എന്താ ചീരൂ വൈകിയത്??"...
"മോളുടെ സ്‌കോളർഷിപ്പിനുള്ള അപേക്ഷ പൂരിപ്പിക്കാൻ സുലൈഖ ടീച്ചറുടെ അടുത്ത് പോയതാ.. വൈകിപ്പോയി ചേച്ചീ.."..
ഓടി വന്ന കിതപ്പ് മാറുന്നതിനു മുമ്പേ ഉത്തരം നൽകി,വരദ ഒന്ന് കൂടി മുഖം കറുപ്പിക്കുന്നതിനു മുമ്പ് അവൾ അടുക്കളയിലേക്ക്കയറിപ്പോയി..
ചീരു എന്നും കൃത്യ സമയത്ത് തന്നെയാണ് വരാറുള്ളത്..ഇന്നാണെങ്കിൽ വൈകുമെന്നും പറഞ്ഞിരുന്നില്ല അതുകൊണ്ടാണ് ഒന്ന്കടുപ്പത്തിൽ ചോദിച്ചത്.ആളൊരു പാവമാണ്.എന്ത് ജോലിയും വൃത്തിയിൽകണ്ടറിഞ്ഞു ചെയ്തുകൊള്ളും ..എന്തുപറഞ്ഞാലും ഒരുപ്രശ്നവുമില്ല..
ആദ്യം ജോലിയ്ക്കു വന്ന സമയത്ത് ഒരുപാട് വഴക്കുപറയാറുണ്ടായിരുന്നു.. ജോലിക്കാരെ കിട്ടാൻ തന്നെ പ്രയാസമുള്ള ഈകാലത്ത് വഴക്കു കൂടെ പറഞ്ഞാൽ എന്താ സ്ഥിതി..
പക്ഷെ പത്ത് മിനിട്ടുകഴിഞ്ഞാൽ ചിരിച്ചുകൊണ്ട് 'ചേച്ചീ ' എന്ന് വിളിച്ചു എന്തെങ്കിലും കഥയുമായി വരും.. എപ്പോഴും ചിരിച്ചുകൊണ്ട് കാണപ്പെടുന്ന അവളെ പിന്നെ തെറ്റ് കണ്ടാലുംവഴക്കു പറയാൻ ആവാത്ത സ്ഥിതിയായി.
“ചിന്നൂന്റെ അമ്മയെപ്പോലെ സുന്ദരിയാകണംന്നു എപ്പോഴും എന്റെ പിങ്കിമോള്പറയാറുണ്ട് ..ഈയിടെയായി ചിന്നൂന്റെ അമ്മേന്റെ മുഖത്ത് ആകെ വിഷമമാണ്,ആ ഭംഗി ഒക്കെ പോയെന്നാ ഓളെ സങ്കടം.. അല്ല ചേച്ചീ....എന്താ ഇങ്ങനെ ദിവസവും സങ്കടപ്പെട്ടിരിക്കുന്നത്???”…
താൽപര്യമില്ലാത്ത മട്ടിൽ അവളെ ഒന്ന് നോക്കി റൂമിലേക്ക് പോകുമ്പോഴും വരദയുടെ മുഖം മ്ലാനമായിരുന്നു…
വരദേച്ചി വരുമ്പോൾ എല്ലാവരും കണ്ണെടുക്കാതെ നോക്കുന്നത് കണ്ടിട്ട് അസൂയ തോന്നിയിട്ടുണ്ട് പലപ്പോഴും..മുഖം നിറഞ്ഞുനിൽക്കുന്ന ആ ചിരിയാണ് ചേച്ചിയുടെ ഭംഗി..ഇപ്പോൾ ആ ചിരി കണ്ടകാലം മറന്നു..
ചിരി എന്നത് ഒരു മരുന്നും വ്യായാമവും ആണെന്നാണ് കഴിഞ്ഞാഴ്ച നടന്ന ബോധവൽക്കരണ ക്‌ളാസിൽ അസീസ് സാർ പറഞ്ഞത്..നമ്മൾ ചിരിക്കുമ്പോൾ മുഖത്തെ എല്ലാ പേശികൾക്കുംചർമ്മങ്ങൾക്കും നല്ല വ്യായാമം കിട്ടുന്നതോടൊപ്പം പ്രസരിപ്പും ഉണ്ടാകും.. എന്നാൽ സങ്കടപ്പെട്ടിരിക്കുമ്പോഴോ… പേശീചർമ്മങ്ങളൊന്നും അനങ്ങാതെയും രക്തയോട്ടം അവിടെ എത്താതെയും വരുന്നു. ഇങ്ങനെയാണ് മുഖത്തു പാടുകളും ചുളിവുകളുമൊക്കെ ഉണ്ടാകുന്നത്..
മനസ്സറിഞ്ഞു ചിരിച്ചാലോ അത് മനസ്സിലെ മുറിവുകൾക്ക് മരുന്നുമാണത്രെ.....
നന്നായി ചിരിച്ചാൽ സൗന്ദര്യം കൂടുമെന്ന ശങ്കുചേട്ടന്റെ ഉപദേശം കേട്ടപ്പോൾ വെറുതെ ചോദിച്ചു..
"നമ്മളെങ്ങനാ സങ്കടം വരുമ്പോഴും ചിരിച്ചിരിക്കാ????"..പൊട്ടിച്ചിരിക്കുകയായിരുന്നു മൂപ്പർ .
"മണ്ടീ.....സന്തോഷവും സങ്കടവും എല്ലാ മനുഷ്യർക്കും ഉണ്ടാകുന്ന ഒരു വികാരമാണ്..എന്നാൽ സങ്കടത്തിനു നമ്മൾ അമിത പ്രാധാന്യം കൊടുക്കരുതെന്നാണ് പറഞ്ഞത്..നമ്മുടെ സങ്കടത്തിനു പത്തു മിനുട്ടിൽ കൂടുതൽ ആയുസ്സു കൊടുക്കാതിരിക്കുക .."
ആൾക്കണ്ണാടിയിൽ നോക്കിയപ്പോൾ പിങ്കിയുടെ സംശയത്തിൽകാര്യമുണ്ടെന്നു വരദക്ക് തോന്നി..ഒന്ന് ശരിയ്ക്ക് കണ്ണാടിയിൽ നോക്കിയിട്ട് തന്നെഒരുപാടുനാളായ് ..മുഖത്ത് കറുത്ത പാടുകളും ചെറിയ ചുളിവുകളും വന്നുതുടങ്ങിയിരിക്കുന്നു..
ഒരു കാലത്ത് സ്വകാര്യ അഹങ്കാരമായിരുന്ന സൗന്ദര്യം മെല്ലെമെല്ലെ മാഞ്ഞു തുടങ്ങിയിരിക്കുന്നു...പ്രായത്തിന്റെ മിനുക്കുപണികൾക്കപ്പുറം ഒരുമാറ്റം അവളെ ഏറെ അത്ഭുതപ്പെടുത്തി..
ചിരിക്കാൻ ഇപ്പോൾ തീരെപ്രയാസമാണ്..സങ്കടങ്ങൾ... ദുഃഖങ്ങൾ ......എന്തുണ്ടായിട്ടും ഒന്നുമില്ലാത്ത അവസ്ഥ.. മനസമാധാനം ഇല്ല ..
എല്ലാവർക്കും തന്നോടെന്തൊക്കെയോ വെറുപ്പുള്ളതുപോലെ..പ്രമോദേട്ടനായാലും മക്കളായാലും എല്ലാം,എന്തിനും ഏതിനും കടിച്ചുകീറാൻ വരുന്ന പോലെ..
“എന്താ ചേച്ചിയ്ക്ക് പറ്റിയത്..എന്ന് നോക്കിയാലും മുഖത്ത് വിഷമമാണ്..സ്നേഹമുള്ള ഭർത്താവും കുട്ടികളും ..നല്ലൊരു വീട് ...ജോലി ......കാർ.. " ചീരുവിന്റെ ദൈന്യത....
"എന്റെവീട്ടിലെ അവസ്ഥ എങ്ങനാ!? .ചേട്ടന് കിട്ടുന്നതും എനിയ്ക്കു കിട്ടുന്നതുംഎത്രയാണെന്നൊക്കെ ചേച്ചിയ്ക്കറിയാലോ.?.അത് വെച്ചാണ് വീട്ടിലെ ചെലവും മക്കളുടെ പഠിപ്പും എല്ലാം കഴിഞ്ഞുപോകുന്നത്.ചില മാസങ്ങളിൽ മിച്ചംവെയ്ക്കാൻ പോലും ഒന്നുമുണ്ടാവില്ല...പണമൊന്നുമില്ലെങ്കിലും സമാധാനമുണ്ട്ചേച്ചീ ഞങ്ങളുടെ വീട്ടിൽ..”….
തന്റെ പ്രശ്നങ്ങൾ ചീരുവിനോട് പറഞ്ഞിട്ടെന്തു കാര്യം ..അവൾക്കെന്തുചെയ്യാൻ ...എന്റെ ജീവിതം ഇങ്ങനെയൊക്കെ ആയിപ്പോയില്ലേ..
അവൾ പറഞ്ഞത്കാര്യമാണ്..അവളുടെ ഭർത്താവ് ശങ്കു കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണുകാലു പൊട്ടികിടന്നപ്പോൾ ചെന്ന് കണ്ടതാണ്.
ചെറിയൊരു വീട്..എങ്ങിനെ ഇവർ ഇതിൽ ജീവിക്കുന്നുവെന്നു തോന്നിയിരുന്നു.
വളരെ സന്തോഷത്തോടെ ചീരുവും ശങ്കുവും മക്കളും ..കളിചിരിയും തമാശയും എല്ലാം ആ വീട്ടിലുണ്ട് .ഈഒരവസ്ഥയിൽ എങ്ങിനെ കഴിയുന്നു ഇവർക്കിങ്ങനെ??
പ്രമോദേട്ടനോടെന്തെങ്കിലും പറഞ്ഞാൽ പിന്നെ ആ വഴിക്കു നോക്കണ്ട...തല്ലിയാലും കുഴപ്പമില്ലായിരുന്നു..അവഗണനയാണ് സഹിച്ചുകൂടാനാവാത്തത്..മക്കൾക്കാണെങ്കിൽ സംസാരിക്കാൻ പോലും മടിയുള്ളതുപോലെ..
“ഞാൻ ചോദിക്കണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. എന്തിനാ ചേച്ചീ ചേട്ടൻ രണ്ടു മൂന്നു ദിവസം മുമ്പ് മൺവെട്ടിയും താഴേക്കെറിഞ്ഞു ദേഷ്യത്തിൽ പോവുന്നത് കണ്ടത്??”..
ഇവളെല്ലാം ശ്രദ്ധിക്കുന്നുണ്ടല്ലോ എന്നോർത്തപ്പോൾ ഒരു നാണക്കേട് പോലെ ..
വീട്ടിൽ ജൈവകൃഷി നടത്തുന്ന പ്രമോദേട്ടന്റെ കൂട്ടുകാരൻ കൊടുത്ത കുറച്ചു വിത്തുകൾ, നടാൻ തീരുമാനിച്ചത് എല്ലാവർക്കും ലീവുള്ള ഞായറാഴ്ചയാണ്..കുമ്പളവും പയറും പച്ചമുളകും എല്ലാമുണ്ട്..
അടുക്കളപണി ആയതിനാൽ അച്ഛനും മക്കളും പറമ്പിൽ തടമെടുക്കുന്നത് ശ്രദ്ധിക്കുന്നത് പിന്നീടാണ്..കണ്ടപ്പോൾ തന്നെ വരദയ്ക്ക് കോപം ഇരച്ചു കയറി..
"വല്യ കളക്ടറേറ്റിലെ ഉദ്യോഗസ്ഥനും, എല്ലാം അറിയുമെന്ന ഭാവത്തിലുള്ള മക്കളും...ഒരു കുമ്പളവിത്ത് നടുന്നതുപോലും അറിയില്ല..ഇങ്ങനെയുണ്ടോ മനുഷ്യർ..ഇങ്ങനെയാണോ തടമെടുക്കുന്നത്???"....
അത്രയും നേരം ഉണ്ടായിരുന്ന കളിചിരികൾ ഒരു നിമിഷംകൊണ്ട് തന്നെ ഇല്ലാതായി.അവളുടെ രോഷം അയാളിലേക്ക് പടർന്നു കയറി...
"എല്ലാം അറിയുന്ന നീയങ്ങ് ഉണ്ടാക്ക്.."..ദേഷ്യത്തിൽ മൺവെട്ടിയെടുത്ത് താഴേക്കിട്ട് അയാൾ വീട്ടിനകത്തേക്ക് കയറിപ്പോയി.. പഠിക്കാനുണ്ടെന്നും പറഞ്ഞു മക്കളും...
ചീരു കലത്തിൽ നിന്നും ചോറ് കയ്യിലിൽ കോരിയെടുത്ത് അതിൽനിന്നും ഒരുമണിയെടുത്ത് വായിലിട്ടു. പൊള്ളിയപോലെ വരദയുടെ അടുത്തേയ്ക്ക് ഓടിവന്നു...
"വേവ് കുറവാണോന്നു നോക്ക് ചേച്ചീ.....".. കഞ്ഞിക്കലത്തിലേയ്ക്ക് ചോറും കലം ഇറക്കിവയ്ക്കുമ്പോൾ വരദയുടെ മുഖത്തേക്കൊന്നവൾ പാളി നോക്കി ...
"നിങ്ങളുടെ അത്ര പഠിപ്പും വിവരമൊന്നും എനിക്കില്ല ചേച്ചീ..പക്ഷെ ഞാൻ കുറെ നല്ല ബുക്കുകളൊക്കെ വായിക്കാറുണ്ട്.."..
ചൂടുള്ള കലത്തിൽ കയ്യൊന്നു തട്ടിയപ്പോൾ അവൾ ഞെട്ടി കൈവലിച്ചു..
"ചേച്ചീ..എന്ത് കാര്യവും ദേഷ്യത്തിൽ പറഞ്ഞാൽ ആരും അത് കേൾക്കാൻ നമ്മുക്ക് ചെവിതരില്ല...എന്നാൽ മയത്തിൽ അവതരിപ്പിച്ചാലോ....കേൾക്കാൻ താൽപ്പര്യം ഇല്ലാത്തവൻ പോലും ഒന്ന് ശ്രദ്ധിക്കും.."..
ശ്രദ്ധ അവൾ പറയുന്നതിൽ അല്ല എന്ന ഭാവേന വരദ അവിടെ ഇരുന്നു...
“അന്ന് അവിടെ സംഭവിച്ചത് എന്താണെന്ന് ചേച്ചിയ്ക്ക് മനസ്സിലായോ!!!??"
"ചേട്ടനും മക്കളും തടമെടുക്കുന്നു ..ചേച്ചി അപ്പോഴാണ് അങ്ങോട്ട് വരുന്നത്.. കൃഷിയിൽ ബിരുദം നേടിയ ചേച്ചിയ്ക്ക് ഇത് കണ്ട് സഹിക്കുന്നില്ല...”….
അവൾ വരദ നടന്നുവരുന്നത് പോലെ നടന്നുകാണിച്ചു..
"അയ്യോ..ചേട്ടാ ഇങ്ങനെയാണോ കുമ്പളത്തിനു തടമെടുക്കുന്നത്???ചെറുതായി കുഴിച്ചല്ലേ തടമെടുക്കേണ്ടത്???ഞങ്ങളെ അഗ്രികൾച്ചർ ക്ലാസ്സിൽ പഠിപ്പിച്ചത് അങ്ങനെ ആണെന്നാണ് എനിക്കോരോർമ്മ .."...
പെട്ടന്നവൾ പ്രമോദ് നിൽക്കുന്നപോലെ ഇപ്പുറത്തേക്കു നിന്നു ...
പ്രമോദ് തങ്ങൾ എടുത്ത തടങ്ങൾ എല്ലാം ഒന്ന് നോക്കി...
"നീ അല്ലെ അഗ്രികൾച്ചർ ഒക്കെ പഠിച്ചത്...എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് നീയല്ലേ ഞങ്ങൾക്ക് പറഞ്ഞു തരേണ്ടത്..ഗോപൂട്ടാ...ഇങ്ങനെയല്ലേടാ തടമെടുക്കേണ്ടത്..'അമ്മ പറയുംപോലെ ചെയ്യ് ."…
ചീരുവിന്റെ ഭാവമാറ്റങ്ങൾ അത്ഭുതത്തോടെ അവൾ നോക്കി നിന്നു..
"ചേച്ചി അന്ന് പറഞ്ഞപ്പോഴും ഇന്ന് പറഞ്ഞപ്പോഴും തമ്മിലുള്ള വ്യത്യാസം ഇങ്ങനെ ആയിക്കൂടേ..." ഒരാളും സ്വന്തം തെറ്റുകൾ മറ്റൊരാൾ എടുത്തടിച്ചു പറയുമ്പോൾ അംഗീകരിച്ചു തരില്ല. .??? "
വരദയുടെ ശ്രദ്ധ തന്നിലേക്കായെന്ന സന്തോഷം അവളിൽ ആവേശം നിറച്ചു...
"ചേച്ചി പറഞ്ഞ കാര്യം ഒന്നാണെങ്കിലും അവതരിപ്പിച്ച ശൈലിയിൽ മാറ്റം വന്നപ്പോൾ അപ്പുറത്തും അതെ മാറ്റം വന്നില്ലേ??? .......നമ്മൾ എങ്ങനെയാണ് ഒരാളോട് പെരുമാറുന്നത് എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും അയാളുടെ തിരിച്ച് നമ്മളോടുള്ള പെരുമാറ്റം.."....
ചീരു എന്താണ് ഉദ്ദേശിക്കുന്നതെന്ന് അവൾക്ക് മനസ്സിലായി..
"അതൊന്നുമല്ല ചീരൂ.പണ്ടത്തെപ്പോലെ ഒന്നുമല്ല പ്രമോദേട്ടനിപ്പോൾ..എന്നോടെന്തൊക്കെയോ വെറുപ്പുള്ളതുപോലെ .."
"പണ്ടത്തെപ്പോലെ ആണോ ചേച്ചീ നമ്മളെല്ലാവരും ഇപ്പോൾ..ചേട്ടന് ജോലിയിലും വീട്ടിലും ഉത്തരവാദിത്തങ്ങൾ കൂടിയില്ലേ??..ചേച്ചിയ്ക്ക് ഇപ്പോൾ ചേട്ടന്റെ കാര്യം മാത്രം നോക്കിയാൽ മതിയോ??സാഹചര്യത്തിന് അനുസരിച്ചല്ലേ നമ്മളും മാറേണ്ടത്.. ചേച്ചിയോട് ആരെങ്കിലും പറഞ്ഞോ നിങ്ങളെ ഇഷ്ടമല്ലാ...വെറുപ്പാണ് എന്നൊക്കെ???...
ചീരു ഷെൽഫിൽ നിന്നും മിക്സിയെടുത്തു വന്നു. മ്ലാനത വരദയെ വിട്ടുപോയിട്ടില്ല എന്നവൾക്കു മനസിലായി..
"ചേച്ചി സ്വയം മനസ്സിൽ എഴുതി വച്ചിരിക്കുകയാണ് എന്നെ ആർക്കും ഇഷ്ട്ടമല്ല, വെറുപ്പാണ് എന്നൊക്കെ..അത് ചേച്ചിയുടെ സ്വഭാവത്തിലേക്കും സംസാരത്തിലേക്കും കടന്നുവരുമ്പോൾ ദേഷ്യമായും വെറുപ്പായും മാറുന്നു ."
"മറ്റുള്ളവർ നമ്മളോട് അകലം പാലിക്കുന്നുണ്ടെന്ന് തോന്നിയാൽ ആദ്യം നമ്മൾ സ്വയം ഒന്ന് കണ്ണോടിക്കാൻ ശ്രമിക്കണം..തെറ്റുണ്ടെങ്കിൽ അത് തിരുത്താനും...എന്നിട്ടേ മറ്റുള്ളവരെ കുറ്റം പറയാവൂ.. മറ്റുള്ളവരെ നമ്മളിൽ നിന്നും അകറ്റുന്നതും അടുപ്പിക്കുന്നതും നമ്മൾ തന്നെയാണ്..നമ്മുടെ മനോഭാവവും പെരുമാറ്റവുമാണ് "..
വരദയ്ക്ക് ചീരു പറയുന്നതിനോട് താല്പര്യം കൂടിവരികയായിരുന്നു..അവളുടെ ശ്രദ്ധ തന്നിലേക്ക് പൂർണ്ണമായെന്നു മനസ്സിലായപ്പോൾ ചീരുവിനു ഉത്സാഹം കൂടി...
“മനസ്സിൽ എഴുതിവെച്ചിട്ടുള്ളതെല്ലാം വെട്ടിമാറ്റി, എന്നെ എല്ലാവർക്കും ഇഷ്ട്ടമാണ്...എനിക്കും എല്ലാവരെയും ഇഷ്ട്ടമാണ്..എന്നങ്ങ് എഴുതി വെക്ക് ചേച്ചീ...”….
മൊബൈൽ ഫോൺ ബെല്ലടിച്ചപ്പോൾ ബ്ലൗസിനുള്ളിൽ നിന്നും എടുത്ത് അറ്റൻഡ് ചെയ്യുമ്പോൾ ചീരുവിന്റെ മുഖത്ത് ഒരു ചിരി ഉദിച്ചു ..
"ഏട്ടാ....കിട്ടിയോ..!! ..മക്കളെത്ര ദിവസായി പറയുന്നു..അവർക്ക് ഭയങ്കര സന്തോഷമായിരിക്കും..ങേ ..അതിൽ നിന്നെടുക്കാനോ???
കഴിഞ്ഞമാസം തന്നെ ഒന്നും അതിലേക്ക് മാറ്റാൻ പറ്റിയിട്ടില്ല..ശരി..ഉറപ്പാണല്ലോ.. പറ്റിച്ചാൽ എന്റെ സ്വഭാവം ശരിക്കും അറിയാലോ??.".. ചിരിച്ചുകൊണ്ടവൾ ....
"ചേച്ചീ.. ലാലേട്ടന്റെ 'പുലിമുരുകൻ' കാണാൻ ചേട്ടൻ ടിക്കറ്റ് ശരിയാക്കിയിട്ടുണ്ട്..വീട്ടിൽ ടൈൽസ് ഇടാൻ വേണ്ടി ഞങ്ങൾ മാസംതോറും കുറച്ചു പൈസ മാറ്റിവെയ്ക്കുന്നുണ്ട്..അതിൽനിന്നും തല്ക്കാലം എടുത്തു കൊടുക്കാനാണ് പറയുന്നത്..അടുത്ത മാസം എന്തായാലും തിരിച്ചു തന്നോളും എന്ന് പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു..സൂപ്പർ പടമാണെന്നാണ് എല്ലാരും പറയുന്നത്.. ചേച്ചി കണ്ടോ???”
അതിനു മറുപടി പറയാതെ അവൾ റൂമിലേക്ക് നടന്നു..മേശപ്പുറത്തു അലക്ഷ്യമായി ഇട്ടിരിക്കുന്ന ചെക്ക് ബുക്കിലേക്ക് കണ്ണുകളെത്തി..രാവിലെ ദേഷ്യത്തിൽ എടുത്തെറിഞ്ഞതാണ്..പ്രമോദേട്ടനും ആകെ ദേഷ്യം പിടിച്ചിരുന്നു..
" ടൗണിലെ നമ്മുടെ ബിൽഡിങ്ങിൽ കുറച്ചു മെയ്ന്റനൻസ് വർക്കുണ്ടെന്നു ഹനീഫ്ക്ക വിളിച്ചു പറഞ്ഞിട്ട് കുറേ ആയി..എന്റെ അക്കൗണ്ടിലുള്ള പണം വണ്ടിയ്ക്ക് ചെക്ക് കൊടുത്തതാണ്..നീ അക്കൗണ്ടിൽ നിന്നും കുറച്ചു പണമെടുത്ത് ഇക്കയ്ക്കു കൊടുക്ക്..അത്യാവശ്യമാണ് "..
പറഞ്ഞു തീർക്കാൻ പ്രമോദിനെ അവൾ സമ്മതിച്ചില്ല..
"ആ പണമൊന്നും എടുക്കാൻ പറ്റില്ല.. മോളുടെ ചടങ്ങിന് സ്വർണ്ണം വാങ്ങാനും, സ്ഥലത്തിന് അഡ്വാൻസ് കൊടുക്കാനുമുള്ളതാണ് അതെന്നു പ്രമോദേട്ടന് നന്നായി അറിയാമല്ലോ?? പിന്നെന്തിനാ അത് ചോദിക്കുന്നത്..??? എന്താണെങ്കിലും പറ്റില്ല..”
“എനിക്ക് പണം വരാനുണ്ട്.. രണ്ടു മൂന്നു ദിവസത്തിനുള്ളിൽ അതെത്തും.നിന്റെ അക്കൗണ്ടിലേക്കാണ് അത് ട്രാൻസ്ഫർ ചെയ്യാൻ പറഞ്ഞിരിക്കുന്നത്.. ഇന്ന് അത്യാവശ്യമായതുകൊണ്ടല്ലേ ഞാൻ ചോദിക്കുന്നത്.. നീ ഓൺലൈൻ ട്രാൻസ്‌ഫർ ചെയ്‌താൽ മതി..”
“ഇവിടെ നെറ്റ് ഡൗണാണ്..”.. പെട്ടെന്നുള്ള അവളുടെ മറുപടിയിൽ അയാൾക്ക് ദേഷ്യം വന്നു..
"എന്നാൽ നിന്റെ പാസ്സ്‌വേഡ് പറ..ഞാൻ ഓഫീസിൽ നിന്നും ചെയ്തോളാം.."
"അത് വേണ്ട...വേണമെങ്കിൽ ചെക്ക് എഴുതിത്തരാം"..
ചെക്ക് ബുക്കെടുത്ത് മുറിയിലേക്കെറിഞ്ഞയാൾ ഇറങ്ങിപ്പോയി…….
തറ തുടച്ചു വൃത്തിയാക്കുന്നതിനിടയിലും ചീരു പുലിമുരുകൻ കാണാൻ പോവുന്ന ത്രില്ലിലായിരുന്നു......
"ചീരൂ ...നീ ശങ്കുവിനോട് അങ്ങനെ പറഞ്ഞപ്പോൾ അയാൾക്ക് ദേഷ്യം വന്നില്ലേ??"..
വരദയ്ക്ക് ജിജ്ഞാസ അടക്കാനായില്ല….
"ഏട്ടനോ..?..ദേഷ്യമോ??...ഞങ്ങൾ അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും പലതും പറയും ചേച്ചീ....ഞാൻ പണം കൊടുക്കുമെന്ന് ഏട്ടനറിയാം..ഏട്ടൻ അടുത്ത മാസം എങ്ങനെയാണെങ്കിലും തിരിച്ചു തരുമെന്ന് എനിക്കും .. എന്നെ ഏട്ടനും ഏട്ടന് എന്നെയും ശരിക്ക് അറിയാം."…
അവളോട് സംസാരിക്കുമ്പോൾ എന്തോ ഒരു ഊർജം കിട്ടുന്നതുപോലെ തോന്നി വരദയ്ക്ക് ..
"ഞാൻ കഴിഞ്ഞാഴ്ച ഒരു ബോധവൽക്കരണ ക്‌ളാസ്സിനു പോയിരുന്നെന്നു പറഞ്ഞില്ലേ !..ആ മാഷ് ..പറയുന്ന ഓരോ കാര്യങ്ങൾ നമ്മുടെ ഒക്കെ വീട്ടിൽ നടക്കുന്നതല്ലേ എന്ന് തോന്നും ചേച്ചീ ...പണം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് കുറേ ക്‌ളാസെടുത്തു.."…
ചീരു നിമിഷ നേരംകൊണ്ട് തറതുടയ്ക്കുന്ന സാധനങ്ങളൊക്കെ അവിടെ ഇട്ട് അസീസ് മാഷായി മാറി..
പണത്തെ നമ്മൾ ഇഷ്ടപ്പെടണം ബഹുമാനിക്കണം എന്നാൽ ഒരിക്കലും സ്നേഹിക്കാൻ പാടില്ല..കാരണം സ്നേഹിക്കുന്ന ഒന്നിനെയും കൈവിട്ടുകൊടുക്കാൻ നമ്മളിഷ്ടപ്പെടില്ല.
പണം എന്നത് ആവിശ്യത്തിന് ഉപകരിക്കേണ്ട ഒന്നാണ് .ആവിശ്യത്തിന് ഉപകരിച്ചില്ലേൽ പിന്നെ പണത്തിന് കടലാസിന്റെ വിലയാണുള്ളത്...?? ..
പണം കൊണ്ട് നമ്മുക്ക് എന്തും വാങ്ങാം....സ്നേഹവും ആത്മബന്ധങ്ങളും ഒഴിച്ച് ...എന്നാൽ ഇവ രണ്ടും നഷ്ട്ടപ്പെടുത്താൻ പണത്തിന് നിമിഷനേരംകൊണ്ട് കഴിയുകയും ചെയ്യും .
ഒരിക്കലും കുടുംബത്തിൽ അനാവശ്യമായി എന്തിനും ഏതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുത്... ആവശ്യങ്ങൾക്കും മേലെ ആവുമ്പോൾ മാത്രം നിയന്ത്രണങ്ങൾ ഇടുക.
“ശങ്കുവേട്ടൻ ആദ്യം പണം ധാരാളം ചെലവാക്കാറുണ്ടായിരുന്നു ..പിന്നെ ചോദിച്ചാൽ ഞാൻ കൊടുക്കാതെയായി. കുറച്ചുകഴിഞ്ഞപ്പോഴാണ് മനസ്സിലായത് പഴയതിനേക്കാൾ ചെലവ് കൂടുകയായിരുന്നെന്ന്.."
ചീരു വരദയുടെ അടുത്തേക്ക് നീങ്ങി നിന്നു.
"പിന്നെ നമ്മുടെ അവസ്ഥയും മറ്റും മയത്തിൽ ബോധ്യപ്പെടുത്തിക്കൊടുത്തപ്പോൾ ശരിയായി..നമ്മൾ കൊടുക്കില്ല എന്നുപറഞ്ഞാൽ വാശികൂടുകയേ ഉള്ളു ചേച്ചീ..”…
മൊബൈലെടുത്ത് വാട്‌സ് ആപ്പിൽ പ്രമോദേട്ടന് ബാങ്ക് ഓൺലൈൻ പാസ്‌വേഡ് അയച്ചുകൊടുക്കുമ്പോൾ വരദയുടെ മനസ്സൊന്നു പിടഞ്ഞു..
മിനുറ്റുകൾക്കകം വന്ന ഫോൺ അറ്റൻഡ് ചെയ്യുമ്പോൾ അവളൊന്നു തേങ്ങിപോയി..
"സോറി പ്രമോദേട്ടാ...രാവിലെ പറഞ്ഞതിനെല്ലാം സോറി....". അയാൾ അമ്പരന്നു പോയി...
"വിദ്യേ...!!".......
എന്നോ എവിടെയോ കളഞ്ഞു പോയ ആ വിളി കേട്ടതോടെ അവളുടെ നിയന്ത്രണം വിട്ടുപോയി ...പൊട്ടിക്കരച്ചിലിനിടയിൽ മാപ്പു പറഞ്ഞുകൊണ്ടിരുന്ന അവളെ അയാൾ ആശ്വസിപ്പിച്ചു..
"സാരമില്ലെടോ..ആ ദേഷ്യത്തിന് ഞാനും ഓരോന്ന് പറഞ്ഞു..നീ ക്ഷമിക്ക്.. ആ പണം ഞാൻ നമ്മുടെ ഷാജിയുടെ കയ്യിൽ നിന്നും വാങ്ങി കൊടുത്തു.."
"കയ്യിൽ ഉണ്ടായിട്ടും മറ്റുള്ളവരോട് ചോദിച്ചു വാങ്ങേണ്ടി വരുന്ന അവസ്ഥ പരിതാപകരമല്ലേ??.. ഞാൻ ആവശ്യമില്ലാതെ പണം ചെലവാക്കുന്നത് നീ കണ്ടിട്ടുണ്ടോ??..ആവിശ്യത്തിന് ഉപകരിക്കണം പണം.."..അവളുടെ മൗനം അയാളെ അത്ഭുതപ്പെടുത്തി..
“നിന്റെ അക്കൗണ്ടിലേക്ക് രണ്ടു ദിവസത്തിനുള്ളിൽ വരാനുള്ള പണം എത്തും..അപ്പോൾ നീ അങ്ങനെയൊന്നും പറയാതിരുന്നാൽ മതി..കേട്ടോ...”..
അയാളുടെ ചിരി അവളെ ചെറുതായൊന്നു നൊമ്പരപ്പെടുത്തി..
വൈകുന്നേരം ആവുമ്പോഴേക്കും ചീരുവിനു തിരക്കാണ്...
"മക്കൾ സ്കൂളിൽ നിന്നും വരുമ്പോൾ ഞാൻ വീട്ടിലില്ലെങ്കിൽ പറയണ്ട..മണിക്കുട്ടൻ ഒന്നും കഴിക്കില്ല..ബാറ്റുമെടുത്ത് ഒറ്റ പോക്കാ..പിന്നെ കളിക്കുന്നതിനിടയിൽ ഗ്രൗണ്ടിൽ കൊണ്ടുപോയി വാരിക്കൊടുക്കണം.."...
തുള്ളിച്ചാടി പാട്ടുംപാടിയുള്ള അവളുടെ പോക്ക് കണ്ടപ്പോൾ ഒരു ചിരിവിടർന്നു….പഴയ സന്തോഷനാളുകൾ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ . ഒരു ആത്മവിശ്വാസം മനസ്സിൽ കുളിരിടുന്നപോലെ....
ഡോർ ബെൽ അവളെ ചിന്തയിൽ നിന്നും ഉണർത്തി..അകത്തേയ്ക്കു കയറുമ്പോൾ ചിന്നുവും ഗോപുവും പതിവ് വഴക്കുപറച്ചിൽ കേൾക്കാനായി കാതോർത്തു...
"മക്കൾ ഫ്രഷായി വന്നോളൂ.ഭക്ഷണം എടുത്തുവെയ്ക്കാം"..
ചിന്നു ഗോപുവിനെ ഇടംകണ്ണിട്ടൊന്നു നോക്കി...ഭക്ഷണം കഴിക്കുമ്പോഴും അമ്മയുടെ മുഖഭാവം അവരെ അമ്പരപ്പിച്ചു..
“ഗോപൂട്ടനെ അന്വേഷിച്ച് അപ്പു വന്നിരുന്നു..ഗ്രൗണ്ടിലേക്ക് ചെല്ലാൻ പറഞ്ഞു....”..
ഗോപുവിന്റെ ഭക്ഷണം തൊണ്ടയിൽ കെട്ടി.വേഗം വെള്ളമെടുത്ത് കുടിച്ചു...
പലപ്പോഴും അപ്പു കളിക്കാൻ കൂട്ടാൻ വരുമായിരുന്നു..അമ്മയുടെ വഴക്കുപറച്ചിൽ കേട്ട് പേടിയായിട്ടാണെന്നു തോന്നുന്നു പിന്നെ വരാതായി..
'അമ്മ കാണാതെ മതിലിന്റെ മുകളിൽ തല മാത്രം ഒന്ന് കാണിച്ച് ചൂളമടിച്ചാണ് ഇപ്പോൾ കളിക്കാൻ പോവുന്ന സിഗ്നൽ തരാറുള്ളത്..എന്നിട്ടിപ്പോൾ അവൻ ഇവിടെ വന്നു വിളിച്ചത്രേ...
'അമ്മ കള്ളം പറയുകയാണോ!!?
“കളിച്ചിട്ട് ഇരുട്ടാവുന്നതിനു മുമ്പേ വീട്ടിലേക്ക് വരണം...കേട്ടല്ലോ...”....
അത്താഴം കഴിക്കുമ്പോൾ വരദയെ ശ്രദ്ധിക്കുകയായിരുന്നു എല്ലാവരും..
"നാളെ നമ്മുടെ പൂന്തോട്ടം ഒന്ന് റെഡിയാക്കിയാലോ ?..എല്ലാവർക്കും ലീവല്ലേ? എന്തെങ്കിലും പരിപാടികൾ ഉണ്ടോ??"..
കഴിഞ്ഞ ഞായറാഴ്ചയിലെ അനുഭവം പ്രമോദിന്റെ ഓർമ്മയിലേക്ക് ഓടിയെത്തി.
"നാളെ ക്ലബ്ബിലൊരു ഇമ്പോർട്ടന്റ് മീറ്റിങ് ഉണ്ട്.ഞാനുണ്ടാവില്ല.."....
ചിന്നുവിന്കൂട്ടുകാരിയുടെ വീട്ടിൽ കംപൈൻ സ്റ്റഡി..ഗോപു ആധിയോടെ അച്ഛനെ നോക്കി..
“ അച്ഛാ...... നാളേം കൂടി കളിക്കാൻ ചെന്നില്ലെങ്കിൽ ടീമിൽ നിന്നും പുറത്താവുമെന്നാ ക്യാപ്റ്റൻ പ്രവീൺ ചേട്ടൻ പറഞ്ഞത്..രണ്ടു മാച്ചിന് എനിക്കുപകരം ഓപ്പൺ ചെയ്ത ചീരു ചേച്ചിയുടെ മണിക്കുട്ടൻ ഒരുകളിക്ക് നാല്പതും കഴിഞ്ഞ മാച്ചിന് മുപ്പത്താറുമടിച്ച് ടീമിൽ സ്ഥാനം ഉറപ്പാക്കി. "
അവൻ അച്ഛന്റെ മുഖത്തേക്ക് സങ്കടത്തോടെ നോക്കി ....
"നാളെ അമിത്ത് കളിക്കാനില്ല..ഒരു ഫിഫ്‌റ്റിയെങ്കിലും അടിച്ചില്ലെങ്കിൽ എന്റെ കാര്യം പോക്കാ..”..
കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു അവൻ…. വരദയിൽ നിന്നും ഒരു പൊട്ടിത്തെറി പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു മൂവരും..
"സാരമില്ല..നാളെ ചീരുവിനേം കൂട്ടി ഞാൻ ശരിയാക്കിക്കോളാം..പക്ഷെ നിങ്ങൾ മൂന്നുപേരും ഒരു ഉപകാരം ചെയ്തു തരണം.."..
ആകാംഷയോടെ...അതിലേറെ അത്ഭുതത്തോടെ അവർ തലയുയർത്തി..
"പോകുന്നതിനു മുമ്പായി പ്രമോദേട്ടനും ഗോപൂട്ടനും ടെറസ്സിന്റെ മേലെയുള്ള പൂച്ചട്ടികളെല്ലാം താഴെ എത്തിച്ചു തരണം..ചിന്നു അമ്മയെ സഹായിച്ച് തന്നാൽ മതി.."…
കുറച്ചു നേരം കൊണ്ട് തന്നെ ആ വീടിനുള്ളിൽ ഓരോ മനസ്സിലും ഒരു ഉത്സവ അന്തരീക്ഷം സംജാതമാവുകയായിരുന്നു..
രാവിലെ ഉറക്കമുണരുമ്പോൾ വരദയുടെ പതിവ് ബഹളങ്ങൾ ഒന്നും കേൾക്കുന്നില്ലല്ലോ എന്നോർത്താണ് പ്രമോദ് റൂമിൽ നിന്നും പുറത്തേക്ക് നടന്നത്..വാതിൽക്കലെത്തിയതും ഞെട്ടിയതുപോലെ പുറകോട്ട് മാറി നിന്നു.
കുളിച്ച് തലയിൽ തോർത്തുകെട്ടി കയ്യിലൊരു ചായ കപ്പുമായി ചിരിച്ചുകൊണ്ട് മുന്നിൽ വരദ!!..
അവൾ തിരിഞ്ഞു നടക്കുമ്പോൾ ചായ കപ്പ് താഴെവെച്ചയാൾ കയ്യിലൊന്നു നുള്ളി നോക്കി..
മിനുറ്റുകൾക്കകം തന്നെ പൂച്ചെട്ടികൾ രണ്ടുപേരും താഴെ എത്തിച്ചു .ക്രിക്കറ്റ് ബാറ്റുമെടുത്ത് പോകാനിറങ്ങിയപ്പോൾ ഗോപു അമ്മയുടെ അടുത്തേക്ക് ചെന്നു കൈപിടിച്ചു..
"ഇന്ന് മോനും മണിക്കുട്ടനും ഫിഫ്റ്റി അടിച്ചിട്ടുണ്ടെങ്കിൽ അമ്മയുടെ വക ഒരു കിടിലൻ സമ്മാനം ഉണ്ട്..." ആകാംഷയോടെ അവൻ അമ്മയെ നോക്കി ചിരിച്ചു..
"കൊച്ചിയിൽ ‘സച്ചിൻ ടെണ്ടുൽക്കർ’ വരുമ്പോൾ നമ്മൾ പോവുന്നു..ഓട്ടോഗ്രാഫ് വാങ്ങിക്കുന്നു. മണിക്കുട്ടനോടും പറഞ്ഞേക്ക്."...
അവൻ കെട്ടിപ്പിടിച്ച് അമ്മയ്‌ക്കൊരുമ്മ കൊടുത്തു...
"അമ്മേ...ചീരുചേച്ചി വരുമ്പോൾ പിങ്കിയെയും കൊണ്ടുവരാൻ പറയോ..അവളും ഉണ്ടെങ്കിൽ നല്ല രസമായിരിക്കും..".. മൊബൈലുമായി ചിന്നു..
"നീ കംപൈൻ സ്റ്റഡിക്ക് പോവുകയല്ലേ..??"..
അവൾ ഒരു കള്ളച്ചിരി ചിരിച്ചു..
"ഞാൻ ഇന്ന് പോകുന്നില്ലമ്മേ...ചിലപ്പോഴേ വരൂന്ന് നീതുവിനോട് ഇന്നലെ പറഞ്ഞിരുന്നു.."….
ചീരുവിനു ഫോൺ ചെയ്യുമ്പോഴാണ് പ്രമോദേട്ടൻ തന്നെ വെയിറ്റ് ചെയ്യുന്നതുപോലെ തോന്നിയത്..
"വിദ്യേ..കുറച്ചു കഴിഞ്ഞു ക്ലബ്ബിലേക്ക് വിളിച്ച് ഇവിടെ ഒരു ഗസ്റ്റ് വന്നിട്ടുണ്ട് ,എന്നോട് പെട്ടെന്നു വരണമെന്നു പറയണം.."..
അവൾ അമ്പരപ്പോടെ അയാളുടെ മുഖത്തേയ്ക്ക് നോക്കി..
"ഇന്നലെ ഞാൻ കുറെ നിർബന്ധിച്ചിട്ടാണ് പ്രശാന്തും സുരേഷും ഷബീറുമൊക്കെ ക്ലബ്ബിലേക്ക് വരാമെന്നു പറഞ്ഞത്..ഇനി ഞാൻ പോയില്ലെങ്കിൽ മോശമല്ലേ??.."..
കാറിലേക്ക് കയറുന്നതിനിടയിൽ അയാൾ പറഞ്ഞു..
"വരുമ്പോൾ ഡൊണാൾഡ് സാറിന്റെ വീട്ടിൽ നിന്നും കുറച്ചു പൂച്ചെടി എടുക്കാം..മിതാലി ചേച്ചി ഇന്നലെ കണ്ടപ്പോഴും പറഞ്ഞിരുന്നു "…….
നഷ്ടപ്പെട്ടുപോയ എന്തൊക്കെയോ തിരിച്ചു കിട്ടിയ പ്രതീതി..നഷ്ട്ടങ്ങൾ എല്ലാം നമ്മൾ തന്നെയല്ലേ ഉണ്ടാക്കുന്നത്..
സ്വയം ഒന്ന് മാറാൻ ശ്രമിച്ചപ്പോൾ മനസ്സിൽ നിന്നും വലിയൊരു ഭാരം ഒഴിഞ്ഞുപോയപോലെ .
ചിരിക്കാൻ ശ്രമിച്ചപ്പോൾ അകന്നുപോയെന്നു കരുതിയ മനസ്സുകളെല്ലാം ഹൃദയത്തിൽ തിരിച്ചു കയറിയപ്പോലെ..
ചീരു വരുന്നതും കാത്തുനിന്ന വരദയുടെ കൂടെ ഉത്തരം തേടി ഒരുപാട് ചോദ്യങ്ങളും നിൽപ്പുണ്ടായിരുന്നു....
**------**
ഷിബു ബികെ നന്ദനം
Sbknandhanam@gmail.com
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക