Slider

ഞാനൊരു പാവം ഭാര്യ

0
Image may contain: 1 person, smiling, close-up
ഒരുകൈയിൽ റോസാപൂവും മറുകൈയിൽ ലോലിപ്പോപ്പും പിടിച്ച് ഇങ്ങനെ സുഖിച്ചു കാമുകിയായി കഴിഞ്ഞിരുന്നപ്പോൾ കുട്ടിക്ക് ഒരു പൂതി ഒരുരസത്തിന് ഭാര്യയായി ഒന്ന് നോക്കിയാലോ എന്ന്..
ആര്യസമാജത്തിലെ അമ്പലത്തിൽ പൂജാരിപറഞ്ഞതനുസരിച്ച് അങ്ങോട്ടും ഇങ്ങോട്ടും ബന്ദിപ്പൂവിന്റെ മാലയൊക്കെയിട്ട് തീയിൽ നെയ്യൊക്കെ ഒഴിച്ച് കളിച്ചും കൊണ്ടിരുന്നപ്പോൾ അങ്ങേര് പറയുവാ നിങ്ങൾ ഈ ജന്മത്തേയ്ക്ക് ഭാര്യയും ഭർത്താവും ആയിരിക്കുന്നുന്ന്..... കണ്ണുകൾ തള്ളിപ്പോയ കൗമാരം.
ആദ്യരാത്രി ഒക്കെക്കഴിഞ്ഞു രാവിലെ കണ്ണുംതിരുമ്മി എഴുനേറ്റ് ഒരു പാത്രവും ഗ്ലാസ്സും എടുത്ത് അടുക്കളയിൽ ചെന്ന് ഇങ്ങനെ നീട്ടിപിടിച്ചുകൊണ്ട് കുട്ടി നിന്നു... ഞെട്ടുന്ന സത്യം അറിയാൻ ഇത്തിരി താമസിച്ചു... അതിൽ ഒന്നും വീണില്ല.. ഞാനിപ്പോൾ ഹോസ്റ്റലിൽ അല്ല...
ഇനിയെന്ത് എന്നോർത്ത് തലപുകഞ്ഞ് നിൽക്കുമ്പോൾ ഒരു വിളി ജയാ... പുത്തൻ ഭർത്താവാ ... അടുത്തുചെന്നപ്പോൾ ഒരു കള്ളച്ചിരി.. കുട്ടി നാണിക്കാൻ തയ്യാറായി നിന്നു ...ഇപ്പൊ കൈപിടിച്ച് നെഞ്ചിലേക്ക് വലിക്കും , കുറച്ചുനേരം കൂടെ കിടന്ന് ഉറങ്ങാം..... പുത്തൻ ഭാര്യ കുട്ടി പിന്നേം പ്ലിംഗ്..പുള്ളിടെ വായിൽനിന്നും വന്നത് ഒരുവാക്ക് മാത്രം.. ചായ..... നിക്ക് മതിയായി. ഈ ഭാര്യ ഒരു രസോം ഇല്ല.... ഈ കളി കുട്ടിക്ക് ഒട്ടും പിടിച്ചില്ല....
ഹണിമൂൺ എന്റെ വലിയൊരു സ്വപ്നം.
ഒരാഴ്ച അവധിയെടുത്തു എന്ന് പുള്ളി പറഞ്ഞ് കള്ളകണ്ണോടെ കുട്ടിയെ നോക്കിയപ്പോഴേക്കും മനസ്സ് ഊട്ടിയും കൊടൈക്കനാലും, സ്വിറ്റസർലാന്റിലെയും ഒക്കെ തണുത്ത താഴ്വരകളിൽ പല നിറമുള്ള പ്ലെയിൻ സാരിയുടുത്ത് ഡാൻസ് തുടങ്ങിക്കഴിഞ്ഞു.
ബൈക്കിൽ കയറാൻ പറഞ്ഞപ്പോൾ സ്വിറ്റ്സർലൻഡ് ഞാൻ മനസ്സിൽ നിന്നും ഡിലീറ്റ് ചെയ്തുകഴിഞ്ഞു .... തണുപ്പും കുളിരും ബാക്കിവെച്ച് ഞങ്ങൾ യാത്രയായി. ചുവന്ന ചുരിദാറിന്റെ ചുന്നി കാറ്റിൽ പറത്തി കെട്ടിപ്പിടിച്ച് കണ്ണുമടച്ച്.....
പെട്ടെന്ന് വണ്ടി നിന്നു... കുട്ടി തണുക്കാൻ തയ്യാറായി കാലുകൾ മെല്ലെ നിലത്തേക്ക് വെച്ചു അടുത്ത നിമിഷം വിയർത്തുപോയി.. ഒരു ഹാനുമാന്റെ അമ്പലം.. പുള്ളി കയ്യുംകൂപ്പി അകത്തേയ്ക്ക് മന്ദം മന്ദം നടക്കുന്നു. കുട്ടിയെ കണ്ട ഹനുമാൻ ചിരി നിയന്ത്രിക്കാൻ വിമ്മിഷ്ട്ടപെടുന്നു.... വന്നതല്ലേ ഒന്ന് കൈകൂപ്പി ഞാൻ വെളിയിൽ...
അവിടെ കുറെ ഭിക്ഷക്കാർ, അടുത്ത് ഇരു കുഞ്ഞ് പട്ടികുഞ്ഞ്. .കുട്ടിയെ കണ്ട് ഓടി അടുത്തുവന്നു. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉമ്മയൊക്കെ കൊടുത്തിരുന്നു...
അടുത്തിരുന്ന ഭിക്ഷക്കാർ ഈ മൃഗസ്നേഹിയെ ആദരവോടെ നോക്കുന്നു. അപ്പോൾ അതാ ഒരു എരുമ എന്റെ അടുത്തേയ്ക്ക്... മൃഗസ്നേഹികൾ എല്ലാ മൃഗങ്ങളെയും ഒരുപോലെ സ്നേഹിക്കണം... അതിന്റെ കൊമ്പിൽ ഒന്ന് തലോടി...പുള്ളിക്ക് ഇഷ്ട്ടായി അടുത്തേയ്ക്ക് വന്ന് അത് ഒന്ന് കുനിഞ്ഞുയർന്നു അതിശയമെന്നു പറയട്ടെ കുട്ടി അതിന്റെ മുതുകിൽ... വയറിൽ അള്ളിപ്പിടിച്ച് തിരിഞ്ഞിരിക്കുന്നു...
മുൻപിൽ കണ്ണുമടച്ച് ഭർത്താവ്, യമലോകത്തേയ്ക് എന്നേം കൊണ്ടുപോകുന്ന ഗമയിൽ എരുമ, പൊട്ടിച്ചിരിക്കാൻ കഴിയാതെ കവിളിൽ കാറ്റും നിറച്ചു് ഹനുമാൻ...... എട്ടുദിക്കുകളും പൊട്ടുമാറുച്ചത്തിൽ കുട്ടി അലറി ( boost is the secret ) ധർമ്മക്കാരെല്ലാരും കൂടി എന്നെ ഒരുവിധത്തത്തിൽ താഴെയിറക്കി... കാലന് ഇനിയെന്ത് മറുപടി പറയും എന്ന വിഷമത്തിൽ എരുമ നിറകണ്ണുകളോടെ നടന്നകന്നു....
പിന്നെയും കുറെ അമ്പലങ്ങൾ... ഹണിമൂൺ ശുഭം....
അടുത്ത ആഴ്ച ഭർത്താവിന്റെ ദീർഘായുസ്സിനായി ഭാര്യമാർ പട്ടിണിയിരുന്ന് ചെയ്യുന്ന വൃതം (karwa chouth) ... ഒരു രസത്തിന് ഞാനും ചെയ്യാം എന്നോർത്തു.
ദിവസം മുഴുവൻ പട്ടിണിയിരുന്ന് രാത്രിയിൽ അമ്പിളിമാമൻ ഉദിച്ചു കഴിയുമ്പോൾ ഭർത്താവിന്റെ പൂജ ചെയ്തിട്ട് രണ്ടുപേരും കൂടി ആഹാരം കഴിക്കും.
കുട്ടി രണ്ട് കിലോ ഗുലാബ് ജാമുൻ ഒക്കെയായി നേരത്തെ വീട്ടിലെത്തി , പൂരിയും കറിയും ഒക്കെയുണ്ടാക്കി ചുവന്ന സാരിയും മുല്ലപ്പൂവും ജിമിക്കി കമ്മലുമൊക്ക ഇട്ട് ഇങ്ങനെ എല്ലാം സഹിച്ചിരി ക്കുകയാണ് ( boost is the secrete ) .
ഒളികണ്ണാലെ എന്നെ നോക്കുന്ന , ഭർത്താവിനെ വഞ്ചിക്കാൻ പ്രേരിപ്പിക്കുന്ന പലതും ചുറ്റും. നിക്ക് ഫയങ്കര മനക്കട്ടിയാ കുട്ടി അങ്ങനിങ്ങനൊന്നും വീഴില്ല... പെട്ടെന്ന് കറന്റ് പോയി... ഭർത്താവ് കൈനിറയെ പൂക്കളുമായി സർപ്രൈസ് തരാനായി ( സ്വന്തം ആയുസ്സിന്റെ കാര്യമല്ലേ ആരും ചെയ്തുപോകും )കതകിൽ മുട്ടാതെ വെളിയിൽ നിന്നും തുറന്ന് അകത്തുവന്നു കൂടെ കറന്റും....
ഞാൻ പാവം ഭാര്യ കുട്ടി പൂക്കൾ മേടിക്കാൻ കൈയിൽ ഇടമില്ലാതെ നിന്ന് പരതി... ഒരു കൈയിൽ ഗുലാബ് ജാമുൻറെ ബോക്സ്‌, മറ്റേതിൽ പൂരി നിറഞ്ഞ പ്ലേറ്റ്, വായിൽ ഒളിക്കാൻ സ്ഥലമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന ഒരു കുഞ്ഞ് ജാമുൻ.... ചുവന്ന സാരി കസേരയിൽ, പൊക്കിക്കെട്ടിയ തലമുടിക്കിടയിൽ വീർപ്പുമുട്ടുന്ന മുല്ലപ്പൂക്കൾ........
വൃതം ശുഭം.
ഞാൻ പാവം ഒരു ഭാര്യകുട്ടി ...... അല്ലേ സൂർത്തുക്കളെ ? നിങ്ങൾ പറ.
Jaya.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo