Slider

ഒരു ചൈനീസ് തെരുവ്

0

——————————————
ഇളം വെയിലുള്ള പ്രഭാതം.
യുദു താഴ്‌വരകളെ തലോടി വരുന്ന ശരത്കാല കാറ്റ് ഉണർന്നുവരുന്ന തെരുവിലേക്ക് മെല്ലെ വീശുന്നുണ്ടായിരുന്നു .തെരുവിനിരുവശങ്ങളിലുമുള്ള കടകൾ ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നും പടിപടിയായി പുറത്തേക്കു വരാനുള്ള ശ്രമത്തിലാണ് .ഗ്രാമവാസികളിൽ ചിലരെല്ലാം പഴുത്തു പാകമായ കായ്കനികളെ കൂടകളിലാക്കാനായി താഴ്‌വരയിലേക്ക് വെച്ചുപിടിക്കുന്ന കാഴ്ച കാണാം .തെരുവിന്റെ അറ്റത്ത് വരിയായ് നിലകൊള്ളുന്ന മേപ്പിൾ മരങ്ങൾ പൊഴിച്ച മഞ്ഞയും ചുവപ്പും ഇലകൾ ശ്രേണികളായി മണ്ണോട് ചേർന്ന് വർണ്ണശബളമായ കാഴ്ചയൊരുക്കിയിട്ടുണ്ട് . വാർദ്ധക്യം പൂകാതെ കൊഴിഞ്ഞു വീണ ചില പച്ചിലകളും അവിടവിടായി ചിതറിക്കിടക്കുന്നു .
മേപ്പിൾ മരത്തിന്റെ തണലിൽ പ്രജ്ഞയറ്റു നിൽക്കുകയായിരുന്നു ചെങ് ഷി .
തന്റെ നീണ്ട കൈവിരലുകൾക്കിടയിലൂടെ ഗിത്താർ താഴേക്ക് ഊർന്നു വീഴുന്നത് അവൾ അറിയുന്നുണ്ട് .
തിരകൾ പോലെ ഉയർന്നു പൊങ്ങി വന്ന ഗാനങ്ങൾ കണ്ഠനാഡികളിൽ കുരുങ്ങിക്കിടന്നു .
തൊണ്ട വറ്റി വരണ്ടു .
വായടഞ്ഞു .
കൈകാലുകൾക്ക് തളർച്ച പിടിപെട്ടു .
മേപ്പിൾ ഇലകൾ വർണ്ണപ്പരവതാനി വിരിച്ച മണ്ണിലേക്ക് , കൂമ്പിയ മിഴികളോടെ ചെങ് ഷി നിശ്ചലം പതിച്ചു .
"ചെങ് ഷീ ..."
അലിവോടെയുള്ള ആ വിളിയിൽ മിഴികൾ തുറന്നു ചെങ് ഷി ചുറ്റിലും നോക്കി .വേദന തിങ്ങിയ മുഖത്തോടെ ഒരു സ്റ്റീൽ തളികയിൽ വെള്ളവുമായി അവളുടെ പ്രിയ സ്നേഹിത നിൽപ്പുണ്ടായിരുന്നു .ഉച്ചിയിൽ കറങ്ങുന്ന പങ്കയെ ദയനീയ ഭാവത്തോടെ നോക്കി ചെങ് ഷി കിടത്തം തുടർന്നു.
താൻ ജോലിചെയ്യുന്ന മദ്യശാലയുടെ ഉൾവശത്തെ മുറിയിലെ വീതികുറഞ്ഞൊരു കട്ടിലിലാണ് തന്റെ കിടത്തം എന്നവൾക്ക് ബോധ്യപ്പെട്ടു
"എന്തു പറ്റി ചെങ് ഷി ?
പെട്ടെന്നിങ്ങനെ തളർന്നുവീഴാൻ മാത്രം എന്തുണ്ടായി ? "
കഥയറിയാതെ ആട്ടം കാണുന്ന സ്നേഹിതയെ നോക്കി കണ്ണീർ പൊഴിച്ചു ചെങ് ഷി .
മുറിയുടെ വാതിലിന്റെ വിടവിലൂടെ മദ്യശാലയുടെ മുൻപിലായി അക്ഷമയും സമ്മർദവും പരന്നൊഴുകിയ മുഖവുമായി കൈകൾ കൂട്ടിത്തിരുമ്മി നിൽക്കുന്ന വൃദ്ധനെ അവൾക്ക് കാണാമായിരുന്നു.കട്ടിലിൽ കൈകൾ കുത്തി മെല്ലെയെണീറ്റ് നഗ്നപാദയായവൾ തെരുവിലേക്കിറങ്ങി ,വൃദ്ധന്റെ അരികിലേക്ക് ചെന്നു.
സ്വർണ്ണ ചായം പൂശിയ അവളുടെ നീളൻ തലമുടിയിൽ സൂര്യന്റെ വെളിച്ചം തട്ടി പ്രതിഫലിച്ചു .തെരുവിന്റെ ഇരു വശങ്ങളിലുമുള്ള ഭോജശാലകളും മറ്റു തൊഴിൽശാലകളുമെല്ലാം തിരക്കിലേക്ക് കൂപ്പു കുത്തിയിരുന്നു. തെരുവിന്റെ ഓരം അലങ്കരിച്ചിരുന്ന പൊങ്ക മരത്തിൽ ചാരി നിന്ന് ചുടു കണ്ണീർ വാർക്കുന്ന വൃദ്ധനു നേരെ നിർന്നിമേഷയായി ചെങ് ഷി നിന്നു.
"മിസ്സ് ..എന്റെ കൂടെ വരികയല്ലേ ?അറിയാമല്ലോ സായാഹ്‌നത്തിനു മുമ്പായി തന്നെ അവിടെ എത്തണം ."
ഇടർച്ചയോടെ തിമിരം മൂടിയ ചെറിയ കണ്ണുകൾ തുളുമ്പിക്കൊണ്ട് വൃദ്ധൻ പറഞ്ഞു .
"നിങ്ങൾ ഇപ്പോൾ പോകൂ .എനിക്ക് കുറച്ചു നേരം തനിച്ചിരിക്കണം .വൈകാതെ തന്നെ ഞാനെത്താം ."
മൂകത ഗർഭം ധരിച്ച വാക്കുകളോടെ അവൾ പറഞ്ഞു.
“ധൈര്യമായിരിക്കൂ “
ഇതും പറഞ്ഞുകൊണ്ട് വൃദ്ധൻ തിരിഞ്ഞുനടന്നു . ശരത്കാല കാറ്റേറ്റ് കട്ടിയേറെയില്ലാത്ത മണ്ണിന്റെ നിറമുള്ള അയാളുടെ മേൽക്കുപ്പായം വശങ്ങളിലേക്ക് പറക്കുന്നുണ്ടായിരുന്നു .
വൃദ്ധൻ കണ്ണിൽനിന്നും മറഞ്ഞപ്പോൾ മദ്യശാലയിലേക്ക് തന്നെ തിരികെ കയറിയ ചെങ് ഷി യെ നോക്കി ഉയരം കുറഞ്ഞു തടിച്ച മാനേജർ നിൽപ്പുണ്ടായിരുന്നു
"ഇടപാടുകാർ വരുന്നത് നീ കണ്ടില്ലേ ..ആരോടാണ് അവിടെ സംസാരം ? വേഗം പോയി ഗിത്താറുമായി വാ ..ഇടപാടുകാരെ മുഷിപ്പിക്കരുതെന്ന് ഇന്നലെയും യജമാനൻ പറഞ്ഞത് നീ കേട്ടതല്ലേ..."
മറുപടിയൊന്നും നൽകാതെ മദ്യശാലയുടെ മൂലയിലുള്ള തടിക്കസേരക്ക് നേരെ മിഴി നീട്ടിയവൾ നിന്നു .
"മാനേജർ ,ഇന്നത്തെ മുഴുവൻ ഷിഫ്റ്റും ഞാൻ ചെയ്തോളാം .ചെങ് ഷിക്ക്‌ പകരം ഞാൻ ഗിത്താർ വായിച്ചോളാം.അവളെ വിശ്രമിക്കാൻ അനുവദിക്കണം."
ചെങ് ഷിയുടെ സ്നേഹിതയുടെ കരുണാർദ്രമായ വാക്കുകളെ തിരസ്കരിക്കാനുള്ള ന്യായങ്ങൾ പരതാനാവാതെ,ദേഷ്യത്തോടെ മാനേജർ ഏതോ ഇടപാടുകാരനു നേർക്ക് നടന്നു .
കണ്ണീരിൽ പൊതിഞ്ഞ നന്ദി സ്നേഹിതക്കായി നൽകിക്കൊണ്ട് ചെങ് ഷി വീണ്ടും മുറിയിലേക്ക് കയറി.
"ആരെ കാണാനാണു നീ ഇപ്പോൾ പുറത്തേക്കു പോയത് ?എന്തു പറ്റി ? ഞാൻ ആരെയും കണ്ടില്ലല്ലോ അവിടെ ?"
ചോദ്യശരങ്ങൾ ഏൽക്കാതെ കുമ്പിട്ടിരിക്കുകയായിരുന്നു ചെങ് ഷി .
"ങും .ശരി നീ വിശ്രമിക്കൂ.എന്താവശ്യം വന്നാലും എന്നോട് പറയണം "
അയഥാർത്ഥമായ കൺപീലികൾ കൺപോളകളിൽ ഒട്ടിച്ചു വെക്കുന്നതിനിടയിൽ സ്നേഹിത പറഞ്ഞു ,ശേഷം ഗിത്താറുമായി മുറിവിട്ടിറങ്ങി.
ഏകയായിരുന്നപ്പോഴും ചെങ് ഷി യുടെ മനം ശൂന്യമായിരുന്നു .വാക്കുകളും ചിന്തകളും കയ്യെത്താ ദൂരത്തേക്ക് വഴിമാറി പോകുന്നുണ്ടായിരുന്നു .ആർത്തു മിടിച്ചിരുന്ന ഹൃദയം ഇപ്പോൾ മിടിക്കാൻ മറന്ന പോലെ .അവൾ നെഞ്ചിൽ കൈകൾ വെച്ചു ..
ഇല്ല . ഹൃദയം അവിടെയില്ല.
വാനിറ്റി ബാഗിൽ നിന്നും ഫോണെടുത്തു തലേരാത്രിയിലെ ആ സന്ദേശം അവൾ ഒരാവർത്തികൂടി വായിച്ചു .
"പ്രിയപ്പെട്ടവളെ,എനിക്ക് നിന്നെ കാണണം,എത്രയും വേഗം.നാളത്തെ സായാഹ്നം നമുക്കൊന്നിച്ചു ചെലവഴിക്കണം.ഞാൻ കാത്തിരിക്കുന്നു .നിന്റെ മനോഹരമായ പൂർണകായചിത്രം ചില്ലുകൂട്ടിലേക്ക് പ്രതിഷ്ഠിക്കാനായെന്ന് എന്റെ മനസ് പറയുന്നു."
അവളിലെ നോവിനെ ഈ വാചകങ്ങൾ കുത്തി വേദനിപ്പിച്ചു .
മാസങ്ങളോളം നീണ്ട കാത്തിരിപ്പിന്റെ സായാഹ്നമായിരുന്നു ഇന്ന് .
ആദ്യമായി ജിയാ ലിങിനെ കണ്ടനാൾ അവളോർത്തു.ഗിത്താർ വായിച്ചു ഇടപാടുകാർക്കിടയിലൂടെ നടന്ന പതിനൊന്ന് മാസങ്ങൾക്കുമുമ്പത്തെയാ ഉച്ചസമയം.
മദ്യശാലയുടെ ഇടത്തേ മൂലയിൽ ഉള്ള തടിക്കസേരയിൽ ,മുമ്പിലുള്ള വട്ടമേശയിൽ കൈകളൂന്നി ബീർ നുണഞ്ഞിരുന്ന സുന്ദരനായ ജിയാ ലിങ്‌ .മേശമേൽ നിരത്തി വെച്ച ചതുരംഗപ്പലകയിലെ കരുക്കളെ ആവേശത്തോടെ അയാൾ നീക്കുന്നുമുണ്ടായിരുന്നു .കറുത്തകരുക്കളെയും ,വെളുത്ത കരുക്കളെയും ഒരുപോലെ നയിക്കുന്ന ജിയാ ലിങിനെ കുസൃതിയോടെയാണ് അവൾ നോക്കികണ്ടത് .
സാധാരണ വടക്കൻ പ്രവിശ്യയിലുള്ള ചൈനക്കാരെ പോലെയായിരുന്നില്ല അയാൾ .തോളറ്റം വരെ നീട്ടി വളർത്തിയ,ഒഴുകുന്ന മുടിയിഴകളും പച്ചവളയം ചുറ്റുമുള്ള തവിട്ടു നിറത്തിലുള്ള കണ്ണുകളും അയാളെ ശ്രദ്ധിക്കാൻ ചെങ് ഷിയെ നിർബന്ധിതയാക്കി . മധ്യപ്രായം താണ്ടിയ ദേഹത്തെ നീല ടീഷർട്ട് അലസമായി ധരിപ്പിച്ചിരുന്നു .
ഏറെ വൈകാതെ മദ്യശാലയിലെ സ്ഥിരം ഇടപാടുകാരനായി മാറി അയാൾ .വീര്യം കുറഞ്ഞ ബീർ നുണഞ്ഞു,ചതുരംഗപ്പടയോട് മല്ലിടലായിരുന്നു അയാളുടെ വിനോദം .
തന്നിലേക്ക് തുളഞ്ഞുകയറുന്ന ഗിത്താറേന്തിയ സുന്ദരിയുടെ മിഴിമുനകളെ അയാൾ തിരിച്ചറിയുന്നുണ്ടായിരുന്നു .ആഴ്ചകൾക്ക് ശേഷമുള്ള ദിനങ്ങളിൽ ,ചതുരംഗപ്പലകയിലെ ഒരു സഖ്യം ചെങ് ഷിയുടേതായി അവൾക്ക് തോന്നിയിരുന്നു .വെളുത്ത കരുക്കൾ നീക്കുമ്പോഴും,കറുത്ത കരുക്കളെ തട്ടി താഴേക്കിടുമ്പോഴും അയാൾ ഇളം ചിരിയോടെ അവളെ നോക്കുന്നതിൽ നിന്ന് ആ കാര്യം ബോധ്യപ്പെട്ടിരുന്നു.
ശേഷം ചതുരംഗപ്പലകയുമേന്തി ,തന്നെ കണ്ട ഭാവം നടിക്കാതെ മദ്യശാല വിട്ടുപോകുന്ന ജിയാ ലിങ്‌ എന്നും അവൾക്ക് അത്ഭുതമായിരുന്നു .കഴിഞ്ഞ ശൈത്യ കാലത്തായിരുന്നു അയാളെ മദ്യശാലയിൽ വച്ചല്ലാതെ അവൾ ആദ്യമായി കണ്ടത്.
മരം കോച്ചുന്ന ആ തണുപ്പിൽ ,കട്ടിയുള്ള കാലുറകളും ,രോമക്കുപ്പായവും ചെവിയടക്കം മൂടുന്ന രോമ തൊപ്പിയും ധരിച്ച് വൻമതിൽ കയറിയ ആ നാൾ ..
ചാറ്റൽ മഴപോലെ പെയ്യുന്ന മഞ്ഞിൻകണങ്ങളെ തട്ടിത്തെറിപ്പിക്കുന്ന മകന്റെ വികൃതിക്ക് പിറകെ തെന്നി വീഴാതെ ഓടുമ്പോഴാണ് ആൾക്കൂട്ടത്തിൽ നിന്നും മാറി മഞ്ഞുപുതച്ച വൻമതിലിന്റെ ചാരത്ത് കൈകൾ കൂട്ടിപ്പിടിച്ച് ,കട്ടിയുള്ള കറുത്ത കോട്ടും ധരിച്ച് വാനത്തേക്ക് ഉറ്റുനോക്കുന്ന ജിയാ ലിങ്‌ നെ അവൾ കണ്ടത്.
“എക്സ്ക്യൂസ് മീ ..എന്നെ മനസ്സിലായോ “
വർധിച്ച ആവേശത്തോടെയായിരുന്നു ചെങ് ഷി അയാളെ സമീപിച്ചത് .കൺപീലിയിലേക്ക് പെയ്തു വീണ മഞ്ഞുതുള്ളികളെ വിരലുകളാൽ തട്ടിത്തെറിപ്പിച്ച് ,ഒന്നും മിണ്ടാതെ തല വെട്ടിച്ചയാൾ തിരിഞ്ഞു നടന്നു .നിരാശയിൽ പൂഴ്ത്തിയ മഞ്ഞിൻ കണങ്ങളെയായിരുന്നു ആ ശൈത്യകാലം മുഴുവൻ പിന്നെയവളെ ഓർമിപ്പിച്ചത്.
തിരക്കേറിയ വീഥികളിലും ,ഇരുട്ടിൽ മുങ്ങിയ തെരുവിന്റെ ഓരങ്ങളിലും പലപ്പോഴായി വീണ്ടും കണ്ടുവെങ്കിലും ചെങ് ഷിയിൽ നിന്നും അയാൾ അകന്നു മാറുകയായിരുന്നു .എന്നാൽ ,മദ്യശാലയിൽ വെച്ചു പതിവുപോലെ തനിക്കു നേരെ കണ്ണുകൾ എറിയുന്ന ജിയാ ലിങ്‌ ന്റെ സ്വഭാവം അവളിൽ ഏറെ കൗതുകം ജനിപ്പിച്ചു കഴിഞ്ഞിരുന്നു .എന്നാൽ മദ്യശാല വിട്ടിറങ്ങുന്നതോടെ അനേകം ചോദ്യങ്ങളുടെ മേലങ്കിയണിഞ്ഞ വ്യത്യസ്ത മനുഷ്യനായി അയാൾ പരിണമിക്കുന്നത് അവൾ അറിഞ്ഞു .
പല രാത്രികളിലും ചെങ് ഷിയുടെ ചിന്തകൾ ജിയാ ലിങ്ങിനെ ചുറ്റിപ്പിണഞ്ഞായിരുന്നു .വല്ലാത്തൊരു പ്രത്യേകതയും ഇഷ്ടവും അവൾക്ക് അയാളോട് തോന്നിത്തുടങ്ങിയിരുന്നു .അയാളുടെ കണ്ണുകൾ അവളെ മോഹിപ്പിച്ചു .ഇടക്കെപ്പോഴോ കണ്ണിലുടക്കിയ ,ചുമരിൽ ഞാത്തിയ ഭർത്താവിന്റെ ചിത്രം മനസ്സിലേക്ക് കടന്നുവന്നപ്പോൾ പ്രണയം സങ്കടമായി അരികെ ചേർന്നു കിടക്കുന്ന മകന്റെ നെറ്റിത്തടങ്ങളിലേക്ക് പെയ്തിറങ്ങി ..
എല്ലാമാസങ്ങളിലേയും പോലെ കച്ചവടത്തിനായി ഫലവർഗ്ഗങ്ങൾ അടങ്ങിയ ട്രക്കുമായി അയൽ പ്രവിശ്യയിലേക്ക് പുറപ്പെട്ടതായിരുന്നു അഞ്ചുവർഷങ്ങൾക്കു മുമ്പ് അവളുടെ ഭർത്താവ് . പേൾ നദിയിലേക്ക് പതിച്ച ട്രക്കിൽ നിന്നും ഫലവർഗ്ഗങ്ങൾ നദിയുടെ മുകൾത്തട്ടിൽ ഒഴുകി ക്കിടന്നെങ്കിലും നദിയുടെ അടിത്തട്ടിലേക്കാണ്ട ചെങ് ഷിയുടെ ഭർത്താവിനെ പിന്നെ ആരും കണ്ടിട്ടില്ല .
കണ്ണീർ നനച്ച ഓർമകളുമായി ഉറക്കത്തിലേക്ക് വഴുതിവീണെങ്കിലും,ഇടക്കെപ്പോഴോ ഭർത്താവിന്റെ ദൃശ്യങ്ങൾ ഓർമക്കൊട്ടകയിൽ നിന്നും എടുത്തുമാറ്റി അവിടെ ജിയാ ലിങ്ങിന്റെ ചിത്രം പ്രദർശനം ആരംഭിച്ചിരുന്നു.
ഇടമുറിയാത്ത ഒഴുക്കുപോലെ ജിയാ ലിങ്‌ മദ്യശാലയിലേക്ക് വന്നുകൊണ്ടേയിരുന്നു .വളരെ പ്രസന്നവദനനായായിരുന്നു എട്ട് മാസങ്ങൾക്ക് മുൻപുള്ള ആ വേനൽച്ചൂടിൽ അയാൾ അവിടേക്ക് വന്നത് . മദ്യശാലയിലേക്ക് പ്രവേശിക്കാതെ ചെങ് ഷിയുടെ ജോലിസമയം തീരുവോളം ക്ഷമയോടെ മദ്യശാലക്ക് മുമ്പിലുള്ള പൊങ്ക മരത്തിൽ ചാരി അയാൾ നിന്നു.വാക്കുകളാൽ പറഞ്ഞില്ലെങ്കിലും അവൾക്ക് മനസ്സിലായിരുന്നു ആ കാത്തിരിപ്പിന്റെ ദൂരം അവളിലേക്കാണെന്ന് .
ജോലി തീർത്ത് പുറത്തേക്കിറങ്ങിയ അവൾക്ക് നേരെ അയാൾ കുതിച്ചെത്തി .
"ചെങ് ഷി ..എന്റെ കൂടെ അല്പനേരം സംസാരിച്ചിരിക്കാമോ ?
കൈവിരലുകൾ ഞൊടിച്ചു കൊണ്ട് അയാൾ ചോദിച്ചു .
മുഖവുരയില്ലാതെയുള്ള ആ ചോദ്യവും അയാൾക്ക് തൻറെ പേരറിയാം എന്ന വസ്തുതയും അവളിൽ സുഖമുള്ള ഞെട്ടലുളവാക്കി.
ഉള്ളിൽ അലയടിച്ച ആഹ്ലാദക്കടലിനെ അടക്കിവെച്ചു , അയാൾ എന്ന ചോദ്യത്തെ അറിയാനുള്ള ജിജ്ഞാസയോടെ അവൾ സമ്മതം മൂളി .തെരുവിലുള്ള ഒരു കോഫി ബാറിലേക്ക് അയാളോടൊത്തവൾ നടന്നു .ഉച്ചനേരമായത് കൊണ്ട് ആരും ഇല്ലായിരുന്നു .മൂലയിലെ ചില്ലിട്ട മേശയുടെ ഇരുവശങ്ങളിലുമായി അവർ ഇരിപ്പുറപ്പിച്ചു.
രണ്ടു തണുത്ത കാപ്പിക്കുള്ള നിർദ്ദേശം സ്വീകരിച്ചപ്പോൾ കോഫി ബാറിലെ പരിചാരകന്റെ മുഖത്തുണ്ടായ ആശ്ചര്യം അവളിൽ ചിരിയുണർത്തി .അവർ കാപ്പിക്കപ്പുകൾ ചുണ്ടോടടുപ്പിച്ചു നുണയുമ്പോഴും ,ഒഴിഞ്ഞുമാറി പരിചാരകൻ വീക്ഷിക്കുന്നത് അവൾ കണ്ടു.
"എന്നും ഒറ്റയായ ഇവൾക്ക് ഇന്ന് ഒരു കൂട്ടോ "
എന്ന അത്ഭുതം ആവാം അവന്റെ മുഖത്തെന്ന് അവൾ അനുമാനിച്ചു .
“മിസ്റ്റർ ,താങ്കൾക്കെന്താണ് എന്നോട് സംസാരിക്കാനുള്ളത് “
മൗനത്തിന്റെ കുമിളകൾ പൊട്ടിച്ചു കൊണ്ട് ചെങ് ഷി ചോദിച്ചു .
"എനിക്ക് നിങ്ങളോട് വല്ലാത്ത അടുപ്പം തോന്നുന്നു .നമ്മൾ തമ്മിൽ സംസാരിച്ചില്ലെങ്കിലും,അടുത്തിടപഴകിയില്ലെങ്കിലും നിങ്ങളെക്കുറിച്ചുള്ള ഓർമ്മകളാണ് എപ്പോഴും എന്റെ മനസ്സിൽ.”
പരവേശം നിറഞ്ഞ ശബ്ദത്തോടെയെങ്കിലും ചിരിക്കുന്ന കണ്ണുകളാലായിരുന്നു അയാളത് പറഞ്ഞത് .വെള്ളിനിറം പടർന്ന തോളറ്റം വരെയുള്ള മുടിയിഴകളെ കറുത്ത ചായം പുതപ്പിച്ചിട്ടുണ്ട് . അയാൾ സംസാരിക്കുമ്പോൾ പ്രായം തീർത്ത ചുളിവുകൾ കൺകോണുകളിൽ അലസമായി രേഖകളെ സൃഷ്ടിക്കുന്നുണ്ട് .
"എന്താ,താങ്കൾക്കെന്നോട് പ്രണയമാണോ ?"
തുടികൊട്ടുന്ന ഹൃദയത്തെ പിടിച്ചമർത്തി അവൾ ചോദിച്ചു .
"അരുത് ,വെറുമൊരു പ്രണയമായ് മാത്രം വാഴ്ത്തപ്പെടേണ്ട വികാരമല്ലിത് .നിങ്ങളോട് പ്രണയത്തിനുമപ്പുറം മറ്റെന്തെല്ലാമോ എന്റെ മനക്കണ്ണിൽ ഞാൻ കാണുന്നു."
ഇരിപ്പിടത്തിൽ നിന്നും അൽപം പൊങ്ങിയാണയാൾ അത് പറഞ്ഞത് .
"എനിക്ക് താങ്കളോട് ചിലതെല്ലാം ചോദിക്കാനുണ്ട് ,വിരോധമില്ലെങ്കിൽ ..."
"അതിനെന്താ ..ചോദിച്ചാലും .."
നാവിനാൽ മേൽചുണ്ട് തുടച്ചു കൊണ്ടയാൾ പറഞ്ഞു.
“താങ്കളെ മദ്യശാലയിൽ വെച്ചു കാണുമ്പോഴും ,പുറത്തെവിടെയെങ്കിലും വെച്ച് കാണുമ്പോഴും വളരെ വ്യത്യസ്തമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത് .ചിലപ്പോഴെല്ലാം അടുപ്പം കാണിക്കുന്ന ,മറ്റു ചിലപ്പോൾ വല്ലാതെ അവഗണിക്കുന്ന ഒരാളായി .. ഈ നേരം വളരെ അടുപ്പത്തോടെ ചിരിച്ചുകൊണ്ട് എന്നോടു സംസാരിക്കുമ്പോൾ താങ്കൾ എന്ന സമസ്യ എന്നെ ചുറ്റി വരികയാണ് ..”
ചോദ്യം കേട്ട അയാൾ പുഞ്ചിരിതൂകി ,അല്പനേരത്തേക്ക് നിശബ്ദനായി.
"ചെങ് ഷി ,ഞാൻ ഡോക്ടർ
ജിയാ ലിങ്‌ .തെക്കൻ പ്രവിശ്യയിലെ പ്രശസ്തമായ ആശുപത്രിയിലെ മനഃശാസ്ത്രജ്ഞൻ ആണ് .എന്റെ ജോലിയെക്കാളുപരി എന്റെ ശ്രദ്ധ മനശാസ്ത്രം എന്ന മേഖലയിലാണ് .പുതിയ എന്റെ പ്രബന്ധം തയ്യാറാക്കുന്നതിന്റെ പിറകിലുള്ള അലച്ചിലായിരുന്നു ഈ നാളുകളിലെല്ലാം .."
ഒരു മനഃശാസ്ത്രജ്ഞനു മുന്നിലാണ് താൻ ഇരിക്കുന്നതെന്ന ബോധം ചെങ് ഷിയെ തെല്ലസ്വസ്ഥയാക്കി.
അത് മനസ്സിലാക്കിയെന്നവണ്ണം ജിയാ ലിങ്‌ പറഞ്ഞു .
"പേടിക്കാതെ , സ്വസ്ഥമായിരിക്കൂ ..മനുഷ്യന്റെ കർണ്ണ പുടങ്ങളാൽ പിടിച്ചെടുക്കാൻ അസാധ്യമായ ശബ്ദവീചികളെ വിഘടിക്കാനുള്ള ഉപായം കണ്ടുപിടിക്കപ്പെട്ടു. അതുപയോഗിച്ചു ,ഭൂമിയിൽനിന്നും ദേഹം വിട്ടുയർന്ന ആത്മാക്കൾ നമ്മെ വലയം ചെയ്യുന്നുണ്ടോ എന്നറിയുന്നതിലാണ് എന്റെ പുതിയ പഠനം."
ആത്മാക്കൾ എന്നു കേട്ടതോടെ വാനിറ്റി ബാഗ് നെഞ്ചോടുചേർത്ത് ചെങ് ഷി പിടഞ്ഞെണീറ്റു .
"എനിക്കു പോകണം .ക്ഷമിക്കണം .,എനിക്കിതൊന്നും മനസ്സിലാക്കാനുള്ള അറിവില്ല."
രണ്ടു കാപ്പിക്കുള്ള പണം കോഫി ബാറിലെ പരിചാരകന്റെ കയ്യിലേക്ക് തിരുകുമ്പോഴും അയാളുടെ മുഖത്തു കണ്ട അത്ഭുത ഭാവം അവളുടെ മനസ്സിനെ ലഘുവാക്കി .അയാൾക്ക് ചെറുചിരി സമ്മാനിച്ച് ശീതീകരിച്ച കോഫി ബാറിൽ നിന്നും അവൾ വെയിലിലേക്ക് ഇറങ്ങിയപ്പോൾ ജിയാ ലിങ്‌ പിറകെ ഓടി എത്തിയിരുന്നു.
ചിനാർ മരങ്ങൾ തണലിന്റെ കുടചൂടി നിൽക്കുന്ന പാതയിലൂടെ ധൃതിയിൽ കൊലുന്നനെയുള്ള കാലുകളെ ചലിപ്പിച്ചു അവൾ നീങ്ങി .പെട്ടെന്നെന്തോ ഓർത്ത പോലെ നിന്നു,പുറകിലേക്ക് നോക്കി .അയാൾ അവൾക്കരികിലേക്ക് എത്തിയിരുന്നു ..
"ക്ഷമിക്കണം .കുറച്ചു കാര്യങ്ങൾ കൂടി അറിഞ്ഞാൽ കൊള്ളാം .ചതുരംഗപ്പലകയിൽ കരുക്കൾ നീക്കുമ്പോൾ നിങ്ങൾക്കെതിരിൽ കളിക്കാൻ ആരായിരുന്നു ?
അന്ന് ,ശൈത്യ കാലത്ത് വന്മതിലിൽ ചുറ്റിപ്പിണഞ്ഞു ,വാനത്തേക്ക് നോക്കി നിങ്ങൾ നിന്നതെന്തിനായിരുന്നു ?
എന്തിനായിരുന്നു ഒരിക്കൽ പോലും പുറത്തു കാണുമ്പോൾ എന്നോട് സംസാരിക്കാത്തിരുന്നത് ?"
ചോദ്യം തീർന്നപ്പോഴേക്കും ജിയാ ലിങ്ങിന്റെ അധരങ്ങളിൽ കുസൃതി നിറഞ്ഞ ഒരു ചിരി വിടർന്നിരുന്നു .പേരറിയാത്ത ഏതോ ഒരു പക്ഷി ചിനാർ മരച്ചില്ലകളിലിരുന്ന് പാട്ടു പാടുന്നുണ്ടായിരുന്നു .
"ഞാൻ പിന്തുടർന്നു വന്ന ആത്മാവിനോടൊപ്പമായിരുന്നു ചതുരംഗം കളിച്ചത് .ഞാൻ പറഞ്ഞല്ലോ ആത്മാക്കൾ പുറപ്പെടുവിക്കുന്ന പ്രത്യേക ശബ്ദവീചികളെ മനസ്സിലാക്കാനായാൽ എനിക്കവയോട് സംവദിക്കാനാവും "
"പക്ഷേ... നിങ്ങൾ ഓരോ വെള്ളക്കരുക്കൾ നിൽക്കുമ്പോഴും എന്റെ മുഖത്തേക്ക് ആയിരുന്നല്ലോ നോക്കിയിരുന്നത് .ഞാൻ ചിന്തിച്ചത് ....നിങ്ങളെന്നോട് ...."
അവൾ ജാള്യതയോടെ സംസാരം നിർത്തി.
“ശരിയാണ് ,നിങ്ങൾക്ക് നേരെ നോക്കിയാണ് കളിച്ചത് .കാരണം ഓരോ ഇടവേളകളിലും ആത്മാവ് നിങ്ങൾക്ക് സമീപത്ത് കൂടിയായിരുന്നു സഞ്ചരിച്ചിരുന്നത് ."
ചെങ് ഷിക്കുണ്ടായ ഞെട്ടൽ ആ ചെറിയ കണ്ണുകളിൽ സ്പഷ്ടമായിരുന്നു.
“ശൈത്യകാലത്ത് എന്നോട് യാത്ര പറഞ്ഞുയർന്ന ആത്മാവിനോട് ഞാൻ വിട പറയുന്ന വേളയായിരുന്നു ..ഊണും ഉറക്കവുമില്ലാതെ ഞാനെൻറെ പഠനത്തിന്റെ പിറകേയായിരുന്നു ..നിങ്ങളോട് സംസാരിക്കാഞ്ഞതോ ,ചോദ്യത്തോട് ക്ഷോഭത്തോടെ പ്രതികരിച്ചതോ ഞാൻ ഓർക്കുന്നില്ല ..ആത്മാക്കളുടെ സാന്നിധ്യത്തിലാവുമ്പോൾ എന്റെ മട്ട് തികച്ചും വ്യത്യസ്തമായിരിക്കും .ക്ഷമിക്കണം."
നിഷ്കളങ്കതയുടെയും അവിശ്വാസത്തിന്റെയും തിളങ്ങുന്ന പട്ടിൽപൊതിഞ്ഞ ജിയാ ലിങ്ങിന്റെ വാക്കുകളെ കയ്പുള്ള ചിരിയോടെ ചെങ് ഷി സ്വീകരിച്ചു .
മനസിനെ പിടിച്ചു കുലുക്കും വിധം എന്തോ ഒന്ന് കാലം തനിക്കായി അയാളിൽ കാത്തു വെച്ചിട്ടുണ്ട് അവൾക്കുതോന്നി .പരസ്പരം മനസ്സിലാക്കലിന്റെ നാളുകളായിരുന്നു പിന്നീടങോട്ട് .ചെങ് ഷിക്കു പിടിതരാത്ത തത്വശാസ്ത്രവും , മനഃശാസ്ത്രവും മൊഴിഞ്ഞ നാവുകളാൽ പ്രകൃതിയെയും ,സംഗീതത്തെയും പറ്റി കുസൃതിയോടെ പറയുന്ന മറ്റൊരു ജിയാ ലിങ്ങിലേക്കയാൾ അതിവേഗം മാറിയിരുന്നു.
താഴ്‌വരയിലെ നദീതീരത്തുള്ള അയാളുടെ വീട്ടിലേക്ക് ആദ്യമായി പോയനാൾ ആയിരുന്നു കൂർത്ത മുഖവും വടിച്ചെടുത്തതോ കഷണ്ടി ബാധിച്ചതോയെന്ന് തിരിച്ചറിയാനാകാത്ത തലയുമായുള്ള, മിതഭാഷിയായ ,ജിയാ ലിങ്ങിന്റെ സഹായിയായ ആ വൃദ്ധനെ അവൾ കണ്ടത് .
വൃത്തിയോടെ പരിപാലിച്ചിരുന്ന വീടിൻറെ നല്ലൊരോഹരിയും കവർന്നത് പുസ്തകങ്ങളായിരുന്നു .അയാളുമായി ഇടപഴകുന്തോറും അയാളുടെ ചിന്ത, പ്രവർത്തി ,പെരുമാറ്റം എല്ലാം വളരെ അന്തസ്സുറ്റതാണെന്ന് അവൾക്ക് മനസ്സിലാക്കാനായി.
മറ്റൊരു നാൾ ,വൃദ്ധനെ തഴഞ്ഞു വെണ്ണ ചേർത്ത ഡംപ്ലിംഗ്സും ,താറാവ് ചുട്ടതും ,കൂണും സോയ പയറും സംയോജിപ്പിച്ച സൂപ്പും അവൾ ജിയാ ലിങ്ങിനായി തയ്യാറാക്കി.
ചോപ്പ്സ്റ്റിക്കിനാൽ താറാവിറച്ചി വായിലേക്കിട്ട് ,ചവക്കുമ്പോൾ അവളുടെ കരം ഗ്രഹിച്ചു കൊണ്ട് അയാൾ പറഞ്ഞു ..
"അമ്മക്ക് ശേഷം സ്നേഹത്തോടെ എനിക്കായി വെച്ചു വിളമ്പിയ ഈ കൈകളിലെ പിടുത്തം വിടുവിക്കാൻ ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല."
“ജിയാ ലിങ് ,താങ്കൾക്ക് ആരോടും പ്രണയം തോന്നിയിരുന്നില്ലേ ?
വിവാഹജീവിതം ആവശ്യമെന്ന് ചിന്തിച്ചില്ലേ ഒരിക്കലും ?"
അയാളുടെ കണ്ണുകളിലേക്ക് നോക്കി അവൾ ചോദിച്ചു .
“ഞാൻ അന്വേഷിച്ച പ്രണയം ഒരിക്കലും എന്നെ തേടിയെത്തിയില്ല ചെങ് ഷി ..കെട്ടുപിണഞ്ഞുകിടക്കുന്ന വികാരങ്ങളുടെ സമ്മിശ്രരൂപമല്ല എനിക്ക് പ്രണയം .അത് തെളിനീർ പോലെ ഇടതടവില്ലാതെ ധാരയായി ഒഴുകണം ."
ചെങ് ഷിയുടെ ഉള്ളം വിറച്ചു .
'നിന്നെ ഞാൻ പ്രണയിക്കുന്നു' എന്ന വാക്കുകൾ ഉതിർന്നേക്കാമെന്ന പ്രതീക്ഷ അസ്ഥാനത്തായി. നിരാശയോടെ അവൾ ചോദിച്ചു ..
" താങ്കൾക്ക് എന്നോട് ഒരിക്കലും പ്രണയം തോന്നിയിരുന്നില്ലേ ?"
മേശമേൽ കൈമുട്ടുകൾ കുത്തി ,മുന്നോട്ടാഞ്ഞ് അയാൾ പറഞ്ഞു .
"നിന്നോടെനിക്ക് പല വികാരങ്ങളും തോന്നുന്നുണ്ട് ചെങ് ഷി .അതിൽ കറ പുരളാത്ത പ്രണയം മാത്രം അരിച്ചെടുക്കാനാവണം എനിക്ക് .അതിനായി യത്നിക്കാൻ ഞാനില്ല .ഈ താഴ്‌വാരത്തെ തഴുകുന്ന നനുത്ത കാറ്റു പോലെ നിന്നോടുള്ള പ്രണയം എന്നിലേക്ക് വന്നു ചേരണം."
“എനിക്കറിയാം ,എന്റെ കുഞ്ഞു മകനായിരിക്കും പ്രണയത്തിന്റെ ആ ഒഴുക്കിനെ നിങ്ങളിൽ നിന്നും തടയിടുന്നത് .."
നിറമിഴികളോടെ അവൾ പറഞ്ഞു.
ജിയാ ലിങ് എണീറ്റ് ചെങ് ഷിയുടെ വട്ടമുഖം കൈകുമ്പിളിൽ എടുത്തു ,നനഞ്ഞ കണ്ണുകളിലേക്ക് സാകൂതം നോക്കി പറഞ്ഞു..
" നിനക്കെന്നോടുള്ള പ്രണയം ഞാൻ അറിയൂന്നുണ്ട് ചെങ് ഷി .എനിക്ക് മനസ്സിലാകുന്നുണ്ട് നിൻറെ ഹൃദയം മിടിക്കുന്നത് പോലും എനിക്കും നിന്റെ കുഞ്ഞു മകനും വേണ്ടി മാത്രമാണെന്നും ..നീ സ്നേഹിക്കുന്ന എന്തിനെയും എന്റേതായി സ്നേഹിക്കാൻ എനിക്കാകും ..എന്നെ വിശ്വസിച്ചാലും.."
“എന്റെ സിരകളിലേക്ക് നിന്നോടുള്ള പ്രണയം ആളിപ്പടരുന്ന ആ ദിനം ,ഈ കാണുന്ന ചില്ലിട്ടു വെച്ച ക്രിസ്തുവിന്റെ ചിത്രത്തിന് പകരം നിന്റെ പൂർണ്ണകായ ചിത്രം ഞാൻ അവിടെ പ്രതിഷ്ഠിക്കും .അതിനായുള്ള കാത്തിരിപ്പിലാണ് ഞാൻ ..എന്റെ അബോധമനസ്സിലെ പ്രണയത്തിൻറെ ഉണർച്ചക്കായി ..."
സ്വീകരണമുറിയുടെ മധ്യഭാഗത്തായുള്ള ചുവരിനോട് ചേർന്ന് ചില്ലു കൂട്ടിലുള്ള ഒരാൾപ്പൊക്കത്തിലെ ക്രൂശിതനായ ക്രിസ്തുവിൻറെ രൂപത്തിലേക്ക് ചൂണ്ടി മന്ദഹാസത്തോടെ അയാൾ പറഞ്ഞു.
പിന്നീടങ്ങോട്ട് അങ്കലാപ്പോടെയുള്ള കാത്തിരിപ്പിന്റെ ദിനങ്ങളായിരുന്നു ..
സ്വീകരണമുറിയിലെ ചില്ലിട്ട ചിത്രമാകാൻ ..
അയാളുടെ പ്രണയഭാജനമാകുവാൻ ..
മടിയിൽ തല വെച്ച് കിടക്കുന്ന ജിയാ ലിങ്ങിന്റെ മുടിയിഴകളിലൂടെ വിരലുകളോടിക്കാൻ ...
വിരിഞ്ഞ ആ നെഞ്ചിൽ മുഖം പൂഴ്ത്തി ശബ്ദമില്ലാതെ കരഞ്ഞു ദുഃഖഭാരം ഇറക്കാൻ ..
പക്ഷേ ...
ഓർമ്മച്ചൂടിനാൽ ചെങ് ഷി വിയർത്തു .മുരണ്ടു കറങ്ങുന്ന പങ്കയുടെ കാറ്റേറ്റ് അവളുടെ മുടിയുലഞ്ഞു . തലേരാത്രിയിൽ ജിയാ ലിങ്‌ അയച്ച സന്ദേശത്തിലെ ആ ഭാഗം ഒരാവർത്തികൂടി അവൾ വായിച്ചു .
"നിന്റെ പൂർണകായചിത്രം ചില്ലിട്ട് വെക്കാനുള്ള സമയമായി "
കാതോരം ചേർന്ന് നിന്നു ജിയാ ലിങ്‌ പറയും പോലെ തോന്നി അവൾക്ക് .സന്ദേശം ലഭിച്ചതുമുതൽ കാത്തിരിപ്പായിരുന്നു .സ്വപ്നങ്ങൾ പുലരാൻ പോകുന്ന സായാഹ്നത്തെയോർത്ത് അവൾ ഉറങ്ങാതിരുന്നു. ഇന്ന് രാവിലെ മദ്യശാലയിലേക്കുള്ള വഴിയെ ജിയാ ലിങ്ങിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല .അയാളുടെ സ്വഭാവം വ്യക്തമായി അറിയുന്നതുകൊണ്ട് അവൾക്ക് പ്രത്യേകിച്ചൊന്നും തോന്നിയതുമില്ല .കാത്തിരിപ്പിന്റെ ഉത്സാഹത്തിൽ മൂളിപ്പാട്ടുമായി ഇന്ന് രാവിലെ മദ്യശാലയിലേക്ക് ഗിത്താറുമായി അവൾ പുറപ്പെട്ട വഴിയിലായിരുന്നു മേപ്പിൾ മരത്തിൻറെ താഴെ തനിക്കായി കാത്തുനിൽക്കുന്ന വൃദ്ധനെ കണ്ടത് .
“നിങ്ങളെന്താ ഇവിടെ ?
തീർത്തും അത്ഭു ത മായിരിക്കുന്നല്ലോ ?എന്നോടൊപ്പം മദ്യശാലയിലേക്ക് വരൂ ..എന്തെങ്കിലും പറയാനായി ജിയാ ലിങ്‌ അയച്ചതാണോ നിങ്ങളെ ?"
പുഞ്ചിരിയോടെ അവൾ വൃദ്ധനോട് ചോദിച്ചു .കോഫി ബാറിലെ പരിചാരകൻ തങ്ങൾക്ക് നേരെ തുറിച്ചു നോക്കുന്നത് അവൾക്ക് കാണാമായിരുന്നു .
തല കുനിച്ചു ,കൈകൾ കെട്ടി ദുർബലമായ സ്വരത്തിൽ വൃദ്ധൻ പറഞ്ഞു ...
"മിസ് ..മാസ്റ്റർ മരണപ്പെട്ടു .ഇന്നു പുലർച്ചെ പതിവായുള്ള പ്രഭാതസവാരിക്കായി അദ്ദേഹത്തെ ഉണർത്താൻ ചെന്നപ്പോൾ ദേഹം നിശ്ചലമായിരുന്നു ."
അവളുടെ കണ്ണുകളിൽ ഇരുട്ട് പരക്കാൻ തുടങ്ങിയിരുന്നു .സായാഹ്നത്തിൽ സാക്ഷാത്കരിക്കാനിരുന്ന പ്രണയത്തിനായി കാത്തുനിൽക്കാതെ ജിയാ ലിങ്‌ വിട വാങ്ങിയിരിക്കുന്നു ..കുസൃതികൾ നിറഞ്ഞ ആ മുഖം ഇനിയൊരിക്കലും തനിക്കു മുൻപിൽ ഇല്ല ...
“ക്രിസ്തീയ ആചാരപ്രകാരം സായാഹ്ന ത്തോടെ സെമിത്തേരിയിൽ അടക്കം ചെയ്യാനാണ് തീരുമാനം ."
ഭാവവ്യത്യാസമില്ലാതെ വൃദ്ധൻ പറഞ്ഞത് കേട്ടപ്പോഴേക്കും ചെങ് ഷി നിലം പതിച്ചിരുന്നു.
ജിയാ ലിങ്‌ ഇനിയില്ലെന്ന സത്യത്തെ ഉള്ളിലേക്കാവാഹിച്ച് ആ ചെറിയ മുറിയിൽ ഇരുന്നവൾ ഉറക്കെ കരഞ്ഞു.കരച്ചിൽകേട്ട് മുറിയിലേക്ക് വന്ന സ്നേഹിതയെ കണ്ടപ്പോൾ വേഗം മിഴികൾ തുടച്ചു ,മടമ്പ് പൊന്തിയ പാദുകങ്ങൾ വലിച്ചിട്ട് ,മുട്ടറ്റം വരെയുള്ള ചുവന്ന ഉടുപ്പ് വലിച്ചു നേരെയാക്കി.
"എനിക്കൊരിടം വരെ പോവണം ..ഞാനിറങ്ങട്ടെ .."
ചിലമ്പിച്ച ശബ്ദത്തോടെ ,വാനിറ്റിബാഗ് മാറോട് ചേർത്ത് അവൾ വെളിയിലേക്കിറങ്ങി.
ജിയാ ലീങ്ങുമായി നടന്ന വീഥികളിലൂടെ ഒറ്റക്കുള്ള യാത്ര അവളുടെ മനസ്സിനെ പൊള്ളിയ്ക്കുന്നുണ്ടായിരുന്നു. സംശയദൃഷ്ടിയാൽ നോക്കുന്ന കോഫി ബാറിലെ പരിചാരകനെ അവൾ അവഗണിച്ചു .പഴുത്ത ചെറിപ്പഴങ്ങളുടെയും സബർജൻ പഴങ്ങളുടെയും ഗന്ധം കലർന്ന കാറ്റിൽ ഒഴുകി അവൾ കത്തീഡ്രലിനു നേരെ നടന്നു .വഴിയോര കച്ചവടക്കാരിയിൽ നിന്നും വാങ്ങിയ ചുവന്ന പനിനീർ പൂക്കൾ മാറോട് ചേർക്കുമ്പോൾ അവളിൽ നിന്നുമുതിർന്ന മിഴിനീർ പൂക്കളെ നനച്ചു.
ബൊഗെയ്ൻ വില്ലകൾ തിങ്ങിയ കത്തീഡ്രലിന്റെ കരിങ്കൽ മതിലിന്റെ നടുവിലായുള്ള കൂറ്റൻ കവാടം കടന്ന് സെമിത്തേരിക്ക് നേരെ പ്രവേശിച്ചപ്പോൾ ചോരപൊടിഞ്ഞ ഹൃദയത്തിന്റെ താളമിടിപ്പുകൾ കൂടിവരുന്നതായി അവളറിഞ്ഞു.
അടക്കം കഴിഞ്ഞിരുന്നു .
ചുറ്റും വിജനം .
ചലനമറ്റ ദേഹത്തെ കാണാനശക്തയായത് കൊണ്ടു തന്നെയായിരുന്നു വൈകിയെത്തിയതും ..
ഇടറുന്ന കാലടികളോടെ അവൾ കല്ലറക്കടുത്തു നിന്നു ..
ആരൊക്കെയോ അർപ്പിച്ച പൂക്കൾ കുമിഞ്ഞുകൂടിയിരുന്നു വെളുത്തയാ ശിലാഫലകത്തിനു മുകളിൽ ..
കണ്ണീർ വാർത്തുകൊണ്ട് വൃദ്ധൻ അരികിലുണ്ടായിരുന്നു.
പനിനീർപ്പൂക്കൾ
ശിലാഫലകത്തിന്റെ മധ്യത്തിലായി വെച്ച് ,മുട്ടുകുത്തിയിരുന്ന് തുളുമ്പുന്ന മിഴികളോടെ അവൾ മുഖം മെല്ലെ ചേർത്ത് അവിടെക്കിടന്നു ..അയാളെ ആലിംഗനം ചെയ്യാനെന്നവണ്ണം വലം കൈ നീട്ടി വെച്ചു കൊണ്ട് ..
പൊഴിഞ്ഞു വീഴുന്ന ഓരോ കണ്ണുനീർ തുള്ളികളും പറയാതെപോയ അയാളുടെ പ്രണയത്തെയും പൊള്ളിയ്ക്കുന്നുണ്ടെന്നു കരച്ചിലിനിടെ അവൾ അറിയുന്നുണ്ടായിരുന്നു.
എത്രനേരം അങ്ങനെ കിടന്നെന്ന് ചെങ് ഷിക്ക് അറിയില്ല.
ചാറിത്തുടങ്ങിയ മഴ വലംകയ്യിൽ വീണു ചിന്നി ചിതറിയപ്പോൾ അവൾ ഞെട്ടിയുണർന്നു .
ഇരുട്ട് പരക്കാൻ തുടങ്ങിയിരുന്നു ..ചുറ്റിലും ഭീതിപ്പെടുത്തുന്ന വിജനത കോറിയിട്ടിട്ടുണ്ട് ..
ബൊഗെയ്ൻ വില്ലകൾ പന്തലിച്ചിരുന്ന കരിങ്കൽ മതിലിൽ കാട്ടുവള്ളികൾ ചുറ്റിപ്പിണഞ്ഞു കിടക്കുന്നു ..
വൃത്തിയിൽ കല്ലു പാകിയിരുന്ന സെമിത്തേരിയുടെ അങ്കണത്തിൽ മുട്ടറ്റം വരെയുള്ള കാട്ടുചെടികൾ മാത്രം .കല്ലറക്ക് സമീപത്തെ വണ്ണമുള്ള കാട്ടുചെടികൾ ഞെരിച്ചമർത്തിയാണ് തന്റെ കിടത്തം എന്നവൾക്ക് ബോധ്യപ്പെട്ടു.
വെപ്രാളത്തോടെ അവളെണീറ്റു ,
ചുറ്റും നോക്കി .
വൃദ്ധനെ കാണുന്നില്ല ..
വെളുത്ത ശിലാഫലകത്താൽ മൂടിയ കല്ലറ പൊടിപിടിച്ചു കിടക്കുന്നു ..വശങ്ങളിലായി കാലപ്പഴക്കത്തിന്റെതെന്നു തോന്നുന്ന പോറലുകൾ ..കുമിഞ്ഞുകൂടിയ പൂക്കൾ അപ്രത്യക്ഷമായിട്ടുണ്ട് ..അവളർപ്പിച്ച കണ്ണീരിന്റെ നനവുള്ള പനിനീർ പൂക്കൾ മാത്രം ഉണ്ടവിടെ ...
വിറയ്ക്കുന്ന കരങ്ങളോടെ അവൾ കല്ലറയിലെ പൊടി തൂത്തു മാറ്റി ...കല്ലറക്കു മുകളിൽ എഴുതിയത് പിടക്കുന്ന കണ്ണുകളോടെ അവൾ വായിച്ചു.
ഡോക്ടർ ജിയാ ലിങ്‌
ജനനം :1901-01-13
മരണം :1948-09-15
ഒരലർച്ചയോടെ അവൾ പിറകോട്ടേക്ക് മറിഞ്ഞുവീണു ...
വിറക്കുന്ന ചുണ്ടുകളാൽ അവൾ ആർത്തു കരഞ്ഞു ..കേൾക്കാൻ ആരുമുണ്ടായിരുന്നില്ല ..
ഇതേ സമയം,തെരുവിലെ മദ്യശാലയുടെ മൂലയിലുള്ള വട്ടമേശയിൽ ,തോളറ്റം വരെ മുടി നീട്ടി വളർത്തിയ ഒരാൾ കുസൃതിച്ചിരിയോടെ ചതുരംഗപ്പലകയിൽ കരുക്കളെ നീക്കുന്ന ശബ്ദം അവൾ കേട്ടു ...
ചേതനയറ്റ അവളുടെ കണ്ണുകൾ
വീണ്ടും തിളങ്ങി ..
: ഫർസാന അലി :
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo