രാത്രി 1 മണിആയപ്പോൾ മൊബൈലിൽ കാൾ വന്നു ! സാധാരണ 12 മണിക്ക് നെറ്റ് ഓഫ് ചെയ്ത് ഫ്ലൈറ്റ് മോഡിൽ ഇടുക പതിവാണ് (ഭൂമിയുടെ മറുവശം പകൽ ജീവിതം നയിക്കുന്ന കൂട്ടുകാർ ഞാൻ ഉറങ്ങിയോ എന്ന് ഇടക്ക് വിളിച്ചു കുശലം ചോദിക്കുക പതിവാണ് ! അത്കൊണ്ടാണ് )
അന്നെന്തോ അത് മറന്ന്പോയി !
മറുതലക്കൽ ഒരു കൂട്ടുകാരൻ ആണ്
" നീ ഒന്ന് FB നോക്കിയേ !"
അവൻ ഫോൺ കട്ട് ചെയ്തു.
മനസില്ലാ മനസോടെ ഞാൻ വീണ്ടും FB നോക്കി.
ഞങ്ങളുടെ ഒരു പഴയ കൂട്ടുകാരന്റെ ഫോട്ടോ ആരോ കുത്തി പൊക്കിയിരിക്കുന്നു.
ഞാൻ വീണ്ടും അവനെ വിളിച്ചു
" ഇതാരാടാ ചെയ്തേ? "
"അറിയില്ല ടാ " അവന്റെ മറുപടിയും വന്നു.
"എന്നിട്ട് നീ എന്ത് ചെയ്തു? "
"ഞാൻ അവനെ 'unfriend' ചെയ്തു "
കൂടുതൽ ഒന്നും പറഞ്ഞില്ല കൂട്ടുകാരൻ ഫോൺ കട്ട് ചെയ്തു !
എന്ത് ചെയ്യണം എന്നറിയാതെ ഞാൻ വീണ്ടും അവന്റെ ഫോട്ടോയിൽ തന്നെ നോക്കിയിരുന്നു.
അവൻ മരിച്ചു പോയിട്ട് രണ്ട് വർഷം കഴിഞ്ഞിരിക്കുന്നു !
ആരാത്രി പിന്നെ ഉറങ്ങാൻ പറ്റിയില്ല, എങ്ങിനെ എങ്കിലും നേരം വെളുപ്പിച്ചു.
രാവിലെ തന്നെ അവന്റെ വീട്ടിലേക്ക് വെറുതെ ഒന്ന് വിളിച്ചു. വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ അവന്റെ ഭാര്യയായിരുന്ന പെണ്ണിന്റെ രണ്ടാം വിവാഹമാണ് വരുന്ന ഓണത്തിന് എന്നും അറിഞ്ഞു !
മറവി മനുഷ്യന് ഒരു അനുഗ്രഹം തന്നെ എന്നോർത്ത് പോയി !!.
ഞാൻ വീണ്ടും മൊബൈൽ എടുത്തു അവനെ 'Unfriend' ചെയ്യാൻ.
എന്തോ എനിക്കതിനു മനസ്സ് വന്നില്ല !
ഒരിക്കൽ 'Unfriend' ചെയ്താൽ പിന്നീട് എപ്പോഴെങ്കിലും കൂട്ടാക്കണം എന്ന് തോന്നി Request അയച്ചാൽ അത് Accept ചെയ്യാൻ അവൻ അവിടെ ഇല്ലല്ലോ !
-ഷോബിൻ കമ്മട്ടം
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക