
മോളേ ...." ആരോ നീട്ടി വിളിച്ചു. അടുക്കള നടയിലിരുന്ന് ബഷീറിൻ്റെ 'ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്' മൂന്നാം വട്ടം വായിച്ചു കൊണ്ടിരുന്ന ഞാനൊന്നു ഞെട്ടി. പോയി നോക്കിയപ്പോൾ ലീലാമ്മേച്ചിയാണ്. അമ്മയുടെ ബാല്യകാല സഖി. ഇന്നത്തെ കാര്യം തീരുമാനമായി എന്ന് മനസ്സിൽ വിചാരിച്ച് ഞാൻ പുറമെ ചിരിച്ചു.
ഞാൻ നാട്ടിലെത്തിയതറിഞ്ഞുള്ള വരവാണ്. ഇനി രണ്ടു മൂന്നു മണിക്കൂർ നിർത്താതെ സംസാരിക്കും. നാട്ടിലുള്ള എല്ലാവരുടെയും കുറ്റങ്ങളും കുറവുകളും നിരത്തും. എൻ്റെ അപ്പൻ, അമ്മ,വല്യമ്മ, വല്യപ്പൻ ,ഭർത്താവ് അദ്ദേഹത്തിൻ്റെ വീട്ടുകാർ തുടങ്ങി എല്ലാവരെയും വാനോളം പുകഴ്ത്തും. എൻ്റെ തനിപകർപ്പായ മോളെ നോക്കി ഭർത്താവിനെ എടുത്തു വച്ചേക്കുന്നതു പോലെയാണെന്ന് പറയും. മോൻ്റെ നിറത്തെയും പൊക്കത്തെയും ചിരിയെയുമൊക്കെക്കുറിച്ച് വാചാലയാകും.
അതുകഴിഞ്ഞ് സ്വന്തം കദനകഥയുടെ ചുരുളഴിക്കും. പല പ്രാവശ്യം പറഞ്ഞതാണെങ്കിലും ഒരു മടുപ്പുമില്ലാതെ പൊടിപ്പും തൊങ്ങലും കൂട്ടിയും കുറച്ചും വീണ്ടും വീണ്ടും ആവർത്തിക്കും. പോകാൻ നേരം അഞ്ഞൂറും ആയിരവുമൊക്കെ കടം ചോദിക്കും. ഇന്ന് വരെ ആ കടങ്ങളൊന്നും തിരിച്ചു വീട്ടിയിട്ടില്ലെങ്കിലും 'ഉടൻ തിരിച്ചു തരാം കേട്ടോ 'എന്ന് പറയും.
ഞാൻ അന്നും കൊടുത്തു ആയിരം രൂപ. വെളുക്കെച്ചിരിച്ചു കൊണ്ട് " മോൾടെ പോലെ തങ്കപ്പെട്ട മനസ്സ് ഈ നാട്ടി വേറാർക്കുവില്ല. മോളെ ദൈവം അനുഗ്രഹിക്കട്ടെ " എന്നു പറഞ്ഞ് കെട്ടിപ്പിടിച്ച് ഒരുമ്മയും തന്ന് കക്ഷി വീട്ടിൽ നിന്നും ഇറങ്ങി.
ലീലാമ്മേച്ചി പോയിക്കഴിഞ്ഞപ്പോഴാണ് അമ്മ പള്ളിയിൽ നിന്നും വന്നത്. അടുത്ത വീട്ടിൽ നിന്നും അവരുടെ സംസാരം കേട്ടിട്ട് "കപ്പ പറിച്ചതിരിപ്പുണ്ട്, നീ പോയി ലീലാമ്മയോടു വേണോന്ന് ചോദിക്ക്" എന്ന് പറഞ്ഞ് എന്നെ പറഞ്ഞു വിട്ടു. അവിടെ ചെന്ന ഞാൻ അടുക്കള വശത്തു നിന്നും സ്നേഹമയിയായ ലീലാമ്മേച്ചി സംസാരിക്കുന്നതു കേട്ടു .
" അപ്പറത്തെ മൂത്ത പെണ്ണ് വന്നിട്ടൊണ്ട് . അവക്കങ്ങു ലണ്ടനിലാ ജോലി. ലക്ഷങ്ങളാ ശമ്പളം കിട്ടുന്നെ. ഈ പൈസയൊക്കെ എന്നാ ചെയ്യുവാന്ന് ഞാൻ ചോദിച്ചപ്പം അവള് പറയുവാ അവടെ അതുപോലെ ചെലവുകളൊണ്ടെന്ന് ! അവളും കെട്ടിയോനും രണ്ടു പിള്ളേരുവല്ലേ ഒള്ളൂ...എന്നാ ചെലവ് വരാനാ? കൂടി വന്നാൽ പത്തോ ഇരുപത്തയ്യായിരവോ ചെലവാകുവാരിക്കും. എന്നാലും പിന്നേം എത്ര ലക്ഷം ബാക്കിയൊണ്ട്? എന്നിട്ട് ഞാൻ ചോദിച്ചപ്പം തന്നത് വെറും ആയിരം ഉലുവ. സമ്പാദിക്കട്ടെ, സമ്പാദിക്കട്ടെ ...ധനവാൻ സ്വർഗ്ഗരാജ്യത്തിൽ പോകത്തില്ലെന്നു നമ്മക്കറിയാവല്ലോ !"
മോർഗേജും കാർ ലോണും ബാക്കി ബില്ലുകളും പോയിക്കഴിയുമ്പോൾ അക്കൗണ്ട് കാലിയാകാറുള്ള ഞാൻ അത് കേട്ട് വാ പൊളിച്ചു നിന്നുപോയി.
ലിൻസി വർക്കി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക