Slider

ശ്രീഹരിപ്പുഴയിലേക്കൊരു പ്രണയയാത്ര...
രാധമാധവപുരം സ്റ്റേഷനിൽ ട്രെയിൻ നിന്നതും ഉറക്കമുണർന്നു ഞാൻ ഞെട്ടിയെണീറ്റതും ഒരുമിച്ചായിരുന്നു... ജനലഴിയിലൂടെ ഇരമ്പി വന്ന ചായക്കാരന്റെ ശബ്‌ദം കേട്ടപ്പോൾ ഒരു ചായ കുടിക്കാമെന്നു കരുതി... നീണ്ട ഒരു കോട്ടുവായ് ഇട്ടു മുഴുമിപ്പിക്കുന്നതിനു മുൻപേ "ഒരു ചായ "... എന്നു ആവശ്യം അറിയിച്ചു... നല്ല ചൂടുണ്ടാർന്നു ചായക്ക്... ചായ കപ്പിൽ നിന്നുയർന്നുവന്ന ആവി പോലെയാർന്നു അന്നേരം എന്റെ മനസ്സ്... 
സ്വയം ഉള്ളിൽ പറഞ്ഞു... 

"ജോലി കിട്ടി ആദ്യ നിയമനം തന്നെ ഒരു കാട്ടുമുക്കില്ലേക്കാണല്ലോ ഈശ്വരാ നീ എന്നെ അയച്ചത് ... "
"പക്ഷെ സ്ഥലങ്ങൾ എല്ലാം കൊള്ളാം...ഇത്രേം ഹരിത മനോഹാരിതയുള്ള വഴിയിലൂടെ ഇതാദ്യാ... "

സ്റ്റേഷനിൽ നിന്നും ട്രെയിൻ നീങ്ങി തുടങ്ങി. ചൂടുള്ള ചായ ഊതി കുടിക്കുമ്പോൾ മുന്നിലിരിക്കുന്ന ആളോട് ഒന്നും ചോദിക്കാതിരിക്കാൻ എനിക്കായില്ല... 

"എന്തെ ചായ വാങ്ങാത്തത്... "

' രാവിലെതന്നെ കുടിച്ചു... ' അയാൾ മറുപടി പറഞ്ഞു.

തുടക്കം കിട്ടിയതോടെ അഭിസംബോധനയില്ലാതെ ഞാൻ തുടർന്നു... 

"ഈ വണ്ടി ബസനകുടിയിൽ എപ്പോ എത്തും ???"

'ഇനിയും വേണം രണ്ടു മണിക്കൂർ...'

'ആദ്യത്തെ യാത്രയല്ലേ... ഈ പ്രകൃതി ഭംഗി ആസ്വദിച്ചു പോയാൽ സമയം പോകുന്നതറിയില്ല... '

ശരിയാണെന്നു എനിക്കും തോന്നി... പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെയാണ് അപ്പുറത്ത് നിന്നും മറ്റൊരു അശരീരി കേട്ടത്... 

...അടുത്ത സ്റ്റേഷൻ കൃഷ്ണവേലി... അതുകഴിഞ്ഞാൽ ബസനകുടി... ഇതിനിടയിൽ ഒരു കാട്ടുമുക്കിൽ വണ്ടി നിർത്തി ഇടും... മനുഷ്യനെ ചുറ്റിക്കാൻ..... 

"സ്റ്റേഷൻ ഇല്ലാത്തിടത്ത് വണ്ടി നിർത്തുമോ... ???" ഞാൻ എന്നോടായി പറഞ്ഞു... 

'നിർത്തും.... ഈ വണ്ടി നിർത്തും... ' എന്റെ മുന്നിൽ ഇരുന്നയാൾ മറുപടി പറഞ്ഞു... 

"നിർത്തേണ്ട ആവശ്യം... ??? ഞാൻ ചോദിച്ചു... 

ചിരിച്ചു കൊണ്ടായിരുന്നു അയാൾ മറുപടി പറഞ്ഞത്... 
'അതൊരു കഥയാടോ... ഒരു പത്ത് വർഷം പഴക്കം ഉള്ള ഒരാളുടെ പ്രണയ കഥ... '

"അതെന്തായാലും നന്നായി... ബസനകുടി എത്താൻ ഇനിയും സമയം ഉണ്ടല്ലോ... ഇനി ആ കഥ കേട്ടിട്ടു തന്നെ കാര്യം... "

അയാൾ സമ്മതം മൂളി... കഥ തുടർന്നു... 
ട്രെയിൻ ഒരു നിമിഷം പത്ത് വർഷം പുറകിലോട്ടു പോയി...

' അന്ന് രാധമാധവപുരത്തു നിന്നാണ് വണ്ടി പുറപ്പെട്ടിരുന്നത്... അധികം കംപാർട്മെന്റ് ഒന്നും അന്നില്ല... അവിടെ നിന്നും കേറുന്നവർ തന്നെയായിരുന്നു ആകെയുള്ള യാത്രക്കാർ... തിരികെ രാത്രിയിൽ അതേ ആളുകൾ... തിരിച്ചു വരും... 

ചെറിയ കുന്നിൻ ചെരുവിലൂടെയും ഇല പൊഴിയും മരങ്ങൾക്കടിയിലൂടെയും കൽക്കരി പോക പുറത്തുവിട്ടു പായുന്ന തീവണ്ടി കാണാൻ നല്ല ഭംഗിയായിരുന്നു... 
മഞ്ഞോ മേഘമോ മുന്നിൽ എന്നു തിരിച്ചറിയാതെ അതിശയിച്ച വഴിയോരങ്ങൾ എല്ലാം പോയ നാളുകളിലെ ആ യാത്രയിൽ ഉണ്ടായിരുന്നു... 

ഒരു ദിവസം... കൃഷ്ണവേലി കഴിഞ്ഞ് നാല് കിലോമീറ്റർ അപ്പുറം ശ്രീഹരിപ്പുഴ ഒഴുകുന്നയിടത്തെത്തിയപ്പോൾ ആരോ ഒരാൾ ട്രെയിനിന്റെ ചങ്ങല വലിച്ചു...ആ കാട്ടിൽ വണ്ടി നിന്നു... അയാൾ എങ്ങോട്ടോ ഓടി മറഞ്ഞു... 

രാത്രിയിൽ അയാൾ തിരിച്ചെങ്ങനെ വന്നു എന്നറിയില്ല ആർക്കും... പക്ഷെ...
ശ്രീഹരിപ്പുഴ എത്തിയപ്പോൾ അടുത്ത ദിവസവും ചങ്ങല വലിഞ്ഞു. വണ്ടി നിന്നു... ഒരാൾ ഇറങ്ങി ആ കാട്ടിലേക്കു ഓടുന്നത് എല്ലാവരും നോക്കി നിന്നു... 

ദിവസങ്ങളോളം അയാൾ അത് തുടർന്നുകൊണ്ടിരുന്നു... ഒരിക്കൽ ശ്രീഹരിപ്പുഴ യിൽ വണ്ടി നിന്ന ഉടനെ എല്ലാവരും കൂടി അയാളെ പിടികൂടി... വട്ടമിട്ടു ചോദ്യം ചെയ്തു... അടിക്കാൻ ഓങ്ങിയ കൈകൾ അയാളുടെ മറുപടിയിൽ ആസ്വാദകരായി മാറി... 

അയാൾ ബസനകുടിയിൽ നിന്നു വഴിതെറ്റി എത്തിയത് ശ്രീഹരിപ്പുഴയുടെ തീരത്താണ്.. കുറച്ചു നാൾ പാതി ബോധത്താൽ അവിടെ കിടന്നുവത്രെ... അന്ന് അയാളുടെ മുറിവുകളിലും വേദനകളും എല്ലാം മാറ്റിയത് ഒരു പെൺകൊടിയുടെ സാന്നിധ്യമായിരുന്നു... പാതി ബോധത്താൽ അവളുടെ സാന്നിധ്യം അയാൾ മനസ്സിലാക്കി.... പക്ഷെ ഒരിക്കൽ പോലും അയാൾക്ക് മുന്നിൽ അവൾ പ്രത്യക്ഷപ്പെട്ടില്ല... 

അയാൾ ഉറങ്ങുമ്പോൾ അരികിൽ അയാൾക്കു വേണ്ടതെല്ലാം കൊണ്ടുവെക്കും... ഒപ്പം ഒരു കത്തും... 

കത്ത് വായിച്ച് അയാൾ മറുപടി എഴുത്തും. അയാളുടെ നിദ്ര വേളയിൽ മറുപടി കത്ത് അരികിൽ വെക്കും... 
പതിയെ പതിയെ അയാളുടെ ഉള്ളിൽ അവളോടുള്ള സ്നേഹം വിടരാൻ തുടങ്ങി. ശ്രീഹരിപ്പുഴയിൽ വണ്ടി നിർത്തി അയാൾ ഓടിപോയിരുന്നത് അവളുടെ കത്ത് വായിക്കാനായിരുന്നു.... അവൾക്കുള്ള മറുപടി കത്തെഴുതാനായിരുന്നു... 

കഥയെല്ലാം കേട്ടതോടെ എല്ലാവരും കൂടി ഒരു തീരുമാനമെടുത്തു... ഒരിക്കലും കാണാത്ത... പേരറിയാത്ത ആ പെൺക്കുട്ടിയോടുള്ള അയാളുടെ പ്രണയം സഫലമാക്കാൻ എന്നും ശ്രീഹരിപ്പുഴയിൽ അയാൾക്ക് വേണ്ടി വണ്ടി നിർത്താം എന്ന്.... 

പിന്നീടുള്ള രാത്രി യാത്രകൾ അയാൾക്ക് കിട്ടുന്ന കത്തിലെ പ്രണയത്തെക്കുറിച്ചായിരുന്നു... കത്തുകൾക്കൊപ്പം കിട്ടിയ കുപ്പി വളകൾ... അവളുടെ പാദസരങ്ങൾ... എല്ലാം മറ്റുള്ളവരെ കാണിക്കാതെ കൈയിൽ അടക്കിപ്പിടിച്ച കാമുകനെ എന്നും പുഞ്ചിരിയോടെ അല്ലാതെ ആരും നോക്കിയിട്ടില്ല. 

കാലങ്ങൾ കടന്നുപോയി... സഹയാത്രികർ പലരും മറ്റു സ്ഥലങ്ങളിലേക്ക് ജോലിയായി. എങ്കിലും അയാൾക്കായി തുടങ്ങിയ സമ്പ്രദായം ഇന്നും തുടരുന്നു... '

കഥ കേട്ടവസാനിച്ചപ്പോൾ എന്റെ ഉള്ളിൽ മൗനമായിരുന്നു... ഒരിക്കൽ പോലും കാണാതെ... കത്തുകളിലൂടെ മാത്രം പ്രണയിച്ച ജീവിതം... ചിന്തിക്കാൻ ആവുന്നില്ലായിരുന്നു എനിക്ക്... 
ജനലഴിയിൽ പിടിച്ച്‌ പുറത്തെ മനോഹാരിതയിൽ കണ്ണിമ വെട്ടാതെ നോക്കിയിരുന്നെങ്കിലും കൺമുന്നിലൂടെ അയാളുടെ പ്രണയം അലയടിക്കുകയായിരുന്നു... 

അവർ കണ്ടുമുട്ടിയിട്ടുണ്ടാവുമോ ??? ഒന്നിച്ചു കാണുമോ ??? മനസ്സിൽ വിരിഞ്ഞ ആയിരം ചോദ്യങ്ങൾ ജനലഴിയിൽ നിന്നു കഥ പറഞ്ഞയാളിലേക്ക് തിരിഞ്ഞു... 

അയാളെ കാണുന്നില്ല... ആളൊഴിഞ്ഞ സീറ്റ് മാത്രം ബാക്കി... അതേ നിമിഷം വണ്ടി നിന്നു... ശ്രീഹരിപ്പുഴ എത്തിയെന്നു എനിക്ക് മനസ്സിലായി... ശ്രീഹരിപ്പുഴയുടെ ഇടവഴികളിലേക്ക് എന്നോട് കഥ പറഞ്ഞയാൾ നടന്നു പോകുന്നത് ഞാൻ കണ്ടു... 

"അതെ... അത് അയാൾ തന്നെയാണ്... നീണ്ട പത്ത് വർഷത്തെ പ്രണയ നായകൻ... "
"ഈ ദിവസം... അവർ ഒന്നിക്കട്ടെ... അവരുടെ പ്രണയം പൂവണിയട്ടെ" എന്ന് മനസ്സിൽ ആഗ്രഹിച്ച് ഞാൻ നിദ്രയിലേക്കാണ്ടു... 

ആ രാത്രി ശ്രീഹരിപ്പുഴയിൽ നിന്നും കയറുന്ന അയാൾക്കായി ഞാൻ കാത്തിരുന്നു ഒപ്പം അയാളുടെ പ്രണയിനിയേയും... പക്ഷെ... ആ രാത്രി എന്നെ നിരാശപ്പെടുത്തി... അയാൾ ശ്രീഹരിപ്പുഴയിൽ ഇല്ലായിരുന്നു... ആദ്യമായി അയാൾ ഇല്ലാതെ അവിടെ നിന്നും വണ്ടി പുറപ്പെട്ടു... 

എങ്കിലും എനിക്ക് ഉറപ്പുണ്ടാർന്നു... അവർ കണ്ടുമുട്ടി കാണും... ശ്രീഹരിപ്പുഴയുടെ ഓരങ്ങളിൽ ഇനിയുള്ള കാലം അവർ ജീവിക്കും.... 

വർഷങ്ങൾ കടന്നു പോയി... എനിക്ക് ബസനകുടിയിൽ നിന്നും സ്ഥലം മാറ്റം വന്നു... തിരിച്ചു പോകുന്നതിനു മുൻപേ തന്റെ മനസ്സിലെ പ്രിയ മിത്രത്തേയും കുടുംബത്തേയും കാണാൻ ഞാൻ തീരുമാനിച്ചു... 

തിരിച്ചു പോകുന്നതിന്റെ തലേ ദിവസം ആദ്യമായി അയാൾ അല്ലാതെ മറ്റൊരാൾ ശ്രീഹരിപ്പുഴയിൽ ഇറങ്ങി... അയാൾ ഓടിമറഞ്ഞ ഇടവഴികളിലൂടെ ഞാൻ നടന്നു നീങ്ങി...കുറച്ചകലെ പുഴയൊഴുകുന്ന ശബ്‌ദം കേൾക്കാമായിരുന്നു... അങ്ങോട്ടു ലക്ഷ്യം വെച്ചുനടന്നു. അടുക്കുംതോറും ശ്രീഹരിപ്പുഴയുടെ പ്രകൃതി ഭംഗി കൂടുതൽ സുന്ദരിയായികൊണ്ടിരുന്നു... 

മലമുകളിൽ നിന്നു വരുന്ന നൂലിഴകൾ പോലെയുള്ള അരുവികളെ കാണാം... നിറഞ്ഞൊഴുകുന്ന പുഴ... കിളികളുടെ നാദം...മനസ്സിനെ കുളിരണിയിക്കുന്ന മഞ്ഞു പാളികൾ.... ആരും കീഴ്പ്പെട്ടു പോകുന്ന സ്ഥലം... 

അയാൾ എവിടെ ??? ഞാൻ തിരക്കി... 

പുഴയുടെ ഓരങ്ങളിൽ ചെറിയ പാറക്കൂട്ടങ്ങൾക്കിടയിൽ അയാളെ ഞാൻ കണ്ടു... അയാളുടെ അരികിലേക്ക് ഓടി... അയാളുടെ തോളിൽ കൈവെച്ചു....വളരെ പതിയെ അയാൾ എന്നെ തിരിഞ്ഞു നോക്കി... 

അയാൾക്ക് പ്രായമായിരിക്കുന്നു. മുഖത്ത് ചുളിവുകൾ വീണിട്ടുണ്ട്... താടിയും മുടിയിലുമെല്ലാം വെളുപ്പിലേക്ക് ചേക്കേറുന്നു... 

"എന്നെ ഓർമ്മയുണ്ടോ ???" ഞാൻ ചോദിച്ചു 

'ഉണ്ട് ' 

"എവിടെ തന്റെ പ്രിയതമ... കാണട്ടെടോ... ???"

'അറിയില്ല... ' അയാൾ മറുപടി പറഞ്ഞു 

"അപ്പോ താൻ.... ഇതുവരെ അവരെ കണ്ടിട്ടില്ലേ ???"

'ഇല്ല... അന്ന് ഞാൻ ഇറങ്ങിയതിൽ പിന്നെ ഇവിടെ കത്തുകൾ വന്നിട്ടില്ല... അവളുടെ കത്ത് വായിക്കാതെ എനിക്ക് ഒരിക്കലും മടങ്ങാൻ ആവില്ല... ' അയാൾ നിറകണ്ണുകളോടെ പറഞ്ഞു... 

"നമ്മുക്ക് പോകാം... ഇനിയും കാത്തിരിക്കേണ്ട കാര്യം ഇല്ല... " ഞാൻ നിർബന്ധിച്ചു... 

അയാൾ പറഞ്ഞു... 

'സുഹൃത്തേ... എഴുതി തീരാത്ത ഒരു കത്തുമായി അവൾ ഈ പ്രകൃതിയിൽ എവിടെയോ ഉണ്ട്... അതെഴുതി തീരുന്ന നാൾ... അവൾ എന്റെ അരികിൽ എത്തും... ശ്രീഹരിപ്പുഴ... അതിനു സാക്ഷിയാകും... എനിക്കുറപ്പുണ്ട്... '

ഒന്നും പറയാനാവാതെ ഞാൻ അയാൾക്ക് മുന്നിൽ എല്ലാം കേട്ടുനിന്നു... നിങ്ങളുടെ പ്രണയം സാക്ഷാത്കരിക്കപ്പെടട്ടെ ... എന്നു മാത്രം ആശംസിച്ചുകൊണ്ട് ഞാൻ അവിടെ നിന്നും മടങ്ങി... 

പോകുന്ന വഴിയില്ലെല്ലാം മനസ്സിൽ ആയിരം ചോദ്യങ്ങൾ കടന്നു വന്നു... 

എന്തിനായിരുന്നു അവൾ ഒളിഞ്ഞു 
നിന്നത് ???

എന്തിനായിരുന്നു അവർ കത്തുകളിലൂടെ മാത്രം സ്നേഹിച്ചത് ???

അങ്ങനെ ഒരായിരം ചോദ്യങ്ങൾ... പക്ഷെ എല്ലാത്തിനും ഉള്ള ഉത്തരം... അയാളുടെ ജീവിതത്തിൽ നിന്നുമെനിക്ക് കിട്ടി... 

പ്രണയം... രൂപങ്ങളോ ഭാവങ്ങളോ ഇല്ലാത്ത പ്രണയം... 

രാത്രിയായി.... അവിടെ നിർത്തിയിട്ട വണ്ടിയിൽ കയറി ശ്രീഹരിപ്പുഴയോടും അയാളോടും യാത്ര പറഞ്ഞു... 

വണ്ടി പുറപ്പെട്ടു...സ്ഥലങ്ങൾ ഒന്നൊന്നായി പിന്നോട്ട് പോകുന്നത് ഞാൻ നോക്കി നിന്നു... നിദ്രയിലേക്ക് വീഴും മുന്നേ ബാഗിൽ നിന്നുമെന്റെ ഡയറി എടുത്ത് ഞാൻ എഴുതി...

"ഒരിക്കൽ കൂടിയൊരു യാത്ര പോകണം... 
ശ്രീഹരിപ്പുഴയിലേക്കൊരു പ്രണയ യാത്ര... "

ആദർശ് കെ എസ്
both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo