Slider

കണ്ണൂരുകാരി അമ്മായിയമ്മയും തെക്കത്തി മരുമകളും

0
Image may contain: 1 person, smiling

(ചില അടുക്കളക്കാര്യങ്ങള്‍)
''എണേ മോളെ ആ തട്പ്പീങ്ങെടുത്തേ.....''
ഇന്നലെ കല്ല്യാണം കഴിഞ്ഞുവന്ന തെക്കന്‍ജില്ലക്കാരിയായ മകന്‍റ ഭാര്യയോടു കണ്ണൂരുകാരിയായ അമ്മയിയമ്മ പറയുന്നതുകേട്ടപ്പോള്‍ അമ്മയെന്താണ് പറഞ്ഞതെന്നു മനസിലാകാതെ നവവധു അന്തംവിട്ടു കുന്തംവിഴുങ്ങിയതുപോലെ നിന്നുകൊണ്ടു അമ്മയെ മിഴിച്ചുനോക്കി.
''തടുപ്പേന്നു പറഞ്ഞാലെന്താണമ്മേ.....''
ഒടുവിലവള്‍ അമ്മായിയമ്മയോടു നിഷ്ക്കളങ്കമായി ചോദിച്ചു.
ചുമരിലടിച്ച ആണിയില്‍ തൂക്കിയിട്ട ''തടുപ്പ'' അമ്മായിയമ്മ ചൂണ്ടിക്കാണിച്ചപ്പോള്‍ അവള്‍ക്കു ചിരിപൊട്ടി.കാരണം അവളുടെ നാട്ടിലതിനു മുറം എന്നാണു പറയുന്നത്.....!!!!!
''നമ്മ മൂന്നാളല്ലെയില്ലൂ അതേണ്ടു തടുപ്പേല് കാസേറരിയളന്ന്ട്ടിററ് പാററി പൊറുക്കിക്കോ....''
തടുപ്പയെടുത്തുകൊടുത്തയുടനെ അമ്മായിയമ്മ അടുത്തജോലി ഏല്‍പ്പിച്ചതില്‍ അരിയെടുത്തു മുറത്തിലിടുവാനാണ് പറഞ്ഞതെന്നു മനസിലായെങ്കിലും ''കാസേറും,പാററിപ്പൊറുക്കലും''എന്താണെന്നു ഒരു പിടിയുംകിട്ടിയില്ല.....!!!!!
''കാസേറെന്നാല്‍ എന്താണമ്മേ .....''
അവളുടെ സംശയംകേട്ടയുടനെ അമ്മായിയമ്മ ചിരിച്ചുകൊണ്ടു മുറം വാങ്ങി അരിയിട്ടുവച്ച ബക്കററുതുറന്നു മരത്തിന്‍റ ചെറിയ നാഴികൊണ്ടു അരിയളന്നു മുറത്തിലേക്കിട്ടു പൊടിയും കല്ലും കളയുവാന്‍ തേവുന്നതു കണ്ടു.
അപ്പോഴാണ് കാസേറെന്നാല്‍ നാഴിയാണെന്നും പാററിപ്പൊറുക്കുക തേവലാണെന്നും അവള്‍ക്കുമനസിലായത്.
''മോളെ നീയാ പാത്രല്ലെടുത്തിററ് വടിച്ചുവെച്ചോ....''
അരിയിടുന്നതിനിടയില്‍ അമ്മായിയമ്മ പറയുന്നതുകേട്ടു അവള്‍ വീണ്ടും ഞെട്ടി.
''പാത്രം കമിഴ്ത്തി വെച്ചോ എന്നൊക്കെ അവളുടെ നാട്ടില്‍ പറയാറുണ്ട്.....
പക്ഷേ വടിച്ചുവെച്ചോ ...
അങ്ങനെയൊന്നു കേട്ടിട്ടുപോലുമില്ല.....!!!!!
''ദാ ....അടുക്കളപ്രത്തെ ബക്കററിലെ വെളളത്തില്‍ കയ്കിക്കോ.....''
അവളുടെ പരുങ്ങല്‍ കണ്ടപ്പോള്‍ മനസായില്ലന്നു മനസിലായ അമ്മായിയമ്മ ഊറിച്ചിരിച്ചുകൊണ്ടു തിരുത്തി.
''പിന്നെ പാത്രംകയ്കിയ വെളളം മിററത്ത് മറിക്കണ്ട ആള് വെരുന്ന വയിമ്മലെല്ലം കൊത്തയാകും അതേണ്ടു അതെല്ലം ആടില്ലേ വായേന്‍റീം കൗങ്ങീന്‍റ മെരട്ട് ഒയിച്ചാമതി....
എല്ലം നിന്‍റ പുരുവന്‍തന്നെ നട്ടതാന്ന്....
അതുപോല അകൂംമിററൂം അടിച്ചിററ് കിട്ട്ന്ന കാട്ടെല്ലം ആടീംഈടീം ചാടാണ്ട് വീടിന്‍റ ബേക്കിലൊരു കുയീണ്ട് അയിലേക്ക് ചാടിയാമതീട്ടാ.....''
പാത്രങ്ങള്‍ കഴുകുന്നതിനിടയില്‍ അമ്മയുടെ നിര്‍ദ്ദേശം കേട്ടെങ്കിലും അവള്‍ക്കൊന്നും മനസിലായില്ല....!!!!!
''മോളെ ഞാലീന്‍റ മൂലേല് തേങ്ങേണ്ട് അയിന്‍റാത്ത്ന്ന് ഒന്നെടുത്തുരിച്ചിററ് അരമുറി ചെരണ്ടിക്കോ .....
അരക്കുമ്പം നല്ലോണം മുതിഞ്ഞോട്ട്ട്ടാ.....
കത്യാളും ചെരാപ്പെലീം തട്ട്മ്മല്ണ്ടാകും.....''
പാത്രം കഴുകി വന്നതുടനെ അമ്മായിയമ്മ പറഞ്ഞത് തേങ്ങ പൊതിച്ച് അരയ്ക്കാനാണെന്നു മനസിലായെങ്കിലും ഞാലി,മുതിഞ്ഞോട്ട്,കത്ത്യാള്,ചെരാപ്പല ഇതൊക്കെ എന്താണെന്നാരു പിടിയുമില്ല....!!!!!.
''തേങ്ങയെവിടെയാ അമ്മേ.....''
മടിച്ചുമടിച്ചാണെങ്കിലും അവള്‍ വീണ്ടും ചോദിച്ചപ്പോള്‍ അടുക്കളയുടെ താാഴ്ത്തികൊട്ടിയ ഭാഗത്തേക്കു കൈചൂണ്ടി.
''അപ്പോള്‍ ഇതാണു ഞാലി.....!!!!!!!.''
അവള്‍ മനസിലോര്‍ത്തു
''പൊതിക്കാനുളള വാക്കത്തിയോ.....''
വീണ്ടും ചോദിച്ചപ്പോള്‍ അമ്മായിയമ്മ അടുക്കളയുടെ തട്ടിലേക്കു വിരല്‍ ചൂണ്ടിക്കൊണ്ടാണ് പറഞ്ഞത്
''കത്ത്യാളും ചെരാപ്പലീം ആടതന്നീണ്ടു....''
അവള്‍ തട്ടിമ്മേലേക്കു നോക്കി
വാക്കത്തിയും ചിരവയുമാണ് കത്ത്യാളും ചെരാപ്പലീം എന്നവള്‍ക്കു മനസിലായി.
ഇനിയറിയേണ്ടത് ''മുതിഞ്ഞേട്ട്....''
എന്നാലെന്താണെന്നാണ്.....!!!!!
''അമ്മേ അരപ്പ് നല്ലോണം മെതിയണോ......''
തേങ്ങയരയ്ക്കുന്നതിനിടയിലാണ് അവളുടെ ചോദ്യം.
''അതല്ലെ ഞാന്‍ നേരത്തെ പറഞ്ഞത് നല്ലോണം മുതിഞ്ഞോട്ടെന്ന്.....''
അമ്മായിയമ്മയുടെ മറുപടിയോടെ അതും പൂര്‍ത്തിയായി....!!!!!
2
''മോളെ ആ ചെറിയ കയീലിങ്ങെടുത്തേ....''
കറിക്ക് അരപ്പ് ചേര്‍ക്കുന്നതിനിടയിലാണ് അമ്മായിയമ്മ കൈ ചൂണ്ടിപ്പറഞ്ഞത്.
അവര്‍ കൈചൂണ്ടിയിടത്തേക്കു നടന്നെങ്കിലും അടുക്കളതട്ടിലുളളതില്‍ ഏതാണു കയീലെന്നു മനസിലാകാതെ അവരെ നോക്കി.
''ചെരട്ടേന്‍റ കറികോരുന്ന സാധനം ....''
അവര്‍ വിശദീകരിച്ചപ്പോഴാണ് കയീലെന്നാല്‍ തവിയാണെന്നു മനസിലായത്.....''
''നീന്തം അറിയാ....''
അമ്മായിയമ്മയുടെ ചോദ്യംമനസിലാകാാത്തതുകൊണ്ടു മറുപടികൊടുത്തില്ല.
''നീന്തം അറിയെങ്കില് ഈട്ത്തെ കെരണ്ട്ന്ന് വെളളംകോരി തിരുമ്പാനൊന്നും നിക്കണ്ട കെരണ്ടിന് നല്ലായൂണ്ട് ഒരുപാട് കോരണ്ടതല്ലെ അതേണ്ട്.....
ഈന്‍റപ്രം ചെറിയൊരു പൊയീണ്ട് ആടപ്പോയി തിരുമ്പിക്കോ.....''
അവള്‍ക്കൊന്നും മനസിലായില്ല ''തിരുമ്പലോ അതെന്താണ്...''
മനസിലോര്‍ത്തെങ്കിലും ചോദിച്ചില്ല.
പക്ഷേ ഒരുകാര്യം അവള്‍ക്കുറപ്പായി ഈ നാട്ടുകാര്‍ ''ഴ''എന്ന അക്ഷരം ഉപയോഗിക്കുന്നില്ല പകരം''യ''എന്നതാണ് ഉപയോഗിക്കുന്നത്.....
വയി,വായ,കുയി,ആയം,മയ,പൊയ.....etc
കാസേറിനു തന്‍റ നാട്ടിലെപ്പോലെ നാഴിയെന്നുതന്നെയാണ് ഇവരും പറയുന്നതെന്നു വെറുതേയോര്‍ത്തുനോക്കിയപ്പോള്‍ അവള്‍ക്കു ചിരിവന്നു.
''മോളെ ചോറുവാര്‍ക്കാനറീലേ....''
ഇത്തവണത്തെ അമ്മയുടെ ചോദ്യം അവളെ ശരിക്കും ഞെട്ടിച്ചു......!!!!!!
വീട് വാര്‍പ്പ്,ഷെഡ് വാര്‍പ്പ്,പീടിയവാര്‍പ്പ് പക്ഷേ ആദ്യമായാണ് ചോറുവാര്‍ക്കല്‍ കേള്‍ക്കുന്നത്....!!!!
ചോറും വാര്‍പ്പും തമ്മിലെന്താണു ബന്ധമെന്ന പലവിധ ചിന്തകള്‍ മനസിലൂടെ കടന്നുപോയി അതുകൊണ്ടു അതിനും മറുപടി പറഞ്ഞില്ല.
'ചോറു വാര്‍ക്കുമ്പം കൈക്കലത്തുണി നല്ലോണം കൂട്ടിപ്പിടിക്കണം മേക്കൊന്നും മറിക്കാമ്പാടില്ല ....
അതുപോല അടിച്ചൂററി നല്ലോണം അടുപ്പിച്ചുവെക്കണം ഇല്ലെങ്കില് ചോറെല്ലം ബേറിപ്പോകും......
നല്ലൊരു മയപിടിച്ചിററ്ണ്ട് ഞാമ്പേകംപോയി ആറീട്ട തുണിയെല്ലം എടുത്തുകൊണ്ടച്ചിററ് കെര്‍ച്ചേരം നടുനീര്‍ക്കട്ട്......'''
ഇത്തവണ അവള്‍ക്കു കരയാനാണ് തോന്നിയത് കാരണം അമ്മായിയമ്മ പറഞ്ഞതൊന്നും അവള്‍ക്കു മനസിലായിരുന്നില്ല.....!!!!!
''പിന്നെ കേങ്ങിഷ്ടാന്നങ്കില് ആ മൂലക്കെ സഞ്ചീല് കേങ്ങ്ണ്ട് അതെട്ത്ത് പൂങ്ങിക്കോ.....''
പുറത്തെത്തിയ ശേഷം അമ്മായിയമ്മ വീണ്ടും പറയുന്നതുകേട്ടു.
''കേങ്ങോ അതെന്ത് കുന്തമാണ്......
പൂങ്ങലെന്നുവച്ചാലെന്താ......''
അവള്‍ക്കൊന്നും മനസിലായില്ലെങ്കിലും ചോറുവെന്തു പാകമായയുടനെ എന്തുംവരട്ടെയെന്നുകരുതി ചൂടുപാത്രങ്ങള്‍ പിടിക്കുവാനുളള തുണികൂട്ടിപ്പിടിച്ചു(കൈക്കലത്തുണി) ഇറക്കിവച്ചു.
ചോറിന്‍റ കലത്തിനുൂടിയ മൂടിയെടുത്തു നല്ലപോലെ തുടച്ചു വൃത്തിയാക്കിയശേഷം വീണ്ടും കലത്തിന്‍റ വായമൂടി തട്ടിന്‍മേലൂളള കഞ്ഞിക്കലത്തിനടുത്തേക്കുകൊണ്ടുപോയി.
കഞ്ഞിക്കലത്തിനു കണക്കായ വൃത്താകൃതിയിലുളള ഒരു പലകകൊണ്ടു ഭദ്രമായി മൂടിവച്ചിട്ടുണ്ടായിരുന്നു(ചോറൂററാന്‍ കലത്തിനു മൂടുന്ന അടിച്ചൂററി).അതെന്തിനാണെന്നു എത്രയാലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല......!!!!!
അതുകൊണ്ടു പലകമാററിവച്ചശേഷം തന്‍റ നാട്ടില്‍ ചെയ്യാറുളളതുപോല അലൂമിനിയം മൂടികൊണ്ടു തന്നെ അവള്‍ ചോറുകമിഴ്ത്തി.
പണിയൊക്കെയെരുങ്ങിയശേഷം അടുക്കളയിലെ തട്ടുതുടച്ചു വൃത്തിയാക്കുമ്പോഴാണ് പുറത്തെ അയയില്‍ അലക്കിയണക്കാനിട്ട തുണികളൊക്കെ അമ്മായിയമ്മ മടക്കിയെടുക്കുന്നതു ജനാലയിലൂടെകണാനായത്.
''ഓഹോ......ഇതായിരിക്കും അമ്മ പറഞ്ഞ ആറീട്ടതെട്ക്കല്.....''
അവള്‍ മനസിലൂഹിച്ചു.
''ഇതേവേഗം ചോറു വാര്‍ത്താ....''
അടുക്കളവശത്തൂടെ കൈതണ്ടയില്‍ ഉണങ്ങിയ തുണിയുമായി കയറിവന്ന അമ്മയുടെ സന്തോഷത്തോടെയുളള ചോദ്യംകേട്ടാണവള്‍ തിരിഞ്ഞുനോക്കിയത്.
''അതോാടെ ചോറു വാര്‍പ്പിന്‍റ ഉത്തരവും കിട്ടി......!!!!!
3
''അല്ലപ്പാ....നമ്മള മോന്‍റോള് എത്രവരെ പഠിച്ച്ന്നാ നിങ്ങ പറഞ്ഞത്....''
അച്ഛന്‍ വന്നയുടനെ സ്വരം താഴ്ത്തി അമ്മ ചോദിച്ചു.
''പത്താംക്ലാസ് വരേയാന്ന്ന്നാ പറഞ്ഞീന് എന്തേ....''
അച്ഛന്‍റ മറുപടി.
''ഏതുസ്ക്കൂളിലാ ഓള് പഠിച്ചിന്....''
അച്ഛന്‍ കൈമലര്‍ത്തി എന്താണെന്നു വീണ്ടും ആഗ്യത്തില്‍ ചോദിച്ചു.
''ഞാമ്പറേന്ന ഒരു വസ്തൂം അയിന് തിരീന്നില്ല.....!!!!!
എന്തെങ്കിലും പറീമ്പം പൊട്ടത്തീനപ്പോല മീട്ടത്തേക്ക് മിര്‍മിറാ നോക്കോന്ന്.....!!!!!
പണ്ടത്തെ നാലാംക്ലാസില്‍ പഠിച്ച എനക്ക് അയിനാകാട്ടീം വിവരൂണ്ടെന്ന് തോന്ന്ന്ന്.....''
അതുകേട്ടപ്പോള്‍ അച്ഛന്‍ ചിരിയടക്കുവാന്‍ പാടുപെട്ടു.
''ഇവിടെയുളള അമ്മയെക്കെ ഏതുഭാഷയാണ് സംസാരിക്കുന്നത്.....!!!!!
ഇങ്ങനെയുമുണ്ടോ ഒരു ഭാഷ.....!!!!!
ഞാന്‍ ഒരു പുസ്തകത്തിലും ഇതുപോലൊരു ഭാഷ കണ്ടിട്ടുമില്ല വായിച്ചിട്ടുമില്ല.....!!!!
ഇതും മലയാളംതന്നെയാണോ.....!!!!!
മകന്‍ എത്തിയയുടനെ മരുമകള്‍ തമാശരൂപേണ കളിയാക്കി.
''എന്തുപററി.....?''
അയാള്‍ ചിരിയോടെ തിരക്കി.
''ഇവിടത്തെ അമ്മ പറയുന്നതൊന്നും എനിക്കുമനസിലാകുന്നില്ല.
ഇവിടെയുളളവര്‍ ''ഴ ''യും ''ഷ'' യും പറയുന്നേയില്ല പകരം ''യ'' യും ''ശ'' യും മാത്രം.....മയ,പുയ,വയി,കോയി,ആയം,കുയി.....
അതുപോലെ ഇവിടത്തെ ഓരോ സാധനങ്ങളുടെ പേര് പഠിക്കണമെങ്കില്‍ തന്നെ പത്തുവര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണുതോന്നുന്നത്....
ചെരാപ്പല,കത്ത്യാള്,അടിച്ചൂററി,കൈക്കലത്തുണി,കയീല്കേങ്ങ്.....
പറഞ്ഞുകൊണ്ടവള്‍ മുത്തുകിലുങ്ങുമ്പോലെ ചിരിച്ചു.
''ഒരൊററ ദിവസംകൊണ്ടു നീയിത്രയും പഠിച്ചല്ലോ ഇനി വേഗം പഠിക്കും......''
പറഞ്ഞുകൊണ്ടു അവളുടെ തിളങ്ങുന്ന കണ്ണുകളില്‍നോക്കി അയാളും ചിരിച്ചു.
by ചാത്തോത്തു പ്രദീപ് വെങ്ങര കണ്ണൂര്‍.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo