അവളുടെ മൗനങ്ങളിൽ ഞാൻ മയങ്ങിപ്പോയി.... അവളെന്റെ സ്വപ്നങ്ങളായിരുന്നു, അവളാണ് എന്റെ സ്വപ്നവും. അവളെന്ന എന്റെ സ്വപ്നം തിരമാലപോലെ എന്നെ തഴുകിക്കൊണ്ടേ ഇരുന്നു. ആഹ്ലാദ നിമിഷം.... ബുള്ളറ്റ് ബൈക്കിന്റെ ശബ്‌ദം, ബൈക്കിന്റെ ചക്രം പാതയോരങ്ങളെ ചുംബിച്ചുകൊണ്ടേ ഇരുന്നു. ആ ബൈക്ക് ഓടിക്കുന്നത് ഞാനാണ്, അതിലെ യാത്രക്കാരി അവളും. എന്റെ പ്രിയ കാമുകി... എന്റെ ജീവിതത്തിനു ആമോദന നിമിഷങ്ങൾ സമ്മാനിച്ച എന്റെ പ്രിയ പ്രാണ സഖി. ഞങ്ങളുടെ ഈ യാത്ര തണുപ്പിന്റെ കുന്ന് ഒരിക്കൽക്കൂടി കീഴടക്കാൻ. ഊട്ടി എന്ന ആ സുന്ദര ഭൂമിയിലേക്കു . നല്ല തണുത്ത അന്തരീക്ഷം. ഓവർ കോട്ട് ധരിച്ചിട്ടുണ്ടെങ്കിലും തണുത്ത കാറ്റ് എന്നെ തലോടിക്കൊണ്ടേയിരുന്നു. അപ്രതീക്ഷം.... കുളിരിനാൽ കട്ടിപ്പിടിച്ചിരുന്ന എന്റെ കവിളുകളിൽ ഒരു ചുടു ചുംബനം കിട്ടി. എന്റെ കവിളുകൾ ഐസ് കട്ട അലിയുന്നത് പോലെ അലിഞ്ഞൊഴുകി.
ചുംബനം നൽകിയ ശേഷം അവളെന്നോട് ചോദിച്ചു.
"സാം നീ ഓർക്കുന്നുവോ ഇരുപത് വർഷങ്ങൾക്ക് മുമ്പ് ഇതുപോലൊരു ചുംബനം ഞാൻ നിനക്ക് നൽകിയിരുന്നു. "
"ഉം " ഞാൻ മൂളുക മാത്രമാണ് ചെയ്തത്. ഇരുപത് വർഷം മുമ്പുള്ള ഇതേ യാത്ര ഞാൻ ഓർമിച്ചു. പ്രണയത്തിന്റെ തീവ്രതയുള്ള ആ യാത്ര. ചുംബനങ്ങളുടെ ഉത്സവത്തിന്റെ ആ യാത്ര. രതിയുടെ സുഖ അനുഭവങ്ങളുടെ ആ യാത്ര. അന്ന് അവൾക്ക് ഇരുപതും, എനിക്ക് ഇരുപത്തിയഞ്ചുമാണ് പ്രായം. പ്രണയം ആർത്തിയോടെ കാണുന്ന പ്രായം. അതിൽ ധൈര്യമാണ്, പ്രേതെക ധൈര്യം. അവൾക്ക് ഞാനും, എനിക്ക് അവളുമെന്ന ധൈര്യം. അതിനെ പ്രണയ ധൈര്യമെന്നു പറയാം.ഇന്ന് ഈ യാത്ര അതിനേക്കാൾ മധുരമൂറുന്നു. ഈ പ്രായം ഞങ്ങളിരുവരെയും ആ പഴയ ഇരുപതുകാരിയും, ഇരുപത്തിയഞ്ചുകാരനുമാക്കി. സമയം വൈകുനേരം ആറ് മണിയോട് അടുക്കുന്നു. സൂര്യ പ്രകാശം ഇല്ല, ഇരുട്ട് മൂടി കിടക്കുന്നു കൂടാതെ തണുപ്പും, ഞങ്ങൾ താമസിക്കുന്ന റിസോർട്ടിൽ എത്താൻ ഇനിയും സഞ്ചരിക്കണം ഒരുപാട് ദൂരം. അവൾ തണുത്തു വിറക്കുകയാണ്. എന്നെ കെട്ടിപ്പിടിച്ചാണ് അവളുടെ ഇരിപ്പ്. അവളുടെ മാറുകൾ തണുത്തു വിറക്കുന്നുണ്ട്. അതെന്റെ കുറുക്കിൽ നിന്ന് അനുഭവപ്പെട്ടു. ഒരു ചായ കുടിച്ചിട്ടാവാം ഇനി യാത്ര. ഞാൻ അവളോട് ചോദിച്ചു.
"ആനി നമ്മൊക്കൊരു ചായ കുടിച്ചാലോ. "
" അതെ സാം എനിക്കും ഒരു ചായ കുടിക്കണം. നല്ല തണുപ്പ് "
ഒരു ചെറിയ കടയുടെ അടുത്ത് ബൈക്ക് നിർത്തി. ഞാൻ കടക്കാരനോട് രണ്ടു ചായ ആവശ്യപ്പെട്ടു. ചായ വാങ്ങി.ഒരു ചായ അവൾക്ക് കൊടുത്ത ശേഷം ഞാൻ അവളോട് ചോദിച്ചു .
"ആനി നീ ഈ സ്ഥലം ഓർക്കുന്നുവോ ".
"ഇല്ല. എന്താ സാം ഈ സ്ഥലത്തിന്റെ പ്രതേകത ?"
"ഇതാണ് കുന്നിലേക്കുള്ള രണ്ടാമത്തെ ഹെയർ പിൻ. അന്ന് ഇവിടെ ഈ കടയൊന്നുമില്ല. ഉച്ചക്ക് ഒരുമണിയോടായി നമ്മൾ ഇവിടേക്ക് എത്തിയപ്പോൾ. അന്ന് നീ കൊണ്ട് വന്ന പൊതി ചോറ് നമ്മൾ ഇരുവരും ഇവിടെ വെച്ചാണ് കഴിച്ചത്. നീ എനിക്ക് ചോറുരുളകൾ ഒരമ്മ കുഞ്ഞിനെന്ന പോൽ വാരി തന്നതൊക്കെ മറന്നു പോയോ. ഒരു മകനെ ലാളിക്കുന്നത് പോൽ ആയിരുന്നു ആ നിമിഷം നീ എന്നെ പരിചരിച്ചത്. ഓർക്കുന്നുണ്ടോ ????"
"ഇല്ല സാം അതൊക്കെ എങ്ങനെ മറക്കാൻ ആണ്. ചോറുരുളകൾ തരുമ്പോൾ നീ എന്നെ കടിച്ചതും, നിന്റെ നാവുകൊണ്ട് എന്റെ കൈകൾ രസിച്ചെടുത്തതും.... എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ "
പെട്ടന്ന് അവൾ പറഞ്ഞു നിർത്തി മൗനത്തിലേക്ക് പോയി. അവളുടെ മുഖത്തു പെട്ടന്ന് സങ്കടം ഉദിച്ചതുപോലെ.
"എന്താ ആനി, എന്ത് പറ്റി "
"നിന്റെ ഭാര്യ..... മകൾ.... നീ അവരെ മറന്നിരിക്കുന്നു ഇപ്പോൾ. എന്ത്കൊണ്ട് നമ്മൾ ഒന്നിച്ചില്ല ? ദൈവം ഇത്രക്ക് ദുഷ്ടനാണോ സാം. "
"ഹേയ് ആനി നീ ഒന്ന് ചിന്തിക്ക്. ഒരുപക്ഷെ നമ്മൾ ഒന്നിച്ചിരുന്നു എങ്കിൽ, ഇത്പോലെ പ്രണയിക്കാൻ കഴിയുമായിരുന്നോ ??? ദൈവത്തിന്റെ അനുഗ്രഹമല്ലേ നമ്മുടെ ഈ പ്രണയം. "
വീണ്ടും എന്റെ ശരീരത്തിന് ചൂട് അനുഭവപ്പെട്ടു, അവളുടെ ആലിംഗനമായിരുന്നു അതിനു കാരണം. പ്രണയത്തിന്റെ ആഴമായിരുന്നു ആ ആലിംഗനത്തിൽ നിന്ന് എനിക്ക് അനുഭവപ്പെട്ടത്. വീണ്ടും ഒരു കുളിർ കാറ്റ് എന്റെ ശരീരരത്തിൽ തൊട്ട് തലോടി പോയി. ഈ താഴ്‌വരയിൽ തണുത്ത കാറ്റ് നീയും നിന്റെ പ്രണയവുമാണ്. ഞാൻ മനസ്സിൽ പറഞ്ഞു.
"ഹേയ് സാം പോകണ്ടേ. സമയമായി. "
ഏതോ ചിന്തയിലേക്കായിരുന്ന അവളെന്നെ തട്ടിയുണർത്തി. ചായയുടെ കാശും കൊടുത്തു വീണ്ടും ഞങ്ങൾ യാത്രയായി. ഇരുട്ട് മൂടി കിടക്കുകയാണ്, കൂടാതെ മഞ്ഞും. വഴിവിളക്കുകളുണ്ട് പക്ഷെ അതൊന്നും പ്രകാശിക്കുന്നില്ല. വണ്ടിയുടെ വെളിച്ചത്തിന്റെ സഹായത്തോടെയാണ് യാത്ര. ഉയരങ്ങളിൽ എത്തിയ ശേഷം ഒരു ചെറിയ ഗ്രാമം കണ്ടു. വീടുകളിലെ പ്രകാശം. ആകാശത്തിലെ നക്ഷത്രം ഭൂമിയിൽ പതിച്ചതുപോലെ. എന്തൊരു ഭംഗിയാണ് ആ കാഴ്ച കാണാൻ.
ഞാനൊന്ന് വണ്ടി നിർത്തി എന്നിട്ട് ആ ഗ്രാമം ചൂണ്ടി കാണിച്ചു കൊണ്ട് ഒരു കവിതപോലെ അവളോട് പറഞ്ഞു.
"ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിൽ പതിച്ചിരിക്കുന്നു....
അത് കണ്ടാൽ മതി വരുന്നില്ല. എന്നാൽ നിന്റെ മുഖത്തുള്ള പുഞ്ചിരി ഭൂമിയിൽ പതിച്ച നക്ഷത്രങ്ങളേക്കാൾ ഭംഗിയുണ്ട്. ആ പുഞ്ചിരി എന്റെ പ്രണയമാണ്, എന്റെ ആയുസാണ്, എന്റെ ജീവന്റെ ജീവനാണ്. അകലങ്ങളിൽ ഒളിച്ചിരിക്കുന്ന എന്റെ കണ്ണാടിയാണ് നീ. നിന്നിൽ ഞാൻ എന്നെ കാണുന്നു. ഞാൻ സുന്ദരൻ ആണ് കാരണം നീ അതിലേറെ സുന്ദരിയും. "
കവിത പറഞ്ഞു നിർത്തി. ഒരു ചുംബനം പ്രതീക്ഷിക്കും മുമ്പ് നൂറ് ചുംബനങ്ങൾ എന്റെ ഇരു കവിളുകളിലും പതിഞ്ഞിരുന്നു. ഒരു കുളിർ കാറ്റ് എന്റെ ശരീരത്തിൽ വീണ്ടും തൊട്ട് തലോടി പോയി. ആ കാറ്റ് നീയാണ്, നിന്റെ പ്രണയവും. ഞാൻ മനസ്സിൽ ആവർത്തിച്ചു. പ്രണയത്തുടുപ്പിന്റെ ഈ യാത്ര അവസാനിക്കരുതേ, ഞാൻ ഒരു നിമിഷം പ്രാർത്ഥിച്ചു.
ഉടൻ അവളിൽ നിന്നൊരു ചോദ്യം.
"സാം ഈ യാത്രയിൽ ഞാൻ നിന്റെ ഭാര്യ ആയിക്കോട്ടെ. "
അവൾ ആഗ്രഹിച്ചു ചോദിച്ച ചോദ്യമാണ് പക്ഷെ ഞാൻ അത് സമ്മതിച്ചില്ല. ഞാൻ അതിനു മറുപടി നൽകി.
"വേണ്ട ഞാൻ മരിക്കും വരെയും നീയെന്റെ കാമുകി ആയിരിക്കണം. നിന്നെ എനിക്ക് അങ്ങനെ കാണാൻ ആണ് ഇഷ്‌ടം. ഒരു ഭാര്യക്ക് നല്ല കാമുകി ആകാൻ കഴിയില്ല. എനിക്ക് ഭാര്യയുണ്ട് അതുപോലെ നല്ല ഒരു കാമുകിയും. ഭാര്യയോട് സ്നേഹവും, കാമുകിയോട് പ്രണയവുമാണ്. ആരെയും സ്നേഹിക്കാൻ കഴിയും പക്ഷെ പ്രണയിക്കാൻ ഒരാളെ മാത്രമേ കഴിയുകയുള്ളൂ. ആ പ്രണയം അത് എനിക്ക് നിന്നോട് മാത്രമാണ്. "
വീണ്ടും അവളുടെ പ്രണയ ചുണ്ടുകളിൽ നിന്ന് ചുംബന മഴ എന്റെ കവിളുകളിൽ നനഞ്ഞൊഴുകി. വീണ്ടും എന്റെ ശരീരത്തിൽ ഒരു കുളിർ കാറ്റ് തൊട്ട് തലോടി കടന്നു പോയി. ആ കാറ്റ് നീയാണ്, അത് നിന്റെ പ്രണയവും. ഞാൻ മനസ്സിൽ വീണ്ടും ആവർത്തിച്ചു.ഉടൻ ഒരു മഞ്ഞു മഴ പെയ്തു. ഞാൻ നല്ലതുപോലെ തണുത്തു വിറക്കുന്നുണ്ട്. തണുപ്പ് കാരണം വണ്ടി ഓടിക്കാൻ കഴിയുന്നില്ല. മഴ തോർന്നിട്ടാവാം ഇനി യാത്ര. ബൈക്ക് നിർത്തി ഞാനും അവളും ഒരു മരച്ചില്ലയിൽ ഒതുങ്ങി. പെട്ടന്നാണ് അവൾ എനിക്ക് ആ കാഴ്ച കാണിച്ചു തന്നത്.
"നോക്ക് സാം നിനക്കു അത് ഓർമ്മയുണ്ടോ. "
ഒരു പഴയ ഇടിഞ്ഞു പൊളിഞ്ഞ ബസ് സ്റ്റോപ്പ് ആയിരുന്നു അത്. ഞാൻ ആ ബസ് സ്റ്റോപ്പ് ഓർക്കുന്നു. ഞാനും അവളും ആ ബസ് സ്റ്റോപ്പിലേക്ക് പോയി.
"സാം ഇവിടെവെച്ചു നീ എന്റെ ചുണ്ടുകളെ ആർത്തിയോടെ ചുംബിച്ചിരുന്നു. അന്നും ഇതുപോലൊരു മഞ്ഞു മഴയിലാണ് ഈ ബസ് സ്റ്റോപ്പിൽ നമ്മൾ അഭയം പാർപ്പിച്ചത്. "
അതെ ഞാൻ അവളുടെ ചുണ്ടുകളെ ആർത്തിയോടെ ചുംബിച്ചിരുന്നു. അന്ന് അവളുടെ ചുണ്ടുകളിൽ നിന്ന് ഒരു തരം പ്രേതെക ഗന്ധം ഞാൻ അനുഭവിച്ചറിഞ്ഞു. ഞാൻ ഒരിക്കൽക്കൂടി ഇപ്പോൾ അവളെ ചുംബിക്കാൻ പോകുകയാണ്. ചുംബിച്ചു ഇരുപത് വർഷം മുമ്പ് കാണിച്ച അതെ ആർത്തിയോടെ. അത്ഭുതം ! ഇരുപത് വർഷം മുമ്പുള്ള ആ ഗന്ധം ഞാൻ വീണ്ടും അനുഭവിച്ചറിഞ്ഞു. വീണ്ടും വീണ്ടും ആർത്തിയോടെ ഞാൻ അവളെ ചുംബിച്ചു. അവളും എന്റെ ചുണ്ടുകളെ അവളുടെ ചുണ്ടുകളാൽ വലിഞ്ഞു മുറുക്കി. വീണ്ടും അതെ കുളിർക്കാറ്റു എന്റെ ശരീരത്തെ തൊട്ട് തലോടി. അത് അവളാണ്, അവളുടെ പ്രണയവും. വീണ്ടും ഞാൻ മനസ്സിൽ ആവർത്തിച്ചു. ചുംബങ്ങളുടെ ആർത്തിക്കിടയിൽ മഴ തോർന്നതറിഞ്ഞില്ല. ഞങ്ങൾ വീണ്ടും യാത്ര ആരംഭിച്ചു. പോകുന്ന വഴികളിൽ ചീവീടിന്റെ ശബ്ദങ്ങളും, മിന്നാമിന്നിയുടെ വെളിച്ചവും ഞങ്ങൾക്ക് കൗതുകം നൽകി.ഇനി കുറച്ചു ദൂരം കഴിഞ്ഞാൽ നമ്മൾ താമസിക്കാനുള്ള റിസോർട് എത്തും. കുറച്ചു ദൂരം ചെന്നപ്പോൾ നമ്മുടെ മുന്നിൽ കലി തുള്ളി നിൽക്കുന്നു സാക്ഷാൽ ഒറ്റയാൻ. എന്ത് ചെയ്യണം എന്നറിയാതെ ഞങ്ങൾ. അവൾ എന്നെ മുറുകെ കെട്ടിപ്പിടിച്ചു. ആനയുടെ ദേഹത്തു മുഴുവൻ ചെളി ആയിരുന്നു.കലിതുള്ളി നിൽക്കുന്ന ആ ആന ഞങ്ങൾക്ക് ഭയമാണ് സൃഷ്‌ടിച്ചത്. ആന ഞങ്ങളെ ശ്രദ്ധിച്ചില്ല എന്ന് തോനുന്നു. ബൈക്ക് ഞാൻ പതുക്കെ പുറകോട്ടെടുത്തു.ഉടൻ ആന ഞങ്ങളെ ശ്രദ്ധിച്ചു. ഒരു ചിഹ്നം വിളിയോടെ ആന ഞങ്ങളുടെ അടുത്തേക്ക് വരുന്നു. മരണ വെപ്രാളമായിരുന്നു എനിക്കും അവളിലും.എന്റെ കൈകൾ വിറക്കുന്നു, എനിക്കിനി വണ്ടി ഓടിക്കാൻ കഴിയില്ല. അവളെ കെട്ടിപിടിത്തത്തിന്റെ മുറുക്കൽ കൂടി കൂടി വന്നു. വിറയാർന്ന ശബ്ദത്തിൽ അവളെന്നോട് പറഞ്ഞു.
"സാം എനിക്ക് പേടിയാകുന്നു ".
ഞാൻ നിറ കണ്ണുകളാൽ കണ്ണടച്ചു. പെട്ടന്ന് എന്റെ തലയിൽ ഭാരമുള്ള എന്തോ തൊട്ട് തലോടുന്നതായി തോന്നി. ഞാൻ കണ്ണ് തുറന്നു. ആന എന്റെ മുമ്പിൽ ഉണ്ട്. തുമ്പികൈ കൊണ്ട് എന്റെ തലയിൽ തൊട്ടതാണ്, അത് കഴിഞ്ഞു അവളെയും തുമ്പി കൈ കൊണ്ട് ഒന്ന് തലോടി..... ഭയത്തിന്റെ കൊടുമുടിയിൽ ഞാനും അവളും. പെട്ടന്ന് ആന പുറകോട്ട് പാദങ്ങൾ ചലിപ്പിച്ചു ഞങ്ങൾക്ക് പോകാൻ വഴിയൊരുക്കി. മരണത്തിനു മുന്നിൽ പോലും ഞങ്ങളുടെ പ്രണയം മുന്നിട്ടു നിന്നു. കലിതുള്ളി നിന്ന ആനയെപ്പോലും ഞങ്ങളുടെ പ്രണയം ശാന്തനാക്കി. ഞാനും അവളും ആനയുടെ മുന്നിൽ ഒന്ന് വണങ്ങി. അത് കണ്ട ആന ഒരു ചിഹ്നം വിളിയോടെ കാട്ടിലേക്ക് മടങ്ങി. ഞങ്ങളുടെ യാത്ര ആരംഭിച്ചു. പ്രതീക്ഷയോടെ വീണ്ടും ഒരു ചുംബനം എന്റെ കവിളുകളിൽ അവൾ നൽകി. പ്രതീക്ഷിച്ചതുപോലെ വീണ്ടും ആ കുളിർ കാറ്റ് എന്നെ തൊട്ട് തലോടി. അത് അവളാണ്, അവളുടെ പ്രണയവും........
ഏറെ നേരത്തെ യാത്രക്ക് ശേഷം ഞാനും അവളും റിസോർട്ടിൽ എത്തി . മുറി എടുക്കും മുമ്പ് ഞാനും അവളും അത്താഴം കഴിച്ചു. ഒരു ചിരിയോടെ അവൾ എന്നോട് പറഞ്ഞു.
"സാം നീ എന്നെ അത്ഭുതപ്പെടുത്തുകയാണ്. ഈ റിസോർട്ടിൽ അല്ലെ നമ്മൾ അന്നും താമസിച്ചത്. "
"അതെ ആനി ഈ റിസോർട്ടിൽ തന്നെയാണ്. അന്ന് താമസിച്ച അതെ മുറിയിലുമാണ് നമ്മൾ ഇന്നും താമസിക്കുന്നത്. "
ചുംബനങ്ങളിൽ മുങ്ങി താഴാൻ സൃഷ്‌ടിച്ച ദിനമാകാം ഇന്നെനിക്ക്. പരിസരം മറന്നു വീണ്ടും അവളെന്നെ ചുംബിച്ചു. വീണ്ടും ആ കുളിര്കാറ്റ് എന്നെ തൊട്ടു തലോടി. അത് അവളാണ്, അവളുടെ പ്രണയവും. ഒടുവിൽ ഞങ്ങളുടെ മുറിയിലെത്തി. യാത്ര ക്ഷീണമുണ്ട് അതുകൊണ്ട് ഒരു കുളി ആകാം. ആദ്യം കുളിച്ചത് അവളാണ്. രണ്ടാമത് ഞാനും. കുളിച്ചത് കൊണ്ട് ക്ഷീണം അനുഭവപ്പെട്ടില്ല. അവൾ കൂടുതൽ സുന്ദരി ആയിരിക്കുന്നു. ഞാൻ മുറിയിൽ പ്രകാശിച്ചിരുന്ന ലൈറ്റ് കെടുത്തി. പക്ഷെ ഇരുട്ട് മുറിയിലും അവളുടെ മുഖം പ്രകാശിച്ചിരുന്നു.എനിക്ക് അവളെ ഈ രാത്രി മതിവരുവോളം ചുംബിക്കണം. ഈ രാവ് എനിക്കും അവൾക്കും മാത്രമുള്ളതാണ് എന്റെ ചുംബങ്ങൾ അവളുടെ നെറ്റിയിൽ നിന്നാണ് തുടങ്ങിയത്, പിന്നീട ഇരു കണ്ണുകളിലും അതുകഴിഞ്ഞു മൂക്കിൽ. പിന്നെ കവിളുകളിൽ, അത് കഴിഞ്ഞു പതുക്കെ സമാധാനത്തിൽ ഒട്ടും ആർത്തി കാണിക്കാതെ ചുണ്ടുകളിൽ. പിന്നെ എന്റെ ചുണ്ടുകൾ ഓടി നടന്നത് അവളുടെ കഴുത്തിനിടകളിലായിരുന്നു. എന്റെ ചുണ്ടുകൾ അവളുടെ കഴുത്തുകളെ ഇക്കിളിപ്പെടുത്തി. പിന്നീട് എന്റെ ചുണ്ടുകൾ ഇഴഞ്ഞിറങ്ങിയത് അവളുടെ മാറിലേക്കായിരുന്നു. വളരെ പതുക്കെ അവയെ ഞാൻ ലാളിച്ചു. അവളുടെ നഖങ്ങൾ എന്റെ കുറുക്കിനെ വലിഞ്ഞു മുറുക്കി. അവളുടെ നഖങ്ങളിൽ എന്റെ കുറുക്കിലെ മുറിവിൽ നിന്ന് ചോര പൊടിഞ്ഞു. പക്ഷെ ആ വലിഞ്ഞു മുറുക്കത്തിൽ നിന്ന് എനിക്ക് വേദന അനുഭവപ്പെട്ടില്ല. പിന്നെ ചുണ്ടുകൾ കടന്നു ചെന്നത് അവളുടെ വയറിലേക്കായിരുന്നു. ഞാൻ വീണ്ടും ആർത്തിയോടെ അവിടെ ചുംബിച്ചു. അവസാനം എന്റെ ചുംബനങ്ങൾക്ക് വിരാമം കുറിച്ചു. അവൾ എന്റെ കഴുത്തിനിടയിൽ തല ചായ്ച്ചു കിടന്നു. എന്നിട്ട് എന്നോട് പറഞ്ഞു.
"നിന്റെ നെഞ്ചിലെ രോമക്കാടും, എന്റെ മാറിടങ്ങളിലെ ചൂടും. നിന്റെ കഴുത്തിനിടയിൽ ഒളിപ്പിച്ച എന്റെ മുഖവും. അതാണ് പ്രണയം...... പ്രണയ നിമിഷങ്ങളിൽ വിരിഞ്ഞ രതിയനുഭവം. "
വീണ്ടും ഞാൻ പ്രാർത്ഥിച്ചു ഈ രാത്രി പകലിനോട് അടുക്കരുതേ എന്ന്.വീണ്ടും ആ കുളിർ കാറ്റ് എന്നെ തൊട്ട് തലോടി പോയി. അത് അവളാണ്, അവളുടെ പ്രണയവും. പക്ഷെ.......... നേരം പുലരുക തന്നെ ചെയ്തു. എന്നാൽ ആ രാവ് ഞങ്ങൾക്കൊരു ഉത്സവമായിരുന്നു നേരം പുലരും വരെയുള്ള രതിയുത്സവം.
പ്രണയ രതിയുടെ ആ രാവിൽ സൂര്യനുദിച്ചു. ഇന്ന് ഞങ്ങൾ പോകുന്നത് ഞങ്ങളുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത സ്ഥലത്താണ്. ഭക്ഷണമൊക്കെ കഴിച്ചു ഞങ്ങൾ അവിടേക്ക് യാത്ര ആയി. യാത്രക്കിടയിൽ അവളുടെ ചുണ്ടുകളിലെ ചുംബനവും, പ്രണയ നിമിഷങ്ങളിൽ എന്നെ തേടി വന്ന കുളിർക്കാറ്റും....... എന്റെ യാത്രക്ക് ഊർജം കൂട്ടി. ഒടുവിൽ ആ സ്ഥലത്തിൽ ഞങ്ങളെത്തി. ആ സ്ഥലത്തെത്തിയതും എന്റെ തൊണ്ടയിൽ എന്തോ വേദന അനുഭവപ്പെട്ടു. എന്റെ ശബ്ദമിടറി. വളരെ ബുദ്ധിമുട്ടി ഞാനവളോട് ചോദിച്ചു.
"ആനി നീ ഈ സ്ഥലം ഓർക്കുന്നുവോ. "
അവൾ ഒന്നും മിണ്ടിയില്ല. കണ്ണിൽ നിന്നു കണ്ണുനീർ ഒലിക്കുന്നു. അവൾ നിശ്ശബ്ദയാണ്. ഒരു വാക്കു പോലും പറയുന്നില്ല. കണ്ണുനീർ ഒരു നദിപോലെ അവളുടെ കണ്ണിൽ നിന്നു ഒഴുകി തുടങ്ങി.
"ആനി....... "
ഞാൻ അവളെ വിളിച്ചു. അവൾ ഞെട്ടലോടെ എന്നെ നോക്കി. എന്നിട്ട് പറഞ്ഞു.
"എനിക്ക് ഓർമയുണ്ട് സാം...... നിന്നെ തനിച്ചാക്കി പോയ ഈ സ്ഥലം ഞാൻ എങ്ങനെ മറക്കാൻ ആണ്. നിയന്ത്രണം വിട്ട നിന്റെ ബൈക്കിൽ നിന്ന് ഞാൻ തെറിച്ചു വീണ ഈ സ്ഥലം ഞാൻ എങ്ങനെ മറക്കും. ഞങ്ങളെ ഒരിക്കലും ഒരുമിപ്പിക്കാതെ എന്നെ മരണത്തിലാക്കിയ സ്ഥലമാണിത്. നിന്റെ ജീവിതത്തിൽ നിന്നു ഞാൻ അകന്നു മാറിയ ആ നിമിഷം ഇന്നും എന്റെ കണ്ണുകളിൽ ഉണ്ട്. സാം നീ വരില്ലേ എന്റടുത്തേക്ക്. "
അവളുടെ വാക്കുകൾ എന്നെ കരയിച്ചു. ഞാൻ കണ്ണുകൾ അടച്ചു കരഞ്ഞു..... ആ നീണ്ട കരച്ചിലിന് ശേഷം ഞാൻ കണ്ണുകൾ തുറന്നു. ആനി എന്റടുത്തില്ല. അവൾ വീണു മരിച്ച സ്ഥലത്തേക്ക് പോയി നിന്നു ആ കൊക്കയിലേക്ക് നോക്കി. ആ നിമിഷം വീണ്ടും ആ കുളിർക്കാറ്റു എന്നെ തൊട്ട് തലോടി. അതെ ആ കുളിർ കാറ്റ് അവളാണ്, അത് അവളുടെ പ്രണയമാണ്. അവളെന്നെ വാരി പുണർന്നതാണ്.
" ആനി ഞാൻ നിന്നിലേക്ക് വരുകയാണ്. "
.
.
.
അവളുടെ സ്വപ്നത്തിന്റെ തിരമാലക്കുള്ളിൽ അകപ്പെട്ട ഞാൻ മയക്കത്തിൽ നിന്ന് എണീച്ചു. അവളുടെ കല്ലറക്കുള്ളിൽ അവളും മയങ്ങുകയാണ്. ഞാൻ അവളെ മയക്കത്തിൽ നിന്നും വിളിച്ചുണർത്തി.
"ആനി ഞാനെത്തി. "
ഒരു പുഞ്ചിരിയോടെ അവളെനിക്ക് നെറ്റിയിൽ ചുംബനം തന്നു. എന്നാൽ ഇപ്പോൾ ആ കുളിർക്കാറ്റു എന്നെ തഴുകിയതേയില്ല. കാരണം ആ കുളിർക്കാറ്റു അവളാണ്. അവളിപ്പോൾ എന്റെ അരികിലുണ്ട്. അല്ല ഞാൻ അവളരികിലുണ്ട്.
ദൂരെ ഒരു സ്ഥലം ചൂണ്ടി കാണിച്ചു അവൾ എന്നോട് പറഞ്ഞു.
"സാം ദാ ആ കാണുന്ന പൂന്തോട്ടം ഞാൻ നിനക്കായി...... നിന്റെ വരവിനായി...... നമ്മുടെ പ്രണയത്തിനായി ഞാൻ പണി കഴിപ്പിച്ചതാണ്. വരൂ നമുക്ക് അങ്ങോട്ട് പോകാം. "
ഞാനും അവളും ആ പൂന്തോട്ടത്തിലേക്ക് നടന്നു നീങ്ങി.
പുതിയൊരു കുളിർക്കാറ്റു ആ പൂന്തോട്ടത്തിലെ തൊട്ട് തലോടി. അത് ഞാനും അവളുമാണ്. എന്റെയും അവളുടെയും പ്രണയമാണത്.
.
.
.
.
A fiction by an idiot VINZSHAZ.
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക