Slider

കാലംസുബഹി ബാങ്ക് കൊടുക്കുന്നെ ഉള്ളു... ഇന്നിപ്പോ എന്താ ഇത്ര നേരത്തെ ഉണർന്നത്... ഉറക്കൂല്ലാണ്ടായോ പടച്ചോനെ... പുറത്തു തകർത്തു മഴ പെയ്യാണ്... തണുത്ത കാറ്റ് ജനലിലൂടെ ആഞ്ഞു വീശി കൊണ്ടിരുന്നു .... കുറെ നേരം അങ്ങനെ തന്നെ കിടക്കാൻ തോന്നി... തൊട്ടടുത്തു ഇന്ന് അവളില്ല... പാതി ഒഴിഞ്ഞ കട്ടിൽ അവളെ ഓർമിപ്പിച്ചു... ചെമ്പകത്തിന്റ മണമായിരുന്നു അവൾക്... ബിസിനസ്‌ ഒക്കെ ഒന്നിന്‌ പുറകെ ഒന്നായി ഇല്ലാണ്ടായപ്പോ കൂടെ നിന്ന് ഊർജം പകർന്നവൾ... നെഞ്ചോടു മുഖം ചേർത്ത് പുലരുവോളം സംസാരിച്ചു കിടന്ന ദിനങ്ങൾ... ഇന്ന് ആരും കൂട്ടിനില്ലാതെ ഒട്ടിയ വയറുമായി ഞാനീ കിടക്കുന്നത് കാണാൻ അവളില്ലാത്തത് ഒരു കണക്കിന് നന്നായെ ഉള്ളു... അന്ന് പടച്ചവൻ എല്ലാം തന്ന് ഞങ്ങളെ അനുഗ്രഹിച്ചു.... മക്കളെ മാത്രം തന്നീല്ല... പക്ഷെ അവൾക് അടുത്തുള്ള കുട്ടികളെല്ലാം സ്വന്തം മക്കളായിരുന്നു... അവരെ ഊട്ടലും ഉടുപ്പിക്കലും പഠിപ്പിക്കലും... മക്കളില്ലാത്ത വിഷമം ഒരിക്കലും അവളുടെ മുഖത്ത് ഞാൻ കണ്ടിട്ടില്ല... 

"ഹാജിയേരെ.... ഹാജ്യാരെ... ഇതെന്തു ഉറക്ക നിങ്ങളുറങ്ങേണത്... ഹോയ്.. ഹാജ്യാരെ... മരക്കാർ വന്നക്കുണ് ട്ടാ ... " 

" ഉണർന്നിണ്ടടാ കുരിപ്പേ... ഞാൻ കിനാവ് കണ്ടു കിടക്കേർന്ന്... "

"ഓ പിന്നെ... കിനാവ് കാണാൻ പറ്റിയ പ്രായം.. ഇപ്പോഴും 25 ആണെന്ന വിചാരം ... 

ഇങ്ങള് വുദു എടുത്തു ഇറങ്ങിക്കാണി... ജമാഅത് തുടങ്ങാൻ നേരായിക്കണ്... " 

"സബൂറാക്കടോ... അനക്ക് ചായ മാണോ.. "

"നിക്ക് ഇങ്ങളെ ചയൊന്നും വേണ്ട..പഞ്ചാര ഇല്ലാത്ത ചായ ഞമ്മളങ് നിരോധിച്ചു...അയിനും മാത്രം പഞ്ചാരേം ചായപ്പൊടീം ഇവിടെവിടെ ഇരിക്കണ് പടച്ചോനെ ...പാവങ്ങൾക്ക് എത്ര ബിരിയാണി വെച്ച് കൊടുത്ത വീട... ഒക്കെ അന്ത കാലം...."

മരക്കാരും ഞാനും കൂടെ പള്ളിയിലേക്ക് നടന്നു.. ഓന് മെല്ലെനെ നടക്കാൻ അറീല്ല.. 60തിലും ഓൻ തുള്ളി നടക്കുന്നത് കാണേണ്ട കാഴ്ച തന്നെയാണ്... ഓനും ഞാനും കൂടെ അടക്ക കച്ചോടത്തിൽ തുടങ്ങീതാ... പിന്നെ പലചരക്കു കട... ഹോട്ടൽ... ബേക്കറി... അങ്ങനെ അങ്ങനെ.. അന്ന് ഞങ്ങൾക്ക് മേലെ വേറൊരാൾ ഉണ്ടായിരുന്നില്ല... പണത്തിനു മേലെ പരുന്തും പറക്കില്ല എന്നല്ലേ... കുറെ പേർക്ക് ജോലി ശരിയാക്കി കൊടുത്തു... പലരെയും ഗൾഫിലേക്ക് കയറ്റിവിട്ടു.. പതിയെ പതിയെ ഞങ്ങടോടൊപ്പം ഈ നാടും വളർന്നു... മരക്കാർക് 3 മക്കളാ.. 2 ആണും ഒരു പെണ്ണും.. 2 ആങ്കുട്ട്യോളും ഡോക്ടർമാരാ... മോള് ടീച്ചറും... ഓൾക്കും ഡോക്ടറാവണന്നേ ർന്നു... മരക്കാർ സമ്മയ്ക്കണ്ടേ... പെൺകുട്ട്യോൾ ടീച്ചർ ആയമതീന്ന്... ബിസിനസ്‌ ഒക്കെ പൊളിഞ്ഞപ്പോ മക്കൾ ഉള്ളോണ്ട് ഓനിപ്പഴും സുഖാണ്... ഞമ്മളെ പടച്ചോൻ അപ്പോഴും തഴഞ്ഞു... ന്നാ ഓളെ കൊണ്ടെയ പോലെ ന്നേം അങ്ങട് കൊണ്ടോവാ അതുല്ല... പെട്ടെന്ന് ഒരു കാർ ഞങ്ങളെ മുന്നിൽ വന്നു നിന്നു... 

"മരയ്കാജ്ജ്യരെ.. എന്താപ്പോ രണ്ടാളും മിണ്ടാണ്ടെ പോണേ... നമ്മളെ ആണ്ടു നേർച്ച നടത്തണ്ടേ... ഒക്കെ ഞങ്ങൾ തീരുമാനിച്ചക്കണ് ... അപ്പൊ ഉസ്താദ് പറയാ ഇങ്ങളോടും കൂടി ചോദിച്ചിട്ട് മതീന്ന്.. ഓൻ ഇങ്ങളെ ആളാണല്ലോ.,ഞമ്മടെ മോല്യേരെ ...."

"അതൊക്കെ നിങ്ങൾ തീരുമാനിച്ച പോരെ ... നിങ്ങൾ ഒക്കെ ഉഷാറാക്കി നടത്തിക്കോളി ... " 

ഞാൻ മെല്ലെ അതീന്നു ഒഴിഞ്ഞു... 

മരക്കാജ്യാരെ എന്ന് ഞങ്ങളെ രണ്ടാളേം ചേർത്ത് വിളിക്കണ പേരാ... ഇപ്പൊ കാറിൽ വന്നിറങ്ങിയ മധ്യവയസ്കനാണ് സമീർ ഷെയ്ഖ്... ഷെയ്ഖ് എന്ന് സ്വയം ഇട്ട പേരാണ് കെട്ടോ... ഒരു രാത്രി ഉമ്മാന്റെ സ്വർണവുമായി മുങ്ങിയവൻ 5 കൊല്ലം കഴിഞ്ഞു കൈ നിറയെ പണവുമായി തിരിച്ചു വന്നു ... കടത്തിലായിരുന്ന എന്റെ ബിസിനസ്‌ വിലക്കെടുത്തു അവനാദ്യം... പിന്നെ നാട്ടിൽ ആദ്യത്തെ ഷവർമ കട തുടങ്ങി... പിന്നെ തന്തൂരിന്നോ അല്ഫാമെന്നൊക്കെ പറയണ തിരിയുന്ന കോഴി... ചുട്ട കോഴി ഒക്കേണ്ടു ... അവന്റെ ഹോട്ടലിൽ വൻ തിരക്ക്... നാട്ടിലെങ്ങും അവനായി ചർച്ച വിഷയം... 5 കൊല്ലം മുമ്പ് കള്ളനെന്ന് വിളിച്ചവർ അവൻ നാടിന്റെ ഖുദ്റത് ആണെന്ന് വരെ പറയാൻ തുടങ്ങി... എല്ലാരും പതിയെ ഈ മരയ്കാജ്യേരെ മറന്നു തുടങ്ങി... കേട്ട പാതി കേൾക്കാത്ത പാതി സമീർ ഷെയ്ഖ് കാറിൽ കേറി പോയി... മരക്കാരെ പോലെ അല്ല എനിക്ക്... രണ്ടു മുട്ടിനും നല്ല വേദനയാണ്... അബിൻ കഴിഞ്ഞ തവണ വന്നപ്പോ കുറെ മരുന്നൊക്കെ എഴുതി തന്നു... ഓനും മരക്കാരെ പോലെയാ... എല്ലാത്തിനും ഒരു വേജാറാ... ഹാജ്യാരൂപ്പ ഇനി നമ്മടെ വീട്ടിൽ നിന്നാ മതി എന്നും പറഞ്ഞു അവൻ അന്ന് കുറേ വാശി പിടിച്ചു... നിക്ക് എന്റെ ആമിന ജീവിച്ച ഈ വീട്ടിൽ തന്നെ കിടന്നു മരിക്കണം... അതോണ്ട് ഇവിടെ വിട്ടു എവിടേക്കും ഇല്ല... മരക്കാരും അന്ന് കുറേ കലിപ്പായിട്ട പോയത്... ചിലപ്പോ ഞാൻ ആലോചിക്കാറുണ്ട് ഓനും കൂടെ ഇല്ലെങ്കിൽ ഞാൻ എന്തായിപ്പോയെനെന്ന് ... 

പള്ളിയിലെത്തി... ഇപ്പൊ നിന്ന് നിസ്കരിക്കാൻ വയ്യാതായിട്ടുണ്ട്... പള്ളീല് ഇപ്പൊ ഞമ്മക്കൊരു കൂട്ടുണ്ട്... ഷേക്ക് സമീർ സമ്മാനിച്ച ഒരു കസേര... 
നിസ്കാരമൊക്കെ കഴിഞ്ഞു ഞാനും മരക്കാരും പള്ളീടെ പൂമുഖത്തു അങ്ങനെ ഇരിക്കും... എന്നിട്ട് പഴയ പ്രതാപത്തിന്റെ കഥ പറയും... നാട്ടിൽ ആദ്യമായി കാറുമായി വിലസീതും ... പിന്നെ ആദ്യായി നാട്ടീന്നു ബോംബെ പോയത് ഞങ്ങളാ.. ഞങ്ങൾ തിരിച്ചു വന്നപ്പോ വൻ സ്വീകരണമാണ് അന്ന് നാട്ടുകാർ തന്നത്... അന്ന് പാന്റിട്ട ഞങ്ങളെ കണ്ട നാട്ടുകാരുടെ മുഖത്തെ കൗതുകം... ഒക്കെ... ഒരായിരം തവണ പറഞ്ഞത് വീണ്ടും വീണ്ടും പറഞ്ഞോണ്ടിരിക്കും.... 

ഞാൻ പൂമുഖത്തു പടിയിൽ ഇരുന്നു... മഴ തോർന്നു വെളിച്ചം വന്നു തുടങ്ങീണ്ട്... എന്തോ ഇന്ന് വല്ലാത്തൊരു ഉന്മേഷം... കുറച്ചു കഴിഞ്ഞു മരക്കാർ വന്നു അടുത്തിരുന്നു...

"മരക്കാരെ.... ഞമ്മക്ക് ഞമ്മളെ ബിസിനസ്‌ ഒക്കെ തിരിച്ചു പിടിക്കണ്ടേ .....?"

"ഈ പുലർച്ചെന്നെ പിടിക്കണോ അതോ കുറച്ചൂടെ കഴിഞ്ഞിട്ടു മതിയോ.... ആവണ കാലത്തു പറ്റിട്ടില്ല പിന്നെ ഇപ്പൊ... ങ്ങൾ ഒന്നു മിണ്ടാണ്ടെ കുത്തിയിരുന്നാണി... "

"ഇജ്ജ് താമസക്കല്ലേ.... പയേ പോലെ ഒക്കെ തിരിച്ചു പിടിച്ചിട്ടു ഞമ്മക്ക് ഒരു കാറും വാങ്ങണം... ആമിന മോളിലിരുന്ന് ഇതൊക്കെ കണ്ടു ചിരിക്കണം... "

"ഇങ്ങള് ഇന്ന് ചില്ലറ കിനാവൊന്നുല്ലല്ലോ കണ്ടക്കണത്... അതികം മൂക്കണെന മുന്നേ ഇങ്ങള് വന്നാണി... "

"ഒക്കെ നടക്കും... മരക്കാരെ.... "

"ങ്ങള് ഇപ്പൊ ആദ്യം പെരീക്ക് നടക്കി... ബാക്കി ഞമ്മക്ക് പിന്നെ നടത്ത.. "

ചിരിച്ചോണ്ട് ഞങ്ങൾ രണ്ടാളും വീട്ടിലേക്കു നടന്നു.... 
" മരക്കാരെ... ഒന്നും ചവിട്ടി പിടിക്ക്ട്ട... അന്റെ വാണം വിട്ട പോലുള്ള പോക്ക്... "

"ഇങ്ങക്ക് പ്രയായത് ഞമ്മള കുറ്റ... ഇതാപ്പോ നല്ല കഥ "

"മരക്കാരെ നെഞ്ചും കൂടിനകത് വല്ലാണ്ട് വേനക്കിണ്ടല്ലോ.... അല്ലാഹ്... "

"ഇങ്ങളെ ഐഡിയ ഒന്നും ഇബടെ നടക്കൂല്ല ബേം വരി"

എവിടുന്നാ ഇത്രേം വേദന വരണേ... പടച്ചോനെ ഇങ്ങള് എന്നെ തിരിച്ചു വിളിക്കണോ... 
"മരക്കാരെ എന്നെ പുടിച്ചൊളിട്ട.... "

"ഹാജ്യാരെ.... ഇങ്ങള് ഞമ്മളെ പറ്റിക്കന്നല്ലേ ഞമ്മൾ കരുതീത്... വീടെതീക്കുണ്‌... ഇങ്ങള് ബരി... "

മരക്കാരുടെ തോളിൽ ചാരി ഹാജ്യാർ വീട്ടിൽ കേറി... ഹാജ്യാരെ കട്ടിലിൽ കിടത്തി... 

"മരക്കാരെ ... ഞാൻ പോവട്ടെ..."

"ഇങ്ങള് ഒന്ന് മിണ്ടാതിരുന്നേ... ഞാൻ അബിന് വിളിക്കാം.. " 

" ദാ ആമിന വന്നിണ്ട്... നിക്ക് വേദന സഹിക്കണില്ല.... അന്റെ കയ്യും പിടിച്ചു മരിക്കാൻ പറ്റില്ലോ ഞമ്മക്ക്.. ഞമ്മക്ക്.......... ഞമ്മക്ക്......... അത് മതി..... 

ലാ ഇലാഹ ഇല്ലല്ലാഹ്.... "

"ഹാജ്യാരെ ........."

ആ വിളി കേൾക്കാൻ ഇനി ഹാജ്യാർ ഇല്ല... വിറയാർന്ന കൈകളാൽ മരക്കാർ ആ കണ്ണുകൾ അടച്ചു... കുഴിഞ്ഞ കണ്ണുകളിൽ അപ്പോഴും തിളക്കമുണ്ടായിരുന്നു ... ആ മുറിയാകെ ചെമ്പക പൂ മണം പരന്നു....
both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo