
*******************************************
"ഏയ്..അങ്ങനെ വരാൻ വഴിയില്ലല്ലോ..എന്റെ മോൻ എൻജിനീയർ ആണ്...അവനു തെറ്റ് പറ്റില്ല.."
മസ്‌കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ ആണ് സംഭവം..ചുറ്റിലും നിന്നു കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന മലയാളികളോട് ആ ഉമ്മ ഇങ്ങനെ പറയുന്നുണ്ടായിരുന്നു..!
ഈ പറഞ്ഞ എൻജിനീയർ എന്റെ വളരെ അടുത്ത ഒരു സുഹൃത്താണ്..ഇവൻ ഉണ്ടെങ്കിൽ കാറിൽ പെട്രോൾ അടിച്ചില്ലേലും കുഴപ്പമില്ല എന്നാണ് പൊതുവെ ഉള്ള വെപ്പ്..അത്രക്ക് പുഷിങ്ങും പുള്ളിങ്ങും ആണ്..!
ഇത്ര വലിയ എൻജിനീയർ ആണെന്നുള്ള യാതൊരു വിധ അഹങ്കാരവും ഇല്ലാത്ത ഒരു പാവം..നാട്ടിലെ വർഷങ്ങളോളം ഉള്ള അനുഭവസമ്പത്തുമായി, ഇനി കുറച്ചു അനുഭവം ഗൾഫിൽ ഉള്ളവർക്കും കൊടുത്തേക്കാം എന്ന ഒറ്റ ഉദ്ദേശവുമായി ഒമാനിലേക്ക് കുറ്റിയും പറിച്ചു എത്തിയതാണ് അദ്ദേഹം..എത്തിപ്പെട്ടത് ഒമാനിലെ എണ്ണം പറഞ്ഞ ഒരു ac കമ്പനിയിലും..അങ്ങനെ ഭാര്യയും മകനും ഒക്കെയായി മസ്‌കറ്റ് ജീവിതം അടിച്ചു പൊളിച്ചു നടക്കുന്ന നമ്മുടെ എൻജിനീയർ ആ ഇടക്കാണ്, ഉമ്മയെയും ബാപ്പയെയും മസ്‌കറ്റ് കാണിക്കാൻ ടൂറിസ്റ്റ് വിസയിൽ കൊണ്ടു വരുന്നത്...!
മസ്കറ്റിലെ ഒരു വിധപ്പെട്ട എല്ലാ സ്ഥലങ്ങളും ,കാര്യങ്ങളും, കൂട്ടത്തിൽ സലാലയും,ഡോൾഫിൻ വാച്ചും ഒക്കെ കുടുംബത്തോടെ ചുറ്റി സഞ്ചരിച്ചു..ഈ യാത്രകളിൽ ഉട നീളം മസ്കറ്റിനെ കുറിച്ചുള്ള തന്റെ അറിവുകളും, ഈ ചുരുങ്ങിയ കാലയളവിൽ അവിടെയുണ്ടാക്കിയ അനുഭവങ്ങളും, മസ്കറ്റിന് താൻ നൽകിയ സംഭാവനകളും, മസ്കറ്റിലെ റോഡുകളിൽ അതി ഗംഭീരമായി ഓടിക്കുന്ന തന്റെ ഡ്രൈവിങ്ങിനെ പറ്റിയുള്ള വർണനകളും എല്ലാം അദ്ദേഹം മാതാപിതാക്കൾക്ക് നൽകുന്നുണ്ടായിരുന്നു...തങ്ങളുടെ മകൻ ഇത്ര വലിയ നിലയിൽ എത്തിയതിലും,അവന്റെ ഇപ്പോഴുള്ള അറിവിലും കഴിവിലും അവർ സ്വഭാവീകമായി അഭിമാനിച്ചു.യാത്രകളിൽ ചില സമയങ്ങളിൽ വരുന്ന ഫോൺ കോളുകളിൽ, ഇംഗ്ലീഷിലും ഹിന്ദിയിലും ഒക്കെ സംസാരിക്കുന്ന അവന്റെ ഭാഷ പ്രവീണ്യവും അവരെ അതിശയിപ്പിച്ചു..!
ദിവസങ്ങൾ കടന്നു പോയി,ഉമ്മക്കും ബാപ്പാക്കും തിരിച്ചു പോകാനുള്ള ദിവസമായി...2.30 നുള്ള ഇൻഡിഗോ വിമാനമാണ് ബുക്ക് ചെയ്തിരിക്കുന്നത്..പോകേണ്ട ദിവസം മൂന്നു മണിക്കൂർ മുൻപ് കൃത്യം 11.30 നു തന്നെ അവരെ എയർപോർട്ടിൽ കൊണ്ടാക്കി, അവരോടു യാത്ര പറഞ്ഞു എൻജിനീയർ തിരികെ പോരുകയും ചെയ്തു..!
എയർപോർട്ടിനു അകത്തു കടന്നപ്പോൾ..അവിടെ ഒന്നും കൊച്ചിയിലോട്ടുള്ള ഇൻഡിഗോ വിമാനത്തിന്റെ ചെക്ക് ഇൻ കൗണ്ടർ കാണുന്നില്ല..ചോദിച്ചപ്പോൾ ഈ സമയത്തു കൊച്ചിയിലേക്ക് ഇൻഡിഗോ വിമാനം ഒന്നുമില്ലലോ എന്നു അവിടെയുള്ള മലയാളികൾ പറയുകയും ചെയ്തു..മകന് എന്തെങ്കിലും തെറ്റു പറ്റി കാണും..!
"എന്റെ മകന് അങ്ങനെ തെറ്റു പറ്റില്ല...അവൻ എൻജിനീയർ ആണ്.."
ഉമ്മ ഉറപ്പിച്ചു പറഞ്ഞപ്പോൾ അവിടെ നിന്നവർക്കും സംശയമായി..!
ആ ടിക്കറ്റ് ഒന്നു കാണട്ടെ എന്നു പറഞ്ഞു അവർ വിമാന ടിക്കറ്റ് വാങ്ങി നോക്കി...!
departure time: 2.30 AM
പുലർച്ചെ രണ്ടര മണിക്ക് പോയ വിമാനത്തിനാണ്, 9 മണിക്കൂറുകൾക്കു ശേഷം അന്ന് ഉച്ചക്ക് 11.30 ക്കു വളരെ ഉത്തരവാദിത്തോടെ നമ്മുടെ എൻജിനീയർ എയർപോർട്ടിൽ അവരെ കൊണ്ടു ചെന്നു ആക്കിയത്..!!
ഫോൺ ചെയ്തു കാര്യം പറഞ്ഞപ്പോൾ എൻജിനീയറുടെ മറുപടി ഇങ്ങനെയായിരുന്നു...
"ഓ അതില്ലേ ഉമ്മ...ഉമ്മ കേട്ടിട്ടില്ലേ ഏത് എന്ജിനീയർക്കും ഒരു തെറ്റ് സംഭവിക്കുമെന്ന്..ഒരേ ഒരു തെറ്റ്..അതു സ്വാഭാവികമാണ്..എന്റെ ആ ഒരു തെറ്റ് ദേ ഇന്ന് സംഭവിച്ചു...നിങ്ങൾ പേടിക്കണ്ട..ഞാൻ ഇപ്പൊ വന്നു നിങ്ങളെ കൂട്ടി കൊണ്ടു വന്നോളം.!"
അടുത്ത ദിവസം പുലർച്ചെ, നമ്മുടെ എൻജിനീയർ ഒരേ ഒരു തെറ്റ് മാത്രം വരുത്തുന്ന ആളായത് കൊണ്ടും,അതു ഇന്നലെ സംഭവിച്ചത് കൊണ്ടും, ഉമ്മയും ബാപ്പയും കൃത്യമായി ഫ്ലൈറ്റ് കേറി കൊച്ചിയിലെത്തി..!!
By: Jithu Anto
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക