Slider

തൊണ്ടിമുതൽ

0

Image may contain: 1 person, drink and indoor

'' മോനെ .. ആ ചെരിപ്പിട്ടു കൊണ്ട് ഹറമിലേക്ക് പോകേണ്ട .. ദാ ഈ പഴയ ചെരുപ്പ് മതി . ചെരുപ്പ് മോഷണം പതിവാണവിടെ '' .
ഭാര്യ പിതാവിന്റെ മുന്നറിയിപ്പ് വക വെക്കാതെ ഞാൻ ദുബായിൽ നിന്നും കൊണ്ട് വന്ന പുത്തൻ ചെരുപ്പെടുത്തണിഞ്ഞു . ഭാര്യ വീട്ടുകാരെല്ലാം കുറച്ചു വര്ഷങ്ങളായി സൗദി അറേബ്യയിലാണുള്ളത് . അവിടേക്കാണ് അങ്ങ് ദുബായിൽ നിന്നും ഉംറ നിർവഹിക്കാനായി അൽപ സ്വല്പം പരിഷ്കാരിയായി ഞാൻ അവതരിച്ചത് .
സാധാരണയായി വില കുറഞ്ഞ ചെരിപ്പാണ് ധരിക്കാറെങ്കിലും കല്യാണം കഴിഞ്ഞു അധികം നാളാകാത്തതു കൊണ്ട് ഭാര്യ വീട്ടുകാർക്ക് മുന്നിൽ ദുബൈക്കാരനെന്നു അല്പം ഗമ കാണിക്കാമെന്നു വിചാരിച്ചാണ് വില കൂടിയ ആ ചെരുപ്പ് വാങ്ങിയത് .
പൊള്ളുന്ന വെയിലിനെ അതി ജീവിച്ചു കൊണ്ടും ഞാനും പ്രിയ പത്നിയും കൂടി പള്ളിയിലെത്തി . ചെരുപ്പ് വെക്കുവാൻ ഓരോ തൂണുകൾക്കു മുന്നിലും തട്ടുകൾ സജ്ജീകരിച്ചു തിരിച്ചറിയാൻ നമ്പർ ഇട്ടിട്ടുണ്ട് .
ഭാര്യക്ക് മുന്നിൽ എന്റെ ബുദ്ധി ശക്തി വെളിപ്പെടുത്തുവാൻ കിട്ടിയ അവസരമായിട്ട് ഞാൻ ആ സാഹചര്യം മുതലെടുക്കുവാൻ തീരുമാനിച്ചു .
'' ഡീ നിന്റെ ഒരു ചെരിപ്പിങ് താ ... അതിലൊരെണ്ണവും എന്റെ ചെരുപ്പിൽ ഒരെണ്ണവും നമുക്ക് ഈ തൂണിന്റെ മുൻപിലുള്ള തട്ടിൽ വെക്കാം ... ബാക്കിയുള്ള രണ്ടെണ്ണവും കുറച്ചപ്പുറമുള്ള തൂണിന്റെ മുന്നിലെ തട്ടിലും വെക്കാം .. ചെരുപ്പ് മോഷ്ടിക്കാൻ വരുന്നവൻ ഒരു ജോഡി തികയാതെ ഇളിഭ്യനായി മടങ്ങും .. ഹി ഹി ഹി ... '' ആ രംഗം ഓർത്തു ഞാൻ തന്നെ ചിരിച്ചെങ്കിലും ഭാര്യയുടെ മുഖത്തു ചിരിയൊന്നും വിടരുന്നില്ല .. എന്റെ കൂർമ്മ ബുദ്ധിയിൽ അഭിമാനിക്കേണ്ടതിനു പകരം യാതൊരു ഭാവ വിത്യാസവുമില്ലാത്ത അവളുടെ മുഖം അൽപം ആശയകുഴപ്പത്തിലായെങ്കിലും എന്റെ ബുദ്ധി ശക്തിയിലുള്ള അസൂയയായിരിക്കെങ്ങനെ എന്ന് ഞാൻ കരുതി . ചെരിപ്പെല്ലാം ഒളിപ്പിച്ചു വെച്ച് നെഞ്ചു വിരിച്ചു ഞാൻ പള്ളിയിലേക്ക് പ്രാർത്ഥനക്കായി പ്രവേശിച്ചു .
പ്രാർത്ഥനക്കു ശേഷം പള്ളിയിൽ നിന്നും പുറത്തിറങ്ങി അവളെയും കൂട്ടി ആദ്യത്തെ ചെരിപ്പ് വെച്ച തൂണിന്റെ അടുക്കൽ ചെന്നു . അവളുടെ ഒരു ചെരിപ്പും എന്റെ ഒരു ചെരിപ്പും വെച്ച സ്ഥാനത് അവളുടെ ചെരുപ്പ് മാത്രം . എന്റെ ചെരുപ്പ് അവിടെ എവിടെയും കാണാനില്ല . ഉടനെ അടുത്ത ചെരുപ്പ് വെച്ച തൂണിന്റെ അടുക്കൽ ചെന്നപ്പോഴും അത് തന്നെ കഥ . ഫലത്തിൽ അവളുടെ പഴയ ചെരിപ്പുകൾ രണ്ടും ആരും കൊണ്ട് പോയില്ല . പുത്തൻ ചെറുപ്പണിഞ്ഞു വന്ന ഞാൻ ഇനി ഈ പൊള്ളുന്ന വെയിലത്ത് ടാറിട്ട റോഡിലൂടെ വരെ ഇങ്ങനെ നടക്കണം . അഹങ്കാരം തന്ന വിനയെ ശപിച്ചു കൊണ്ട് ഞാൻ പള്ളിയുടെ മുറ്റത്തിന് പുറത്തിറങ്ങി . അവിടെ കണ്ട വഴിയോര കച്ചവടക്കാരനിൽ നിന്നും ഒരു ജോഡി ചെറുപ്പണിഞ്ഞു കാൽ പാദത്തിനു അല്പം സമാധാനം നൽകി .
അൽപ ദൂരം മുന്നോട്ട് നടക്കുമ്പോൾ ദാ പോകുന്നു എന്റെ മുന്നിലൂടെ ഒരാൾ ..... ഞാൻ ഭാര്യയെ വിളിച്ചു ...
'' ഡീ നോക്കെടീ ... എന്റെ ചെരിപ്പല്ലേ അത് ?... അതെ അത് തന്നെ ഞാൻ പുതുമ പോകാതിരിക്കാൻ പറിച്ചു കളയാതിരുന്ന ദുബായ് ലുലുവിന്റെ സ്റ്റിക്കർ വരെ അതിലുണ്ട് ... കള്ളൻ .. ചെരുപ്പ് കള്ളൻ .... ''
''എന്റെ പൊന്നിക്കാ .. ഇക്കാക്ക് മാത്രമാണോ ആ കമ്പനി ചെരുപ്പ് ഉണ്ടാക്കി നൽകുന്നത് .. അത് അത് പോലുള്ള വേറെ ചെരിപ്പാകും .. '' ഭാര്യ എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും എനിക്കുറപ്പായിരുന്നു അതെന്റെ പ്രിയപ്പെട്ട ചെരുപ്പ് തന്നെ .
എന്റെ കൺ മുന്നിലൂടെ അയാളുടെ കാലിനെ അലങ്കരിച്ചു കൊണ്ട് പോകുന്ന എന്റെ ചെരിപ്പിന്റെ നോക്കി ഞാൻ നിറകണ്ണുകളോടെ നിൽകുമ്പോൾ പിന്നിൽ നിന്നും ഒരു വിളി .
'' ഭായ് ... യേ കിദർ സെ മിലാ ? ''
നല്ല ശരീര പുഷ്ടിയുള്ള ഒരു ആജാന ബാഹു . കണ്ടിട്ട് പാകിസ്ഥാനി ആണെന്ന് തോന്നുന്നു . അയാളുടെ ബലിഷ്ഠമായ കരങ്ങൾ എന്നെ തല്ലാൻ വേണ്ടി വെമ്പുന്നുവെന്നു തോന്നുന്നു .
'' ഭായ് .. മേം അഭി ഉദർ ഏക് ആത്മി തോട ചെപ്പൽസ് സെയിൽ കർത്താ ഹേ .. ഉദർ സെ ലിയാ .... '' അറിയാവുന്ന ഹിന്ദിയിൽ ചെരുപ്പ് വാങ്ങിയ ദിക്ക് ചൂണ്ടി കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു .
'' യേ മേരാ ചപ്പൽ ഹേ ... ഉദർ കോയീ ചോരി കിയാ ... മേരാ ചപ്പൽ ദേതോ .. ''
അയാളുടെ ആജ്ഞയെ പ്രതിരോധിക്കണമെന്നു മനസ്സ് പറഞ്ഞുവെങ്കിലും അതിനുള്ള ഭാഷ വശമില്ലാത്ത കൊണ്ടും അയാളോട് എതിർക്കാനുള്ള ശക്തിയില്ല എന്ന തിരിച്ചറിവും കാരണം അയാൾ പറഞ്ഞത് അനുസരിച്ചു ഞാൻ കാശു കൊടുത്തു വാങ്ങിയ ആ ചെരുപ്പ് അയാൾക്ക്‌ കൊടുത്തു .
ഞാൻ ചെരുപ്പ് വാങ്ങിയ വഴിയോര കച്ചവടക്കാരനെ ഒരുപാട് തിരഞ്ഞുവെങ്കിലും എനിക്കയാളെ കണ്ടെത്താനായില്ല . നിരാശയോടെ പൊള്ളുന്ന ചൂടിൽ അടുത്ത ചെരുപ്പ് കടയെ ലക്ഷ്യമാക്കി ഞാൻ നടക്കുമ്പോൾ എന്റെ മുൻപിലൂടെ അൽപം മുൻപ് കടന്നു പോയ എന്റെ സ്വന്തം ചെറുപ്പണിഞ്ഞ കാലുകൾ തിരയുന്ന തിരക്കിലായിരുന്നു എന്റെ കണ്ണുകളപ്പോൾ .
സസ്നേഹം #ഹഫി_ഹഫ്സൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo