നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നീ എനിക്കാരാണ്.....

  1. Image may contain: 1 person, smiling, child and close-up

നീ എനിക്കാരാണ്.....
"ഇളം മഞ്ഞു ആർദ്രമായ് പെയ്തിറങ്ങുന്ന കുളിരുള്ള ഒരു പ്രഭാതത്തിൽ ഞാൻ പോകും.......
ആരോടും പറയാതെ...... തീർച്ച
പിന്നെ നീയെന്നെ അല്ലെങ്കിൽ ഞാൻ നിന്നെ ഓർത്തിരിക്കു
ന്നതെന്തിനാണ്?"
ദിവസങ്ങൾക്കു മുൻപ് മൻസൂർ എനിക്കെഴുതി നീട്ടിയ വാക്കുകൾ......
അവനെനിക്ക് ആരാണ്.... ആരുമല്ല......
രണ്ട് മാസങ്ങൾക്കു മുൻപ് മാത്രം കണ്ടു മുട്ടിയവർ.... Rcc യിലെ നീണ്ട ഇടനാഴികളിൽ ഒന്നിൽ വച്ചാണ് ആദ്യം ഞാൻ അവനെ കണ്ടത്.
യൗവനത്തിന്റെ എല്ലാ തിളക്കങ്ങളും നിറഞ്ഞ മുഖം മനസ്സിൽ തങ്ങി. വീണ്ടും വീണ്ടും മനസ്സിലേക്ക് ഓടിയെത്തിയ ആ മുഖത്തോടു ഒരടുപ്പം തോന്നി.
എന്നിട്ടും എനിക്കവനോട് പ്രണയം തോന്നിയതേയില്ല...
ഞാൻ ആഗ്രഹിച്ചിട്ടും.......
സമാനതകളുടെ വരമ്പിലൂടെ ഞങ്ങളുടെ പരിചയം വളർന്നു തുടങ്ങി...
ഞാനും ഒരു രോഗിയാണെന്ന സഹതാപം അവനെന്നോട് കാട്ടിയതേയില്ല.
ഏതൊരു രോഗിയെയും പോലെ അല്ലെങ്കിൽ അവനെ പോലെ തന്നെ എനിക്കും അതിഷ്ടമല്ലെന്ന് അവന് മനസ്സിലായിട്ടുണ്ടാവണം.
ആരുമില്ലാത്ത എനിക്ക് അവൻ ആരോ ആണെന്ന് തോന്നിയെങ്കിലും എന്തുകൊണ്ടോ യാതൊന്നും അവനോടു പറഞ്ഞില്ല...
അവനെന്നോട് ഏറെയും പറഞ്ഞത് വെള്ളാരം കണ്ണുകളും ചെമ്പിച്ച തലമുടിയും വിഷാദം നിറഞ്ഞ ചിരിയുമുള്ള മെലിഞ്ഞ ഒരു പെണ്കുട്ടിയെക്കുറിച്ചാണ്.
'കാമുകി ' എന്നവൻ പറഞ്ഞു. അവളെക്കുറിച്ചു അവൻ പറഞ്ഞുപറഞ്ഞു എനിക്ക് അസൂയ തോന്നി തുടങ്ങിയിരുന്നു.
മരുന്നുകളോട് അവന്റെ ശരീരം പ്രതികരിക്കുന്നില്ലെന്ന് ഡോക്ടർമാർ പറഞ്ഞുവെന്നു ഒരിളം ചിരിയോടെ അവൻ പറഞ്ഞപ്പോൾ, മരണത്തിന്റെ കയത്തിലേക്ക് താഴ്ന്നു തുടങ്ങിയിട്ടും പതറാത്ത അവന്റെ മനസ്സിന്റെ ധൈര്യം പലപ്പോഴും എന്റെ ഉറക്കം കെടുത്തി.
ഒടുവിൽ കീമോയുടെ ഛർദിയുടെ ആലസ്യത്തിൽ തളർന്നുറങ്ങിയ എന്നെ വിളിച്ചുണർത്തി അവൻ ഒരു കവർ നീട്ടി.
"ഞാൻ മരിച്ചിട്ട് മാത്രമേ തുറക്കാവു " എന്ന് പറഞ്ഞു.
ആകാംഷ നിറഞ്ഞ മനസ്സിനെ അടക്കി നിർത്താൻ പരാജയപ്പെട്ട ഞാൻ അത് തുറന്നു.
"എന്നെ സ്നേഹിക്കരുത്.... ഞാൻ നിനക്കാരുമല്ല...... "
ബാക്കി വായിക്കാനാവാതെ ഞാൻ അത് മടക്കി.....
എനിക്ക് ഊഹിക്കാനാകുമായിരുന്നു ബാക്കി എന്താണെന്ന്......
ഇന്നലെയാണ് എന്റെ ചെവിയിൽ അവൻ പറഞ്ഞത് "പോകാതിരിക്കാനായെങ്കിൽ..ഇല്ല........
ഞാൻ പോകും....
എനിക്കായ് പൊഴിക്കാൻ നിന്റെ മിഴിയിൽ നിറയരുത് ഒരു തുള്ളി പോലും...... "
പതറിയ മനസ്സിനെ പിടിച്ചടക്കി ഞാൻ അവനു വേണ്ടി പ്രാർത്ഥിച്ചു......... വൈകിട്ടു
ഡോക്ടർമാർ പറഞ്ഞു
"മൻസൂർ...... ദൈവം നമ്മുടെ പ്രാർത്ഥന കേട്ടു...... നിന്റെ ശരീരം മരുന്നുകളോട് പോസിറ്റീവ് ആയി പ്രതികരിച്ചു തുടങ്ങി....... ഇനി നമുക്ക് പ്രതീക്ഷയുണ്ട്.... "
അതുകേട്ട് അവനൊന്നു ചിരിച്ചു.....
മറുചിരിയിൽ ഞാൻ മനസ്സിൽ പറഞ്ഞു...... എന്റെ പ്രാർത്ഥനയാണ്.....
അവന്റെ ഓരോ ചിരിയിലും നൂറായിരം അർത്ഥങ്ങളുണ്ടെന്നു എനിക്കറിയാം.
അവൻ സന്തോഷവാനായിരുന്നു.....
എന്നിട്ടും കാമുകിയെ കുറിച്ച് അവനൊന്നും പറഞ്ഞില്ല. കുശുമ്പുകൊണ്ടാവണം കേൾക്കാനിഷ്ടം തോന്നാത്തത് കൊണ്ട് ഞാൻ അവളെ അന്വേഷിച്ചുമില്ല.
സന്ധ്യക്ക്‌ പുറത്തെവിടെയോ പോയി വന്ന അവൻ എനിക്കൊരു കുങ്കുമച്ചെപ്പ് വാങ്ങിത്തന്നു. അതിൽ നിറയെ സിന്ദൂരവും.
"രോഗം മാറി നീയൊരു പുരുഷന്റെ പതിയാകുമ്പോൾ നിന്റെ സീമന്ത രേഖയിൽ പടരുന്ന കുങ്കുമം ഇതിൽ നിന്നാവട്ടെ...... ഇതിനുള്ളിൽ ഞാനുണ്ട് എന്റെ മനസ്സും..... "
കവിതപോലെ ചെവിക്കരുകിൽ അവൻ മന്ത്രിച്ചു കടന്നുപോയ ആ വാക്കുകളിലെ നഷ്ടപ്പെടലിന്റെ തീവ്രത തിരിച്ചറിഞ്ഞപ്പോൾ അവന്റെ കാമുകിയെ കുറിച്ച് ഓർത്തു ഒന്നും പറയാതെ ഞാൻ തിരിഞ്ഞു നടന്നു.....
ഇന്നലെ അവനെന്നോട് ഒരുപാട് സംസാരിച്ചു...... കുന്നിൻ ചെരുവിലെ അവന്റെ വീടിനെ കുറിച്ച്......
അവനെ കാത്തിരിക്കുന്ന കാമുകിയെ കുറിച്ച്........
മരുന്ന് മണക്കാത്ത സ്വപ്നങ്ങളെ കുറിച്ച്.......
ദൂരെയെവിടെയോ നിന്ന് ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം നേർത്ത ശബ്ദത്തിൽ കേൾക്കുന്നുണ്ടായിരുന്നു.....
ഒ വി വിജയൻ നടന്ന തസ്രാക്കിലെ മണ്ണിലൂടെ അവന് നടക്കണമെന്ന്......
കൈ പിടിക്കാൻ കാമുകി വേണോയെന്നു കുശുമ്പോടെ ഞാൻ ചോദിച്ചപ്പോൾ
"എനിക്കുറങ്ങാൻ പേടിയാകുന്നു..... നാളത്തെ പ്രഭാതം എനിക്ക് കാണാൻ കഴിയുമോ....... "എന്നവൻ മറുചോദ്യം ചോദിച്ചു.
നിശബ്ദത കൊണ്ട് മറുപടി പറഞ്ഞു ഞാൻ അവന്റെ തലമുടി വിരലുകൾ കൊണ്ട് കോതിക്കൊണ്ടിരുന്നു.......
"എനിക്ക് വേദനിക്കുന്നു...... തലക്കകത്ത്....... ചെവിക്കുള്ളിൽ........ നെഞ്ചിൽ......... ഓരോ രോമകൂപത്തിലും വേദനിക്കുന്നു....... "
നെഞ്ച് പിഞ്ചിയിട്ടും ഒരു ചെറു പുഞ്ചിരിയിൽ ഞാൻ അവനു പ്രതീക്ഷയുടെ ചെറുനാളം കാട്ടിക്കൊടുത്തു.
പിഞ്ചുപൈതലിന്റെ നിഷ്കളങ്കതയോടെ മെല്ലെ ഉറങ്ങിയാ അവന്റെ പാദങ്ങളിൽ പിടിച്ച് ഞാൻ ആലോചിച്ചു ;
ഇവൻ എന്നെ പ്രണയിച്ചിരുന്നെങ്കിൽ........ അല്ലെങ്കിൽ എനിക്കിവനോട് പ്രണയം തോന്നിയിരുന്നെങ്കിൽ.....
സാവിത്രിയെപ്പോലെ യാചിച്ചു യാചിച്ചു ഞാൻ ഇവനെ സ്വന്തമാക്കിയേനെ........
ഈ Rcc യുടെ ഏതിടനാഴിയിലാണ് എന്റെയും ഇവന്റെയും ഹൃദയത്തിൽ പ്രണയമായ് മുളക്കേണ്ട വിത്തുകൾ കൈമോശം വന്നത്.......
അതും വീണ്ടെടുക്കാനാവുമെന്നു പ്രതീക്ഷിക്കാനാവാത്തപോലെ
ആലോചനകളിൽ വീണുറങ്ങിപ്പോയ ഞാൻ ഉണർന്നത് അരിച്ചു കയറിയ തണുപ്പ് വിളിച്ചപ്പോഴാണ്.....
അവൻ പോയി.....
ഇളം മഞ്ഞ് ആർദ്രമായ് പെയ്തിറങ്ങുന്ന കുളിരുന്ന ഒരു പ്രഭാതത്തിൽ അവൻ പോയി..... ആരോടും പറയാതെ..........
വെള്ളാരം കണ്ണുകളും ചെമ്പിച്ച തലമുടിയും വിഷാദം നിറഞ്ഞ ചിരിയുമുള്ള മെലിഞ്ഞ പെൺകുട്ടിയുടെ ഛായ ചിത്രം മേശയിലുണ്ടായിരുന്നു.......
"മരണമെന്ന കാമുകി......... ..നിനക്ക് ഞാൻ എൻ പ്രണയം തരും "
എന്നൊരു അടിക്കുറിപ്പും......
Dr. Salini CK

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot