Slider

ഭീകരൻ മാരിമുത്തു

0
Image may contain: 1 person

ഇന്നും കുറെ വൈകി. ഇനി ക്ലീനിംഗൊക്കെ കഴിഞ്ഞ്, പുറത്തുള്ള സാധനങ്ങൾ എല്ലാം അകത്തേക്കെടുത്തു വയ്ക്കണം.
വീട്ടിലേക്കുള്ള സാധനങ്ങൾ എടുത്തു വണ്ടിയിൽ കുത്തിനിറച്ച്, പിന്നെ പൈസ എല്ലാം എണ്ണിത്തിട്ടപ്പെടുത്തി കടയടക്കുമ്പോഴേക്കും സമയം ഏറെ വൈകും.
അങ്ങാടി പൂർണ്ണമായും നിശ്ചലമായിരിക്കുന്നു.
ദേശീയപാതയിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾ മാത്രം.
അങ്ങാടിയിൽ ഞാൻ ഒറ്റക്കാണെന്ന സത്യം ഒരു ഉൾക്കിടിലത്തോടെയാണ് ഓർത്തു പോയത്.
തൊട്ടുമുമ്പിലെ ബിൽഡിംഗിൽ താമസിക്കുന്ന തമിഴ്‌നാട് തൊഴിലാളികളുടെ റൂമുകളിൽ ലൈറ്റുകൾ അണഞ്ഞിരിക്കുന്നു.
സാധാരണ കടയിലും പരിസരത്തും കട അടയ്ക്കുന്നത് വരെ തമ്പടിക്കുന്നവർ പെരുമഴ പെയ്തതിനാൽ നേരത്തേ സ്ഥലം വിട്ടു.
തന്റെ കയ്യിലാണെങ്കിലോ ധാരാളം പണമുണ്ട് താനും.
ഏതൊരു അക്രമിക്കും അനുകൂലമായ സാഹചര്യം.
ഞാൻ അപ്പുറത്തുള്ള യൂണിയൻ ഷെഡിലേക്ക് നോക്കി.
അവിടെ ആരെങ്കിലും കിടക്കുന്നുണ്ടോ?
ഇല്ല. അവിടെയും ആരും ഇല്ല.
ഞാൻ അതിവേഗം ജോലികൾ തീർത്ത് മേശക്കു മുമ്പിലിരുന്നു.
പൈസ എണ്ണാൻ തുടങ്ങുമ്പോഴാണ് റോഡിനപ്പുറത്ത് ഒരാളെ കാണുന്നത്.
വല്ല ബീഡിയോ സിഗരറ്റോ വേണ്ടി വരുമായിരിക്കും. ആളിങ്ങെത്തുന്നതിന് മുമ്പ് ഷട്ടറsയ്ക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു.
ആളെ ഞാൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി.
അതെ അവൻ തന്നെ.
അണ്ണൻ മാരിമുത്തു.
തമിഴന്മാർക്കിടയിലെ ക്രിമിനലാണിവൻ.
ഇടയ്ക്കിടെ അണ്ണന്മാരുമായി വഴക്കു കൂടും.പലപ്പോഴും നടക്കാറ് കൈയിൽ മുറിവിന്റെ ഒരു കെട്ടുമായായിരിക്കും.
നല്ല ശരീരമായതിനാൽ ഒരു വിധം അണ്ണന്മാർക്കൊക്കെ അവനെ പേടിയാ.
ഒന്ന് രണ്ട് കവർച്ചക്കേസുകളിൽ പിടിക്കപ്പെട്ട് ജയിലിലായിരുന്നു.
ഇപ്പോൾ അവൻ പുറത്തിറങ്ങിയിരിക്കുന്നു.
അവൻ റോഡ് മുറിഞ്ഞ് കടക്കുകയാണ്. വേച്ചുവേച്ചാണ് വരുന്നത്.
മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായി.
ഞാൻ പണം എണ്ണിപ്പൂർത്തിയാക്കാതെ വാരിയെടുത്തു ഒരു കവറിലാക്കി വണ്ടിയുടെ അടുത്തേക്ക് നീങ്ങി.
വണ്ടിയുടെ ഡിക്കി തുറന്നു പൈസ അതിലിട്ടു.
ഇനി എനിക്കെന്തെങ്കിലും സംഭവിച്ചാലും പണം നഷ്ടപ്പെടുകയില്ലല്ലോ.
ഇനി ചാവി കൈവശപ്പെടുത്തിയാൽ തന്നെ മാസ്ട്രോയുടെ ഡിക്കി തുറക്കാൻ പരിചയക്കുറവുള്ളവർക്ക് എളുപ്പത്തിൽ കഴിയുകയില്ല.
അവനിതാ ഇങ്ങെത്തിയിരിക്കുന്നു.
ഞാൻ ചുറ്റുപാടും നോക്കി ആരെങ്കിലുമുണ്ടോ ഒന്ന് സഹായത്തിന് വിളിക്കാൻ.
ഇല്ല ആരും ഇല്ല.
മാരിമുത്തു കൈകൾ പിന്നിലേക്ക് കെട്ടിയാണ് നിൽക്കുന്നത്.
കൈയിൽ എന്തെങ്കിലും ആയുധമുണ്ടാകുമോ?
കടയിലെ പച്ചക്കറി അരിയുന്ന വലിയ കത്തിയെ എന്റെ കണ്ണുകൾ പരതി.
വേഗം കത്തി കയ്യിലെടുത്ത് എന്തിനും തയ്യാറായി നിന്നു.
അവൻ എട്ടടി മാത്രം അകലെയാണ് നിൽക്കുന്നത്.
ഞാൻ കടക്കുള്ളിലേക്ക് കയറിയാൽ അവൻ പിന്നാലെ വരും ആക്രമിക്കുകയും ചെയ്യും.
അതു കൊണ്ട് ഇവനെ ഒഴിവാക്കിയിട്ടെ ഷട്ടർ താഴ്ത്താൻ കഴിയൂ.
ആരെങ്കിലും ഒരാൾ വരികയായിരുന്നെങ്കിൽ വലിയ ആശ്വാസമായിരുന്നു.പതിനൊന്ന് മണിയായി.. ഇനിയാര് വരാൻ.
ഒരു വിധം ധൈര്യം സംഭരിച്ച് ഞാൻ ചോദിച്ചു, "ഈ നേരത്ത് എന്തിന് വന്നതാ"?...
അത് കേട്ട് അവൻ രണ്ടടി മുന്നോട്ട് വച്ചു.ചുവന്നു കലങ്ങിയ കണ്ണുകൾ.
വെട്ടിയൊതുക്കാതെ വൃത്തിയില്ലാത്ത താടിയും മുടിയും.
ഒരു തെരുവ് ക്രിമിനലിന് ചേർന്ന ശരീരവും മുഖഭാവവും.
ഞാൻ കത്തിയിൽ ഒന്ന് കൂടി പിടിമുറുക്കി.
പെട്ടെന്ന്.. പെട്ടെന്ന് അവൻ എന്റെ മുന്നിലേക്ക് കമിഴ്ന്ന് വീണു.
"വണക്കം ശേട്ടാവണക്കം. ഞാൻ നിങ്ങളെ കടവൂളെ മാതിരി കരുതീര്ക്ക്. എനിക്ക് പശിയുണ്ടായപ്പൊ പൈസ തന്നത് ഉങ്കളാ...
എല്ലാരും മോശമാര്ക്ക്.. നിങ്ങള് താൻ ശരി.."
അണ്ണൻ പറയുകയാ.. നാലെണ്ണം അകത്ത് ചെന്നപ്പഴാ അണ്ണന്റെ ബഹുമാനവും സ്നേഹവും പുറത്ത് ചാടിയത്..
മലപോലെ വന്നതാ എലി പോലെ പോയത്.. എന്താല്ലെ?.
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo