Slider

അപൂർണ്ണ വിരാമങ്ങൾ

Image may contain: 2 people, including Sajna Shajahan, people smiling, close-up and indoor
അപൂർണ്ണ വിരാമങ്ങൾ *
ഇന്ന്.....
ഇന്നാണവൾ എന്നെത്തേടി വരാമെന്നു പറഞ്ഞ ദിവസം.
വർഷങ്ങളുടെ കാത്തിരിപ്പിനു വിരാമം കുറിച്ചുകൊണ്ട്..
ഇന്നവൾ വരുന്നു..
ജീവിതത്തിൽ ഇത്രയധികം താൻ ആരെയെങ്കിലും കാത്തിരുന്നിട്ടുണ്ടെങ്കിൽ അത് അവളെ മാത്രമാണ്.
അങ്കിതയെ .......
നേരം പുലരുകയാണ്.
തൊട്ടടുത്ത ക്ഷേത്രത്തിൽ നിന്നും വെങ്കിടേശ്വര സുപ്രഭാതം കേൾക്കായി.
പൂജാമുറിയിൽ നിന്നുമിറങ്ങി സേതു മൊബൈൽ എടുത്തു നോക്കി. മെസ്സേജ് വല്ലതും വന്നു കിടക്കുന്നുണ്ടോ ?
അവളുടെ സ്ഥിരം പതിവാണ്.
വരാമെന്നു പറഞ്ഞ ദിവസം കാലത്തേ ഒരു മെസ്സേജ് അയച്ചിടും.
ഇന്നു വരാൻ പറ്റില്ല,ഒടുക്കത്തെ തിരക്കാണ്. മാപ്പു തന്ന് അനുഗ്രഹിക്കണം എന്നൊക്കെ പറഞ്ഞ്.
ഭാഗ്യം. ഇന്നൊരു സുപ്രഭാതം മാത്രമേയുള്ളൂ. ഇന്നു കൂടി അവൾ വന്നില്ലെങ്കിൽ പിന്നെയൊരു കാത്തിരിപ്പ് തീർച്ചയായും വേണ്ടെന്നു വയ്ക്കും താൻ.
എന്തിനാണ് വെറുതെ നിരാശയുടെ പടുകുഴിയിലേക്ക് വീണ്ടും...
വെറുമൊരു ഓൺലൈൻ സൗഹൃദത്തിൽ തുടങ്ങി പിന്നെപ്പിന്നെ ജീവിതത്തിൻറെ താളഗതി തന്നെ നിയന്ത്രിയ്ക്കുന്ന ഒരു അദൃശ്യ ശക്തിയായി മാറിയവൾ.
കറുപ്പും വെളുപ്പും മാത്രമല്ല, ജീവിതത്തിൽ ഒരുപാട് നിറങ്ങളുണ്ടെന്നു ബോധ്യപ്പെടുത്തി തന്നവൾ.
വിരസമായ ഒഴിവു നേരങ്ങളിൽ മൊബൈലിൽ മെസ്സേജ് ടോൺ കേൾക്കുമ്പോൾ തീക്ഷ്ണമായ നോട്ടത്തോടെ അദ്ദേഹം അമർത്തി മൂളും.
അരുതാത്തതെന്തോ ആണ് താൻ ചെയ്യുന്നതെന്ന ഒരു കുറ്റപ്പെടുത്തൽ ധ്വനി,താനാ മൂളലിൽ കേട്ടിരുന്നു.
തന്റെ കവിളിൽ ഇരച്ചു കയറുന്ന ശോണിമയും കണ്ണുകളിലെ തിളക്കവും മാത്രമേ അന്നൊക്കെ അദ്ദേഹത്തിന്റെ കണ്ണിൽ പെട്ടിരുന്നുള്ളൂ.
നെഞ്ചിൽ നിറയുന്ന വാത്സല്യവും തുളുമ്പുന്ന മാതൃത്വവും കാണാതിരിയ്ക്കുന്നതോ അതോ....
ഈയിടെയായി ദിവസങ്ങൾക്കു ദൈർഘ്യമേറുന്നതും ഒന്നും ചെയ്യാനില്ലാത്ത സായന്തനങ്ങൾ വല്ലാതെ വീർപ്പു മുട്ടിയ്ക്കുകയും ചെയ്യുന്നത് ഒരു പതിവായിരിയ്ക്കുന്നു.
ഒന്നു നടന്നിട്ടു വരാം എന്ന സ്നേഹപൂർവ്വമുള്ള ക്ഷണം പോലും അദ്ദേഹം നിരാകരിയ്ക്കുന്നത് തന്നെ വേദനിപ്പിയ്ക്കുന്നുണ്ടോ... ?
മൗനവും ഏകാന്തതയും വീടിനുള്ളിൽ സ്ഥിരതാമസക്കാരായത് ഏതോ കണ്ണീർ മൂലയിലിരുന്നു താൻ നിസ്സഹായതയോടെ നോക്കിക്കണ്ടു.
ഒന്നും ചെയ്യാനില്ലായ്‌മയുടെ നട്ടുച്ചകൾ.
ശാപമാണത്.
ഘടികാരത്തിലെ ഇഴയുന്ന രണ്ടാം സൂചിയെ നോക്കിക്കിടക്കുന്ന, പൊള്ളുന്ന പെൺമനങ്ങളാവാം ചിലപ്പോൾ ദൈവശാപത്തിന്റെ മറ്റൊരു നേർക്കാഴ്ച്ച.
പരസ്പരം പറയാൻ വാക്കുകളില്ലാതായിത്തീർന്ന രണ്ടുപേർ.
ഒരു നോട്ടം കൊണ്ടു പോലും പ്രണയം കൈമാറിയിരുന്നപഴയ കൗമാരക്കാരിൽ നിന്നും പിന്നെ യൗവനത്തിന്റെ അവസാന പടവുകളിൽ നിന്നും, മൗനം പോലും മൗനമായിത്തീർന്ന വാർദ്ധക്യത്തിൻറെ ആദ്യ പടവുകളിലേക്കുള്ള ദൂരം എത്രയായിരുന്നു....
"എന്താണ് പ്രണയത്തിന്റെ അളവുകോൽ"എന്ന ഉത്തരമില്ലാച്ചോദ്യപ്പൂട്ടിന്റെ താക്കോൽ നമുക്ക് ദാ ആ കാണുന്ന ഹനുമാൻ പാറയ്ക്കപ്പുറത്തേക്ക് വലിച്ചെറിയാം എന്ന കണ്ണിറുക്കലുകാരൻ കാമുകനിൽ നിന്നും ഈ അവഗണനക്കാരൻ ഭർത്താവിലേക്കുള്ള ദൂരവും എത്രയെന്നു നിശ്ചയമില്ല താനെന്ന വിവരദോഷിയായ ഭാര്യയ്ക്ക്.
"കുറേ സാഹിത്യം വിളമ്പാനല്ലതെ നിന്നെയൊക്കെ എന്തിനു കൊള്ളാ"മെന്ന പരിഹാസശൂലങ്ങൾ തന്റെ നെഞ്ചിലേ
ക്ക് കുത്തിയിറക്കുമ്പോൾ നിഗൂഡമായൊരാനന്ദം അദ്ദേഹവും അനുഭവിച്ചിട്ടുണ്ടാവണം..
കിഴക്കൻ കാറ്റ് വീശിയടിയ്ക്കുന്നു.
മഴയാരംഭമാണ്.
ചായയുമായി സേതുലക്ഷ്മി മുൻവരാന്തയിൽ ചെന്നിരുന്നു... മുറ്റത്ത്‌ കരിയിലകൾ കാറ്റിൽ പറക്കുന്നു.
തലേന്നു പെയ്തു തോർന്ന മഴയുടെ ബാക്കി ഇലച്ചാർത്തുകളിൽ തിളങ്ങി നിന്നു.
കുഞ്ഞിക്കാവമ്മ മുറ്റമടിക്കാൻ എത്തിയില്ലേ ഇതുവരെ ? അവൾ വരുന്ന ദിവസമാണെന്ന് നല്ലപോലെ അറിയാമല്ലോ. പിന്നെന്തു പറ്റി ?
"കാറ്റത്ത് ആ പഞ്ചാരമാങ്ങോളൊക്കെ വീഴണ സമയാ, മ്മക്ക് നല്ല മാമ്പഴപ്പുളിശ്ശേരി വയ്ക്കാം സേതു, അന്യദേശത്തുണ്ടോ ഇതൊക്കെ കിട്ട്ണൂ..."എന്ന് ഇന്നലെയും കൂടി ഉത്സാഹവതിയായതാണ് കുഞ്ഞിക്കാവമ്മ.
അവർ പറയുന്ന നാലും മൂന്നേഴക്ഷരങ്ങൾ കൂടിയില്ലായിരുന്നെങ്കിൽ എന്നേ ഈ വീടൊരു നിശ്ശബ്ദക്കോട്ടയായേനെ.
നേര്യതിന്റെ തുമ്പ് അരയിൽ കുത്തി ചൂല് കൈയിലെടുത്തു സേതുലക്ഷ്മി. അവൾ വരുന്ന ദിവസമല്ലേ. മുറ്റം മുതൽ തുടങ്ങണം വൃത്തിപാഠം.
കാറ്റിൽ പറക്കുന്ന കരിയിലകൾ അടിച്ചു കൂട്ടി കത്തിക്കാനൊരു ശ്രമം നടത്തുന്നതിനിടയിൽ ലക്ഷ്മണൻ സാർ പറഞ്ഞൊരു കാര്യം ഓർമ്മ വന്നു സേതുവിന്‌.
"ഫലം തരാത്ത പാഴ്മരങ്ങൾ വെറുതേ സംരക്ഷിക്കേണ്ടതില്ല ജയദേവാ. കിട്ടിയ വിലയ്ക്കു മുറിച്ചു വിറ്റാൽ പണവും കിട്ടും മുറ്റം വൃത്തികേടാവാതെയിരിയ്ക്കുകയും ചെയ്യും. "
തന്റെ നേർക്ക് ഏറുകണ്ണിട്ടു നോക്കിക്കൊണ്ടാണതു പറഞ്ഞത് എന്നതുകൊണ്ടു തന്നെ അതിലെ വ്യംഗ്യം മനസ്സിലാക്കാൻ കൂടുതൽ ബുദ്ധിമുട്ടേണ്ടി വന്നില്ല.
മരത്തിന്റെ കായ്ഫലത്തിൽ മാത്രംകണ്ണു വയ്ക്കുന്ന അയാളെപ്പോലുള്ളവരുടെ ഭോഷ്ക്ക്.... മരം തരുന്ന തണലിനെപ്പറ്റിയെന്തേ ഇവരൊന്നും ചിന്തിക്കാത്തത് ?
മൗനത്തിലേക്ക് ഉൾവലിയാൻ എപ്പോഴുമെന്നപോലെ അപ്പോഴും ശ്രദ്ധിച്ചത് ഭർത്താവിന്റെ കൂട്ടുകാരനെ അപമാനിച്ചു എന്നൊരു പേരുദോഷം കൂടി തന്റെ തലയിൽ കെട്ടിവയ്ക്കാതിരിക്കാനാണ്.
പ്രണയകാലത്തിന്റെ വശ്യതയിൽ നിന്നും ദാമ്പത്യത്തിൻറെ നിറമില്ലായ്‌മയിലേക്ക് എടുത്തെറിയപ്പെട്ടപ്പോഴേക്കും കാലം ചിലതെല്ലാം പഠിപ്പിച്ചിരുന്നു.
"ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളിലായിരിയ്ക്കും എപ്പോഴും കർഷകന്റെ കണ്ണ്" എന്നുള്ള ഭർത്താവിന്റെ ആപ്തവാക്യം അതിൽ പ്രധാനവുമായിരുന്നു.
അന്നുമുതലായിരിയ്ക്കും ചിലപ്പോൾ എല്ലാം മൗനത്തിലൊളിപ്പിക്കാൻ താൻ ശീലിച്ചത്. വിരസതയെന്ന വാക്കിന്റെ അർത്ഥവ്യാപ്തി, പ്രപഞ്ചത്തോളമാണെന്ന് തിരിച്ചറിഞ്ഞതും...
മുഖപുസ്തകത്തിലെ എഴുത്തു കൂട്ടായ്മകളിലേയ്ക്ക് മനസ്സിനെ പറിച്ചു നട്ടത് മരണം വരെ ജീവൻ നിലനിർത്താൻ എന്തെങ്കിലുമൊരുപാധി വേണമല്ലോ എന്നോർത്തു മാത്രമാണ്.
വ്യത്യസ്തമായ എഴുത്തുകൾ..... എഴുത്തുകാർ....
അക്ഷരങ്ങളുടെ മായാപ്രപഞ്ചം !
പുൽനാമ്പുകളിൽ അവശേഷിയ്ക്കുന്ന മഴത്തുള്ളികൾ വരണ്ടു പൊട്ടുന്ന തൊണ്ടയിലേക്ക് ആരോ ഇറ്റിച്ചു തന്നതു പോലെ......
ഹൃദയത്തിലെ മൃതകോശങ്ങളിൽ വീണ്ടും ജീവൻ തുടിയ്ക്കുന്നതു പോലെ..
ആ കൂട്ടായ്മ തന്ന പുണ്യമാണ് അങ്കിത.
താനെന്താണോ ലോകത്തോടു വിളിച്ചു പറയാനാഗ്രഹിച്ചതു അതെല്ലാം അങ്കിത ഒരു മടിയും കൂടാതെ എഴുത്തിലൂടെ പറഞ്ഞുകൊണ്ടേയിരുന്നു.
അവിടെ ആരംഭിച്ച സൗഹൃദം.
പുണ്യം പോലൊരു മകൾ. !!
മൗനത്തിനു വെളിയിൽ, കൈവെള്ളയ്ക്കുള്ളിൽ ഒരു കൊച്ചു ലോകം.
അവിടെ ഒരമ്മയും മകളും.
വിശേഷങ്ങൾ അറിഞ്ഞും പറഞ്ഞും കേട്ടും കേൾപ്പിച്ചും, രണ്ടു സമാന്തര രേഖയിൽ നിന്നും ഒറ്റ നേർരേഖയിലൂടെ നടക്കാൻ കൊതിച്ചവർ.
ഒരാളുടെ അനാഥത്വവും മറ്റൊരാളുടെ ഏകാന്തതയും ചേർന്നു രൂപപ്പെട്ട സമാനതകളില്ലാത്ത ഒരു പുതു ലോകം.
ഫോണിലേക്ക് നോക്കി താൻ ചിരിയ്ക്കുമ്പോഴൊക്കെ സംശയഗ്രസ്ഥമാകും അപ്പുറത്തെ, പത്രവാർത്തയിലേക്കോ ടീവി ഷോയിലേക്കോ ഊളിയിട്ട കണ്ണുകൾ.
അമ്പത്തിയഞ്ചാം വയസ്സിലും ഭാര്യയ്ക്കു ചാരനോ എന്ന വേവലാതിഭർത്താവാകാനേ മൊത്തം പുരുഷവർഗ്ഗത്തിനും അത്തരം സാഹചര്യത്തിൽ കഴിയൂ. അതവരുടെ കുറ്റമല്ല.അതറിയാവുന്നതു കൊണ്ട് ഒരു വിശദീകരണത്തിനും താൻ തയ്യാറായതുമില്ല.
മുംബൈയിലെ ഒരു മൾട്ടി നാഷ്ണൽ കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഒരു പെൺകുട്ടി സ്നേഹാത്ഭുതങ്ങളുടെ ഒരു വിശാല ലോകം തുറന്നു പിടിച്ചുകൊണ്ട് തന്റെ മുന്നിലിരിയ്ക്കുകയാണ്.
ആകുലതകൾക്കോ വേവലാതികൾക്കോ ഒന്നുമിവിടെ പ്രസക്തിയില്ല.
ജോലിക്കിടയിൽ വീണു കിട്ടുന്ന ഇടവേളകളിലെല്ലാം കൃത്യമായി അവളെത്തും.
"മടുപ്പിക്കുന്ന ആ ഗൃഹാന്തരീക്ഷത്തിൽ നിന്നും ഒന്നു പുറത്തു കടക്കൂ അമ്മേ"എന്നവൾ പറയുമ്പോഴെല്ലാം വർണ്ണങ്ങളില്ലാത്ത ലോകത്ത് പുത്തൻ നിറക്കൂട്ടുകൾ ഒഴുകിപ്പരക്കാൻ തുടങ്ങി.
അവൾക്കു കാണാൻ വേണ്ടി മാത്രം താൻ അണിഞ്ഞൊരുങ്ങി. വീട്ടകങ്ങൾ മോടിയാക്കി. കർട്ടനുകളും കുഷ്യനുകളും പുതുമ തേടി. പാചകപരീക്ഷണങ്ങളിൽ ഉത്സാഹിയായി.
"അമ്പത്തഞ്ചു വയസ്സൊന്നും ഒരു വയസ്സേയല്ലമ്മേ. അമ്മ നല്ല ഉഷാറായി ഓടിച്ചാടി നടക്കണം"എന്നവൾ കൂടെക്കൂടെ ഓർമ്മിപ്പിച്ചു.
കുഞ്ഞിക്കാവമ്മ അടുക്കള ജോലികൾ വിട്ടു മാമ്പഴപ്പുളിശ്ശേരിയുടേയും വാഴക്കൂമ്പു തോരന്റേയും ചക്ക വരട്ടിയതിന്റെയും കഥകൾ പറഞ്ഞു അവളെ കൊതിപ്പിച്ചു.
"ഞാനൊരു ദിവസം വരുന്നുണ്ടങ്ങോട്ട്."എന്നു പറഞ്ഞാണവൾ തങ്ങളെ കൊതിപ്പിച്ചത്.
"ശരിയ്ക്കും വരുമോ മോളേ" എന്ന് കണ്ണീർ മറയ്ക്കുള്ളിലിരുന്നുകൊണ്ട് താനൊരിക്കൽ ചോദിച്ചു.
"വരും"
അവൾ ഉറപ്പു പറഞ്ഞു.
കണ്ണീർ തുടയ്ക്കാൻ മൊബൈൽ സ്‌ക്രീനോളം നീണ്ടു വന്ന വിരലുകൾ.
"ഞാൻ വരുമമ്മേ, എനിക്ക് പോകാൻ വേറൊരു വീടില്ല. കാത്തിരിയ്ക്കാൻ ഇതുപോലൊരമ്മയുമില്ല."
അവളൊരു കണ്ണുനീർത്തുള്ളിയായി എന്റെ നെഞ്ചിൽ പതിച്ചു.
"എന്നാ വരിക?"
"എന്നെങ്കിലും..കൃത്യം ഒരു ദിവസം പറയാനൊക്കില്ല.പക്ഷേ ഞാൻ വരും.എനിക്കീ അമ്മയെ കാണണം."
അത്ഭുതത്തോടെ ഉറ്റുനോക്കിയ തന്റെ നേർക്കവൾ, ഹൃദയം നുറുക്കാൻ പോന്നൊരു ചോദ്യമെറിഞ്ഞു.
"ഒരു പെൺകുട്ടിയുടെ, പ്രത്യേകിച്ച് വിവാഹപ്രായമെത്തിയ പെൺകുട്ടിയുടെ ഏറ്റവും വലിയ ശാപമെന്താണെന്നറിയാമോ അമ്മയ്ക്ക്?
അമ്മയില്ലായ്‌മ..!!
അതു കേട്ടപ്പോൾ ലോകം ഒരു തന്മാത്ര കൂടി ചെറുതായ പോലെ തോന്നി.
കഥകൾ പറഞ്ഞും പൊട്ടിച്ചിരിപ്പിച്ചും തങ്ങൾ ഒരു നാണയത്തിന്റെ ഇരുവശങ്ങളായി പിന്നീട്.
"ജീവിതം ചെന്നിനായകം നൽകിലും
നീയതും മധുരിപ്പിച്ചോരത്ഭുതം"എന്ന വിജയലക്ഷ്മിക്കവിത ചൊല്ലി അമ്പരപ്പിച്ചപ്പോൾ, "ഇപ്പോൾ ഈ ലോകത്തെ ഏറ്റവും സന്തോഷവതിയായ സ്ത്രീ എന്റെ അമ്മയാണെന്നവൾ നിസ്സംശയം പറഞ്ഞു.
ഓരോ ദിവസവും ഓരോ പുതിയ വിശേഷങ്ങൾ പറയാനുണ്ടാവും അവൾക്ക്.
എല്ലാം കേൾക്കാനും ചിരിക്കേണ്ടപ്പോൾ ചിരിക്കാനും കരയേണ്ടപ്പോൾ കരയാനും ശാസിക്കേണ്ടപ്പോൾ ശാസിക്കാനും എത്ര പെട്ടന്നാണ് താൻ പഠിച്ചത് !!
ഒരിക്കൽ അവളുടെ കുസൃതികളിലും സങ്കടങ്ങളിലും ഒരുപോലെ സമർപ്പിതമായ മനസ്സ് ചിരിയ്ക്കും കണ്ണീരിനുമിടയിലെ ഒളിച്ചു കളിക്കിടയിൽ കണ്ടു,ആ കണ്ണുകൾ അത്ഭുതം പോലെ തന്റെ പുറകിലേക്ക് നീണ്ടു പോയത്......
പണ്ടത്തെ പ്രണയകാലപ്പയ്യൻ തന്റെ തൊട്ടു പുറകിൽ !
നര കയറിയ താടിരോമങ്ങളോ മുടിയിഴകളോ ഒന്നും ഭംഗം വരുത്താത്ത പ്രസരിപ്പോടെ,തന്റെ ചുമലിൽ കൈത്തലമമർത്തി അങ്കിതയോടു ചോദിയ്ക്കുന്നു
"മോളുടെ പേരെന്താ ?"
പിന്നീട് അവർ തമ്മിലായി കൂട്ട്.
തന്നോട് പറയുന്നതിനേക്കാൾ കൂടുതൽ വിശേഷങ്ങൾ അവൾ അദ്ദേഹത്തോടു പറഞ്ഞു.
ഉള്ളിൽ ഉറങ്ങികിടന്നിരുന്ന പിതൃസ്നേഹം അണപൊട്ടിയൊഴുകിയതു തെല്ലു അത്ഭുതത്തോടെയാണു നോക്കിക്കണ്ടതു.
കാശ്യപിനെപ്പറ്റി അവൾ ആദ്യമായി പറഞ്ഞപ്പോൾ, മകൾ പ്രണയക്കുരുക്കിലകപ്പെട്ടതിന്റെ ആശങ്കയിൽ ഉറക്കമില്ലാ രാത്രികളെണ്ണി അദ്ദേഹം.
ഏറെക്കാലത്തെ മൗനം പുറം തോടു പൊട്ടിച്ചു വന്നു ഒരു ചോദ്യം ചോദിച്ചു.
"നമ്മുടെ അച്ഛനമ്മമാരും ഇങ്ങനെയൊക്കെ ത്തന്നെയായിരുന്നിരിയ്ക്കും അല്ലേ ?"
ഒരു ദിവസം കാശ്യപിനോടൊപ്പമാണവൾ ഓൺലൈനിൽ വന്നത്.
ഹായ് അമ്മാ, എന്നു വിളിച്ചു സംസാരിക്കാൻ തുടങ്ങിയപ്പോൾ ഇംഗ്ലീഷ് പറഞൊപ്പിക്കാൻ താൻ കുറച്ചു ബുദ്ധിമുട്ടി.
അന്നു മുതൽ, ദിവസത്തിന്റെ ഏറിയ പങ്കും തന്നെ ഇംഗ്ലീഷ് പഠിപ്പിക്കാനാണ് അദ്ദേഹം ചെലവിട്ടത്.
കുഞ്ഞിക്കാവമ്മ കളിയാക്കിച്ചിരിക്കാൻ തുടങ്ങി : "ദെന്താപ്പത്...... ബടെ ഉസ്കൂളും തൊടങ്ങിയോ ?"
പഴയ, പ്രണയകാലപ്പയ്യൻ പുനർജ്ജനിച്ചത്
എത്ര പെട്ടന്നായിരുന്നു.
ഒരിക്കൽ, ഒരത്താഴനേരത്തെ ചപ്പാത്തിക്കോലാഹലത്തിനിടയിലാണ്, വിറയാർന്ന ആ ശബ്ദം അറിയാതെ തന്റെ കാതിലെത്തിയത്.
"ഏതെങ്കിലും മകൾ സ്വന്തം അച്ഛനോട് ഇങ്ങനെ ചോദിയ്ക്കുമോ, അച്ഛാന്ന് വിളിച്ചോട്ടേന്ന് "
സ്വർഗ്ഗം വാതിൽ തുറന്ന സമയമായിരുന്നു അത്.
ഓണത്തിന് വരും വിഷുവിനു വരും ക്രിസ്തുമസ്സിനു വരും എന്നെല്ലാം പറഞ്ഞു ഓരോ ആഘോഷവരവിനെയും അവൾ പ്രതീക്ഷാനിർഭരമാക്കി.
പക്ഷേ ഒരിക്കലും വന്നതേയില്ല.
"ലീവ് കിട്ടിയില്ലമ്മേ, അടുത്ത തവണ ഉറപ്പ് "എന്നെല്ലാമവൾ പറഞ്ഞുകൊണ്ടേയിരുന്നു.
അങ്ങനെ മൂന്നു വർഷങ്ങൾ.
ഇന്ന്..
ആ ദിവസവും എത്തുന്നു.
"സേതൂ, നീ മോൾക്കുള്ള മുറിയിൽ പുതിയ ഷീറ്റ് വിരിച്ചോ,പായസത്തിനു അടയോ സേമിയയോ... നല്ല തൂശനില നോക്കി വെട്ടാൻ പറയൂ കുഞ്ഞിക്കാവമ്മോട്"എന്നെ ല്ലാം ഉത്സാഹക്കാറ്റായി അദ്ദേഹം മുറികളിൽ ഒഴുകി നടന്നു.
ജീവിതത്തിലെ ഏറ്റവും ദുർഘടനിമിഷങ്ങൾ കാത്തിരിപ്പിന്റേതാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് സമയം ഇഴഞ്ഞു നീങ്ങി.
ആറിത്തണുത്ത വിഭവങ്ങൾ ഊണുമേശയിൽ ഒരിക്കലും വരാത്ത അഥിതിയെ കാത്തിരുന്നു.
ഒടുവിൽ,
പടിഞ്ഞാറേ കുന്നിൻ ചരിവിലേക്ക് പോക്കുവെയിൽ ചായാൻ തുടങ്ങിയപ്പോൾ പടിപ്പുരയിൽ തളർന്നിരുന്നു പോയി സേതുലക്ഷ്മി.
പുതു ജീവിതം പകർന്നു തന്ന മൊബൈൽ ഫോൺ അന്നേരം അവളുടെ സന്ദേശമെത്തിച്ചു.
"കാശ്യപിന് ഒഴിവാക്കാനാവാത്ത എന്തോ തിരക്ക്,ഇനിയൊരിക്കൽ ഒരുമിച്ചു പോകാമെന്നു പറഞ്ഞു."
മൗനമാക്കപ്പെട്ട സപ്തസ്വരങ്ങൾ പോലെയാണ് അവളോടുള്ള സ്നേഹവുമെന്ന സ്വയം ബോധ്യപ്പെടുത്തലിനൊടുവിൽ പരസ്പരം കണ്ണീർ തുടയ്ക്കുമ്പോൾ അ വർ വ്യക്തമായി തിരിച്ചറിഞ്ഞു; കാത്തിരിപ്പിന് അവസാനമില്ലെന്ന ഒരു നിറമില്ലാ സത്യവും തങ്ങളുടെയുള്ളിലെ പ്രണയനദി ഇനിയും വറ്റിയിട്ടില്ലെന്ന ഒരു നിറമാർന്ന സത്യവും.
both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo