ശ്രവ്യസുന്ദരമായ ഒരു ഗാനം ആലപിച്ചുകൊണ്ടാണ് മൊബൈയിൽ ഫോണിലെ അലാറം സഞ്ജയനെ ഉണർത്താനുള്ള
ശ്രമമാരംഭിച്ചത്. ഉണർന്ന് അലാറം ഓഫ് ചെയ്തു സഞ്ജയൻ വീണ്ടും പുതപ്പിനുളളിലേക്ക് തന്നെ ചുരുണ്ടു കയറി. നന്നേ പുലർച്ചയോടെയായിരുന്നു സഞ്ജയൻ ലാസ് വേഗാസിൽ എത്തിച്ചേർന്നത്. യാത്രാക്ഷീണവും ഉറക്കഗുളികകളുടെ വീര്യവും കൊണ്ട് വളരെ പാടുപ്പെട്ട് കിട്ടിയ നിദ്രാസുഖത്തെ ഭംഗം വരുത്താൻ ആഗ്രഹിക്കാത്ത സഞ്ജയൻ അതി മധുരമായ ഗാനം പാടിക്കൊണ്ടുള്ള അലാറത്തിന്റെ ശ്രമത്തെ നിരുത്സാഹപ്പെടുത്തി. മനസ്സിൽ ഇന്നത്തെ സായാഹ്ന്നത്തിന്റ പ്രാധാന്യം ഉറങ്ങാതെ കിടന്നതു കൊണ്ടാവാം സഞ്ജയൻ കിടക്കയിൽ നിന്നും തന്റെ സർവ്വ ശക്തി യോടും കൂടി കണ്ണുകൾ വലിച്ചു തുറന്നു. ഇമകൾ ഭാരം കൊണ്ട് ഉറക്കത്തെ വീണ്ടും സ്വാഗതം ചെയ്തുകൊണ്ടിരുന്നു. പന്ത്രണ്ടു വർഷത്തെ ദാമ്പത്യം
ഒരു അപകടത്തിലൂടെ അന്ത്യം കണ്ടപ്പോഴായിരുന്നു സഞ്ജയൻ ജീവിതത്തിലെ
രാത്രികൾക്കു കൂട്ടായ് ഗുളികകൾ കൂടെക്കൂടിയത്. മനസ്സിനേറ്റ മുറിവിന്റെ വേദന മാറ്റാൻ ആദ്യം വഴികൾ പലത് തേടിയപ്പോഴും സഞ്ജയന് നിരാശകൾ മാത്രമായിരുന്നു ലാഭം. അവസാനം സമാധാനം തേടി വീണ്ടും തിരക്കാർന്ന തന്റെ ബിസിനസ്സ് ജീവിതത്തിലേക്ക് ഒരു മടക്കയാത്ര. തിരക്കുകളിലും യാത്രകളിലും ലക്ഷ്യമില്ലാതെ അലയുമ്പോഴും രാത്രികളിലെ ഉറക്കത്തിന്റെ ആലിംഗനം ഗുളികകൾ കൊണ്ടു മാത്രമേ സഞ്ജയന് പ്രാപ്തമായിരുന്നുള്ളു. ഉറക്കഗുളികകളുടെ താരാട്ടിന്റ ശക്തിയുടെ ഫലമായ നിദ്രകൾ നഷ്ടമാക്കിയത്, അവന് ഏറ്റവും പ്രിയപ്പെട്ട
പുലരികളുടെ സൗന്ദര്യവും സൗരഭ്യവുമായിരുന്നു. പുലരിയോടുള്ള പ്രണയം അവനു
വേണ്ടി പല തരം അലാറം ടോണുകൾ മാറി മാറി പാടി
നോക്കി. കൗമാരകാലത്ത് താൻ ജീവനു തുല്യം സ്നേഹിച്ചിരുന്ന ആദ്യ പ്രണയിനിയുടെ ഇഷ്ടഗാനം പോലും വച്ചു നോക്കി. ആ പരീക്ഷണം എന്നോ സ്നേഹിച്ചു പിരിഞ്ഞു പോയ അവളോടുള്ള ശേഷിച്ച സ്നേഹസ്മരണകൾ കൂടി ഒരു തരം വെറുപ്പിലേക്ക് വഴിമാറുകയാണുണ്ടായത്. വളരെച്ചുരുക്കം തവണ മാത്രം സഞ്ജയനു മേൽ
വിജയം കണ്ട അലാറം ഇപ്പോഴും തന്റെ സാധകം മുടങ്ങാതെ തുടർന്നുകൊണ്ടേയിരുന്നു. കാത്തിരിക്കുന്ന സായാഹ്നം അവനു വളരെ വിലപ്പെട്ടതാണെന്നുള്ള മനസ്സിന്റെ തിരിച്ചറിവ് ഇന്നത്തെ വിജയിയായി അലാറത്തിനെ പ്രഖ്യാപിച്ചു.
ലാസ് വേഗാസ്. നിവാദാ മരുഭൂമിയുടെ
മണൽത്തരികളിൽ നിന്നുയർന്നു വന്ന സ്വപ്ന നഗരം. വിനോദത്തിന്റെയും ആഡംബരത്തിന്റെയും പറുദീസ. ബാൽക്കണിയിൽ നിന്നു വീക്ഷിച്ചപ്പോൾ സഞ്ജയനു അവളെ ഒരിറ്റാലിയൻ
സുന്ദരിയെപ്പോലെ തോന്നിച്ചു. അത് സഞ്ജയനു ലാസ് വേഗാസിന്റെ ചരിത്രമറിയാവുന്നതിനാലാവണം. അവളുടെ മാറിനു ഇറ്റാലിയൻ അധോലോകത്തിന്റെ ചോരയുടെ മണം ഇപ്പോഴുമുണ്ടെന്നു സഞ്ജയനു തോന്നി. സഞ്ജയൻ ലാസ് വേഗാസിൽ
ഇതു ആദ്യ തവണയല്ല. വിവാഹത്തിനു
മുൻപ് ബിസിനസ്സ് സംബന്ധമായി അമേരിക്കൻ മണ്ണിൽ കാലുകുത്തുമ്പോഴെല്ലാം മുടങ്ങാതെ ലാസ്
വേഗാസിൽ തങ്ങാറുണ്ടായിരുന്നു.
ദിവസങ്ങൾ ചിലപ്പോൾ ആഴ്‌ചകൾ, ബെൽ ഫിയോറയിലെ രാത്രികൾക്കു വേണ്ടി. റോസിനെ വീണ്ടും വീണ്ടും കാണാൻ വേണ്ടി
മാത്രം. ബെൽ ഫിയോറേയിലെ നിശകളുടെ രാജ്ഞിയായിരുന്നു അവൾ. ആഡംബരത്തിന്റെയും വിനോദത്തിന്റെയും തിരശീലമാറ്റിയാൽ നിശാക്ലബുകളുടെയും ലഹരിയുടെയും വേശ്യകളുടെയും കുറ്റവാളികളുടെയും ഒരു പിന്നാമ്പുറ
ലോകം കൂടെയവിടെയുണ്ട്. ഈ പിന്നാമ്പുറ വ്യവസായത്തിൽ വിശപ്പടക്കാൻ സ്വന്തം മാംസത്തെ
വിൽക്കുന്നത് ഒരു പങ്കിലമായ പാപമോ കുറ്റമോ ആയിരുന്നില്ല. മറിച്ച് കടിഞ്ഞാണില്ലാത്ത തൃഷ്ണയുടെ മൂർച്ഛിതാവസ്ഥയ്ക്ക് വേണ്ടി സ്വയം വിൽക്കാൻ വെച്ചിരിക്കുന്ന മാംസ പുഷ്പങ്ങളായിരുന്നു അവർ. സുഖാന്വഷിയുടെ കീശവലിപ്പമനുസരിച്ച് വില പേശിയെടുക്കാവുന്ന മനുഷ്യ
ശരീരങ്ങൾ. ഇത്തരം മാംസക്കച്ചവടങ്ങളുടെ ഇടനിലമായിരുന്നു ബെൽ ഫിയോറേ പോലുള്ള നിശാക്ലബ്ബുകൾ. അവിടെ വച്ചായിരുന്നു റോസിനെ സഞ്ജയൻ ആദ്യമായി
കണ്ടുമുട്ടിയത്. "എനിയ്ക്ക് അവൾ ആരായിരുന്നു?" സ്വന്തം മനസ്സിനോട് തന്നെ സഞ്ജയൻ ചോദിച്ചു. ജീവിതത്തിൽ തന്നോട്
തന്നെ ഒരായിരം തവണ ഉരുക്കഴിച്ച
ഒരു ചോദ്യം. നിമിഷങ്ങളിൽ തുടങ്ങി വർഷങ്ങളിൽ അവസാനിച്ച ഒരു പരിചയം. ഒരുപാട് തവണ സഞ്ജയൻ തന്നോടു തന്നെ ചോദിച്ചു
"ഇത് ഒഴിവാക്കാവുന്ന ഒരു കണ്ടുമുട്ടൽ അല്ലേ? ഇത്തരം ചിന്തകൾ ചപലമല്ലേ?
" തന്റെ മനസ്സിന്റെ ആഗ്രഹങ്ങളോടൊപ്പം തന്നെ മുന്നോട്ട് പോകാനായിരുന്നു സഞ്ജയന്റെ തീരുമാനം. ഭാര്യയുടെ ആകസ്മികമായ വേർപാട് സഞ്ജയന്റെ മനസ്സിനെ
ഒരുപാട് തളർത്തി. ഇനിയുള്ള കാലo അഗ്രഹങ്ങളുടെ ചിറകേറി മനസ്സിനോടൊപ്പം പറക്കാനുള്ള തീരുമാനം
ആയിരുന്നു സഞ്ജയൻ കൈക്കൊണ്ടത്. റോസിനെ കാണണം. ബെൽ ഫിയോറേയിൽ
ഒന്നു കൂടെ പോകണം.
വർഷങ്ങളുടെ
ഇടവേള ലാസ് വേഗാസിനെ ഒരുപാട് മറ്റങ്ങൾ വരുത്തി. കാലം തന്നിൽ വരുത്തിയ മാറ്റങ്ങൾ, സഞ്ജയൻ കണ്ണാടിയിലേക്ക് നോക്കി. ചെറിയ മാറ്റങ്ങൾ വന്നതല്ലാതെ ഒരാളെ മനസ്സിലാകാതിരിയ്ക്കാനുള്ള മാറ്റങ്ങർ ഒന്നും തന്നെയില്ല. സഞ്ജയൻ കണ്ണാടിയിൽ
തന്നെ നോക്കി നിന്നു. റോസിനെ ആദ്യം കാണുമ്പോഴുള്ള അവളുടെ കണ്ണുകളുടെ തിളക്കവും മുഖത്തെ ചിരിയും മനസ്സിൽ മായാതെ നിൽക്കുന്നു. അവളോടൊപ്പം
ചിലവിട്ട നിമിഷങ്ങൾക്ക് നിറങ്ങൾ കൂടുതലായിരുന്നുവോ? എണ്ണമറ്റ വർണ്ണങ്ങൾ നമ്മുക്ക് ചുറ്റിലും ഒരു വർണ്ണപ്രപഞ്ചം തീർത്തിരുന്ന പോലെ മായാതെ മനസ്സിൽ നിലനിൽക്കുന്ന നിമിഷങ്ങൾ. അവളുടെ ആ നീണ്ട കണ്ണുകളുടെ മനോഹാരിതയിൽ പ്രകൃതിയുടെ സർവ്വസൗന്ദര്യവും ലയിച്ചുറങ്ങുന്നതായി പലപ്പോഴും സഞ്ജയനു തോന്നിയിരുന്നു. ബെൽ ഫിയോറേയിലെത്തുന്ന അഥിതികൾക്കു അവളോടൊപ്പം ചിലവഴിക്കാൻ നിമിഷങ്ങൾക്ക് ഡോളറിൽ ആയിരുന്നു വില. സംഗീതത്തെ എറെ ഇഷ്ടപ്പെട്ടിരുന്ന അവൾക്ക് എന്നോട് എപ്പോഴും കഥകൾ പറയാനായിരുന്നു ഇഷ്ടം, എനിയ്ക്ക് അത് കേൾക്കാനും. പക്ഷേ അവിടെയെത്തുന്നവർക്ക് വേണ്ടിയിരുന്നത് അവളുടെ കഥകളായിരുന്നില്ല, കാമാഗ്നിയുടെ ശമനത്തിനുതകുന്ന ഒരു ഭോഗവസ്തുവായിരുന്നു. ഒരു മിൽ തൊഴിലാളിയുടെ മകളായി ജനിച്ച്, അച്ഛന്റെ മരണശേഷം കുടുബത്തിന്റെ വിശപ്പടക്കാൻ വേണ്ടി വേശ്യയായി
മാറേണ്ടി വന്ന ഒരു പെൺകുട്ടി. ജീവിതത്തിൽ എല്ലാം അവൾക്ക് ഒരു തമാശ
പോലെയായിരുന്നു. മറ്റുള്ളവരെ
തന്റെ സൗന്ദര്യം കൊണ്ട് ഉറക്കം കെടുത്താനും, അവരെ പുറകേ നടത്തി കളിപ്പിക്കാനും അവൾക്ക് ഒരു പ്രത്യേക രസമായിരുന്നു. അവൾക്ക് വേണ്ടി ആയിരങ്ങളും
പതിനായിരങ്ങളും വാരിയെറിയാൻ തയ്യാറായവർ പോലും ഉണ്ടായിരുന്നു. തൊഴിൽ കൊണ്ടു വേശ്യയായിരുന്നുവെങ്കിലും, ഒരു മാലാഖയെപ്പോൽ മഞ്ഞുതുള്ളിയുടെ നിഷ്കളങ്കതയും വെൺമേഘത്തിന്റെ പവിത്രതയും മനസ്സിൽ കെട്ടുപോകാതെ
അവൾ കാത്തുസൂക്ഷിച്ചിരുന്നു. പലപ്പോഴും
മറ്റുള്ളവരെ സഹായിക്കാനും അവരുടെ ദുഃഖത്തിൽ പങ്കുചേരാനും ഒരിക്കൽ പോലും അവൾ പിശുക്കു കാട്ടിക്കണ്ടിരുന്നില്ല. നവാഗതർക്കു കൂടുതലും പരിചയസമ്പന്നർക്കു കുറച്ചും വേതനം ലഭിക്കുന്ന അവർക്കിടയിലും മനുഷ്യത്വവും സ്നേഹവും സന്താപവും സന്തോഷവും തുടങ്ങി എല്ലാ വികാരവിചാരങ്ങളുമുണ്ട്. അവിടെ സ്വപ്നങ്ങളുണ്ട് പ്രതീക്ഷകളുണ്ട് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന അവഗണിക്കപ്പെട്ട മനസ്സുകളുണ്ട്. അവർ കൊഴിഞ്ഞു വീണ മോഹങ്ങളുടെ മയിൽപ്പീലിത്തണ്ടുകൾ മനസ്സിൽ സൂക്ഷിക്കുന്ന ഒരുകൂട്ടം മനുഷ്യരാണെന്ന സത്യം സഞ്ജയന് മനസ്സിലാക്കാൻ സാധിച്ചത് അവളിലൂടെയായിരുന്നു. ഒരു കാലത്ത് ആയിരം പേർ ഇങ്ങോട്ട്
തേടിവരുമെങ്കിൽ, മറ്റോരിക്കൽ ഒരാളെ തേടി തെരുവോരത്ത്
നിൽക്കേണ്ടി വരുന്നവർ.
എപ്പോഴൊക്കെയോ ഉള്ളിന്റെയുള്ളിൽ ഒരു മാനസിക ബന്ധം വളരുന്നത് ഇരുവരും അറിഞ്ഞിരുന്നില്ല. എല്ലാം അറിയാമായിരുന്നിട്ടും മനസ്സ് അങ്ങനെയൊരു ഗുപ്തഭാവം നടിച്ചതാണോ?
ഇനി പിരിയാനാവാത്ത വിധം ഒരു അടുപ്പം അവളോട് തോന്നിയിരുന്നത് സഞ്ജയൻ തിരിച്ചറിയാൻ വളരെ വൈകിയിരുന്നു. സഞ്ജയൻ ലാസ് വേഗാസിൽ
എത്തിയാൽ പിരിയുന്നത് വരെയും അവർ ഒരുമിച്ചു തന്നെയായി മാറി. അപ്പോഴേക്കും ബന്ധങ്ങൾ ഡോളറിന്റെ മൂല്യത്തിനും മേലേയ്ക്ക് വളർന്നിരുന്നു. അവൾ കൂടെയില്ലാതെ ജീവിതം തന്നെ അർത്ഥശൂന്യം എന്നു തോന്നിയ നിമിഷങ്ങൾ. സഞ്ജയനാണ്
അവളോട് ആദ്യം വിവാഹാഭ്യർത്ഥന നടത്തിയത്. അതിനുത്തരമായി അവൾ ചിരിച്ചു
കൊണ്ട് സഞ്ജയന് ഒരു ചുമ്പനമാണ് നൽകിയത്. ഇനിയൊരിക്കലും തന്നെ കാണാൻ ഇവിടെ വരരുതെന്ന് പറഞ്ഞ് നടന്നകന്ന രംഗം സഞ്ജയന് കൺമുമ്പിൽ ഇപ്പോഴും ജീവനുള്ളത് പോലെ
കാണപ്പെട്ടു. അവൾ കണ്ണിൽ നിന്നു മായുന്നതു
വരെ നോക്കിയിരുന്നുവെങ്കിലും കണ്ണുകൾ നിറഞ്ഞതു കൊണ്ടാകാം ആ കാഴ്ച്ച സഞ്ജയന് മുഴുമിക്കാനായില്ല. അവൾ ഒന്നു തിരിഞ്ഞു നോക്കും എന്നു
കരുതി, അതുണ്ടായില്ല. ആ വേളയിൽ അവളുടെ കണ്ണുകളും ഈറനണിഞ്ഞിട്ടുണ്ടായിരുന്നുവോ?
ഇരുൾ വിരിച്ചുകൊണ്ട് സൂര്യൻ പടിഞ്ഞാറു മറഞ്ഞു. ലാസ് വേഗാസ്
ഒരു ഉറക്കത്തിൽ നിന്നെന്നവണ്ണം ഉണർന്നെഴുന്നേറ്റു. ദീർഘമായ ഇടവേളയ്ക്ക്
ശേഷമുള്ള കൂടികാഴ്ച്ചയെക്കുറിച്ചുള്ള ഉത്കണ്ഠ ഒരായിരം ചോദ്യങ്ങളായി സഞ്ജയന്റെ മനസിൽ ഉരുണ്ടുകൂടി. പണ്ടും താൻ താമസിക്കാറുണ്ടായിരുന്ന അതേ അപ്പാർട്ട്മെന്റിൽ നിന്നും നടക്കാവുന്ന ദൂരമേയുണ്ടായിരുന്നുള്ളു ബെൽ ഫിയോറേയിലേക്ക്. ചിന്തകളും
ചോദ്യങ്ങളുമായി ബെൽ ഫിയോറേ ലക്ഷ്യമാക്കി നടക്കുമ്പോൾ ഇരുവശത്തും വഴിയോരങ്ങൾ സജ്ജീവമായിക്കഴിഞ്ഞിരുന്നു.
"ബെൽ ഫിയോറേ" ഇറ്റലിയൻ ഭാഷയിൽ ഭംഗിയുള്ള പുഷ്പം. അതേ, ഭംഗിയുള്ള പുഷ്പങ്ങൾ തേടി
തന്നെയാണ് ആവശ്യക്കാർ അവിടേയ്ക്ക് എത്തിയിരുന്നത്. ഒരുപക്ഷേ റോസ് ഇപ്പോഴും
അവിടെയുണ്ടാകും എന്ന് എന്താ ഉറപ്പ്? ഇല്ല അവൾ അവിടെയുണ്ടാകും എന്ന് മനസ്സ് പറയുന്നു. അത് തന്റെ മനസ്സിന്റെ നീചമായ സ്വാർത്ഥതയായി സഞ്ജയനു ഉള്ളിൽ നീറി. ഈ ജീവിതത്തിൽ
നിന്നെല്ലാം രക്ഷപ്പെട്ട് അവൾ ഇപ്പോൾ എവിടെയെങ്കിലും സുഖമായി സന്തോഷമായി കഴിയുന്നുണ്ടെങ്കിൽ അതായിരിക്കില്ലേ മനസ്സിനു കൂടുതൽ സന്തോഷം തരിക? മനസ്സിന്റെ സ്വാർത്ഥതയും നിസ്വാർത്ഥതയും ഇരുധ്രുവങ്ങളിൽ നിന്നു
കൊണ്ട് ചിന്തകളെ
ബലമായി സ്വന്തമാക്കാൻ ശ്രമിക്കുന്നത് പോലെ സഞ്ജയനു തോന്നി.
ഒരുപാട് മാറ്റങ്ങളോടെ
അവൾ മുന്നിൽ നിന്നു - ബെൽ ഫിയോറേ. ഉള്ളിലേക്ക്
കടക്കുമ്പോൾ കണ്ണുകൾ തിരഞ്ഞത് പരിചിതമായ ഒരു മുഖത്തിനു വേണ്ടി മാത്രമായിരുന്നു. ചുറ്റും അപരിചിതർ മാത്രം. വശ്യമായ പുഞ്ചിയോടെ കണ്ണുകളാൽ മാടി വിളിക്കുന്ന സുന്ദരിമാർ. എല്ലാം പുതിയ മുഖങ്ങൾ. പലരോടും തിരക്കി പക്ഷേ സഞ്ജയൻ തിരഞ്ഞ കണ്ണുകൾ മാത്രം അവിടെയുണ്ടായിരുന്നില്ല. നിരാശയോടെ സഞ്ജയൻ അവിടെ നിന്നു പുറത്തേക്കിറങ്ങുമ്പോൾ ലോകം മുഴുവൻ കേൾക്കേ ഉറച്ചു വിളിച്ചു ചോദിക്കണം എന്ന് തോന്നി " റോസ്, നീ എവിടെയാണ്?"
ഇനിയെന്നെങ്കിലുമൊരിക്കൽ സാദ്ധ്യമാകുമോ എന്നുറപ്പില്ലാത്ത സംഗമത്തെ കുറിച്ചുള്ള ചിന്തകളാൽ സഞ്ജയന്റെ മനസ്സിനു
ഘനമേറുന്നതായി തോന്നി. ചില സമയങ്ങളിൽ മനസ്സിന്റെ തളർച്ച ശരീരത്തെയും ബാധിച്ചെന്നു
വരാം. തിരിച്ചു
നടക്കാൻ ഭാവിക്കുമ്പോൾ ചുറ്റുപാടും നടക്കുന്നത് യാന്ത്രികമായി സഞ്ജയനു അനുഭവപ്പെട്ടു. പുതിയ ഇടപാടുകാർക്കു വേണ്ടി വഴിയിൽ കാത്തു
നിൽക്കുന്ന ഒരുപാട് പേരേ സഞ്ജയനു കാണാൻ സാധിച്ചു. ചായം കൊണ്ടു മുഖത്തെ ചുളിവുകൾ മറച്ചിരുന്നവരായിരുന്നു കൂടുതലും. ഈ കച്ചവടത്തിൽ പ്രായം കൂടുന്തോറും പ്രാധാന്യവും നഷ്ടപ്പെടും. പഴയതിനു സ്ഥാനം കുപ്പത്തൊട്ടിയെന്ന
പോലെ ഇടപാടുകാർ
ഇല്ലാതായി തീർന്നവർക്കു സ്ഥാനം തെരുവുകളായി മാറുന്നു. കാലങ്ങൾ കഴിയുമ്പോൾ
പലരും ഈ തിരക്കിൽ ഓർമ്മകളായി പോലും ശേഷിച്ചെന്നു വരില്ല.
കൂട്ടത്തിൽ
നീണ്ടൊരു കറുത്ത ഗൗൺ അണിഞ്ഞിരുന്ന ഒരുവളുടെ മുഖം മാത്രം സഞ്ജയന്റെ കണ്ണുകളിൽ തറച്ചുനിന്നു. വിളർച്ചായാർന്ന മുഖം ചായം പൂശി ആവശ്യക്കാരനു വിൽക്കാൻ തന്റെ യുവത്വം നഷ്ടപ്പെട്ട ഗാത്രവുമായി നിന്ന അവളുടെ കണ്ണുകൾക്ക് നഷ്ടപ്പെടാത്ത ഒരു തിളക്കമുണ്ടായിരുന്നു. അപരിചിതത്വം
തീണ്ടാത്ത തിളക്കം. വേഗമാർന്ന ഹൃദയമിടുപ്പുകൾ ഓർമ്മയുടെ നാളുകളിലേക്ക് ഒരായിരം വെള്ളിടികളായ് സഞ്ചരിച്ചു. "ഫിഫ്റ്റി ഡോളേഴ്സ്" അവളുടെ ശബ്ദം കാതുകൾ തിരിച്ചറിഞ്ഞു. ഒരുകാലത്ത് ഒരുപാട് കാമുകൻമാർ അവൾക്ക് വേണ്ടി ഡോളറുകൾ വാരിയെറിഞ്ഞ് വരി നിന്നിരുന്നപ്പോൾ ഇന്ന് ഒരു ആവശ്യക്കാരനെ
തേടി സ്വന്തം ശരീരം തെരുവിൽ വച്ച് വിലപേശുന്ന അവളെ കണ്ടപ്പോൾ സഞ്ജയന്റെ കണ്ണുകളിൽ
ചുടുകണ്ണീർ തളംകെട്ടി. "ഫിഫ്റ്റി ഒൺലി" തന്നോട് താത്പര്യം പ്രകടിപ്പിച്ചു വന്ന ഇടപാടുകാരനെ കണ്ണുകളിൽ നോക്കി വശ്യമായ
പുഞ്ചിരിയോടെ കച്ചവടം ഉറപ്പിക്കാനുള്ള മട്ടിൽ ഷെയ്ക് ഹാൻഡിനു വേണ്ടിയവൾ കൈ
നീട്ടി.. സഞ്ജയന് തന്റെ ചിന്തകളിൽ നിന്നുണരാൻ അവളുടെ വില
പേശലിന്റെ ശബ്ദം സഹായകമായി. സഞജയന്റെ
കണ്ണുകൾ സഹതാപത്തോടെ അവളുടെ കണ്ണുകളെ തഴുകി. സഞ്ജയൻ പോക്കറ്റിൽ
നിന്നും ഉണ്ടായിരുന്ന നോട്ടുകൾ മൊത്തമായിയെടുത്ത് അവളുടെ കൈകൾക്കുള്ളിൽ വച്ചു തന്റെ ഇരു
കൈകളാൽ അവളുടെ കൈകളെ തന്നിലേക്
ചേർത്തു പിടിച്ചു. ആ കണ്ണുകളിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അവളുടെ കൈളിലേക്ക് വീണുവോ? ഇമകൾ ചിമ്മാതെ അവളുടെ കണ്ണുകളിൽ ഒരു നിമിഷം അവൻ നോക്കി
നിന്നു. വീണ്ടും കാണുവാൻ ആഗ്രഹിച്ച ആ തിളക്കമാർന്ന കണ്ണുകൾ ഇന്ന് കുഴികളിലേക്ക് പതിച്ച് പോയത് പോലെ അവന് തോന്നി. ആ നിൽപ് ദീർഘിപ്പിക്കാതെ അവളുടെ കരങ്ങളെ സ്വതന്ത്രമാക്കി അവൻ നഗരത്തിന്റെ തിരക്കിലേക്ക് മൂകനായി ഇറങ്ങിപ്പോയി. ഒരു വട്ടം
തിരിഞ്ഞു പോലും നോക്കാതെ, നീറിപ്പുകയുന്ന മനസ്സുമായി. തന്നെ ഒരിക്കലും അവൾക്ക് മനസ്സിലായിട്ടുണ്ടാകരുതേ എന്ന് ആശിച്ചു
കൊണ്ട്...
രാത്രിയിൽ
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും സഞ്ജയൻ കിടന്നു. ഉറങ്ങാൻ ചിന്തകളാൽ ക്ഷുഭിതമായ മനസ്സ് അനുവദിച്ചില്ലാ എന്നതായിരുന്നു വാസ്തവം. ഇങ്ങനെയൊരു കൂടിക്കാഴ്ച്ചക്ക് വേണ്ടിയായിരുന്നോ താൻ ആഗ്രഹിച്ചിരുന്നത്? ഇങ്ങനെയൊരു അവസ്ഥയിൽ അവളെ കാണാനാണോ താൻ ആഗ്രഹിച്ചിരുന്നത്? ഒന്നും വേണ്ടിയിരുന്നില്ലാ എന്നോരു തോന്നൽ വേട്ടയാടുന്നത് പോലെ. എങ്കിലും ഒരിയ്ക്കൽ കൂടെ അവളെ കാണാൻ സാധിച്ചത് അങ്ങനൊരു കർമ്മം ജീവിതത്തിൽ ശേഷിച്ചിരുന്നതു കൊണ്ടാകാം. മനസ്സ് ഉത്തരമില്ലാത്ത ചോദ്യങ്ങൾക്കു മുൻപിൽ പകച്ച് നിൽക്കുമ്പോൾ ആശ്വസിക്കാൻ ഒരായിരം കാരണങ്ങൾ സ്വയം കണ്ടെത്തും, ചിന്തയുടെ
തലങ്ങളിൽ മാറ്റങ്ങൾ വരുത്തി. ഒരു ദീർഘശ്വാസത്തിലൂടെ സഞ്ജയൻ മനസ്സിനു ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു. ഉറക്കഗുളികകളുടെ വീര്യം സഞ്ജയനെ മെല്ലെ ഉറക്കത്തിലേക്ക് ആനയിച്ചു.
ചിന്തകളുടെ ഇരമ്പുന്ന സാഗരം പേറുന്ന ഭാരിച്ച മനസ്സുമായി
സന്ധ്യതിരിഞ്ഞ് സഞ്ജയൻ ലാസ്
വേഗാസിനോട് വിട പറഞ്ഞിറങ്ങി. നഗരം തന്റെ പതിവു നാടകത്തിനുള്ള ചമയങ്ങളണിഞ്ഞു അതിഥികളെ വരവേൽക്കാൻ തയ്യാറായി നിന്നിരുന്നു. ക്യാബിൽ കയറി എയർപോർട്ട്
ലക്ഷ്യമാക്കി നീങ്ങുമ്പോൾ അപ്പാർട്ട്മെന്റിനു പുറത്ത് കറുത്ത ഗൗണണിഞ്ഞ ഒരു സ്ത്രീ മുഖം തിരിഞ്ഞു നിൽക്കുന്നത് സഞ്ജയൻ വിൻഡോ ഗ്ലാസ്സിലൂടെ
കണ്ടു. റോസ്..? അതോ അവളെ കുറിച്ചുള്ള ചിന്തകൾ തീർത്ത സാങ്കൽപിക ദൃശ്യമായിരുന്നുവോ അത്? ദൈർഘ്യം കൂടും തോറും ആ രൂപം ഒരു കറുത്ത പൊട്ടായും പിന്നെയത്
സഞ്ജയന്റെ കണ്ണുകളിൽ നിന്നു അപ്രത്യക്ഷമായും തീർന്നു. "റോസ്, നിനക്ക് വേണ്ടി ഞാൻ ഒരിയ്ക്കൽ കൂടെ വരും." ആരോടെന്നില്ലാതെ സഞ്ജയൻ പറഞ്ഞു. അമ്പരപ്പോടെ തിരിഞ്ഞു മുഖത്തേക്ക് നോക്കിയ ക്യാബ് ഡ്രൈവറോട് സഞ്ജയൻ ഒരു നിമിഷം എന്തോ ആലോചിച്ച
ശേഷം പറഞ്ഞു " ജേർണി ഈസ് ക്യാൻസൽഡ്."
ഷിലിൻ പരമേശ്വരം
പരമേശ്വരവിലാസം
കടയ്ക്കാവൂർ
തിരുവനന്തപുരം -695306
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക