Slider

ഒരു പൂവിന്റെ ഹൃദയത്തിൽ നിന്ന്..

0
Image may contain: 1 person, tree and outdoor

ഒപിയിൽ അന്ന് സാമാന്യത്തിലധികം തിരക്കുണ്ടായിരുന്നു. ഫർമസിയിൽ ആളില്ലാത്തത് കൊണ്ട് ഇടക്കിടെ പുറത്തിറങ്ങി വന്നു മരുന്നെടുത്തു കൊടുക്കേണ്ടി വന്നു.
ഒപി തുടങ്ങിയപ്പോൾ മുതൽ ഏറ്റവും പുറകിലെ കസേരയിൽ മുഖം കുനിച്ചിരിക്കുന്ന ചെറുപ്പക്കാരനെ ഞാൻ ശ്രദ്ധിച്ചിരുന്നു........
കുറച്ചു കഴിഞ്ഞാണ് എനിക്ക് ആളെ മനസ്സിലായത്. എന്റെ ഒരു പേഷ്യന്റ്ന്റിന്റെ ചേട്ടനാണ്......
"എന്തുപറ്റി..... ഗോപികക്ക് സുഖമില്ലേ ?"
ഞാൻ ചോദിച്ചു.
തല ഉയർത്തി എന്നെ ഒന്ന് നോക്കി, കാത്തിരിക്കുന്ന രോഗികളെയും നോക്കി എന്നിട്ടു താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു......
"ഞാൻ അവസാനം കണ്ടോളാം ഇവർ കണ്ടോട്ടെ "
ഞാൻ തലയാട്ടി ഒപിയിലേക്കു കയറി....
അവൻ മുഖം കുനിച്ചു പഴയ ഇരുപ്പു തുടർന്നു.
പിന്നെ, രോഗികളെ പരിശോധിക്കുമ്പോഴും അവരുടെ വാക്കുകൾക്കു ശ്രദ്ധയോടെ ചെവി കൊടുക്കുമ്പോഴും ഇടക്കിടെ ഗോപികയുടെ ചേട്ടൻ മനസ്സിൽ ഓടിയെത്തി......
അവസാനത്തെ രോഗിയും പോയിക്കഴിഞ് അവൻ ഒപിയിലേക്കു കയറുമ്പോൾ പുറത്തു സന്ധ്യ പോയി രാത്രി വന്നു കഴിഞ്ഞിരുന്നു....
ചെറിയ ചെറിയ കള്ള രോഗങ്ങളുമായാണ് പലപ്പോഴും ഗോപിക വരാറ്.
വെളുത്തു മെലിഞ്ഞു നക്ഷത്ര കണ്ണുകളുള്ള സുന്ദരി കുട്ടി.
അച്ഛനും അമ്മയും ഒരു മാസത്തിനിടയിൽ മരിച്ചപ്പോൾ ഏറെക്കുറെ അനാഥരായവർ.
ബാധ്യത ആകുമെന്ന് ഭയന്നാവണം ബന്ധുക്കളും അകലത്തിലാണ്........
അച്ഛനും അമ്മയും ഗവണ്മെന്റ് സർവീസിൽ ഇരിക്കെ മരിച്ചതു കൊണ്ട് ആശ്രിത നിയമനം വഴി ഇരുവർക്കും ജോലി കിട്ടി.
അച്ഛന്റെയും അമ്മയുടെയും ചികിത്സ തകർത്തു കളഞ്ഞ അവരുടെ സാമ്പത്തിക അടിത്തറ ഇരുവരും കൂടി നേരെയാക്കി.
ഏട്ടനോട് സ്നേഹം കൂടുമ്പോഴാണ് തനിക്ക് ഓരോ രോഗങ്ങൾ വരുന്നതെന്നാണ് അവൾ പറയാറ്..........
. പലപ്പോഴും കള്ള രോഗങ്ങൾ....
രോഗം വരുമ്പോൾ ഏട്ടന് സ്നേഹം കൂടുമത്രേ......
പാവം......
എന്റെ മുന്നിലെ സ്റ്റൂളിൽ ഇരുന്ന് കയ്യിലിരുന്ന ബാഗ് അവൻ താഴെ വച്ചു.
അപ്പോഴാണ് അവന്റെ നെറ്റിയിലെ മുറിവ് ഞാൻ കണ്ടത്...
"എന്തു പറ്റി ഗിരി ????"
നെറ്റിയിലേക്ക് ചൂണ്ടി ഞാൻ ചോദിച്ചു....
നിറഞ്ഞു തുടങ്ങിയ കണ്ണുകൾ പുറം കൈ കൊണ്ട് തുടച്ച് ഗിരി പറയാൻ തുടങ്ങി.
"അവൾക്കു ഇരുപത്തി രണ്ട് വയസായില്ലേ..... മൂന്നാല് നല്ല ആലോചനകൾ വന്നു....... ഇപ്പോഴൊന്നും കല്യാണം വേണ്ട എന്നവൾ പറഞ്ഞപ്പോ എല്ലാ പെൺകുട്ടികളും സാധാരണ പറയാറുള്ള മറുപടി അല്ലെന്നേ ഞാൻ കരുതിയുള്ളൂ.... "
വളരെ സാവധാനത്തിലാണ് അവൻ സംസാരിച്ചത്....
ഉള്ളിലെ സങ്കടം വാക്കുകളിൽ നിഴലിക്കുന്നുണ്ട്.....
"ഇന്ന് ഞാൻ അവളെ നിർബന്ധിച്ചു...... അവൾ വല്ലാതെ വയലന്റായി..... ഒരുപാട് ഒച്ചവെച്ചു..... പത്രങ്ങളൊക്കെ എറിഞ്ഞു പൊട്ടിച്ചു........ ഒരു ഗ്ലാസ്‌ കൊണ്ടതാ നെറ്റിയിൽ...... "
പെട്ടന്ന് അവൻ വിങ്ങിപ്പൊട്ടി കരഞ്ഞു......
"എനിക്കറിയില്ല....... അവൾക്കെന്താ പറ്റിയതെന്ന് എനിക്കറിയില്ല...... "
"ഹേയ്........ കരയതാടോ..... ചിലപ്പോ അവൾക്കു വല്ല അഫയറും ഉണ്ടാവും....... വല്യ ബലം പിടിക്കുവൊന്നും വേണ്ട...... ചേരുന്നതാണേൽ നടത്തി കൊടുക്ക്‌....... "
ഞാൻ നിസാരമായി വിഷയം അവസാനിപ്പിക്കാൻ ശ്രമിച്ചു.
"അതല്ല ഡോക്ടർ........ "
അവൻ വീണ്ടും പറഞ്ഞു
"പിന്നെ ?"
"ഞാൻ നാളെ അവളെ കൂട്ടി വരാം....... ഡോക്ടർ അവളോടൊന്ന് സംസാരിക്കാമോ.... ?"
അവൻ പ്രതീക്ഷയോടെ എന്നെ നോക്കി.
ഞാൻ സാധാരണ ഇങ്ങനത്തെ പ്രശ്നങ്ങളിലൊന്നും ഇടപെടാറില്ല.....
പറ്റില്ല എന്ന് ഒറ്റ വാക്ക് കൊണ്ട് പറഞ്ഞു അവസാനിപ്പിക്കാനാണ് ശ്രമിക്കാറ്......
എന്തുകൊണ്ടോ അങ്ങനെ പറയാൻ തോന്നിയില്ല......
"താൻ അവളെ കൂട്ടി വാടോ........ ഞാൻ സംസാരിക്കാം.... ഇതൊക്കെ ഒരു പ്രശ്നമാണോ........... ?"
ഞാൻ അവനെ സമാധാനിപ്പിച് പറഞ്ഞയച്ചു.....
പിന്നീടുള്ള ഓരോ ദിവസവും ഞാൻ ഇരുവരെയും പ്രതീക്ഷിച്ചെങ്കിലും ഒരാഴ്ച കഴിഞ്ഞാണ് അവരെത്തിയത്.....
പഴയ കുസൃതിക്കാരിയല്ല........
കണ്ണിൽ നനവ്.....
രോഗികൾ തീരും വരെ കാത്തിരുന്നു......
ഗിരിയെ പുറത്തിരുത്തി അവൾ ഒറ്റയ്ക്ക് ഒപിയിൽ കയറി വന്നു.....
സ്റ്റൂളിൽ ഇരുന്ന് എന്റെ മുഖത്തു നോക്കാതെ വിരലുകളിലെ ഞൊട്ട പൊട്ടിച്ചു.....
അല്പസമയം മിണ്ടാതെയിരുന്നിട്ട് ഞാൻ പതിയെ ചോദിച്ചു "എന്താടോ........ ?"
"തലവേദന "
മുഖത്തു നോക്കാതെ അവൾ മറുപടി പറഞ്ഞു. എന്നിട്ടു പതിയെ എഴുന്നേറ്റു.....
എനിക്കവളോട് വല്ലാത്ത ഒരു മാനസിക അടുപ്പം ഉണ്ടായിരുന്നു..... അവളുടെ മനസ്സിലെ സംഘർഷം മുഖത്തു കാണാം......
ഞാൻ കസേരയിൽ നിന്ന് എഴുന്നേറ്റു. തോളിൽ പിടിച്ച് എനിക്കഭിമുഖമായി തിരിച്ചു.........
ഉള്ളിൽ തിങ്ങിപ്പൊട്ടിയ കരച്ചിലിന്റെ ഒരു നേർത്ത ചീള് പുറത്തേക്ക് തെറിച്ചു.....
ഇനി ഒന്നുകൂടി പുറത്തു വരാതിരിക്കാൻ തൂവാല കൊണ്ട് അവൾ വായ പൊത്തി.....
കാരണം അറിയില്ലെങ്കിലും അവളുടെ സങ്കടത്തിന്റെ ആഴം എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.
ഞാനവളെ ചേർത്തു പിടിച്ചു......
എന്റെ തോളിൽ മുഖം ചേർത്ത് എന്നെ മുറുകെ കെട്ടിപിടിച്ചു അവൾ നിന്നു...
ഇടക്കിടെ ഉടൽ വെട്ടി വിറച്ചതല്ലാതെ ഒരു ശബ്ദം പോലും പുറത്തു വന്നില്ല.......
"എന്താ മോളെ ?"
എന്റെ ഹൃദയത്തിൽ നിന്നാണ് ആ ചോദ്യം വന്നത്....
വിമ്മി വിമ്മി..... ഇടക്കിടെ കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു......
"ഐ ലോസ്റ്റ്‌ എവെരിതിങ് ചേച്ചി....... "
ഞാൻ ഞെട്ടി പോയി......
"കത്തിക്കൊണ്ടിരുന്ന ഒരു തീക്കൊള്ളി തുളച്ചു കയറിയ വേദന.. എനിക്ക് താങ്ങാൻ പറ്റുന്നില്ല ചേച്ചി..... ഈ വേദന നെഞ്ചിലിട്ടു ഞാൻ എങ്ങനെ ഒരാളെ ചതിക്കും....... എനിക്കൊരു പുരുഷന്റെ ഭാര്യ ആകാൻ പറ്റില്ല...... ഇരുട്ടിൽ ഞാൻ കരഞ്ഞിട്ടും എന്നെ വിടാതെ...... വായപൊത്തി...... എന്റെ ഉള്ളിലേക്ക് കയറിയത് ഒരു തീക്കൊള്ളി ആണ്.......... എനിക്കൊരിക്കലും അതിനി പറ്റില്ല "
അവൾ വല്ലാതെ കിതച്ചു......
അവളെ ഏറ്റവും ഭയപ്പെടുത്തിയത് ആ വേദന ആണെന്ന് എനിക്ക് മനസ്സിലായി......
"ആരാ മോളെ..... നീയെന്താ ഗിരിയോട് പറയാത്തത്... ?"
"അറിയില്ല..... ഓഫീസിൽ നിന്നു വൈകി വന്ന ദിവസം..... ഏട്ടന് നൈറ്റ്‌ ആരുന്നു....... ശബ്ദം കേട്ട് ഞാൻ വാതിൽ തുറന്നു.... "അവൾ വീണ്ടും എങ്ങി കരഞ്ഞു...
"ഞാൻ എങ്ങനെ ഏട്ടനോട് പറയും..... "
"നമുക്ക് അവനെ കണ്ട് പിടിക്കണ്ടേ ?? ശിക്ഷിക്കണ്ടേ ???" എന്നിലെ ഫെമിനിസ്റ്റ് ഉണർന്നു.
"എന്തിന്.... മീഡിയയിൽ ഒരു കഥ കൂടി വൈറൽ ആകാനോ..... എന്റെ ഏട്ടന്റെ തല എന്നും കുനിഞ്ഞിരിക്കാനോ..... അതു വേണ്ട...... എന്റെ ദേഹത്ത് ഒരു പട്ടി കടിച്ചു...... പല്ലുകളിൽ തീക്കൊള്ളി ഉള്ള ഒരു പട്ടി.... "
അവളുടെ കരച്ചിലും കിതപ്പും അടങ്ങും വരെ ഞാൻ കാത്തിരുന്നു....
" പട്ടി കടിച്ച മുറിവിൽ ഡെറ്റോളിട്ട് മോളൊന്നു കഴുക്...... എന്നിട്ട് സുഖമായൊന്നുറങ്...... പട്ടി കടിച്ചത് കൊണ്ട് ആരുടേയും ജീവിതം തീർന്നിട്ടില്ല..... അല്ലെങ്കിൽ അതു പേപ്പട്ടി ആയിരിക്കണം........ ഇത് വെറും ചാവാലിപ്പട്ടിയാ........ "
അവളുടെ മുഖത്തു ഒരാശ്വാസം ഞാൻ കണ്ടു......
"കുറച്ചു ദിവസം എടുക്കും ഈ മുറിവുണങ്ങാൻ...... പക്ഷെ ഇത് ഉണങ്ങും തീർച്ച.... ഇവിടുന്നു പുറത്തിറങ്ങുമ്പോ ഇത് മറന്നേക്കണം..... എളുപ്പമല്ല...... പക്ഷെ സാധിക്കും....... "
പിന്നെ ഞാൻ അവളെ കണ്ടത് ആറു മാസം കഴിഞ്ഞാണ്........
കൈയിൽ കല്യാണക്കുറിയുമായി കണ്ണിൽ പഴയ കുസൃതിയുമായി
Dr. Salini ck
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo