നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തുടക്കം

Image may contain: 2 people


രചന:അച്ചു വിപിൻ
അതേയ് ഞങ്ങൾക്ക് കുട്ടിയെ ഇഷ്ടായി..ഇനി നല്ലൊരു ദിവസം നോക്കി കല്യാണം അങ്ങട് നടത്താം......
അങ്ങനെ ഒരു സുപ്രഭാതത്തിൽ എന്റെ കല്യാണവും ഇങ്ങെത്തി....ബാങ്കുദ്യോഗസ്ഥനായ അനന്തുവാണു വരൻ...അമ്മയില്ല അച്ഛനില്ല ആകെ ഉള്ളത് അഞ്ചിൽ പഠിക്കുന്ന ഇരട്ടകൾ ആയ രണ്ടനിയന്മാർ ആദിത്യനും അഭിമന്യുവും...ഇവരുടെ ജനനത്തോടെയാണ് അമ്മ മരിച്ചത് എന്ന് ബ്രോക്കെർ എന്റെ അമ്മയോടു പറയുന്നതു കേട്ടു.....
നമ്മളെ പോലുള്ളവർക്ക് ഇതിലും നല്ല ബന്ധം ഇനി കിട്ടാനില്ലെടി....പിന്നെ നിന്റെ അച്ഛൻ നിന്നെ കെട്ടിച്ചു വിടാൻ ഒന്നും ഉണ്ടാക്കി വെച്ചിട്ടില്ല അങ്ങ് പരലലോകത്തോട്ടു പോയത്...അവർ ഒന്നും ചോദിക്കാഞ്ഞത് നമ്മടെ ഭാഗ്യം..മോൾ ഇതങ്ങു സമ്മതിചേക്കു..
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പാടുപെടുന്ന അമ്മയോട് വേണ്ട എന്ന് പറയാൻ തോന്നിയില്ല...
എനിക്ക് വയസ്സ് 20... പഠനം പോലും പൂർത്തിയായിട്ടില്ല.... ഇനി കെട്ടുന്നവൻ തുടർന്ന് പഠിപ്പിക്കുമോ എന്ന് പോലും അറിയില്ല..അയാളുടെ അനിയൻമാരേം നോക്കി ആ വീടിന്റെ ഏതേലും ഒരു കോണിൽ ബാക്കി ജീവിതം തള്ളി നീക്കാനാകും വിധി...
കല്യാണം അടുത്തു.... കോളേജിൽ ചെന്ന് എല്ലാരോടും യാത്ര പറഞ്ഞു ആ പടികൾ ഇറങ്ങുമ്പോൾ ബാക്കി വെച്ചത് എന്തൊക്കെയോ ആകണം എന്നുള്ള കുറെ സ്വപ്‌നങ്ങൾ ആയിരുന്നു....
അങ്ങനെ ആ ദിവസം ദിവസം വന്നെത്തി...ഏപ്രിൽ 10നു ഞാനും ഒരു മണവാട്ടിയായി..അഞ്ചു പവനും രണ്ടായിരം രൂപയുടെ പട്ടുസാരിയും എന്റെ അമ്മയുടെ വിയർപ്പിന്റെ ഫലം..പാവത്തിന് അത്രയേ സാധിച്ചുള്ളൂ...
ജീവിതത്തിൽ 300 രൂപയിൽ കൂടുതൽ ഉള്ള വസ്ത്രങ്ങൾ ഒന്നും ഞാൻ ധരിച്ചിട്ടില്ല...അത് കൊണ്ടുതന്നെ ആ സാരി ഞാൻ ഉടുക്കുന്ന ഏറ്റവും വിലയേറിയ വസ്ത്രമാണ്...
അടുത്തുള്ള ക്ഷേത്രത്തിൽ വെച്ചു എന്റെ വിവാഹം നടന്നു...ഞാൻ സുമംഗലിയായി...അന്ന് ഏറ്റവും സന്തോഷിച്ചത് എന്റെ അമ്മയാണ് കാരണം ജീവിതത്തിലെ ഏറ്റവും വലിയൊരു ആധിയാണ് എന്റമ്മയുടെ ചങ്കിൽ നിന്നും അന്ന് ഒഴിഞ്ഞത്....
അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു ഞാൻ ഭർതൃ ഗൃഹത്തിലേക്ക് യാത്രയായി....
ഭർത്താവിന്റെ അനിയന്മാർ ആണ് എന്റെ കയ്യിൽ വിളക്കെടുത്തു തന്നത്..ഞാൻ വലതു കാൽ വെച്ച് അകത്തേക്ക് കയറി...
ഒരമ്മയില്ലാത്ത വീടാണത് എന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു അത്രക്കു ഭoഗിയായാണ് ഓരോ മൂലയും ഇട്ടിരുന്നത്...
ബന്ധുക്കൾ ഓരോന്നായി പിരിഞ്ഞു പോയി വീട്ടിൽ ഞാനും ഭർത്താവും അനിയന്മാരും ബാക്കിയായി...
കുട്ടികൾ എന്റെ അടുത്ത് വന്നു ഓരോന്ന് ചോദിച്ചു കൊണ്ടേയിരുന്നു...ഞാൻ എന്തൊക്കെയോ മറുപടി പറഞ്ഞു അല്ലെ തന്നെ എനിക്കവരെ ഇഷ്ടപെട്ടില്ല ...
ഈ കല്യാണം തന്നെ എനിക്ക് ഇഷ്ടമല്ലായിരുന്നു ഒക്കെ എന്റെ അമ്മക്ക് വേണ്ടി മാത്രമായിരുന്നു...
അങ്ങനെ എന്റെ ആദ്യ രാത്രി വന്നെത്തി...കുട്ടികൾ നേരത്തെ ഉറങ്ങി... അടുക്കളയിൽ നിന്നും കയ്യിൽ ഒരു ഗ്ലാസ് പാൽ എടുത്ത് ഞാൻ തനിയെ അകത്തേക്ക് ചെന്നു...
വാതിൽക്കൽ ചെന്ന് ഞാൻ അകത്തോട്ടു കയറാൻ മടിച്ചു നിന്നു...എന്നെ കണ്ടതും എന്റെ ഭർത്താവ് കയ്യിൽ ഇരുന്ന ലാപ്ടോപ്പ് അടുത്തുള്ള ടേബിളിൽ വെച്ച് വരൂ എന്ന് തലയാട്ടി...
അകത്തേക്കു കയറിയ ഞാൻ വാതിൽ കുറ്റിയിട്ടു കട്ടിലിനു സമീപം ചെന്ന് നിന്നു...
ഗോപിക ഇവിടെ ഇരിക്ക് എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്...
ഞാൻ പാൽ ടേബിളിൽ വെച്ച് കട്ടിലിൽ ഇരുന്നു...
ഗോപിക എനിക്ക് രണ്ടനിയന്മാർ ആണ് അവരെ കഴിഞ്ഞേ ഈ ലോകത്തു എനിക്ക് എന്തും ഉള്ളു..അവരുടെ അമ്മയും അച്ഛനും ഒക്കെ ഇത്രേം നാൾ ഞാൻ ആയിരുന്നു ഇനി ഗോപികയും അങ്ങനെ തന്നെ ആകണം...ഞാൻ പറഞ്ഞത് തനിക്കു മനസ്സിലായി എന്ന് കരുതുന്നുന്നു....
ഉവ്വ് എന്ന് ഞാൻ തലയാട്ടി.....
ക്ഷീണം കാണും ഉറങ്ങിക്കോളൂ....എനിക്ക് കുറച്ചു വർക്ക് ഉണ്ട്....
ഞാൻ ടേബിളിൽ കൊണ്ട് വെച്ച പാൽ പിറ്റേ ദിവസം ഉറ ഒഴിച്ച് തൈരുണ്ടാക്കി...എന്ന് വെച്ചാൽ ഒന്നും നടന്നില്ല അത്ര തന്നെ......
എന്റെ ഭർത്താവു നല്ല സ്നേഹമുള്ള മനുഷ്യൻ ആണെന്നു ദിവസങ്ങൾക്കുള്ളിൽ ഞാൻ മനസ്സിലാക്കി... പക്ഷെ എന്നേക്കാൾ കൂടുതൽ അനിയൻമാരെ സ്നേഹിക്കുന്നത് എനിക്കത്ര പിടിച്ചില്ല...
എവിടെ പോയാലും വാല് പോലെ രണ്ടെണ്ണവും കൂടെ കാണും..ഹണി മൂൺ പോയപ്പഴും കൂടെ വന്നു കുരുപ്പുകൾ...സ്കൂൾ അടച്ച കാരണം രണ്ടും ഫുൾ ടൈം വീട്ടിൽ ഉണ്ട്..ഒന്ന് കളിയ്ക്കാൻ എങ്കിലും ഇവറ്റോൾക്കു പുറത്തു പൊക്കൂടെ....
ഏട്ടന്റെ കൂടെ ഒറ്റയ്ക്ക് ഒരു സിനിമക്ക് പോകാൻ കൂടി പറ്റുന്നില്ലല്ലോ ഭഗവാനെ എന്ന് ഞാൻ ഓർത്തു പോയി...
എന്റെ ദേഷ്യമൊന്നും ഞാൻ പുറത്തു കാട്ടിയില്ല...
അന്നും പതിവ് പോലെ ഏട്ടൻ വീട്ടിൽ വന്നു...കയ്യിൽ ഏതോ തുണിക്കടയുടെ കവറും...എന്റെ മുഖം തെളിഞ്ഞു....അത് മങ്ങാൻ ഒരു അഞ്ചു മിനിറ്റേ എടുത്തുള്ളു....
ഗോപിക അടുത്തയാഴ്ച ഒരു കല്യാണമുണ്ട് കുട്ടികൾക്ക് ഓരോ ഡ്രെസാണ്... നീ ഇതങ്ങു കൊടുത്തേക്കു.....
എനിക്ക് സങ്കടം വന്നു പോയി...200 രൂപയ്ക്കു എനിക്കും ഒരെണ്ണം വാങ്ങായിരുന്നു..ദുഷടൻ ഒക്കെ കുട്ടികൾക്ക് ഹും..ഞാൻ മനസ്സിൽ ഓർത്തു..
കുട്ടികൾ എന്റെ കയ്യിൽ നിന്നും കവർ വാങ്ങി പുതിയ ഡ്രസ്സിട്ടു നോക്കുന്നത് അസൂയയോടെ ഞാൻ നോക്കി നിന്നു....
ഏടതിക്കു മേടിച്ചില്ലേ അവർ ചോദിച്ചു..
മ്മ് ഇല്ല ഏട്ടത്തിക്ക് വേറെ ഇണ്ട്.... മക്കളിട്ടോ മനസ്സിൽ വന്ന ദേഷ്യവും സങ്കടവും കടിച്ചമർത്തി ഞാൻ പറഞ്ഞു...
അന്ന് രാത്രി കിടക്കാൻ നേരം ഏട്ടൻ എന്നെ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു..ഗോപിക ഞാനും മക്കളും ഭാഗ്യം ചെയ്തവരാ അല്ലെങ്കിൽ നിന്നെ ഞങ്ങക്ക് കിട്ടോ...
ഞാൻ മനപ്പൂർവമാ നിനക്ക് ഒന്നും വാങ്ങാതിരുന്നത് മറ്റു പെണ്ണുങ്ങളെ പോലെ നീയുo എന്നോട് വഴക്കിടും എന്ന് കരുതി പക്ഷെ നീ എന്നെ അമ്പരപ്പിച്ചു...അവർക്കുള്ള ഡ്രസ്സ് വാങ്ങി അത് കൊടുക്കാൻ നിന്റെ കയ്യിൽ തന്നിട്ടും നീ അത് സ്നേഹത്തോടെ അവർക്കു കൊടുത്തു....
നിനക്ക് ഞാൻ എന്താടി തരാ...ഏട്ടൻ എന്റെ കവിളിൽ സ്നേഹത്തോടെ ഉമ്മ വെച്ചു ആ നെഞ്ചിലേക്ക്‌ ചേർത്തു കിടത്തി....
സത്യത്തിൽ കിടക്കാൻ നേരം ഇതിനെ പറ്റി പറഞ്ഞു വഴക്കിടാൻ ഇരുന്നതാ... അതിനു മുന്നേ ഏട്ടൻ ഒക്കെ ഇങ്ങട് പറഞ്ഞു ഇല്ലേ ഇപ്പൊ ഒക്കെ കുളമായേനെ...ഞാൻ ഓർത്തു...
നീ എന്തേലും പറഞ്ഞായിരുന്നോ?
ഇല്ലല്ലോ എന്ന് ഞാൻ തലയാട്ടി...
പിറ്റേ ദിവസം ഏട്ടൻ പോയതിനു പിന്നാലേ ഇപ്പൊ വരാം എന്ന് പറഞ്ഞു അനിയന്മാർ രണ്ടാളും വീട്ടിൽ നിന്നും ഇറങ്ങി.....
ഉച്ചക്കുള്ള ചോറ് വാർത്തുകൊണ്ട് ഇരുന്ന എന്റെ അടുക്കലേക്കു ഏടത്തി എന്ന് ഉറക്കെ വിളിച്ചു രണ്ടാളും ഓടി വന്നു....
മ്മ് എവിടെ പോയി കിടക്കാർന്നു രണ്ടാളും..
അത് അത് പിന്നെ കയ്യിൽ ഉണ്ടായിരുന്ന കവർ ഒരുത്തൻ എന്റെ നേരെ നീട്ടി...
എന്താ ഇത്...
ഏടത്തി തുറന്നു നോക്ക്...
കവർ തുറന്നു നോക്കിയപ്പോ എനിക്ക് മനസ്സിലായി അതൊരു പട്ടുസാരിയായിരുന്നു.....
ഇത് ഏടതിക്കു മേടിച്ചതാ... ഇന്നലെ ഏട്ടൻ ഞങ്ങൾക്ക് മാത്രം മേടിച്ചപ്പോ ഏട്ടതിക്കു വിഷമം ആയില്ലേ ഞങ്ങൾക്കതു മനസ്സിലായി...ഏടത്തിയും പുതിയതിട്ടു കല്യാണത്തിന് വന്നാ മതി...
ഇതിനുള്ള കാശോ?ഞാൻ ചോദിച്ചു...
അത് ഞങ്ങൾ കുടുക്ക പൊട്ടിച്ചു...ഇത്രേം പറഞ്ഞവർ ഓടി കളഞ്ഞു....
ഒന്നും മിണ്ടാൻ പോലുമാകാതെ ഞാൻ അവിടെ തന്നെ നിന്നു...അവർക്കു എന്നോട് എന്ത് മാത്രം സ്നേഹമുണ്ട് എന്നതിന് തെളിവായിരുന്നു അത്...
കുട്ടികളുടെ ലോകം ഞാനായിരുന്നു..ഞാൻ ഒഴിഞ്ഞു മാറിയെങ്കിലും അവർ ഓരോന്നിനും എന്നെ ചുറ്റിപ്പറ്റി നടന്നു...
കുട്ടികൾക്ക് സ്കൂൾ തുറക്കാറായി...അവരെ കൂട്ടി കടയിൽ പോയി സാധനങ്ങൾ വാങ്ങി മടങ്ങുമ്പോഴാണ് ഏട്ടന്റെ കോൾ വന്നത്...
ബാങ്കിന്റെ മീറ്റിങ് ഉണ്ട് വൈകിയേ വരൂ..വാതിൽ കുറ്റി ഇടേണ്ട അകത്തു നിന്നും കീ ഉപയോഗിച്ച് പൂട്ടിയ മതി..ഞാൻ വരുമ്പോ തുറന്നു അകത്തു കയറിക്കോളാം...
കുട്ടികളെ നോക്കണം എന്ന് കൂടി എന്നെ ഓർമിപ്പിച്ചു .....
രാത്രി നല്ല മഴ ഉണ്ടായിരുന്നു കൂടെ ഇടിവെട്ടും എനിക്കാകെ പേടി തോന്നി ...വീട്ടിൽ ആണേൽ മിന്നൽ ഉള്ളപ്പോ അമ്മയെ കെട്ടിപ്പിടിച്ച കിടക്കാറ്....
കുറച്ചു കഴിഞ്ഞപ്പോ അനിയൻമാർ മുറിയിലേക്ക് വന്നു...ഏടത്തിക്കു മിന്നൽ പേടി ഇണ്ടോ?ഞങ്ങക്ക് പേടിയാ ....ഞങ്ങൾ കൂടെ ഇവിടെ കിടന്നോട്ടെ .... മിന്നൽ ഉള്ളപ്പോ ഞങ്ങൾ ഏട്ടന്റെ കൂടാ കിടക്കാ ...
ഹാവു അതെനിക്കു വലിയൊരു ആശ്വാസം ആയിരുന്നു......വാ വാ വന്നു കിടന്നോ ഞാൻ പറഞ്ഞു... കേൾക്കണ്ട താമസം രണ്ടാളുo വന്ന് എന്റെ അപ്പറത്തും ഇപ്പറത്തും കിടന്നു...
കുട്ടികളുറങ്ങി.. എനിക്കാണേൽ ഉറക്കവും വരുന്നില്ല...ഉറക്കത്തിൽ ഒരാൾ എന്നെ കെട്ടി പിടിച്ചു എന്റെ മേൽ കാലെടുത്തു വെച്ചു...
ശരിക്കും ഓരോന്നോർത്തു എനിക്ക് സങ്കടം വന്നു പോയി.... ഇവർ എന്നെ എത്ര ആൽമാർത്ഥമായാണ്‌ സ്നേഹിക്കുന്നത് പക്ഷെ ഞാനോ?പാവം കുട്ടികൾ അമ്മയില്ലാത്ത ഈ കുട്യോളെ അമ്മയുടെ സ്ഥാനത്തു നിന്ന് ഞാനല്ലേ സ്‌നേഹിക്കേണ്ടതു....
എന്റെ ഏട്ടൻ ഇവരെ സ്നേഹിച്ചു എന്ന് കരുതി എന്നോടുള്ള സ്നേഹം ഇല്ലാതാകുന്നതെങ്ങിനെ? അത് കുറയോ .... ഒക്കെ ചിന്തിച്ചു കൂട്ടിയ ഞാനാണ് പൊട്ടി....
എന്നോട് ക്ഷമിക്കു മക്കളെ..... ഞാൻ രണ്ടാളുടെയും നെറുകയിൽ ഉമ്മ വെച്ചു...കുറെ ദിവസമായി ഉറക്കം നഷ്ടപെട്ട ഞാൻ അന്ന് അവരെ കെട്ടിപിടിച്ചു ശരിക്കും ഉറങ്ങി....
രാവിലെ എണീറ്റ് കണ്ണ് തുറക്കുമ്പോ എന്നെ തന്നെ നോക്കി അടുത്ത് കസേരയിൽ ഏട്ടനിരിപ്പുണ്ട്...
ഏട്ടൻ എപ്പോ വന്നു ?ഞാൻ ചോദിച്ചു...
ഇപ്പൊ വന്നതേ ഉള്ളു..നീയും മക്കളും ഇങ്ങനെ കിടന്നുറങ്ങണ കണ്ടപ്പോ നോക്കി ഇരുന്നു പോയി...
ഞാൻ കുട്ടികളെ ഉണർത്താതെ കട്ടിലിൽ നിന്നും എണീറ്റു...ഡ്രസ്സ് മാറ് അപ്പൊഴേക്കും ഞാൻ ചായ തരാട്ടോ...
അടുക്കളയിൽ ചായ ഇട്ടു കൊണ്ടിരിക്കെ ഏട്ടൻ പിറകിൽ നിന്നും വന്നു കെട്ടിപിടിച്ചു...അഴിഞ്ഞു കിടന്നിരുന്ന മുടി സൈഡിലേക്ക് മാറ്റി കഴുത്തിൽ ചെറുതായി കടിച്ചു...
അയ്യേ എന്താ ഈ കാട്ടിയെ.. ദേ പിള്ളേര് കാണുട്ടോ?
ഇല്ല അവര് നല്ല ഉറക്കാ...
ഇങ്ങട് തിരിഞ്ഞു നിക്കു പെണ്ണെ...വേണ്ട എന്ന് പറയുന്നതിന് മുന്നേ എന്നെ തിരിച്ചു നിർത്തി ചുണ്ടിൽ ഉമ്മ വെച്ചു..എനിക്ക് ശ്വാസം മുട്ടി പോയി..സർവ ശക്തിയുമെടുത്തു ഞാൻ കുതറി മാറി...പല്ലു പോലും തേച്ചിട്ടില്ല ഞാൻ കഷ്ട്ടണ്ട്ട്ടോ....
എന്ത് കഷ്ടം..എടി ഒരു ഭർത്താവിന് ഭാര്യയെ എപ്പോ വേണേൽ ഉമ്മ വെക്കാം കെട്ടിപിടിക്കാം അതിനു ആരുടെ അനുവാദോo വേണ്ട ....കേട്ടല്ലോ...
ആ കേട്ടു ഞാൻ ....തത്കാലം മോൻ ഇപ്പൊ പോ എനിക്ക് പണിയുണ്ട്...
നീ രാത്രി എന്റടുത്തേക്കല്ലേ വരുന്നത് ശരിയാക്കി തരാം ഞാൻ...
ശരിക്കും ഒരു ഭാര്യ, ഏടത്തി,അമ്മ എന്ന റോളിൽ ജീവിതം ഞാൻ ആസ്വദിക്കുകയായിരുന്നു...കുട്ടികളും ഏട്ടനും സ്നേഹം കൊണ്ട് എന്നെ വീർപ്പു മുട്ടിച്ചു
ശരിക്കും എന്റെ ജീവിതത്തിൽ നിന്ന് ഒരു കാര്യം ഞാൻ പഠിച്ചു.....
നമ്മടെ ഭർത്താവിന്റെ സ്നേഹം നമുക്ക് മാത്രമല്ല അവകാശപ്പെട്ടത്....ആ സ്നേഹത്തിനു വേറെയും അവകാശികൾ ഉണ്ട്...ഒരു ഭർത്താവു ഭാര്യയെ സ്നേഹിക്കണം എന്നുണ്ടെങ്കിൽ ഭാര്യ ആദ്യം ഭർത്താവിന്റെ വീട്ടുകാരെ സ്നേഹിക്കണം അപ്പോൾ തനിയെ ഭർത്താവും കളങ്കമില്ലാതെ അവന്റെ ഭാര്യയെയും സ്നേഹിക്കും....സ്നേഹം കൊണ്ടേ ഒരാളെ കീഴ്പ്പെടുത്താൻ പറ്റു...
കുട്ടികൾക്കു സ്കൂൾ തുറന്നു രാവിലെ അവർക്കുള്ള ഭക്ഷണം പാത്രത്തിൽ ആക്കുന്നതിനിടെ ഏട്ടൻ വന്നു അവരെ കൊണ്ടാക്കാൻ വേണ്ടി എന്നോടും റെഡിയാകാൻ പറഞ്ഞു...
ഞാനും കുട്ടികളും ഏട്ടന്റെ കൂടെ കാറിൽ കയറി....നല്ല മഴ ഉണ്ടായിരുന്നു....കുട്ടികളെ സ്കൂളിൽ കൊണ്ടാക്കി...എനിക്ക് ഉമ്മയും തന്നാണ്‌ രണ്ടാളും പോയത്....
തിരിച്ചു വരണ വഴി ഏട്ടൻ എന്നോട് ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല...സാധാരണ കാറിൽ കയറിയാൽ എന്തേലുമൊക്കെ സംസാരിക്കുന്നതാണ്.. ഇന്നെന്തു പറ്റി ആവൊ..
ഞാൻ അങ്ങനെ ഓരോന്നു ചിന്തിച്ചിരുന്നു പോയി...
ഏട്ടൻ കാർ നിർത്തിയപ്പോഴാണ് ഞാൻ ഓർമയിൽ നിന്നും ഉണർന്നത്..
ഇറങ്ങിക്കോ ഏട്ടൻ പറഞ്ഞു..
ഇറങ്ങാനോ?എന്തിനാ ഇറങ്ങുന്നത്?
പിന്നെ ഇറങ്ങാതെ എങ്ങനാ...ആ ഗ്ലാസ് താഴ്ത്തി ഇടതു വശത്തേക്ക് ഒന്ന് നോക്ക് പെണ്ണെ....
ഞാൻ ഗ്ലാസ് താഴ്ത്തി പുറത്തേക്കു നോക്കി....
മഹാരാജാസ് കോളേജ് എറണാകുളം....
ഞാൻ അറിയാതെ പറഞ്ഞു പോയി...
ഏട്ടാ...ഞാൻ വിശ്വസിക്കാൻ ആകാതെ ആ മുഖത്തേക്ക് നോക്കി..എന്റെ കണ്ണ് നിറഞ്ഞു പോയി
അതെ പെണ്ണെ നിന്റെ കോളേജ് തന്നെയാ...പോ പോയി പഠിക്കു... കണ്ടു കൂട്ടിയ സ്വപ്‌നങ്ങൾ ഒക്കെ പറ്റുന്ന പോലെ നേടിയെടുക്കാൻ നോക്ക്....
എല്ലാ പെണ്ണിനും ഉണ്ട് മോഹങ്ങൾ അതെനിക്ക് നന്നായി അറിയാം... ഒന്ന് കല്യാണം കഴിച്ചു പോയി എന്ന് കരുതി എന്റെ പിള്ളേരേം പെറ്റു കൂട്ടി നിന്നെ വീട്ടിൽ ഇരുത്താൻ മാത്രം മനസാക്ഷി ഇല്ലാത്തവൻ അല്ല ഞാൻ കേട്ടല്ലോ...
സന്തോഷം കൊണ്ട് ഞാനാ കയ്യിൽ നുള്ളിപ്പോയി....കെട്ടിപ്പിടിച്ചു ആ കവിളത്തൊരു കടിയും കൊടുത്തു...
ഈശ്വര പഠിക്കാൻ വിട്ടപ്പോ പെണ്ണിന് പ്രാന്തായോ?എടി ഇത് നടു റോഡാണ്...എന്തേലും കാണിക്കാൻ ആണേൽ രാത്രി വീട്ടിൽ വന്നു കതകടച്ചു കാണിക്കു...പുറകിൽ ഇരിക്കുന്ന ബാഗിൽ കുടയും ബുക്കും ചോറും ഒക്കെ ഞാൻ വെച്ചിട്ടുണ്ട്...മോള് ക്ലാസ്സിൽ പോകാൻ നോക്ക്....
വൈകുന്നേരം പിള്ളേര് സ്കൂൾ വിട്ടു വരുന്ന ഓട്ടോ ഞാൻ പറഞ്ഞിട്ടുണ്ട് അതിൽ കയറി അവരുടെ കൂടെ വീട്ടിൽ പോയ മതി കേട്ടോ....
ഏട്ടനോട് യാത്ര പറഞ്ഞു ഇനി വരില്ല എന്ന് കരുതി ഒരിക്കൽ പടിയിറങ്ങിയ എന്റെ കോളേജിലേക്കു തിരിച്ചു നടക്കുമ്പോൾ മുൻപ് ബാക്കി വെച്ച ആ സ്വപ്നങ്ങൾക്കെല്ലാം ജീവൻ വെക്കുകയായിരുന്നു......

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot