നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഏഴു ചുംബനങ്ങള്‍


Image may contain: 1 person, sunglasses, beard and closeup
ട്രെയിന്‍ ഒരു തുരങ്കത്തിലെ ഇരുട്ടു തിന്ന് തുടങ്ങിയപ്പോളാണ് അവനവളെ കടന്നു പിടിച്ചത്.. വെറും രണ്ടു നിമിഷങ്ങള്‍ കൊണ്ടാണ് അവള്‍ ആദ്യമായൊരാണിനു കീഴ്പ്പെട്ടു പോയത്.
അവനൊരു തീനാളം പോലെ കത്തിപ്പടരുകയും അവളൊരു ഞെട്ടറ്റ ഇല പോലെ ആ തീയിലേക്ക് വീണ് എരിഞ്ഞുതീര്‍ന്നതും നിമിഷങ്ങല്‍ക്കുള്ളിലെ മണിക്കൂറുകള്‍ കൊണ്ടാണ്.
ഒറ്റ നോട്ടം കൊണ്ട് നഗ്നയാക്കപ്പെടുകയും കഴുത്തിലെ പച്ച ഞെരമ്പില്‍ പല്ലുകളുരയുകയും ചെയ്തത്.. ചുണ്ടുകള്‍ക്ക് തടസ്സം നിന്ന ഏതാനും മുടി നാരുകള്‍ പൊട്ടി കാറ്റില്‍ പറന്നത്.. മുഖത്തെ കാക്കപ്പുള്ളി ഉമിനീരില്‍ കുതിര്‍ന്നത്, ചെവിക്കരികില്‍ നിന്നും താഴേക്കോടിയിറങ്ങിയ ഒരു വിയര്‍പ്പു തുള്ളി കവിളില്‍ നിന്നും മാഞ്ഞു പോയത്.. കഴുത്തിനു പിന്നിലെ മുടിയിഴകള്‍ അവന്‍റെ വിരലുകളില്‍ ബലമായി ചുറ്റിയമര്‍ന്നപ്പോള്‍ അവള്‍ രണ്ടു കാല്‍വിരല്‍ തുമ്പില്‍ നിന്നത്..
അടി വയറ്റില്‍ നിന്നും പിറവി കൊണ്ട ഒരു പിടച്ചില്‍ ചുണ്ടുകളിലെത്തി ഇല്ലാതായത്..
ആറു ചുംബനങ്ങള്‍.. ആറു ജന്മങ്ങള്‍..
അവസാന ജന്മത്തിന്‍റെ വലിയ ഉത്തരത്തിനു മുന്‍പാണ് അവന്‍ തിരക്കിലേക്കടര്‍ന്നു വീണ് അപ്രത്യക്ഷനായത്. ഞരമ്പുകളില്‍ തീയമര്‍ന്നിരുന്നില്ല, ഹൃദയം മറ്റൊരു ട്രെയിനായി ഇടിച്ചിടിച്ച് തിടുക്കത്തില്‍ ഓടികൊണ്ടിരുന്നു.. അടര്‍ന്നിളകിയ കണ്മഷിയെ നനച്ചു കൊണ്ട് രണ്ടു തുള്ളികള്‍ കണ്‍കോണില്‍ വഴിയറിയാതെ വിറച്ചു നിന്നു..
ട്രെയിന്‍ ആ സമയം ഏതോ വയലുകളെ പിന്നിലേക്കോടിക്കുകയായിരുന്നു, ലോകം കീഴ്മേല്‍ മറിഞ്ഞത് അവള്‍ക്കു മാത്രമായിരുന്നു.. ഇനിയും പേര് കണ്ടു പിടിച്ചിട്ടില്ലാത്ത ഒരു ചുഴലി കൊടുങ്കാറ്റ് കവര്‍ന്നെടുത്തത് അതു വരെയുള്ള അവളെ തന്നെയായിരുന്നു..
വശ്യമായ ഒരു ഗന്ധം തന്നെ പൊതിഞ്ഞു നില്‍ക്കുന്നതായി അവള്‍ക്കു തോന്നി. ഏതൊരു ഗന്ധങ്ങളുടെ കുത്തൊഴുക്കിലും എളുപ്പം വേര്‍തിരിക്കാവുന്ന ഒന്ന്..
അത് കയ്യിലുണ്ട്, കഴുത്തിലും ചുമലുകളിലുമുണ്ട്, മുടിയിലും മുഖത്തും ചുണ്ടുകളിലും അതവശേഷിപ്പിച്ചാണ് അയാള്‍ അപ്രത്യക്ഷനായത്..
അവള്‍ കയ്യിലിരുന്ന ലെതര്‍ ബാഗ് നെഞ്ചോടടുക്കി പിടിച്ചു കൊണ്ട് ഡോറിനരികില്‍ നിന്നും നടന്ന് ആദ്യം കണ്ട സീറ്റിലിരുന്നു.. വന്ന കാര്യം നടന്നിട്ടില്ല, ഇനിയതിനോട്ടു ധൈര്യവുമില്ല. തിരുവനന്തപുരത്തു നിന്നും കയറുമ്പോള്‍ മനസ്സൊരു മരുഭൂമി പോലെ കിടക്കുകയായിരുന്നു, ഉണങ്ങി വരണ്ട് മഴയില്ലാതെ പൊടിക്കാറ്റുകള്‍ മാത്രമായി ജീവ സാന്നിദ്ധ്യമില്ലാത്ത ഗ്രഹം പോലെ മരുപ്പച്ചകളെ സ്വയം പിഴുതു കളഞ്ഞ മരുഭൂമി..
ആരാണയാള്‍?
ഇതിനു മുന്‍പ് കണ്ടിട്ടേയില്ല..
എന്തിനാണയാള്‍ തന്നെ..
താന്‍ നശിച്ചു..
തള്ളിയിട്ടു കൊല്ലേണ്ടതായിരുന്നു, ആഞ്ഞൊരടിയെങ്കിലും അയാളുടെ മുഖത്ത് കൊടുക്കേണ്ടതായിരുന്നു..
പക്ഷെ അയാളുടെ കണ്ണുകള്‍, അത് തനിക്ക് അന്യമായിരുന്നില്ലല്ലോ..
അന്ന് രാത്രി മുന്നിലെ ഇരുമ്പഴികളില്‍ മുഖം ചേര്‍ത്തു കൊണ്ടവള്‍ രണ്ടു നിമിഷം മാത്രം പരിചയമുള്ള അവന്‍റെ ഗന്ധം തേടി.. ചുണ്ടുകള്‍ വിറച്ചു, മുടിയിഴകള്‍ക്കിടയിലേക്ക് പത്തു വിരലുകള്‍ ഓടിക്കയറിയപ്പോള്‍ അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു..
തിളങ്ങുന്ന കണ്ണുകള്‍, മണമുള്ള ഇരുട്ട്..
ഇപ്പോള്‍ ജീവിതം കടന്നു പോകുന്നത് ഇരുട്ടു തിങ്ങിയ ഒരു തുരങ്കത്തിലൂടെയാണ്!!
എന്തെല്ലാം ധാരണകളായിരുന്നു.. ആണെന്ന വര്‍ഗ്ഗത്തെ കണ്ണു തുറന്നു നോക്കിയിട്ടു കൂടിയില്ലായിരുന്നു, വെറുപ്പായിരുന്നു. വിയര്‍പ്പു മണങ്ങള്‍ നിറഞ്ഞ ബസ്സുകളില്‍, തിരക്കേറിയ നിരത്തുകളില്‍, ആഘോഷങ്ങല്‍ക്കിടയിലെ ആള്‍ക്കൂട്ടങ്ങളില്‍, ആണ്‍ മണങ്ങള്‍ ഓക്കാനമുണ്ടാക്കി.. എല്ലായിടത്തും മൂക്കടച്ചു പിടിച്ചു, നീണ്ടു വന്ന വിരലുകളെ വളച്ചൊടിച്ചു, നോട്ടങ്ങള്‍ കൊണ്ട് ദഹിപ്പിച്ചു..
നീളമുള്ള മുടി മുറിച്ച് തോളോപ്പമാക്കിയത് പ്രശംസകളെ വെറുത്തിട്ടാണ്, ചുണ്ട് ചുവപ്പിക്കാതായതും പൊട്ടു കുത്താതായതും, ഉടലളവൊപ്പിച്ച് വസ്ത്രങ്ങള്‍ തുന്നിക്കാതിരുന്നതും നോട്ടങ്ങളെ ശരീരത്തില്‍ തങ്ങി നിര്‍ത്താതിരിക്കാനായിരുന്നു..
ആ താന്‍ ഒരു മണത്തിനും രണ്ടു ചുണ്ടുകള്‍ക്കും തിടുക്കമുള്ള പത്തു വിരലുകള്‍ക്കും അടിമപ്പെട്ടു പോയിരിക്കുന്നു..
എന്തെ അയാളെ വെറുക്കാന്‍ കഴിയുന്നില്ല??
ആ രണ്ടു നിമിഷങ്ങളെ മനസ്സില്‍ നിന്നും തുടച്ചു നീക്കാന്‍ കഴിയുന്നില്ല..?
തന്‍റെ സ്ഥാനത്ത് മറ്റൊരു പെണ്ണായിരുന്നെങ്കില്‍ അയാളെയപ്പോള്‍ തല്ലുമായിരുന്നില്ലേ? തുറന്നു കിടന്ന തീവണ്ടി വാതിലിലൂടെ അയാളെ പുറത്തേക്ക്‌ തള്ളുമായിരുന്നില്ലേ? ഒച്ച വച്ച് ആളെ കൂട്ടുമായിരുന്നില്ലേ?
താനെന്താണ്‌ ചെയ്തത്..
മനസ്സ് ഞെട്ടിത്തരിച്ചു നില്ക്കുംബോളും ശരീരം ചുംബനങ്ങളുടെ എണ്ണമെടുക്കുകയായിരുന്നു, ചുണ്ടുകള്‍ എഴാമത്തെത് ഏറ്റുവാങ്ങാനുള്ള കാത്തിരുപ്പിലായിരുന്നു
എന്താണ് തന്നെ തോല്പ്പിച്ചതെന്ന് അപ്പോളവള്‍ക്ക് വ്യക്തമായി തുടങ്ങിയിരുന്നു, അതയാളുടെ സ്നേഹം നിറഞ്ഞ ഭ്രാന്തായിരുന്നു, നീയെന്‍റെത് മാത്രമെന്ന് ഉറക്കെ പറഞ്ഞ അയാളുടെ നിശ്വാസങ്ങള്‍, ഒരു സ്വന്തമാക്കലിന്‍റെ ആധികാരികതയുയര്‍ത്തിയ ചുണ്ടുകള്‍, നിയന്ത്രണ രേഖകളെ തകര്‍ത്തു മുന്നേറിയ പത്തു വിരലുകള്‍.. ഏതോ മുജ്ജന്മ ബന്ധത്തിന്‍റെ ബാക്കി തീര്‍ക്കല്‍ പോലെ പ്രണയമെരിയുന്ന കണ്ണുകള്‍ കൊണ്ടുള്ള ചോര പൊടിയാത്ത കുത്തിക്കീറല്‍..
സ്നേഹമുറയുന്ന, ഉന്മാദം കത്തി നില്‍ക്കുന്ന അയാളുടെ മൌനം പോലും എത്ര ഭീകരമായാണ് തന്നെയാക്രമിച്ചു കീഴ്പ്പെടുത്തിയത്..
അവള്‍ ജയില്‍ മുറിക്കുള്ളില്‍ വെളിച്ചം വരച്ച നിഴല്‍ ചിത്രങ്ങളില്‍ ചവിട്ടി വെറുതെ നടന്നു..
എന്നു മുതലാണ്‌ ജീവിതത്തിന്‍റെ താളം തെറ്റിയത്? അതറിയില്ല.. പക്ഷെ ഒന്ന് മാത്രമറിയാം എന്നാണ് ജീവിതം നേര്‍ വഴിയിലേക്ക് ദിശ മാറി സഞ്ചരിച്ചു തുടങ്ങിയതെന്ന്..
ശിക്ഷയവസാനിക്കാന്‍ രണ്ടു വര്‍ഷങ്ങളാണുള്ളത്, രണ്ടു വര്‍ഷങ്ങള്‍ തള്ളി നീക്കാന്‍ കയ്യിലുള്ളത് രണ്ടു നിമിഷങ്ങളാണ്, അതിലാവട്ടെ ആറു ജന്മങ്ങളും..
മുന്‍ ജന്മങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളുമായി അവന്‍ വന്നില്ലായിരുന്നുവെങ്കില്‍ ഈ അവസാന ജന്മം വിഫലമായി പോകുമായിരുന്നു.. വീണ്ടും കാണണം..
അവള്‍ എഴുതി കൂട്ടിയ കടലാസ് താളുകള്‍ അടുക്കി വച്ചു, ജീവിതം കുറച്ചു പേജുകളിലേക്ക് വരച്ചിടുന്നതിന്റെ സുഖം.. ഇതിനും കാരണം അവനാണ്, ആറു ജന്മങ്ങളുടെ കഥ പറഞ്ഞു തന്നവന്‍..
പരോള്‍ കിട്ടിയപ്പോള്‍ പോയത് വീട്ടിലേക്കായിരുന്നില്ല, റെയില്‍വേ സ്റ്റേഷനില്‍ വന്നും പോയുമിരിക്കുന്ന തീവണ്ടിക്കൂടുകളില്‍ എത്ര നേരമാണ് അവനെയും തിരഞ്ഞു നടന്നത്.. ആള്‍ക്കൂട്ടങ്ങളുടെ തിക്കിനും തിരക്കിനുമിടയില്‍, നിറഞ്ഞോടുന്ന ബസ്സിലെ ആണ്‍ ഗന്ധങ്ങള്‍ക്കിടയില്‍, നിരത്തിലെ വെയിലില്‍ കുതിര്‍ന്ന ഷര്‍ട്ടുകള്‍ക്കിടയില്‍.. എവിടെയും തിരഞ്ഞത് ഒരേയൊരു മണമായിരുന്നു..
രണ്ടു നിമിഷങ്ങള്‍ കൊണ്ട് മൂക്കില്‍ നിന്നും സകല മണ ങ്ങളെയും പടിയിറക്കി കൊണ്ട് അവകാശം സ്ഥാപിച്ച ഒരേയൊരു മണം
ഒരാളോടുള്ള സ്നേഹത്തിന്‍റെ ആഴം കൂടുന്തോറും അതെ ആഴത്തില്‍ ഒരിക്കല്‍ മുങ്ങി മരിക്കേണ്ടതാണെന്ന സത്യം ആരാണാദ്യം ഓര്‍ക്കുക..
വീണ്ടുമൊരു ആത്മഹത്യക്ക് പ്രേരിപ്പിച്ചതും അതേ നിരാശയായിരുന്നു, മൂന്നാം നാള്‍ വീട്ടുകാര്‍ മുഖം കറുത്ത് സംസാരിച്ചത്, നാട്ടുകാരുടെ ചോദ്യങ്ങളും നോട്ടവും,, പരോള്‍ മതിയാക്കി ജയിലില്‍ ചെന്നിട്ടും അനുഭവങ്ങള്‍ വേട്ടയാടി, മനസ്സിന്‍റെ നിയന്ത്രണം ഏറ്റെടുത്ത പ്രണയവും നിരാശയും തന്നെ ഇഞ്ചിഞ്ചായി കൊല്ലുന്നതായി അവള്‍ക്കു തോന്നി..
പ്രതീക്ഷകളേയും സ്വപ്നങ്ങളെയും കൂടുതല്‍ കൂടുതല്‍ മായ്ച്ചു കൊണ്ടാണ് ഓരോ ദിവസവും കടന്നു പൊയ്ക്കൊണ്ടിരുന്നത്. ആരോടും മിണ്ടാന്‍ തോന്നുന്നില്ല, ലോകം മുഴുവന്‍ തന്നെ ഉറ്റു നോക്കും പോലെ, പരിഹസിക്കുന്നത് പോലെ..
ഒളിപ്പിച്ചു കൊണ്ടുവന്ന ബ്ലേഡ് കഷണം കയ്യിലെടുത്തപ്പോളാണ് വാര്‍ഡന്‍ ആ കത്ത് കൊണ്ടു തന്നത്..
അതില്‍ ഒന്നുമില്ലായിരുന്നു..
യാതൊന്നുമെഴുതാത്ത വിലാസം രേഖപ്പെടുത്താത്ത ആ കത്തില്‍ ഒരു ചിത്രമുണ്ടായിരുന്നു..
ഒരു തീവണ്ടി വാതിലില്‍ കാറ്റിനോട് യുദ്ധം ചെയ്യുന്ന മുടിയുമായി വിദൂരതയിലേക്ക് കണ്ണു നട്ടു നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം!!
മറ്റൊന്നു കൂടിയുണ്ടായിരുന്നു...
അടി വയറ്റിലൊരു പിടച്ചിലുണ്ടാക്കിയ അവന്‍റെ മണം!
കത്തിന് പുറത്ത് അവളുടെ പേര് മാത്രം..
ചിത്രയ്ക്ക്..
അവള്‍ക്കത് വിശ്വസിക്കാനായില്ല, താനിവിടെയാണെന്ന് അയാളെങ്ങനെ മനസ്സിലാക്കി? ഓര്‍ത്തിരിക്കാന്‍ താനെന്താണയാള്‍ക്ക് കൊടുത്തത്? ഒരു പക്ഷെ പത്രത്തിലയാള്‍ വായിച്ചിട്ടുണ്ടാവും..
പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ഇരുപത്തിനാലുകാരി പെണ്‍കുട്ടിയുടെ കഥ..അയാള്‍ മരിച്ചെന്നാണ് കരുതിയത്, അച്ഛന്‍റെ മരണ ശേഷം അമ്മയ്ക്ക് പറ്റിയ ഒരബദ്ധമായിരുന്നു അയാള്‍.. വളര്‍ന്നപ്പോള്‍ തന്നിലേക്ക് നീണ്ടു തുടങ്ങിയ അയാളുടെ വൃത്തികെട്ട കണ്ണുകള്‍ അനിയത്തിയിലേക്കും നീളാതിരിക്കാനാണ് തീരെ സഹികെട്ട ആ സന്ദര്‍ഭത്തില്‍ അങ്ങനെ ചെയ്തത്.രക്ഷപ്പെട്ടുകൊള്ളാന്‍ അമ്മ കരഞ്ഞു പറഞ്ഞപ്പോള്‍ ഇറങ്ങിയതാണന്ന്‍..
അന്നത്തെ ദിവസം തന്നെയാണ് അയാളെയും കണ്ടുമുട്ടിയത്..
വീട്ടില്‍ നിന്നുമിറങ്ങിയൊരു ട്രെയിനില്‍ കയറി. ജീവിതമവസാനിപ്പിക്കാന്‍ തീരുമാനമെടുത്തതിന്‍റെ തൊട്ടടുത്ത നിമിഷത്തില്‍...
ഒരുപക്ഷെ താന്‍ ചാടുമെന്ന് തോന്നിയതു കൊണ്ടാവുമോ അയാള്‍ തന്നെ കയറിപ്പിടിച്ചത്‌..
ഇഷ്ടം തോന്നിയതു കൊണ്ടാവുമോ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് വലിച്ചിട്ടു ചുംബിച്ചത്?
ഇരുട്ടില്‍ കുറച്ചു ചോദ്യങ്ങള്‍ അവള്‍ക്കു ചുറ്റും കറങ്ങിക്കൊണ്ടിരുന്നു..
എന്തുറപ്പിലാണ് അയാളെയും കാത്തിരിക്കുന്നത് ?
തന്നോടയാള്‍ക്ക് സ്നേഹമുണ്ടാകുമോ ?
ഒരാണിന് പെട്ടന്നു തോന്നിയ ഭ്രാന്ത് മാത്രമാവില്ലേ അത്? അയാളൊരു ദുഷ്ടനായിരിക്കുമോ ?
മരണത്തില്‍ നിന്നും തന്നെ പിന്തിരിപ്പിച്ചതാണെങ്കില്‍ എന്തിനയാള്‍ തിടുക്കത്തില്‍ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി?
അവള്‍ മനസ്സില്‍ പല കഥകളുണ്ടാക്കി, അതിലയാള്‍ നായകനും വില്ലനുമായി, നല്ലതും ചീത്തയുമായി..
വിലാസം രേഖപ്പെടുത്താത്ത ഒരു കത്ത് മാത്രമാണ് ഏക ആശ്വാസം, അതയാള്‍ക്ക് തന്നോടുള്ള സ്നേഹത്തിന്‍റെ കഥ മാത്രമേ പറയുന്നുള്ളൂ..
അവള്‍ക്ക് സന്തോഷം തോന്നി..
ഈ ലോകത്ത് തന്നെ കാത്തിരിക്കാന്‍ ഒരാളുണ്ടെന്നുള്ള വിശ്വാസം അവളുടെ കവിളുകളെ ചുവപ്പിച്ചു, ഞരമ്പുകളെ ഉത്തേജിപ്പിച്ചു, മനസ്സിനെക്കൊണ്ട് മൂളിപ്പാട്ട് പാടിച്ചു, കണ്ണുകളെ നനയിച്ചു..
ആദ്യമായി പ്രണയമറിയുന്നു..
ജയിലിന്‍റെ വലിയ മതിലുകള്‍ക്കപ്പുറം വാക മരങ്ങള്‍ നിറയെ പൂവിട്ടു നില്‍ക്കുന്നതായും ചെറുതായി മഴ പെയ്യുന്നതായും അവള്‍ക്കു തോന്നി.. തണല്‍ വിരിച്ച മരചില്ലകളില്‍ പാടുന്ന കിളികള്‍, നിരത്തില്‍ ഒഴുകിനടക്കുന്ന കുടകള്‍, കുടകള്‍ക്കു കീഴെ ചേര്‍ന്നു നടക്കുന്ന പലതരം ഗന്ധങ്ങള്‍..
അതിലൊരു കുടക്കീഴില്‍ താന്‍.. തന്‍റെ കുടയ്ക്കകത്തു മാത്രം ഒരു മഴ പെയ്യുന്നു.. അയാളെന്ന മഴ!!
ലോകം വല്ലാതെ ചെറുതായി പോകുന്നതായി അവള്‍ക്കു തോന്നി, ഇത്രനാളും കൂടെയുണ്ടായിരുന്ന പലതും അപ്രത്യക്ഷമായി തുടങ്ങിയിരിക്കുന്നു, ഒരു പക്ഷെ മനസ്സിന്‍റെ തോന്നലാവാം, അല്ലെങ്കിലത് ഏറെയിഷ്ടമുള്ളതിനു വേണ്ടി മറ്റു കാഴ്ച്ചകളെ മറച്ചു പിടിക്കുന്നതുമാവാം..
പക്ഷെ ഒന്നുറപ്പാണ്, തനിക്കു ചുറ്റുമുള്ള കാഴ്ച്ചകളിലെല്ലാം നിറഞ്ഞിരിക്കുന്നത് ഒരൊറ്റ ഗന്ധമാണ്..
പുറത്തു പെയ്യുന്ന മഴയ്ക്കും, ഇടയ്ക്ക് വരുന്ന കാറ്റിനും, വാടിയ വാകപ്പൂവിനും നനഞ്ഞ മണ്ണിനും വരെ അയാളുടെ മണം!!
അവള്‍ രാത്രികളില്‍ ഞെട്ടിയുണര്‍ന്നു, സ്വപ്ന തുടര്‍ച്ചക്ക് വേണ്ടി പ്രയത്നിച്ചു, ആരോടൊക്കെയോ ദേഷ്യപ്പെട്ടു..
അയാളെയോര്‍ത്ത് ചിരിച്ചു കൊണ്ട് കരഞ്ഞു!!
വീണ്ടും കടുത്ത ഏകാന്തത മണിക്കൂറുകളെ മാസങ്ങളാക്കിയപ്പോള്‍ അവളയാള്‍ക്ക് കത്തുകളെഴുതി, ഊരും പേരുമറിയാത്ത കാമുകന് വേണ്ടി അവള്‍ കണ്ടു പിടിച്ചെഴുതിയ വാക്കുകള്‍ ഒരിക്കലും അയാളുടെ കണ്ണുകളെ തൊടില്ലെന്നോര്‍ത്തപ്പോള്‍ അവളുടെ മനസ്സൊരു നിരാശയുടെ കടലില്‍ മുങ്ങിത്താഴാന്‍ തുടങ്ങി.
അവള്‍ ഇരുട്ടിനോടും നിഴലിനോടും സംസാരിക്കാന്‍ തുടങ്ങി.. ജയിലിന്‍റെ നീണ്ട ഇടനാഴികളിലും, കല്‍പ്പടവുകളിലും, തൂണുകള്‍ക്കു പിന്നിലും, മരങ്ങള്‍ക്ക് ചുവട്ടിലും വരെ അയാളുടെ മണം അവള്‍ക്കു പിടി കൊടുക്കാതെ വഴുതി മാറിക്കൊണ്ടിരുന്നു..
ശിക്ഷയവസാനിക്കുന്നതിന്‍റെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മരുഭൂമിയിലെ മഴ പോലെ വീണ്ടുമൊരു കത്ത് വന്നു..
അത് തുറന്നു വായിക്കാന്‍ ആദ്യമവള്‍ ഭയപ്പെട്ടെങ്കിലും പിന്നീട് തുറന്നു. നിരന്നോടുന്ന തീവണ്ടികള്‍ പോലെ കുറെ വരികള്‍..
ഹൃദയമിടിപ്പുയര്‍ത്തിക്കൊണ്ട് അവളുടെ കണ്ണുകള്‍ ആ അക്ഷരങ്ങളെ കോര്‍ത്തെടുത്തു..
“പ്രിയപ്പെട്ട ചിത്രയ്ക്ക്,
നിനക്കവിടെ സുഖമാവില്ലെന്നറിയാം, എഴുതി കീറി കളഞ്ഞ എണ്ണമറ്റ കത്തുകള്‍ക്ക് ശേഷമാണ് ഇത് വീണ്ടും നിന്നിലേക്ക്‌ എത്തിയിരിക്കുന്നതെന്നറിയുക. ഒരു വലിയ കുറ്റബോധത്തിന്‍റെ ചുട്ടു പഴുത്ത നൂറായിരം ഇരുമ്പഴികള്‍ക്ക് നടുവിലാണ് ഞാന്‍..
രണ്ടു നിമിഷത്തെ ഭ്രാന്തിന് നീയെനിക്കൊരിക്കലും മാപ്പ് തരില്ലായിരിക്കും, ഈ ലോകത്താര്‍ക്കും അതിനു കഴിയുമെന്നും കരുതുന്നില്ല.. എന്‍റെ കോടതിയില്‍ എനിക്ക് ന്യായീകരനങ്ങളില്ല, അന്ന് മരണത്തില്‍ നിന്നും നിന്നെ എന്നിലേക്ക് വലിച്ചു ചേര്‍ക്കുന്നത് വരെ മനസ്സില്‍ മറ്റൊന്നുമില്ലായിരുന്നു. അങ്ങനെ ചെയ്യാന്‍ ആ രണ്ടു നിമിഷങ്ങളില്‍ എന്നെ പ്രേരിപ്പിച്ചതെന്തെന്ന് ഇപ്പോളും അറിയില്ല.. നിന്‍റെയുലഞ്ഞ മുടിയും നിറഞ്ഞ കണ്ണുകളും ഓരോ നിമിഷവും ഈ ലോകത്തില്‍ നിന്നെന്നെ തുരത്തിയോടിച്ചു കൊണ്ടേയിരിക്കുന്നു..
നിന്‍റെ മനസ്സ് വായിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, നിന്‍റെ ചിന്തകള്‍ക്ക് കൂട്ടിരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നെല്ലാം ആഗ്രഹിച്ചു പോകുന്നു, ഒരു തീരുമാനമെടുക്കാന്‍ കഴിയാത്തവണ്ണം മനസ്സ് സംഘര്‍ഷഭരിതമാണ്..
ഇനിയൊരിക്കല്‍ കൂടി നിന്‍റെ മുന്നില്‍ വന്നു നില്‍ക്കാന്‍ കഴിയുമോ എന്ന്‍ നിശ്ചയമില്ല..
നിന്നെ മാത്രം കാണുന്ന കണ്ണുകള്‍, നിന്നെതൊടുന്ന വിരലുകള്‍, നിന്നെ ചുമക്കുന്ന ഹൃദയം, നീയൊഴുകുന്ന ഞരമ്പുകള്‍, നിന്നെയോര്‍ക്കുന്ന മനസ്സ്... ജന്മ ജന്മാന്തരങ്ങളുടെ എല്ലാ സ്നേഹവുമാവാഹിച്ചു കൊണ്ട് ഭ്രാന്തമയി നിന്നിലേക്കലിഞ്ഞു ചേര്‍ന്നിരിക്കുന്നു എന്‍റെ മനസ്സും ശരീരവും..
പല തവണ കാണാന്‍ വന്നിട്ടും കാണാതെ തിരിച്ചു പോയത് സ്നേഹക്കൂടുതല്‍ കൊണ്ടാണ്, നിന്‍റെ മുഖം ദേഷ്യം കൊണ്ടു ചുവക്കുന്നതും കണ്ണുകള്‍ നിറയുന്നതും കാണാന്‍ കഴിയാത്തത് കൊണ്ടാണ്..
കൂടുതല്‍ എഴുതുന്നില്ല, നീയിറങ്ങുന്ന ദിവസം വരണമെന്ന് മോഹമുണ്ട്.
ഈ ചുട്ടു പഴുത്ത അഴികള്‍ക്കുള്ളില്‍ ഉരുകി മരിച്ചില്ലെങ്കില്‍ ഞാനെത്തുമായിരിക്കും..
സ്നേഹപൂര്‍വ്വം..”
അവള്‍ ഉറക്കെയുറക്കെ കരഞ്ഞു.
കണ്ണുനീരില്‍ കുതിര്‍ന്ന കടലാസില്‍ മുഖം പൂഴ്ത്തി എപ്പോഴോ ഉറങ്ങി..
*
അയാളുടെ ഓര്‍മ്മകള്‍ക്ക് സ്കിസോഫ്രീനിയ എന്നാണ് പേരെന്ന് ജയില്‍ വാര്‍ഡനാണ് ആദ്യം പറഞ്ഞത്..
തിരക്കില്‍ ഇല്ലാത്തയാളെ തിരയുന്നത്, തനിച്ചു സംസാരിക്കുന്നത്, രാത്രികളില്‍ ഉറങ്ങാതിരിക്കുന്നത്, ചിരിച്ചു കൊണ്ട് കരയുന്നത്, ജീവനൊടുക്കാന്‍ തോന്നിപ്പിക്കുന്നത്..
അങ്ങനെയവര്‍ നിരത്തിയ കാരണങ്ങള്‍ പലതായിരുന്നു.
ഡോക്ടറത് ശരി വച്ചിട്ടാവണം മരുന്നെഴുതിയത്..
അയാളെ മറക്കാനുള്ള മരുന്ന്..
ഓര്‍മ്മകളില്‍ നിന്ന് അയാളും മൂക്കില്‍ നിന്ന് അയാളുടെ ഗന്ധവും മാഞ്ഞു പോകുമായിരിക്കും.
ഒന്നും സത്യമല്ല.. രണ്ടു നിമിഷങ്ങള്‍, ആറു ജന്മങ്ങള്‍, ആറു ചുംബനങ്ങള്‍, അയാളുടെ കത്തുകള്‍?
കഴിക്കാന്‍ കിട്ടിയ ചെറിയ ചുവന്ന ഗുളികകള്‍ക്ക് പക്ഷെ മണമില്ലായിരുന്നു..
മുറിയിലെ പുതപ്പിനും, ഉടുത്തിരിക്കുന്ന വസ്ത്രത്തിനും, പുറത്തെ കാറ്റിനും വരെ മണമില്ലായിരുന്നു..
അവളാ മരുന്ന്‍ കഴിച്ചില്ല, ഇത് ഭ്രാന്താണെങ്കില്‍ അതിനു തന്‍റെ ജീവന്‍റെ വിലയുണ്ട്..
വീട്ടിലേക്കിനി വരേണ്ടെന്ന്‍ പറയാതെ പറഞ്ഞിട്ടാണ് അനിയത്തി കണ്ടിട്ടു പോയത്. ജീവിതത്തില്‍ ആകെയുള്ള കൂട്ട് ഇനിയീ ഭ്രാന്ത് മാത്രമാണ്. അവള്‍ക്ക് ചിരി വന്നു.
അവള്‍ അഴികള്‍ക്കുള്ളിലിരുന്ന്‍ ചുമരിലെ ചിലന്തിയെക്കാള്‍ വേഗത്തില്‍ ഓര്‍മ്മനാരുകള്‍ കൊണ്ട് വലകള്‍ നെയ്തു കൂട്ടി, മനസ്സിലെ ചിതറിക്കിടക്കുന്ന അക്ഷരങ്ങള്‍ പെറുക്കിക്കൂട്ടി അയാളിലേക്ക് സ്നേഹനൂലുകളെറിഞ്ഞു..
ശിക്ഷയവസാനിച്ച ദിവസത്തിന്‍റെ തലേന്നവള്‍ ഉറങ്ങിയില്ല, മനസ്സൊരു കടല്‍ പോലെ ഇരമ്പിയാര്‍ത്തുകൊണ്ടിരുന്നു..
അയാള്‍ വരുമോ..
വന്നില്ലെങ്കില്‍ അയാളെ തിരഞ്ഞ് എവിടേക്ക് പോകും..
അവള്‍ അഴികളുടെ നിഴലില്‍ ചവിട്ടി മുറിയിലങ്ങുമിങ്ങും നടന്നു..
ഒരു പക്ഷെ തന്‍റെയീ ജന്മം നാളെ അവസാനിക്കുമായിരിക്കും, അവള്‍ ചിരിച്ചു, കണ്ണുകള്‍ നിറഞ്ഞു.
പിറ്റേന്ന് രാവിലെ ചെറിയ ബാഗ് ചേര്‍ത്തു പിടിച്ചു കൊണ്ടവള്‍ ജയിലിന്‍റെ പടിയിറങ്ങി..
കാത്തിരിക്കാനോ, കൂട്ടിക്കൊണ്ടു പോകാനോ ആരുമില്ല.
പുറത്ത് വെയില്‍ വീണു തുടങ്ങിയിരുന്നു.
വാക മരങ്ങള്‍ പൂവില്‍ കുളിച്ച് നിന്നു..
മണമില്ലാത്ത വാക പൂക്കളില്‍ ചവിട്ടി അവള്‍ മുന്നോട്ടു നടന്നു..
ആരൊക്കെയോ തന്നെ ശ്രദ്ധിക്കുന്നുണ്ട്..
തനിക്ക് പിന്നിലായി ചിലര്‍ നടക്കുന്നുണ്ട്..
മണമില്ലാത്ത ആരൊക്കെയോ അവളെ കടന്നു പോയി.
വഴിയരികിലെ മാലിന്യകൂമ്പാരത്തിനടുത്തുകൂടെ പലരും മൂക്കു പൊത്തി കടന്നു പോയിട്ടും അവളത് അറിഞ്ഞതേയില്ല..
റെയില്‍വേ സ്റ്റേഷന്‍ എത്തിയപ്പോള്‍ അവള്‍ അകത്തേക്ക് കയറി, തിരക്കില്‍ വെറുതെ കണ്ണോടിച്ചു, വിയര്‍പ്പില്‍ മുങ്ങിയ ഷര്‍ട്ടുകള്‍ ശ്രദ്ധിച്ചു..
തീവണ്ടിത്തിരക്കിനിടയിലൂടെ അവള്‍ നനഞ്ഞൊട്ടിയ ഒരപ്പൂപ്പന്‍ താടി പോലെ ഇഴഞ്ഞു നീങ്ങി, ആരൊക്കെയോ അവളെ തട്ടിതെറിപ്പിച്ചു. ശബ്ദ കോലാഹലങ്ങള്‍, കുട്ടിക്കരച്ചിലുകള്‍, ഓട്ടപ്പാച്ചിലുകള്‍, കച്ചവടക്കാരുടെ ഉച്ചത്തിലുള്ള വില്‍പ്പനയൊച്ചകള്‍, ഇതൊന്നുമവളുടെ ചെവികളെ സ്പര്‍ ശിച്ചതേയില്ല..
അവളൊരു നീങ്ങി തുടങ്ങിയ തിരക്കു കുറഞ്ഞ തീവണ്ടിയുടെ കംബാര്‍ട്ടുമെന്റിലെക്ക് വേഗത്തിലോടി കയറി വാതിനരികില്‍ നിന്നു.. പുറത്ത് മെല്ലെയകന്നു കൊണ്ടിരിക്കുന്ന മുഖങ്ങള്‍ക്കിടയിലവള്‍ പ്രതീക്ഷ വറ്റിയ കണ്ണുകളാല്‍ അവസാനവട്ടവും അയാളെ തിരഞ്ഞു..
അയാളിനിയില്ല..
രക്തം വാര്‍ന്നു തീരാറായ ഞരമ്പുകളുമായി ഒരു ഹൃദയം അവസാന മിടിപ്പുകളുടെ ഭാരം ചുമന്ന് തനിയെ നിശബ്ദമാകുന്നത് പോലെ അവളുടെ മനസ്സ് കാഴ്ച്ചകളെ പുറംതള്ളിക്കൊണ്ട് ശരീരത്തെ പടിയിറക്കിവിടാനുള്ള ശ്രമം തുടങ്ങിയിരുന്നു..
തീവണ്ടി വേഗം കൂട്ടി നഗരതിരക്കുകളെ പിന്നിലെക്കോടിച്ചു മുന്നോട്ടു പാഞ്ഞപ്പോള്‍ ഒരുപിടിയക്ഷരങ്ങളെ പാളത്തില്‍ ചിതറിച്ചു കൊണ്ട് അവളയാളുടെ കത്തുകളടങ്ങിയ ബാഗും നഷ്ടപ്പെടുത്തിയിരുന്നു. ഇനിയുള്ളത് താനാണ്, താന്‍ മാത്രം..
ഏതൊരു ആത്മഹത്യക്ക് തൊട്ടു മുന്‍പും കീഴടങ്ങി വിജയിക്കുന്നതിന്‍റെ ഗൂഡമായ ആനന്ദം നിറഞ്ഞ ചില നിമിഷങ്ങള്‍ ഉണ്ടായിരിക്കുമെന്നവള്‍ അനുഭവിച്ചറിഞ്ഞു! ചിലരെ തോല്‍പ്പികുന്നതിന്‍റെ സുഖം, ചില ഓര്‍മ്മകളില്‍ നിന്ന് ഓടിയൊളിക്കുന്നതിന്‍റെ സുഖം.. അവസാനിക്കാത്ത വേദനകളില്‍ നിന്നും ഉയര്‍ന്നു പറക്കുന്നതിന്‍റെ സുഖം..
വാതില്‍ക്കൊളുത്തില്‍ പിടിച്ചു കൊണ്ടവള്‍ പുറത്തെ പായുന്ന കാറ്റിലേക്ക് മുഖം പൂഴ്ത്തി, മിഴിനീര്‍ തുള്ളികളെ കാറ്റെടുത്തു..
അയാളെന്ന ഭ്രാന്ത്.. അവള്‍ക്ക് ചിരിക്കാന്‍ തോന്നി..
മെല്ലെ വിരലയക്കാന്‍ തുടങ്ങിയപ്പോള്‍ പിന്നിലൊരു ഗന്ധം നിറഞ്ഞു.. കയ്യിലാരോ അമര്‍ത്തി പിടിച്ചു..
പെട്ടന്ന് ചുറ്റും മണങ്ങള്‍ നിറഞ്ഞു..
പല പല ഗന്ധങ്ങള്‍ കാറ്റവള്‍ക്ക് മുന്നിലേക്ക് അടര്‍ത്തിയിട്ടു കൊടുത്തു.. അയാള്‍.. അയാളുടെ മണം..
പെട്ടന്ന് തിരിഞ്ഞവള്‍ അയാളുടെ കണ്ണുകളിലേക്ക് വീണുറങ്ങിപ്പോയി..
രണ്ടു നിമിഷങ്ങള്‍ കൊണ്ട് പിന്നിട്ട ആറു ജന്മങ്ങള്‍ കടന്നു പോയി..
ഉറക്കം വിട്ടെഴുന്നേല്‍ക്കുമ്പോള്‍ തീവണ്ടിയേതോ നെല്‍പ്പാടങ്ങള്‍ക്ക് നടുവിലായിരുന്നു..
അയാളുടെ നീണ്ട വിരലുകള്‍ അവളുടെ മുടിയിഴകളില്‍ മെല്ലെയോടുന്നുണ്ടായിരുന്നു, അവള്‍ മുഖമമര്‍ത്തി വച്ച അയാളുടെ നെഞ്ചിലെ രോമങ്ങള്‍ നനഞ്ഞു കിടന്നു..
രണ്ടു ഹൃദയങ്ങള്‍ ശാന്തമായി മിടിച്ചു തുടങ്ങിയിരുന്നു, മൂക്ക് മണങ്ങളെ വേര്‍തിരിച്ചു കൊടുത്തിരുന്നു.. ശ്വാസം അതിന്‍റെ താളം വീണ്ടെടുത്തിരുന്നു..
അവരൊന്നും സംസാരിച്ചില്ല, ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടായില്ല.. അവര്‍ കണ്ണുകളില്‍ നിന്ന് കഥകള്‍ വായിച്ചു തീര്‍ന്നപ്പോള്‍ അവളയാളുടെ ഷര്‍ട്ടില്‍ പിടി മുറുക്കിക്കൊണ്ട്, വല്ലാത്തൊരാവേശതോടെ അയാളെ തന്നിലേക്ക് വലിച്ചു ചേര്‍ത്ത് ചുണ്ടുകളില്‍ അമര്‍ത്തി ഉമ്മ വച്ചിട്ട് പതുക്കെ പറഞ്ഞു..
“ഏഴ്...
ഏഴാം ജന്മം..”
*****
ഗോപകുമാര്‍. ജികെ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot