നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമ്പട ഞാനെ.........


Image may contain: 1 person, selfie, beard, close-up and indoor
(ഒരിന്ത്യൻ പ്രണയ കഥ)
ക്ലാസ്സിലെ പതിവ് പിൻബെഞ്ചു കാരനായിരുന്ന എന്നോട് പഠിപ്പിച്ച മാഷന്മാർക്കൊക്കെ മുട്ടൻ ആരാധനയായിരുന്നു കേട്ടോ .
ഇക്കാര്യമെനിക്ക് മനസ്സിലായത് എന്റെ തലവെട്ടം കാണുമ്പം അവരൊക്കെ കൈകൂപ്പി ദൈവമേന്ന് വിളിക്കണ കേട്ടപ്പോളാണെ .
ചില മാഷന്മാര് പറയണ നിങ്ങള് കേട്ടിട്ടില്ലെ അവനെക്കണ്ട് പഠിക്കടാ , അവളെക്കണ്ട് പഠിക്കടീ എന്നൊക്കെ . അതെപ്പോഴും പറയാൻ തല്പര്യമില്ലാത്തത് കൊണ്ടാണെന്ന് തോന്നണു , അവര് ക്ലാസ്സിലേക്ക് വരുമ്പോഴെ എന്നെ ക്ലാസ്സിന്റെ മൂലക്ക് കൊണ്ട്പോയ് , എല്ലാവർക്കും കാണത്തക്കവിധമങ്ങ് നിർത്തും .
അങ്ങനെയാ ക്ലാസ്സിലുള്ള മറ്റ് കുരുപ്പുകളെല്ലാം പഠിക്കണത് മിക്ക ദിവസവും എന്നെ കണ്ടുകൊണ്ടായിരിക്കും .
ഇത്തരത്തിലെന്നെക്കണ്ട് പഠിച്ച , ഉന്നതനി ലേലുള്ള ഒത്തിരി സഹപാഠികളെനിക്കെന്റെ നാട്ടിലുണ്ട് കേട്ടോ .
എന്നാൽ അതിന്റെ യാതൊരഹംഭാവവും നാളിതുവരെ ഞാനാരോടും കാണിച്ചിട്ടേയില്ല .
അനേകം വിദ്യാർത്ഥികൾക്ക് മാതൃകയാകാനുള്ള ഈ സാഹചര്യം , സ്ഥിരമായ് അടിയന് സംജാതമായത് , ഒരു ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഫലമായിട്ടായിരുന്നു എന്ന് വേണേപ്പറയാം .
ദേ ആ കഥ ഇതാണ് കേട്ടോ :
ക്ലാസ്സിലെ ' പഠിപ്പിസ്റ്റ് മേരി തോമസ്സിന്റെ ' ഒരു സംശയത്തിന് മറുപടി പറഞ്ഞ ' അന്നമ്മ ടീച്ചർ ' , വിദ്യാർത്ഥികൾക്ക് സംശയം തോന്നണതൊരു നല്ല കാര്യമാണെന്ന് ക്ലാസ്സിൽ പറഞ്ഞു . അപ്പോൾ തുടങ്ങിയതാണ് എനിക്കൊരു സംശയം . ഈ ' മേരി തോമസിന് ' തലക്കനം അല്പം കൂടുതലല്ലേന്ന്.......? .
ഞാനാണേലൊരു പരസഹായിയാണല്ലോ . അപ്പോൾ സതീർത്ഥ്യനെന്ന നിലയിൽ അവളുടെയാ വിഷമാവസ്ഥ പരിഹരിച്ച് കൊടുക്കേണ്ടത് അടിയന്റെ കർത്തവ്യവുമാണ് . അടുത്ത ദിവസം തന്നെ ഇതിനൊരു പരിഹാരം കാണാൻ ഞാൻ തീരുമാനിച്ചു . അതിന് വേണ്ടി ഇന്റർവെൽ സമയത്ത് അവളുടെ ചോറു പാത്രം ആരുമറിയാതെ തഞ്ചത്തിൽ കരസ്ഥമാക്കി . എന്നിട്ടതിനുള്ളിലെ വറുത്ത മുട്ട എൻറുള്ളിലേക്കും , വെളുത്ത ചോറ് സ്കൂളിന് പിന്നിലെ മാവിൻ ചോട്ടിലേക്കും ഞാനുപേക്ഷിച്ചു .
അന്ന് വീട്ടിൽ നിന്നും വരുന്നവഴി ഞാൻ പാടത്തിന്നരികിലെ കുളത്തിൽ നിന്നും കുരുക്കിട്ടൊരു നീളൻ നീർക്കോലിയെപ്പിടിച്ച് കവറിലിട്ടിരുന്നല്ലോ .അവൻ താമസസ്ഥലമില്ലാതെ വിഷമിക്കുന്നത് കണ്ട് അലിവ് തോന്നിയിട്ടുകൂടിയാണ് കേട്ടോ ഞാനിത് ചെയ്യാൻ തീരുമാനിച്ചത് .
അല്ലേലും ഞാൻ പണ്ടേ ജന്തുക്കളോട് കരുണയുള്ളവനാണ് . വീട്ടിലെ കൈസറിന്റെ കാല് ഞാൻ തല്ലിയൊടിച്ചത് , അവന് അയൽ വീട്ടിലെ ' മുടന്തുള്ള പപ്പേട്ടനെ ' പോലെ വികലാംഗ പെൻഷൻ കിട്ടി , ആ കാശിന് നല്ല ഇറച്ചി വാങ്ങി കഴിക്കട്ടെ യെന്നോർത്തിട്ടായിരുന്നു . ഇതുപോലെ എന്റെ സ്നേഹം അനുഭവിച്ച കോഴിയും പൂച്ചയുമൊക്കെ വേറെയുമുണ്ട് കേട്ടോ . അതെല്ലാം പറഞ്ഞാൽ ഞാനൊരു പൊങ്ങച്ചക്കാരനാണെന്ന് നിങ്ങള് വിചാരിക്കും .
ഇത്തരത്തിൽ പല കാരുണ്യ പ്രവർത്തനവും ഞാൻ ചെയ്തിട്ടും എന്റെയീ വിശാല മനസ്സ് കാണാനാർക്കും ഇന്നേവരെ കഴിഞ്ഞിട്ടില്ലല്ലോ എന്നോർത്തിട്ടാണ് ഇപ്പോളെന്റെ ഒരിദ് .
അങ്ങനെയാ കവറിൽ നിന്നും വെളിയിലെടുത്ത നീർക്കോലി വീരനെ, പണ്ഡിതയുടെ ചോറു പാത്രത്തിലിട്ടടച്ച് , അവന് ഞാനൊരു താമസ സൗകര്യം ഒരുക്കി കൊടുത്തു .
എന്നിട്ടാ പാത്രം ആരും കാണാതെ പഴയപടി അവളുടെ ബാഗിൽ തന്നെ വെച്ചു .
എടുത്ത സാധനം എടുത്ത സ്ഥലത്ത് തന്നെ വെക്കണമെന്നാണ് വീട്ടിലെന്നെ അമ്മച്ചി പഠിപ്പിച്ചിട്ടുള്ളത് . അത് ഞാൻ അനുസരിച്ചെന്നെയൊള്ളു കേട്ടോ .
എടുത്ത സാധനം " ഇരിക്കുന്ന " സ്ഥലത്ത് വെക്കണമെന്നായിരുന്നു അമ്മച്ചിയാദ്യം എന്നെ പഠിപ്പിച്ചത് . അതനുസരിച്ച ഞാൻ എലിക്കത്രിക അപ്പാപ്പൻ " ഇരിക്കുന്ന " കസേരേല് വെച്ചതിൽ പിന്നെ അമ്മച്ചി ആ ഡയലോഗ് തിരുത്തി ,
എടുക്കുന്ന സാധനം "തിരിച്ച് "അവിടെ തന്നെ വെക്കണമെന്നാക്കി മാറ്റി . ഇടക്ക് ടൈംപീസ് എടുത്ത് അതിലെ " സമയം തിരിച്ച് " അവിടത്തന്നെ വെച്ചപ്പോൾ ,
അമ്മച്ചി അത് ഒന്നു കൂടി ക്ലിയർ ചെയ്ത് , എടുത്ത സാധനം എടുത്ത സ്ഥലത്ത് തന്നെ വെച്ചില്ലെ നിന്റെ മുട്ടുകാല് ഞാൻ തല്ലി ഒടിക്കൂടാ എന്നാക്കി മാറ്റി . അങ്ങനെ ഞാൻ പഠിച്ച പാഠമാണിത് .
ഭവന രഹിതനായ ആ ജീവിയോടലിവ് തോന്നി ഞാൻ ചെയ്ത പ്രവൃത്തിയിൽ വല്ല കുറ്റവുമുണ്ടോ സുഹൃത്തുക്കളേ ? .
എന്നാലെന്റയീ ജീവകാരുണ്യ പ്രവർത്തനം മനസ്സിലാക്കാത്ത ഹെഡ്മാഷ് , എന്റെ പൂർവ്വകാല ചരിത്രം കൂടി എണ്ണിപ്പറഞ്ഞ് നിർദ്ദാഷിണ്യം എന്റെ മേൽ താഢനം നടത്തി . എന്നിട്ട് കുറെക്കാലത്തേക്ക് മറ്റുള്ളവർക്ക് കണ്ട് പഠിക്കാൻ ക്ലാസിന്റെ മൂലയിൽ സ്ഥിരമായി എന്നെ നിർത്താൻ മറ്റ് മാഷന്മാരോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു . അങ്ങനെയാണ് ഞാനാ ക്ലാസ്സിലെ സ്ഥിരം മാതൃകാ വിദ്യാർത്ഥിയായത് .
ആ നിൽപ്പ് എനിക്ക് പുത്തരി അല്ലായിരുന്നു കേട്ടോ . നമ്മളിതെത്ര കണ്ടേക്കണു .
പക്ഷെ ആ 'തോമസേട്ടന്റെ മോള് മേരിയില്ലെ ' അവളെനിക്കന്നൊരു പുതിയ പേരിട്ടു ' പാമ്പ് വേലായുധനെന്ന് ' . ഓളുടെ വേലായുധേട്ടാന്നൊള്ള ആ വിളീം , ഇളിഞ്ഞ ചിരീം കാണുമ്പം അവളുടെ വായുടെ ഇരുവശത്തുമായ് തെളിഞ്ഞ് വരുന്ന നുണക്കുഴി നോക്കി ഒറ്റക്കുത്ത് വെച്ചു കൊടുക്കാൻ എനിക്കന്ന് തോന്നുമായിരുന്നു .
പക്ഷെ 'മൂർഖൻ കുമാര 'നെന്നറിയപ്പെടുന്ന ഞങ്ങടെ ഹെഡ് മാഷിന്റെ അടി ഇനിയും താങ്ങാനുള്ള കരുത്ത് ആ അവസരത്തിൽ എന്റെ പിന്നാമ്പുറത്തിനില്ലെന്ന തിരിച്ചറിവിൽ ഞാനന്നടങ്ങി .
എങ്കിലും ഞാൻ പോക്കറ്റിൽ കരുതുന്ന മധുരപ്പുളി , ടീച്ചർ കാണാതെ ക്ലാസ്സ് സമയങ്ങളിൽ അവൾക്ക് മുന്നിൽ നിന്ന് നുണഞ്ഞ് തിന്നുമായിരുന്നു . അങ്ങനെ അവളുടെ വായിൽ കപ്പലോടിപ്പിച്ച് ഞാനന്ന് പ്രതികാരം ചെയ്തുട്ടോ .
എന്നിട്ട് ഞാനവൾക്കൊരു പേരുമിട്ടു .
' തുപ്പല് വിഴുങ്ങി '.
അങ്ങനെയാ ഭിത്തിചാരി നിന്ന് , മുൻ ബഞ്ചിലിരുന്ന അവളെ നോക്കി പുളി നുണഞ്ഞ് , നുണഞ്ഞ് എങ്ങനെയോ ഞാൻ അറിയാതെയാ നുണക്കുഴീലങ്ങ് വീണുപോയ് സുഹൃത്തുക്കളെ .
ആ വീഴ്ച കാരണം , നിന്നെ വലുതാവുമ്പം ഞാനങ്ങ് കെട്ടിക്കോട്ടെടീ മേരിപ്പെണ്ണേന്ന് , ഒരാവേശത്തിന്കേറി അന്നവളോട് ചോദിച്ചും പോയി .
മറുപടി പറയാതെ അവളന്ന് കരഞ്ഞോണ്ട് സ്റ്റാഫ് റൂമിലേക്കോടിയത് എന്തിനാണെന്നെ നിക്കപ്പം മനസ്സിലായില്ല കേട്ടോ .
എന്നാലാ ഓട്ടം എന്നെ ക്ലാസ്സീന്ന് ഇറക്കി വിടീക്കാനായിരുന്നൂന്ന് കുറച്ച് കഴിഞ്ഞപ്പം എനിക്ക് മനസ്സിലായി .
അങ്ങനെ ക്ലാസ്സിന് വെളിയിൽ നിന്ന എന്റെയരികിലൂടെയപ്പോൾ കുറെ ചേട്ടന്മാർ ജാഥയായി മുദ്രാവാക്യം വിളിച്ച് കടന്ന് പോയി . ഞാനുമവരുടെ കൂടെക്കൂടി . ആവേശം മൂത്ത എന്റെ ഉച്ചത്തിലുള്ള മുദ്രാവാക്യം വിളി കേട്ടിട്ടാണെന്ന് തോന്നണു അവരെന്നെ പിടിച്ചാ ജാഥക്ക് മുന്നിലന്ന് നിർത്തി .
പിന്നൊരിക്കലും ഞാൻ പിന്നോട്ട് പോയില്ല കേട്ടോ . ചിരിച്ചു കാട്ടിയും , കണ്ണുരുട്ടിയും , കാലുവാരിയും , കുതികാൽവെട്ടിയും മുന്നിൽ തന്നെ ഞാനങ്ങുറച്ച്നിന്നു . അങ്ങനെ ഞാൻ സ്ഥലം എം എൽ എ 'കോരസാറിന്റെ ' വലം കൈയ്യുമായി . ഇടക്ക് ചിലരൊക്കെ വലം കൈ ആകാൻ നോക്കിയപ്പോൾ അവരെ ഞാൻ സാറിന്റെ ഇടം കൈയാക്കി . നമ്മള് മലയാളികൾക്കിടം കൈ പലതിനും വേണമല്ലൊ .
അവസാനം അങ്ങേരെം കാല് വാരി ഞാനി ന്നിരിക്കണത് കൊടി വെച്ച ഒരു കാറിന്റെ പിൻസീറ്റിലാണെ .
നമ്മുടെ ' പഠിപ്പിസ്റ്റ് മേരിയില്ലെ ' അവളീസമയത്തൊക്കെ കുത്തിയിരുന്ന് പഠിച്ച് , പഠിച്ച് ഒരു ടീച്ചറായ് മാറീട്ടോ .
അഞ്ചാറ് മാസം മുമ്പെന്റെ അമ്മച്ചിയെന്നോട് പറഞ്ഞൂ.
പള്ളീവെച്ച് കണ്ടപ്പം ഈ മേരിടെ അമ്മ 'അച്ചാമ്മ ' മോള് നന്നായിട്ട് മീൻകറി വെക്കുവേം , പോത്ത് വരട്ടുവേം , കള്ളപ്പം ചുടുവേം ചെയ്യൂന്ന് പറഞ്ഞെന്ന് .
എന്നാലമ്മച്ചീ നമുക്കവളെയിങ്ങ് കൊണ്ടോന്നാലോന്ന് ഞാന അമ്മച്ചിയോടന്ന് ചോദിച്ചൂട്ടോ .
ആയിക്കോട്ടെടാന്നമ്മച്ചിയും പറഞ്ഞു .
അങ്ങനെയാ ' തുപ്പല് വിഴുങ്ങിയെ ' ഞാനെന്റെ വീട്ടിലേക്ക് കൂട്ടി കേട്ടോ . അവളിപ്പം എന്റെ വീട്ടിലെ അടുക്കളേലിരുന്ന് മീൻകറി വെക്കുവായിരിക്കും .
പണ്ട് ഞാൻ അവൾക്ക് കൊടുക്കാതെ ഒറ്റക്ക് തിന്ന പുളിയുടെ കാര്യമോർത്തിട്ടോ
എന്തോ , അവളിന്നെന്നോട് പറയുവാ മനുഷ്യാ , പച്ചമാങ്ങാ തിന്നാൻ നല്ല കൊതിയുണ്ട് വരുമ്പം പുളിയുള്ളത് തന്നെ നോക്കി വാങ്ങി വരണോട്ടോന്ന് .
എന്നാ പിന്നെ ഞാനങ്ങ്.................
അരുൺ -

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot