
....കാളിക്കുട്ടിമാമ്മ...
മുറ്റത്തെ ചാമ്പ മരത്തിന്റെ ചുവട്ടിൽ കളിച്ചു കൊണ്ടു നിൽക്കുമ്പോഴാണ് അനിക്കുട്ടി ഓടി വന്നത്...കിതപ്പോടെ കിഴക്കേ പടിക്കലേക്കു കൈ ചൂണ്ടി അവളെന്തോ പറയാൻ ശ്രമിച്ചു..
അനിക്കുട്ടി ചിറ്റയുടെ മകളാണ്. എന്നെക്കാളും മൂത്തതായതു കൊണ്ട് ആദ്യമൊക്കെ ഞാൻ ചേച്ചിയെന്നായിരുന്നു വിളിച്ചിരുന്നത്. പിന്നെ ഒരുമിച്ചൊരു ക്ലാസ്സിൽ പഠിച്ചു തുടങ്ങിയപ്പോൾ ഞാൻ പേരു വിളിച്ചു തുടങ്ങി.
വെള്ള മണൽ വിരിച്ച വഴിയിലേക്കു നോക്കി അനിക്കുട്ടി വിറച്ചുകൊണ്ടു വിക്കി വിക്കി പറഞ്ഞു.
അവർർർ.. അവരു വരുന്നുണ്ട്...
പുളിമരച്ചുവട്ടിലൂടെ തുള്ളി നടന്നു വരുന്ന രൂപം കണ്ടു ഞാനും ഞെട്ടി...
"കാളിക്കുട്ടിമാമ്മ "
കൈയ്യിലൊരു മുഴുത്ത വടി. മുഷിഞ്ഞ മുണ്ടും ബ്ലൗസും. ഇരുണ്ട മുഖത്ത് ചുണ്ടിനു താഴെയായി വലിയ ഒരു കറുത്ത മറുക്...
തുള്ളി തുള്ളി വടി കുത്തി പാട്ടും പാടി അതാ വരുന്നു.
" മ്മടെ ചോര കുടിക്കുവോ കണ്ണാ.. ".
ഞാൻ തലയാട്ടി.. കേട്ടറിവ് അങ്ങനെ തന്നെയാണ് ..
സ്കൂളിൽ പോകുന്ന വഴിയിൽ ചിലപ്പോളൊക്കെ അവരെ കാണാറുമുണ്ട്. കാണുമ്പോഴോക്കെ ചായ പീടികയ്ക്കു മുമ്പിലുള്ള ഇടവഴി തിരിഞ്ഞ് ഞങ്ങൾ ഓടും..
ദീപുവാണതു പറഞ്ഞത്.
അവരുടെ വായിൽ ദംഷ്ട്രം ഉണ്ടത്രേ.. കുട്ടികൾ അനുസരണക്കേട് കാട്ടുമ്പോൾ അവർ വടി ചുഴറ്റി മന്ത്രം ജപിക്കും. അതോടെ കുട്ടികളുടെ ബോധം പോവും.പിന്നെ പിൻകഴുത്തിലേക്കു നോക്കി ഒന്നാഞ്ഞു വലിയ്ക്കും..
ആരും കാണില്ല.. പക്ഷെ...
ചോര കുടിച്ചാൽ ചത്തുപോവില്ലേ കണ്ണാ..? അനിക്കുട്ടിയുടെ ശബ്ദം ഇടറിയിരുന്നു.
ഞങ്ങൾ ഓടുകയായിരുന്നു.. അടുക്കള വാതിലിനടുത്തുള്ള കിളിച്ചുണ്ടൻ മാവിന്റെ ചുവട്ടിലെത്തിയപ്പോൾ ഉറക്കെ വിളിച്ചു കരഞ്ഞു
അമ്മൂമ്മേ ... ഒന്നു വേഗം വാ..
ആരാ....ആരാ വന്നത്? അമ്മൂമ്മ അകത്തു നിന്നു ചോദിച്ചു..
ഒന്നും മിണ്ടാതെ ഞങ്ങൾ അന്യോനം നോക്കി നിന്നപ്പോഴേയ്ക്കും പിന്നിൽ ആ ഉറക്കെയുള്ള ചിരി കേട്ടു.
കൊച്ചമ്മേ ...ഞാനാ കാളി...
അമ്മൂമ്മയുടെ പുറകിൽ നിന്നു അവരെ സൂക്ഷിച്ചു നോക്കി. അനിക്കുട്ടി ഒരു കൈ കൊണ്ടെന്നെ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.
കറുത്ത പല്ലുകൾ. ജട പിടിച്ചു ചെമ്പിച്ച മുടികൾ. കക്ഷത്തിൽ മടക്കി വച്ച വട്ടി.
വീണ്ടും ചിരിച്ചപ്പോൾ ശരിയ്ക്കും കണ്ടു ഉളിപ്പല്ലുകളുടെ അടുത്തു പുറത്തേയ്ക്കു തള്ളി നിൽക്കുന്ന കോമ്പല്ലുകൾ..
ചോര കുടിക്കുന്ന ആ ദംഷ്ട്രങ്ങൾ...
കൊച്ചിന്റെ അമ്മയെവിടെ? വടി മുന്നോട്ടു കുത്തി തുള്ളി കൊണ്ടാണവർ ചോദിച്ചത്.
പേടി കൊണ്ടു ശബ്ദം പതറിയിരുന്നു. പിൻകഴുത്ത് കൈ കൊണ്ടു പൊത്തിപ്പിടിച്ചു ഞാൻ പറഞ്ഞു.
ജോലിക്ക് പോയി...
എത്രയിലാ പഠിക്കുന്നത്..?
മൂന്നിലാ രണ്ടാളും.... കിഴക്കേ സ്കൂളിൽ. അമ്മൂമ്മ ചിരിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്.
വല്ലതും താ .. കൊച്ചമ്മേ... വയറു കാഞ്ഞിട്ടു വയ്യ കാളിക്ക്...
അമ്മൂമ്മ അടുക്കളയിലേക്കു പോയപ്പോൾ ഞാനാ മന്ത്രവടിയിലേക്കു നോക്കി..
വെട്ടി ചീകിയ ഒരു മരകഷ്ണം. അറ്റത്തു കെട്ടി വച്ച ചുവന്ന തുണി.
അമ്മുമ്മ കൊണ്ടുവന്ന പാത്രം വാങ്ങി ആർത്തിയോടെ എന്തോ പറഞ്ഞു കൊണ്ടവർ കഴിച്ചു തുടങ്ങി.. ഇടയ്ക്കു ആകാശത്തേയ്ക്കും താഴേയ്ക്കും നോക്കി അവർ ഉറക്കെ ചിരിച്ചു..ചിരിക്കുമ്പോഴൊക്കെ ചോര കുടിക്കുന്ന ആ പല്ലുകൾ ഞങ്ങൾ കണ്ടു.
ഒരു സൂത്രം കാണണോ കുട്ട്യോളേ? ചോദ്യം പെട്ടെന്നായിരുന്നു. വേണമെന്നോ വേണ്ടെന്നോ പറയാനാവാതെ ഞങ്ങൾ നിന്നപ്പോഴേയ്ക്കും അവർ മന്ത്രവടി കൈയ്യിലെടുത്തു മണ്ണിലെന്തോ വരച്ചു..
എനിക്കതു എന്താണെന്നു മനസ്സിലായില്ല. മണ്ണിൽ വരച്ച വരയിൽ നോക്കി അനിക്കുട്ടി അനങ്ങാതെ നിന്നു..
" എന്താ ഇത് " ? കാളിക്കുട്ടിമാമ്മയുടെ ചോദ്യം പെട്ടെന്നായിരുന്നു
മണ്ണിൽ മന്ത്രവടി വരച്ച വര പക്ഷിയെ പോലെ ചിറകുവിരിച്ചു നിന്നു.
പേടിച്ചു വിറച്ചു അനിക്കുട്ടി ഒന്നു പരുങ്ങി. പിന്നെ പറഞ്ഞു
" ഭാരതം "
ഉറക്കെ പറയൂ..? കാളിക്കുട്ടിമാമ്മയുടെ ശബ്ദം ഉയർന്നു ..
ഞാൻ അമ്മൂമ്മയെ നോക്കി.
അമ്മൂമ്മയെ കാണാനില്ലായിരുന്നു.
വെളുത്ത പെറ്റിക്കോട്ടിൽ കൈ തുടച്ചു കൊണ്ടു അനിക്കുട്ടി നിവർന്നു നിന്നു .പിന്നെ കരയുന്ന പോലെ പറഞ്ഞു.
ഭാരതം... ഭാരതം എന്റെ രാജ്യമാണ്..
ചുവന്ന തുണി കെട്ടിയ വടി ഒന്നുയർത്തി
കാളിക്കുട്ടി മാമ്മ എന്നെ നോക്കി .
ഞാൻ തുടർച്ചയെന്നോണം പറഞ്ഞു
എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്..
അവർ ഉറക്കെ ചിരിച്ചു..
നല്ല കുട്ടികൾ... .
രണ്ടാളും ശരിയ്ക്ക് പഠിക്കണം കേട്ടോ..
ഞങ്ങൾ ഒരുമിച്ചു തലയാട്ടി..
പാത്രം കഴുകി ഇളം തിണ്ണയിൽ കമഴ്ത്തി വച്ചവർ അമ്മൂമ്മയെ വിളിച്ചു.
കൊച്ചമ്മേ കാളി പോവ്യ...
പിന്നെ വടി കുത്തി അവർ ഉറക്കെ പാടി ...
" മുടിയഴിച്ചാടി വാ
മുല്ലപ്പൂ ചൂടി വാ
മധുര മനോഹരിയേ.... "
പിന്നെ ആ പാട്ട് തുള്ളി തുള്ളി അകന്നകന്നു പോയി..
മണ്ണിൽ മന്ത്രവടി വരച്ച വരകളെ നോക്കി ഞങ്ങളിരുന്നു.
" വിശന്നിട്ടാ ... പാവം അല്ലേ കണ്ണാ...? "
അനിക്കുട്ടിയുടെ വലിയ കണ്ണുകൾ നിറഞ്ഞിരുന്നു. പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ അകത്തേയ്ക്ക് ഓടിപ്പോയി..
മന്ത്രവടിയും ചോര കുടിക്കുന്ന പല്ലുകളും ആ പാട്ടും ഒക്കെ വീണ്ടും ഓർത്തിരിക്കവേ അനിക്കുട്ടി പിന്നേയും വിളിച്ചു.
കണ്ണാ.. നമുക്ക് അർത്ഥം മനസ്സിലാക്കി നന്നായി പഠിച്ചു വല്യ ആളുകളാവണം.
ഞാൻ തലയാട്ടി.. അപ്പോളാണതു കണ്ടത്. അനിക്കുട്ടിയുടെ കൈയ്യിൽ അതാ പക്ഷി ചിറകുവിരിച്ചു പറക്കുന്ന പോലുള്ള നിറമുള്ള ഒരു പടം.
ഭാരതത്തിന്റെ ഭൂപടം.
രണ്ടും ഒരു പോലെയാണോ? കണ്ണാ..
വെളുത്ത മണ്ണിൽ മന്ത്രവടി വരച്ച നിറമില്ലാത്ത വര..
നിറങ്ങളുള്ള അനിക്കുട്ടിയുടെ കൈയ്യിലെ ചിത്രം.
അല്ല.. ഒരു പോലെയല്ല..
നിനക്ക് ഏതാ ഇഷ്ടം..? അവൾ ചോദിച്ചു.
നിറങ്ങൾ ചേർത്തു വരച്ച പടത്തിൽ കാളിക്കുട്ടി മാമ്മയുടെ മുഖം തെളിഞ്ഞു. നിറഞ്ഞ കണ്ണുള്ള കാളിക്കുട്ടി മാമ്മ..
ഞങ്ങൾ ആ പാട്ടു വീണ്ടും കേട്ടു...
" മുടിയഴിച്ചാടി വാ
മുല്ലപ്പൂ ചൂടി വാ
മധുര മനോഹരിയേ...... "
പ്രേം..
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക