Slider

ഒരു ഓർമ്മപ്പെടുത്തൽ !

0
Image may contain: 3 people, including Vandana Sanjeev, people smiling
ഈദ്‌ നോയമ്പ് സമയമായതിനാൽ പൊതുവെ ഹോസ്പിറ്റൽ ശാന്തമായിരുന്നു . അതുകൊണ്ടുതന്നെ എമർജെൻസിക്ക്‌ വെളിയിൽ വളരെ വേഗത്തിൽ ചീറിപാഞ്ഞു വന്ന് സഡൻബ്രെക്കിട്ട ഒരു കാർ ഞങ്ങൾ പെട്ടെന്ന് ശ്രദ്ധിച്ചു .
കാറിന്റെ ഡോർ തുറന്ന് ഡ്രൈവിങ് സീറ്റിൽ നിന്നും വേഗത്തിൽ പുറത്തിറങ്ങിയ ആൾ കാറിന്റെ മറുവശത്തു വന്ന് ഡോർ തുറന്ന് ഒരു ചെറിയ കുട്ടിയെ കോരിയെടുത്ത് എമർജെൻസിക്ക്‌ ഉള്ളിലേക്ക് പാഞ്ഞു വന്നു . അയാളുടെ കയ്യിൽ ആ കുട്ടി വല്ലാതെ തളർന്ന് കിടക്കുന്നുണ്ടായിരുന്നു .
" എന്താണ് സംഭവിച്ചത് ??" ട്രയാജ് നേഴ്സ് ചോദിച്ചു
" അറിയില്ല .. ഇവൻ ഉറങ്ങികൊണ്ടേ ഇരിക്കുന്നു. എത്ര ശ്രമിച്ചീട്ടും ഉണർത്താൻ സാധിക്കുന്നില്ല. ഉണർന്നാലും അടുത്ത നിമിഷം വീണ്ടും തളർന്നു വീണുറങ്ങുന്നു " കുട്ടിയെ കൊണ്ടുവന്ന ആൾ പറഞ്ഞു
" നിങ്ങൾ കുട്ടിയുടെ ആരാണ് ?"
" അച്ഛൻ "
" എപ്പോൾ മുതലാണ് കുട്ടി ഇങ്ങനെ ആയത് ?? അല്ലെങ്കിൽ നിങ്ങൾ ശ്രദ്ധിച്ചത് ?"
" ഒരു മണിക്കൂർ മുൻപ് "
" അതിനു മുൻപ് കുട്ടി ആക്റ്റീവ് ആയിരുന്നോ?"
" ആയിരുന്നു .. അവന്റെ അനിയത്തിയുടെ കൂടെ കളിക്കുകയായിരുന്നു "
" കുട്ടിക്ക് വേറെ എന്തെങ്കിലും അസുഖം ?"
" ഇല്ല .. ഇതുവരെ അങ്ങനെ കാര്യമായ അസുഖങ്ങൾ ഒന്നും ഉണ്ടായിട്ടില്ല "
"എന്താ കുട്ടിയുടെ പേര്?"
" സയിദ് "
" വയസ് ?"
ആറു വയസ് "
ട്രയാജ് നേഴ്സ് ഈ ചോദ്യങ്ങൾ ചോദിക്കുന്ന സമയംകൊണ്ട് തന്നെ കുട്ടിയുടെ ബിപി പൾസ് ഒക്കെ നോക്കികഴിഞ്ഞിരുന്നു . അതിലൊന്നും ഒരു പ്രശ്നവും കാണുന്നില്ല . പക്ഷേ ഷുഗർ നോക്കാൻവേണ്ടി അവന്റെ വിരലിൽ അമർത്തി സൂചികൊണ്ട്‌ കുത്തിയിട്ടും അവൻ ഉണർന്നില്ല എന്ന് അവൾ പ്രത്യേകം ശ്രദ്ധിച്ചു . അത് അവളിലെ 'ക്രിട്ടിക്കൽ തിങ്കിങ്ങിനെ' ഉണർത്താൻ ഉതകുന്നതായിരുന്നു . ഒട്ടും താമസിയാതെ കുട്ടിയെ പീഡിയാട്രിക് എമർജൻസി ബെഡിലേക്ക് മാറ്റി .
ചുറ്റുമുള്ള നഴ്സുമാരുടെയോ ഡോക്ടർമാരുടെയോ ബഹളത്തിനോ , കാർഡിയാക് മോണിറ്ററിന്റെ അരോചകമായ ശബ്ദത്തിനോ , ബ്ലഡ് ടെസ്റ്റിനും ഫ്‌ളൂയിഡ്‌ കൊടുക്കുന്നതിനുമായി രണ്ടുകയ്യിലും ഇട്ട കാനുലയുടെ വേദനക്കൊ അവനെ ഉണർത്താൻ കഴിഞ്ഞില്ല .
പീഡിയാട്രിക് എമർജൻസി ഡോക്ടർ , ഡോക്ടർ അലി കുട്ടിയുടെ അച്ഛനോട് വിശദമായി കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചു. പക്ഷെ എന്തുകൊണ്ടോ അയാൾ ഡോക്ടറോട് വല്ലാതെ ക്ഷോഭിച്ചാണ് സംസാരിച്ചത്.
" ഞാൻ എന്റെ കുട്ടിയെ ഇവിടെ കൊണ്ടുവന്നീട്ട് പതിനഞ്ചു മിനിറ്റായി . ഇതുവരെ അവന് എന്താണ് സംഭവിക്കുന്നത് എന്ന് കണ്ടുപിടിക്കാൻ ശ്രമിക്കാതെ നിങ്ങളെല്ലാം വെറുതെ എന്നോട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുകയാണ് . എത്രയും വേഗം സി ടി സ്കാൻ എടുക്കു ." ആയാൾ ഡോക്ടറിനോട് ഒച്ചയിട്ടു .
ഇങ്ങനെയുള്ള എമർജൻസി ഘട്ടങ്ങളിൽ എമർജെൻസിയിലെ ഡോക്ടർമാരോ നഴ്സസോ ഒരിക്കലും രോഗിയുടെ ബന്ധുക്കളെ സമാധാനിപ്പിക്കാനോ കൗൺസിൽ ചെയ്യാനോ ഒന്നും പോകാറില്ല .. പലപ്പോഴും അതൊരു മനസാക്ഷി ഇല്ലായ്മയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട് . പക്ഷെ അതിന്റെ യഥാർത്ഥ കാരണം , ഇങ്ങനെ സംസാരിച്ചു പോകുന്ന കുറച്ചു മിനിറ്റുകൾ രോഗിയുടെ ജീവനെ സംബന്ധിച്ചിടത്തോളം വളരെ വിലപ്പെട്ടതാണ് എന്നതാണ് . അതുകൊണ്ട് തന്നെ രോഗിയെയും കൊണ്ട് വരുന്നവരിൽ നിന്നും വ്യക്തമായ ഉത്തരങ്ങൾ ഡോക്ടറും നഴ്സും പ്രതീക്ഷിക്കുന്നു . അങ്ങനെ ഉത്തരം കിട്ടാതെ വന്നാൽ സമാധാനത്തോടെ പിന്നീട് ചോദിച്ചു മനസിലാക്കാം എന്നൊന്നും ഡോക്ടർ വിചാരിക്കില്ല . അടുത്ത ഘട്ടം അല്പം ദേഷ്യത്തിൽ ഉറച്ച ശബ്ദത്തിൽ പറയണ്ട കാര്യങ്ങൾ വളച്ചൊടിക്കാതെ രോഗിയുടെ ബൈസ്റ്റാൻഡറോഡ് പറയുക എന്നതാണ് . ഇതൊരു സൈക്കോളജിക്കൽ അപ്പ്രോച് ആണ്.
ഡോക്ടർ അലി പറഞ്ഞു
" നൊക്കൂ, കുട്ടി നിങ്ങളുടെ ആയിരിക്കാം . പക്ഷെ ഡോക്ടർ ഞാനാണ് . എനിക്ക് മാജിക് ഒന്നും വശമില്ല . നിങ്ങൾ ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക് വ്യക്തമായ ഉത്തരം നൽകിയാൽ മാത്രമേ എനിക്ക് നിങ്ങളെ സഹായിക്കാനാവൂ. നിങ്ങളുടെ ഉത്തരങ്ങളിൽ നിന്നും വേണം കുട്ടിക്ക് സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ എനിക്ക് ഊഹിക്കാൻ . സഹകരിക്കാൻ പറ്റുമെങ്കി സഹകരിക്കുക . അല്ലെങ്കിൽ നിങ്ങൾ പറയും പോലെ ചികിത്സിക്കുന്ന വേറെ ഏതെങ്കിലും ഹോസ്പിറ്റലിലേക്ക് നിങ്ങൾക്ക് കുട്ടിയെ കൊണ്ടുപോകാം "
ഡോക്ടറുടെ പ്രയോഗം ഏറ്റെന്ന് കുട്ടിയുടെ അച്ഛന്റെ മുഖഭാവത്തിൽ നിന്നും മനസിലായി
ഡോക്ടർ ചോദിച്ചു
" കുട്ടി താഴെ വീഴുകയോ മറ്റോ ഉണ്ടായോ "
" ഇല്ല സർ "
" അവന് തലവേദന , പനി അങ്ങനെ എന്തെങ്കിലും ?
" ഇല്ല സർ "
" പതിവില്ലാത്ത എന്തെങ്കിലും ഭക്ഷണം .. പുറത്തുനിന്നോ മറ്റോ ??"
" ഇല്ല സർ .. വീട്ടിൽ ഉണ്ടാക്കിയത് മാത്രമേ കഴിച്ചുള്ളൂ "
ഒന്ന് ചിന്തിച്ച ശേഷം ഡോക്ടർ ചോദിച്ചു
" വീട്ടിൽ മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്ന ആരെങ്കിലുമുണ്ടോ ??"
അയാൾ പതിയെ പറഞ്ഞു
" ഉവ്വ് സർ .. എന്റെ ഭാര്യ , അവന്റെ അമ്മ .. അവൾ ഡിപ്രഷൻ പേഷ്യന്റ് ആണ് "
" എന്ത് മരുന്നാണ് അവർ കഴിക്കുന്നത് ?"
" അമിട്രിപ്റ്റിലിൻ !!"
" നിങ്ങൾ ഭാര്യയെ വിളിച്ച് ഗുളികകൾ ബാക്കി കൃത്യമായുണ്ടോ എന്നന്വേഷിക്കൂ. കുട്ടി അതിൽ നിന്നും രണ്ടോ മൂന്നോ ഗുളികകൾ കഴിച്ചിരിക്കാനാണ് സാധ്യത !!"
അയാൾ ഭാര്യക്ക് ഫോൺ ചെയ്യാൻ പോയി .
സിടി സ്‌കാനും യൂറിൻ ഡ്രഗ് ടെസ്റ്റും പ്രത്യേകിച്ച് ഒന്നും കാണിച്ചു തന്നില്ല
കുട്ടിയുടെ അച്ഛൻ തിരികെ വന്നത് കരഞ്ഞുകൊണ്ടാണ് . ഗുളികയുടെ സ്ട്രിപ്പിൽ നിന്നും നാല് ഗുളികകൾ നഷ്ടപ്പെട്ടിരിക്കുന്നു .
ബ്ലഡ് ടെസ്റ്റ് റിസൾട്ടുകളും കുട്ടി ആ ഗുളികകൾ കഴിച്ചീട്ടുണ്ടെന്ന് ഉറപ്പിച്ചു . ഒരു കുട്ടിയുടെ ശരീരത്തിന് താങ്ങാൽ കഴിയുന്നതിനെകാൾ മുപ്പത്തിരട്ടിയോളം കൂടുതൽ ഡോസാണ് അവന്റെ ഉള്ളിൽ ചെന്നിരിക്കുന്നത് . പെട്ടെന്ന് തന്നെ വെന്റിലേറ്ററിൽ ആക്കി കുട്ടിയെ പീഡിയാട്രിക് ഐ സി യു വിൽ അഡ്മിറ്റ് ചെയ്തു . ഇപ്പോൾ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ് ആ കുഞ്ഞിന്റേത് .
ഡോക്ടർ കുട്ടിയുടെ അച്ഛനോട് ഇത്രമാത്രമേ പറഞ്ഞുള്ളു
" വി വിൽ ട്രൈ ഔർ ലെവൽ ബെസ്ററ് .. പ്രേ ഫോർ ഹിം "!
മരുന്നുകളുടെ ബോട്ടിലിന്റെയും കവറിന്റെയും പുറത്ത് ' കീപ് എവേ ഫ്രം ചിൽഡ്രൻ ' എന്ന് എഴുതിയിരിക്കുന്നത് വെറുതെ ഒരു തമാശക്കല്ല . ആ മരുന്ന് ഒരു പാരസെറ്റമോൾ ആണെങ്കിൽ പോലും കുട്ടികൾ അത് അബദ്ധത്തിൽ എടുത്ത് കഴിച്ചാൽ അപകടം തന്നെയാണ് . മുതിർന്നവർ കഴിക്കുന്ന എല്ലാ മരുന്നുകളുംതന്നെ കുട്ടികളുടെ ശരീരഭാരത്തിന് അനുസരിച്ച് കൂടുതൽ ഡോസ് ആകാനാണ് സാധ്യത .
മരുന്നുകളുടെ നിറവും , അതിന്റെ പുറമെയുള്ള ഷുഗർ കോട്ടിങ്ങും ഒക്കെ കുട്ടികളെ ആകർഷിക്കും .
മരുന്നുകൾ കരുതലോടെ സൂക്ഷിച്ചു വെക്കൂ!!
നമ്മുടെ മക്കൾക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത അകലത്തിൽ ... സുരക്ഷിതമായി !!
മരുന്നുകൾക്ക് ജീവൻ രക്ഷിക്കാൻ മാത്രമല്ല .. ജീവൻ എടുക്കാനും കഴിയും ... ഓർക്കുക !!
വന്ദന 🖌
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo