെ പടത്തിനു മുന്നിൽ നമസ്കരിച്ചു, പത്തു മിനിട്ടോളം ആനന്ദ നൃത്തം ആടി,എന്നിട്ട് ഒന്നും സംഭവിക്കാത്തത് പോലെ വിയർപ്പും തുടച്ചു കതകു തുറന്നു വെളിയിൽ വന്നു .
വെളിയിൽ ശ്യാമ കരച്ചിൽ നിയന്ത്രിക്കാൻ ആവാതെ നില്ക്കുന്നു, മഞ്ചു ആണെങ്കിൽ അലമുറ ഇടുന്നു,പടക്കോ പടക്കോ എന്ന് പറഞ്ഞു സ്വയം നെഞ്ചത്തടിക്കുന്നു , അവൾക്ക് ഇപ്പൊ കല്യാണം വേണ്ട എന്ന്, ഇനി എന്നെ വല്ലതും കെട്ടണമെന്ന്‌ പറയുമോ എന്ന് പേടിച്ചു ഞാൻ അച്ചുവിന് പുറകിൽ ഒളിച്ചു നിന്നു,
അങ്ങനെ കരഞ്ഞ് കരഞ്ഞ് അവിടെ ഒരു വലിയ സ്വിമ്മിംഗ് പൂൾ സൃഷ്ട്ടിച്ച ശേഷം കെട്ടും ഭാണ്ടവും ഒക്കെ ആയി മഞ്ചുവും അച്ഛനും പോയി..കല്യാണം കഴിഞ്ഞു വേണമെങ്കിൽ മഞ്ചുവിനെ ജോലിക്ക് വിടാം എന്ന് അച്ഛൻ പറഞ്ഞു,
ഞാൻ സത്യൻ പറയുംപോലെ കൈ കറക്കിക്കൊണ്ട് അയാളോട് പറഞ്ഞു,വേണ്ട.ഞങ്ങൾ നാളെത്തന്നെ അമേരിക്കയ്ക്ക് പോകുവാ,ഇനി വരുകയെ ഇല്ല,അവിടെ ആണ് ശിഷ്ട്ട ജീവിതം.
അന്ന് വൈകിട്ട് എത്രയോ നാളുകൾക്ക് ശേഷം ചിലന്തി വല ഒക്കെ കളഞ്ഞു വൃത്തി ആക്കി ഞാൻ എന്റെ പഴയ ആ കസേര എടുത്തു പുറത്തിട്ട് ഞെളിഞ്ഞു മനസമാധാനത്തോടെ അതിൽ ഇരുന്ന് ടീ വി കണ്ടു, അതിലെയും ഇതിലെയുമൊക്കെ മൂക്കും ചുവപ്പിച്ചു നടന്ന ശ്യാമയെ വിളിച്ചു ഞാൻ പറഞ്ഞു,
ശ്യാമേ,നമുക്ക് ബുദ്ധിപൂർവം ഒരു തീരുമാനം എടുക്കാൻ സമയമായി, ഇനി കുറച്ചു വൃത്തി ഉള്ള .കുറച്ചു കൂടി പ്രായം കൂടിയ ഒരു ജോലിക്കാരി മതി
എന്ന് വെച്ചാൽ? ശ്യാമ ചോദിച്ചു,
എന്ന് വെച്ചാൽ, ഇവൾ പത്തൊൻപത് ആയിരുന്നില്ലേ? അത് വേണ്ട, നമുക്ക് ഒരു വയസായ ആൾ മതി, അതായതു ഒരു ഇരുപതു ഇരുപത്തൊന്നു വയസായ ആൾ,
അപ്പൊ ശ്യാമ പറഞ്ഞു,മതി,ഇനി ആ വിഷയത്തിൽ ചർച്ച വേണ്ട, പുതിയ ജോലിക്കാരിയെ ഞാൻ നിയമിച്ചു കഴിഞ്ഞു, നാളെ മുതൽ വരും
ആരാണയാൾ...ഞാൻ അടക്കാനാവാത്ത ആർത്തിയോടെ ചോദിച്ചു,
നമ്മടെ മലക്കറിക്കാരി അമ്മച്ചി...അവരാണയാൾ ..
ശുഭം !
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo