Slider

ഫുട്‌ബോളും കെട്ടിയോനും പിന്നെ ഞാനും

0
Image may contain: 1 person, standing

സംഭവം നടക്കുന്നത് കല്യാണം കഴിഞ്ഞു രണ്ടാമത്തെ വർഷം...
ലീവിന് ചേട്ടൻ നാട്ടിൽ വന്ന സമയം. കല്യാണം കഴിഞ്ഞു 2 മാസം കഴിഞ്ഞു ഗൾഫിലേക്ക് പോയ ആൾ പിന്നെ വന്നത് രണ്ട് വർഷം കഴിഞ്ഞാണ്. കെട്ടിയതിന്റെ പുതുമോടി മാറിയിട്ടില്ല. അതു കൊണ്ട് തന്നെ ചേട്ടന്റെ പിന്നാലെ ബോബനും മോളിയിലെ നായകുട്ടിയെ പോലെ ഞാനും നടപ്പാണ്.
അങ്ങനെ ഒരു ദിവസം ഞങ്ങൾ എന്റെ വീട്ടിൽ മാഹിയിലേക്ക് താമസിക്കാൻ വന്നു. എന്താണെന്നറിയില്ല മാഹിയെന്നു കേൾക്കുമ്പോൾ ചേട്ടന് ഒരു ഉഷാറു കൂടും. ആ ഉഷാറിന് പിന്നിലെ ഗുട്ടൻസ് കാലം കുറെ ആയപ്പോ മനസിലായി .
അങ്ങനെ മാഹിക്ക് വന്നു. ഒരാഴ്ച വീട്ടിൽ നിൽക്കാം, അതു സമ്മതിച്ചാണ് വന്നത്. അങ്ങനെ വീട്ടിൽ വന്നു,
അന്ന് രാത്രി എട്ട് മണിയായപ്പോൾ ചേട്ടന് ഒരിക്കലും ഇല്ലാത്ത ഒരു വിശപ്പ്.
"ടീ, നീ ചോറ് എടുത്തു വെക്ക്. വല്ലാണ്ട് വിശക്കുന്നു"
ടിവിക്ക് മുന്നിൽ സ്റ്റാർ സിംഗർ കാണാൻ കുറ്റിയടിച്ച എനിക്ക് കലിപ്പ് മോഡ് ഓണായി.
"അല്ലപ്പാ, ഇങ്ങളല്ലേ സന്ധ്യക്ക് ചക്കപ്പുഴുക്കു തിന്നത്. ഇങ്ങളെ വയറ്റിലും കോഴീം മക്കളുമാണോ"
ഇതു കേട്ട് വന്ന എന്റെ അമ്മ മരുമകന്റെ വിശപ്പ് മാറ്റാൻ അടുക്കളയിലേക്കോടി ചോറും കറിയും എടുത്തു വെക്കാൻ.
ചോറും കറിയും ധൃതിയിൽ കഴിക്കുന്ന ചേട്ടനെ അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ നോക്കി നിന്നു ഞാൻ കോണ്ഫ്യൂഷനിൽ ആയി. ഈ നേരത്ത് എങ്ങോട്ടെങ്കിലും പോകുന്ന സ്വഭാവം ഇല്ല. കമ്പനി കൂടാൻ ചങ്ങായീസ് നാട്ടിൽ ഇല്ല. പിന്നെ എന്തിനാവും. ആലോചിച്ചു തല പുകയ്ക്കുന്ന എന്റെ മുന്നിലൂടെ ഏമ്പക്കം വിട്ട് ദാ നടന്നു പോകുന്നു ന്റെ കെട്ടിയോൻ.
"അല്ലാ, എന്താ ഇങ്ങളെ ഉദ്ദേശം. എങ്ങോട്ടാ ഈ ധൃതിപിടിച്ചു." എന്റെ ചോദ്യം കേൾക്കാത്ത ഭാവത്തിൽ ഒരു മൂളിപ്പാട്ടും പാടി ദാ പോകുന്നു വീണ്ടും.
"ഹം തും എക് കമരെ മെ..... " പാട്ട് ഒരു പത്ത് ഇക്കോ ഇട്ടു ചെവിയിൽ കിടന്നു കറങ്ങി.
ദൈവേ... ദുരുദേശമാണല്ലോ
"ഞാനിന്ന് അമ്മയുടെ അടുത്താണ് കിടക്കുന്നത്.കുറെ വിശേഷം പറയാനുണ്ട്." പിന്നാലെ ചെന്നു പറഞ്ഞു.
"നിന്നോട് കിടക്കണ്ടാന്ന് ഞാൻ പറഞ്ഞോ.നീ കിടന്നോ."
ങേ..!!അപ്പൊ പിന്നെ എന്തിനാ നേരത്തെ ഫുഡും കഴിഞ്ഞു ഉറങ്ങാൻ പോവുന്നെ..
" വേഗം പറഞ്ഞോ. എന്താ ഉദ്ദേശം. " എന്റെ ശബ്ദത്തിൽ ഭീഷണി നിറയുന്നത് മൂപ്പരറിഞ്ഞു. അങ്ങനെ വന്നാൽ മൂപ്പർക്കറിയാം ഏത് നിമിഷവും ഞാൻ എന്തേലും പാര ഒപ്പിക്കും.
"അത് ഒന്നൂല്ല, ഇന്ന് ഫുട്‌ബോൾ ഉണ്ട്. കാണണം. "
"പാതിരായ്ക്കോ!!! "
"ആഹ്..അതിനെന്താ...എല്ലാരും കാണുന്നതല്ലേ."
"ഇങ്ങള് അങ്ങനെ ഞാൻ ഉറങ്ങുമ്പോൾ ഉറക്കം ഒഴിഞ്ഞു ഇരിക്കേണ്ട. ഞാനും കാണും എന്നാൽ ഫുട്‌ബോൾ കളി"
"അതിനു നിനക്ക് കളി അറിയോ"
"പിന്നേ....വലയിൽ കൊണ്ടുപോയി ബോൾ അടിക്കുന്നതല്ലേ"
"ഹോ ..സമ്മതിച്ചു!!" ആക്കിയ ഒരു ചിരി ചിരിച്ചു മൂപ്പര് പോയി കിടന്നുറങ്ങി, പാതിരായ്ക്ക് എഴുന്നേൽക്കാൻ.
അങ്ങനെ പാതിരായ്ക്ക് ടിവിക്ക് മുന്നിൽ ഞങ്ങൾ രണ്ടു പേരും മാത്രം. ഫുട്‌ബോൾ ഭയങ്കര ഇഷ്ടമായത് കൊണ്ട് ഞാൻ വേഗം തന്നെ ഇരിപ്പ് കിടപ്പാക്കി, പിന്നെ അത് അങ്ങനെ ഉറക്കമായി.
പെട്ടെന്നായിരുന്നു എന്റെ നടുവിന് ശക്തിയായി എന്തോ വന്നിടിച്ചതും ഗോൾ എന്നൊരു അലർച്ചയും വന്നത്.
എന്റമ്മേ എന്നു നിലവിളിച്ചു ചാടി എഴുന്നേറ്റു ഞാൻ നോക്കുമ്പോൾ കണ്ടത് ബ്രസീൽ ടീമിന്റെ ഗോളടി എന്റെ നടുവിനിട്ടു ആഘോഷിച്ചു നിൽക്കുന്ന ചേട്ടനെയാണ്.
നടുവും താങ്ങി നിൽക്കുന്ന എന്നെ കണ്ടു തല തല്ലി ചിരിക്കുന്ന കെട്ടിയോനെ നോക്കി എന്നെങ്കിലും തിരിച്ചു ഒരു ഗോൾ ഞാനുമടിക്കും മനുഷ്യാ എന്നും പറഞ്ഞു
ഫുട്‌ബോൾ ഡെയ്ഞ്ചറാണുണ്ണീ
ഉറക്കമല്ലോ സുഖപ്രദം എന്നൊരു ആത്മഗതവും പറഞ്ഞു ഞാനെന്റെ വഴിക്ക് പോയി...
ഇന്നും ഫുട്ബോൾ കളിയുടെ ആരവങ്ങൾ നാടൊട്ടുക്കും നിറയുമ്പോൾ, ഓർമ്മകൾ ഇങ്ങനെ മനസ്സിലേക്കും ഗോൾ അടിച്ചുകൊണ്ടേ ഇരിക്കുന്നു... ഒന്നും മറക്കാതിരിക്കാൻ....
✍️സിനി ശ്രീജിത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo