Slider

നക്ഷത്രക്കണ്ണുള്ള കുഞ്ഞുവാവ

0
Image may contain: 1 person
രാവിലെ അഞ്ചരക്ക് എഴുന്നേറ്റു.
കുറച്ചു നാളായി ഒറ്റക്കാണ്. ഭാര്യ പ്രസവത്തിനായി നാട്ടിൽ പോയിരിക്കുന്നു. ഈ മാസാവസാനം ഞാനും നാട്ടിൽ ചെല്ലാം എന്നാണ് പറഞ്ഞിരിക്കുന്നത്.
ബാത്‌റൂമിൽ നിന്നിറങ്ങി പല്ലു തേക്കാനായി നോക്കിയപ്പോൾ ആണ് പേസ്റ്റ് തീർന്ന കാര്യം ഓർത്തത്. ഇന്നലെ രാത്രി തന്നെ ഞെക്കി പിഴിഞ്ഞിട്ടാണ് അല്പം പേസ്റ്റ് കിട്ടിയത്. എപ്പോഴും പേസ്റ്റും ഉപ്പും തീർന്നാൽ വാങ്ങാൻ മറക്കും. ഷീല ഉണ്ടായിരുന്നപ്പോൾ എല്ലാത്തിനും ഒരു കൃത്യ നിഷ്ഠ ഉണ്ടായിരുന്നു. ഇപ്പോൾ രാത്രി വൈകിയാണ് റൂമിൽ എത്തുന്നത് രാവിലെ നേരത്തെ പോകുകയും ചെയ്യും. ഒത്തിരി ആൾക്കാർ ഉണ്ടായിരുന്ന വീട്ടിൽ ഒറ്റക്കാകുമ്പോൾ ഏകാന്തത എപ്പോഴും വേട്ടയാടുന്നു. ഭഗീരഥ പ്രയത്നത്തിലൂടെ നേടിയ അല്പം പേസ്റ്റ് കൊണ്ട് പല്ലു തേച്ചു. നമ്മളെ തോപ്പിക്കാനാവുമോ, നമ്മൾ മലയാളികൾ അല്ലെ - മലയാളികളോടാണോടാ കളി.
ഒരു സുലൈമാനിയും ഉണ്ടാക്കി ടീവി കാണാൻ വന്നിരുന്നു. രാവിലെ ആറു മണി മുതൽ ഡീ എൻ എ എന്ന പത്രവിശേഷം പരിപാടി ഉണ്ട്. അത് കേട്ടാൽ അഞ്ചാറ് പത്രം വായിക്കുന്ന ഗുണം ഉണ്ട്. നേരത്തെ നന്നായി അവതരിപ്പിക്കുന്ന ഒരു ഉന്മേഷ് ഉണ്ടായിരുന്നു. ഇപ്പോൾ പുള്ളിയെ കാണുന്നില്ല എങ്കിലും അത് കണ്ടു തീർത്തു.
അതിനുശേഷം രാവിലത്തേക്കും ഉച്ചക്കും ഉള്ള ഫുഡ് റെഡി ആക്കി. കുളിച്ചു റെഡി ആയി കടയിലേക്കു യാത്ര ആയി.
ഇന്ന് വ്യാഴാഴ്ച ആണല്ലോ നല്ല സെയിൽസ് ഉണ്ടാകും എന്ന പ്രതീക്ഷയോടെ കട തുറന്നു. കടയെല്ലാം തൂത്തു വൃത്തി ആക്കി വടക്കനപ്പന്റെ ഫോട്ടോക്ക് മുമ്പിൽ ഒരു ചന്ദനത്തിരിയും കത്തിച്ചു വച്ചു. സീഡിയിൽ ഒരു ഭക്തി ഗാന കാസറ്റും ഇട്ടു. പണ്ട് തൊട്ടേയുള്ള ശീലമാണ്.
ഒന്നും ഒറ്റയും ആയി കസ്റ്റമേർസ് വന്നു തുടങ്ങി. മാസാവസാനം ആയതു കൊണ്ട് വരുന്ന എല്ലാ കസ്റ്റമേഴ്സിന്റെയും കണ്ണുകളിൽ പൈസ ഇല്ലായ്മയുടെ ദൈന്യഭാവം. പെട്രോളിന്റെ വിലയും ഇരട്ടി ആയതോടെ അവരുടെ മാസ ബഡ്ജറ്റിന്റെ താളം തെറ്റി നമ്മുടേയും.
എരീത് റക്കം വാഹദ് സാമാൻ, ആഹർ റക്കീസ്, മാഫി ഫ്ലൂസ്‌ വാജിദ് തബാൻ.
നല്ല സാധനം വേണം അങ്ങേയറ്റം വിലക്കുറവ് വേണം. പൈസ ഇല്ല ആകെ തകർന്നിരിക്കുന്നു.
രാവിലെ തന്നെ കടകളിലേക്ക് ഡെലിവറി വാനിൽ സാധനങ്ങൾ സപ്ലൈ ചെയ്യുന്ന നവാസും ഷെരീഫും എത്തി. നേരത്തെ ഇത്തരം വാഹനങ്ങളിൽ വിദേശികൾ ആയിരുന്നു ഡ്രൈവേഴ്സ്. ഇപ്പോൾ സ്വദേശി വത്കരണം ആയതിനാൽ എല്ലാ വണ്ടികളിലും ഓമനികൾ ആണ് ഡ്രൈവേഴ്സ്.
ഷെരീഫ് വന്നിട്ട് ഒരു മാസമേ ആയുള്ളൂ.നവാസ് വന്നിട്ടു പത്തു വർഷത്തോളം ആയി. കടകൾ ഒക്കെ തുറന്നു വരുന്നതേയുള്ളു.അതിനാൽ അവർ എന്റെ കടയുടെ മുൻഭാഗത്ത് നിന്ന് ഓരോ സിഗററ്റൊക്കെ വലിച്ചു തമാശ ഒക്കെ പറഞ്ഞു നിന്നു.
ചേട്ടൻ എന്നാണ് നാട്ടിൽ പോകുന്നത് ഷെരീഫ് ചോദിച്ചു.
ഈ വരുന്ന ഞായറാഴ്ച.
ചേട്ടൻ പോകുമ്പോൾ ഞാൻ ഒരു കത്ത് തരാം ഒന്ന് പോസ്റ്റ് ചെയ്യണം. ഒരാൾക്ക് കൊടുക്കാനുള്ള ചെക്ക് ആണ്. ഒന്ന് രജിസ്റ്റർ ചെയ്തേക്കണം.
അതിനെന്താ അതൊക്കെ ചെയ്യാം.
പെട്ടെന്ന് നവാസ് ഏതായാലും ചേട്ടൻ പോകുന്നതിനു മുമ്പ് ചിലപ്പോൾ ഞാൻ പോകും നീ കത്ത് എന്റെ കയ്യിൽ തന്നേക്ക്.
അതിനു നവസിക്കാ പോണ കാര്യമൊന്നും പറഞ്ഞില്ലല്ലോ. ഷെരീഫ് ചിരിച്ചു കൊണ്ട് ചോദിച്ചു.
ഞാൻ ഇരുപത്തെട്ടാം തീയതി ഞായറാഴ്ച രാവിലെ പോകും ഷെരീഫ് നാളെയോ മറ്റന്നാളോ കത്ത് കൊണ്ടെ തന്നേക്കു ഞാൻ രജിസ്റ്റർ ചെയ്തേക്കാം. മുപ്പത്തി ഒന്നിനാണ് വൈഫിന്റെ ഡെലിവറി ഡേറ്റ്. മുപ്പതിന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യണം.
ഇതെല്ലാം പറഞ്ഞു കൊണ്ടിരുന്നപ്പോൾ നവാസ് ഫോൺ എടുത്ത് ഇന്നലെ വീട്ടിൽ നിന്നും വന്ന അവന്റെ കുട്ടിയുടെ ഫോട്ടോ കാണിച്ചു . നക്ഷത്ര കണ്ണുള്ള കുഞ്ഞുവാവ. കുഞ്ഞു വാവക്ക് മൂന്ന് മാസമായി. ഇതുവരെ കൊച്ചിനെ കാണാൻ പോകാൻ പറ്റിയില്ല. കൊച്ചിന് ഒരു പെട്ടി നിറയെ കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും വാങ്ങി വച്ചിട്ടുണ്ട്. ഇനി ഷെരീഫിനെ റൂട്ടെല്ലാം രണ്ടു മാസം കൊണ്ട് പഠിപ്പിച്ചിട്ടു വേണം നാട്ടിൽ പോകാനും കൊച്ചിനെ കാണാനും.
അങ്ങിനെ കുറെ നേരം കൂടെ സംസാരിച്ചു ഞങ്ങൾ പിരിഞ്ഞു. അവർ ലൈനിലേക്കും ഞാൻ കടയിലേക്കും തിരിഞ്ഞു.
ശനിയാഴ്ച പതിവുപോലെ ഞാൻ കട തുറന്നു. കുറച്ചു കഴിഞ്ഞപ്പോൾ അടുത്ത കടയിലെ ബംഗാളി പറഞ്ഞു ഇന്ന് രാവിലെ സഹത്തിൽ ഒരു റോഡപകടം നടന്നിട്ടുണ്ട് മലയാളികളുടെ കാർ മറിഞ്ഞു എന്നെല്ലാം. ദുബായിൽ നിന്നും സാധനം എടുക്കാൻ നാലഞ്ച് മലയാളികൾ ഒരു കാറിൽ ആണ് പോകുന്നത്. അവിടെ ചെന്ന് സാധനം എടുത്ത് വലിയ വണ്ടിയിൽ ഏല്പിച്ചു അവർ തിരിച്ചു പോരും.
അങ്ങിനെ തിരിച്ചു വന്ന കാറാണ് അപകടത്തിൽ പെട്ടത്. വണ്ടിയിൽ ഉള്ള നാലു കൂട്ടുകാരും നല്ല ഉറക്കത്തിൽ ആയിരുന്നു . വണ്ടി ഓടിച്ചിരുന്ന ആളും ഒന്ന് മയങ്ങി. നിയന്ത്രണം വിട്ട കാർ റോഡ് സൈഡിലുള്ള ഇരുമ്പു പാളികളിൽ ഇടിച്ചു തകർന്നു. രണ്ടു മലയാളികൾ സംഭവ സ്ഥലത്തു വച്ച് തന്നെ മരണപ്പെട്ടു മറ്റു മൂന്ന് പേർക്കും സാരമായ പരിക്ക് പറ്റിയിട്ടുണ്ട്.
ഒമാനിൽ ഒത്തിരി മലയാളികൾ ഉണ്ടല്ലോ അതിനാൽ ആരാണ് അപകടത്തിൽ പെട്ടത് എന്നറിഞ്ഞില്ല. പക്ഷെ ഉച്ച ആയപ്പോളാണ് അറിയുന്നത് മരിച്ചവരിൽ ഒരാൾ നവസായിരുന്നു എന്ന്. ആശുപത്രിയിലെ നടപടി ക്രമങ്ങൾ എല്ലാം കഴിഞ്ഞു വൈകിട്ടോടെ അവന്റെ നിശ്ചലമായ ശരീരം നാട്ടിലേക്കു കൊണ്ട് പോയി.
അവന്റെ നാവിൽ ഗുളികൻ ഇരുന്നപോലെ അവൻ പറഞ്ഞത് പോലെ നടന്നു. ഞാൻ എത്തുന്നതിനു മുമ്പ് അവൻ നാടെത്തി. പക്ഷെ ആ നക്ഷത്ര കണ്ണുള്ള കുഞ്ഞുവാവയെ അവനു കാണാൻ ആയില്ല.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo