നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മരുഭൂമിയിലെ പ്രണയചിത്രം

Image may contain: 1 person, sitting, child and baby
മരുഭൂമിയിലെ പ്രണയചിത്രം
*****************************
അർലീൻ, കരിനീലകണ്ണുകളുള്ള എന്റെ സുന്ദരീ.. നീ വരുമെന്ന് എനിക്കറിയാമായിരുന്നു..മഞ്ഞു മലകളും, കാടും കടലും കടന്നു, ഈ വരണ്ട മരുഭൂമിയുടെ നടുക്കുള്ള എന്റെ ബംഗ്ളാവിൽ നീ എത്തി ചേർന്നിരിക്കുന്നു..സ്വാഗതം അർലീൻ. പതിനഞ്ചു വർഷങ്ങൾ നീണ്ട കാത്തിരുപ്പ്... ഇന്ന് മരുഭൂവിൽ വർഷമായ് പെയ്തിറങ്ങി..
അർലീൻ പ്രതിമ കണക്കെ നിശ്ചലമായി നിൽക്കുകയാണ്.ഒരിക്കൽ പോലും തന്നെ കാണാത്ത ഒരാൾ. കണ്ടയുടനെ തൻ്റെ പേര് ചൊല്ലി സ്വാഗതം ചെയ്യുന്നു..നിങ്ങൾ മുസാഫിർ ആണോ. അവൾ പതുക്കെ ചോദിച്ചു. അവളുടെ ചോദ്യം കേട്ടപ്പോൾ അവന്റെ മുഖം ഒന്ന് മങ്ങി. പെട്ടന്ന് അവൻ പൊട്ടിച്ചിരിച്ചു.. ഹാ ഹാ... അർലീൻ..നീ ആരെയാണ് അന്വേഷിച്ചു വന്നത്.. ഇത്രയും ദൂരം താണ്ടി, ഒരിക്കൽ പോലും നേരിൽ കാണാത്ത ഒരാളെ തേടിയാണ് നീ വന്നത്.. വർഷങ്ങൾക്കു മുൻപ് നിന്റെ പപ്പാ നിനക്കയച്ച കുറിപ്പിൽ നിന്നും നിനക്ക് കിട്ടിയ വിലാസം.ഒടുക്കം അയാളുടെ മുൻപിൽ എത്തിയപ്പോൾ നിന്റെ ഉള്ളം പറഞ്ഞില്ലേ ഇത് അവനാണ് എന്ന്,അതേ, ഇത് നിന്റെ മുസാഫിർ ആണെന്ന്..
കാതങ്ങൾക്കും കാലത്തിനും തടുത്തു നിർത്തുവാൻ കഴിയാതെ പോയ പ്രണയം...ഒരുപക്ഷെ സൃഷ്ടാവിന്റെ സൃഷ്ടികൾക്കിടയിൽ ഇതു വരെ രചിക്കപ്പെടാത്ത പ്രണയകാവ്യത്തിന്റെ കവികളായി നാം ഇന്ന് മാറുകയാണ്..
മുസാഫിർ.. അർലീനിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. അവൻ അവളെ തന്നിലേക്കു വലിച്ചടുപ്പിച്ച് നെറുകയിൽ ചുംബിച്ചു. അവളുടെ കരിനീലകൃഷ്ണമണികൾ നാണം കൊണ്ടു കൺപോളകൾക്കുള്ളിൽ ഒളിച്ചിരുന്നു.
************************************************
മുസാഫിർ, നിങ്ങൾ ഒരു അമാനുഷികകഴിവുള്ള ചിത്രകാരൻ ആണെന്ന് പപ്പയുടെ കുറിപ്പിൽ എഴുതിയിരുന്നു. പരസ്പരം സ്നേഹിക്കുന്നവരുടെ ആത്മാക്കളെ ഒന്നിച്ചു ചേർക്കുന്നവനെന്നും കണ്ടു. തൻ്റെ മടിയിൽ തല വച്ച് കിടക്കുന്ന മുസാഫിറിന്റെ മുടിയിഴകളിൽ തലോടി അർലീൻ പറഞ്ഞു. മുസാഫിർ പുഞ്ചിരിച്ചു.
നീ സന്തോഷവതി ആണോ അർലീൻ. അവൻ ചോദിച്ചു. അവൾ പരിഭവത്തോടെ അവന്റെ കവിളിൽ തട്ടി.ഇതെന്തൊരു ചോദ്യമാണ്..ഒരുരാത്രി മാത്രമേ നിങ്ങളുടെ കൂടെ കഴിഞ്ഞുള്ളുവെങ്കിലും വർഷങ്ങൾ ജീവിച്ച തീർത്ത തൃപ്തിയും സന്തോഷവും ഉണ്ട് ഇപ്പോൾ എനിക്ക്. നമ്മുടെ ലോകം. നമ്മുടെ മാത്രം ലോകം. കേട്ടോ മുസാഫിർ, എനിക്കൊരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളു. മരുഭൂമിയിൽ ഒരിറ്റു വെള്ളമില്ലാതെ തളർന്നു വീഴുമെന്നായപ്പോഴും, നിന്റെ അരികിൽ എത്തണമെന്ന് ഞാൻ ആഗ്രഹിച്ചു.മരണത്തെ ഞാനതു കൊണ്ടു മാത്രം ഭയന്നു.പിന്നെ എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു.
യാത്രക്കാരൻ എന്ന് അർത്ഥമുള്ള പേരിന്നുടമ ! ഞാനായിരുന്നു നിന്നെ തേടി വരേണ്ടിയിരുന്നത് എന്ന് നിനക്ക് തോന്നിയിട്ടില്ലേ അർലീൻ.അവൻ വീണ്ടും ചോദിച്ചു. ഒരിക്കലും ഇല്ല മുസാഫിർ.നീ എനിക്ക് വേണ്ടി കാത്തിരിക്കുന്നുവെന്ന് എന്റെ മനസ്സിൽ ആരോ എപ്പോഴും പറയുന്നത് പോലെ. ഒരുപക്ഷെ അത് എന്റെ പപ്പാ ആയിരിക്കാം. നമ്മൾ ഒന്ന് ചേരണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
മുസാഫിർ, നിന്റെ അപൂർവ സിദ്ധിയെക്കുറിച്ചു പറഞ്ഞില്ലല്ലോ. അർലീൻ വീണ്ടും അതേ വിഷയത്തിൽ എത്തിയത് മനസ്സിലാക്കി മുസാഫിർ ദീർഘമായി ഒന്ന് നിശ്വസിച്ചു.
അമ്പത്തൊന്നു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന തയ്യാറെടുപ്പുകൾക്കു ശേഷം ഞാൻ വരയ്ക്കുന്ന പ്രണയജോടികളാരോ,അവരുടെ ആത്മാക്കൾ ഒന്ന് ചേരുകയും അവർ അനശ്വരപ്രണയിതാക്കളായി മാറുകയും ചെയ്യുന്നു. മുസാഫിർ പറഞ്ഞതു കേട്ട് അർലീൻ പൊട്ടിച്ചിരിച്ചു.
ഓഹോ.അവർ ഒന്ന് ചേർന്നെന്ന് നിങ്ങൾക്കെങ്ങനെ മനസിലാകും മുസാഫിർ.അവൾ ചിരിച്ചു കൊണ്ടു ചോദിച്ചു.
അവർ എന്നേക്കുമായി ഒന്ന് ചേരുമ്പോൾ എന്റെ കാൻവാസ്‌ സ്വയം കത്തി ചാമ്പലാകും.അവരുടെ ചിത്രം അഗ്നി മായ്ച്ചു കളയുന്നത് കണ്ട് ഞാൻ സന്തോഷിക്കും. അവർ പരസ്പരം കൈകൾ കോർത്തു സ്വർഗത്തിലേക്ക് യാത്രയായി എന്നോർത്തു കൊണ്ട്.
ഇതെല്ലാം എന്റെ പപ്പ വിശ്വസിച്ചുവോ.. കഷ്ടം തന്നെ.. അർലീൻ വീണ്ടും പൊട്ടിച്ചിരിച്ചു.
മുസാഫിർ അവളുടെ കണ്ണുകളിലേക്കു നോക്കി. അവന്റെ മുഖത്തെ പ്രത്യേക ഭാവം കണ്ട് അർലീൻ അസ്വസ്ഥയായി.
ഭയപ്പെടേണ്ട അർലീൻ, നമ്മൾക്ക് ഇവിടെ അനുവദിച്ചു കിട്ടിയ സമയം അവസാനിക്കുകയാണ്. ഇപ്പോൾ ഒരു യാത്ര പോകേണ്ടിയിരിക്കുന്നു.നാമൊന്നിച്ച്‌. അവൾ മറുപടി പറയുന്നതിന് കാത്തു നിൽക്കാതെ അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് മുസാഫിർ വേഗം പുറത്തേയ്ക്കിറങ്ങി. താൻ വായുവിൽ സഞ്ചരിക്കുന്ന പോലെ തോന്നി അർലീന്. ഒഴുകി നീങ്ങുന്ന പോലെ. അവർ ഇരുവരും കൈകൾ കോർത്തു നീങ്ങുന്നത് കണ്ട് മേഘങ്ങൾ പരസ്പരം നോക്കി സന്തോഷിച്ചു.
*************************
മരുഭൂമിയുടെ നടുവിലുള്ള മുസാഫിറിന്റെ ബംഗ്ലാവിലെ മുകളിലെ നിലയിലുള്ള, അകത്തു നിന്നും പൂട്ടിയിരിക്കുന്ന മുറി പെട്ടെന്ന് പ്രകാശമാനമായി. മുസാഫിറിന്റെ ക്യാൻവാസ് കത്തി ജ്വലിക്കാൻ തുടങ്ങി.ആ കാൻവാസിൽ പ്രണയജോഡി.. മുസാഫിർ.. പിന്നെ അവന്റെ അരികിൽ താൻ ഒരിക്കലും കാണാത്ത തൻ്റെ പ്രണയിനിയെ മനസ്സിൽ സങ്കല്പിച്ചു അവൻ വരച്ച അർലീനിന്റെ ചിത്രവും..അഗ്നി ആളിപ്പടർന്നു കൊണ്ടിരിന്നു.. അഗ്നി ആർത്തിയോടെ തൻ്റെ അടുത്ത ലക്ഷ്യത്തെ നോക്കി... നിലത്തു വീണു കിടക്കുന്ന മുസാഫിറിന്റെ ചേതനയറ്റ ശരീരം..അവന്റെ കയ്ക്കുള്ളിലെ പെയിന്റിംഗ് ബ്രഷിൽ കരിനീല ചായം പുരണ്ടിരുന്നു. അവന്റെ ചുണ്ടുകളിൽ പാതി വിരിഞ്ഞ പുഞ്ചിരി കാണാം.
കുറച്ച് ദൂരെ മരുഭൂമിയിൽ അതേ സമയം കഴുകന്മാരും ശവം തീനി ഉറുമ്പുകളും നാളുകൾ
പഴകിയ ഇരയെ ലക്ഷ്യമാക്കി നീങ്ങികൊണ്ടിരുന്നു. ഇരയ്ക്കടുത്തു ആദ്യമെത്തിയ കഴുകൻ പ്രകാശമില്ലാത്ത നിർജീവമായ കരിനീലകണ്ണുകളെ ലക്ഷ്യമാക്കി തൻ്റെ കൊക്കുകൾ താഴ്ത്തി...
************************************************

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot