Slider

കൗസല്ല്യ

0
കൗസല്ല്യയുടെ വേശ്യാ കരിയറിൽ ആദ്യമായിട്ടാണ് ഇങനൊരു അനുഭവം.! ബേബിസോപ്പും ,പൗഡറും, കണ്മഷിയുമൊക്കെ കൗസല്ല്യയുടെ മുന്നിൽ നിരത്തി വച്ചു കൊണ്ട് ഉൽപ്പലാക്ഷൻ ചിരിച്ചു. കൗസല്ല്യ അന്തം വിട്ട് ഉൽപ്പലാക്ഷനെ നോക്കി.
"അതേ.. ഇതെന്തോന്നാ..?!!"
ഇതെന്താ കാര്യമെന്ന ഭാവത്തിൽ കൗസു അയാളെ നോക്കി.
അയാൾ ചുണ്ട് കീറിച്ചിരിച്ചു. ഒട്ടു മിക്ക പല്ലുകളും അയാളുടെ വിരിഞ്ഞ ചിരിയുടെ കൃപാകടാക്ഷത്താൽ പുറം ലോകത്തെ കണ്ട് സായൂജ്യമടഞ്ഞു.
"എന്റെ പേര് ഉൽപ്പലാക്ഷൻ,
പക്ഷേ, എല്ലാവരും എന്നെ വിളിക്കുന്നത് "അൽപ്പാ"ന്നാണ്..
എന്ന് വച്ച് ഞാൻ അൽപ്പനൊന്നുമല്ല,
ഉൽപ്പാന്ന് വിളിക്കാനിഷ്ട്ടമല്ലാത്ത ഏതോ ഒരു അൽപ്പനൊരിക്കൽ
എന്നെ അൽപ്പാന്ന് വിളിച്ചു...
അതീ പിന്നാ ഉൽപ്പനൽപ്പനായത്..!
എന്നാലും എനിക്കിഷ്ടാ ആ പേര്..!..."
"നിർത്ത്..നിർത്ത്...
തന്റെ ജീവചരിത്രമല്ല ചോദിച്ചത്..
ഈ ബേബി സോപ്പും പൗഡറുമൊക്കെ ആരെ കുളിപ്പിച്ചൊരുക്കാനാ..??
തന്റെ ആരാ ഇവിടെ പെറ്റ് കെടക്കുന്നത്.."
കൗസു ഉൽപ്പനെ നോക്കി വീണ്ടും ചോദിച്ചു.
"അത് വേറെ ആർക്കുമുള്ളതല്ല...എനിക്ക് കുളിക്കാനാ..
പക്ഷേ...കുളിപ്പിച്ചു തരണം..!!!"
"ആര്..?"
കൗസു പുരികം ചുളിച്ചു.
"അമ്മ...!!!"
"അമ്മേ..!!!! ആരുടെ...??""
കൗസുവിന് ഒന്നും മനസ്സിലായില്ല.
"എന്റെ...!!!
കൊറച്ച് നേരം എന്റെ അമ്മയാകാമ്പറ്റോ...എന്നെ കുളിപ്പിച്ചൊരുക്കി കണ്ണെഴുതി
പൊട്ട് തൊട്ട്.....
ചോദിക്കുന്ന കാശ് തരാം....എനിക്ക് തലയ്ക്ക് സുഖമില്ലേന്ന് മാത്രം ചോദിക്കരുത്..പ്ലീസ്..."
കൗസു ഉൽപ്പനെ അന്തം വിട്ട് നോക്കി.
എന്തെന്ത് ഉൽപ്പന്നമാ ഈശ്വരാന്ന മട്ടിൽ..!!
"തൊട്ടില് കെട്ടി താരാട്ട് പാടി ഉറക്കിക്കൂടെ തരാം..ന്താ അതും വേണ്ടേ.... അല്ലാ...ന്താ തന്റെ പ്രശ്നം,...വെറുതെ സമയം മെനക്കെടുത്താതെ വന്ന കാര്യം നടത്തി പോകാൻ നോക്ക്..."
കൗസു കൂജയെടുത്ത് വായിലേയ്ക്ക് കമിഴ്ത്തി താഴെ മേശപ്പുറത്ത് വച്ചതും ഒരു കെട്ട് നോട്ട് ഉൽപ്പനും മേശപ്പുറത്ത് വച്ചു.
"അൽപ്പനെന്ന് എല്ലാവരും വിളിക്കുമെങ്കിലും ഞാൻ അൽപ്പനല്ല.,.ഈ കാശ് മുഴുവനെടുത്തോ... എന്നിട്ടെനിക്ക് അമ്മയാകാമോ."
ഉൽപ്പന്റെ സ്വരത്തിൽ ദയനീയ
ഭാവം കൈ വന്നു..
അവൾ കാശെടുത്തു..
"അത് ഒരു ലക്ഷമുണ്ട്,
ആകെ സമ്പാദ്യമാ..."
കൗസു ഉൽപ്പനെ നോക്കി.
അവൾക്ക് അവനെ എത്ര നോക്കിയിട്ടും, ചിന്തിച്ചിട്ടും മതിയായിരുന്നില്ല..! എന്തൊക്കെ കിറുക്കുകളാ മനുഷ്യന്മാർക്ക്,...!!
"എനിക്കിത്രേം കാശൊന്നും വേണ്ട…
പക്ഷേ എനിക്കറിയണം, ഞാനെന്തിനാ നിന്റെ അമ്മയാകുന്നതെന്ന്..അതും ഒരു വേശ്യ...!!"
"ഉൽപ്പൻ കണ്ണിറുക്കി ചിരിച്ചു.
അമ്മ മാത്രമല്ല, പെങ്ങളും, കാമുകിയും, ഭാര്യയുമാകണം
അതിനാ ഈ കാശ്..ഈയൊരു ദിവസം മുഴുവൻ എനിക്ക് തരണം..
..ഒന്നും ഇങ്ങോട്ട് ചോദിച്ച് ബുദ്ധിമുട്ടിക്കരുത്.."
കൗസുവിന് ചിരി വന്നു, ഒരു രസവും തോന്നി...കടന്നു പോകുന്ന പതിവു ദിനങൾക്കൊടുവിൽ വന്നൊരു സുദിനം. അവളത് ആസ്വദിക്കാൻ തീരുമാനിച്ചു.
"ആട്ടെ എന്താ ഞാൻ ആദ്യം ചെയ്യേണ്ടത്..? നിങളുടെ പ്ലാൻ ഓരോന്നായി പറഞ്ഞോ.. ഞാനായിട്ട് നിങളുടെ കിറുക്കത്തരം നടക്കാതെ പോണ്ട.."
ഉൽപ്പന് സന്തോഷമായി. അവൻ കൗസുവിനോട് ചേർന്നിരുന്നു. അവളുടെ കവിളിൽ ചുംബിച്ചു.
"കുറച്ച് നേരം നീയെനിക്ക് അമ്മയാണ്..! ഞാനിപ്പോൾ ഉമ്മവച്ചതും എന്റെ അമ്മയെയാണ്..
അമ്മേ...എന്നെ കുളിപ്പിക്കമ്മേ…!"
ഉൽപ്പൻ അമ്മയോടെന്ന പോലെ കൊഞ്ചിക്കുഴഞ്ഞു കൊണ്ട് പറഞ്ഞു.
കൗസുവിനെ ആ ഉമ്മ വല്ലാതെ കുളിരണിയിച്ചു. കവിളത്തൊക്കെ സ്നേഹം കൊണ്ടാരെങ്കിലും മുത്തിയിട്ട് കാലമെത്രയായി..!!
ഉൽപ്പന്റെ
ഉച്ചിയിലേയ്ക്ക് എണ്ണക്കുളിരിറ്റിച്ച് ചെവിതിരുമ്മി മുടിയിഴകളിൽ വിരൽ
കോർത്ത് കൊണ്ട് കൗസു ഉൽപ്പനെ ദേഹമാസകലം എണ്ണയിൽ കുളിപ്പിച്ചു.
നൂൽ ബന്ധമില്ലാതെ ചിരിച്ചു കൊണ്ട് ഉൽപ്പൻ കൗസുവിനു മുന്നിലിരുന്നു.
ഉച്ചിയിൽ കൈ വച്ച് കൗസു ചിരിച്ചു കൊണ്ട് ഉൽപ്പന്റെ ശിരസ്സിൽ വെള്ളമൊഴിച്ചു. ഒരു കുമ്പിൾ വെള്ളം ഉൽപ്പനും കൗസുവിന്റെ മേൽ കോരിയൊഴിച്ചു. ബേബിസോപ്പ് പതഞ്ഞു കൊണ്ട് ഉൽപ്പന്റെ മേനിയാകെ സുഗന്ധം വിതറി ഒഴുകി നടന്നു.കൗസു തന്റെ വയറിനോട് ചേർത്തു വച്ച് തല തുവർത്താൻ തുടങ്ങവേ ഉല്പൻ കൈ തട്ടി മാറ്റി..!
"ഉച്ചിയിൽ ഊതിയാൽ മതി..!!
ഞാൻ കുഞ്ഞല്ലേ പിഞ്ച് തലയാ..!".
കൗസു പൊട്ടിച്ചിരിച്ചു.... ഉൽപ്പന്റെ ഉച്ചിയിലേയ്ക്ക് ശ്വാസമിറക്കി വയ്ക്കവേ അവളുടെ കണ്ണുകൾ നിറഞ്ഞു...! വിരൽത്തുമ്പിൽ കരി തൊട്ട് കണ്ണും പുരികവുമെഴുതി കവിളത്തും നടു നെറ്റി മാറി പൊട്ടും തൊട്ട് പൗഡർ പൂശി കൗസു ഉൽപ്പനെ വാത്സല്ല്യത്തോടെ നോക്കി..
പെട്ടെന്നവൾ പൊട്ടിക്കരഞ്ഞു.
"എന്താ....എന്തു പറ്റി..?
കരച്ചിലിനിടെ കൗസു പറഞ്ഞു.
"ഞാനൊരമ്മയായി..!!"
**
"ഇനി നീയെന്റെ പെങ്ങളാണ്,..ഇപ്പോൾ പാതിരാത്രിയും..!
ഞാൻ അടുക്കള വാതിലിൽ
വന്ന് മുട്ടും..നീ വന്ന് കതക് തുറന്ന് എനിക്ക് അമ്മയെ ഉണർത്താതെ ചോറ് വിളമ്പിത്തരണം.."
കൗസു ഉൽപ്പനെ വല്ലാത്ത സ്നേഹത്തോടെ ഒരു കുഞ്ഞ് പെങ്ങളെ പോലെ നോക്കി..!
ചോറ് തിന്നു കൊണ്ടിരിക്കവേ ഉൽപ്പൻ ചോദിച്ചു. പതിയെ....
"അമ്മ ഉറങ്ങിയോ..!?..".
"ഉണർത്തണോ..?."
കൗസു പെങ്ങൾ ചോദിച്ചു.
"ചതിക്കല്ല് നീ.."
"സത്യായിട്ടും ചേട്ടൻ നാളെയും
ഇങ്ങനെ വൈകി വന്നാൽ
പൊറത്ത് കെടക്കേള്ളൂ..പാതിരാത്രി വരെ കാത്തിരിക്കാൻ എനിക്കിനി മേല‌‌..."
ഉല്പൻ കൗസുവിനെ അന്തം വിട്ടു നോക്കി...എന്റെ പെങ്ങളേ...!!!
അവൻ ഒരുരുള അവൾക്ക് നേരേ നീട്ടി.അവൾ വായ് തുറന്നു... പെട്ടെന്നൊരു പൊട്ടിക്കരച്ചിൽ വന്ന് ചോറ് ഉച്ചിമേൽ കേറി...ഉൽപ്പൻ അവൾക്ക് വെള്ളം കൊടുത്തു..ഉച്ചിയിൽ മെല്ലെ തട്ടി.
അവളവനെ കെട്ടിപ്പിടിച്ചു കരഞ്ഞു..
അവൻ അവളുടെ മുടിയിൽ മെല്ലെ തഴുകി ചോദിച്ചു..
"എന്തിനാ കരയുന്നത്‌‌??"
"ഞാനൊരു പെങ്ങളായി..‌!!
അവൾ കരച്ചിലിനിടെ പറഞ്ഞു.
***
കൗസു പാലുമായി മെല്ലെ നടന്ന് ഉൽപ്പന്റെ അരികിലെത്തി..ഉൽപ്പൻ പാൽ ഗ്ലാസ് വാങി അവളെ അരികിലിരുത്തി. പാതി കുടിച്ച പാൽഗ്ലാസ് അവൾക്ക് നേരേ നീട്ടി ചോദിച്ചു.
"നീ കരുതിയോ, നമ്മുടെ പ്രണയം
ഇങനെ പൂത്തുലയുമെന്ന്.?..
ആറു വർഷം നമ്മൾ പ്രണയിച്ചില്ലേ..
പരസ്പരം ഒന്നാകാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ നീയെന്തു ചെയ്യുമായിരുന്നു??"..
ഉൽപ്പൻ കൗസുവിന്റെ കരം കവർന്നു‌
"നീയല്ല നമ്മൾ...
നമ്മൾ ഒന്നിച്ചു മരിച്ചേനെ..!!".
കൗസു അത് പറഞ്ഞപ്പോൾ
ചിരിച്ചു പോയി..
"പ്രണയം എന്തു നല്ല പൈങ്കിളിയാ ല്ലേ..കൗസൂ..??"...
"പ്രണയത്തിന് പൈങ്കിളിയാകാനാ കൂടുതൽ ഇഷ്ട്ടം‌‌...".
കൗസു വീണ്ടും ചിരിച്ചു..
ശരിയാണ് പറക്കണമെങ്കിൽ ചിറകില്ലാതെങെനാ.!!?
"എന്നാൽ നമുക്ക് പറന്നാലോ‌‌..
പ്രണയമാകെ പൂത്ത് തളിർക്കട്ടെ...!!"
അവൾ നാണത്താൽ തല കുമ്പിട്ടു.
ഉൽപ്പന്റെ വിരൽ സ്വിച്ചിലമർന്നു.
ഇരുട്ടിൽ അവരുടെ പ്രണയം ജ്വലിച്ചു നിന്നു.ആ വെളിച്ചത്തിൽ അവരുടെ ഉടലുകൾ തമ്മിലുരസ്സി രതിയുടെ പൂരമുണർന്നു...!
വിയർത്തൊട്ടിയ ഉൽപ്പന്റെ നെഞ്ചിൽ തല ചായ്ച്ച് കിടന്ന കൗസുവിന്റെ തൊണ്ടക്കുഴി താണ്ടി വീണ്ടുമൊരു പൊട്ടിക്കരച്ചിൽ വീണു ചിതറി...!
ഉൽപ്പൻ അവളെ തഴുകിക്കൊണ്ട് ചോദിച്ചു...
"നീയൊരു കാമുകിയും,
ഭാര്യയുമായി അല്ലേ..!!"
അവൾ വീണ്ടും പൊട്ടിച്ചിതറി..!
***
"ഹൊ‌‌.‌‌..വളരെ നാളത്തെ ആഗ്രഹമാ ഇന്ന് സഫലമായത്...
കൗസൂ ,നന്ദി പറഞ്ഞ് ഞാൻ നിന്റെയീ സ്നേഹത്തിന്റെ മാറ്റ് കുറക്കുന്നില്ല,..
ഈ കാശ് മുഴുവൻ നീയെടുത്തോ...ഇതൊരിക്കലും നിനക്കുള്ള വിലയല്ല..
നിന്റെ ചേട്ടന്റെ അല്ലെങ്കിൽ ഭർത്താവിന്റെ സമ്മാനം , അങ്ങനെ കരുതിയാൽ മതി..ഇത് കുറഞ്ഞ് പോയീന്നേ ഞാൻ പറയൂ...ഇനി തരാൻ എന്റേൽ ഒന്നുമില്ല...!"
ഉൽപ്പൻ മനസ്സ് നിറഞ്ഞ് എഴുന്നേറ്റു പുറത്തേക്ക് നടന്നു..
"പോകുവാണോ..?"
"അതെ...എനിക്ക് വേണ്ടി ഒരുപാട് സമയം കളഞ്ഞില്ലേ, ഇനിയും ഞാൻ ശല്ല്യമാകുന്നില്ല, നിന്നെ കാത്ത് ആളുകൾ പുറത്തുണ്ടാകും...."
കൗസു നടന്ന് ഉൽപ്പന്റെ അടുത്തെത്തി...
"അൽപ്പാ... ഇന്ന് ഞാനൊരു അമ്മയായി, പെങ്ങളായി, കാമുകിയും ഭാര്യയുമായി... മതി...ഇന്നെനിക്കിനി വേശ്യയാകാൻ പറ്റില്ല ഇത് മതി...
ഇത് മതി...ഞാനിപ്പോൾ ശുദ്ധയാണ്.."
കൗസു കൈയ്യെത്തി മേശപ്പുറത്തിരുന്ന കാശെടുത്തു.
"..... നിന്റെ ആഗ്രഹങൾക്കൊത്ത് ഞാൻ നിന്നില്ലേ...നീ പറഞ്ഞതെല്ലാം ചെയ്തില്ലേ...പകരം
നീയെനിക്കൊന്ന് ചെയ്യാമോ...??"
കൗസുവിന്റെ നിറഞ്ഞ കണ്ണുകൾ ഒഴുകിക്കൊണ്ടെയിരുന്നു...
"പറ... ഞാനെന്തു ചെയ്യണം...
എന്തും ചെയ്യും ഞാൻ...എനിക്ക് കാശൊന്നും വേണ്ടതിന്..!"
ഉൽപ്പൻ നിറഞ്ഞ് മനസ്സോടെ പറഞ്ഞു.
കൗസു കാശവന്റെ ഷർട്ടിന്റെ പോക്കറ്റി വച്ചു കൊണ്ട് പറഞ്ഞു..
"ഇന്നെന്നെല്ല.. ഇനിയൊരിക്കലും എനിക്ക് വേശ്യയാകണ്ട..
എന്നെയൊന്ന് സഹായിക്കാമോ...??.
വല്ലാതെ..വല്ലാതെ... കൊതിയായിട്ടാ...!!! എനിക്കീ ശുദ്ധിയെ കെടുത്താൻ വയ്യ..!!
......എനിക്ക് നിന്റെ
അമ്മയായാൽ മതി...!
പെങ്ങളായാൽ മതി..!
കാമുകിയും ഭാര്യ......"
കൗസുവിന്റെ വാക്കുകളെ വീണ്ടും പൊട്ടിക്കരച്ചിൽ വിഴുങ്ങി.
***
ആരോ കുപ്പയിലുപേക്ഷിച്ച, തെരുവിന്റെ തുടിപ്പറിഞ്ഞ് വളർന്ന ഉൽപ്പലാക്ഷൻ എന്ന ഉൽപ്പനെന്ന അൽപ്പന്റെ കൈകൾ പിടിച്ചു കൊണ്ട്, കഴിഞ്ഞ കുത്തഴിഞ്ഞ നാല് വർഷങളുടെ വഴുക്കൻ പടവുകളിറങി
ഉറച്ച ചുവടുകളോടെ കൗസല്ല്യ നടന്നു നീങി...!
നര വീണ ജീവിതച്ചുവരുകളിൽ
അവർ പരസ്പ്പരം വർണ്ണങളായൊഴികിപ്പടരാൻ തുടങ്ങി...!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo