നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജഠാരഘടിതം

Image may contain: 2 people, people smiling, people sitting
കവി നിരാശയുടെ പടുകുഴിയിൽ വീണ് കിടക്കുന്ന സമയം. സ്വയംപ്രഖ്യാപിത പണ്ഡിതശിരോമണിപ്പട്ടം കഴിഞ്ഞ ആണ്ടിൽ സ്വന്തം ചിലവിൽ ഗോപിയാശാരിയെക്കൊണ്ട് ഫലകത്തിലാക്കിച്ച് വീടിന്റെ ഉമ്മറത്ത് തൂക്കിയത് അവിടെക്കിടന്ന് പൊടിയടിച്ച് പോവേ ഉള്ളെന്ന് പെട്ടന്നൊരു ഉൾവിളി വന്നപ്പോഴാണ് അടുത്ത ഒരു കവിത എഴുതാനിരുന്നത്. അടുത്തതായി ഗ്രൂപ്പിൽ എഴുത്തുകാരുടെ എണ്ണം വല്ലാണ്ട് കൂടിയിരിക്കുന്നു. അതിൽത്തന്നെ പ്രഥമദൃഷ്ട്യാ തരക്കേടില്ലാതെ എഴുതുന്നവർ അധികവും! ലോകമിത് എങ്ങോട്ടുള്ള പോക്കാണെന്ന് മനസ്സിലാകുന്നില്ല... കവിക്ക് അരിശം വന്നു.
മേൽപ്പറഞ്ഞ വിധം കവി കിടക്കുന്ന പടുകുഴിയുടെ മുകളിലൂടെ പുതുമുഖങ്ങൾ അതിശയിപ്പിക്കുന്ന മെയ്‌വഴക്കത്തോടെ നടന്നും ഓടിയും ചാടിക്കടന്നും ലക്ഷ്യത്തിലെത്തുന്നു. ഇടക്ക് ചിലർ (അറിഞ്ഞോ അറിയാതെയോ കവിയുടെ മുതുകിനിട്ട് താങ്ങുന്നുമുണ്ട്). കവി കുഴിയിലേക്ക് കൂടുതൽ കൂടുതൽ താഴ്ന്നുകൊണ്ടിരുന്നു.
---------------------
മാസങ്ങൾ നീണ്ട ഗവേഷണമാണ് ഇന്നവസാനിച്ചത്. അശ്വിന് ആശ്വാസവും ഒപ്പം നേരിയ വിഷമവും തോന്നി. കോളജിലെ പഠന യാത്രയുടെ ഭാഗമായാണ് തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രത്തിൽ പോയത്. ഈ ക്ഷേത്രം രാജ രാജ ചോളന്റെ കാലത്ത് പണികഴിപ്പിക്കപ്പെട്ടതും ലോക പൈതൃക സ്ഥാനങ്ങളിൽ ഒന്നായി മാറിയതും മറ്റും ശ്വാസം വിടാതെ പറയുന്ന ഗൈഡിന്റെ വാക്കുകൾ പകുതിയിലേറെ ചുറ്റും കണ്ട മനോഹര ശില്പങ്ങളുടെ ആകർഷണത്തിൽ മുങ്ങിപ്പോയി. ഇടക്കെപ്പോഴോ അയാളിൽ നിന്ന് വീണ ഒരു വാക്കാണ് അശ്വിന്റെ ശ്രദ്ധ വീണ്ടും അയാളിലേക്ക് തിരിച്ചു വിട്ടത്.
ഒരു ചരിത്ര വിദ്യാർത്ഥി എന്നതിലുപരി ഒരു ഹിന്ദു ആയിട്ടുകൂടി, ശൈവ വൈഷ്ണവ വിഭാഗങ്ങളെക്കൂടാതെ മൂന്നാമതായി ശക്തി എന്നൊരു വിഭാഗമുണ്ട് എന്ന അറിവ് അക്ഷരാർത്ഥത്തിൽ അശ്വിനെ ഞെട്ടിച്ചു. അന്നുമുതലാണ് അതിനെപ്പറ്റി വായിക്കാനും കൂടുതൽ അറിവ് സമാഹരിക്കാനും ആരംഭിച്ചത്. വായിക്കുമ്പോഴും അറിയുമ്പോഴും അവ മനസ്സിന്റെ അടിത്തട്ടിൽ പോയൊളിക്കുകയല്ല, കഥകളായി രൂപാന്തരം പ്രാപിച്ച് അറിവും ഭാവനയും ഇഴപിരിച്ച് കാണാൻ കഴിയാത്ത രൂപത്തിൽ പുറത്തേക്ക് വരികയാണ് ചെയ്യുക. ഇന്ന് ആ ഗവേഷണത്തിന്റെ പൂർത്തീകരണം.
ഒരുപാടാഗ്രഹിച്ച, മനസ്സിന്റെ ആലയിൽ ഉരുക്കി പതംവരുത്തിയെടുത്ത കഥ ഇന്ന് എഴുതാൻ തുടങ്ങുകയാണ്. ആദ്യം മുഖപുസ്തകത്തിൽ ഒരു പോസ്റ്റിട്ടു "എഴുതുകയാണ് #ക്ഷേത്രമണികളും ശാന്തിയുടെ മോക്ഷവും".
-------------------------------------------
കവി തലക്ക് മുകളിൽ കറങ്ങുന്ന സീലിംഗ് ഫാനിലേക്ക് സൂക്ഷിച്ച് നോക്കി. അവിടെ എന്തെങ്കിലും ഉണ്ടോ? കവിതയുടെ തുമ്പ് തപ്പാൻ തുടങ്ങിയിട്ട് മണിക്കൂറുകളായി. ഇല്ല. കാലങ്ങളുടെ പ്രവർത്തിപരിചയം വിളിച്ചോതുന്ന പൊടിപടലങ്ങളുടെ ചുവപ്പു നിറവും കര കര ശബ്ദവുമല്ലാതെ ഒന്നും കാണുന്നില്ല. മുറ്റത്തെ മാവിന്റെ കൊമ്പിലിരുന്ന് കാക്ക കരയുന്നു. അതേ, അത് തന്നെ... കവി ഉൾപ്പുളകം കൊണ്ടു. ഇന്നത്തെ കവിത കാക്കയെപ്പറ്റിത്തന്നെ.
കവി തന്റെ പേനയുടെ മൂടി തുറന്ന് മുന്നിരിക്കുന്ന പേപ്പർ നോക്കി ഗഹനമായ മൗനത്തിലാണ്ടു. ചിന്തയുടെ ഭാരത്താൽ പിടലി പോത്തിനെ കയറ്റിയ പെട്ടി ഓട്ടോ പോലെ ഒരുവശം ചരിഞ്ഞുവളഞ്ഞു. ലലാടത്തിൽ നര മുതൽ നര വരെ ചിന്തയുടെ വരകൾ തെളിഞ്ഞു. പുട്ടുകുറ്റിയിൽ നിന്ന് ആവിപറക്കുന്ന പുട്ട് കുത്തിയിറക്കുമ്പോൾ എന്തിലോ തടഞ്ഞിരിക്കുന്ന പോലെ വാക്കുകൾ തൂലികയുടെ തുമ്പത്ത് തടഞ്ഞ് നിൽക്കുന്നു.
കവി എരിപൊരിസഞ്ചാരം കൊണ്ടു.കാറ്റ് കൊണ്ട് തണുക്കുമ്പോൾ ഒരു തുള്ളി പോയാലായി എന്ന കൊച്ചിൻ ഹനീഫയുടെ ഡയലോഗ് കവിക്ക് ഓർമ്മ വന്നു. കവി സർഗ്ഗ വേദന താങ്ങാനാകാതെ ഈവിധം എഴുതി "കാ കാ എന്നുരക്കും കാകൻ.. ബൗ ബൗ എന്നുകുരക്കും ശ്വാനൻ..." ആഹാ.. കവി ആത്മനിർവൃതിയിൽ ആറാടി.. "എന്താ വൃത്തം.. എന്താ പ്രാസം... " ഈ വിധം ആത്മഗതം നടത്തി കവി തുടർന്നു. "കൂ കൂ എന്നോതും കുയിൽ..."
ഇത്രയായപ്പോഴേക്ക് ഒറ്റയക്ഷരത്തിൽ പ്രാസം എത്തിക്കാൻ കഴിയുന്ന ജന്തുശബ്ദങ്ങളുടെ കലവറ പൂട്ടി താക്കോലെടുത്ത മസ്തിഷ്‌കം ആ താക്കോൽ നിലയില്ലാത്ത പൊട്ടക്കിണറ്റിൽ ഇട്ടതിന്റെ അലയൊലികൾ കവിയുടെ ബുദ്ധിയിൽ മാറ്റൊലി കൊണ്ടു. ഒരുവിധം പുട്ട് കുത്തി പാത്രത്തിലിട്ട് ബട്ടണിൽ നിന്നും വിരലെടുക്കും മുൻപേ ആദ്യത്തെ ലൈക്ക്. കവി സന്തുഷ്ടനായി. ഇത് കുറെ ഓടും. അല്ലെങ്കിൽ തന്നെ എങ്ങനെ ഓടാതിരിക്കും? കവിക്ക് ചിരി വന്നു. തന്റെ അറിവിലും ജ്ഞാനത്തിലും കൊരുത്തി ഒരു പിടി പിടിച്ച നല്ല ഒന്നാന്തരം കവിത. കണ്ട് പഠിക്കട്ടെ ആധുനികന്മാര്.
വൈകിട്ട് മുഖപുസ്തകം വീണ്ടും തുറന്ന് നോക്കിയ കവി ഞെട്ടി. മൂന്ന് ലൈക്ക്! പോരാത്തതിന് ഏതോ ഒരു ശവി താഴെ ഒരു കമൻറ്റും. "എന്തോന്നെടേ ഇത്? നഴ്സറി പിള്ളാർക്ക് കൊടുക്കാൻ എഴുതിയതാണോ? അവന്റെ ഒരു കൂ കൂ.. "
"സാഹിത്യത്തെ പറ്റി ഒന്നും അറിയാത്ത മ്ലേച്ഛൻ.." കവി വീണ്ടും ചിന്തയിലാണ്ടു. ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ആൾക്കാർക്ക് തന്റെ അറിവിലും മഹത്വത്തിലും അല്പം മതിപ്പ് കുറയുന്നുണ്ടോ? എത്രയോ പേരെ ഒറ്റയടിക്ക് അങ്ങ് ഓ വി വിജയൻ ആക്കാൻ പോരുന്ന ഉപദേശം കൊടുത്തിരുന്ന തനിക്ക് ചപ്രം ചുപ്രം നന്ദിപ്രവാഹമായിരുന്നല്ലോ ഓരോ പുതിയ എഴുത്തുകാരിൽ നിന്നും! അവർ എഴുതി തഴക്കം വരുമ്പോൾ തന്നോടുള്ള മനോഭാവത്തിന് മാറ്റം വരുന്നതിന്റെ കാരണം കവിക്ക് ഒട്ടും മനസ്സിലായില്ല.
ആലോചനയുടെ ഒടുവിൽ കവി എന്തോ തീരുമാനിച്ചുറപ്പിച്ച് മുഖപുസ്തകത്തിലെ നൂറിലധികം ലൈക്കുകൾ ലഭിച്ചിരിക്കുന്ന പോസ്റ്റുകളുടെ ഇടയിലേക്ക് ഒരു അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ ഊളിയിട്ടു.
-----------------------------------------
'ക്ഷേത്രമണികളും ശാന്തിയുടെ മോക്ഷവും' പോസ്റ്റ് ചെയ്ത് അൽപനേരത്തിനകം കിട്ടിയ നല്ല പ്രതികരണത്തിൽ മനസ്സ് നിറഞ്ഞ് അശ്വിൻ അല്പനേരം കണ്ണടച്ചിരുന്നു. ഒരു കഥയെഴുതിക്കഴിഞ്ഞാൽ ഒരു തണുപ്പാണ്.. അതുവരെ മനസ്സിൽ ഇളകിമറിഞ്ഞ കടൽ ശാന്തമായത് പോലെ. ഒരു ശൂന്യത, മണിക്കൂറുകൾ നീണ്ട പ്രസവവേദനക്ക് ശേഷം അമ്മയാകുന്ന ഒരു പെണ്ണിന്റെ മനസ്സാണ് ഇപ്പോൾ തന്റേതെന്ന് അവന് തോന്നി. മൊബൈലിൽ വന്ന നോട്ടിഫിക്കേഷന്റെ ശബ്ദം അവന്റെ ചിന്തകളെ മുറിച്ചു. കവിയുടെ കമന്റ്!...അവന് അസ്വസ്ഥത തോന്നി. എഴുതിത്തുടങ്ങിയപ്പോൾ ഉപദേശങ്ങളുടെ പെരുമഴക്കാലമായി അവതരിച്ച കവിയെപ്പറ്റി മുഖപുസ്തകത്തിലെ പെൺസൗഹൃദങ്ങൾ പറഞ്ഞത് അവനോർത്തു. ഇയാൾക്ക് ഈ കഥയിൽ താത്പര്യം ഉണ്ടാകേണ്ടതല്ലല്ലോ!
അശ്വിൻ കമന്റ്റ് വായിച്ചു. "ചോള രാജാക്കന്മാരുടെ കാലഘട്ടത്തിൽ ശൈവ ക്ഷേത്രങ്ങൾക്കായിരുന്നു പ്രാധാന്യം കൂടുതൽ. ഈ കഥയിൽ പറഞ്ഞിരിക്കുന്ന തരത്തിൽ ഒരു പ്രതിമ ഉണ്ടായിരുന്നു എന്നുതന്നെ ഇരിക്കട്ടെ. അതിൽത്തന്നെ നെറ്റിയിൽ കഥയിൽ പറഞ്ഞ പ്രകാരം ഒരു രത്നം ഉണ്ടായിരിക്കുക സാധ്യമല്ല. ശിവന് അവിടെ തൃക്കണ്ണാണല്ലോ ഉണ്ടാകുക. മാത്രമല്ല ക്ഷേത്രത്തിൽ കേട്ട മന്ത്രോച്ചാരണങ്ങളിൽ ധിമഹി എന്നല്ല ധീമഹീ എന്നാണ് ശരിയായ പ്രയോഗം. "ഇതി വ്യാഹരതോ നിത്യം ദിനാന്യായാന്തു യാന്തു മേ" എന്ന ഭാഗത്ത് അല്പം പിശക് സംഭവിച്ചിട്ടുണ്ട്. ഇൻബോക്സിൽ പറഞ്ഞ് തരാം.
ആപ്പ് ഉപയോഗിച്ചത് മൂലം വന്ന അക്ഷരത്തെറ്റ് ഒഴിച്ചാൽ ബാക്കി മുഴുവൻ അബദ്ധപഞ്ചാംഗമാണ് ഉപദേശത്തിൽ. അശ്വിൻ അല്പം ആലോചിച്ചിട്ട് മറുപടി എഴുതി... "തീർച്ചയായും ഇനി ശ്രദ്ധിക്കാം".ലൈക്കുകളും കമന്റുകളും അനുസ്യൂതം തുടരുന്നതിനിടക്കിടക്കായി കവിയുടെ വാക്കുകൾ കടമെടുത്ത് പലരും ഉപദേശിച്ച് തുടങ്ങിയിരിക്കുന്നു! അവന് ചിരി വന്നു.
----------------------------------------
കവി ആനന്ദത്തിന്റെ ഔന്നത്യത്തിലിരുന്ന് കണ്ടു. തന്റെ കമന്റിന് പത്ത് ലൈക്ക്. തുടർച്ചയായി തന്റെ കവിതക്ക് അത്രതന്നെ ആളുകളുടെ തുടർ ലൈക്കും കമന്റും. മനോഹരമായ വരികൾ, അർത്ഥഗർഭമായ വരികൾ അങ്ങനെ പോകുന്നു. ദാർശനികൻ എന്നും വിളിച്ചിരിക്കുന്നു ഒരുവൻ! ഊക്കോടെ പുറത്തേക്ക് തെറിച്ച കൃഷ്ണമണികളുടെ താഢനമേറ്റ് വിറച്ച് വീണ കട്ടിക്കണ്ണട എടുത്ത് തുടച്ച് കവി വീണ്ടും തത്സ്ഥാനത്ത് പ്രതിഷ്ഠിച്ചു. ദണ്ഡനമസ്ക്കാരവും നടത്തിയിരിക്കുന്നു മറ്റൊരുത്തൻ കമന്റിലൂടെ..
--------------------------------------
അശ്വിന്റെ അടുത്ത പോസ്റ്റ് ഈ വിധമായിരുന്നു "#ജഠാരഘടിതംഎഴുതുകയാണ്"
-------------------------------------
മുഖപുസ്തകം തുറന്ന കവി ഒന്നമ്പരന്നു. അശ്വിൻ തന്റെ കഥയിൽ മെൻഷൻ ചെയ്തു വിളിച്ചിരിക്കുന്നു. "മാഷേ ഈ കവിതയൊന്ന് നോക്കി എവിടെയെങ്കിലും കുഴപ്പമുണ്ടെങ്കിൽ ഒന്ന് പറഞ്ഞ് തരണം". അല്ലെങ്കിലും അവന് കിട്ടിയതൊന്നും പോരെന്ന് തോന്നുന്നു. നല്ലൊരു കമൻറ്റിട്ടു അവന്റെ സർഗ്ഗശക്തിയുടെ കൂമ്പടക്കണം. അല്ലെങ്കിൽ ഇവനൊക്കെ നാളെ വല്ലാണ്ടങ്ങ് വളർന്ന് പോയാലോ? കവി നിരൂപിച്ചു.
കവിതയാണ്. തലക്കെട്ട് കണ്ട് കവി ഞെട്ടി. ജഠാരഘടിതം! ഇതെന്ത് തേങ്ങയാണ്? ആദ്യ രണ്ട് വരി കണ്ട് കവിയുടെ ശിരസ്സിൽ വസിച്ചിരുന്ന പക്ഷിശ്രേഷ്‌ഠന്മാർ കൂടുവിട്ട് പശ്ചിമദിക്ക് ലക്ഷ്യമാക്കി പലായനം ആരംഭിച്ചു.
"ജഠാരഘടിതം തവ്കകൃപാശ്ചാന്യോ മേല്മലജ്ജിതാരംഭീകരമാഭ്യാം
കിണോ കിണോ സ്വരാമ്യഭംഗ്യാ മല്ല്യാഭാവത്കൃക്തീഷമാദ്യം
കഹ്ഷിതാഗ്രതാഢാഭിമുഖ്യം തവക്കുഭാമാരാമ്യധിഷ്ഠം"
കവി നിന്ന നിൽപ്പിൽ ഒരു കുടം വിയർത്തു. അടുക്കള ഭാഗത്തേക്ക് നീട്ടി വാമഭാഗത്തോട് "എടീ അൽപ്പം വെള്ളമിങ്ങെടുത്തോ" എന്ന് പറഞ്ഞ ശേഷം അങ്ങിങ്ങായി വളർന്ന് നിൽക്കുന്ന താടിരോമങ്ങളിൽ ചെളിനിറഞ്ഞ നഖങ്ങൾ കൊണ്ട് ചൊറിഞ്ഞു... എന്ത് ചെയ്യും? പെട്ടു!


അൽപനേരം ആലോചിച്ച ശേഷം കവി മറുപടി എഴുതിത്തുടങ്ങി. ' "ജഠാരഘടിതം" എന്നല്ല. ജഠാര അഘടിതം" എന്ന് പിരിച്ചെഴുതണം. ബാക്കി നന്നായിട്ടുണ്ട്. വിശദമായി പിന്നീട് മറുപടി അയക്കാം. ' ശേഷം ഭാര്യ കൊടുത്ത വെള്ളം കുടിച്ച് പഴയ ഏതോ ശിഷ്യൻ സമ്മാനിച്ച ശബ്ദതാരാവലി തപ്പി കവി മാറാല പിടിച്ച തന്റെ പഴയ അലമാരയുടെ അടിത്തട്ടിലേക്ക് മുങ്ങാംകുഴിയിട്ടു.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot