Slider

നാരങ്ങ മിട്ടായി

0

ബസ് നഗരത്തിലൂടെ ഓടിക്കൊണ്ടിരുന്നു. മകൻ വഴിയോരക്കാഴ്ചകളിൽ നിന്ന് മുഖമുയർത്തി അയാളുടെ മുഖത്തേക്ക് നോക്കി.
"അമ്മ വന്നു കഴിഞ്ഞാൽ ചക്ക കൊണ്ടാട്ടം ഉണ്ടാക്കിക്കണം അച്ഛാ. ഇന്നലെ അനുമോൾ ക്ലാസ്സിൽ കൊണ്ട് വന്നു. എന്താ രുചി !ഇച്ചിരിയെ തന്നുള്ളൂ. അവൾക്കെന്നും ഓരോരോ കറികൾ ആണ്. എന്താ പെണ്ണിന്റെപവറ് ! , ഒക്കെ അമ്മയുണ്ടാക്കുന്നതാണത്രേ. അച്ഛനെന്നും ഒരു അച്ചിങ്ങ മെഴുക്ക് മാത്രേ അറിയുവുള്ളു.. എന്റെ അമ്മയൊന്നിങ്ങു വന്നോട്ടെ കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ അവൾക്ക് "
അയാൾ മകന്റെ ശിരസ്സിൽ തലോടി വെറുതെ പുറത്തേക്കു നോക്കിയിരുന്നു. ദിവസങ്ങളായുള്ള മകന്റെ വാശിക്ക് മുന്നിൽ തോറ്റു പുറപ്പെട്ടതാണീ യാത്ര.
"അമ്മ വരുമ്പോൾ തെക്കേ അറ്റത്തെ മുറിയില് കിടക്കാം. അവിടെ നല്ല കാറ്റ് ഉണ്ട്. പിന്നെ ബാത്റൂമും അവിടെ അല്ലേ ഉള്ളു? "
മകൻ കാരണവരെ പോലെ പറയുന്നത് കേട്ട യാൾ ചിരിച്ചു കൊണ്ട് തലയാട്ടി.
"അമ്മ ഇത്രേം നാളും എന്താ അച്ഛാ വരാഞ്ഞേ? ജോലി സ്ഥലത്തു ലീവ് കിട്ടികാണില്ലല്ലേ? "
അതയാൾ പറഞ്ഞു കൊടുത്തതാണ്.
ഇടക്ക് ബസ് നിർത്തിയപ്പോൾ അയാൾ മകനെയും കൊണ്ടിറങ്ങി
നല്ല ദാഹം
"രണ്ടു നാരങ്ങ വെള്ളം "
"എനിക്ക് വേണ്ട അച്ഛാ അമ്മ പറഞ്ഞിട്ടുണ്ട് കടയിലെ വെള്ളം മേടിച്ചു കുടിക്കരുത് എന്ന് "
"കുഴപ്പം ഇല്ല കുട്ടിയെ സോഡാ ചേർത്തതാ "
കടക്കാരൻ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു
"വേണ്ട "കുട്ടി മുഖം തിരിച്ചു
"മോനു നാരങ്ങ മിട്ടായി വേണോ? "
പലനിറത്തിൽ കവറിൽ നാരങ്ങ മുട്ടായികൾ.
"വേണ്ട അച്ഛാ അമ്മ എനിക്ക് കാഡ്ബറീസ് വാങ്ങി വെച്ചിട്ടുണ്ടാകും "
അയാൾ ഒന്നും മിണ്ടാതെ മകന്റെ കൈ പിടിച്ചു ബസിൽ കയറി.
ബസ് വീണ്ടും ഓടി തുടങ്ങി. നഗരം വിട്ട് ഗ്രാമത്തിലേക്ക് തിരിയുന്ന ചെമ്മൺ പാതയിൽ അവർ ഇറങ്ങി.
"കുറച്ചു നടക്കണം മോനെ അച്ഛൻ എടുക്കട്ടെ? "
"വേണ്ട ഞാൻ നടന്നോളാം "
അവൻ ഉത്സാഹത്തോടെ അയാൾക്ക്‌ മുന്നിലായി നടന്നു തുടങ്ങി.
ഗേറ്റ് കടന്ന് ഉള്ളിലേക്കു ചെല്ലുമ്പോൾ ഉള്ളു ഒന്ന് വിറച്ചു
വാതിൽ തുറന്ന് ഭാര്യയുടെ അമ്മ വന്നപ്പോൾ അയാൾ ഒന്ന് പതറി
"ഓ നിങ്ങളോ എന്താ വിശേഷിച്ച്‌?? "
കുട്ടി അമ്പരപ്പോടെ അവരെ നോക്കിനിന്നു
"മോനുനു ഒന്ന് കാണാൻ "
"ബന്ധങ്ങളൊക്ക കോടതിയിൽ തീർത്തതാണല്ലോ. അവൾക്കൊരു ബുദ്ധിമോശം തോന്നിയതാ അല്ലെങ്കിൽ തന്തേം തള്ളേം ഇല്ലാത്ത ജോലിയില്ലാത്ത ഒരു എഴുത്തുകാരന്റെ കൂടെ ഇറങ്ങി പോവോ? എന്തായാലും തിരിച്ചറിവ് അവൾക്കുണ്ടായപ്പോ ഞങ്ങൾ കുടുംബക്കാരങ്ങു ക്ഷമിച്ചു. ഇനി കുട്ടീനെ കൂട്ടി വന്നു ബന്ധം പുതുക്കൽ ഒന്നും വേണ്ട "
അയാൾ അകത്തുനിന്നു അവൾ വരുന്നത് കണ്ടു. ആ മുഖം തണുത്തിരുന്നു. അവൾ വീണ്ടും വിവാഹിതയായി എന്ന് അവളുടെ ഒക്കത്തിരിക്കുന്ന കുഞ്ഞിന്റെ മുഖം വിളിച്ചു പറഞ്ഞു.
"കുടിക്കാൻ ചായയോ കാപ്പിയോ? "
അവൾ ചോദിക്കുന്നു
അയാൾ മകനെ നോക്കി. അവൻ അയാളുടെ മടിയിൽ നിന്നൂർന്നിറങ്ങി ചെരുപ്പ് ധരിച്ചു അയാളെ നോക്കി
"വാ അച്ഛാ പോകാം "
തിരികെയുള്ള യാത്രയിൽ മകൻ അച്ഛനോടൊന്നും ചോദിച്ചില്ല. അവന്റെ മനസ്സിലെന്താണെന്നറിയാതെ അയാൾ വല്ലായ്മയോടെ ഇരുന്നു
ബസ് ഇടയ്ക്കൊന്നു നിർത്തിയപ്പോളും അയാൾ അതെ ഇരുപ്പായിരുന്നു
"അച്ഛാ ദാഹിക്കുന്നു "മകൻ പറഞ്ഞു
നാരങ്ങാവെള്ളം മൊത്തി കുടിച്ചു കൊണ്ട് മകൻ നാരങ്ങമിട്ടായിക്ക് കൈ നീട്ടി
ബസ് വീണ്ടും ഓടി തുടങ്ങി
ചുവപ്പ് നിറമുള്ള ഒരു മുട്ടായി അച്ഛന്റെ വായിൽ വെച്ചു കൊടുത്തു അവൻ അയാളുടെ മടിയിലേക്കു കയറി ഇരുന്നു
"അച്ഛാ എന്റെ ക്ലാസ്സിലെ വിവേകില്ലേ? അവന്റെ അമ്മ മരിച്ചു പോയതാട്ടോ. അവന്റെ അച്ഛൻ അവനെ നല്ലോണം നോക്കണ് ണ്ട്. എന്റെ അച്ഛൻ എന്നെ നോക്കുമ്പോലെ തന്നെ. "
അയാൾ മകനെ നെഞ്ചോടു അമർത്തി പിടിച്ചു. അയാളുടെ കണ്ണിൽ നിന്നും ചുടു കണ്ണീർ ഒഴുകി കൊണ്ടിരുന്നു. രണ്ടു കുഞ്ഞി കൈകൾ അത് തുടച്ചു.
"ഞാനുണ്ടല്ലോ അച്ഛന് എന്നും.. പിന്നെന്താ.. ഞാൻ പഠിച്ചു വലിയ കുട്ടിയായി വലിയ ജോലിയൊക്കെ ആയി അതിനേക്കാൾ വലിയ വീട് വെയ്ക്കും. എന്നിട്ട് ഞാനും അച്ഛനും അവിടെ താമസിക്കും... "മകൻ പറഞ്ഞു കൊണ്ടിരുന്നു
"അച്ഛൻ കരയണ്ടാട്ടോ മോൻ അച്ഛനെ വിട്ട് എങ്ങും പോകില്ല "
മകൻ അച്ഛന്റെ കണ്ണിൽ തെരുതെരെ ഉമ്മ വെച്ചു
അയാൾ മകനെ ഇറുക്കി പിടിച്ചു
രക്തം രക്തത്തെ വിട്ടു പോകില്ല എന്ന് പറയുന്നതെത്ര സത്യമാണ്. ഇനി ഇവൻ മതി എന്നും എപ്പോളും... മുന്നോട്ടു പോകാൻ ഒരു വെളിച്ചം ഉണ്ടല്ലോ.മതി...അയാൾ പുറകിലേക്കോടുന്ന കാഴ്ചകളിൽ മിഴി നട്ടിരുന്നു.

By Ammu Santhosh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo