മോളേ നിത്യേ ....വേഗം റെഡിയാവൂ ...അവരിങ്ങെത്തി ..."...മാലതി മുറിയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു ....
നിത്യമോളെ കാണാൻ ഇന്ന് ഒരു കൂട്ടർ വരുമെന്ന് പറഞ്ഞ് കുറച്ചു മുൻപാണ് ബ്രോക്കർ കുട്ടിരാമേട്ടൻ വിളിച്ചത് ...ഡിഗ്രി രണ്ടാം വർഷമാണവൾ..നാട്ടിൽ നിന്നുതന്നെ ഒരുപാട് ആലോചനകൾ വന്നുതുടങ്ങിയിരിക്കുന്നു ..
നിത്യ മോളുടെ കൂട്ടുകാരി തെക്കേലെ ദേവിയുടെ മോളെ കല്ല്യാണം കഴിച്ചിരിക്കുന്നവൻ പഞ്ചായത്ത് ഓഫീസിലെ പ്യൂൺ ആണ് ..
'എന്റെ മോളെ കല്ല്യാണം കഴിച്ചിരിക്കുന്നത് സർക്കാര് ജോലിക്കാരനാണ് '.. ..കുടുംബശ്രീയിൽ വരുമ്പോൾ ഇടയ്ക്കിടെ അവളുടെ പൊങ്ങച്ചം ..
അവളുടെ ഭർത്താവ് കൂലിപ്പണിക്കാരനാണ് ..ചെറിയ ഒരു വീടും കുറച്ചു സ്ഥലവുമേ ഉള്ളൂ .
അവരെ അപേക്ഷിച്ച് അതിനേക്കാൾ നല്ല ആലോചന നിത്യമോൾക്ക് കിട്ടേണ്ടതാണ് ..
അച്ഛൻ എക്സ് . മിലിട്ടറി ,രണ്ടു മക്കളിൽ ഒരു പെൺകുട്ടി ,പിന്നെ എന്റെ പേരിലും ഇവിടെയുമൊക്കെ ഉള്ള വസ്തുവകകൾ ..
സർക്കാർ ഉദ്യോഗത്തിൽ കുറഞ്ഞ 'ഒരുത്തനേം ' കൊണ്ട് ഇങ്ങോട്ട് വരേണ്ടെന്ന് കുട്ടിരാമേട്ടനോട് പ്രത്യേകം പറഞ്ഞിട്ടുണ്ട് ...
റോഡിൽ ഒരു വാഹനത്തിന്റെ ശബ്ദം ...ഒരു ആൾട്ടോ കാർ പതുക്കെ വന്നു നിൽക്കുന്നു .വീടിന്റെ മുറ്റത്തേക്ക് റോഡ് ശരിയാക്കണമെന്നു വിനുമോന് വലിയ ആഗ്രഹമാണ് ..മോളുടെ വിവാഹത്തിന് മുൻപായി ചെയ്യണം ....
ആൾട്ടോ കാറിൽ നിന്നും കുട്ടിരാമേട്ടനും പ്രായം തോന്നിക്കുന്ന ഒരാളും ഇറങ്ങി .പിന്നാലെ മുൻസീറ്റിൽ നിന്നും സുന്ദരനായ ഒരു ചെറുപ്പക്കാരനും ....
ദേവിയുടെ മോളെ കാണാൻ വന്നത് 'ഡസ്റ്റർ ' കാറിലാണ് എന്നത് കുടുംബശ്രീയിലും അയൽക്കൂട്ടത്തിലുമൊക്കെ വലിയ സംസാര വിഷയമായിരുന്നു .ഇവര് വന്നതോ 'ആൾട്ടോ' യിലും .
'ദൈവമേ ആരേലും കണ്ടാൽ !!!!'.....മാലതി അടുക്കള ജനലിലൂടെ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു ..
''"രാധേട്ടാ....അവരാണെന്നു തോന്നുന്നു"...
രാധാകൃഷ്ണൻ മെല്ലെ പുറത്തേക്കു നടന്നു .
കാറിൽ നിന്നും ഇറങ്ങി മൂവരും സ്‌റ്റെപ്പിനടുത്തായി നിന്നു..ഡ്രൈവർ സീറ്റിൽ നിന്നും ഒരു പയ്യൻ ഇറങ്ങിവന്നു അവരോടൊപ്പം കൂടിയപ്പോൾ മെല്ലെ നാലുപേരും വീട് ലക്ഷ്യമാക്കി നീങ്ങി ...
കാത്തുനിന്ന രാധാകൃഷ്ണൻ ഹസ്തദാനം ചെയ്തു സ്വീകരിച്ചിരുത്തി .
" ഇതാണ് പെണ്ണിന്റെ അച്ഛൻ .എക്സ്.മിലിട്ടറിയാ..പട്ടാളത്തിൽ വല്യ സ്ഥാനതൊക്കെ ഇരുന്ന ആളാ...യുദ്ധങ്ങളിലൊക്കെ പങ്കെടുത്തിട്ടുണ്ട് ... "...
കുട്ടിരാമന്റെ പുകഴ്ത്തലിൽ ആൾ ഒന്ന് പൊങ്ങി ..
" ഇതാണ് ചെക്കൻ .ശ്യാമ പ്രസാദ് . കിള്ളിമനശ്ശേരി ടൗണിൽ തന്നെയാണ് വീട് ...ശ്യാമിന് അച്ഛനും അമ്മയും ഒരു ചേട്ടനുമാണുള്ളത് .ചേട്ടൻ ഭാര്യയും കുടുംബവുമായി ഗൾഫിലാണ് ..."...
കുറച്ച് നേരത്തെ മൗനം മുറിച്ചുകൊണ്ട് ശ്യാമിന്റെ അമ്മാവൻ...
രാധാകൃഷ്ണൻ ശ്യാമപ്രസാദിനെ ശ്രദ്ധിക്കുകയായിരുന്നു ..സുമുഖനായ ഒരു ചെറുപ്പക്കാരൻ ,സൗമ്യ ഭാവം ,ആരോഗ്യമുള്ള ശരീരം...നല്ലൊരു വ്യക്തിത്വത്തെ കാഴ്ചവെക്കുന്ന വിനയം .....നിത്യമോൾക്ക് ചേരും ......
ഒരു ചെറു പുഞ്ചിരിയുമായി ശ്യാമപ്രസാദ് അവിടെ നിറഞ്ഞു നിന്നു...
" രാധേട്ടന് അറിയാമായിരിക്കുമല്ലോ കിള്ളിമനശ്ശേരി ..പ്രസിദ്ധമായ കൂട്ടക്കാവ് ക്ഷേത്രത്തിൽ നിന്നും ഒരു പത്ത് കിലോമീറ്റർ അപ്പുറം .."...
സോഫയിലേക്ക് ഒന്നുകൂടി അമർന്നിരുന്ന് കുട്ടിരാമൻ അയാളുടെ മുഖത്തേക്ക് കണ്ണോടിച്ചു ....
"അവിടെ അടുത്തല്ലേ പെരിങ്കോടപൊയിൽ ..അവിടെ ഒരു ത്രിവിക്രമൻ പണ്ട് എന്റെ ഒപ്പം ഡെറാഡൂണിൽ ഉണ്ടായിരുന്നു ..ഒരിക്കൽ തീവ്രവാദികളുടെ ഇടയിൽ നിന്നും അവനെ ഞാനാ രക്ഷപ്പെടുത്തിയത് .നാലെണ്ണത്തിനെ പൊട്ടിച്ച് ചിതറിച്ചാ....."....
രാധാകൃഷ്ണൻ വീരവാദത്തിലേക്ക് കയറിയാൽ നിർത്തില്ലെന്ന് അറിയാവുന്ന കുട്ടിരാമൻ മെല്ലെ ഇടയ്ക്കു കയറി ...
" പയ്യൻ സ്റ്റാർ ഗ്രൂപ്പിന്റെ കൊച്ചി HR മാനേജരാണ് .ഈ മാസം അവസാനത്തോടെ കോഴിക്കോട് ബ്രാഞ്ചിലേക്ക് മാറും "...
രാധാകൃഷ്ണന്റെ മുഖം പെട്ടെന്ന് മാറിയതും , വാതിൽ പടിയുടെ അടുത്തായി നിന്ന മാലതി അയാളെ കണ്ണുകൊണ്ട് അകത്തേക്ക് വിളിക്കുന്നതും കുട്ടിരാമൻ ശ്രദ്ധിച്ചു .
ശ്യാമിനും മറ്റും ഒരു സംശയം തോന്നാതിരിക്കാൻ അവിടെ അടുത്തു നടന്നിട്ടുള്ള ഓരോ കാര്യങ്ങൾ അയാൾ അവരോട് സംസാരിച്ചു ...
"കുട്ടിരാമേട്ടനോട് ഞാൻ അന്നേ പറഞ്ഞതാ സർക്കാര് ജോലി ഉള്ളോനെ മാത്രേ ഇങ്ങോട്ട് കൊണ്ടൊരാവൂന്ന്.."
മാലതിക്ക് രോക്ഷം മറച്ചുവെക്കാനായില്ല ..
" ഇത് നടക്കില്ല ..മോളെ വെറുതെ കെട്ടി ഒരുക്കി കാണിക്കണ്ട..,ആ കുട്ടിരാമനെ ഇങ്ങോട്ട് വിളിച്ച് കാര്യം പറയാം "....
ഉള്ളിലേക്ക് വന്ന കുട്ടിരാമന് അടി കിട്ടിയില്ലാ എന്നേ ഉള്ളൂ ...
" രാധേട്ടാ....എനിക്കറിയുന്ന നല്ല കുടുംബത്തിലുള്ള പയ്യനാ അത് .പഠിപ്പും നല്ലൊരു ജോലിയും ഉണ്ട് ..സർക്കാർ ജോലിയെക്കാളും വരുമാനവും . ഒരു ചീത്തപ്പേരും അവനിതുവരെ കേൾപ്പിച്ചിട്ടില്ല .നല്ലൊരു ബന്ധം ആയതോണ്ടാ ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നത് "....
കുട്ടിരാമന് ദേഷ്യം വന്നു തുടങ്ങിയിരുന്നു ..
" ഞാൻ വെറുതെ പറഞ്ഞതല്ല ..അവൻ ഏതൊക്കെയോ PSC ലിസ്റ്റിൽ ഒക്കെ ഉണ്ട് ..ഈ ജോലി അവന് നല്ലതാണെന്നു തോന്നിയതുകൊണ്ടാവാം ഇതിൽ തുടരുന്നത് ....രാധേട്ടാ....എന്തുകൊണ്ടും നിങ്ങൾക്ക് നല്ലൊരു ബന്ധമാ ഇത് "....
"നിങ്ങളിനി എന്തുപറഞ്ഞാലും ഇത് ശരിയാവില്ല കുട്ടിരാമാ ...പ്രൈവറ്റ് കമ്പനി ജോലി എന്നൊക്കെ പറഞ്ഞാൽ അതൊന്നും ശാശ്വതമല്ല ....ഇതെന്തായാലും നടക്കില്ല .പിന്നെ നിത്യമോളെ എന്തിനാ വെറുതെ കൊണ്ട് കാണിക്കുന്നത് .. ".....
"മാലതിയേച്ചീ ... നിങ്ങൾ ആ കുട്ടിയെ ഒന്ന് കാണിച്ചു കൊടുക്ക് ..നിങ്ങൾക്കിഷ്ടല്ലേൽ എന്തേലും കാരണം പറഞ്ഞു ഇതങ്ങ് ഒഴിവാക്കാം .."
"നിങ്ങൾ പറഞ്ഞോണ്ട് മാത്രം ഇന്ന് ഞങ്ങൾ കാണിക്കാം ..ഇനി ഒരു ആലോചനേം കൊണ്ട് വരുവാണേൽ അത് സർക്കാര് ജോലി ഉള്ളവൻ ആയിരിക്കണം "..
മുഖം ഒന്ന് വക്രിച്ചു കാട്ടി മാലതി അകത്തേക്ക് പോയി ...കുട്ടിരാമൻ രാധാകൃഷ്ണനെയും കൂട്ടി പുറത്തേക്കും ....
ചായയും കൊണ്ട് വന്ന മാലതിയെ കണ്ട് ശ്യാമും കൂട്ടരും ഒന്നമ്പരന്നു ..വാതിൽപ്പടിയിൽ നിത്യയുടെ മുഖം പ്രത്യക്ഷപ്പെട്ടു ....
ഒരു ചെറു പുഞ്ചിരിയോടെ ശ്യാമവളെ നോക്കി ..താല്പര്യമില്ലാത്ത മട്ടിൽ അവളൊന്നു മുഖം വെട്ടിച്ചു ...
"നിത്യ എന്നാണു പേരല്ലേ ?? ഇപ്പോൾ എന്തിനാ പഠിക്കുന്നത് ??"
"BA ഹിസ്റ്ററി സെക്കന്റ് ഇയർ , ഗ്ലോബൽ കോളേജ് കന്നാട്ടി..."...
" ചിത്രം വരയ്ക്കുമല്ലേ ?? ചുവരിലെ ചിത്രത്തിന് അടിയിലായ് കണ്ടു നിത്യ ആർ കൃഷ്ണ ...നന്നായിട്ടുണ്ട് "
" താങ്ക്സ് ..വേറെ എന്തേലും ചോദിക്കാനുണ്ടോ !!??"
അടുത്ത ഒരു ചോദ്യത്തിനിടനൽകാതെ അൽപ്പം ഉച്ചത്തിൽ ആയിരുന്നു അവളുടെ മറുപടിയും...
സംസാരത്തിന്റെ സ്വരത്തിൽ തന്നെ ശ്യാമവളുടെ അതൃപ്തി മനസ്സിലാക്കിയിരുന്നു ..
"എന്നോടൊന്നും ചോദിക്കാനില്ലേ ???"...
"അമ്മ പറഞ്ഞിരുന്നു എല്ലാം ".......അവൾ മെല്ലെ അകത്തേക്ക് കയറി ...
"ക്ഷമിക്കണം ..ഞങ്ങൾ കുട്ടിരാമനോട് ആദ്യമേ പറഞ്ഞതാണ് സർക്കാർ ജോലിയുള്ള ഒരു ബന്ധമാണ് വേണ്ടതെന്ന്..നിങ്ങളെ ബുദ്ധിമുട്ടിച്ചതിൽ ഞങ്ങൾക്ക് വിഷമമുണ്ട് ."...രാധാകൃഷ്ണനെ അത്ഭുതത്തോടെ നോക്കിയിരിക്കുകയായിരുന്നു അവർ ...
ശ്യാമിന്റെ അമ്മാവൻ സോഫയിൽ നിന്നും ഒരൽപം മുന്നോട്ടേക്കിരുന്നു ..
"മിസ്റ്റർ രാധാകൃഷ്ണൻ ....ഈ നാട്ടിൽ എല്ലാവരും സർക്കാരിന്റെ ജോലി മാത്രം ചെയ്‌താൽ ബാക്കി ഉള്ള ജോലികളൊക്കെ ആര് ചെയ്യും .....നിങ്ങളെ
പോലുള്ള പെൺകുട്ടികൾ ഉള്ള രക്ഷിതാക്കൾ സർക്കാർ ജോലിക്കാർക്ക് മാത്രമേ വിവാഹം കഴിച്ചു കൊടുക്കൂ എന്ന് വാശിപിടിച്ചാൽ അല്ലാത്തവരൊക്കെ എന്തുചെയ്യും "....
അദ്ദേഹം ,തന്റെ അരിശം മാന്യമായി രാധാകൃഷ്ണന് നേരെ നിറയായൊഴിച്ചു...
" നിങ്ങളുടെ ആഗ്രഹത്തെ ഒരിക്കലും തെറ്റായി കാണുന്നില്ല ..പക്ഷെ ആ ഒരു മാനദണ്ഡം മാത്രം മതി, വേറൊന്നും പ്രശ്നമല്ല എന്ന നിങ്ങളുടെ ധാരണ ശരിയല്ല എന്നത് വിനയപൂർവ്വം താങ്കളെ ബോധ്യപ്പെടുത്താൻ ആഗ്രഹിക്കുകയാണ് . വിവാഹം കഴിക്കുന്നവന്റെ സ്വഭാവം ,മാന്യമായി ജോലി ചെയ്ത് തന്റെ മകളെ സംരക്ഷിക്കാനുള്ള കഴിവുണ്ടോ ,..അതിനുള്ള മനസ്സുണ്ടോ എന്നൊക്കെ അന്വേഷിച്ച് അവളെ കൈപിടിച്ച് കൊടുക്കാൻ ശ്രമിക്കുക .... "..
കൂടുതൽ വാചാലനാവാൻ തുടങ്ങിയ അമ്മാവനെ ശ്യാമപ്രസാദ് തടഞ്ഞു ....
" ശ്യാമിന് നല്ല സാമ്പത്തിക സ്ഥിതിയിലുള്ള , ജോലിയുള്ള പെൺകുട്ടികളെ കിട്ടാഞ്ഞിട്ടല്ല ..സാധാരണ കുടുംബത്തിൽ നിന്നും മതി എന്നാണ് അവന്റെ ഒരു കാഴ്ചപ്പാട് ..അതാണ് ഞങ്ങളെ ഇവിടെ എത്തിച്ചത് "....
അവന്റെ സ്വഭാവം അറിയുന്ന കൂട്ടുകാരനും ഒന്നും പറയാതെ മെല്ലെ എഴുന്നേറ്റു ...
തന്റെ പാകപ്പെടുത്തിയ വ്യക്തിത്വത്തിന്റെ പ്രതിരൂപമായ പുഞ്ചിരിയോടെ ശ്യാo രാധാകൃഷ്ണനെയും മാലതിയെയും ഒന്ന് നോക്കി ...
" സോറി ......"
മുറ്റത്തേക്കിറങ്ങുന്നതിനിടയിലാണ് ഒരു ഓട്ടോറിക്ഷ വന്നുനിന്നത് ...
കാക്കി യൂണിഫോം വണ്ടിയിലേക്കിട്ട് മുണ്ടൊന്നു നേരെയാക്കി മീൻ പൊതിഞ്ഞ കവറുമെടുത്ത് വിനു മുറ്റത്തേക്ക് കയറി ..
വീട്ടിൽ നിന്നുമിറങ്ങിപോവുന്നവരെ സൗഹൃദഭാവത്തിൽ ഒന്ന് നോക്കി അവൻ മീൻ മാലതിയെ ഏൽപ്പിച്ചു ..
ഒരു നിമിഷം അവന്റെ കണ്ണുകൾ ശ്യാമപ്രസാദിന്റെ നേരെ നീണ്ടു ...അത്ഭുതത്തോടെ അവൻ അയാളുടെ അടുത്തേക്ക് ചെന്നു...
" സാർ .....സ്റ്റാർ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ HR മാനേജർ ശ്യാമപ്രസാദ് സാറല്ലേ !!????"....
ശ്യാo അവനെ നോക്കി പെട്ടെന്ന് ഷെയ്ക്കാന്റ് നൽകി ..
"സാർ...എന്റെ പേര് വിനു ആർ കൃഷ്ണ .ഞാനും രണ്ടു മൂന്നു ഫ്രണ്ട്സും കമ്പനിയിൽ ഇന്റർവ്യൂ അറ്റന്റ് ചെയ്തിരുന്നു .അതിൽ രണ്ടു പേർക്ക് ജോലി കിട്ടി ...കമ്പനിയുടെ കർണാടക ബ്രാഞ്ചിലാ അവരിപ്പോൾ ..ഇന്നലെ വരെ ഞാൻ HR ലേക്ക് വിളിച്ചിരുന്നു ..ഇനി അടുത്ത ഒഴിവിലേക്ക് കുറച്ച് കഴിഞ്ഞേ നിയമനം ഉണ്ടാവുമെന്നാ പറഞ്ഞത് ..സാറ് വിചാരിച്ചാൽ എന്തെങ്കിലും !!???......." ഒരൽപം ജാള്യതയോടെ അവൻ പറഞ്ഞു നിർത്തി ..
"ഞാൻ കുറച്ചു ദിവസമായി ലീവിലാണ് ... ഓഫീസിൽ എത്തീട്ട് ഒന്ന് നോക്കട്ടെ "...
ശ്യാമപ്രസാദ് പുഞ്ചിരിയോടെ അവന്റെ തോളിൽ തട്ടി ...
"ബീ ടെക് കഴിഞ്ഞു ജോലിയില്ലാതെ ഇരിക്കുന്നവന്റെ വേദനയാ സാർ ..എന്ത് പണിയും ചെയ്യാൻ ഞാൻ തയ്യാറാ ..കൂലിപ്പണിക്ക് ഇത്രേം പഠിപ്പുള്ളോനെ കൂടെ കൂട്ടാൻ ഏല്ലാവർക്കും മടി ..ഒരു ഓട്ടോറിക്ഷ സ്വന്തമായി അങ്ങെടുത്ത് ഓടാൻ തുടങ്ങി...ഒരുപാട് ഓട്ടോ ഉള്ളതുകൊണ്ടുതന്നെ ഇപ്പൊ ഓട്ടം കുറവാ...കെട്ടിക്കാൻ ഒരു പെങ്ങളുമുണ്ട് സാർ "...അവന്റെ ദൈന്യത ....
"വെരി ഗുഡ് ...എന്ത് ജോലിയും ചെയ്യാനുള്ള വിനുവിന്റെ ആ മനസ്സ് ...ആത്മാർഥത ...അതുതന്നെയാണ് ഇന്ന് നമ്മൾ ഓരോ ചെറുപ്പക്കാർക്കും വേണ്ടത് ..ഹാറ്റ്സ് ഓഫ് യു ... "....
ശ്യാമിന്റെ കൈകളിലേക്ക് തന്റെ കൈ അമരുമ്പോൾ വിനുവിന്റെ ആത്മവിശ്വാസം വർധിക്കുകയായിരുന്നു...
ശ്യാമപ്രസാദിന്റെ ആൾട്ടോ മെല്ലെ മുന്നോട്ടു നീങ്ങിയപ്പോഴാണ് വിനുവിന് പരിസരബോധം ഉണ്ടായത് ..
'അവരെന്തിനാ ഇവിടെ വന്നത്!!!!! ??"
ഇതെല്ലാം കണ്ടും കേട്ടും അമ്പരന്നു നിൽക്കുകയായിരുന്ന രാധാകൃഷ്ണനെ ഒരുചെറു കള്ളച്ചിരിയോടെ ഇടംകണ്ണിട്ട് നോക്കുകയായിരുന്നു ബ്രോക്കെർ കുട്ടിരാമൻ ...
അടുക്കളയിൽ ആയിരുന്ന മാലതി പുറത്തേക്ക് വന്നു ...
" കുട്ടിരാമേട്ടാ ....എത്രയായി പറയുന്നു വിനൂട്ടന് ഒരു പെണ്ണിനെ നോക്കാൻ ..അവൻ ഓട്ടോ ഓടിക്കുന്നതൊന്നും നോക്കണ്ട . നല്ല ഒരു കമ്പനിയിൽ ഇന്റർവ്യൂ കഴിഞ്ഞിരിക്കാ..മാനേജർ പോസ്റ്റിലേക്ക് ..അടുത്ത് തന്നെ ജോലി കിട്ടും .."...
മാലതി അവന്റെ മുടിയൊന്നു കൈകൊണ്ടു ചീകി ഒതുക്കി കൂട്ടിച്ചേർത്തു ...
"നല്ല സുന്ദരിയായ ജോലിയുള്ള കുട്ടിത്തന്നെ ആയിക്കോട്ടെട്ടോ ...നല്ല പഠിപ്പും വേണം "...
തരുണീമണികളുടെ ഫോട്ടോ കാണിക്കാനായി കുട്ടിരാമൻ തന്റെ പുതിയ ലാപ്ടോപ്പ് എടുത്ത് ഓൺ ചെയ്ത് മേശപ്പുറത്തേക്ക് വെച്ചു....സ്‌ക്രീനിൽ തെളിഞ്ഞു വന്ന ഒരു പിക്ച്ചറിൻ അടിയിൽ കണ്ടത് മാലതി മെല്ലെ വായിച്ചു....
" കാക്കയ്ക്ക് തൻകുഞ്ഞ്... 'മാത്രം '... പൊൻകുഞ്ഞ് "
***---------------***
ഷിബു ബീ കെ നന്ദനം
sbknandhanam@gmail.com
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക