Slider

അഘോര - ഹൊറർ നോവൽ - ഭാഗം : 8

0


രചന : അജ്മല്‍ സികെ
അയാള്‍ക്ക് പിറകില്‍ നടത്തമാരംഭിച്ചിട്ട് സമയം ഒരുപാട് പിന്നിട്ടിരിക്കുന്നു. ഒരാള്‍ക്ക് കഷ്ടിട്ട് പോകാന്‍ മാത്രം ഇടമുള്ള മരങ്ങളാലും മുള്‍ച്ചെടികളാലും തിങ്ങിനില്‍ക്കുന്ന കാട്ടിലൂടെ വളരെ പ്രയാസപ്പെട്ടാണ് മഹിയുടെ നടത്തം. പലപ്പോഴും ശരീരങ്ങളില്‍ അവിടിവിടങ്ങളില്‍ മുള്ളുകള്‍കൊണ്ടും മറ്റും കീറി മുറിവുകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഈ പ്രയാണം എവിടെ ചെന്നവസാനിക്കും... വല്ലാത്ത തളര്‍ച്ചയും ക്ഷീണവും ശരീരത്തെ ബാധിക്കുന്നതായി അവന് തോന്നി. പെട്ടെന്ന് അയാളൊന്നു നിന്നു. പൊടുന്നനെ കാടിനുള്ളിലേക്ക് അയാള്‍ ഓടി മറഞ്ഞു.
തന്നെ ഈ കൊടുങ്കാട്ടില്‍ തനിച്ചാക്കി എങ്ങോട്ടാണ് ആ കുറിയ മനുഷ്യന്‍ ഓടി മറഞ്ഞത്... മരുഭൂമിയുടെ നടുവില്‍ വഴിയറിയാത്ത മനുഷ്യനെ പോലെ അവന്‍ അവിടെ നട്ടം തിരിഞ്ഞു. ഇനി എങ്ങോട്ടാണ് പോകേണ്ടത്... കാടിന്റെ പല ദിക്കുകളില്‍ നിന്നും പലതരത്തിലുള്ള ഗര്‍ജ്ജനങ്ങളും അപശബ്ദങ്ങളും അവന്റെ കാതുകളില്‍ അലയടിച്ചു. ഭയത്തിന്റെ തീക്കനല്‍ വീണ്ടും അവനില്‍ സ്ഥാനം പിടിച്ചു... അല്ലെങ്കിലും അയാള്‍ക്ക് പിറകെ എന്തു വിശ്വസിച്ചാണ് താന്‍ പുറപ്പെട്ടത്. പക്ഷെ ആ കണ്ണുകളിലെ ആജ്ഞാ ശക്തിക്ക് മുമ്പില്‍ താന്‍ വഴിപ്പെടുകയായിരുന്നു.. താന്‍ പോലുമറിയാതെ യാന്ത്രികമായാണ് തന്റെ പാദങ്ങള്‍ അയാള്‍ക് പിറകെ സഞ്ചരിച്ചത്. താന്‍ വലിയ ആപത്തിലാണ് ചെന്നു പെട്ടിരിക്കുന്നത്.
ഏതോ ഒരു മൃഗത്തിന്റെ ഉച്ചത്തിലുള്ള മുരള്‍ച്ച വലിയ ശബ്ദത്തില്‍ ദൂരെ നിന്ന് കേള്‍ക്കാനായി. ആ മുരള്‍ച്ച തന്റെ അരികിലേക്ക് അടുത്തെത്തുന്നതായി മഹിക്ക് തോന്നി... പെട്ടെന്ന് കാടുകളെ വകഞ്ഞ് മാറ്റി അയാള്‍ വീണ്ടും അവന് മുമ്പില്‍ അവതരിച്ചു. കൈകളില്‍ എന്തോ വള്ളി കൂട്ടിപ്പിടിച്ചിരിക്കുന്നു. വള്ളിയുടെ അറ്റത്ത് എന്തോ പിടയുന്നത് അവനപ്പോഴാണ് കാണുന്നത്. ഒരു ഭീമന്‍ കുറുനരി.. കൈകാലുകള്‍ ബന്ധിക്കപ്പെട്ട്... ചീറ്റിക്കൊണ്ട് കിടക്കുന്നു... അതിനേയും വലിച്ചിഴച്ച് ഒരു കൂസലുമില്ലാതെ അയാള്‍ അവനരികിലേക്ക് വന്നു... അസ്ഥിക്കൂടം പോലെയുള്ള ഈ കുറിയ മനുഷ്യന്‍ എങ്ങനെ ഈ കുറുനരിയെ കീഴ്‌പ്പെടുത്തി.. അവനത്ഭുതം കൂറി. ആ മൃഗത്തെ അവനരികിലേക്ക് തളളിയിട്ട്....അയാള്‍ തൊട്ടടുത്ത മുള്‍ച്ചെടിയില്‍ നിന്ന് രണ്ട് വലിയ ഇലകള്‍ പറിച്ചെടുത്തു.. അത് കൈകള്‍കൊണ്ട് മടക്കി വലിയ കുമ്പിള്‍ രൂപത്തിലാക്കി ഇടത് കൈയ്യില്‍ പിടിച്ചു.. ഇതിനിടയില്‍ ഒരിക്കല്‍ പോലും അവനോട് അയാള്‍ ഒന്നും ഉരിയാടിയേയില്ല.
അയാള്‍ ആ മൃഖത്തിനടുത്തേക്ക് പതിയെ ചുവടു വെക്കുന്നത് വര്‍ദ്ധിച്ച ഹൃദയമിടിപ്പോടെ അവന്‍ നോക്കികണ്ടു. ശേഷം അയാളുടെ വലതു കൈപ്പത്തിയിലെ ചൂണ്ടുവിരലിലെ കൂര്‍ത്ത നഖങ്ങള്‍ കൊണ്ട് ആ മൃഖത്തിന്റെ കഴുത്തില്‍ ആഴത്തില്‍ കുത്തിയിറക്കി.. പിന്നെ ശക്തിയില്‍ നെടുകെ കീറി. കട്ടക്കറുപ്പ് കലര്‍ന്ന രക്തം പുറത്തേക്ക് അനിര്‍ഗളം പ്രവഹിച്ചു. ഒരു തുള്ളി രക്തം പോലും പാഴാക്കാതെ അയാളതെല്ലാം ആകുമ്പിളില്‍ ശേഖരിച്ചു. ആ മൃഖത്തിന്റെ ദയനീയമായ കരച്ചില്‍ അവിടെ പ്രകമ്പനം കൊള്ളിച്ചു. അതിന്റെ പിടച്ചിലുകള്‍ക്കും ജീവന്റെ തുടിപ്പുകള്‍ നിലക്കുന്നതിനും മുമ്പു തന്നെ അവസാന തുള്ളി രക്തവും കുമ്പിളില്‍ ഒഴുകിയെത്തിയെന്നുറപ്പായതിന് ശേഷം ആ മൃഗത്തെ വിട്ടെഴുന്നേറ്റ് ആ കുമ്പിള്‍ അയാളവന് നേരെ നീട്ടി.....
കുടിക്കൂ....
ആജ്ജാ സ്വരത്തില്‍ അയാളവനോടാവശ്യപ്പെട്ടു. ഒട്ടും മടി കാണിക്കാതെ യാന്തികമായി അവനത് വാങ്ങി വായയിലേക്ക് കമഴ്ത്തി....
പോകാം.....
അയാള്‍ വീണ്ടും നടത്തമാരംഭിച്ചിരുന്നു. കവിള്‍ നിറഞ്ഞ്... ചുണ്ടിന്റെ ഇരുവശങ്ങളിലൂടെയും ഒഴുകിയിറങ്ങിയ രക്തത്തുള്ളികള്‍ കൊതിയോടെ നാവുകൊണ്ട് ഒപ്പിയെടുത്തു.
അവനയാള്‍ക്ക് പിറകെ പാവകുട്ടി കണക്കെ നടന്നു. ഓര്‍മ്മകള്‍ നഷ്ടപ്പെടുന്നതായി അവന് തോന്നി.. ബോധമണ്ഡലത്തില്‍ ഇപ്പോള്‍ അഗ്നിയും ചുടല നൃത്തവും മന്ത്രങ്ങളും മാത്രം തങ്ങി നില്‍ക്കുന്നു... തന്റെ പേരെന്തായിരുന്നു എന്നു പോലും ഓര്‍ത്തെടുക്കാന്‍ അവന് സാധിക്കുന്നുണ്ടായിരുന്നില്ല... ഭൂതകാലം ഒരു പുകമറ പോലെ ഓര്‍മ്മകളില്‍ മൂടിക്കിടന്നു. മൂള്‍ക്കാടുകളില്‍നിന്ന് തുറസായ ഒരു കരിയിലക്കാടിലേക്ക് അവര്‍ പ്രവേശിച്ചു. വന്‍ മരങ്ങളും പവിഴപ്പുറ്റുകളും തുങ്ങിക്കിടക്കുന്ന വേലികളും വള്ളികളും നിറഞ്ഞു നില്‍ക്കുന്ന ഒരിടം... കുറച്ച് ദൂരം അങ്ങനെ പിന്നിട്ടപ്പോള്‍ അവന്‍ കണ്ടു പലയിടങ്ങളില്‍ നിന്നായ് ഇഴഞ്ഞെത്തുന്ന ധാരാളം കരി നാഗങ്ങളെ... പുറ്റുകള്‍ക്കിടയില്‍ നിന്ന് വീണ്ടും വീണ്ടും നാഗങ്ങള്‍ വന്നുകൊണ്ടേയിരുന്നു. നാഗങ്ങളുടെ സീല്‍ക്കാര ശബ്ദങ്ങള്‍കൊണ്ട് ഏതാനും നിമിഷങ്ങള്‍ക്കകം മുഖരിതമായി അവിടം. എന്തോ സ്വഭാവികമായ ഭയം മാറി ഇത്തവണ അവന്റെ തലച്ചോറില്‍ കൗതുകം കുടിയേറിയിരുന്നു.... ആ നാഗങ്ങളോട് എന്തോ ഒരു വാത്സല്യഭാവം തന്നില്‍ വിടരുന്നത് പോലെ... പത്തി വിടര്‍ത്തിയാടുന്ന നൂറുകണക്കിന് നാഗങ്ങളുടെ ഇടയിലൂടെ അയാള്‍ നടന്നു നീങ്ങി, പിറകെ അവനും. നാഗങ്ങളെ ചവിട്ടാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചായിരുന്നു അവന്‍ ഒരോ ചുവടും വെച്ചത്.
പെട്ടെന്ന് അയാള്‍ നടപ്പ് മതിയാക്കി... മേല്‍പ്പോട്ട് നോക്കി സ്തൂപം കണക്കെ നിന്നു. അയാളുടെ നോട്ടം മരത്തിന്റെ വള്ളികളില്‍ തൂങ്ങിയാടി പത്തി വിടര്‍ത്തി നില്‍ക്കുന്ന കരിനാഗത്തിന് നേരെയാണെന്ന് അവന് മനസ്സിലായി... അയാളുടെ കണ്ണുകളിലെ രൂക്ഷ ഭാവം മാറി പകരം ശാന്ത ഭാവം കൈ വന്നിരിക്കുന്നു. പതിയെ അയാള്‍ അതിനരികിലേക്ക് ചുവടു വെച്ചു. ഈ കുറിയ മനുഷ്യന്‍ ഇതെന്തു ഭാവിച്ചാണ്. അവന്‍ അത്ഭുതം കൂറി. നാഗവും അയാളും നേര്‍ക്കു നേരെയെത്തിയപ്പോള്‍ അയാള്‍ തന്റെ കൈപ്പത്തി ആ നാഗത്തിന് നേരെ നീട്ടി.... സാകൂതം ഇതെല്ലാം വീക്ഷിച്ച് കൊണ്ടിരിക്കുകയായിരുന്നു മഹി. പതിയെ അയാളുടെ കൈകളിലേക്ക് ആ നാഗം ഇഴഞ്ഞു കയറി.. കൈമുട്ടിന് മുകളില്‍ വരെ ചുറ്റി വരിഞ്ഞു പത്തി വിടര്‍ത്തി തലയെടുപ്പോടെ നിന്നു... അയാള്‍ പതിയെ തറയിലേക്ക് ചമ്രം പടിഞ്ഞിരുന്ന്... തന്റെ കഴുത്ത് മുകളിലേക്കുയര്‍ത്തി തല ഇരു വഷങ്ങളിലേക്കായ് പാമ്പിനൊപ്പം ആട്ടിക്കൊണ്ടിരുന്നു.... ആ ആട്ടം അവസാനിച്ച നിമിഷം നാഗം അയാളുടെ കഴുത്തിലേക്ക് ആഞ്ഞു കൊത്തി.... കണ്ണുകള്‍ ഇറുകെ അടച്ച് അയാളാ നാഗസ്പര്‍ശം ഏറ്റു വാങ്ങി... വല്ലാത്ത ഒരു വിര്‍വൃതിയിലെന്നോണം... അയാളുടെ ശിരസ് വീണ്ടും ആടിത്തുടങ്ങി... നഗ്നമായ അയാളുടെ ഉടലുകളില്‍ ഞെരമ്പുകള്‍ നീല നിറത്തില്‍ തെളിഞ്ഞു വരുന്നത്.. അവന്‍ ഉള്‍കിടിലത്തോടെ നോക്കി നിന്നു........
അപ്പോഴാണ് മറ്റൊരു സത്യം അവന്‍ തിരിച്ചറിയുന്നത്.... തന്റെ കാലുകളില്‍ എന്തോ ചുറ്റി വരിയുന്നു... അതെ അതൊരു കരിനാഗമാണ്... കാലുകളിലൂടെ തുടയിലൂടെ അത് ഇഴഞ്ഞു കയറി... പിന്നെ പതിയെ അത് അവന്റെ വയറുകളില്‍ ചുറ്റി വരിഞ്ഞു പത്തി വിടര്‍ത്തി മുഖാമുഖം അവന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി നിന്നു... വല്ലാത്തൊരാകര്‍ഷണം അതിന്റെ കണ്ണുകള്‍ക്കുണ്ടെന്നവന് തോന്നി... ഇമവെട്ടാതെ അവനതിന്റെ കണ്ണുകളിലേക്കും പത്തിവിടര്‍ത്തിയപ്പോള്‍ കണ്ട നാഗക്കുറിയിലേക്കും നോക്കി കോണ്ടിരുന്നു..... നീര്‍ക്കോലിയെ ദൂരെ നിന്ന് കണ്ടാല്‍ ഭയന്നോടിയിരുന്ന താനിതാ... ഒരു കരിനാഗം നേര്‍ക്കു നേര്‍ പത്തി നിവര്‍ത്തി ആടിയിട്ടും ഭയപ്പെടാതെ കൗതുകത്തോടെ നോക്കി നില്‍ക്കുന്നു അവന്‍ അത്ഭുതം കൂറി....
'ഹേ.. നാഗറാണീ...ഞാന്‍ വീണ്ടും നിന്നരികിലെത്തിയിരിക്കുന്നു... അന്ന് നീ ചുംബിച്ചുണര്‍ത്തിയ നിന്റെ മൃദു അധരങ്ങളാല്‍ നീയെന്നെ വീണ്ടും ഉണര്‍ത്തൂ..... '
സ്വപ്‌നത്തിലെന്നോണം അവനുരുവിട്ടു. ഇതു കേട്ടതും ആട്ടം നിര്‍ത്തി... നാഗം അവന്റെ നെഞ്ചിലേക്കാഞ്ഞു കൊത്തി. സൂചി മുന പോലൊന്ന് തന്റെ ഹൃദയത്തോളും ആഴ്ന്നിറങ്ങുന്നത് അവനറിഞ്ഞു. അതിന്റെ തീവ്രതയില്‍ അവന്‍ നിലത്തേക്കിരുന്നു പോയി... നാഗം അവന്റെ വയറില്‍ നിന്ന് ഇഴഞ്ഞ് ദൂരേക്ക് ഇഴഞ്ഞ് പോയി.. മേല്‍ മുണ്ട് മാറ്റി അവന്‍ തന്റെ നെഞ്ചിലേക്കുറ്റു നോക്കി... അവിടെ ചുവന്ന് തുടുത്തിരിക്കുന്നു.... പതിയെ ആ ചുവപ്പിന് പകരം നീല നിറം പടരാന്‍ തുടങ്ങി.. വിഷം ശരീരത്തിലേക്ക് സിരകളിലൂടെ പടര്‍ന്നു പിടിക്കുകയായിരുന്നു.. വല്ലാത്ത ഒരു നിര്‍വൃതിയോടെ അവന്‍ ആ ഒരനുഭൂതി കണ്ണടച്ചു ആസ്വദിച്ചു.. ശരീരമാസകലം ഒരു പുത്തന്‍ ഉണര്‍വ് ഉണ്ടാകുന്നത് പോലെ ലഹരിയുടെ ഉന്മാദാവസ്ഥയില്‍ അവന്‍ വിറച്ചു.... തലച്ചോറില്‍ സുഖത്തിന്റെ ഒരു തരം ഭ്രാന്തമായ പ്രഹേളിക തിരയടിച്ചു.... കൈ നിലത്ത് താങ്ങി എഴുന്നേറ്റ് നിവര്‍ന്നു നിന്ന് വസ്ത്രങ്ങള്‍ ഒന്നൊന്നായി അവന്‍ ഉരിഞ്ഞെറിഞ്ഞു... നീലനിറം പടര്‍ന്നു പിടിക്കുന്ന തന്റെ ദേഹം അവന്‍ പരിപൂര്‍ണ്ണ നഗ്നമാക്കി.... കാലുറക്കാതെ ആടി അവനാ മണ്ണിലേക്ക് തളര്‍ന്നു വീണു... മലര്‍ന്ന് വീണു കിടന്ന അവന്റെ നഗ്ന ദേഹത്തേക്ക്... അപ്പോഴേക്ക് ചുറ്റിലും കൂടിനിന്നിരുന്ന നൂറുകണക്കിന് കരിനാഗങ്ങള്‍ ചാടി വീണിരുന്നു.... അവയവയുടെ സൂചിമുനപോലുള്ള പല്ലുകള്‍ കൊണ്ട് അവന്റെ ശരീരത്തില്‍ ചുംബനങ്ങള്‍ കൈമാറി.... കണ്ണുകള്‍ മേല്‍പോട് മറഞ്ഞ്..... ലഹരിയുടെ പാരമ്യതയില്‍ അവന്‍ കിടന്നു പിടഞ്ഞു.... അവന്റെ ഓരോ രോമ കൂപത്തില്‍ നിന്നും രക്തം കിനിഞ്ഞൊഴുകാനാരംഭിച്ചു...ആ മണ്ണ് അവന്റെ രക്തത്താല്‍ അഭിഷേകം ചെയ്യപ്പെട്ടു.. രക്തത്തില്‍ കുളിച്ച്... നാഗങ്ങളാല്‍ ചുറ്റപ്പെട്ട്... എപ്പോഴോ മഹിയുടെ ബോധം നിലയില്ലാ കഴത്തില്‍ മറയാന്‍ ആരംഭിച്ചിരുന്നു.....
തുടരും
അടുത്ത  അദ്ധ്യായം നാളെ ഇതേ സമയം നല്ലെഴുത്ത് പേജിൽ  or Check this link - എല്ലാ ഭാഗവും വായിക്കാൻ https://www.nallezhuth.com/search/label/Aghora
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo