
ഇതൊരു സംഭവകഥയാണ്. ഇതിലെ കഥാപാത്രങ്ങളുടെ പേരുകൾ വ്യാജമാണ്. ഒരു കഥയ്ക്കുവേണ്ടി അല്പം നിറം പകർന്നിട്ടുണ്ട്. കുറച്ചു ദൈർഘ്യമുള്ള കഥയായതിനാൽ ഒരുമിച്ച് എഴുതുന്നില്ല. രണ്ടോ മൂന്നോ ഭാഗം മാത്രം.
..........................................................................)
..........................................................................)
'ഭാഗീരഥി... വയസ്സ് 30'
'ഭർത്താവിന്റെ പേര്?'
'വിശ്വംഭരൻ. '
'ഉം... അവിടെ ഇരുന്നോളൂ'.
ആ സ്ത്രീ ചൂണ്ടിക്കാണിച്ച ഭാഗത്തായി കിടന്നിരുന്ന ബഞ്ചിനടുത്തേക്ക് ഭാഗിയും വിശ്വനും നടന്നു. നിറവയർ ഒരു കൈകൊണ്ട് താങ്ങിപ്പിടിച്ച് പ്രയാസപ്പെട്ട് ഭാഗി ആ ബഞ്ചിൽ ഇരുന്നു, കൂടെ വിശ്വനും.
ശരീരത്തിന്റെ ക്ഷീണം അവളുടെ കണ്ണുകളിൽ പ്രകടമായിരുന്നു. ഭാഗി അവിടെയിരുന്നുകൊണ്ട് ചുറ്റും ഒന്നു കണ്ണോടിച്ചു. തന്നേപ്പോലെതന്നെ ഗർഭിണികളായ ചില ഭാര്യമാരും അവരുടെ ഭർത്താവോ അമ്മയോ, കൂടെ ചേർന്ന്, മറ്റുള്ള രണ്ടു ബഞ്ചുകളിലായി ഇരുപ്പുണ്ടായിരുന്നു. ഏതോ മരണവീട്ടിൽ എന്നതുപോലെ ആയിരുന്നു അവരുടെ മുഖഭാവം. എല്ലാവരും നിശ്ശബ്ദരായി ഇരിക്കുകയാണ്.
ആ നാട്ടിൻപുറത്തെ പേരെടുത്ത ഡോക്ടറാണ് രഞ്ജിനി ജയപ്രകാശ്. സൗമ്യമായ പെരുമാറ്റം, നല്ല കൈപ്പുണ്യം, കൂടാതെ ഫീസും കുറവ്.. 50 രൂപ. അക്കാരണങ്ങളാൽതന്നെ എന്നും അവിടെ തിരക്കായിരുന്നു. ക്ലിനിക്കിനോട് ചേർന്നു തന്നെയാണ് ഡോക്ടർ താമസിക്കുന്ന ഫ്ലാറ്റും. ഡോക്ടറെ ക്ലിനിക്കിൽ സഹായിക്കുവാനായി ഒരു സ്ത്രീയുണ്ട്. അവരാണ് വരുന്നവരുടെ പേര് എഴുതി വെക്കുന്നതും ഡോക്ടറെ കാണുന്നതിനനുസരിച്ച് ആദ്യമാദ്യം വന്നവരെ അകത്തേക്കു കടത്തിവിടുന്നതും.
'ഭാഗി ഇവിടിരിക്ക്. ഞാൻ അപ്പറത്തെ കടേന്ന് ഒരു കെട്ട് ബീഢി വാങ്ങി ഒരെണ്ണം വലിച്ചിട്ടു വരാം. ' വിശ്വൻ പറഞ്ഞു.
'അകലേക്കൊന്നും പോണ്ട. ഇനിക്കിന്ന് തീരെ വയ്യ. കൊറച്ച് കഴിഞ്ഞ് ആ പെണ്ണിനോട് ചോദിച്ച് എങ്ങനേങ്കിലും ഡോക്ടറെ ഒന്നു കാണണം'.
'ഇല്ല, ഞാൻ അപ്പറത്തുണ്ടാവും'.
വിശ്വൻ എഴുന്നേറ്റ് ക്ലിനിക്കിന്റെ വരാന്തയിലൂടെ നടന്ന് സെന്ററിലേക്ക് നീങ്ങുന്നത് ഭാഗി നോക്കിയിരുന്നു. അല്പം നടന്ന് വിശ്വൻ ഒന്നു തിരിഞ്ഞു നോക്കിയപ്പോഴും ഭാഗി അയാളെത്തന്നെ നോക്കി ഇടിക്കുകയായിരുന്നു. അയാൾ താഴേക്കിറങ്ങി അവിടെയുള്ള പെട്ടിക്കടയെ ലക്ഷ്യമാക്കി നടന്നു.
ഭാഗി അസ്വസ്ഥതയോടെ അവിടെയിരുന്ന് ഓരോരുത്തരായി ഡോക്ടറുടെ മുറിയിലേക്ക് കയറുന്നതും ഇറങ്ങുന്നതും നോക്കിയിരുന്നു. അല്പം കഴിഞ്ഞ് ഒരു പ്രായമുള്ള ഉമ്മയും അവരുടെ മകളെന്ന് തോന്നിക്കുന്ന പ്രായത്തിലുള്ള ഒരു യുവതിയും ഭാഗിയുടെ അരികിലായി വന്ന് ഇരുന്നു.
ഉള്ളിലെ വേദനയും മനസ്സിലെ പ്രയാസങ്ങളും ഒതുക്കിവെച്ച് അവൾ അല്പം നീങ്ങിയിരുന്ന് മെല്ലെ പുഞ്ചിരിച്ച് അവർക്ക് സ്വാഗതം നൽകി. ആ ഉമ്മ ഭാഗിയെ നല്ലതുപോലെ ഒന്ന് വീക്ഷിച്ച് ചിരിച്ചുകൊണ്ട് ചോദിച്ചു;
'ലോട്ലെ കാണാൻ വന്നതാവുല്ലേ...?'
ഡോക്ടറെ കാണാനല്ലാതെ ആരെങ്കിലും ഇവിടെ വന്ന് ഇരിക്കുമോ എന്ന് മനസ്സിൽ വന്ന മറുചോദ്യം അവിടെത്തന്നെയായിരുന്നു ഒളിപ്പിച്ച് ചിരിച്ചുകൊണ്ടുതന്നെ ഭാഗി പറഞ്ഞു;
'അതെ'
'എത്രായി മോളെ?'
'ഒമ്പത്.'
'ആ.. ഷീണം കാണണണ്ട്. എന്തായാലും ആങ്കുട്ടിണ് പള്ളേല്.. അത് ഉമ്മ പറയാ. ബേറാരൂല്യെ കൂടെ?'
'ഇണ്ട്. ആളപ്പറത്ത് ബീഡി വലിക്കാൻ പോയി.'
'പണിണ്ടാ?'
'ഉം... കൂലിപ്പണ്യാ.'
'ആ. അതൊന്നും സാരല്യ. കുടുമ്മം നയിക്കാൻ പോന്നോനായാമതി. മോള് ബെഷമിക്കൊന്നും വേണ്ട. എല്ലാം പടച്ചോൻ കാത്തോളും.'
'ഭാഗീരഥി '. അറ്റന്റർ പേര് വിളിച്ചു.
ഭാഗി പുറത്തേക്ക് നോക്കി. വിശ്വനെ കാണുന്നില്ല. അവൾ അല്പം പരിഭ്രമത്തോടെ വീണ്ടും വീണ്ടും നോക്കി.
അറ്റന്റർ വീണ്ടും വിളിച്ചു;
അറ്റന്റർ വീണ്ടും വിളിച്ചു;
'ഭാഗീരഥി 30 വയസ്സ്.'
ഭാഗി എഴുന്നേറ്റ് നിന്നു.
'മോള് ചെല്ല്, ഓൻ ബന്നോളും.'
ഭാഗി മെല്ലെ ഡോക്ടറുടെ മുറിയിലേക്ക് കടന്നു. രോഗികൾക്കായി ഇരിക്കുവാൻ ഡോക്ടറുടെ അരികിൽ ഇട്ടിരുന്ന സ്റ്റൂളിൽ അവളിരുന്നു. മൂന്നു മാസം മുമ്പ് ഡോക്ടറെ കാണുവാൻ വന്നപ്പോൾ ഡോക്ടർ എഴുതിയ ചീട്ട് അവൾ ഡോക്ടറുടെ മേശപ്പുറത്തുവച്ചു. അതുവാങ്ങി നോക്കി ഡോക്ടർ രഞ്ജിനി ചോദിച്ചു;
'മൂന്നുമാസം മുമ്പ് വന്നതാണല്ലോ. പിന്നെയെന്താ വരാതിരുന്നത്?'
'അത്... വരാൻ പറ്റീല്ല്യ, പണീം കൊറവാർന്നു.'
'എന്നാലും വരാൻ നോക്കണ്ടേ? കൂടെ ആരും വന്നിട്ടില്ലേ?'
'ഇണ്ടായിരുന്നു. ആ സെന്ററിലേക്ക് പോയതാ. അപ്പഴേക്കും പേര് വിളിച്ചു. '
'ആ. ഇപ്പോൾ എത്ര മാസമായി? '
'ഒമ്പതാവുണു.'
ഡോക്ടർ അവരെ പരിശോധിക്കുവാൻ തുടങ്ങി. അല്പം കഴിഞ്ഞ് ആ മുറിയുടെ ഒരു വശത്തായി കിടന്നിരുന്ന ഉയരം കൂടിയ മേശയിലേക്ക് ഭാഗിയെ കിടത്തിയും ഡോക്ടർ അവളെ പരിശോധിച്ചു.
'എഴുന്നേറ്റോളൂ.'
ഭാഗി മെല്ലെ അവിടെനിന്നും എഴുന്നേറ്റ് മേശമേൽ അല്പം നിരങ്ങിനീങ്ങി പാദങ്ങൾ തറയിൽ ഉറപ്പിച്ച് മെല്ലെ എഴുന്നേറ്റു.
'വരൂ, ഇവിടെ ഇരിക്കൂ. '
ഡോക്ടർ പുതിയൊരു നോട്ട്പാഡെടുത്ത് അതിൽ എന്തൊക്കെയോ കുറിച്ച് ആ പേപ്പർ അവൾക്കു കൊടുത്തിട്ടു പറഞ്ഞു;
'ഇതെല്ലാം വാങ്ങി കഴിക്കണം. നല്ലതുപോലെ വെള്ളം കുടിക്കണം. കൂടെ ആരുമില്ലാതെ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്. അടുത്തയാഴ്ച ഹോസ്പിറ്റലിൽ വന്ന് അഡ്മിറ്റാകണം.'
'ശരി ഡോക്ടർ. '
'ഭാഗി തന്റെ കൈയ്യിലുള്ള മണിപ്പേഴ്സ് തുറന്ന് ഡോക്ടർക്ക് കൊടുക്കുവാനായി കരുതിവെച്ച 50 രൂപയെടുത്ത് മേശപ്പുറത്തുവെച്ചു.
'വേണ്ട, വെച്ചോളൂ.' ഡോക്ടർ പറഞ്ഞു.
ഭാഗി വിശ്വാസം വരാത്തതുപോലെ ഡോക്ടറെ നോക്കി. ഡോക്ടർ വീണ്ടും പറഞ്ഞു;
'അതെടുത്തൊളൂ.'
ഭാഗി ആ കാശെടുത്ത് പേഴ്സിൽ തിരികെവെച്ച് നന്ദി സൂചകമായി ചിരിച്ചുകൊണ്ട് യാത്ര പറയുന്നതിനിടയിൽ ഡോക്ടർ പറഞ്ഞു;
'ഭാഗി നില്ക്കൂ.'
'അവൾ തിരിഞ്ഞുനിന്നു.
ഡോക്ടർ തന്റെ മേശവലിപ്പു തുറന്ന് അതിൽ നിന്നും 100 രൂപയെടുത്ത് അവളുടെനേർക്ക് നീട്ടിക്കൊണ്ടു പറഞ്ഞു;
ഡോക്ടർ തന്റെ മേശവലിപ്പു തുറന്ന് അതിൽ നിന്നും 100 രൂപയെടുത്ത് അവളുടെനേർക്ക് നീട്ടിക്കൊണ്ടു പറഞ്ഞു;
'ദാ, ഇതുകൂടി വെച്ചോളൂ. പോകുംവഴി കടയിൽനിന്നും എന്തെങ്കിലും ഫ്രൂട്ട്സ് വാങ്ങിച്ചുകൊള്ളൂ.'
ഭാഗിയുടെ നേത്രങ്ങളിൽ സ്നേഹത്തിന്റെ കണങ്ങൾ നിറഞ്ഞു. തൊഴുകൈയ്യോടെ അവൾ അതുവാങ്ങി മുറിയിൽ നിന്ന് വെളിയിൽ കടന്നു. അവൾ വീണ്ടും പുറത്ത് ബെഞ്ചിലിരുന്നു. ആ ഉമ്മയും മകളും അപ്പോഴും അവിടെ ഉണ്ടായിരുന്നു. ഉമ്മ ചോദിച്ചു;
'ഓര് എന്തുപറഞ്ഞു?'
'അടുത്താഴ്ച അഡ്മിറ്റാവാമ്പറഞ്ഞു.'
'ആ. അത് നന്നായി. എല്ലാം പടച്ചോൻ കാത്തോളും. കെട്യോൻ ബന്നില്ലല്ലാ?'
'ഉം... '
ഭാഗി വിശ്വൻ പോയ വഴിയിലേക്ക് നോക്കിയിരുന്നു. അപ്പഴേക്കും അറ്റന്റർ ആ ഉമ്മയുടെ മകളെ വിളിച്ചു.
ഭാഗി വിശ്വൻ പോയ വഴിയിലേക്ക് നോക്കിയിരുന്നു. അപ്പഴേക്കും അറ്റന്റർ ആ ഉമ്മയുടെ മകളെ വിളിച്ചു.
'ഞങ്ങള് കേറട്ടെ മോളെ.'
'ഉം.'
ഇനി എന്തുചെയ്യണം എന്നറിയാത്ത അവസ്ഥയിലായിരുന്നു അവൾ. അല്പസമയംകൂടി അവൾ അവാടെയിരുന്ന് പതുക്കെ എഴുന്നേറ്റ് വിശ്വൻ പോയ വഴിയേ ആ വരാന്തയിലൂടെ നടന്നു.
ആ സെന്ററിൽ തന്നെയുള്ള ബിൽഡിംഗിലാണ് ക്ലീനിക്. അതിനോട് ചേർന്നാണ് ഡോക്ടറും കുടുംബവും താമസിക്കുന്നതും. അതിനപ്പുറം മെയിൽ റോഡും നിറയെ കടകളും ബസ്റ്റോപ്പും ഓട്ടോസ്റ്റാന്റും എല്ലാമുണ്ട്.
ഭാഗി അവിടെനിന്നും കണ്ണെത്തും ദൂരത്തുള്ള കടകളിലേക്കെല്ലാം നോക്കി. നീണ്ടുകിടക്കുന്ന ദേശീയ പാതയിലൂടെ, ആ വഴിയേ നീങ്ങിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിലൂടെയും അവളുടെ കണ്ണും മനസ്സും സഞ്ചരിച്ചു, ഉത്തരമറിയാത്ത കുറെ ചോദ്യങ്ങളുമായി...
കിലോമീറ്ററുകൾക്കപ്പുറം ഒരു ബസ്സിലിരുന്ന് വിശ്വൻ മറ്റൊരു മേച്ചിൽപ്പുറം തേടുന്നതിനുള്ള ചിന്തയിലായിരുന്നു. അതിനിടയിൽ ഇടയ്ക്കിടെ അയാൾ തന്റെ മുണ്ടിന്റെ മടിക്കെട്ടിൽ തപ്പിനോക്കുന്നുണ്ടായിരുന്നു. ആരോരുമില്ലാത്ത , തികച്ചും അനാഥയായ ഒരു പാവം പെണ്ണിനെ പറഞ്ഞുപറ്റിച്ച് വിവാഹം കഴിച്ച്, ജീവിതകാലം മുഴുവൻ നോക്കിക്കൊള്ളാമെന്ന പൊള്ളയായ വാഗ്ദാനവും നൽകി സ്വന്തമാക്കി, അന്യന്റെ അടുക്കളപ്പണിചെയ്ത് കഷ്ടപ്പെട്ട് അവൾ സമ്പാദിച്ച കുറച്ചു സ്വർണ്ണാഭരണങ്ങൾ അയാളുടെ മടിയിലിരുന്ന് ശ്വാസംമുട്ടി.
****മണികണ്ഠൻ അണക്കത്തിൽ****
Copyright protected
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക