നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഹാവൂ.....സമാധാനം!

No automatic alt text available.
ഒരു ചെറു നാടകത്തിന്റെ രൂപമാണ് ഇത്തവണ പണിക്കത്തി.

--------------------------------
ജോലി കഴിഞ്ഞ് ക്ഷീണിച്ച് വീട്ടിൽ കയറി വന്ന് കസേരയിൽ ചാരി, മൂരി നിവർന്ന് ഗോപീകൃഷ്ണൻ:
അമ്മേ.....ഭഗവതീ...
എന്തോ... (പശ്ചാത്തലത്തിൽ ശബ്ദം)
ഒരു ഞെട്ടലോടെ ഗോപീകൃഷ്ണൻ തിരിഞ്ഞ് ചുറ്റും നോക്കുന്നു. :
ഹാരാ...
ഞാൻ തന്നെ...എന്നെ വിളിച്ചില്ലേ...(ശബ്ദം)
വീണ്ടും ചുറ്റും നോക്കുന്നു. പേടിയോടെ.. : ഞാനോ....നിങ്ങളാരാണെന്ന് പറയണതല്ലേ നല്ലത്...
ഞാൻ ഭഗവതിയാ..(ശബ്ദം)
പേടി കൗതുകമാവുന്നു. ശബ്ദത്തിൽ കൗതുകം... ഭാര്യയോട് പറയുന്ന പോലെ..
പിന്നേ...ഒളിച്ചിരിക്കാണ്ട് ഇങ്ങ് വാടി പെണ്ണേ..
നീ പേടിക്കും..(ശബ്ദം)
അമ്പരപ്പോടെ..: നീ ന്നോ..
ഒരു അമർത്തിച്ചിരി : പേടിക്കാനോ...
കളിയാക്കി : എന്നാ വെല്യ ഭഗവതി മനുഷ്യവേഷത്തിലിങ്ങോട്ട് എഴുന്നള്ളിയേ...
വരട്ടെ.? (ശബ്ദം)
ഗോപീകൃഷ്ണൻ: ആ..വാ...
ഒരു സ്ത്രീ സ്‌റ്റേജിലേക്ക് വരുന്നു..
ഗോപി ഞെട്ടലോടെ ചാടിയെഴുന്നേൽക്കുന്നു..:
അയ്യോ നീയാരാ...
ഞാൻ പറഞ്ഞില്ലേ...... ഭഗവതിയാ..
ഗോപീകൃഷ്ണൻ: ഭഗവതിയോ...ഏതു ഭഗവതി...എന്തു ഭഗവതി... പോയേ..പോയേ... സത്യം പറയെടീ... ഇതെങ്ങനെ അകത്തു കേറി?
ഭഗവതി : ഗോപി കേട്ടിട്ടില്ലേ...ദൈവങ്ങൾക്ക് എവിടേം കേറാം...എന്തും അറിയാം...
ഗോപി സംശയത്തോടെ...: എന്തും അറിയാമെന്നോ....എന്നാ ഇപ്പോ ഞാൻ എന്താ വിചാരിക്കണേന്നു പറഞ്ഞേ..
ഭഗവതി : സമയം ആറുമണിയായി...സുനിത വരാറായി എന്നല്ലേ....
ഒരു ഞെട്ടലോടെ...: അയ്യോ അതു തന്നെ....വേഗം പൊക്കോ....അവളു നമ്മളെ രണ്ടാളേം ഒരുമിച്ച് കണ്ടാൽ പ്രശ്‌നാ...അല്ലെങ്കിൽ തന്നെ എന്നെ അത്ര വിശ്വാസമില്ല..
ഭഗവതി ആത്മഗതം പോലെ.. : കൈയിലിരിപ്പും അത്ര നല്ലതല്ലല്ലോ..
ഉറക്കെ..: എന്തായാലും വിളിച്ചതല്ലേ...ഒരു വരം ചോദിച്ചോ...തന്നേച്ചും ഞാൻ പൊയ്‌ക്കോളാം..
ഗോപീകൃഷ്ണൻ: വരോ....വരമൊന്നും വേണ്ട..ഇപ്പോ പോയിത്തന്നാ മതി...
ഭഗവതി : അതു പറ്റില്ല. വരം കൊടുക്കാതെ ഇനി എനിക്ക് പോകാൻ പറ്റില്ല...
ഗോപീകൃഷ്ണൻ: ഹോ....ഇതു വെല്യ പാടായല്ലോ...എന്നാ ഒരു കാര്യം ചെയ്യ് ഇനി ഇതുപോലെ ആരെങ്കിലും വിളിച്ചാ..ചോദ്യോം പറച്ചിലുമൊന്നും വേണ്ട...നിങ്ങളെപ്പോലെ ദൈവങ്ങളും ഗന്ധർവന്മാരും അങ്ങനെയുള്ളവരും ആരാണോ വിളിക്കണേ അവരുടെ പോലത്തെ വേഷത്തിൽ പ്രത്യക്ഷപ്പെട്ടേച്ചും കാര്യം പറഞ്ഞിട്ട് പോയേക്കണം...
ഭഗവതി : ഇതാണോ വേണ്ട വരം...
ഗോപീകൃഷ്ണൻ: അതെ...
ഭഗവതി : തഥാസ്തു...
ഗോപീകൃഷ്ണൻ: എന്ത്?
ഭഗവതി : അങ്ങനെ തന്നെ നടക്കട്ടേന്ന്...
പെട്ടെന്ന് ഒരു കോളിംഗ് ബെല്ലിന്റെ ശബ്ദം...ഗോപി ഭയചകിതനാകുന്നു. അക്ഷോഭ്യയായി നിൽക്കുന്ന ഭഗവതിയുടെ അടുത്ത് ചെന്ന് പറയുന്നു... : പ്ലീസ്...ഒന്നു പോയിത്താ....അവളു വന്നു....നമ്മളെ രണ്ടിനേം കൂടെ കണ്ടാ ആകെ പ്രശ്‌നാ...അതാ...പ്ലീസ്...
അങ്ങോട്ടുമിങ്ങോട്ടും പരിഭ്രാന്തനായി ഓടുന്ന പോലെ...
ഇതിനിടെ സ്‌റ്റേജിലേക്ക് ജോലികഴിഞ്ഞ് വരുന്ന വേഷത്തിൽ സുനിത കയറി വരുന്നു...കയറി വരുമ്പോഴേ പരിഭ്രാന്തനായ ഗോപീകൃഷ്ണനെയും സുന്ദരിയായ യുവതിയെയും കണ്ട് അമ്പരക്കുന്നു.. ഗോപിയെ ദേഷ്യത്തോടെ നോക്കുന്നു....പിന്നെ ചോദിക്കുന്നു...:
ആരാ ഇവള്?
തിരിഞ്ഞ് ഭഗവതിയെ നോക്കി: ആരാടീ നീ...
കുനിഞ്ഞ മുഖത്തോടെ ഗോപി..: ഭഗവതിയാണെന്നു പറഞ്ഞാ നീ ഇപ്പോ വിശ്വസിക്കുവോ..
ദേഷ്യത്തോടെ സുനിത : ഭഗവതിയോ....മനുഷ്യാ എന്റെ തനി സ്വഭാവം പുറത്തെടുപ്പിക്കല്ലേ....
തിരിഞ്ഞ് ഭഗവതിയെ നോക്കി..: ഇവളോടാ എനിക്ക് ചോദിക്കാനുള്ളത്...ആരാടീ നീ
ഭഗവതി: ഞാൻ ഭഗവതി...ഗോപി വിളിച്ചിട്ടു വന്നതാ...
സുനിത: അതെനിക്കു മനസ്സിലായി ഇങ്ങേരു വിളിച്ചിട്ടു വന്നതാണെന്ന്...ഇങ്ങേർക്കുള്ളത് ഞാൻ പിന്നെ കൊടുത്തോളാം...എന്താ നിനക്കിവിടെ പരിപാടി?
ഇതിനിടെ ഗോപി : ഭഗവതി ഒരു വരം തന്നിട്ടു പോയ്‌ക്കോളാം എന്ന് പറഞ്ഞ് അങ്ങനെ നിന്നതാ....
സുനിത കടുപ്പത്തിൽ : വരോ...
ഭഗവതിയോടായി...: വരോം വേണ്ട ഒരു കുരോം വേണ്ട...
ഗോപിയോട് : ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട
ഗോപി..സംസാരത്തിൽ അദ്ഭുതഭാവത്തോടെ : സത്യായിട്ടും ഭഗവതിയാടീ...
സുനിത...തലമുടിയിൽ അമർത്തിപ്പിടിച്ച് : ദേ ചെകുത്താനേ.. എന്നേക്കൊണ്ടൊന്നും പറയിപ്പിക്കരുത്!...
പെട്ടെന്ന് ഒരു ശബ്ദത്തോടെ സ്‌റ്റേജിലേക്ക് ഒരു സുമുഖൻ കടന്നു വരുന്നു. ടീഷർട്ടും ജീൻസും വേഷം..
ഞാനെത്തീ.....
ഗോപിയും സുനിതയും ഞെട്ടി തിരിഞ്ഞു നോക്കുന്നു. ഭഗവതിയ്ക്കു കുലുക്കമൊന്നുമില്ല.
രണ്ടാളും ഒരുമിച്ച് :
അയ്യോ...ഇതാരാ....
ഭഗവതി..: അതവനാ...ആ ചെകുത്താൻ...
ചെകുത്താൻ..: നിങ്ങളല്ലേ എന്നെ വിളിച്ചേ..
സുനിത: ഞാനോ...
ഒന്നാലോചിച്ച്...ഇങ്ങനെയാണോ ചെകുത്താൻ
ഗോപി: സത്യം പറയെടീ...ഇവൻ നിന്റെ കൂടെ വന്നതല്ലേ...
സുനിത: ദേ മനുഷ്യാ...വൃത്തികേട് പറയരുത്...ഇത് ആരാണെന്ന് എനിക്ക് അറിയുക കൂടിയില്ല.
ഭഗവതി: നിങ്ങൾക്ക് അറിയാൻ സാദ്ധ്യതയില്ല...ഇത് ഒറിജിനൽ ചെകുത്താൻ തന്നെയാ...
ചെകുത്താൻ: ഇങ്ങേരു പറഞ്ഞതനുസരിച്ച് ഈ കുന്തമൊക്കെ വലിച്ചു കേറ്റാൻ എന്തൊരു പാടാ പെട്ടേ..കുന്തവും കൊമ്പും പുറത്ത് ഒളിച്ചു വയ്ക്കുകേം ചെയ്തു.. വാലാണെങ്കിൽ ഈ ജീൻസിനകത്ത് ചുറ്റിക്കെട്ടി വെച്ചേക്കുവാ..
സുനിത പേടിച്ച് ഗോപിയുടെ അടുത്തേക്ക് ഓടിച്ചെല്ലുന്നു...: എന്താ ചേട്ടാ ഇതൊക്കെ...
ഗോപി : എനിക്കറിയാൻ മേലടീ...ഞാൻ വിളിച്ചിട്ടാ ഇവരു വന്നെ...അറിഞ്ഞോണ്ടു വിളിച്ചതല്ല....
സുനിത: ഇനി നമുക്ക് ആവശ്യമില്ലാതെ വഴക്കുണ്ടാക്കണ്ട....
ഗോപി: അതെ...നമ്മളു വഴക്കുണ്ടാക്കുന്നതാ ഈവക എല്ലാ പ്രശ്‌നത്തിനും കാരണം...
ഒന്നാലോചിച്ച് : പക്ഷെ ഇവരെ എങ്ങനെ പിണക്കാതെ പറഞ്ഞു വിടും?
ചെകുത്താൻ: ഞങ്ങളെ പറഞ്ഞു വിടാനാണോ? സിമ്പിൾ...ഒരു വരം ചോദിച്ചാ പോരെ...
ഭഗവതി: അതെ...ഒരു വരം ചോദിച്ചാൽ മതി..
സുനിത: അപ്പോ രണ്ടാളോടുമായി രണ്ടുവരം ചോദിക്കണ്ടെ?
ചെകുത്താനും ഭഗവതിയും മുഖാമുഖം നോക്കുന്നു. പിന്നെ ഭഗവതി പറയുന്നു.
വേണമെന്നില്ല...ഒറ്റ വരം ചോദിച്ചാൽ മതി.
ഗോപിയും സുനിതയും പരസ്പരം കുശുകുശുക്കുന്നു..
പിന്നെ ഗോപി പറയുന്നു.. :
എന്നാ...ഇനി നിങ്ങളെ ആരെങ്കിലും വിളിച്ചാൽ വിളിച്ചയാൾക്കു മാത്രം കാണാൻ പാകത്തില് സിറ്റുവേഷനൊക്കെ നോക്കി ചോദിച്ച് സമ്മതം വാങ്ങിയേച്ചും മാത്രമേ പ്രത്യക്ഷപ്പെടാവൂ...
ഭഗവതിയും ചെകുത്താനും മുഖാമുഖം നോക്കുന്നു.
ഭഗവതി: ഓകെ..
ചെകുത്താൻ : ഡബിൾ ഓകെ..
ഗോപി: എന്നാ ശരി.
കൈ കൂപ്പുന്നു..
ചെകുത്താനും ഭഗവതിയും പുറത്തേക്കു പോകുന്നു.
ഗോപി സുനിതയോട് : ഹോ...എന്തൊക്കെയാ ഇവിടെ നടന്നേ...
സുനിത: എനിക്കറിയാൻ മേലാ...എന്തായാലും ഇനി നമ്മൾക്ക് അടികൂടണ്ട...
ഗോപി: ശരിയാ....
ഒന്നു നിർത്തി: എന്നാ നീ ഒരു ചായയിട്..ഞാൻ പോയി ഒന്നു കുളിക്കട്ടെ....
സുനിത: കുളിക്കണതൊക്കെ കൊള്ളാം....വെറുതെ അവരേം ഇവരേം ഒന്നും വിളിക്കാൻ നിക്കണ്ട....
രണ്ടാളും ചിരിച്ചുകൊണ്ട് പുറത്തേക്കു പോകുന്നു.
പണിക്കത്തി അഥവാ പണിക്കരുടെ കത്തി.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot