നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാളു

Image may contain: 1 person, close-up
ഡെറ്റോളിന്റെ ഗന്ധമുള്ള ആ മുറിയിലേക്ക് നിറവയറുമായി ഞാൻ കയറിച്ചെന്നു. മരിക്കുന്നതിന് മുമ്പ് അച്ഛമ്മ കാണണമെന്നാഗ്രഹിച്ച മക്കളും മരുമക്കളും പേരക്കുട്ടികളുമെല്ലാം അച്ഛമ്മയുടെ ബോധം മറഞ്ഞപ്പോൾ മരണം കാത്ത് കട്ടിലിനരികിൽ അക്ഷമരായി കാത്ത് നിന്നു.
ഇന്നിനി പ്രതീക്ഷിക്കണ്ട, എല്ലാവരും ഉറക്കം കളയാതെ പോയി കിടക്കാൻ നോക്ക്
ഇളയച്ഛനാണത് പറഞ്ഞത്, അച്ഛമ്മ ഏറ്റവും കൂടുതൽ താലോലിച്ച് വളർത്തിയ ഇളയ മകൻ, അച്ഛമ്മയുടെ ഉണ്ണിക്കുട്ടൻ എന്ന ഉണ്ണികൃഷ്ണൻ
അമ്മക്ക് പണ്ടും ആളുകളെ തോൽപ്പിച്ചല്ലേ ശീലം മരണത്തിന് മുന്നിലും തോറ്റ് കൊടുക്കുന്നില്ലായിരിക്കും, അല്ലേൽ പിന്നെ ഇനി ഒന്നോ രണ്ടോ ദിവസം കൂടിയേ കാണുമെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് മടക്കിയിട്ട് ഇപ്പോൾ ഒരു മാസമായി ഇങ്ങനെ ജീവശവം പോലെ കിടക്കുന്നത്
ഉണ്ണി ഇളയച്ഛന്റെ ഭാര്യമായ മായ ചിറ്റയാണ് ക്ഷമയുടെ നെല്ലിപ്പലക തകരുമെന്ന് തോന്നിയപ്പോൾ ഇങ്ങനെ പറഞ്ഞത്. അവരുടെ നാവിനെ തളയ്ക്കാൻ ബ്രഹ്മനും പറ്റാത്തത് കൊണ്ട് ഇളയച്ഛൻ ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി.
മായേ നീ ഞങ്ങളുടെ അമ്മയ്ക്ക് ഒരിക്കലും മനസമാധാനം കൊടുത്തിട്ടില്ല സ്വസ്ഥതയോടെ മരിക്കാനെങ്കിലും അനുവദിക്ക്
അച്ഛമ്മയുടെ മൂത്ത മകൾ ഭാസുര അപ്പച്ചിയാണ് ഏറ്റ് പിടിച്ചത് അമ്മയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല അവർ പണ്ടേ കീരിയും പാമ്പുമാണ്
ദേ ഭാസുര ചേച്ചീ നിങ്ങൾ മൂന്ന് പെൺമക്കളും ഇടക്കിടെ വിരുന്നുകാരെപ്പോലെ അമ്മയെ വന്ന് എത്തി നോക്കിയിട്ട് പോകും .കഴിഞ്ഞ ഒരു മാസമായി ഞങ്ങൾ മൂന്ന് മരുമക്കളും കൂടി അമ്മയെ പൊക്കി വലിച്ചും മൂത്രോംമലോം കോരിയും ഞങ്ങളുടെ നടുവൊടിഞ്ഞു
നിന്റെയൊക്കെ നോട്ടം കൂടിയിട്ടായിരിക്കും അമ്മയുടെ പുറം പൊട്ടി പുഴുവരിച്ചത്
നിങ്ങളിങ്ങനെ വഴക്ക് കൂടാനല്ല ഞാൻ ഇന്ന് തന്നെ വരാൻ പറഞ്ഞ് ,അച്ഛമ്മയുടെ രണ്ടാമത്തെ മരുമകൾ സന്ധ്യ ചിറ്റ രംഗത്തെത്തി
അമ്മ ഇങ്ങനെ എത്ര നാൾ കിടക്കുമെന്നറിയാൻ ഞാൻ ഒരു പൂജാരിയെ വിളിച്ച് വരുത്തി അപ്പോൾ അദ്ദേഹം പറയുവാ വല്ല നേർച്ചക്കടവും ഉണ്ടെങ്കിൽ ഇങ്ങനെ കിടന്ന് നരകിക്കുമെന്ന്. വല്ല അമ്പലത്തിലും പോയേക്കാമെന്ന് നേർച്ച ഉണ്ടായിരുന്നോ എന്ന് മിണ്ടാൻ വയ്യാത്ത അമ്മയോട് ചോദിക്കാൻ പറ്റില്ലല്ലോ അതു കൊണ്ട് പ്രതിവിധിയായി പതിനൊന്ന് ഒറ്റ രൂപാ നാണയങ്ങൾ മൂത്ത മകൻ അമ്മയുടെ തലയ്ക്കുഴിഞ്ഞ് കുടുംബക്ഷേത്രത്തിൽ കൊണ്ടു പോയി ഇട്ടാൽ ഇരുപത്തിനാല് മണിക്കൂറിനകം അമ്മയ്ക്ക് ഈ നരകയാതനയിൽ നിന്ന് രക്ഷപെടാം. അതിനൊരു തീരുമാനമെടുക്കാനാണ് നിങ്ങളോട് വരാൻ പറഞ്ഞത്
എത്ര ഭംഗിയായാണ് അച്ഛമ്മയെ കൊല്ലുന്ന കാര്യം സന്ധ്യ ചിറ്റ അവതരിപ്പിച്ചത് എല്ലാം തുറന്നടിച്ച് എല്ലാവരെയും വെറുപ്പിക്കുന്ന മായയേക്കാൾ കുശാഗ്ര ബുദ്ധിയാണ് സന്ധ്യക്ക്.
എത്ര നാളാ ചേട്ടാ അമ്മയിങ്ങനെ കിടക്കുന്നതെന്ന് പറഞ്ഞ് അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത അച്ഛമ്മുടെ ഇളയ മകളായ ഗീത അപ്പച്ചി പതിനൊന്ന് നാണയങ്ങൾ മൂത്ത മകനായ എന്റെ അച്ഛന്റെ നേർക്ക് നീട്ടി
കഞ്ഞി വെക്കാൻ ഗതിയില്ലേലും മൂത്ത മകനെ അച്ഛമ്മ അന്നത്തെ കാലത്ത് പിയേഴ്സ് സോപ്പിട്ടാണ് കുളിപ്പിച്ചതെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.
നാണയങ്ങൾ വാങ്ങാൻ ശങ്കിച്ചു നിന്ന അച്ഛൻ എന്റെ പ്രസവത്തീയതിയിങ്ങെടുത്തു എന്ന അമ്മയുടെ ഭീഷണിയുടെ സ്വരം കേട്ട് നാണയങ്ങൾ വാങ്ങി മൂന്ന് തവണ തലയ്ക്കുഴിഞ്ഞ് കുടുംബക്ഷേത്രത്തിലേക്ക് പോയി. പിന്നെ തറവാട്ടിൽ ഉത്സവ പ്രതീതിയായിരുന്നു.
വീട് വൃത്തിയാക്കൽ മുതൽ മുറ്റത്തെ പുല്ല് പറിക്കുന്നതിന് വരെ മക്കളും മരുമക്കളും കൈകോർത്തു. നിലവിളക്കുകളെല്ലാം വെട്ടിത്തിളങ്ങി.ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞപ്പോൾ മക്കളും മരുമക്കളും തൊട്ടും, തലോടിയും മണത്തും മൂക്കിന് താഴെ വിരൽ വച്ചും നോക്കി നിരാശരായി .പതിനൊന്ന് രൂപ പോയ വിഷമത്തിൽ ഇളയ മകൾ പറഞ്ഞ് പറ്റിച്ച പൂജാരിയേയും, രാത്രി കാലന്റെ വരവറിയിച്ച് കുരച്ച് കൊതിപ്പിച്ച പട്ടിയെയും പ്രാകി .
ജ്യോതിഷം പഠിക്കാതെ സ്വർണ്ണമാലയിട്ടാൽ തന്ത്രിയാവില്ല, നമുക്ക് ഒരു ജ്യോത്സ്യനെ കൊണ്ട് വന്ന് നോക്കിയാലോ, അമ്മക്ക് ആയുസ്സ് എത്രയുണ്ടെന്ന് അറിയാല്ലോ ,ഭാസുര അപ്പച്ചി പറഞ്ഞു
എല്ലാവരും ഒരേ സ്വരത്തിൽ സമ്മതം മൂളി
ആരും ഇപ്പോൾ പ്രതീക്ഷിക്കണ്ട രണ്ട് കൊല്ലം ഈ കിടപ്പിങ്ങനെ കിടക്കുമെന്ന് ജ്യോത്സ്യൻ കവടി നിരത്തിപ്പറഞ്ഞതോടെ മരണം കാത്ത് കിടന്ന കഴുകൻമാരെല്ലാം നാല് ദിക്കിലേക്കും പറന്നു പോയി.
അച്ഛമ്മ ആ മുറിയിൽ തനിച്ചായി. അന്ന് രാത്രി തോരാത്ത മഴയായിരുന്നു. നായ്ക്കൾ കുരച്ചില്ല. ആരുടെയും ദീർഘനിശ്വാസം ഏൽക്കാത്ത ശുദ്ധവായു ആ മുറിയിലേക്ക് കടന്നു.അച്ഛമ്മ അവസാനമായി അതൊന്ന് വലിച്ചു, പുറത്തേക്ക് വിട്ട വായുവിന്റെ കൂടെ പ്രാണനും ഇറങ്ങിപ്പോയി. ആരുമതറിഞ്ഞില്ല.
തൊട്ടടുത്ത മുറിയിൽ കിടന്നവർ പോലും രാവിലെ ആണ് മരണം അറിഞ്ഞത് .രണ്ട് കൊല്ലം കഴിഞ്ഞ് കാണാമെന്ന് പറഞ്ഞ് പറന്നകന്ന കഴുകൻമാരെല്ലാം വീണ്ടും പാഞ്ഞെത്തി. പിന്നെ നാടകീയ രംഗങ്ങളാണ് അവിടെ അരങ്ങേറിയത്.
മൂത്ത മകൾക്ക് ബോധക്ഷയം, ഇളയ മകൾക്ക് ആളുകളെ കാണുമ്പോൾ അപസ്മാരം, മരുമക്കളാവട്ടെ പെൺമക്കളോട് മത്സരിച്ച് കരയുന്നു. ഇളയമരുമകളായ മായ ചിറ്റയുടെ ഓഫീസിൽ നിന്ന് ആളുകൾ എത്തിയപ്പോൾ ചിറ്റയുടെ പ്രകടനം സിനിമയിലുമായിരുന്നെങ്കിൽ ഓസ്കാർ കിട്ടിയേനേ, കണ്ണ് മിഴിച്ച്, ഇടക്കിടെ പൊട്ടിക്കരഞ്ഞ്. ജീവിച്ചിരുന്നപ്പോൾ കഞ്ഞി കൊടുക്കാത്തിരുന്ന മരുമകൾ , മരണശേഷം അലമുറയിടുന്നത് കണ്ട് നാട്ടുകാർ പലരും അടക്കം പറഞ്ഞ് ചിരിച്ചു.
എല്ലാ മക്കളും പന്ത് തട്ടുന്നത് പോലെ അച്ഛമയെ ഓരോ വീട്ടിലും മാറ്റി മാറ്റി നിർത്തുന്നത് കണ്ടപ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട് ഒരു പാട് പ്രായം വരെയൊന്നും ജീവിച്ചിരിക്കരുതെന്ന് .പക്ഷെ എന്റെ കുഞ്ഞിന്റെ മുഖം കാണാതെയാണല്ലോ അച്ഛമ്മയാത്രയാകുന്നതെന്നോർത്തപ്പോൾ സങ്കടം സഹിക്കാനായില്ല. എത്രയടക്കിപ്പിടിച്ചിട്ടും, അമ്മയും അമ്മായിഅമ്മയും ഈ അവസ്ഥയിൽ ഇങ്ങനെ കരയരുതെന്ന് പറഞ്ഞ് കണ്ണ് തുറുപ്പിച്ചിട്ടും എനിക്കെന്നെ നിയന്ത്രിക്കാനായില്ല.
.........................................................
ഇനിയുള്ള പതിനാറ് ദിവസം മക്കളും മരുമക്കളും എല്ലാവരും കൂടി തറവാട്ടിലാണ് താമസം, എന്തും സംഭവിക്കാം. പോലീസ് സുരക്ഷ ആവശ്യപ്പെട്ടാലോ എന്ന് ഇളയച്ഛൻ തമാശയായി ചോദിച്ചു.
അമ്മ മരിച്ചാൽ പെൺമക്കൾ വീട്ടുജോലിയെടുക്കാൻ പാടില്ലെന്ന നാട്ട് നടപ്പ് പറഞ്ഞ് മൂന്ന് പെൺമക്കളും കൂടി പഴയ കഥകളും നാട്ട് വർത്തമാനങ്ങളും പറഞ്ഞിരുന്നു. പേരക്കുട്ടികൾക്കെല്ലാം വെക്കേഷന് ഒന്നിച്ച് നിൽക്കാൻ പറ്റിയതിന്റെ ആഹ്ലാദം .അങ്ങനെ പിണക്കങ്ങളും പരാതികളും പരിഭവങ്ങളും പച്ചക്കറി കഴിക്കുന്നതിന്റെ ഗ്യാസുമായി ഓരോ ദിവസവും കടന്ന് പോയി. എല്ലാവരും അച്ഛമ്മയുടെ ഓർമകൾ അയവിറക്കി
അമ്മക്ക് ആട്ടിറച്ചി ഭയങ്കര ഇഷ്ടമായിരുന്നു, ആണ്ടിന് നമുക്ക് മട്ടൺ മേടിച്ചാ മതി ചേട്ടാ
മായ ചിറ്റ ഇളയച്ഛനോട് പറഞ്ഞു
ജീവനോടിരുന്നപ്പോൾ ആട്ടിറച്ചി വച്ചിട്ട് ഒരു കഷണം ചോദിച്ചിട്ടു പോലും അച്ഛമ്മക്ക് കൊടുക്കാതിരുന്ന ആളാണ് പതിനാറ് കഴിയും മുമ്പ് ആണ്ടിന്റെ കഥ പറയുന്നത്. അന്ന് മുറ്റത്ത് നിന്ന വെണ്ടച്ചെടിയിൽ നിന്ന് ഒരു ഇളം വെണ്ടക്ക ഒടിച്ചിടുത്ത് കഴിച്ചിട്ട് ആട്ടിറച്ചിക്ക് തുല്യമാണ് ഇളം വെണ്ടക്കയെന്ന് പറഞ്ഞ അച്ഛമ്മയുടെ മുഖം ഇന്നും മനസ്സിലുണ്ട്.
........................................................
മക്കൾക്ക് വേണ്ടി ചോര നീരാക്കിയ അച്ഛമ്മയുടെ അസ്ഥികൾ ഓരോന്നും അച്ഛൻ പെറുക്കി എടുക്കുന്നത് ഞാൻ കണ്ണീരോടെ നോക്കി നിന്നു
പെട്ടെന്നാണ് അകത്ത് നിന്ന് ഒരു അലർച്ച
അതെ അത് മാളുവിന്റെ ശബ്ദം തന്നെ
മായ ചിറ്റയുടെയും ഉണ്ണി ഇളയച്ഛന്റെയും മകൾ
എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി എന്റെ അനിയത്തി, എന്റെ മനസാക്ഷി സൂക്ഷിപ്പ് കാരി
അവൾക്കെന്താണ് പറ്റിയതെന്നറിയാൻ
ഞാൻ വയറ് പോലും നോക്കാതെ അകത്തേക്ക് ഓടി.
മുടിയെല്ലാം പറത്തി, കണ്ണെല്ലാം ചുവന്ന് അവൾ അലറി അവളുടെ അമ്മയുടെയും അപ്പച്ചിമാരുടെയും നേർക്ക് ഓടിയടുത്തു. എല്ലാവരേയും തല്ലിയും മാന്തിയും പേടിപ്പിച്ചു. സഞ്ചയനത്തിന് വന്നവർ എല്ലാം കാഴ്ചക്കാരായി.
പരേതാത്മാവ് ഈ ശരീരത്തിൽ പ്രവേശിച്ചിരിക്കുന്നു എന്ന് തന്ത്രി പറഞ്ഞതോടെ കാണികൾക്ക് രസമേറി.
തന്ത്രി ,പച്ച ഈർക്കിൽ കൊണ്ട് ഒരു പാട് അടി കൊടുത്തപ്പോൾ മാളു ബോധംകെട്ട് വീണു. എഴുന്നേറ്റപ്പോൾ എന്താണ് സംഭവിച്ചതെന്ന് ഓർമ്മയില്ലെന്ന് അവൾ പറഞ്ഞെങ്കിലും എനിക്ക് എന്തോ ഒരു പന്തികേട് തോന്നി.
സത്യം പറയെടി എന്താ ഉണ്ടായത്
ആരും കേൾക്കാതെ ഞാനവളോട് ചോദിച്ചു
അവൾ അടി കൊണ്ടപാടുകളിൽ തടവിക്കൊണ്ട് പറഞ്ഞു
എടീ നിനക്കറിയാല്ലോ ഞാനും കണ്ണേട്ടനും തമ്മിലുള്ള ഇഷ്ടം. അത് നടക്കാൻ ഇതല്ലാതെ വേറെ വഴിയൊന്നും ഞാൻ കണ്ടില്ല, പിന്നെ നമ്മുടെ അമ്മമാരുടെയും അപ്പച്ചിമാരുടെയും പ്രകടനം കണ്ടപ്പോൾ കുറേ ദിവസമായി ഒന്ന് പൊട്ടിക്കാൻ തോന്നിയിട്ട്.
എന്നാലും ഇതിച്ചിരികടന്ന് പോയി. എനിക്കീ പ്രേതത്തിലൊന്നും വിശ്വാസം ഇല്ലാത്തത് കൊണ്ട് ഞാൻ നിന്റെ കള്ളക്കരം മനസ്സിലാക്കി.
ഒന്ന് പോടീ ഇനി ഈ നാട്ടീന്ന് ആരേലും എന്നെ പെണ്ണ് ചോദിച്ച് വരുമോ.
എന്റെ കുഞ്ഞുവാവ പേടിച്ചോടാ എന്ന് പറഞ്ഞ് അവളെന്റെ വയറിൽ തടവി. എടീ ഈ കുഞ്ഞിന് നമുക്ക് മാളവിക എന്ന് പേരിടണം
ഇത് പെണ്ണാണെന്ന് നീ തന്നെയങ്ങുറപ്പിച്ചോ
നീ നോക്കിക്കോ ഇവൾ എന്നെ പോലെയിരിക്കും
അങ്ങനെ ദിവസങ്ങൾ കടന്ന് പോയി
എന്താ മാളൂ നിന്റെ മുഖത്തൊരു മ്ലാനത
എടീ കണ്ണേട്ടന് എന്നോട് എന്തോ ഒരു അകൽച്ച, ഏട്ടന്റെ അമ്മ പറയുവാ പ്രേതബാധയുള്ള പെണ്ണിനെ എന്തിനാ നീ കെട്ടുന്നതെന്ന്
അവൾ പറഞ്ഞ് തീരുംമുമ്പേ എനിക്ക് വേദന വന്നു. പെട്ടെന്ന് ഒരു നനവ്, വെള്ളം പോകുന്നു. എല്ലാവരും കൂടി എന്നെ ആശുപത്രിയിലെത്തിച്ചു. പിറ്റേന്ന് വെളുപ്പിന് ഞാൻ പ്രസവിച്ചു.
മാളുവിനെപ്പോലെയിരിക്കുന്ന പെൺകുഞ്ഞ് ,പക്ഷെ ആ കുഞ്ഞിനെ കാണാൻ എന്റെ ഭർത്താവിന്റ വീട്ടുകാരും അമ്മയും അല്ലാതെ ആരുമില്ല .അമ്മ എന്നോട് എന്തോ ഒളിക്കുന്ന പോലെ .എല്ലാവരുടെയും മുഖത്ത് സങ്കടവും പരിഭ്രമവും. മാളു പോലും എന്റെ കുഞ്ഞിനെ കാണാൻ ആശുപത്രിയിൽ വരാത്തതിൽ എനിക്ക് സങ്കടവും ദേഷ്യവും തോന്നി ഞാൻ കരഞ്ഞു.
പിറ്റേന്ന് രാവിലെ അമ്മ കുഞ്ഞിന്റെ തുണി വിരിക്കാൻ ആശുപത്രിയുടെ ടെറസിലേക്ക് പോയി, പെട്ടെന്ന് ഇതുവരെ അറിയാത്തൊരു സുഗന്ധം മുറിയിലേക്കെഞ്ഞി,
വാതിൽക്കൽ മാളു
രണ്ട് ദിവസം കൊണ്ട് ഇവൾ ഇത്ര സുന്ദരിയായോ, പ്രസവ സമയത്ത് ആശുപത്രിയിൽ വരാത്തതിൽ പരിഭവിച്ച് ഞാൻ കിടന്നു
ഞാൻ പറഞ്ഞില്ലേ നിനക്ക് പെൺകുഞ്ഞായിരിക്കുമെന്ന്
ഇത് ഏത് പെർഫ്യൂമാണ് നല്ല മണം
അവൾ പുഞ്ചിരിച്ചു
നീയെന്റെ മോളെ എടുക്കുന്നില്ലേ
അവൾ കരഞ്ഞ് കൊണ്ട് പുറത്തേക്കോടി
മാളൂ നിൽക്ക്, ഞാൻ ധൃതിയിൽ എഴുന്നേറ്റെങ്കിലും ബ്ലീഡിങ്ങ് കാരണം ബാത്റൂമിൽ കയറി
തുണി വിരിച്ച് അമ്മ വന്നപ്പോൾ മാളു വന്ന കാര്യം അമ്മയോട് പറഞ്ഞു
അമ്മയുടെ മുഖത്ത് ആകെ ഭയം, അമ്മ അച്ഛനെ ഫോൺ ചെയ്ത് വിളിച്ച് വരുത്തി
ഇനി ഞങ്ങൾ പറയുന്ന കാര്യം നീ സമചിത്തതയോടെ കേൾക്കണം, മാളു ഇനി ഒരിക്കലും തിരിച്ച് വരില്ല, അവൾ പോയി
എന്താ അച്ഛനെന്താ പറയുന്നത്,ഞാനിപ്പോൾ കണ്ടതാ ഞാൻ കരഞ്ഞ് കൊണ്ട് പറഞ്ഞു
അവൾ മരിച്ചിട്ട് രണ്ട് ദിവസമായി .നിന്നെ ആശുപത്രിയിൽ കൊണ്ട് വന്ന അന്ന് രാത്രി അവൾ തൂങ്ങിമരിച്ചു ,പ്രേമനൈര്യാശ്യമാണെന്ന് നാട്ട്കാർ പറയുന്നു. എന്റെ വീട്ടിലെ കുട്ട്യോളൊന്നും ആരെയും പ്രേമിക്കിലെന്ന് അച്ഛനറിയാം, അവൾക്കെന്തോ പ്രേതബാധയായിരുന്നു.
അപ്പോൾ കുറച്ച് മുമ്പ് ഇവിടെ വന്നതാരാ
മോള് വല്ല സ്വപ്നം കണ്ടതാവും
ഞാൻ കരഞ്ഞ് കൊണ്ട് എന്റെ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി, അതെ മാളവിക മോൾക്ക് അവളുടെ അതേ മുഖച്ഛായ.
മുറിയിലപ്പോഴും ആ സവിശേഷ ഗന്ധം തങ്ങിനിൽപ്പുണ്ടായിരുന്നു.....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot