നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

യാത്രാമൊഴി

Image may contain: 1 person, smiling, standing and outdoor
യാത്രാമൊഴി
---------------------
വെള്ള പുതച്ച എന്‍റെ ദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്ക് എടുക്കുമ്പോള്‍ നെഞ്ചത്തടിയും നിലവിളിയുമൊക്കെ ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ എന്‍റെ പ്രതീക്ഷകളൊക്കെ അസ്ഥാനത്തായിരുന്നു.
ആരും നെഞ്ചത്തടിച്ച് നിലവിളിച്ചില്ല.
ഞാന്‍ ചുറ്റും കണ്ണോടിച്ചു.
അമ്മ മാത്രം ശബ്ദമില്ലാതെ വിങ്ങിക്കരയുന്നുണ്ട്.
ഉമ്മറത്തെ കസേരയില്‍ തലകുമ്പിട്ടിരിക്കുകയാണ് എന്‍റെ കഴുത്തില്‍ താലി കെട്ടിയവന്‍.
ആ കാഴ്ച എന്‍റെ ഹൃദയം പിളര്‍ക്കുന്നു..
അതിന് എനിക്ക് ഇപ്പോള്‍ ഹൃദയമുണ്ടോ?
അത് നിശ്ചലമായിട്ട് മണിക്കൂറുകള്‍ കഴിഞ്ഞല്ലോ.
ഏട്ടന്‍റെ മനസ്സില്‍ എന്തായിരിക്കും ഇപ്പോള്‍?
ഒന്നറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍..
പറ്റുന്നുണ്ടല്ലോ.. എനിക്ക് ആ മനസ്സിലേക്ക് കടന്നു കയറി ചിന്തകള്‍ ഒപ്പിയെടുക്കാന്‍ പറ്റുന്നുണ്ട്.
''ഇനിയെനിക്ക് വെച്ചു വിളമ്പിത്തരാനും വസ്ത്രങ്ങള്‍ അലക്കിത്തരാനും ആരുണ്ട്?
കുട്ടികളുടെ കാര്യം ആരു നോക്കും? ആര് അവരെ രാവിലെ വിളിച്ചുണര്‍ത്തി സ്കൂളിലയക്കും.? ഞാനിനി എന്തു ചെയ്യും? എനിക്ക് ഒന്നും പിടികിട്ടുന്നില്ലല്ലോ ഈശ്വരന്‍മാരേ..''
ഏട്ടന്‍ ചിന്തിച്ചു കൂട്ടുകയാണ്.
എങ്കിലുമെന്‍റെ ഏട്ടാ .. ഇത്രയ്ക്കേയുള്ളു എന്നോടുള്ള സ്നേഹം ? വെച്ചു വിളമ്പിത്തരാനും കുട്ടികളെ നോക്കാനും മാത്രമേ ഞാന്‍ വേണ്ടൂ? രണ്ടു ശരീരവും ഒരു മനസ്സുമാണെന്ന് കരുതിയിട്ട്?
എന്‍റെ മക്കളെവിടെ?
കുഞ്ഞുമോന്‍ ആകെ സങ്കടപ്പെട്ടിരിക്കുകയാവും..
അമ്മയെ കാണാതെ അമ്മയോട് വാതോരാതെ സംസാരിക്കാതെ.. അവനെങ്ങനെ സഹിക്കും..
അതാ ആ കോണിപ്പടിയില്‍ ഇരിക്കുന്നത് കുഞ്ഞു മോനല്ലേ.. കെെയ്യില്‍ ടാബുള്ളത് കൊണ്ടാവും കരയാതിരിക്കുന്നത്.
ഉള്ളില്‍ നിറയെ സങ്കടമാവും. ഏട്ടന്‍റെ മനസ്സി ല്‍ കയറിയതുപോലെ അവന്‍റെ ഒന്നു കയറി നോക്കട്ടെ..
'ഇനി കുറേ ദിവസം ഇവിടെ ടി. വി ഓണ്‍ ചെയ്യാന്‍ കഴിയില്ലല്ലോ.. മരണ വീട്ടില്‍ ടി.വി വെക്കാന്‍ ആരും സമ്മതിക്കില്ല. കാര്‍ട്ടൂണ്‍ കാണാന്‍ ഞാന്‍ എന്തു ചെയ്യും.?'
വീണ്ടും എന്‍റെ പ്രതീക്ഷകള്‍ തകരുകയാണല്ലോ..
ഇതാണോ എന്‍റെ കുഞ്ഞേ നീ ചിന്തിക്കുന്നത്?
അമ്മയില്ലാതായി എന്നറിഞ്ഞിട്ടും നിനക്ക് വിഷമമൊന്നുമില്ലേ. അമ്മമാത്രമാണ് നിന്‍റെ ലോകം എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ നീ എന്നെ തോല്പിച്ചു കളഞ്ഞല്ലോ.. സാരമില്ല മോന്‍ കുഞ്ഞല്ലേ.. ഇതൊന്നും മനസ്സിലാക്കാനുള്ള വകതിരിവ് ആയില്ലല്ലോ.
ഇനി മോളുടെ അടുത്തേക്ക് ചെല്ലട്ടെ. അവള്‍ക്ക് എല്ലാം തിരിച്ചറിയാമല്ലോ.. അതുകൊണ്ട് തന്നെ ദുഃഖത്തിന്‍റെ ആഴം കൂടും.
കുറെ ബന്ധുക്കളുടെ നടുവില്‍ കണ്ണടച്ച് കിടക്കുകയാണവള്‍. ഒന്നറിഞ്ഞു നോക്കട്ടെ അവളുടെ വേദനകള്‍.
'അമ്മയില്ലാത്തത് കൊണ്ട് ഇനി ഞാന്‍ അടുക്കളയില്‍ കയറേണ്ടി വരുമോ? അച്ഛന്‍റെയും അനിയന്‍ കുട്ടന്‍റെയും ഡ്രസ്സു കളൊക്കെ ഞാന്‍ അലക്കേണ്ടി വരുമോ? എനിക്ക് ഒന്നിനും വയ്യ. എത്രയും വേഗം ഹോസ്റ്റലിലേക്ക് മാറണം.'
മോളേ. നീയും..
എല്ലാവര്‍ക്കും അവരുടെ കാര്യങ്ങള്‍ എളുപ്പമാക്കാനുള്ള ഒരു ഉപാധി മാത്രമായിരുന്നോ ഞാന്‍?
ഓഫീസിലുള്ളവരൊക്കെ വരുന്നുണ്ട് .. ഓര്‍ക്കാപ്പുറത്ത് ഒരു അവധി വീണു കിട്ടിയതിന്‍റെ സന്തോഷം എല്ലാവരുടെയും മുഖത്ത് മറഞ്ഞിരിക്കുന്നുണ്ടോ? അതോ എന്‍റെ തോന്നലാണോ?
'നമുക്ക് പെട്ടെന്ന് ഇറങ്ങാം എന്നാലേ സിനിമയുടെ ടിക്കറ്റ് കിട്ടുകയുള്ളു.'
ഒരാള്‍ മറ്റുള്ളവരോടായി പതിയെ പറഞ്ഞു.
അത് അവളാണല്ലോ..എന്‍റെ ചങ്കെന്ന് ഞാന്‍ കരുതിയ പ്രിയ കൂട്ടുകാരി.
ഇപ്പോഴെനിക്ക് ചിരിയാണ് വരുന്നത്. എന്നെ സ്നേഹിക്കുന്നവര്‍ എന്നു ഞാന്‍ കരുതിയ എല്ലാവരുടെയും മനസ്സിലിരുപ്പ് അറിയാന്‍ കഴിഞ്ഞല്ലോ..
ഇനിയെനിക്ക് ഒന്നുമറിയണ്ട. എത്രയും വേഗം ഒരുപിടി ചാരമായാല്‍ മതി.
മുറ്റത്ത് നില്‍ക്കുന്ന മൂവാണ്ടന്‍ മാവ് എനിക്ക് വേണ്ടി വെട്ടേണ്ടി വരുമോ? നിറയെ മാങ്ങകള്‍ കായ്ച്ച് നില്‍ക്കുന്ന മാവാണ്. അത് വെട്ടാന്‍ ആര്‍ക്കും തോന്നരുതേ..
അതാരാണ് ദൂരെ മാറി നിന്ന് എന്നെ നോക്കി പുഞ്ചിരിക്കുന്നത്. അതെന്‍റെ ദേവിയല്ലേ? വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന എന്‍റെ മൂകാംബികാ ദേവി..
'എങ്കിലും എന്‍റെ ദേവീ എന്തിനാ ഇത്ര പെട്ടെന്ന് എന്നെ വിളിച്ചത്. അതും ഒാര്‍ക്കാപ്പുറത്ത്.. ഇനിയും ഒത്തിരി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടായിരുന്നു എനിക്ക്.
'നീ നിനക്ക് വേണ്ടി ഒന്നും പ്രാര്‍ത്ഥിക്കാറില്ലല്ലോ കുട്ടീ. വഴിപാടു കഴിക്കുന്നത് പോലും മറ്റുള്ളവര്‍ക്ക് വേണ്ടി. ആ മറ്റുള്ളവരുടെ മനസ്സിലിരുപ്പ് നീയറിഞ്ഞല്ലോ. അതാണ് നിന്നെ ഞാന്‍ വിളിച്ചത്. ഇനി നിനക്ക് ഒന്നും ചെയ്തു തീര്‍ക്കാനില്ല. നിന്‍റെ കടമകളെല്ലാം നീ നിര്‍വ്വഹിച്ചു കഴിഞ്ഞു. അതും വളരെ ഭംഗിയായി. ഇനി നമുക്ക് പോകാം..''
എന്‍റെ ദേവിയുടെ കൂടെയാണോ ഞാന്‍ പോകുന്നത്.. എങ്കില്‍ എനിക്ക് സന്തോഷമേയുള്ളു .
ആളുകള്‍ കൂടി നിന്ന് എന്തൊക്കെയോ പറയുന്നുണ്ടല്ലോ.. എന്നെ എടുക്കാനുള്ള സമയമായി എന്നു തോന്നുന്നു.
''ഇവിടെ വേണ്ട പുതിയ ഗ്യാസ് ശ്മശാനം വന്നിട്ടുണ്ടല്ലോ.. അങ്ങോട്ട് കൊണ്ടു പോകാം..''
എന്‍റെ മൂത്ത സഹോദരനാണ്. ഇനി എവിടെ കൊണ്ടു പോയാലും എനിക്കെന്താണ്. ഭാഗ്യം മൂവാണ്ടന്‍ മാവ് രക്ഷപ്പെട്ടല്ലോ.
ഞാനിതാ പോവുകയായി.. ആധിയും വ്യാധിയുമില്ലാത്ത ഒരു ലോകത്തേക്ക്.
എന്‍റെ പ്രിയപ്പെട്ടവരേ.. നിങ്ങളോട് എനിക്ക് പരിഭവമില്ല. പരാതിയുമില്ല..
അജിന സന്തോഷ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot